Posted in SOCIAL

ഒരു മരണക്കുറിപ്പ്…

 

മുപ്പത്താറ് വയസു പ്രായമുണ്ടായിരുന്ന ഒരു ചെറുപ്പക്കാരന്റെ മൃതദേഹസംസ്ക്കാരത്തിനുശേഷം വന്നിരിക്കുകയാണ് ഞാൻ. വിഷുദിനത്തിൽ ബൈക്ക് അപകടത്തിൽ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ് എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ ചികിത്സയിലായിരുന്ന യുവാവാണ് മരിച്ചത്. ആ ആത്മാവിനു നിത്യശാന്തി നേരുകയും അവന്റെ ഭാര്യക്കും രണ്ടു കുഞ്ഞുങ്ങൾക്കും മാതാപിതാക്കൾക്കും സഹോദരർക്കുംവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തുകൊണ്ടാണ് ഈ കുറിപ്പെഴുതുന്നത്.

അപകടമുണ്ടായി കട്ടപ്പനയിലെ ആശുപത്രിയിൽ എത്തിച്ച ഈ ചെറുപ്പക്കാരന്റെ സ്ഥിതി ഗുരുതരമായിരുന്നതിനാൽ എറണാകുളത്തേയ്ക്കു കൊണ്ടുപോകാൻ ആശുപത്രി അധികൃതർ പറഞ്ഞതനുസരിച്ച് ഒരു ഐ സി യു ആംബുലൻസു അന്വേഷിച്ചവർ ഒരു കാര്യം തിരിച്ചറിഞ്ഞു. ആംബുലൻസ് ഉണ്ട്. എന്നാൽ അതു ഡ്രൈവു ചെയ്യാൻ ആരുമില്ല. ഡ്രൈവർമാരെല്ലാം വിഷു പ്രമാണിച്ച് മദ്യലഹരിയിലായിരുന്നത്രേ! ഏതായാലും എവിടുന്നോ ഡ്രൈവറെ സംഘടിപ്പിച്ച് അവർ കട്ടപ്പനയിൽനിന്ന് എറണാകുളത്തേയ്ക്കു യാത്ര തിരിച്ചപ്പോൾ മൂന്നു മണിക്കൂറുകൾ കടന്നുപോയിരുന്നു. തലയ്ക്കു ഗുരുതരമായ പരിക്കുപറ്റിയ ആൾക്കു ചികിത്സയുടെ ആദ്യത്തെ മണിക്കൂറുകൾ എത്ര വിലപ്പെട്ടതാണെന്നു എല്ലാവർക്കുമറിയാം. ആ വിലപ്പെട്ട മൂന്നു മണിക്കൂറുകൾ വിദഗ്ദ്ധ ചികിത്സ കിട്ടാതിരുന്ന ആ ചെറുപ്പക്കാരൻ പിന്നീട് എറണാകുളം ആശുപത്രിയിൽ രണ്ടുദിവസങ്ങൾ കൂടി കിടന്നിട്ടാണ് മരണമടഞ്ഞത്.

ഈ ദാരുണ മരണത്തിന്റെ പശ്ചാത്തലത്തിൽ എനിക്കു മൂന്നു കൂട്ടരോടാണ് സംസാരിക്കാനുള്ളത്. ഒന്നാമതായി ആംബുലൻസ് ഡ്രൈവർമാരോട്… അത്യാസന്ന നിലയിലുള്ള രോഗികളുടെ ജീവനും കൈയിൽപിടിച്ച് പായുന്ന നിങ്ങളോട് എന്നും മനസിൽ ആദരവുമാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ ഇവിടെ സംഭവിച്ചത് നിങ്ങളിൽ ചിലരുടെ ഭാഗത്തുനിന്നുള്ള കൃത്യവിലോപം തന്നെയാണ്. ആംബുലൻസിന്റെ സാരഥിയെന്ന ജോലി തിരഞ്ഞെടുക്കുമ്പോൾത്തന്നെ ആ ജോലി നിങ്ങളെ ഏല്പിക്കുന്ന ഒരു ഉത്തരവാദിത്വമുണ്ട്. ഇരുപത്തിനാലു മണിക്കൂറിൽ ഏതു നിമിഷവും രോഗികളെയുംകൊണ്ട് പോകാനുള്ള വിളി പ്രതീക്ഷിച്ച് ജാഗ്രതയോടെയിരിക്കുകയെന്ന ഉത്തരവാദിത്വം. അതേറ്റെടുക്കാൻ മനസില്ലെങ്കിൽ പിന്നെ എന്തിനാണ് ഈ ജോലി സ്വീകരിക്കുന്നത്. വല്ല പെട്ടിഓട്ടോറിക്ഷയോ മറ്റോ ഓടിച്ചാൽ പോരെ. അതാകുമ്പോ സൌകര്യമുള്ളപ്പോൾ ഓടിച്ചാൽ മതിയല്ലോ…ഡ്രൈവർ മദ്യലഹരിയിലായിരുന്നതുകൊണ്ട് അത്യാസന്നനിലയിലുള്ള ഒരു രോഗിക്ക് മണിക്കൂറുകൾ ചികിത്സ നിഷേധിക്കപ്പെടുന്നത് എത്ര വലിയ അപരാധമാണെന്നു നിങ്ങൾ മനസിലാക്കുന്നില്ലേ…? അതു മനസിലാകണമെങ്കിൽ ചെയ്യുന്ന ജോലി ശമ്പളത്തിനുവേണ്ടിയുള്ള വെറും വണ്ടിപ്പണിയല്ലെന്നുള്ള തിരിച്ചറിവുണ്ടാകണം… ഒരു ജീവൻ അണയാതെ കാത്തുസൂക്ഷിക്കാനുള്ള പലരുടെയും പ്രയത്നത്തിൽ പങ്കുചേരാനുള്ള ദൌത്യമാണ് താൻ ഏറ്റെടുത്തിരിക്കുന്നതെന്ന ബോദ്ധ്യമുണ്ടാകണം… ആ ബോധമുണ്ടെങ്കിലേ ഇരുപത്തിനാലു മണിക്കൂറും ജാഗ്രതയോടെയിരിക്കാൻ നിങ്ങൾക്കു സാധിക്കൂ…

രണ്ടാമത് എനിക്കു സംസാരിക്കാനുള്ളത് ആംബുലൻസ് സർവീസ് നടത്തുന്ന പ്രസ്ഥാനങ്ങളോടാണ്. എത്രയോ ജന്മങ്ങളെ പുനർജീവിതത്തിലേയ്ക്കു നയിക്കാൻ നിങ്ങളുടെ ഈ സർവീസുകൊണ്ട് കഴിഞ്ഞിട്ടുണ്ട്. അതുവഴി എത്രയോ കുടുംബങ്ങളുടെ സ്വസ്ഥജീവിതത്തിനു നിങ്ങളും കാരണമായിത്തീർന്നിട്ടുണ്ട്… എന്നാൽ നിങ്ങളിൽ ചിലരെങ്കിലും ഇതിനെ വെറുമൊരു ബിസിനസ് മാത്രമായി പരിഗണിക്കുന്നുവെന്നത് വലിയൊരു ദുരന്തമാണ്. അവരെ സംബന്ധിച്ചിടത്തോളം ഓരോ രോഗിയും ഒരു കച്ചവടസാദ്ധ്യതയാണ്. ആംബുലൻസ് സർവീസും മൊബൈൽ മോർച്ചറിയും ഒരുമിച്ചു കൊണ്ടുനടക്കുന്നവർ രണ്ടിനും ‘ഓട്ടം’ കിട്ടാൻ ആഗ്രഹിക്കുമല്ലോ…മറ്റു ചില പ്രസ്ഥനങ്ങൾ സാമൂഹികപ്രതിബദ്ധതയുടെ പേരിലാണ് ആംബുലൻസ് സർവീസ് നടത്തുന്നത്. എന്നാൽ ഈ സാമൂഹികപ്രതിബദ്ധത തങ്ങൾക്കു സൌകര്യമുള്ളപ്പോൾ മാത്രം പ്രകടിപ്പിക്കാനുള്ളതാണോ…? ഒരു ആംബുലൻസ് സർവീസ് നടത്തുന്നുണ്ടെങ്കിൽ ഇരുപത്തിനാലു മണിക്കൂറും അതിന്റെ സേവനം ആവശ്യമുള്ളവർക്കു ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതും ആ പ്രസ്ഥാനങ്ങളുടെ കടമയല്ലേ…? ഡ്രൈവർ ‘ഫിറ്റാ’യതുകൊണ്ട് ആംബുലൻസ് സർവീസ് അത്യാവശ്യസമയത്ത് കിട്ടില്ല എന്നു പറയേണ്ടിവരുന്നത് എത്രമാത്രം നിരുത്തരവാദപരമായ അവസ്ഥയാണ്…! തങ്ങളുടെ സാമൂഹികസേവനങ്ങളുടെ ലിസ്റ്റിൽ ചേർക്കാനുള്ള ഒരു ഐറ്റം മാത്രമായി ആംബുലൻസ് സർവീസ് നടത്തുന്ന പ്രസ്ഥാനങ്ങൾ അല്പംകൂടി പ്രതിബദ്ധത സമൂഹത്തോടു കാണിക്കേണ്ടിയിരിക്കുന്നു…

ആംബുലൻസ് സർവീസ് നടത്തുന്ന പ്രസ്ഥാനങ്ങളുടെ ഉത്തരവാദിത്വപ്പെട്ടവർക്കും അതിന്റെ ഡ്രൈവർമാർക്കും എന്തെങ്കിലും ബോധവത്ക്കരണം ഇക്കാര്യത്തിൽ ഔദ്യോഗികതലത്തിൽ നല്കപ്പെടുന്നുണ്ടോയെന്ന് എനിക്കറിയില്ല. ഉണ്ടെങ്കിൽ അതു കൂടുതൽ കാര്യക്ഷമമാക്കേണ്ടിയിരിക്കുന്നു. തങ്ങൾ ഏർപ്പെട്ടിരിക്കുന്നത് വെറുമൊരു ബിസിനസിലല്ലെന്നും തങ്ങൾ ചെയ്യുന്ന ജോലി ശമ്പളത്തിനുവേണ്ടി മാത്രമുള്ളതല്ലെന്നും ബോദ്ധ്യമില്ലാത്തവർ ഈ മേഖലയിൽ ഉണ്ടാകാൻ പാടില്ല.

അവസാനമായി എനിക്കു സംസാരിക്കാനുള്ളത് ആശുപത്രി അധികൃതരോടും അവിടുത്തെ ജോലിക്കാരോടുമാണ്. തങ്ങളുടെ ആശുപത്രിയിലേയ്ക്കു കൊണ്ടുവരപ്പെടുന്ന രോഗിക്ക് അവിടെ പ്രവേശിപ്പിക്കപ്പെടുന്നതുമുതൽ അവിടുന്ന് സൌഖ്യപ്പെട്ട് തിരികെപോവുകയോ വിദഗ്ദ്ധ ചികിത്സയ്ക്കു മറ്റ് ആശുപത്രികളിൽ എത്തിക്കുകയോ ചെയ്യുന്നതുവരെ ഏറ്റവും ഉചിതമായ ശുശ്രൂഷ കൊടുക്കാൻ ആശുപത്രികളിലെ ഉത്തരവാദിത്വപ്പെട്ടവർക്കു കടമയുണ്ടല്ലോ. എന്നാൽ ഈ കടമനിർവഹണത്തിലും പലപ്പോഴും വീഴ്ചകൾ സംഭവിക്കുന്നുവെന്നത് നിർഭാഗ്യകരമാണ്. പ്രത്യേകിച്ചും മറ്റു ആശുപത്രികളിലേയ്ക്കു അയയ്ക്കാൻ നിർദേശിക്കപ്പെടുന്ന രോഗികളെ ഡിസ്ചാർജ് ചെയ്തുകഴിഞ്ഞാൽപിന്നെ യാതൊരു പരിഗണനയും അവർക്കു കൊടുക്കാത്ത അവസ്ഥകൾ പലയിടത്തുമുണ്ടെന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. പലപ്പോഴും അത്യാസന്നനിലയിലുള്ള രോഗികളെയുംകൊണ്ട് വരുന്നവർ വേവലാതി പിടിച്ച് എന്തുചെയ്യണമെന്ന് അറിയാതെ പരക്കംപായുന്ന അവസ്ഥയിലായിരിക്കും. എന്തുകൊണ്ട് അങ്ങനെയുള്ളവരുടെ കൂടെനിന്ന് അവർക്കാവശ്യമുള്ള സഹായങ്ങൾ ചെയ്തുകൊടുക്കാനുള്ള സംവിധാനം ആശുപത്രി അധികൃതർ ക്രമീകരിക്കുന്നില്ല…? നിർദേശിക്കപ്പെട്ടിരിക്കുന്ന സ്ഥലത്ത് സമയത്തുതന്നെ സുരക്ഷിതമായി അവർ എത്തിച്ചേർന്നുവെന്ന് ഉറപ്പുവരുത്താനുംകൂടി നിങ്ങൾ ശ്രമിക്കുമ്പോഴല്ലേ നിങ്ങളുടെ സ്ഥാപനം യഥാർത്ഥത്തിൽ ആതുരസേവനചൈതന്യത്തിലാകുന്നത്…? അതിനു സാധിക്കണമെങ്കിൽ തങ്ങളുടെ മുമ്പിൽ എത്തപ്പെട്ടിരിക്കുന്നത് തങ്ങളുടെ കണക്കുപുസ്തകത്തിലെ ഒരു പുതിയ എൻട്രി മാത്രമല്ല, അമൂല്യമായ ഒരു ജീവനാണെന്ന ബോദ്ധ്യംകൂടി ഉണ്ടാകേണ്ടിയിരിക്കുന്നു. ആ ബോദ്ധ്യക്കുറവുകൊണ്ടാണ് പലപ്പോഴും തങ്ങളുടെ അക്കൌണ്ട് ക്ലോസ് ചെയ്തുകഴിഞ്ഞാൽപിന്നെ ഒരു പരിഗണനയും ആ രോഗിക്കു കൊടുക്കാൻ അധികൃതർ തയ്യാറാകാത്തത്. അതുകൊണ്ടുതന്നെയല്ലേ ഏറ്റവും അത്യാസന്നനിലയിൽ മറ്റൊരു സ്ഥലത്തേയ്ക്കയക്കാൻ നിർദേശിക്കപ്പെട്ട രോഗിക്ക് ആംബുലൻസ് ഡ്രൈവ് ചെയ്യാൻ സുബോധമുള്ള ഒരു ഡ്രൈവറെ കിട്ടാൻ മണിക്കൂറുകൾ കാത്തുകിടക്കേണ്ടിവന്നത്…ആശുപത്രിയിൽ അഡ്മിറ്റാകുന്ന രോഗിയെ ‘പേഷ്യന്റ്’ എന്ന നിർജീവമായ പേരിട്ടുവിളിച്ച് കൈകാര്യം ചെയ്യുമ്പോൾ നിങ്ങൾ മറക്കരുതാത്ത മറ്റു ചില യാഥാർത്ഥ്യങ്ങളുണ്ട്. ആ വ്യക്തിയുടെ ജീവനോടൊപ്പം നെഞ്ചുചേർത്തുപിടിച്ചിരിക്കുന്ന ജീവിതപങ്കാളിയോ മക്കളോ മാതാപിതാക്കളോ സഹോദരരോ ഒക്കെ നിങ്ങളുടെ തുറക്കപ്പെടാത്ത വാതിലിനപ്പുറത്ത് നൂറായിരം പ്രാർത്ഥനകളോടെ നില്പുണ്ടെന്ന യാഥാർത്ഥ്യം. ദൈവം നിങ്ങളുടെ രൂപത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവന്റെ ജീവനെ തങ്ങളുടെ കൈയിൽ തിരികെയേല്പ്പിക്കും എന്ന വലിയ പ്രതീക്ഷയിലാണ് അവർ നില്ക്കുന്നത്. അതുകൊണ്ടുതന്നെ അല്പംകൂടി വൈകാരികമായ പിന്തുണ അവർക്കു നല്കാൻ ആശുപത്രിയെ ജോലിക്കാരും ആശുപത്രി അധികൃതരും തയ്യാറാകേണ്ടിയിരിക്കുന്നു. ഒരുപക്ഷെ ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജോലിക്കാർ നിരന്തരം ഇങ്ങനെയുള്ള രോഗികളെ കൈകാര്യം ചെയ്യുന്നതുകൊണ്ട് ഒരുതരം നിർവികാരത അവരിൽ വളരാൻ സാദ്ധ്യതയുണ്ട്. പക്ഷെ തങ്ങളുടെ നിർവികാരതയും നിസംഗതയും പ്രിയപ്പെട്ടവരുടെ അപകടാവസ്ഥയിൽ വൈകാരികമായി പിടിവിട്ടുനില്ക്കുന്നവർക്കുമുമ്പിൽ പ്രകടിപ്പിക്കുന്നതാണ് വലിയ ദുരന്തം.

ഞാൻ മുകളിൽ സംസാരിച്ച മൂന്നു കൂട്ടരും ആത്മശോധനയ്ക്കിരിക്കുമ്പോൾ ഭർത്താവു നഷ്ടപ്പെട്ട ഒരു പെൺകുട്ടിയുടെയും അപ്പൻ നഷ്ടപ്പെട്ട രണ്ടു കുഞ്ഞുങ്ങളുടെയും മകൻ നഷ്ടപ്പെട്ട മാതാപിതാക്കളുടെയും സഹോദരനെ നഷ്ടപ്പെട്ട കൂടപ്പിറപ്പുകളുടെയും നൊമ്പരക്കടലിന്റെ ആഴം കൂട്ടാൻ തങ്ങൾ കാരണമായിട്ടുണ്ടോയെന്ന് കണ്ടെത്തണം… ഇനിയും ഇങ്ങനെയുള്ള ദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ… അതിനുവേണ്ടിമാത്രം…

Posted in SOCIAL

നേഴ്സുമാരും അവരുടെ ശമ്പളവും

നേഴ്സുമാരുടെ ശമ്പളവർദ്ധനവിനുവേണ്ടിയുള്ള സമരത്തോടനുബന്ധിച്ച് പലവിധത്തിലുള്ള അഭിപ്രായങ്ങൾ മാധ്യമങ്ങളിലൂടെയും അല്ലാതെയുമൊക്കെ നാം കേൾക്കുന്നുണ്ട്. അതിന്റെ സാങ്കേതികവും നിയമപരവുമായ വശങ്ങളിലേയ്ക്കൊന്നും കടക്കാതെ പൊതുവായ ഒരു കാര്യം മാത്രമാണ് എനിക്കു പറയാനുള്ളത്. നേഴ്സുമാരുടെ ജോലിയും ജോലിഭാരവുമൊക്കെ എല്ലാവർക്കും മനസിലാകുന്ന ഒരു കാര്യമാണ്. മാത്രമല്ല കേരളത്തിലെ നേഴ്സുമാരിൽ ഭൂരിപക്ഷവും ഇടത്തരം കുടുംബങ്ങളിൽനിന്നോ പാവപ്പെട്ട കുടുംബങ്ങളിൽനിന്നോ വരുന്നവരാണെന്നതും ഒരു സത്യമാണ്. അവർക്ക് ഉചിതമായ ശമ്പളം ലഭിക്കുകയെന്നത് തികച്ചും ന്യായമായ കാര്യമാണ്. എന്നാൽ അങ്ങനെ ശമ്പളം അധികം വർദ്ധിപ്പിച്ചു കൊടുക്കാൻ പ്രായോഗികമായി സാദ്ധ്യമല്ലെന്ന മറുവാദവും കേൾക്കുന്നു. സാമൂഹിക നീതിക്കുവേണ്ടി നിലകൊള്ളേണ്ട സഭ തീർച്ചയായും ഇക്കാര്യത്തിൽ മാതൃകാപരമായി പെരുമാറേണ്ടതാണ്. എന്നാൽ പ്രായോഗികമായി അത് അസാദ്ധ്യമാണെന്നതു സത്യമാണെങ്കിൽ നമ്മൾ എന്തിനാണ് ഇനിയും ഇങ്ങനെയുള്ള ഹൈടെക് ഹോസ്പിറ്റലുകൾ നടത്തിക്കൊണ്ടു പോകുന്നത്? ഓരോ വിഭാഗത്തിലും പ്രാഗത്ഭ്യം തെളിയിച്ച ഡോക്ടർമാരുടെ എണ്ണമനുസരിച്ചാണ് ഹോസ്പിറ്റലുകളുടെ പ്രശസ്തി എന്നതു എല്ലാവർക്കുമറിയാവുന്ന ഒരു യാഥാർത്ഥ്യമാണ്. അപ്പോൾ പ്രഗത്ഭരായ ഡോക്ടർമാരെ കൂടെനിറുത്താൻ പലതരത്തിലുള്ള വഴികൾ സ്വീകരിക്കേണ്ടി വരുന്നത് ഈ ഹൈടെക് മത്സരത്തിൽ പങ്കുചേരുന്നതുകൊണ്ടാണ്. യഥാർത്ഥത്തിൽ സഭയുടെ ദൌത്യത്തിൽ ഈയൊരു മത്സരയിനം ഉണ്ടോയെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. നമ്മുടെ സ്ഥാപനത്തിൽ ജോലിചെയ്യുന്നവരുടെ മുറവിളിക്കുള്ള ന്യായമായ പരിഹാരമല്ലേ നാം ആദ്യം കണ്ടുപിടിക്കേണ്ടത്. ലോകത്തിലുള്ള രോഗികളെ മുഴുവൻ ‘ശുശ്രൂഷിച്ച്’ സുഖപ്പെടുത്താൻ വമ്പൻ പരസ്യക്കമ്പനികൾക്കു പണം കൊടുത്ത് കിടിലൻ പരസ്യങ്ങളുണ്ടാക്കിയും ചികിത്സാ ഇളവുകൾ പ്രഖ്യാപിച്ചും ഹോസ്പിറ്റലുകൾ മത്സരിക്കുമ്പോൾ സത്യത്തിൽ അതിനോട് ചേരാൻ സഭയുടെ ശരിയായ രോഗീശുശ്രൂഷയുടെ ശൈലി നമ്മെ അനുവദിക്കുന്നുണ്ടോയെന്നു ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അങ്ങനെ മത്സരിച്ചു നില്ക്കാൻ ശ്രമിക്കുമ്പോൾ കൂടെയുള്ളവർക്കു ന്യായമായവ കൊടുക്കാൻ കഴിയാതെ പോകുന്നുണ്ടെങ്കിൽ ആ മത്സരത്തിൽനിന്ന് സഭ ഒഴിയുകതന്നെ ചെയ്യണം. പട്ടണങ്ങളിലെ മുന്തിയ ഹോസ്പിറ്റലുകളിൽ രോഗീപരിചരണം ഒരു ശുശ്രൂഷയുടെ തലത്തിൽനിന്ന് പണ്ടേ വഴുതിപ്പോയിക്കഴിഞ്ഞു. അതുകൊണ്ട് സഭാധികാരികൾ ഗൌരവമായി ചിന്തിച്ച് ഇങ്ങനെ ശരിയായ ചൈതന്യത്തിൽ മുമ്പോട്ടു കൊണ്ടുപോകാൻ കഴിയാത്തവിധത്തിൽ വളർന്നിരിക്കുന്ന ഹോസ്പിറ്റലുകളിൽനിന്ന് ഗ്രാമങ്ങളിലെ ഇടത്തരം ആശുപത്രികളിലേയ്ക്കു ഒരു മടക്കയാത്ര ഉണ്ടാകണമെന്നു തോന്നുന്നു.

Posted in SOCIAL

അമൽജ്യോതിയും അച്ചടക്കവും

കാഞ്ഞിരപ്പള്ളി അമൽജ്യോതികോളജിനെക്കുറിച്ച് കുറച്ചുദിവസങ്ങളായി ദൃശ്യമാധ്യമങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും നിരന്തരം വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണ്. വാർത്തകളുടെയെല്ലാം രത്നച്ചുരുക്കം അമൽജ്യോതി കോളജിന്റെ അവസ്ഥ നാസി തടങ്കൽപാളയത്തെക്കാൾ ഭീകരമാണെന്നാണ്. പുറമേനിന്ന് വാർത്ത വായിക്കുകയും കാണുകയും ചെയ്യുന്നവരുടെ മനസിൽ അസ്വസ്ഥതയും സംശയങ്ങളും ഉളവാക്കുന്നവയാണ് പ്രസ്തുത റിപ്പോർട്ടുകളെല്ലാം.

കേരളത്തിലെ ചില കോളജുകളിൽ സമീപകാലത്തു നടന്ന ചില അനിഷ്ടസംഭവങ്ങളെത്തുടർന്നു നടക്കുന്ന സമരങ്ങളുടെ പശ്ചാത്തലത്തിലാണ് അമൽജ്യോതിയിലും ഇപ്രാവശ്യം സമരകാഹളം മുഴങ്ങിയത്. കോളജിലെ മാത്യു ഏലിയാസ് എന്ന വിദ്യാർത്ഥി ശാസ്ത്രസർവകലാശാല വിസി ക്കെതിരെ സഭ്യമല്ലാത്ത ഭാഷയിൽ ഓൺലൈൻ മാധ്യമത്തിൽ പ്രതികരിച്ചതിനെതിരെ സ്വീകരിച്ച അച്ചടക്കനടപടിയും അതേ തുടർന്ന് ആ വിദ്യാർത്ഥിയും അമ്മയും ചേർന്ന് മാധ്യമങ്ങൾക്കു നല്കിയ അഭിമുഖവുമാണ് സമരങ്ങളുടെ ഏറ്റവും അടുത്ത കാരണം. അതോടൊപ്പം മറ്റു കുറേ ആരോപണങ്ങളും സമരക്കാർ ഉന്നയിക്കുന്നുണ്ട്. ഒരു വൈദികനും ഒരു സിസ്റ്ററുമുൾപ്പെടെയുള്ള അദ്ധ്യാപകർ കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു എന്നതാണ് അതിൽ പ്രധാനപ്പെട്ട ആരോപണം. സഭ്യമല്ലാത്ത വാക്കുകൾ അദ്ധ്യാപകർ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതു തിരുത്തപ്പെടേണ്ടതാണെന്നത് നിസ്തർക്കമാണ്. എന്നാൽ ഇന്നത്തെ കാലത്ത് ഇത്രയും മുതിർന്ന കുട്ടികളെ ശാരീരികമായി പീഡിപ്പിക്കുന്നെന്നും കുട്ടികൾ അതു സഹിച്ച് മാതാപിതാക്കളോടുപോലും പരാതി പറയാതെ കഴിയുന്നുവെന്നും പറഞ്ഞാൽ, നല്ലനിലയിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളെയെല്ലാം രാഷ്ട്രീയചീമുട്ടകളെറിഞ്ഞ് നാറ്റിക്കാൻ കിണഞ്ഞുശ്രമിച്ചുകൊണ്ടിരിക്കുന്നവരൊഴികെ ആരെങ്കിലും അതു വിശ്വസിക്കുന്നതായി ഭാവിക്കുകയെങ്കിലും ചെയ്യുമോ? മാത്രമല്ല ഇത്രയും ഭീകരമാണ് കോജളിലെയും ഹോസ്റ്റലിലെയും അന്തരീക്ഷമെങ്കിൽ പിന്നെ എന്തുകൊണ്ടാണ് പല മാതാപിതാക്കന്മാരും തങ്ങളുടെ കുട്ടികൾ അമൽജ്യോതിയിൽത്തന്നെ പഠിക്കണമെന്ന് ആഗ്രഹിക്കുന്നത്. മുകളിൽ സൂചിപ്പിച്ച മാത്യു ഏലിയാസ് എന്ന വിദ്യാർത്ഥിതന്നെ, താൻ മറ്റൊരു കോളജിൽ ചേരണമെന്ന് ആഗ്രഹിച്ചിട്ടും തന്റെ അമ്മ നിർബന്ധിച്ചാണ് അമൽജ്യോതിയിൽ ചേർത്തതെന്ന് പറഞ്ഞതായി ഒരു മാധ്യമത്തിൽ വായിച്ചു! ഒരുപക്ഷെ ഇന്നത്തെ കുടുംബസാഹചര്യങ്ങളിൽ മക്കളെ നിലയ്ക്കുനിറുത്താനും അച്ചടക്കത്തിൽ വളർത്താനും മാതാപിതാക്കൾക്കു കഴിയാതെ വരുമ്പോൾ അപ്രകാരം സാധിക്കുന്ന ഒരു സ്ഥലമുണ്ടെന്നറിഞ്ഞ് തങ്ങളുടെ കുട്ടികൾ അവിടെത്തന്നെ പഠിക്കട്ടെയെന്ന് മാതാപിതാക്കൾ തീരുമാനിക്കുന്നതാണോ? ഉത്തരം തരേണ്ടത് മാതാപിതാക്കളാണ്. മാത്രമല്ല, വീട്ടിലുള്ള ഒന്നോ രണ്ടോ കുട്ടികളുടെ പെരുമാറ്റംപോലും ചിലപ്പോൾ മാതാപിതാക്കൾക്ക് വലിയ പ്രതിസന്ധികൾ തീർക്കുന്നില്ലേ? അപ്പോൾപ്പിന്നെ വ്യത്യസ്ത കുടുംബപശ്ചാത്തലത്തിൽനിന്ന് വന്ന് പൊട്ടിത്തെറിക്കുന്ന പ്രായത്തിലുള്ള രണ്ടായിരത്തി അഞ്ഞൂറിലധികം വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലിന്റെ ഉത്തരവാദിത്വപ്പെട്ടവർ കർശനസ്വഭാവം കാണിച്ചില്ലെങ്കിൽ എന്തായിരിക്കും അവിടുത്തെ അവസ്ഥ? രാത്രി രണ്ടുമണിക്കും മൂന്നുമണിക്കുംപോലും ഉറങ്ങാൻ സാധിക്കാത്ത ഹോസ്റ്റലിന്റെ ഉത്തരവാദിത്വമുള്ളവരുടെ അവസ്ഥയെക്കുറിച്ച് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ?

പിന്നെ മറ്റൊരു പ്രധാന ആരോപണം വിദ്യാർത്ഥികളിൽനിന്ന് പിഴയായി പണം പിരിക്കുന്നുവെന്നതാണ്. വിദ്യാർത്ഥികളുടെ നിരുത്തരവാദിത്വപരമായ പ്രവൃത്തികൾക്കു പിഴയിടുന്നത് ഒരു തരത്തിലുള്ള തിരുത്തൽതന്നെയാണ്. പണത്തിന്റെ മൂല്യത്തെക്കുറിച്ച് ബോദ്ധ്യമുള്ളവർ പിന്നെ ആ പ്രവൃത്തി ആവർത്തിക്കാതിരിക്കാൻ ശ്രമിക്കും. മാത്രമല്ല, ഇങ്ങനെ ഫൈൻ ഈടാക്കുന്നതിനേക്കുറിച്ച് പരാതിപ്പെടേണ്ടത് ആ പണം മുടക്കുന്ന മാതാപിതാക്കളല്ലേ? എന്തുകൊണ്ട് കുട്ടികൾ ഈ പ്രശ്നം മാതാപിതാക്കളോട് പറയാതെ പഠിപ്പുമുടക്കികളായ സംഘടനകളോടു പറയുന്നു? തങ്ങൾക്കുവേണ്ടിമാത്രം ജീവിക്കുന്ന മാതാപിതാക്കളേക്കാൾ കുട്ടികൾക്കു വിശ്വാസം തങ്ങളുടെ രക്ഷകരാണെന്ന വ്യാജേന കൂടെനില്ക്കുന്ന സംഘടനകളെയാണെന്നാണോ ഇതിനർത്ഥം? വിദ്യാർത്ഥികളെയും രാഷ്ര്ടീയസംഘടനകളെയും ഒരുവശത്തും കോളജധികാരികളെയും രക്ഷാകർത്താക്കളെയും അവരുടെ ശത്രുപക്ഷത്തും നിറുത്തിയുള്ള റിപ്പോർട്ടിംഗ് ചില മാധ്യമങ്ങൾ നടത്തുന്നതുതന്നെ ഈയൊരു ചിന്ത അവരിൽ വളർത്താനല്ലേ? യഥാർത്ഥത്തിൽ കുട്ടികളുടെ നല്ല ഭാവി ലക്ഷ്യംവയ്ക്കുന്ന കോളജും മാതാപിതാക്കളും ഒരുമിച്ചു തന്നെയാണ് നില്ക്കേണ്ടത്. എന്നാൽ വിവേകത്തോടെയെന്നതിനേക്കാൾ വികാരത്തോടെ പ്രതികരിക്കുന്ന പ്രായത്തിലുള്ള കുട്ടികളുടെ കൂടെ കൂടിയിരിക്കുന്നവർ ആടുകളുടെ ചോരകുടിക്കാൻ കാത്തിരിക്കുന്ന കുറുക്കന്മാരാണെന്ന് ഇതിനോടകം എത്രയോ സ്ഥലങ്ങളിൽ തെളിയിക്കപ്പെട്ടിരിക്കുന്ന കാര്യമാണ്!

കൂടാതെ വിദ്യാർത്ഥികൾക്ക് സാങ്കേതികമായും സാമൂഹികമായുമുള്ള ആഘോഷങ്ങൾക്കൊന്നും അവസരം കൊടുക്കാതെ റോബോട്ടുകളെപ്പോലെ പരിശീലിപ്പിക്കുകയാണെന്ന് മറ്റൊരു പരാതിയും ഉണ്ട്. ഇതിന്റെ നിജസ്ഥിതി അറിയാൻ യൂറ്റ്യൂബിൽ കയറി അമൽജ്യോതിയിലെ ആഘോഷങ്ങൾ ഒന്നന്വേഷിച്ചാൽ മാത്രം മതി. ഇനി സാംസ്കാരിക ആഘോഷം എന്നതുകൊണ്ട് പരാതിക്കാർ ഉദ്ദേശിക്കുന്നത് മറ്റു ചിലയിടങ്ങളിൽ നടക്കുന്നതുപോലെയുള്ള രാഷ്ര്ടീയ മാമാങ്കങ്ങളാണെങ്കിൽ അതിനു തല്ക്കാലം പുറംതിരിഞ്ഞുനില്ക്കുന്നതുതന്നെയാണ് വിദ്യാർത്ഥികളുടെയും സ്ഥാപനത്തിന്റെയും ഭാവിക്കു നല്ലതെന്ന് കാലം തെളിയിച്ചിട്ടുണ്ടല്ലോ.

അമൽജ്യോതിയിലെ മറ്റു ജോലിക്കാരുടെ ശമ്പളകാര്യങ്ങളാണ് മറ്റൊരു പരാതി. ജീവനക്കാരുടെ കാര്യങ്ങളിൽ എടുക്കേണ്ട നിലപാടുകൾ നിയമങ്ങളായിത്തന്നെയുള്ള നമ്മുടെ നാട്ടിൽ നിയമപരമല്ലാതെ എന്തെങ്കിലും നടക്കുന്നുണ്ടെങ്കിൽ അതിന് ആ രീതിയിൽത്തന്നെ പരിഹാരം അന്വേഷിക്കാൻ തങ്ങൾക്കു കെല്പില്ലാഞ്ഞിട്ടാണോ ഈ സമരസംഘടനക്കാർ വിദ്യാർത്ഥിസമരത്തിൽ അതും വിഷയമാക്കിയിരിക്കുന്നത്?

അതുപോലെ, അനുവദിക്കപ്പെട്ടിരിക്കുന്ന വേഷം വൃത്തിയായി ധരിക്കണമെന്നതും ഫ്രീക്കന്മാരെപ്പോലെ കോലംകെട്ടി നടക്കരുതെന്നുമൊക്കെയുള്ള നിബന്ധനകൾ കോളജിന്റെ അച്ചടക്കത്തിന്റെ ഭാഗമായി അനുസരിക്കാൻ അവിടെ ചേരുന്നവർക്കു കടമയുണ്ട്. കോളജിൽനിന്ന് ഉത്തരവാദിത്വപ്പെട്ടവർ ആരും നിർബന്ധിച്ചിട്ടല്ലല്ലോ വിദ്യാർത്ഥികൾ അവിടെ പഠിക്കാൻ ചേരുന്നത്.

പിന്നെ ഇത്രയധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു സ്ഥാപനത്തിൽ എല്ലാവരുടെയും താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മുമ്പോട്ടു പോവുക എളുപ്പമുള്ള കാര്യമല്ലെന്നു ആർക്കും മനസിലാകും. അതുകൊണ്ടുതന്നെ സ്ഥാപനത്തിനും അവിടുത്തെ വിദ്യാർത്ഥികൾക്കും നന്മയാണെന്നു ബോദ്ധ്യമുള്ള കാര്യങ്ങളായിരിക്കും അധികൃതർ നടപ്പാക്കുന്നത്. കോളജുപഠനകാലം ഉഴപ്പാൻവേണ്ടി മാത്രമുള്ളതാണെന്നു ചിന്തിക്കുന്ന കുറേപേരെങ്കിലും ഓരോ കോളജിലും ഉണ്ടാകും. അത്തരക്കാർക്ക് ആരു പിന്തുണകൊടുത്താലും അവരെ നിലയ്ക്കുനിർത്തേണ്ടത് സ്ഥാപനത്തിന്റെ നല്ല നിലനില്പിന് ആവശ്യമാണ്. ഇപ്പോൾ സംഭവിച്ചിരിക്കുന്നത് അങ്ങനെയുള്ള ഒരു ന്യൂനപക്ഷത്തിന്റെ സ്വരംമാത്രം പുറത്തുകേൾക്കുന്നു എന്നതാണ്. ഏതായാലും ഏതാനുംപേരുടെ സ്വാർത്ഥലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഇപ്പോൾ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടുകൊണ്ടിരിക്കുന്ന അസത്യങ്ങളും അർത്ഥസത്യങ്ങളും നിറഞ്ഞ വാർത്തകൾക്കപ്പുറത്ത് അമൽജ്യോതിയുടെ യഥാർത്ഥചിത്രം സമൂഹമദ്ധ്യത്തിൽ അവതരിപ്പിക്കേണ്ടത് അവിടെ പഠിക്കുന്ന വിദ്യാർത്ഥികൾതന്നെയാണ്. എന്നാൽ ഒരുപക്ഷെ ഇപ്പോഴത്തെ സാഹചര്യത്തിൽ അവർക്കതിനു കഴിയുന്നില്ലെങ്കിൽ അവരുടെ മാതാപിതാക്കളും അവിടെ പഠിച്ചിറങ്ങി ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിലായിരിക്കുന്ന പൂർവവിദ്യാർത്ഥികളും അതിനു തയ്യാറാകേണ്ടത് ആ സ്ഥാപനംവഴി ജീവിതത്തിനു വെളിച്ചം ലഭിച്ചവരുടെ കടമയാണ്. ഇനി, പഠിച്ച സ്ഥാപനത്തിനു പിന്തുണ നല്കാൻ അങ്ങനെയാരും ഇല്ലായെന്നുണ്ടെങ്കിൽ നമുക്ക് ആ സ്ഥാപനം പൂട്ടുന്നതാണ് നല്ലത്. വെറുതേയെന്തിന് കുറേ വൈദികരും കന്യാസ്ത്രീകളും തങ്ങളുടെ ജീവിതം പാഴാക്കുകയും സഭയുടെ സ്ഥാപനം വിവരമില്ലാത്ത രാഷ്ട്രീയക്കാർക്ക് അഴിഞ്ഞാടാൻ വിട്ടുകൊടുക്കുകയും ചെയ്യണം…!!??

Posted in SOCIAL

മനോരമയും ചിത്രവിവാദവും

മനോരമയുടെ ചിത്രവിവാദത്തെക്കുറിച്ചു പ്രതികരണങ്ങൾ പലതു നടത്തിയെങ്കിലും ഈ ദിവസങ്ങളിലെ ചില കുറിപ്പുകൾ കണ്ടപ്പോൾ ഒരിക്കൽക്കൂടി പ്രതികരിക്കണമെന്നു തോന്നി. ഇപ്പോൾ ചില കലാസ്വാദകർ ആ ചിത്രത്തിന്റെ കലാപരമായ മൂല്യത്തെക്കുറിച്ച് വാചാലമായി അതിനെതിരെ പ്രതികരിക്കുന്നവരെ വളരെ പുച്ഛത്തോടെ ആക്ഷേപിക്കുന്നത് കാണുന്നു. ആ ചിത്രത്തിന്റെ രചനയ്ക്ക് ആധാരമായ മാതാഹരിയുടെ ചരിത്രം വിവരിച്ചുകൊണ്ടും ഡാവിഞ്ചിയുടെ ചിത്രത്തിനു ഒരു കലാകാരൻ നല്കിയ ആവിഷ്ക്കാരത്തെക്കുറിച്ച് ക്രിസ്ത്യാനികൾ എന്തിനു വികാരംകൊള്ളുന്നു എന്നുചോദിച്ചുകൊണ്ടുമാണ് പ്രധാന തെറിവിളി. അക്കൂട്ടത്തിൽ കർത്താവിനെപ്പോലെ ശത്രുക്കളെ സ്നേഹിക്കുകയും ദ്രോഹിക്കുന്നവരോട് ക്ഷമിക്കുകയും ചെയ്യുന്നില്ലെങ്കിൽ എന്തു വിശ്വാസമാണ് നിങ്ങൾ പുലർത്തുന്നത് എന്ന ആക്ഷേപവും.
ഒറ്റക്കാര്യം മാത്രം ചോദിച്ചുകൊള്ളട്ടെ. ക്രിസ്തുവിന്റെ അന്ത്യത്താഴത്തിന്റെ ചിത്രം ഇന്ന് സമൂഹത്തിൽ പ്രചരിച്ചിരിക്കുന്നത് അത് ഡാവിഞ്ചിയുടെ ഒരു മാസ്റ്റർപീസ് എന്ന തലക്കെട്ടിലാണോ? ആ ചിത്രത്തിന്റെ മുമ്പിൽ നില്ക്കുമ്പോഴും അതുകാണമ്പോഴും ഒരു സാധാരണക്രൈസ്തവവിശ്വാസിയുടെ ഉള്ളിൽ ഉണ്ടാകുന്ന വികാരം ഡാവിഞ്ചിയുടെ ചിത്രരചനാപാടവത്തെക്കുറിച്ചുള്ള അത്ഭുതമാണോ? ഈ ചിത്രത്തിനെതിരെ പ്രതികരിച്ചവരോട് പുച്ഛം പ്രകടിപ്പിക്കുന്നവർ ഒരു കാര്യം ചെയ്യുമോ? ഈ വിവാദചിത്രത്തിന്റെ ഒരു കോപ്പി സ്വന്തം അമ്മയെ ഒന്നു കാണിച്ചിട്ട് അതിനേക്കുറിച്ച് എന്താണഭിപ്രായം എന്നു ചോദിക്കുക. അമ്മ അതു കണ്ടിട്ട്, ‘കൊള്ളാലോ മക്കളെ, എത്ര മനോഹരമായ ഒരു കലാരൂപം’ എന്ന് അഭിപ്രായം പറഞ്ഞാൽ, അങ്ങനെ പറഞ്ഞാൽമാത്രം നിങ്ങളുടെ പുച്ഛത്തിന് അർത്ഥമുണ്ട്. ഒരുപക്ഷെ കലയുടെ ആവിഷ്ക്കാരത്തെയും വിശ്വാസത്തിന്റെ അനുഷ്ഠാനങ്ങളെയും ആരോഗ്യപരമായി സമീപിക്കാൻമാത്രം വളർന്നവർക്ക് ഇത് വിശ്വാസവികാരങ്ങളെ സ്പർശിക്കാത്ത ഒരു കാര്യമായി കാണാൻ കഴിയുമായിരിക്കും. എന്നാൽ നമ്മുടെ അമ്മമാരുൾപ്പെടെയുള്ള സാധാരണ വിശ്വാസികൾ മാതാഹരിയുടെ ചരിത്രമോ ഡാവിഞ്ചിയുടെ കൈവിരുതോ അറിയുന്നതുകൊണ്ടല്ല അന്ത്യത്താഴത്തിന്റെ ചിത്രത്തെ നെഞ്ചോട് ചേർത്തിരിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം അത് തങ്ങളുടെ രക്ഷകൻ തന്റെ നെഞ്ച് പിളർന്ന് ശിഷ്യന്മാർക്ക് പങ്കുവച്ചതിന്റെ ഓർമ്മയാണ് നല്‍കുന്നത്. അതുകൊണ്ടുതന്നെ ആ ചിത്രത്തെ വികലമാക്കി എന്ത് അവതരണം നടത്തിയാലും അവരുടെ ഹൃദയം പൊള്ളും. അവർ അതിനോടു പ്രതികരിക്കുകയും ചെയ്യും. അതിന്റെ കാരണം അവർ തങ്ങളുടെ വിശ്വാസാചാരങ്ങളെയും അനുഷ്ഠാനങ്ങളെയും വിശുദ്ധവസ്തുക്കളെയും ആദരവോടെ സമീപിക്കാനും അവയോട് ഉചിതമായി വർത്തിക്കാനുമുള്ള പക്വതയും ബോധവുമുള്ളവരാണെന്നുള്ളതാണ്. അവർക്കങ്ങനെയൊരു ബോധമുണ്ടായിപ്പോയത് അവരുടെ കുറ്റമാണെന്നു മാത്രം പറയരുതേ. ചിലർ ചോദിക്കുന്നു ഇതിനുമുമ്പും ഇതുപോലെ ചിലർ പല ചിത്രങ്ങളെയും വികലമാക്കി അവതരിപ്പിച്ചിട്ടില്ലേ. അന്നൊന്നുമില്ലാതിരുന്ന പ്രതികരണം ഇപ്പോൾ മനോരമ പ്രസിദ്ധീകരിച്ചപ്പോൾ മാത്രം എന്തുകൊണ്ടാണ് എന്ന്. അതുതന്നെയാണ് ഇവിടുത്തെ ഒരു പ്രധാനപ്രശ്നം. ലോകത്തെവിടെയെല്ലാം വിശ്വാസത്തിനു വിരുദ്ധമായ പ്രസിദ്ധീകരണങ്ങളും പ്രതികരണങ്ങളുമുണ്ടാകുന്നു. അതൊന്നും സാധാരണ വിശ്വാസികൾ അറിയുന്നുമില്ല, അറിഞ്ഞാൽത്തന്നെ പ്രതികരിക്കാറുമില്ല. എന്നാൽ മനോരമയെന്ന മാധ്യമത്തിന്റെ മേൽവിലാസത്തിന് അല്പം വ്യത്യാസമുണ്ടല്ലോ. യഥാർത്ഥത്തിൽ തിരുവത്താഴത്തിന്റെ ചിത്രംപോലെതന്നെ കേരളക്രൈസ്തവരുടെ ഹൃദയത്തിൽ ഇടം നേടിയിരുന്ന ഒരു മാധ്യമമായിരുന്നു അത്. കത്തോലിക്കാസഭ ദീപികയ്ക്കുവേണ്ടി വിശ്വാസികളെ സമീപിക്കുമ്പോൾ അവർ പറഞ്ഞിരുന്നത് ദീപികയെ കെട്ടിലും മട്ടിലും മനോരമ പോലെയൊരു പത്രമാക്കിയിട്ട് വരാനാണ്. അപ്പോൾ സ്വന്തം സമുദായത്തിന്റെ പത്രംപോലും വേണ്ടെന്നു വച്ചിട്ടാണ് പലരും മനോരമയെ സ്നേഹിച്ചിരുന്നത്. ഇതിൽകൂടുതൽ ഒരു കാരണംവേണോ വിശ്വാസികളുടെ ഈ പ്രതികരണത്തിന്..??
പിന്നെ ക്രിസ്ത്യാനികൾ എന്ത് അക്രമവും ക്ഷമിക്കാനും സഹിക്കാനും വിളിക്കപ്പെട്ടവരാണെന്നുള്ള ചിന്ത നല്ലതാണ്. എന്നാൽ ക്ഷമയെന്ന പുണ്യം അനീതികളോടും അക്രമത്തോടും പ്രതികരിക്കാതിരിക്കുകയാണെന്നുള്ള പാഠം ബൈബിളിലുണ്ടെന്ന് തോന്നുന്നില്ല. പ്രതികരണങ്ങൾക്ക് ക്രൈസ്തവചൈതന്യം നഷ്ടപ്പെടാതിരിക്കണമെന്നു പറഞ്ഞാൽ അതു ന്യായം. ഈ വിഷയത്തിൽ ഇതുവരെ പലയിടങ്ങളിൽ നടത്തിയ പ്രതികരണത്തിൽ ചില മുദ്രാവാക്യം വിളികളൊഴിച്ച് ഒന്നും ക്രൈസ്തവവിരുദ്ധമായിട്ടുള്ളതായും തോന്നുന്നില്ല. അതുകൊണ്ട് ഈ പ്രതികരണങ്ങളെ ക്രൈസ്തവതീവ്രവാദം എന്നൊക്കെ വിളിച്ച് പൊലിപ്പിക്കരുതേ..
ആ ചിത്രത്തിന്റെ ഉള്ളടക്കത്തിലെ മറ്റു കാര്യങ്ങൾ -സന്യാസിനികളുടെ മാനം, ചിത്രത്തിനു സാത്താൻ ആരാധകരുടെ ആരാധനയോടുള്ള സാമ്യം- തുടങ്ങിയവ പലപ്രാവശ്യം മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ടതുകൊണ്ടുമാത്രം ഇവിടെ പരാമർശിക്കുന്നില്ല.

Posted in SOCIAL

കസ്തൂരിയുടെ ബാക്കി

ഇടുക്കി

അങ്ങനെ പോന്നോട്ടെ ഒന്നിനു പുറകെ ഒന്നായി നിയന്ത്രണങ്ങൾ…പാവം ആർഡിഒ… ബഹുനില മന്ദിരനിർമ്മാണത്തിൽ ജില്ലാ കളക്ടറുടെ നിർദേശം അനുസരിച്ചാണ് അനുമതി നിഷേധിക്കുന്നത്.. ജില്ലാ കളക്ടറാകട്ടെ കോടതി വിധി നടപ്പാക്കുന്നു എന്നുമാത്രം.. മരം മുറിക്കുന്നതു സംബന്ധിച്ചാണെങ്കിൽ വിജ്ഞാപനം ചെയ്ത വില്ലേജുകളിൽ മാത്രമേ നിരോധനമുള്ളുതാനും. അതുകൊണ്ട് വിജ്ഞാപനം ചെയ്യാത്ത വില്ലേജിൽപെട്ടവർ അതിനേക്കുറിച്ച് ആകുലപ്പെടേണ്ട കാര്യമില്ല. മാത്രമല്ല റവന്യുമന്ത്രി ഉറപ്പിച്ചു പറയുന്നു ഇടുക്കി ജില്ലയിൽനിന്ന് ആരെയും ആട്ടിയകറ്റാനുള്ള നടപടി സ്വീകരിച്ചിട്ടുമില്ല എന്ന്… ഹോ.. സമാധാനമായി…
ഇനി ചില സംശയങ്ങൾ..
1. സത്യത്തെക്കാൾ വാദപ്രദിവാദങ്ങളുടെയും ലഭ്യമായ തെളിവുകളുടെയും അടിസ്ഥാനത്തിൽ ഉണ്ടാകുന്ന കോടതിവിധികൾ ശാശ്വതസത്യങ്ങളായി സ്വീകരിച്ച് അതനുസരിച്ച് ജിവിക്കാനാണോ അതോ ജനപക്ഷത്തുനിന്ന് തെറ്റായ വിധികളെ തിരുത്തുവാൻ വേണ്ട നടപടികൾ സ്വീകരിക്കാനാണോ ജനപ്രതിനിധികൾ ആ സ്ഥാനമലങ്കരിക്കുന്നത്?
2. വിജ്ഞാപനം ചെയ്തിരിക്കുന്ന വില്ലേജിലെ ജനങ്ങൾ നാടിന്റെ സമ്പത്ത് കട്ടുമുടിക്കാനും പരിസ്ഥിതിയെ തകർക്കാനും മനപൂർവം നാടിന്റെ പലഭാഗങ്ങളിൽനിന്ന് അങ്ങോട്ടു വണ്ടി കയറിയവരാണെന്നാണോ പൊതുജനം കരുതുന്നത്? ഈ സംശയത്തിനു കാരണം പരിസ്ഥിതിലോലമേഖലയ്ക്കു പുറത്തു താമസിക്കുന്ന ചില രാജ്യസ്നേഹികളുടെ പ്രതികരണങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നതാണ്.
3. ഏതു രാഷ്ട്രീയപാർട്ടി വന്നാലും ഇക്കാര്യത്തിൽ വ്യത്യസ്തമായ നിലപാടുകൾ ഉണ്ടാകില്ലെന്ന് ആവർത്തിച്ചു തെളിഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലത്തിൽ ഇനിയും രാഷ്ട്രീയമായി ചേരിതിരിഞ്ഞുനിന്ന് സ്വന്തം കിടപ്പാടവും ജീവിതവും ഇല്ലാതാക്കാൻമാത്രം രാഷ്ട്രീയ അന്ധത ഹൈറേഞ്ചിലെ ജനങ്ങൾ കൊണ്ടുനടക്കണോ? എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു എന്നു പറഞ്ഞ പാർട്ടിയല്ലെ കഴിഞ്ഞ ദിവസം അതേ പ്രശ്നത്തിന്റെ പേരിൽ ഒരു ഉളുപ്പുമില്ലാതെ ഇടുക്കി ജില്ലയിൽ ഹർത്താൽ നടത്തിയത്! അവർ ഭരിച്ചിരുന്ന സമയത്ത് എന്നും ജനത്തിന്റെ കൂടെ കാണുമെന്നും കസ്തൂരിരംഗൻ റിപ്പോർട്ടു നടപ്പാക്കാൻ വരുന്നവരെ പാഠം പഠിപ്പിക്കുമെന്നൊക്കെ പറഞ്ഞിരുന്നവരുടെ തനിനിറമാണ് താഴെ കൊടുത്തിരിക്കുന്ന ഇന്നത്തെ പത്രവാർത്ത. ഒരേ മുന്നണിയിലുള്ള മന്ത്രിമാർ തന്നെ അഭിപ്രായവ്യത്യാസങ്ങൾ അവതരിപ്പിച്ച് ജനത്തിനുമുമ്പിൽ തള്ളയും പിള്ളയും കളിക്കുന്ന ഈ കളി എല്ലാ മുന്നണിയും ചെയ്യുന്നതാണ്. അതുകണ്ടിട്ട് അതിലൊരാൾ നമ്മുടെ പക്ഷത്താണെന്നാശ്വസിക്കുന്നവർ സ്വയം വിഢികളായെന്നു തിരിച്ചറിയാൻ അധികനാളൊന്നു കാത്തിരിക്കേണ്ടി വരില്ല.
4. ഇടുക്കിയിലെ ജനങ്ങൾ, പ്രത്യേകിച്ചും ഏലകൃഷി ചെയ്യുന്നവർ തങ്ങളുടെ കൃഷിസ്ഥലങ്ങളിൽ നട്ടുവളർത്തുന്ന മരങ്ങളെക്കുറിച്ച് അവർക്കെതിരെ സംസാരിക്കുന്ന ഉദ്യോഗസ്ഥർക്കും നാട്ടുംപുറങ്ങളിലെ സുരക്ഷിതത്വത്തിൽ കഴിയുന്ന നാട്ടുകാർക്കും എന്തെങ്കിലും വിവരമുണ്ടോ? അതുണ്ടാകണമെങ്കിൽ ഏലത്തെക്കുറിച്ചും അതിന്റെ കൃഷിരീതിയെക്കുറിച്ചും അല്പമെങ്കിലും വിവരം വേണം. അവർക്കിപ്പോൾ കൃഷിയുടെ ഭാഗമായി ഒരു കമ്പുപോലും മുറിക്കാനനുവാദമില്ലത്രേ! നാട്ടിൻപുറങ്ങളിലെപ്പോലെതന്നെ ഒറ്റപ്പെട്ട ചൂഷകർ ഹൈറേഞ്ചിലും കാണും. അതിന്റെ പേരിൽ പതിറ്റാണ്ടുകളായി പ്രകൃതിയോട് ഇണങ്ങി ജിവിക്കുന്ന മുഴുവൻ ജനതയേയും ക്രൂശിക്കുന്ന നടപടികൾക്ക് എന്തു ന്യായീകരണമാണുള്ളത്?
ഇത്രയുമൊക്കെയായിട്ടും ഹൈറേഞ്ച് നിവാസികൾ ഇനിയും തങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത വിവിധ രാഷ്ട്രീയപാർട്ടികളുടെ പിന്നിൽ അണിനിരന്ന് പരസ്പരം ഒറ്റിക്കൊടുക്കുന്ന ശൈലിയാണ് തുടരാൻ ആഗ്രഹിക്കുന്നതെങ്കിൽ ചരിത്രം നിങ്ങൾക്കു മാപ്പു നല്കില്ല. കുടിയേറ്റ കാലഘട്ടങ്ങളിൽ എതിരെവന്ന ശത്രു, അതു രോഗമായാലും, പട്ടിണിയായാലും വന്യമൃഗങ്ങളായാലും അവയ്ക്കെതിരെ കൈകോർത്തുനിന്നു പോരാടി ജയിച്ച തലമുറയുടെ പുതിയ കണ്ണികൾ താല്ക്കാലിക ലാഭങ്ങൾക്കും നേട്ടങ്ങൾക്കുംവേണ്ടി ജീവിക്കുന്നവരും അയൽക്കാരന്റെ പ്രതിസന്ധിയിൽ കൂടെ നില്ക്കാത്ത സ്വാർത്ഥരുമായി അധപതിക്കുന്നത് ആ തലമുറയോടു ചെയ്യുന്ന ഏറ്റവും വലിയ അപരാധമാണ്.

Posted in SOCIAL

ഇതെന്റെ കൌണ്ടർപോയിന്റ്…

 

സീറോ മലബാർ സഭയുടെ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയിൽ സമൂഹത്തിലെ ആർഭാടത്തിനെതിരെ ഉരുത്തിരിഞ്ഞ ആശയങ്ങൾ ചർച്ചാ വിഷയമാക്കിയ കൌണ്ടർപോയിന്റ് മനോരമ ചാനലിൽ കണ്ടതിന്റെ വെളിച്ചത്തിലാണ് ഈ പോസ്റ്റ്. ചർച്ചയിൽ പങ്കെടുത്തവരെല്ലാം വളരെ ഭാവാത്മകമായി ആ വിഷയം കൈകാര്യം ചെയ്തു. ചാനലുകളിൽ പതിവുള്ളതുപോലെ, അവതാരകയായിരുന്ന ശ്രീമതി നിഷ ജെബി സഭാനേതൃത്വവും വൈദികരും വിമർശിക്കപ്പെടണം എന്നാഗ്രഹിച്ചു ഇടപെടൽ നടത്തിയപ്പോഴും അവിടെയുണ്ടായിരുന്നവർ നിഷ്പക്ഷമായി സംസാരിച്ച് ആ ചർച്ചയുടെ അന്തസു കാത്തു. (സഭാനേതൃത്വവും വൈദികരും വിമർശനത്തിനതീതരാണെന്നൊന്നും ഇതിന് അർത്ഥം കണ്ടുപിടിക്കരുതേ). പതിവിനു വിപരീതമായി അവതാരക ആഗ്രഹിച്ച മറുപടികൾ പറയാതെ യാഥാർത്ഥ്യബോധത്തോടെ ചർച്ചയിൽ പങ്കെടുത്ത ആ വ്യക്തികൾ ഇനി ഇതുപോലുള്ള ചാനൽ ചർച്ചകൾക്കു ക്ഷണിക്കപ്പെടുമോ എന്നു കണ്ടറിയണം. അവതാരകയുടെ പിടിവിട്ടുപോയ ആ ചർച്ചയ്ക്കിടയിൽ കയറിവന്ന പരിസ്ഥിതിയെക്കുറിച്ചുള്ള ചിന്തകളുടെ പശ്ചാത്തലത്തിൽ ഹൈറേഞ്ച് സംരക്ഷണസമിതിയെക്കുറിച്ചു പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട്, പ്രകൃതിസംരക്ഷണത്തിനുവേണ്ടി സർക്കാർ കൊണ്ടുവന്ന കസ്തൂരിരംഗൻ, ഗാഡ്ഗിൽ റിപ്പോർട്ടുകളെ യാഥാർത്ഥ്യങ്ങൾ മനസിലാക്കാതെ സഭ എതിർത്തുവെന്നും അസത്യം പ്രചരിപ്പിച്ച് അനാവശ്യമായി ജനങ്ങളിൽ ഭീതിയുളവാക്കിയെന്നുമുള്ള തരത്തിൽ ശ്രീമതി നിഷ സംസാരിക്കുകയുണ്ടായി. ശ്രീ പി.സി. സിറിയക് അതിനോട് വളരെ കൃത്യമായി പ്രതികരിച്ചപ്പോൾ വിഷയത്തിൽനിന്ന് വഴുതിമാറി തന്റെ പ്രാഗത്ഭ്യം അവതാരക പ്രകടിപ്പിക്കുകയും ചെയ്തു. (ഈ വിഷയത്തിൽ വേണ്ടത്ര ബോധവത്ക്കരണം നടക്കാത്തതുകൊണ്ട് കർഷകർക്കിടയിൽ തെറ്റിധാരണകൾ ഉണ്ടായെന്ന രീതിയിലുള്ള പ്രതികരണം സീറോമലബാർ സഭയുടെ വക്താവ് ബഹുമാനപ്പെട്ട പൂച്ചക്കാട്ട് അച്ചൻ നടത്തിയതും ഹൈറേഞ്ചിലേയും കുടിയേറ്റമേഖലകളിലേയും ജനങ്ങൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധികളെക്കുറിച്ച് ശരിയായ അവബോധമില്ലാത്തതുകൊണ്ടാണെന്നു തോന്നുന്നു). കസ്തൂരിരംഗൻ, ഗാഡ്ഗിൽ റിപ്പോർട്ടുകൾ കർഷകർക്കെതിരല്ലെന്നും ഹൈറേഞ്ച് സംരക്ഷണസമിതി അനാവശ്യമായ ഇടപെടലാണ് നടത്തിയതെന്നും പ്രചരിപ്പിക്കുന്ന മാധ്യമങ്ങളുടെ പ്രതിനിധിയെന്ന നിലയ്ക്ക് ശ്രീമതി നിഷയോട് ഒരു കാര്യം ചോദിച്ചുകൊള്ളട്ടെ. പട്ടണത്തിലെ ചാനൽമുറിയിൽനിന്ന് പുറത്തിറങ്ങി സ്വന്തം ജന്മദേശത്തും അയൽപ്രദേശങ്ങളിലുംചെന്ന് അവിടെയുള്ള കർഷകരോട്, ഇനിയും നടപ്പിൽവരാത്ത ഈ റിപ്പോർട്ടുകൾ മുഖാന്തിരം എന്തെങ്കിലും ഭവിഷ്യത്തുകൾ ഇപ്പോൾത്തന്നെ അനുഭവിക്കുന്നുണ്ടോ എന്നു ചോദിച്ചിട്ട് അവർ പറയുന്ന മറുപടികൾ എഡിറ്റു ചെയ്യാതെ (വാർത്തകൾക്ക് അതവതരിപ്പിക്കുന്ന മാധ്യമത്തിന്റെ നിറം കൊടുക്കുന്നതിനാണല്ലോ ഇപ്പോൾ എഡിറ്റിംഗ് എന്ന സങ്കേതം ഉപയോഗിക്കുന്നത്) മാധ്യമങ്ങളിൽ സംപ്രേഷണം ചെയ്യാനുള്ള ആർജവത്വം കാണിക്കാൻ നിങ്ങൾക്കു കഴിയുമോ?
*********
ജാതി മത രാഷ്ട്രീയ ചിന്തകൾക്കതീതമായിരുന്ന ഹൈറേഞ്ച് സംരക്ഷണസമിതി സംഘടിതപ്രസ്ഥാനങ്ങൾക്കും രാഷ്ട്രീയപാർട്ടികൾക്കും ഒരു ഭീഷണി തന്നെയായിരുന്നു. (രാഷ്ട്രീയം കയറി നാമാവിശേഷമാക്കിയ ഇന്നത്തെ അവസ്ഥയെക്കുറിച്ചല്ല പറയുന്നത്). എന്നാൽ അവരെ ഒരു കൊടിക്കീഴിൽ നിലനിർത്താൻ സംരക്ഷണ സമിതിക്കു കഴിഞ്ഞില്ല. തങ്ങൾക്കു വലിയ സ്വാധീനമില്ലാതിരുന്ന ഹൈറേഞ്ചിലെ ക്രൈസ്തവരുടെ മനസിൽ കയറിക്കൂടാൻ കുറുക്കന്റെ കണ്ണുകളുമായി കാത്തിരുന്ന ഇടതുപക്ഷത്തെ കൂടെക്കൂടാൻ അനുവദിച്ച് ഒരു ജനപ്രതിനിധിയെ ജയിപ്പിച്ചെടുത്തപ്പോൾ സമിതിയുടെ പരാജയത്തിന്റെ നാന്ദി കുറിക്കപ്പെട്ടു. ഒരു നേതാവിന്റെ ധാർഷ്ട്യത്തിനു പിന്നിൽ അണിനിരന്ന് സംരക്ഷണസമിതിയെ കൊഞ്ഞനംകുത്തിയ വലതുപക്ഷമായും തക്കസമയത്ത് ചൂണ്ടയെറിഞ്ഞ് സമിതിയുടെ കഴുത്തിൽ കുരുക്കിട്ട ഇടതുപക്ഷമായും പിന്നെ വിഭാഗിയതയുടെ വിത്തുകൾ വിതച്ച വർഗീയപാർട്ടിയായും സ്വന്തം കൊടിക്കീഴിൽനിന്ന കർഷകർതന്നെ രൂപാന്തരപ്പെടുമെന്നത് തിരിച്ചറിയാൻ സമിതിയുടെ നേതൃത്വത്തിനു കഴിയാതെപോയി. അങ്ങനെയിപ്പോൾ ജാതിയായി, മതമായി, രാഷ്ട്രീയമായി, പ്രസ്ഥാനം പുരപ്പുറത്തുമായി. എങ്കിലും ഹൈറേഞ്ച് സംരക്ഷണ സമിതി എന്തിനുവേണ്ടി നിലകൊണ്ടോ ആ യാഥാർത്ഥ്യം ഇപ്പോഴും സജീവമായി നിലനില്ക്കുകയാണ്. അതിനെയാണ് സ്വന്തം സാമ്രാജ്യ വികസനമെന്ന ചിന്തയല്ലാതെ, കർഷകരോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത മാധ്യമങ്ങളും പാർട്ടികളും കള്ളത്തരമെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നത്. ഹൈറേഞ്ചിലും മറ്റു കുടിയേറ്റപ്രദേശങ്ങളിലുമുള്ളവർ ‘കർഷകർ’ എന്ന വികാരത്തിനപ്പുറത്ത് കക്ഷിരാഷ്ട്രീയത്തിന്റെ വ്യത്യസ്തങ്ങളായ കൊടികൾ പേറി വ്യത്യസ്തധ്രുവങ്ങളിൽ നില്ക്കുമ്പോൾ കർഷകശത്രുക്കൾക്ക് കാര്യങ്ങൾ വളരെയെളുപ്പമാണെന്നു പറയേണ്ടതില്ലല്ലോ.

Posted in INSTANT RESPONSE, SOCIAL

എന്തൊരു കർഷകസ്നേഹം…

ME3MX20R3aLU4E7afK24AfYN

അങ്ങനെ അവസാനം കർഷകർ രക്ഷപെടാൻ പോകുന്നു. ആറു വർഷം കഴിയുമ്പോൾ ഭാരതത്തിലെ കർഷകരുടെ വരുമാനം ഇപ്പൊഴത്തേതിന്റെ ഇരട്ടിയാക്കുമെന്ന് പ്രധാനമന്ത്രിയുടെ ഉറപ്പ്!! കേട്ടിട്ടു കുളിരു കോരുന്നു. ഇനി ഒരു കർഷകനും മനംമടുത്തും കടംകേറിയും ആത്മഹത്യ ചെയ്യേണ്ട. ആറുവർഷം എങ്ങനെയെങ്കിലും പിടിച്ചുനിന്നാൽ മതി. അതു കഴിയുമ്പോൾ ഇന്നത്തേതിന്റെ ഇരട്ടി വരുമാനം കിട്ടുമല്ലോ. അതിനാവശ്യമായ പദ്ധതികൾ കേന്ദ്രം ആസൂത്രണം ചെയ്തു നടപ്പിലാക്കി വരികയാണത്രെ.

എന്താ ചിലർക്കൊരു സംശയം? ആറു വർഷം കഴിയുമ്പോൾ ജീവിതച്ചിലവുകൾ എത്രയിരട്ടിയാകുമെന്നാണോ? വെറുതെ ദോഷൈകദൃക്കാകരുത്. കാർഷിക ഉല്പന്നങ്ങൾക്കൊഴിച്ച് മറ്റൊന്നിനും ഇനി വിലകൂടില്ല. പെട്രോൾ, ഡീസൽ വിലയും പണിക്കൂലിയും ആശുപത്രിച്ചിലവും വളം, കീടനാശിനി വിലയും നിത്യോപയോഗ സാധനങ്ങളുടെ വിലയും ഒന്നും ഇനി കൂടില്ല. പിന്നെന്തിനാ പേടിക്കുന്നത്. ഒന്നുമല്ലെങ്കിലും പ്രധാനമന്ത്രിയല്ലെ പറഞ്ഞിരിക്കുന്നത് വരുമാനം ഇരട്ടിയാക്കുമെന്ന്…

എന്തിനാ പ്രധാനമന്ത്രിജീ അമ്പിളി മാമനെ പിടിച്ചു തരാമെന്നു പറഞ്ഞ് ഈ കർഷകമക്കളെ വീണ്ടും വിഢികളാക്കുന്നത്. ചങ്കൂറ്റവും ആത്മാർത്ഥതയുമുണ്ടെങ്കിൽ ഇപ്പോഴുള്ള പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്ക്. അതുകഴിഞ്ഞുമതി ആറു വർഷങ്ങൾക്കുശേഷമുള്ള അവസ്ഥയെക്കുറിച്ചുള്ള സംസാരം. റബറിനും ഏലത്തിനും മറ്റെല്ലാ കാർഷിക വിളകൾക്കും ന്യായവില ഉറപ്പാക്കാനുള്ള ആർജവത്വമുണ്ടോ അങ്ങേയ്ക്ക്? ഉദ്യോഗസ്ഥരുടെയും തൊഴിലാളികളുടെയും ക്ഷേമം ഉറപ്പുവരുത്താൻ ക്ഷാമബത്തയെന്നും, ഇക്രിമെന്റെന്നും, ശമ്പളവർദ്ധനയെന്നും പെൻഷെനെന്നുമൊക്കെയുള്ള വിവിധ ഓമനപ്പേരുകളിൽ വലിയ പദ്ധതികൾ നടപ്പിലാക്കുന്ന നിങ്ങൾക്ക് സംഘടിതശക്തിയില്ലാത്ത കർഷകർക്ക് അവരുടെ അദ്ധ്വാനത്തിന്റെ വിലയെങ്കിലും കൊടുക്കണമെന്നു തോന്നാത്തത് കർഷകരാണ് ഭാരതത്തിന്റെ അന്നദാതാക്കളെന്ന് അറിയാത്തതുകൊണ്ടല്ലല്ലോ…
…………..
കർഷകരുടേത് അമ്മമനസാണ്. സ്വന്തം വയറു നിറഞ്ഞില്ലെങ്കിലും മക്കളുടെ വയറുനിറയ്ക്കാൻ ശ്രദ്ധിക്കുന്ന അമ്മമനസ്. മദ്യപിച്ചുവന്ന് തൊഴിച്ചു ബോധംകെടുത്തുന്ന ഭർത്താവിനുവേണ്ടിയും പുലർച്ചെയെഴുന്നേറ്റ് പ്രാതൽ ഒരുക്കുന്ന മനസ്. അതുകൊണ്ടാണ്, അതുകൊണ്ടുമാത്രമാണ് നാവിന് എല്ലില്ലാത്തവരും തൊലിക്ക് കാണ്ടാമൃഗത്തിന്റെ ഗുണമുള്ളവരുമായ പരാഹ്നഭോജികളായ രാഷ്ട്രീയജീവികൾ ഇവിടെ കഴിഞ്ഞുപോകുന്നതെന്ന് മറക്കരുത്.
……
കേരളത്തിൽ ഹിന്ദി ‘അറിയാവുന്ന’ ഏതെങ്കിലും നേതാക്കന്മാർ ഇതൊന്നു പരിഭാഷപ്പെടുത്തി പ്രധാനമന്ത്രിജിയെ അറിയിച്ചിരുന്നെങ്കിൽ നന്നായിരുന്നു..
…….
ഇതു വായിക്കുന്നവർ ദയവായി തൊഴിലാളി നേതാക്കന്‍മാരെ ഇതറിയിക്കരുത്. ആറുവർഷം കഴിയുമ്പോൾ കർഷകന്റെ വരുമാനം ഇരട്ടിയാകുമെന്നറിഞ്ഞാൽ നാളെത്തന്നെ അവർ തൊഴിലാളികളുടെ കൂലി ഇരട്ടിയാക്കും…

 

Posted in SOCIAL

മുല്ലപ്പെരിയാർ…

കേരളവും തമിഴ് നാടും അയൽക്കാരാണെങ്കിലും ഭൂപ്രകൃതിയിലും കാലാവസ്ഥയിലും മനുഷ്യരുടെ ജീവിതശൈലിയിലും പെരുമാറ്റത്തിലുമെല്ലാം ഒരുപാട് വ്യത്യാസങ്ങളുണ്ട്. തമിഴ് നാട്ടിൽ ജാതിയും മതവും വർഗവും രാഷ്ട്രീയവുമെല്ലാം ചേർന്ന് മനുഷ്യരുടെ ഇടയിൽ തീവ്രമായ ചേരിതിരിവുകൾ സൃഷ്ടിക്കുമ്പോഴും നാടിനെ ബാധിക്കുന്ന ഒരു പൊതുപ്രശ്നം വന്നാൽ അവരെല്ലാം അവരെല്ലാം ഒറ്റ അപ്പനു പിറന്ന മക്കളാകും. എന്നാൽ കേരളത്തിന്റെ സ്ഥിതി അതല്ല. എവിടെയെങ്കിലും ഒരു പ്രശ്നമുണ്ടായാൽ കുറേപ്പേർ അതിന്റെ പ്രത്യാഘാതമനുഭവിക്കുന്നവരും കുറേപ്പേർ നിസംഗതയോടെ നോക്കിനില്ക്കുന്നവരും കുറേപ്പേർ അതിൽ സന്തോഷിക്കുന്നവരും ഇനിയും കുറേപ്പേർ അതിൽനിന്ന് മുതലെടുക്കുന്നവരുമായി അവിടെയുണ്ടാകും. ആശാൻകളരിയിൽ പഠിച്ചിരുന്നകാലത്ത് തന്നെ കോക്രി കാട്ടിയവനോടുള്ള പക ഉള്ളിൽ സൂക്ഷിച്ച് മരിക്കുന്നതുവരെ അവനെ ദ്രോഹിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കാതെ ഉപയോഗിക്കുന്ന നമുക്ക് ഒരിക്കലും ഒരു “പൊതുശത്രു” ഉണ്ടാകില്ല. കാരണം ഏതെങ്കിലുംതരത്തിലുള്ള യോജിപ്പുണ്ടെങ്കിലെല്ലേ ഒരു പൊതുകാര്യത്തിനുവേണ്ടി ഒന്നിച്ചു നില്ക്കാൻ കഴിയൂ.

പറഞ്ഞുവരുന്നത് മുല്ലപ്പെരിയാറിനെക്കുറിച്ചുതന്നെയാണ്. നാളെത്രെയായി മുല്ലപ്പെരിയാർ അണക്കെട്ട് നമ്മുടെ നാടിന്റെ ഒരു വലിയ പ്രതിസന്ധിയായിത്തീർന്നിട്ട്? നമ്മുടെ നേതാക്കന്മാർക്ക് ഈ പ്രശ്നം ഉചിതമായി പരിഹരിക്കാൻ കഴിയില്ലെന്ന് അവർതന്നെ തെളിയിച്ചുകഴിഞ്ഞു. മുല്ലപ്പെരിയാർ സമരം രാഷ്ട്രീയക്കാർ ഏറ്റെടുത്ത സമയത്ത് എന്തെല്ലാം കോലാഹലമായിരുന്നു സമരമുഖത്ത്. എല്ലാ രാഷ്ട്രീയപ്പാർട്ടികളും അവരുടെ പ്രതിബദ്ധത തെളിയിക്കാൻ കിണഞ്ഞുശ്രമിച്ച് സമരപ്പന്തലുകളും പരിസരങ്ങളും കൊടികളും ഫ്ലക്സ് ബോർഡുകളുംകൊണ്ട് വൃത്തികേടാക്കിയത് മിച്ചം. മന്ത്രിസ്ഥാനം പോയാലും വേണ്ടില്ല, ഈ പ്രശ്നത്തിനു പരിഹാരമുണ്ടാക്കിയേ അടങ്ങൂ എന്നു പറഞ്ഞ മന്ത്രി ഇപ്പോഴും കസേരയിൽത്തന്നെയുണ്ട്.

കോടതിമുറിക്കുള്ളിൽ ലഭിച്ച തെളിവുകളുടെയും വാദങ്ങളുടെയും അടിസ്ഥാനത്തിൽ സുപ്രീംകോടതി നടത്തിയ വിധിപ്രസ്താവം അന്യായമാണെന്നു പറയാൻ നമുക്കാവില്ല. എന്നാൽ തമിഴ് നാട്ടിലെ രാഷ്ട്രീയനേതൃത്വവും ഉദ്യോഗസ്ഥവൃന്ദവും ഒറ്റക്കെട്ടായി പ്രത്യേകലക്ഷ്യത്തോടെ വളരെ തന്ത്രപരമായി തുടക്കംമുതൽ കരുക്കൾ നീക്കിയതിന്റെ ഫലം അവർക്കു ലഭിച്ചു എന്നേ കരുതാനാകൂ. അല്ലെങ്കിൽ ഇത്രയും അന്യായമായൊരു പാട്ടക്കരാറും അതേത്തുടർന്നു അണക്കെട്ടിന്‍റെയും പരിസരപ്രദേശങ്ങളുടെയും ഉടമസ്ഥാവകാശവും തമിഴ് നാടിന് അനുകൂലമായിത്തീരുന്നതെങ്ങനെ!!?

കോടതിവിധിയുടെ അടിസ്ഥാനത്തിൽ വെള്ളം 142 അടിയിലേയ്ക്കടുത്തുകൊണ്ടിരിക്കുന്നു. ഇതിനോടകം 2700 ഏക്കർ വനം വെള്ളത്തിനടിയിലായി. പ്രകൃതിക്കും മൃഗങ്ങൾക്കും പക്ഷികൾക്കും അതെത്ര നാശകരമായിത്തീർന്നുവെന്ന് എന്തേ ആരും ചിന്തിക്കാത്തത്? കസ്തൂരിരംഗൻ റിപ്പോർട്ടിനെതിരെ പാവപ്പെട്ട കർഷകർ സമരം ചെയ്തപ്പോൾ പരിസ്ഥിതി സംരക്ഷകരായി അവതരിച്ചവരും കർഷകരെ ചൂഷകരെന്ന് ആക്ഷേപിച്ചവരും ഈ നാശം കാണുന്നില്ലെന്നു തോന്നുന്നു. ആടിനു കൊടുക്കാൻ ഒരു പ്ലാവിൻകൊമ്പു വെട്ടുന്നതുപോലും ആവാസവ്യവസ്ഥയ്ക്കു കോട്ടംവരുത്തുമെന്ന തരത്തിൽ മാധ്യമങ്ങളിൽ പ്രതികരിച്ചുകൊണ്ടിരുന്ന പരിസ്ഥിതി പ്രവർത്തകരെ ഇപ്പോൾ കാണാനില്ല. തമിഴ് നാടിനോട് പ്രതികരിച്ചാൽ ശരീരത്തിനു കേടുപാടുവരുമെന്ന ഭയംകൊണ്ടാണോ അവരൊന്നും ഇപ്പോൾ രംഗത്തു വരാത്തത്?

142-ൽ എത്തിയിട്ടും അണക്കെട്ടു പൊട്ടുകയോ നാശനഷ്ടം ഉണ്ടാവുകയോ ചെയ്തില്ലല്ലോ എന്നതാണ് ചില മലയാളികളുടെയെങ്കിലും മനസിലിരുപ്പ്. തമിഴ് നാട് തെളിയിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്. അണക്കെട്ട് ദുർബലമാണെന്നുള്ള വാദം അംഗീകരിക്കണമെങ്കിൽ അതു പൊട്ടിക്കാണിക്കണമെന്ന് വാശി പിടിക്കുന്നവരോട് എന്തു പറയാൻ… കാലപ്പഴക്കവും പ്രഗത്ഭങ്ങളായ വിവിധ ഏജൻസികളുടെ പഠന റിപ്പോർട്ടും ബലപരിശോധനാ റിപ്പോർട്ടും മുൻ ദുരന്താനുഭവങ്ങളുമൊക്കെ മനസിൽ ഭീതി വളർത്തുന്ന യാഥാർത്ഥ്യങ്ങളായി കൺമുമ്പിൽ നില്ക്കുമ്പോൾ ഇതുപോലുള്ള പാണ്ടി ന്യായങ്ങൾ പറയാനും പ്രചരിപ്പിക്കാനും കേരളത്തിലും ആളുണ്ടെന്നുള്ളതാണ് നമ്മുടെ ഗതികേട്.

ഓരോ ദിവസവും കേരളത്തിലെ സാമാന്യജനങ്ങളുടെ ആത്മവിശ്വാസം തകർക്കുന്ന വാർത്തകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ട് പൂർണ്ണമായി കൈക്കലാക്കിയിരിക്കുന്ന തമിഴ് നാട് അവിടേക്ക് കേരളത്തിൽനിന്നുള്ള ഒരുദ്യോഗസ്ഥനെപ്പോലും അടുപ്പിക്കുന്നില്ല എന്നതാണ് എല്ലാ ദിവസവും വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ. ഡാമിലെ വെള്ളത്തിന്റെ അളവ് അടിയന്തിരമായി കുറയ്ക്കാൻവേണ്ട നടപടികൾ സ്വീകരിക്കണമെന്നുള്ള കേരളാ മുഖ്യമന്ത്രിയുടെ കത്തിന് കേരളത്തെ മുഴുവൻ പരിഹസിക്കുന്ന ഒരു മറുപടിയാണ് തമിഴ് നാട് മുഖ്യമന്ത്രി നല്‍കിയത്. തമിഴരുടെ ധാർഷ്ഠ്യവും ഈ വിഷയത്തിലുള്ള ഒത്തൊരുമയും കരുനീക്കങ്ങളും മറികടന്ന് ഈ പ്രശ്നത്തിന് ഒരു പരിഹാരമുണ്ടാക്കാൻ കേരളത്തിനു സാധിക്കുമെന്നത് ഒരു അതിമോഹമായതിനാൽ മറ്റെന്തെങ്കിലും ബദൽവഴികളന്വേഷിക്കുകയാണ് നല്ലതെന്നു തോന്നുന്നു.

അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് അപകടമില്ലാത്ത അവസ്ഥയിൽ നിലനിർത്താനും തമിഴ് നാടിന് അത്യാവശ്യമുള്ള ജലം കൊടുക്കാനും സാധിക്കുന്ന വിധത്തിൽ വനത്തിലൂടെ ഒരു കനാലുണ്ടാക്കി അണക്കെട്ടിലെ കൂടുതലുള്ള വെള്ളം കേരളത്തിലേക്കു തിരിച്ചുവിടാൻ എന്തെങ്കിലും വഴിയുണ്ടോയെന്ന് അന്വേഷിച്ചുകൂടേ? ഭൂമിശാസ്ത്രപരമായി സാദ്ധ്യതയുണ്ടെങ്കിൽ പുതിയ അണക്കെട്ടു നിർമ്മിക്കുന്നതിൽ കൂടുതൽ പണച്ചെലവ് അതിനുണ്ടാകാൻ സാദ്ധ്യതയില്ല. പിന്നെയുണ്ടാകാവുന്ന ഒരു പ്രശ്നം അതു കേരളത്തിന്റെ പദ്ധതിയാകുമ്പോൾ തലപൊക്കാൻ സാദ്ധ്യതയുള്ള പരിസ്ഥിതിപ്രേമികളുടെ പോരാട്ടമാണ്. ഏതായാലും 142 അടിയും ഭാവിലക്ഷ്യമായ 152 അടിയും വെള്ളം അണക്കെട്ടിൽ ഉയരുമ്പോഴോ അണക്കെട്ടു തകർന്നാലോ ഉണ്ടാകുന്നത്ര നാശം ഇങ്ങിനെയൊരു കനാൽ നിർമ്മിച്ചാൽ ഉണ്ടാകുമെന്ന് തോന്നുന്നില്ല.
തമിഴന്റെ അഹങ്കാരവും മലയാളിയുടെ നിസംഗതയും നേതൃത്വത്തിന്റെ ഒളിച്ചുകളിയും കേരളത്തിന്റെ ഗതികേടും കണ്ട് വെറുതേയിരുന്നു ചിന്തിച്ചുപോയതാണ് കേട്ടോ…

Posted in SOCIAL

ചുംബനസമരത്തിന്റെ പിന്നാമ്പുറങ്ങൾ

 

കൊച്ചിയിലെ ചുംബനസമരം കഴിഞ്ഞിട്ട് കുറച്ചു നാളുകളായി. എന്നാൽ അതുയർത്തിവിട്ട തരംഗങ്ങൾ സമൂഹത്തിൽ ഇപ്പോഴും സജീവമാണ്. അതുപോലുള്ളതും അതിനു സമാനവുമായ സമരമുറകൾ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അന്ന് കൊച്ചിയിൽ സമരത്തിൽ പങ്കെടുത്തത് മുപ്പതോ അമ്പതോ പേരാണ്. അതിനെതിരേ പ്രതിഷേധവുമായി രംഗപ്രവേശനം ചെയ്തവർ അതിനേക്കാൾ രണ്ടുമൂന്നിരട്ടി വരും. സമരക്കാരും പ്രതിഷേധക്കാരും സമൂഹം ചിന്താവിഷയമാക്കേണ്ട ചില വാദഗതികൾ നിരത്തിയാണ് അവരുടെ പ്രവൃത്തികളെ ന്യായീകരിച്ചത്. അതിനിടയിൽ ചില തീവ്രനിലപാടുകാർ കലക്കവെള്ളത്തിൽ മീൻതപ്പി വന്നതായും വാർത്ത കണ്ടു. ഏതായാലും സമരക്കാരോ പ്രതിഷേധക്കാരോ മുതലെടുപ്പുകാരോ ഒന്നുമല്ല ഇവിടുത്തെ പ്രതിപാദ്യവിഷയം. മാധ്യമങ്ങളിലൊന്നും അധികം ചർച്ച ചെയ്യപ്പെടാതെപോയ മറ്റൊരു വിഭാഗം ആ സമരത്തിന്റെ ഭാഗമായിട്ടുണ്ടായിരുന്നു. അത് നാമുൾപ്പെടുന്ന പൊതുസമൂഹമാണ്. സമയവും സാഹചര്യവുമുള്ളവർ അന്ന് കൊച്ചിക്കു പോയി. മുപ്പതോ അമ്പതോ പേരുടെ ചുംബനസമരം കാണാൻ അന്നവിടെ കൂടിയത് പതിനായിരം പേർ!!! പോകാനുള്ള സാഹചര്യം ഒക്കാത്തവർ ടെലിവിഷൻ ഓണാക്കി വേൾഡ് കപ്പ് കാണുന്ന ആകാംക്ഷയോടെ അതിന്റെ മുമ്പിലിരുന്നു!! യഥാർത്ഥത്തിൽ ചികിത്സ വേണ്ടത് ആർക്കാണ്?

ഒളിഞ്ഞുനോട്ടം ഇന്നത്തെ സമൂഹത്തിന്റെ ഒരു മാനസീകരോഗമായി മാറിക്കൊണ്ടിരിക്കുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സോഷ്യൽ മീഡിയായിൽ അപ് ലോഡ് ചെയ്യപ്പെടുന്ന ജീവിതത്തിലെ സ്വകാര്യനിമിഷങ്ങളും ഒളിക്യാമറാ ദൃശ്യങ്ങളും അവയ്ക്കു ലഭിക്കുന്ന ലൈക്കുകളും ഷെയറുകളുമൊക്കെ വിരൽ ചൂണ്ടുന്നത് ഈയൊരു യാഥാർത്ഥ്യത്തിലേക്കാണ്. സോഷ്യൽ മീഡിയായിലെ അംഗങ്ങൾ സമൂഹത്തിന്റെ നേർപതിപ്പാണെന്നു പൂർണമായും പറയാൻ കഴിയില്ലെങ്കിലും പൊതുസമൂഹത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന സ്വഭാവശൈലികൾ തീർച്ചയായും അവിടെ കണ്ടെത്താൻ കഴിയും. അതുകൊണ്ടാണല്ലോ ഒളിഞ്ഞുനോക്കി കണ്ടിരുന്ന ചില കാഴ്ചകൾ നേരേ നോക്കി കാണാമെന്നു കേട്ടപ്പോൾ എല്ലാ പണികളും മാറ്റിവച്ച് പതിനായിരംപേർ കൊച്ചിക്കു വണ്ടി കയറിയത്.

കാണാൻ പാടില്ലാത്തതും കാണേണ്ട ആവശ്യമില്ലാത്തതുമായ കാര്യങ്ങൾ കാണാനുള്ള ജിജ്ഞാസ മനുഷ്യസഹജമാണെന്നു വേണമെങ്കിൽ പറയാം. എന്നാൽ മനുഷ്യസഹജമായ എല്ലാ ആഗ്രഹങ്ങളെയും സഫലമാക്കാൻ ശ്രമിക്കുന്നത് സംസ്കാരശൂന്യതയാണെന്നു നാം തിരിച്ചറിയണം. ചിലത് വേണ്ടെന്നു വയ്ക്കാനുള്ള വകതിരിവ് പെരുമാറ്റത്തിൽ ഉണ്ടായേ മതിയാകു. അങ്ങനെ ചില കാര്യങ്ങൾ വേണ്ടെന്നു വയ്ക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ധ്വംസനമാണെന്നുള്ളതാണ് ന്യൂ ജനറേഷൻ സിദ്ധാന്തം. അങ്ങനെയെല്ലാ വികാരങ്ങളും അടിച്ചമർത്തി വയ്ക്കുന്നതുകൊണ്ടാണത്രേ നമ്മുടെ നാട്ടിൽ ഭീകരമായ പീഡനകഥകൾ കൂടിക്കൊണ്ടിരിക്കുന്നത്. എന്നാൽ എല്ലാ വികാരങ്ങളും സ്വാതന്ത്ര്യത്തോടെ പ്രകടിപ്പിക്കാൻ അവസരമുള്ള ന്യൂയോർക്ക് പട്ടണത്തിൽ കുറച്ചുനാളുകൾക്കുമുമ്പ് ഒരു സ്ത്രീ ഏതാനും മിനിട്ടുകൾ ഒറ്റയ്ക്കു നടന്നപ്പോൾ നോട്ടത്തിലൂടെയും വാക്കിലൂടെയും പെരുമാറ്റത്തിലൂടെയും അനുഭവിക്കേണ്ടിവന്ന കഷ്ടതകൾ ആ സ്ത്രീയുടെ സുഹൃത്ത് ഷൂട്ടുചെയ്ത് നമ്മെ കാണിച്ചതാണ്. അപ്പോൾ, മനസിൽതോന്നുന്ന വികാരങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ സ്വാതന്ത്ര്യം കിട്ടിയാൽ മനുഷ്യന് പക്വതയുണ്ടാകുമെന്നുള്ളത് വെറും തോന്നൽ മാത്രം.

മാനസീകാരോഗ്യവും പക്വതയുമുള്ള സമൂഹം ഉണ്ടാകണമെങ്കിൽ ഓരോ വ്യക്തിയും പക്വതയുള്ളവനായിത്തീരണം. അതിനു പണ്ടു കുടുംബങ്ങളിലുണ്ടായിരുന്ന കാർന്നോന്മാരുടെ ചില നിയന്ത്രണങ്ങളും വിദ്യാലയങ്ങളിലുണ്ടായിരുന്ന ശിക്ഷണങ്ങളുമൊക്കെ സഹായകമായിരുന്നു. എന്നാൽ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരിൽ ഇന്നതൊക്കെ കേസെടുക്കാവുന്ന കുറ്റകൃത്യങ്ങളാകുമ്പോൾ രോഗാതുരമാകുന്നത് വളർന്നുവരുന്ന തലമുറയാണ്. ശിക്ഷണങ്ങളെ ശിക്ഷകളായി ധരിച്ച് കുടുംബങ്ങളിൽനിന്നും വിദ്യാലയങ്ങളിൽനിന്നും അതു നീക്കിക്കളയുമ്പോൾ വളരുന്ന തലമുറ വികൃതമാക്കപ്പെടുമെന്നതിന് സംശയമില്ല. ചുംബനസമരം നടത്തിയവർ അതിന്റെ അടുത്ത ഘട്ടത്തിലേയ്ക്കു പ്രവേശിക്കും; കാണാൻ ഒരുലക്ഷം പേർ കൂടുകയും ചെയ്യും.

Posted in SOCIAL

ശിക്ഷണവും ശിക്ഷയും പിന്നെ പീഡനവും…

 

സ്കൂളിൽ കുസൃതി കാട്ടിയാൽ അദ്ധ്യാപകൻ കൈയോടെ പിടിക്കും, ചുരൽകഷായം കൈവെള്ളയിലോ തുടയിലോ രണ്ടൌൺസ് കിട്ടുകയും ചെയ്യും. സ്വാഭാവികമായും മുതിർന്ന ക്ലാസിലോ താഴ്ന്ന ക്ലാസിലോ പഠിക്കുന്ന സഹോദരനോ സഹോദരിയോ വിവരം അറിയുകയും അത് എത്രയും പെട്ടെന്ന് വീട്ടിലറിയിക്കുകയും ചെയ്യും. വീട്ടിലറിഞ്ഞാൽപിന്നെ സ്കൂളിൽനിന്നു കിട്ടിയ കഷയത്തിനു മറുമരുന്നായി അപ്പന്‍റെയോ അമ്മയുടേയോ വീതം ഒരു നാലൌൺസ് വേറെ. വീട്ടിൽ തന്നെ ഒറ്റിക്കൊടുത്ത കൂടപ്പിറപ്പിനെ ചില ഇഷ്ടപ്പെട്ട മൃഗങ്ങളുടെ പേരുവിളിച്ച് പ്രതിഷേധവും പിണക്കവും പ്രകടിപ്പിക്കും. പക്ഷെ ഏതാനും നിമിഷങ്ങൾ കഴിഞ്ഞ് മുറ്റത്തരികിലെ ചാമ്പച്ചുവട്ടിലോ പേരച്ചുവട്ടിലോ എത്തിക്കഴിയുമ്പോൾ പിണക്കമൊക്കെ പമ്പ കടന്നിരിക്കും…

ഒരു ചെറുകഥയുടെ തുടക്കമൊന്നുമല്ല, ഇപ്പോഴത്തെ ഭൂരിപക്ഷം ചെറുപ്പക്കാരായ മാതാപിതാക്കളും അവരുടെ കുട്ടിക്കാലത്ത് നിത്യവും അഭിമുഖീകരിച്ചിരുന്ന അനുഭവമാണിത്. ഒരുപക്ഷേ ഇന്ന് സന്തോഷത്തോടും സ്നേഹത്തോടുംകൂടി ഓർമ്മിക്കുന്ന അനുഭവങ്ങൾ. ഇതിവിടെക്കുറിച്ചത് ചില നൊസ്റ്റാൾജിക് വികാരങ്ങൾ അവരിൽ ഉണർത്താനല്ല, മറിച്ച് വളരെ ഗൌരവമായ ഒരു വിഷയത്തിലേക്ക് നമ്മുടെ ചിന്തയെ ഒന്നു വഴിതിരിച്ചു വിടാനാണ്.

വീട്ടിലും വിദ്യാലയത്തിലും വേണ്ടസമയത്തുകിട്ടുന്ന ശിക്ഷണമാണ് മനുഷ്യന്റെ സ്വഭാവത്തിലെ പരുക്കൻ ഭാവങ്ങളെ ഇല്ലാതാക്കി അവനെ സംസ്കാരസമ്പന്നനാക്കുന്നത്. എന്നാൽ ഇന്ന് ശിക്ഷണത്തെ ശിക്ഷയായും ഒരു പടികൂടി കടന്ന് പീഡനമായും വ്യാഖ്യാനിക്കുമ്പോൾ കുഞ്ഞുങ്ങളുടെ സ്വഭാവരൂപീകരണത്തിൽ അതു വലിയ പ്രതിസന്ധികൾ തീർക്കുകയാണ്.
കുട്ടികളെ ശിക്ഷിക്കുന്നതു നിയമംമൂലം നിരോധിച്ചിരിക്കുകയാണ് നമ്മുടെ നാട്ടിൽ. വിദേശനാടുകളിലേതുപോലെ കുട്ടികൾ പരാതിപ്പെട്ടാൽ മാതാപിതാക്കൾ ഉൾപ്പെടെയുള്ളവർ അഴിയെണ്ണുന്ന അവസ്ഥയാണിന്നുള്ളത്. കുട്ടികളുടെ മനഃശാസ്ത്രമനുസരിച്ച് അവരുടെ മനസിനെ ഒരുതരത്തിലും വേദനിപ്പിക്കാൻ പാടില്ലത്രേ. ഈ പുതിയ മനഃശാസ്ത്രം ഉണ്ടാക്കിയവർ ചെറുപ്പത്തിൽ മാതാപിതാക്കളിൽനിന്നോ അദ്ധ്യാപകരിൽനിന്നോ ഒരു ശിക്ഷണവും ലഭിക്കാത്തവരാണെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. ശിക്ഷണങ്ങൾ നല്കുന്ന ചെറിയ വേദനകൾ സ്നേഹത്തിൽ ചാലിച്ച് കൊടുക്കുമ്പോഴാണ് തിരുത്തലുകൾ തിരിച്ചറിവുകളായി കുട്ടികളുടെ ഉള്ളിൽ ഉറയ്ക്കുന്നത്. കുഞ്ഞുങ്ങളുടെ കുസൃതിത്തരങ്ങൾ തിരുത്തുവാൻ ഒരു കുഞ്ഞുവടി സൂക്ഷിക്കാത്ത വീടും വിദ്യാലയവും വളർത്തിവിടുന്നത് എപ്പോഴും പക്വതയുള്ള വ്യക്തിത്വങ്ങളെയാണോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

അതേസമയം, എന്തിനും ഏതിനും എപ്പോഴും ശിക്ഷിച്ച് ആടുതോമാമാരെ സൃഷ്ടിക്കണമെന്ന് ഈ പറഞ്ഞതിനർത്ഥമില്ല. ശിക്ഷകൾ കുഞ്ഞുങ്ങളുടെ എല്ലാ സർഗാത്മകതയും തല്ലിക്കെടുത്തുന്ന ഭീകരമായ പീഡനങ്ങളാകുമ്പോൾ ഹിറ്റലറേപ്പോലുള്ള ക്രൂരജന്മങ്ങൾ ഉണ്ടാകുമെന്നും നാം തിരിച്ചറിയാതെ പോകരുത്. തല്ലും തലോടലും ഒരുപോലെ കൊടുക്കാൻ മാതാപിതാക്കളും അദ്ധ്യാപകരും അറിഞ്ഞിരിക്കണം.

ശിക്ഷണം എന്നത് അനുസരണക്കേടു കാണിക്കുമ്പോൾ നല്കുന്ന ശിക്ഷമാത്രമാണെന്നു നാം ധരിക്കരുത്. കുഞ്ഞുങ്ങളിലെ നന്മകൾകണ്ട് അവരെ പ്രോത്സാഹിപ്പിക്കുന്നതും അവരുടെ പ്രായത്തിനൊത്തവിധം ചെറിയ ജോലികൾ നല്കി അദ്ധ്വാനശീലത്തിന്റെ നല്ല പാഠങ്ങൾ പകർന്നു കൊടുക്കുന്നതും കൊച്ചുമനസിലെ പക്വതയില്ലാത്ത ചില ആഗ്രഹങ്ങൾ സ്നേഹപൂർവം നിഷേധിക്കുന്നതുമൊക്കെ ശിക്ഷണത്തിന്റെ ഭാഗംതന്നെ. എന്നാൽ ഇതുപോലെയുള്ള ശിക്ഷണത്തിന്റെ കയ്പ് അനുഭവിക്കാതെ വളരുന്ന തലമുറ ജീവിതത്തിലെ കയ് പ്പേറിയ അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവരുമ്പോൾ പലപ്പോഴും അടിപതറുന്നതിന്റെ ദുരന്തകഥകൾ മിക്കപ്പോഴും മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്നു. ചെറിയ തിക്താനുഭവങ്ങളെപ്പോലും പക്വതയോടെ സമീപിക്കാനുള്ള മനക്കരുത്ത് പലപ്പോഴും അവർക്കുണ്ടാവില്ല. കൂട്ടുകാരുടെ പരിഹാസങ്ങളോ അധികാരികളുടെ ശാസനകളോ ജോലിയുടെ സമ്മർദങ്ങളോ താങ്ങാൻ കഴിവില്ലാതെ ജീവിതത്തിനു സുല്ലിടുന്ന ദാരുണസംഭവങ്ങൾ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.

കുഞ്ഞുങ്ങളെ വിദ്യാലയത്തിലയയ്ക്കുന്നത് അറിവുനേടുന്നതിനുവേണ്ടി മാത്രമല്ലല്ലോ. അറിവുനേടിയതുകൊണ്ടുമാത്രം ആരും ഉത്തമവ്യക്തികളായി മാറില്ലെന്ന് സമീപകാലത്തു പിടിയിലായ ചില ഉന്നതബിരുദധാരികളായ കുറ്റവാളികൾ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. അക്ഷരങ്ങളോടൊപ്പം സ്വഭാവരൂപീകരണത്തിന്റെ നല്ല പാഠങ്ങളും കുഞ്ഞുങ്ങൾക്കു ലഭിക്കേണ്ടതായിട്ടുണ്ട്. എന്നാൽ വിദ്യാലയത്തിൽ ഏതെങ്കിലും കാരണത്തിന് അദ്ധ്യാപകൻ മക്കളെ ശാസിച്ചെന്നോ ശിക്ഷിച്ചെന്നോ കേട്ടാൽ കാരണമന്വേഷിക്കാനുള്ള ക്ഷമപോലുമില്ലാതെ പീഡനത്തിനു കേസുംകൊടുത്ത് സ്കൂളും തല്ലിപ്പൊളിച്ച്, കഴിയുമെങ്കിൽ അദ്ധ്യാപകനിട്ടും രണ്ടുകൊടുത്ത് മക്കളോടുള്ള സ്നേഹം പ്രകടിപ്പിക്കുന്ന മാതാപിതാക്കൾ അവരുടെ ആ പ്രതികരണങ്ങളിലൂടെ കുഞ്ഞുങ്ങളിലേയ്ക്കു പകരുന്ന ബോദ്ധ്യങ്ങളാണ് അവരെ നാടിനും വീടിനും പേടിസ്വപ്നങ്ങളായി രൂപപ്പെടുത്തുന്നത്. ഇങ്ങനെ ഉറുമ്പരിക്കാതെയും പേനരിക്കാതെയും വളർത്തിയ മക്കൾ അവരുടെ കൈയിലിരിപ്പുകൊണ്ട് നാട്ടുകാരുടെ കൈക്കരുത്ത് അറിയുമ്പോഴെങ്കിലും നാം ചിന്തിക്കുക, വേണ്ടസമയത്ത് ഒരു ഈർക്കിൽകൊണ്ട് അവനെ തിരുത്തിയിരുന്നെങ്കിൽ ഇന്ന് നാട്ടുകാരുടെ പത്തൽ അവന്റെ പുറത്തു വീഴില്ലായിരുന്നെന്ന്.

നിയമങ്ങളെ വളച്ചൊടിച്ച് ശിക്ഷണങ്ങളെ പീഡനത്തിന്റെ നിർവചനത്തിലൊതുക്കി കുഞ്ഞുങ്ങൾക്കതു നിഷേധിച്ച് അവരെ പക്വതയും പാകതയുമില്ലാത്തവരായി വളർത്തിക്കൊണ്ടുവരാതെ, ഉത്തമവ്യക്തിത്വങ്ങളായി അവർ രൂപാന്തരപ്പെടാൻ നല്ല മാതൃകയും തിരുത്തലുകൾ നല്കുന്ന സ്നേഹവും ചെറിയ അദ്ധ്വാനങ്ങളിൽ പങ്കുചേർക്കാനുള്ള മനസും പിന്നെ ഒരു കൊച്ചുവടിയും വീട്ടിലും വിദ്യാലയത്തിലും നമുക്കു സൂക്ഷിക്കാം.

“ഈശോ പ്രായത്തിലും ജ്ഞാനത്തിലും ദൈവത്തിന്‍റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവന്നു” (ലൂക്കാ 2, 52).