Posted in SOCIAL

പാഷാണത്തിൽ കൃമി

കുറച്ചുമുമ്പു സോഷ്യൽ മീഡിയായിൽ ഒരു പോസ്റ്റുകണ്ടു. തിന്നാനും കള്ളംപറയാനും പരദൂഷണം പരത്താനുംമാത്രം വാ പൊളിക്കുന്ന ഒരു പാഷാണത്തിൽകൃമിയുടെ പോസ്റ്റാണത്. ഇന്നത്തെ അയാളുടെ വിഷയം സീറോ മലബാർ സഭയിലെ രണ്ടു മെത്രാൻമാരാണ്. ഒന്നു കരിയിൽ മെത്രാനും അടുത്തത് മുരിക്കൻ മെത്രാനും.

കരിയിൽ മെത്രാന്റെ സഭാജീവിതത്തിലും വ്യക്തിജീവിതത്തിലും പൂശപ്പെട്ട കരിമുഴുവൻ കുഴച്ചെടുക്കുന്നതിനു നേതൃത്വംകൊടുത്തവരിൽ പ്രധാനിയാണ് ഇപ്പറഞ്ഞ പോസ്റ്റുകാരൻ. ഇയാളേപ്പോലെയുള്ള നെറികെട്ടവരുടെ താളത്തിനുതുള്ളി ധാർമ്മികമായ യാതൊരു നിലപാടുമില്ലാത്ത പെരുമാറ്റംവഴി സഭാകൂട്ടായ്മയ്ക്കു വിരുദ്ധമായി പ്രവർത്തിച്ച് ഇരന്നുവാങ്ങിയ വിധിയുമായി കരിയിൽ മെത്രാൻ അതിർത്തി കടന്നുപോകേണ്ടിവന്നെങ്കിലും ഇപ്പോഴും അദ്ദേഹത്തെ ചരിത്രപുരുഷനായി അവതരിപ്പിക്കുന്നവരുള്ളതുകൊണ്ട് അതിലാശ്വസിച്ച് ജീവിക്കാം. ഒരർത്ഥത്തിൽ സീറോമലബാർ സഭയിലെ കരിയിൽ പിതാവ് ‘ചരിത്രപുരുഷൻ’ തന്നെയാണ്. സഭാചരിത്രത്തിൽ ഒരിക്കലും മായാത്ത പേരായത് നിലനില്ക്കും.

പോസ്റ്റുകാരൻ പരാമർശിക്കുന്ന രണ്ടാമത്തെ മെത്രാൻ മുരിക്കൻ പിതാവാണ്. സിനഡിന്റെ ദുഷിപ്പുകൾ സഹിക്കാനാവാതെ ഒളിച്ചോടി സന്ന്യാസത്തിൽ പ്രവേശിച്ച യൂദാസാണത്രേ മുരിക്കൻ പിതാവ്. ഈയൊരൊറ്റ വിലയിരുത്തൽമതി എന്തുകൊണ്ടാണ് സീറോമലബാർ സഭയിലെ പ്രതിസന്ധികൾ ഇത്ര രൂക്ഷമായതെന്നു തിരിച്ചറിയാൻ. ആടിനെ പട്ടിയാക്കുന്ന വിധത്തിൽ യാഥാർത്ഥ്യങ്ങളെ തങ്ങളുടെ നിക്ഷിപ്തതാല്പര്യങ്ങളുടെ വസ്ത്രമണിയിച്ച് സമൂഹമദ്ധ്യത്തിൽ ശ്രദ്ധാർഹമായി അവതരിപ്പിക്കുന്നതിൽ വിരുതുള്ള കുറേ അധാർമ്മികരായ കുലംകുത്തികളുടെ പിടിയിൽപെട്ടുപോയി ഒരു പ്രാദേശികസഭാസമൂഹം.

സഭാജീവിതമെന്തെന്നോ സന്ന്യാസമെന്തെന്നോ യാതൊരു ഗ്രാഹ്യവുമില്ലാതെ ഒരു ഉളുപ്പുമില്ലാതെ ഇങ്ങനെയൊക്കെ എഴുതിപ്പിടിപ്പിക്കുവാനുള്ള തൊലിക്കട്ടി സമ്മതിക്കേണ്ടതുതന്നെയാണ്. വിശ്വാസമോ ധാർമ്മികബോധമോ തന്നെ തൊട്ടുതീണ്ടിയിട്ടില്ലെന്നു ആവർത്തിച്ചു തെളിയിച്ചുകൊണ്ടിരിക്കുന്നയാളായതുകൊണ്ട് അതിൽ അത്ഭുതപ്പെടേണ്ട കാര്യമൊന്നുമില്ല.

മുരിക്കൻ പിതാവിനെയോ പിതാവിന്റെ കാഴ്ചപ്പാടുകളെയോ ജീവിതശൈലികളെയോ മനസിലാക്കാതെ ഇപ്രകാരമൊരു അഭിപ്രായപ്രകടനം നടത്തിയ, പേരിൽമാത്രം അല്പം നാണം സൂക്ഷിക്കുന്ന ഈ പോസ്റ്റുകാരൻ പൊതുസമൂഹത്തിനുമുമ്പിൽ എത്രമാത്രം അപഹാസ്യനാകുന്നുണ്ടെന്നു തിരിച്ചറിയാൻ പോലും അയാൾക്കു കഴിയുന്നില്ല. നാണം കെട്ടുപോയാൽ പിന്നെ നാണമില്ലല്ലോ. അതുകൊണ്ടാണല്ലോ അങ്ങനെയുള്ളവരെ നാണംകെട്ടവൻ എന്നു സമൂഹം വിളിക്കുന്നത്.

ഏതായാലും സീറോ മലബാർ സഭയിലെ എല്ലാമെത്രാന്മാരും വത്തിക്കാൻ കാര്യാലയങ്ങളും മുഴുവൻ കള്ളന്മാരാണെന്നും സഭയിൽ സത്യത്തിനുവേണ്ടി നിലനില്ക്കുന്നത് തങ്ങൾ മാത്രമാണെന്നും ഇപ്പോഴും പൊതുസമൂഹത്തിനുമുമ്പിൽ വിളിച്ചുപറയാൻ കാണിക്കുന്ന ആ ആത്മവിശ്വാസമുണ്ടല്ലോ, അതിനെ എന്തു പേരിട്ടുവിളിക്കണമെന്നുമാത്രം മനസിലാകുന്നില്ല…

Posted in SOCIAL

ജലീലിൽ തട്ടിവീണ ജോമോൻ…

കഴിഞ്ഞദിവസം കെ.റ്റി. ജലീലുമായി ബന്ധപ്പെട്ട ഒരു ചാനൽചർച്ചയിൽ ജോമോൻ പുത്തൻപുരയ്ക്കലെന്ന മാന്യൻ നടത്തിയ ജല്പനങ്ങളെ വിമർശിച്ചുകൊണ്ട് മറുനാടൻ മലയാളി തയ്യാറാക്കിയ വീഡിയോ കാണുവാനിടയായി. ഒരുകാലത്ത് തന്റെ ചാനലിലൂടെ ജോമോൻ പുത്തൻപുരയ്ക്ക് വലിയ മാർക്കറ്റുണ്ടാക്കിക്കൊടുത്ത ശ്രീ ഷാജൻ സ്കറിയായുടെ തിരിച്ചറിവുകൾ കേൾക്കുകയും വെറുതേ കൌതുകത്തിനു ആ വീഡിയോയുടെ കമന്റുകളിലേയ്ക്കൊന്നു ശ്രദ്ധിക്കുകയും ചെയ്തു.

ജലീലിന്റെ വക്കാലത്തുമായിവന്ന് സ്വന്തം വ്യക്തിത്വം ഒരിക്കൽക്കൂടി വെളിപ്പെടുത്തിയ ജോമോൻ പുത്തൻപുരയ്ക്കലിനെ സത്യത്തിന്റെ കാവൽക്കാരനും നീതിദേവതയുടെ പുനരവതാരവുമൊക്കെയായി കരുതിയിരുന്നവരെല്ലാം ഈയൊരൊറ്റ ചാനൽചർച്ചകൊണ്ട് അയാളെ പടിയടച്ചു പിണ്ഡംവച്ചിരിക്കുകയാണ്. ഈ ചാനൽചർച്ചയിലെ ഏതാനും മിനിട്ടുകൾ നീളുന്ന അയാളുടെ സംസാരംകൊണ്ടുതന്നെ അയാൾ ശുദ്ധഫ്രോഡാണെന്ന് എല്ലാവർക്കും മനസിലായത്രേ!!!

ഇനിയാണെന്റെ സംശയം…

അഭയാക്കേസുമായി ബന്ധപ്പെട്ടു ഈ ജോമോൻ പതിറ്റാണ്ടുകളായി വാ തോരാതെ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ടും ഒരിക്കൽപ്പോലും അയാളുടെ വാക്കുകളിൽ ആർക്കും സംശയംതോന്നുകയോ അതേക്കുറിച്ചു വീണ്ടുവിചാരം നടത്തുകയോ ചെയ്തിട്ടില്ലെന്നുമാത്രമല്ല, ആ കേസിന്റെ പശ്ചാത്തലത്തിലാണ് അയാൾ സത്യത്തിന്റെ കാവൽക്കാരനായി പലരുടെയും ഹൃദയങ്ങളിൽ പ്രതിഷ്ഠ നേടിയതും. എന്തായിരിക്കാം അങ്ങനെയൊരു അന്ധമായ വിശ്വാസത്തിലേയ്ക്കു പൊതുസമൂഹം നയിക്കപ്പെടാൻ കാരണം…? ഉത്തരം ലളിതമാണ്; എതിർഭാഗത്തുള്ളത് അച്ചന്മാരും കന്യാസ്ത്രീയുമാണ് എന്നതുമാത്രമാണ് ജോമോന്റെ വാക്കുകളെ തൊള്ളതൊടാതെ വിഴുങ്ങാൻ പലരേയും പ്രേരിപ്പിച്ചത്.

ജലീലിനെ ന്യായീകരിക്കാൻ പാഴ്ശ്രമംനടത്തി തനിനിറം പുറത്തുകാണിച്ച ജോമോനോടുള്ള വിശ്വാസവും ബഹുമാനവും നഷ്ടപ്പെട്ടുവെന്ന് കമന്റെഴുതിയവരോട് സഹതാപംമാത്രമേയുള്ളു. കാരണം അഭയാക്കേസുമായി ബന്ധപ്പെട്ട അയാളുടെ വാക്കുകളെ അവിശ്വസിക്കാൻ നൂറായിരം കാരണങ്ങൾ ആ വാക്കുകളിൽത്തന്നെയുണ്ടായിരുന്നപ്പോഴും അതൊന്നും ശ്രദ്ധിക്കാൻപോലും കഴിയാത്തവിധത്തിൽ മുൻവിധിയുടെ അന്ധകാരത്തിലായിരുന്നു അവർ.

ഇതുപോലുള്ള സ്ഥാപിതതാല്പര്യക്കാരും മാധ്യമങ്ങളുമെല്ലാംചേർന്നു നിർമ്മിച്ചെടുക്കുന്ന പൊതുബോധത്തിന്റെ സ്വാധീനത്താൽ കോടതിവിധികളിൽപോലും അക്ഷരത്തെറ്റുകളുണ്ടാകുന്ന ഈ കാലത്തിൽ കങ്കാരുകോടതികളെ നിലയ്ക്കുനിറുത്തണമെന്ന് ന്യായാധിപന്മാർതന്നെ ആവശ്യപ്പെട്ടു തുടങ്ങിയിരിക്കുന്നത് എന്തായാലും ആശാവഹമാണ്.

സമീപകാലത്ത് കത്തോലിക്കാസഭയ്ക്കെതിരെയുണ്ടായിട്ടുള്ള കേസുകളിലെല്ലാം ചില വർഗീയശക്തികളുടെ നിഗൂഢസാന്നിദ്ധ്യമുണ്ടെന്ന സംശയങ്ങൾക്ക് കൂടുതൽ ബലംനല്കുന്നതാണ് നീതിയുടെ കാവൽക്കാരനായ ജോമോന്റെ ഇപ്പോഴത്തെ ന്യായീകരണങ്ങൾ…

ഏതായാലും ഇതുവരെയും നീതിലഭിക്കാത്ത സി.അഭയയുടെ ആത്മാവിന്റെ നൊമ്പരങ്ങൾക്കും അനീതി അനുഭവിക്കുന്ന ‘പ്രതികളുടെ’ നിലവിളികൾക്കും മറുപടിയുണ്ടാകാതിരിക്കാൻ പറ്റില്ലല്ലോ…

Posted in SOCIAL

ബിഷപ് ഫ്രാങ്കോ കേസിൽ ജയിച്ചതാര്…?

കേസിന്റെ വിധി വരുന്നതിനു തൊട്ടുമുമ്പുവരെ ബിഷപ് ഫ്രാങ്കോ ഉറപ്പായും ശിക്ഷിക്കപ്പെടുമെന്നാണ് ഏവരും കരുതിയിരുന്നത്. കാരണം അഭയാക്കേസുപോലെ ആൾക്കൂട്ടവും മാധ്യമങ്ങളും നിക്ഷിപ്തതാല്പര്യക്കാരുമെല്ലാം ചേർന്ന് വിചാരണ പൂർത്തിയാക്കി വിധിപറയൽ മാത്രമായിരുന്നല്ലോ കോടതിക്കു വിട്ടുകൊടുത്തിരുന്നത്. എന്നാൽ ഈ ബാഹ്യശക്തികളുടെയൊന്നും സ്വാധീനമില്ലാത്ത വിധിയെഴുതാൻ കോടതിക്കു കഴിഞ്ഞതുകൊണ്ട് എല്ലാവരുടെയും പ്രതീക്ഷയ്ക്കു വിരുദ്ധമായി ബിഷപ് ഫ്രാങ്കോ കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടു. അതിന്റെ ആശ്വാസവും നിരാശയും പ്രകടിപ്പിക്കപ്പെടുന്ന നിരവധി പ്രതികരണങ്ങൾ ഈ ദിവസങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിലും മുഖ്യധാരാമാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുന്നുമുണ്ട്.

എന്നാൽ ഈ കേസിൽ ആരാണ് ജയിച്ചതെന്ന ഒരു വീണ്ടുവിചാരം ആവശ്യമാണെന്നു തോന്നുന്നു.

ബിഷപ്പിനെതിരായ കേസുകളെല്ലാം തള്ളിക്കൊണ്ട് കോടതി പറഞ്ഞത് അദ്ദേഹത്തിനെതിരെ ചുമത്തിയിരുന്ന ഒരു കുറ്റംപോലും തെളിയിക്കാൻ കഴിയുന്ന തെളിവുകൾ നല്കാൻ പ്രോസിക്യൂഷനു സാധിച്ചില്ല എന്നതാണ്. മാത്രമല്ല സ്വന്തം മൊഴിയിൽ ഉറച്ചുനിന്ന് പ്രതിക്കു ശിക്ഷ ഉറപ്പാക്കാൻ കഴിയുന്ന വിശ്വാസയോഗ്യമായ സാക്ഷി (Sterling witness) യാകാനുള്ള ‘പരിശീലനം’പോലും ഇരയ്ക്കു നല്കാൻ ശ്രദ്ധിക്കാതെ, പ്രതി ശിക്ഷിക്കപ്പെടണമെന്ന് യാതൊരു താല്പര്യവുമില്ലാത്തതുപോലെ തീർത്തും ബാലിശമായാണ് വാദിഭാഗം പ്രവർത്തിച്ചതെന്ന് വിധിപ്പകർപ്പ് വായിക്കുമ്പോൾ ആർക്കും മനസിലാകും. ഒരുപക്ഷെ ഇരയുടെ മൊഴികളിൽനിന്നും സാഹചര്യങ്ങളിൽനിന്നും സത്യം തിരിച്ചറിയാൻ അവർക്കും കഴിഞ്ഞിട്ടുണ്ടാവണം. എന്നിട്ടും വിധി വന്നപ്പോൾ അതിനേക്കുറിച്ചു അമ്പരപ്പു പ്രകടിപ്പിക്കുന്ന പ്രോസിക്യൂഷനെയും അന്വേഷണ ഉദ്യോഗസ്ഥരെയുമൊക്കെ കാണുമ്പോൾ, സ്വന്തം ഉത്തരവാദിത്വം ശരിയായി നിർവഹിക്കാത്തവർ എന്നു ആൾക്കൂട്ടം വിധിയെഴുതുമെന്നു ഭയന്നു വെറുതേയൊന്ന് അമ്പരന്നു കാണിച്ചതാണെന്നു വിചാരിച്ചാൽ മതി. ചുരുക്കത്തിൽ ബിഷപ്പ് ഫ്രാങ്കോ ശിക്ഷിക്കപ്പെടണമെന്ന് ആർക്കെങ്കിലും നിർബന്ധമുണ്ടായിരുന്നോ എന്നു സംശയിക്കപ്പെടേണ്ടിയിരിക്കുന്നു…!

എന്നാൽ ബിഷപ്പ് ഫ്രാങ്കോ അറസ്റ്റുചെയ്യപ്പെടണമെന്ന് നിർബന്ധമുള്ള കുറേയേറെ ആളുകൾ സമൂഹത്തിലുണ്ടായിരുന്നു എന്നത് വഞ്ചിസ്ക്വയർ സമരത്തിലൂടെ വെളിപ്പെട്ടതാണ്. എന്തായിരുന്നവിടെ പൂരം… കേരളസമൂഹത്തിന്റെ വിവിധമേഖലകളിലെ സമസ്ത മാലിന്യങ്ങളുമവിടെ അടിഞ്ഞുകൂടി. ഒരു ജഡ്ജിയുൾപ്പെടെ ഒരു പ്രത്യേകമതവിഭാഗത്തിൽപെട്ടവർ അവരുടെ സ്വന്തംകാര്യംപോലെ ഈ പീഡനവിഷയത്തിൽ പ്രതികരിച്ചു. അതുകൊണ്ടാണല്ലോ കാപ്പിക്കുരുവും ആട്ടിൻകാട്ടവും തിരിച്ചറിയാൻ പ്രായമാകാത്ത കൊച്ചുകുട്ടികളെപ്പോലും അവർക്കു മനസിലാകാത്ത പ്ലാക്കാർഡും കൈയിൽകൊടുത്ത് സമരപ്പന്തലിൽ കൊണ്ടുവന്നിരുത്തിയത്. കഥയറിയാത്ത കുഞ്ഞുങ്ങളെ സ്കൂൾബസിൽ കൊണ്ടുവന്ന് ആ മാലിന്യക്കൂമ്പാരത്തിലിറക്കിയിരുത്തിയപ്പോൾ ബാലാവകാശകമ്മീഷന്റെയെല്ലാം അണ്ണാക്കിൽ പിരിവെട്ടിയിരുന്നതുകൊണ്ട് അവർക്ക് അതിന്മേൽ നടപടിയൊന്നുമെടുക്കാൻ കഴിഞ്ഞില്ല.

കൂടാതെ സഭയിലും സമൂഹത്തിലും നീതി നടപ്പാക്കാനെന്നപേരിൽ ആരുടെയൊക്കെയോ പിൻബലത്തിൽ ഇറങ്ങിത്തിരിച്ചിരിക്കുന്ന, സ്വഭാവത്തിൽ നീതിയുടെയോ സത്യത്തിന്റെയോ അംശംപോലുമില്ലാത്ത കുറേ മുന്നേറ്റസംഘടനക്കാരും ദൈവവിശ്വാസമില്ലെന്ന് പ്രവൃത്തിയിലൂടെ അനുദിനം വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്ന കുറേ ക്രൈസ്തവളോവധാരികളും യുക്തിവാദികളും ഒപ്പം, ഇങ്ങനെയുള്ള സമരപ്പന്തലിൽ ചെന്നില്ലെങ്കിൽ തങ്ങളുടെ അസ്തിത്വംതന്നെ ചോദ്യംചെയ്യപ്പെടുമെന്നു ഭയപ്പെടുന്ന കുറേ സ്ത്രീസംരക്ഷകരുമെല്ലാംചേർന്ന് അരങ്ങുകൊഴുപ്പിച്ച് ബിഷപ്പിന്റെ അറസ്റ്റിലേയ്ക്ക് കാര്യങ്ങൾ എത്തിച്ചു. അതോടെ ഇരയ്ക്കു നീതി ലഭിച്ചതിന്റെ ആത്മസംതൃപ്തിയോടെ എല്ലാവരും പിരിഞ്ഞു.

യഥാർത്ഥത്തിൽ ഇത്രയുംമാത്രമേ നിക്ഷിപ്തതാല്പര്യക്കാർ ഉദ്ദേശിച്ചിരുന്നുള്ളു എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അറസ്റ്റുചെയ്തതിന്റെ സ്വാഭാവികഫലമായി വിസ്താരങ്ങളും വിധിയുമൊക്കെ ഉണ്ടായെങ്കിലും കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തകേസിൽ മെത്രാനെ അറസ്റ്റുചെയ്യുക, അതുവഴി സഭയും സന്ന്യാസവും പൌരോഹിത്യവുമെല്ലാം വെറും ‘പെഴ’കളാണെന്ന പൊതുബോധം സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യം അവർ സാധിച്ചെടുത്തു എന്നതാണ് സത്യം. കാരണം കോടതിവിധി എന്തുതന്നെയായാലും ബിഷപ്പ് കുറ്റക്കാരനാണെന്നു വിശ്വസിക്കുന്നവർ ഏറെയാണ്. സഭയുടെ കോടികളുടെയും സ്വാധീനങ്ങളുടെയുമൊക്കെ ശക്തിയെക്കുറിച്ചു നേരത്തെതന്നെ തല്പരകക്ഷികൾ സമൂഹത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ടല്ലോ.

എന്നാൽ ഈ കേസിന്റെ വിധിന്യായം പുറത്തുവന്നു കഴിഞ്ഞപ്പോൾ ആരോപണത്തിൽ കൌതുകകരമായ ഒരു മാറ്റമുണ്ടായിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്നത് ഇരുവരും പരസ്പരസമ്മതത്തോടെ വ്യഭിചാരത്തിലേർപ്പെട്ടിട്ടുണ്ടെന്നാണ്. അവിടെയും ലക്ഷ്യം സഭയും പൌരോഹിത്യവും സന്ന്യാസവുംതന്നെയാണെന്നു കാണാതിരിക്കരുത്. എന്നാൽ പതിമൂന്നുപ്രാവശ്യം തന്നെ ബലാത്സംഗം ചെയ്തെന്നുള്ള ആരോപണംപോലെതന്നെ, തന്റെ ഫോണിലേയ്ക്കു ബിഷപ്പയച്ചുവെന്നു ഇരയാരോപിച്ച ഒരു സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചില മഞ്ഞചാനലുകൾ ഈ വാർത്ത പ്രചരിപ്പിക്കുന്നത്. എന്നാൽ അതിനു തെളിവായ ഫോൺ എവിടെയെന്ന ചോദ്യത്തിനു, അത് ആക്രിക്കാരൻ കൊണ്ടുപോയി എന്നുള്ള മറുപടി കിട്ടിയതും കോടതി വിധിന്യായത്തിലുള്ളത് ഈ മഞ്ഞകൾക്ക് കാണാൻ സാധിക്കുന്നില്ല.

കാര്യങ്ങൾ ഇത്രയുമൊക്കെ വ്യക്തമായിട്ടും ഇരയുടെ മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇപ്പോഴും ബിഷപ്പിനെ കുറ്റക്കാരനായി ചിത്രീകരിക്കുന്നവർ ഏറെയാണ്. അതായത് ഇരയുടെ കന്യകാത്വം ഇല്ലാതാക്കാൻ ഈ ലോകത്തിൽ ശേഷിയുള്ള ഒരേയൊരാൾ ബിഷപ് ഫ്രാങ്കോ മാത്രമാണെന്നു വിശ്വസിക്കുന്നവർ…! ഈ നാളുകൾകൊണ്ട് തല്പരകക്ഷികൾ പൊതുസമൂഹത്തിന്റെ ബോധതലങ്ങളെ എത്രമാത്രം സ്വാധീനിച്ചിരിക്കുന്നുവെന്നതിന്റെ തെളിവുകളാണ് ഇത്തരം ആളുകൾ. ഏതായാലും ഇരയുടെ കന്യകാത്വം നഷ്ടപ്പെട്ട വഴികളെക്കുറിച്ചറിയാൻ വിധിന്യായത്തിൽ സൂചിപ്പിക്കപ്പെട്ടിരിക്കുന്ന 16ഉം 17ഉം സാക്ഷികൾ മാത്രം മതിയെന്നു തോന്നുന്നു.

ചുരുക്കത്തിൽ ഇപ്രകാരം സഭയെയും പൌരോഹിത്യത്തെയും സന്ന്യാസത്തെയും പൊതുസമൂഹത്തിനുമുമ്പിൽ വെറുക്കപ്പെട്ടവരായി ചിത്രീകരിക്കുന്നതിലും സഭാംഗങ്ങൾക്കിടയിൽത്തന്നെ തങ്ങളുടെ ആത്മീയസംവിധാനങ്ങളെക്കുറിച്ചു അവിശ്വാസവും അവമതിപ്പും സൃഷ്ടിക്കുന്നതിലും നിക്ഷിപ്ത താല്പര്യക്കാർ ഒരു പരിധിവരെ വിജയിച്ചിരിക്കുന്നു എന്നതാണ് അന്തിമഫലം. മാത്രമല്ല ഇപ്പോൾ കോടതിവിധിയിൽ അവർ നേരിട്ട പരാജയം ഈ കേസിനെ അഭയാക്കേസുപോലെ ദീർഘകാലം സഭയിലും സമൂഹത്തിലും ഇപ്രകാരമുള്ള നിഷിധചിന്തകൾ വിതറി നിലനിർത്താൻ അവസരമാക്കാനുള്ള തയ്യാറെടുപ്പുകളും തുടങ്ങിക്കഴിഞ്ഞുവെന്നാണ് ചില പ്രതികരണങ്ങളിൽനിന്നൊക്കെ മനസിലാക്കേണ്ടത്.

അതിനാൽ സിബിസിഐയും കെസിബിസിയുമൊക്കെചേർന്ന് ഈ കേസിനുപുറകിൽ നടന്ന ഗൂഢാലോചനകളെക്കുറിച്ചും വഞ്ചിസ്ക്വയർ സമരത്തെക്കുറിച്ചും അവയുടെ ധനാഗമമാർഗങ്ങളെക്കുറിച്ചുമൊക്കെയുള്ള ഒരു ജുഡീഷ്യൽ അന്വേഷണം സർക്കാരിനോട് ആവശ്യപ്പെടുകയും അതെത്രയുംപെട്ടെന്ന് നടപ്പിലാക്കാൻവേണ്ട നടപടികൾ അടിയന്തിരമായി സ്വീകരിക്കുകയും വേണം. ഒരുപക്ഷെ രാജ്യസുരക്ഷയെത്തന്നെ ബാധിക്കുന്ന ബന്ധങ്ങളിലേയ്ക്ക് വളരുന്ന കണ്ണികൾ അവിടെ കണ്ടെത്തിയാലും അത്ഭുതപ്പെടാനില്ലെന്ന് വർത്തമാനകാലചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. ഇക്കാര്യത്തിൽ സഭയുടെ സ്ഥിരംമെല്ലപ്പോക്കുനയം തുടർന്നാൽ അതിനു വിലയായി നല്കാൻ ഇനി അധികമൊന്നും സഭയിൽ മിച്ചമില്ലെന്നു ഓർക്കുന്നതും നല്ലതാണ്.

Posted in SOCIAL

ആരാണ് ഇര…?

പ്രതി ഇരയെ ഒരു പ്രാവശ്യം ബലാത്സംഗം ചെയ്തു എന്നായിരുന്നു പരാതിയെങ്കിൽ ഇരയ്ക്കൊപ്പം നിന്നേനെ.

പ്രതിയുമായി പരസ്പരസമ്മതത്തോടെ അവിഹിതബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട് എന്ന് ഇര പറഞ്ഞാലും പ്രതിക്കെതിരേ നിന്നേനെ.

എന്നാൽ സുബോധമുള്ള, ഒരു സന്ന്യാസസമൂഹത്തിന്റെ മുഴുവൻ സൂപ്പീരിയറാകാൻമാത്രം ശേഷിയുള്ള ഒരു സ്ത്രീയെ കുറേ വർഷങ്ങൾക്കൊണ്ട്, അതും സമൂഹമായി ജീവിക്കുന്ന സ്ത്രീയുടെ താമസസ്ഥലത്തുചെന്ന് 13 പ്രാവശ്യം പ്രതി ബലാത്സംഗം ചെയ്തെന്നു പറഞ്ഞാൽ അതു വിശ്വസിക്കാൻ മനസില്ലെന്നു ഞാൻ പണ്ട് ഇവിടെത്തന്നെ കുറിച്ചിരുന്നു.

സാധാരണഗതിയിൽ പീഡനകേസുകളിൽ ഇരയുടെ വാക്കുകൾ തെളിവായെടുക്കുന്ന കോടതിയും ഇവിടെ സത്യം കണ്ടെത്തിയിരിക്കുകയാണ്. കോടതി വിധിയെത്തുടർന്ന് നീതി മരിച്ചുവെന്നൊക്കെ പറഞ്ഞുള്ള പ്രതികരണങ്ങൾ ചാനലുകളിൽ കാണുന്നുണ്ട്. എന്നാൽ നീതി നടപ്പാക്കുകയെന്നാൽ ചില നിക്ഷിപ്തതാല്പര്യക്കാരുടെ പകിടകളിക്ക് ചൂട്ടു പിടിച്ചുകൊടുക്കുകയെന്നതല്ല എന്ന് മാധ്യമജഡ്മിമാർക്കൊക്കെ മനസിലാക്കാൻ ഇതുപോലുള്ള വിധികൾ കാരണമാകട്ടെ.

സഭ കോടികൾ മുടക്കിയതുകൊണ്ടാണ് ഇങ്ങനെയൊരു വിധി വന്നിരിക്കുന്നത് എന്ന പതിവു ആരോപണമുയർത്താൻ ആരെങ്കിലും തയ്യാറായിരിക്കുന്നുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾകൂടി ആരോപണത്തിൽ ഉൾപ്പെടുത്തി കാര്യങ്ങൾ വ്യക്തമായി അവതരിപ്പിക്കുമല്ലോ.

ഇനി വേണ്ടത് ഇങ്ങനെയൊരു കേസുണ്ടാകാനും പ്രതിയെ അറസ്റ്റ് ചെയ്യാനുമുള്ള സാഹചര്യമൊരുക്കിയവരെക്കുറിച്ചുള്ള അന്വേഷണമാണ്. സമരപ്പന്തലിൽ പ്രത്യക്ഷപ്പെട്ടവരുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ഇപ്പോഴും ലഭ്യമാണല്ലോ. പ്രത്യേകതരം സ്കൂൾകുട്ടികൾപോലും സമരപ്പന്തലിൽ വന്നിരുന്ന് ഇരയ്ക്കുവേണ്ടി മുദ്രാവാക്യം വിളിച്ചത് ആരും മറന്നിട്ടില്ലല്ലോ.

സമകാലിക സാഹചര്യത്തിൽ സഭയുടെ അടിത്തറ തോണ്ടുവാൻ കിണഞ്ഞു ശ്രമിക്കുന്ന ചില ശക്തികൾക്കൊപ്പം സഭയിലാണെന്നവകാശപ്പെടുന്ന ചില മുന്നേറ്റക്കാരും കൂട്ടുചേർന്നിട്ടുണ്ടെന്നത് നാം കാണാതിരുന്നു കൂടാ. ഒരു ലത്തീൻ രൂപതയുടെ മെത്രാനായ പ്രതിയുടെ കാര്യത്തിൽ ഒന്നും ചെയ്യാനില്ലാത്ത സീറോമലബാർ സഭയെയും ഈ കേസിലേയ്ക്കു വലിച്ചിഴച്ച സാഹചര്യമൊക്കെ വീണ്ടും പരിശോധിക്കപ്പെടേണ്ടതാണ്.

പ്രതിക്കനുകൂലമായി വിധിവന്ന സാഹചര്യത്തിൽ ആശ്വസിച്ചിരിക്കാതെ ഇതിന്റെ പിന്നിലെ ഗൂഡാലോചനകൾ പുറത്തുകൊണ്ടുവരാനാണ് സഭയുടെ ഉത്തരവാദിത്വപ്പെട്ടവർ ശ്രദ്ധിക്കേണ്ടത്…

Posted in SOCIAL

കലക്കവെള്ളത്തിൽ കക്കാ തപ്പുന്നവർ…

കേരളത്തിലെ ജനങ്ങൾ പാലാ മെത്രാനൊപ്പം ഒറ്റക്കെട്ടാണെന്ന യാഥാർത്ഥ്യം മനസിലാക്കിയാണ് മെത്രാനെതിരെ ആരംഭത്തിൽ പരുഷമായി പ്രതികരിച്ച മാധ്യമങ്ങളും മുഖ്യമന്ത്രിയുൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കന്മാരും തങ്ങളുടെ നിലപാടുകൾ മയപ്പെടുത്തിക്കൊണ്ടുവന്നത്. എന്നാൽ ഇന്ന് പാലായിലെ മെത്രാനെതിരേ കേരളത്തിന്റെ മുഖ്യമന്ത്രിയുടെ വായിൽ ഇത്രയും കഠിനമായ വാക്കുകൾ തിരുകിവച്ചതിന്റെ പൂർണഉത്തരവാദിത്വം ക്ലീമീസ് ബാവയ്ക്കാണ്.

അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവിന്റെ വാക്കുകൾക്ക് രാഷ്ട്രീയക്കാരും മാധ്യമങ്ങളും ചില മുസ്ലീം നേതാക്കളും നല്കിയ അതേ നിറം നല്കി അവതരിപ്പിച്ച് സ്വന്തം ‘മതേതര’നിലപാടു വ്യക്തമാക്കി സ്കോർചെയ്യാൻ ശ്രമിച്ച അഭിവന്ദ്യ ബാവയോടുള്ള പൊതുജനത്തിന്റെ പ്രതികരണമെന്താണെന്ന് ഇന്നു സോഷ്യൽമീഡിയാ ശ്രദ്ധിച്ചാൽ മനസിലാകും.

അതുകൊണ്ട് ഇനിയും ഇങ്ങനെയുള്ള മദ്ധ്യസ്ഥ നാടകങ്ങൾക്കിറങ്ങുമ്പോൾ ഒന്നുകൂടി ആലോചിച്ചിട്ടേ അങ്ങതിനു തുനിയൂ എന്നു കരുതുന്നു.

പക്ഷെ മുഖ്യമന്ത്രിയുൾപ്പെടെയുള്ള നേതാക്കന്മാരോടു പറയാനുള്ളത്, ഇതുപോലെ ആരെങ്കിലുമൊക്കെ നിങ്ങൾ പകരുന്ന ഈണത്തിൽ പാടിയെന്നു കരുതി കേരളത്തിന്റെ പൊതുസമൂഹം തങ്ങളുടെ നിലപാടുകൾ മാറ്റുകയില്ലെന്നതാണ്. നാടിനെ ഭരിക്കുന്നവർപോലും ആരെയോ ഭയന്നിട്ടെന്നപോലെ പാലാ മെത്രാൻ അവതരിപ്പിച്ച പ്രശ്നത്തെക്കുറിച്ചു ചർച്ച ചെയ്യാൻ തയ്യാറാകാതെ അന്തസില്ലാതെ അദ്ദേഹത്തിന്റെ പ്രസ്താവനയിൽ വർഗീയതയാരോപിക്കുന്നത് എത്ര പരിതാപകരമാണ്.

പേടിപ്പിച്ച് വായടിപ്പിക്കാൻ ശ്രമിക്കുന്നതിനു പകരം ഈ നാടിന്റെയും നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സംരക്ഷകൻ എന്ന വിധത്തിൽ പാലാ ബിഷപ് അവതരിപ്പിച്ച വിഷയത്തെക്കുറിച്ചു ഗൌരവമായി പഠിച്ച് ആ ആശങ്കയിൽ കഴമ്പുണ്ടെങ്കിൽ അതു പരിഹരിക്കാൻ വേണ്ട നടപടികളല്ലേ മുഖ്യമന്ത്രി, താങ്കൾ സ്വീകരിക്കേണ്ടത്…അങ്ങു ഞങ്ങളെ നിരാശപ്പെടുത്തിക്കളഞ്ഞു.

എതായാലും ആരൊക്കെ കോമാളിവേഷം കെട്ടിയാലും അഭിവന്ദ്യ കല്ലറങ്ങാട്ടു പിതാവിന്റെ വാക്കുകളെ മുറുകെപ്പിടിക്കുന്ന, അദ്ദേഹം പങ്കുവച്ച നിരീക്ഷണങ്ങൾ ആശങ്കകളായി ഹൃദയത്തിൽ സൂക്ഷിക്കുന്ന, വിശ്വാസ സമൂഹവും നന്മയാഗ്രഹിക്കുന്ന പൊതുജനവും ഇപ്പോഴും തങ്ങളുടെ നിലപാടുകൾ മാറ്റിയിട്ടില്ലെന്ന് അങ്ങു മറക്കരുത്.

Posted in SOCIAL

മെത്രാൻ പറഞ്ഞതു ഇനിയും മനസിൽ ആക്കാത്തവർ…

കുറവിലങ്ങാട് പള്ളിപ്രസംഗം കഴിഞ്ഞിട്ട് ആഴ്ച ഒന്നായിട്ടും ഇപ്പോഴും ആ പ്രസംഗത്തിലെ പ്രധാനവിഷയം ചർച്ചയാക്കാതെ പൊതുജനമദ്ധ്യത്തിൽനിന്നു മറച്ചുപിടിച്ചിരിക്കുകയാണ് മുഖ്യധാരാ മാധ്യമങ്ങൾ. അതിനവർക്ക് കമ്പനികൊടുക്കുന്നതാകട്ടെ ഭരണ, പ്രതിപക്ഷനിരകളിലെ പല നേതാക്കന്മാരും മുസ്ലീം നേതാക്കന്മാരും ഒപ്പം ക്രൈസ്തവസമൂഹത്തോടെന്നതിനേക്കാൾ മറ്റു പലതിനോടും കൂറുപുലർത്തുന്ന ചില ക്രൈസ്തവ പുരോഹിതരും… ഇക്കൂട്ടരുടെയെല്ലാം പ്രതികരണങ്ങൾ ആവർത്തിച്ച് എഴുതിയും കാണിച്ചും യഥാർത്ഥപ്രശ്നത്തെ പൊതുസമൂഹത്തിന്റെ ചിന്തയിൽനിന്നു അകറ്റിനിർത്താനുള്ള ദൃശ്യശ്രാവ്യമാധ്യമങ്ങളുടെ വിഫലശ്രമങ്ങൾ കാണുമ്പോൾ സഹതാപമാണ് തോന്നുന്നത്. കാരണം അവർ എത്രമാത്രം മറച്ചുപിടിച്ചോ അതിലേറെ ശക്തിയോടെ യാഥാർത്ഥ്യങ്ങൾ പൊതുസമൂഹത്തിന്റെ മുമ്പിലെത്തിക്കഴിഞ്ഞു. ഈ വിവാദത്തോടെ സോഷ്യൽ മീഡിയായെന്ന സമകാലിക മാധ്യമത്തിന്റെ പ്രസക്തിയും ശക്തിയുമെന്തെന്ന് ഒരിക്കൽക്കൂടി വ്യക്തമാവുകയാണ്.

നാർക്കോട്ടിക് ജിഹാദെന്നു കേട്ടിട്ടില്ലെന്നു പറഞ്ഞ മുഖ്യമന്ത്രിയടക്കമുള്ളവരുടെ പൊതുവിജ്ഞാനം എന്തുമാത്രമാണെന്നു വെളിവാകുന്നതാണ് സോഷ്യൽമീഡിയായിലൂടെ പുറത്തുവരുന്ന വിവരങ്ങൾ. അതിലേറെ പരിതാപകരമാണ് കേരളത്തിലെ മാധ്യമപ്രവർത്തകരുടെ അവസ്ഥ. പത്തുവർഷങ്ങൾക്കുമുമ്പുതന്നെ അന്താരാഷ്ട്രസമൂഹങ്ങളിൽ ചിന്താവിഷയമായിരുന്ന നർക്കോട്ടിക് ജിഹാദെന്ന വിഷയം തങ്ങൾ ആദ്യമായി കേൾക്കുന്നത് പാലാ മെത്രാന്റെ വാക്കുകളിൽനിന്നാണെന്ന് യാതൊരു ഉളുപ്പുമില്ലാതെ വിളിച്ചുകൂകുന്ന മാധ്യമപ്രവർത്തകർക്ക് യോജിക്കുന്ന പണിയെന്തെന്ന് അവരുതന്നെ ചിന്തിക്കണം. മെത്രാനെ ചാരി സമൂഹത്തിൽ ചേരിതിരിവ് സൃഷ്ടിക്കുന്ന യഥാർത്ഥ കുളംകലക്കികൾ ആരെന്നു സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു. പണിപാളിയെന്നു മനസിലാക്കിയ ചില മാധ്യമങ്ങൾ കൌശലപൂർവം തങ്ങളുടെ നിലപാടുകൾ മയപ്പെടുത്തുന്നതും ഈ ദിവസങ്ങളിൽ കാണാനിടയായി.

ഇനി മെത്രാൻ പറഞ്ഞതിന് തെളിവെന്താണെന്നു ചോദിച്ചവർക്കും ഇപ്പോൾ തൃപ്തിയായിട്ടുണ്ടാവും. തെളിവുകളുടെ പൂരമല്ലേ സോഷ്യൽമീഡിയാ ഒരുക്കിയിരിക്കുന്നത്. ആവശ്യത്തിൽകൂടുതൽ ഡേറ്റാകൾ ഇപ്പോൾ ലഭ്യമായിരിക്കുന്ന സ്ഥിതിക്ക് ഇനിയെന്താവുമോ തെളിവില്ലെന്നു വിലപിച്ചിരുന്നവരുടെ നിലപാടുകൾ…

പക്ഷെ ഇന്നും കണ്ടു ഒരു വൈദികന്റെ സമുദായവഞ്ചനയുടെ രുചിയുള്ള കുറിപ്പ്. പാലാ മെത്രാന്റെ വാക്കുകൾ ചരിത്രമാണോ അതോ വെറും സങ്കല്പമാണോയെന്ന് സർവവിജ്ഞാനകോശമായ അദ്ദേഹത്തിനു ഉറപ്പില്ലത്രേ. മെത്രാൻ അനുധാവനം ചെയ്യേണ്ടത് അദ്ദേഹത്തിന്റെ സഭാതലവനായ മാർപ്പാപ്പായെ ആണത്രെ. എത്ര നിഷ്ക്കളങ്കവും പക്വവുമായ ഉപദേശം! അതു നല്കുന്നതോ സ്വന്തം സഭാതലവനെതിരെ എല്ലാ നീചകുതന്ത്രങ്ങളും മെനയുന്ന കറുത്തമനസിന്റെ ഉടമയും!! എതായാലും അദ്ദേഹത്തിന്റെ ഈ കുറിപ്പും തന്റെ സ്വഭാവത്തിനും നിലപാടുകൾക്കും അടിവരയിടുന്ന മറ്റൊരു രേഖയായി കരുതാം.

പ്രിയപ്പെട്ട മാധ്യമപ്രവർത്തകരോട് പറയാനുള്ളത് ഇനിയെങ്കിലും നിങ്ങൾ മറച്ചു പിടിച്ചിരിക്കുന്ന യഥാർത്ഥ വിഷയം ചർച്ചയ്ക്കെടുക്കണമെന്നതാണ്. എല്ലാ ചാനലുകളിലെയും പ്രധാനപ്പെട്ട അവതാരകരൊക്കെ നമുക്കൊപ്പമാണെന്ന് അഭിമാനത്തോടെ ഓരോ മാധ്യമപ്രവർത്തകന്റെയും പേരെടുത്തുപറഞ്ഞ് പ്രസംഗിക്കുന്ന ഒരു മുസ്ലീം നേതാവിന്റെ വീഡിയോ സോഷ്യൽമീഡിയായിൽ കറങ്ങിനടക്കുന്നത് നിങ്ങളും ശ്രദ്ധിച്ചിട്ടുകാണുമല്ലോ. അതങ്ങനെതന്നെയാണെന്നും നിങ്ങൾ നിഷ്പക്ഷരല്ലെന്നുമുള്ള പൊതുസമൂഹത്തിന്റെ ബോധ്യത്തെ തിരുത്താൻ ഇനിയെങ്കിലും നിങ്ങൾ തയ്യാറായില്ലെങ്കിൽ നിങ്ങൾ പൊതുജനമദ്ധ്യത്തിൽ കൂടുതൽ അവഹേളിതരായിത്തീരുകയേയുള്ളു.

ഈ വിഷയത്തിൽ രാഷ്ട്രീയഭിന്നത മറന്ന് ഒരേ ഈണത്തിൽ സംസാരിക്കുന്ന വ്യത്യസ്ഥ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കന്മാരോടു പറയാനുള്ളത് നിങ്ങളുടെ പ്രഥമലക്ഷ്യം

രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന്മയും സുരക്ഷിതത്വവുമായിരിക്കണമെന്നതാണ്. സമൂഹത്തിൽ കുറേകാലമായി ഒളിഞ്ഞുംതെളിഞ്ഞും കണ്ടുകൊണ്ടിരിക്കുന്ന ചില തിന്മകളെക്കുറിച്ച് മുന്നറിയിപ്പ് നല്കിയ മെത്രാനെ കോക്രികാണിക്കുന്നതവസാനിപ്പിച്ച് ഉത്തരവാദിത്വമുള്ള ജനപ്രതിനിധികളായി ഇനിയെങ്കിലും മാറാൻ ശ്രമിക്കുക. ഒരു സമുദായത്തിന്റെ മുഴുവൻ ആശങ്കകളോട് പരിഹാസഭാവത്തിൽ പ്രതികരിച്ചിട്ട് സഭയും സംഘപരിവാറും കൈകോർക്കുന്നുവെന്നൊക്കെ നിലവിളിക്കുന്നതിൽ വലിയ അർത്ഥമൊന്നുമില്ലെന്ന് ഇനി എന്നാണ് നിങ്ങൾ പഠിക്കുക!

മുസ്ലീം നേതാക്കന്മാരോടു ഒരിക്കൽക്കൂടി പറയാനുള്ളത് ഇന്ന് പൊതുസമൂഹം മുസ്ലീം സമുദായത്തെ സംശയത്തോടെ നോക്കിക്കാണുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം പൂർണമായും നിങ്ങൾക്കുതന്നെയാണെന്നതാണ്. കാരണം നിങ്ങളുടെ സമുദായത്തിലെ ഏതാനും ചിലർ നടത്തുന്ന വിധ്വംസകപ്രവർത്തനങ്ങളെ നിങ്ങൾ ഒരിക്കലും തള്ളിപ്പറയുന്നില്ല. തൊടുപുഴയിലെ കിരാതമായ അക്രമത്തിലും എരുമേലി സ്കൂളിൽ കള്ളപ്രചരണം മറയാക്കി നടത്തിയ അതിക്രമങ്ങളിലും അതു പൊതുജനം മനസിലാക്കിയതാണ്. അതുതന്നെയാണ് ഇപ്പോഴും നിങ്ങളുടെ നിലപാടെന്നത് നിർഭാഗ്യകരമാണ്. സ്വന്തം വിശ്വാസികൾക്ക് ചില അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പു കൊടുത്ത മെത്രാനെ വർഗീയത പറയുന്നയാളായി ചിത്രീകരിച്ച് അപഹസിക്കുന്നതിനുപകരം അങ്ങനെയുള്ള തിന്മകളെ ഞങ്ങളും തള്ളിക്കളയുന്നുവെന്നും അതിനെക്കുറിച്ച് അന്വേഷണം വേണമെന്നുമായിരുന്നില്ലേ സമൂഹത്തിന്റെ നന്മയാഗ്രഹിക്കുന്ന മുസ്ലീം നേതാക്കന്മാർ പറയേണ്ടിയിരുന്നത്? അതു പറയാത്തിടത്തോളംകാലം ഈ സംഭവിക്കുന്നതെല്ലാം മുസ്ലീം സമുദായത്തിന്റെ പിന്തുണയോടെയാണെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ലല്ലോ. നാട്ടിലെ മതസൌഹാർദവും സമാധാനാന്തരീക്ഷവും നിലനിൽക്കാൻവേണ്ടത് തിന്മകളെക്കുറിച്ചു നിശബ്ദത പാലിക്കുകയെന്നതല്ല, മറിച്ച് ആ തിന്മകളെ പിഴുതുമാറ്റാൻ പൊതുസമൂഹത്തോടൊപ്പം കൈകോർക്കുകയെന്നതാണ്. അതിനിയും താമസിക്കുന്നത് അപകടമാണെന്ന് നാം തിരിച്ചറിയണം.

Posted in SOCIAL

തെളിവുതേടുന്ന വെളിവില്ലാത്തവർ…

ക്രൈസ്തവസമുദായം അഭിമുഖീകരിക്കുന്ന ചില ഭീഷണികളെക്കുറിച്ചു സുചന നല്കിക്കൊണ്ട് പാലാ രൂപതയുടെ മെത്രാൻ നടത്തിയ പള്ളിപ്രസംഗമാണല്ലോ കേരളത്തിൽ ഈ ദിവസങ്ങളിൽ നടന്ന ഏറ്റവും ഭീകരമായ സംഭവം. മാധ്യമങ്ങളും കപടസമുദായ സ്നേഹികളും മതേതരത്വത്തിന്റെ മുഖംമൂടിയണിഞ്ഞിരിക്കുന്ന ചില നേതാക്കന്മാരും ചില കലാസാഹിത്യപ്രവർത്തകരുമെല്ലാം അതിന്റെ പേരിൽ ഉറഞ്ഞുതുള്ളിക്കൊണ്ടിരിക്കുകയാണ്. അതേതായാലും നന്നായി. അരമനയിൽ പറഞ്ഞത് നിങ്ങൾ അങ്ങാടിപ്പാട്ടാക്കിത്തീർത്തതുകൊണ്ട് പ്രസ്തുതവിഷയം പൊതുസമൂഹത്തിനു നന്നായി മനസിലാക്കാനും ചർച്ചചെയ്യാനും സത്യങ്ങൾ തിരിച്ചറിയാനും അതുപകരിച്ചു.

മാധ്യമങ്ങളൊക്കെ ശ്രദ്ധിച്ചപ്പോൾ കണ്ടയൊരുകാര്യം എല്ലാവർക്കും മെത്രാൻ പറഞ്ഞതിനു തെളിവുകൾ വേണമെന്നതാണ്. എന്തൊരു വെളിവുകേടാണത്.. പാലായിലെ മെത്രാൻ ഒരു പത്രസമ്മേളനം വിളിച്ചുകൂട്ടി അവിടെയാണ് ഇങ്ങനെയൊരാരോപണം ഉന്നയിച്ചിരുന്നതെങ്കിൽ തെളിവു ചോദിക്കുന്നതിൽ കുറച്ചെങ്കിലും സാംഗത്യമുണ്ടായിരുന്നു. എന്നാൽ തന്റെ സമുദായാംഗങ്ങൾ അഭിമുഖീകരിക്കുന്ന ചില അപകടങ്ങൾ തിരിച്ചറിഞ്ഞ് അതേക്കുറിച്ച് അവർ ജാഗ്രതയുള്ളവരാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവരോട് പള്ളിയകത്തുവച്ചാണ് പിതാവ് തന്റെ ആശങ്കയറിയിച്ചത്. വെറുതേ കിടന്നുറങ്ങിയപ്പോൾ കണ്ട സ്വപ്നത്തിന്റെ കഥയല്ല പിതാവ് പങ്കുവച്ചത്. മറിച്ച് തന്റെ സമുദായാംഗങ്ങൾ നേരിട്ടതും നേരിട്ടുകൊണ്ടിരിക്കുന്നതുമായ ചില പൊള്ളിക്കുന്ന അനുഭവങ്ങൾ മനസിൽ സൂക്ഷിച്ചുകൊണ്ടുതന്നെയാണ് പിതാവ് അക്കാര്യങ്ങൾ വ്യക്തമായി അവതരിപ്പിച്ചത്. മക്കളെ നഷ്ടപ്പെട്ട് മുന്നിൽനില്ക്കുന്ന മാതാപിതാക്കളുടെ തകർന്ന ഹൃദയത്തേക്കാൾ വലിയ തെളിവുകൾ ഇക്കാര്യത്തിൽ പിതാവിനാവശ്യമില്ല. എങ്കിലും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ അവതരിപ്പിക്കാതെ എത്ര കൃത്യമായാണ് മുൻ ഡിജിപി ഉൾപ്പെടെയുള്ളവരെ ഉദ്ധരിച്ചുകൊണ്ടും അന്വേഷണസംഘങ്ങൾ പുറത്തുകൊണ്ടുവന്ന ജീവിക്കുന്ന തെളിവുകൾ തിരത്തിയും അദ്ദേഹം തന്റെ വിശ്വാസികൾക്കുമുമ്പിൽ പ്രശ്നമവതരിപ്പിച്ചത്.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരിക്കേ, ഇക്കാര്യത്തിൽ ആരോടാണ് തെളിവുചോദിക്കേണ്ടതെന്ന് വെളിവില്ലാത്ത നിങ്ങൾക്കു പറഞ്ഞുതരാം.

ജോലിയിൽനിന്നു വിരമിക്കുന്നതിന്റെ തലേനാൾ, കേരളത്തിൽ തീവ്രവാദസെല്ലുകൾ ഉണ്ടെന്നു പ്രഖ്യാപിച്ച പോലീസ് തലവൻ, ജെസ്നയുടെ തിരോധാനത്തെക്കുറിച്ച് എല്ലാമറിയാം, പക്ഷെ തുറന്നുപറയാൻ പറ്റില്ല എന്നുപറഞ്ഞ് ജോലിയിൽനിന്നു വിരമിച്ച അന്വേഷണ ഉദ്യോഗസ്ഥൻ, പിന്നെ സർവീസിലിരിക്കുമ്പോൾത്തന്നെ ചില വെളിപ്പെടുത്തലുകളൊക്കെ നടത്തിയ മറ്റു ചില ഉദ്യോഗസ്ഥർ… ഇവരോടൊക്കെ പറഞ്ഞതിനു തെളിവു ചോദിക്കണം. അവർ നിയമപാലകരായതുകൊണ്ടും അവരതു പറഞ്ഞത് പൊതുസമൂഹത്തോടായതുകൊണ്ടും അവരോടല്ലേ ന്യായമായും തെളിവു ചോദിക്കേണ്ടത്. എന്തേ അവരോടൊന്നും ചോദിക്കാനും അവരെ ചീത്തവിളിക്കാനും നിങ്ങളുടെ മാധ്യമമനസാക്ഷി നിങ്ങളെ അനുവദിക്കുന്നില്ലേ? അതോ മെത്രാനെയും പള്ളിയേയും ചീത്തവിളിക്കുമ്പോൾ കിട്ടുന്ന മനസുഖം കിട്ടില്ലാത്തതുകൊണ്ടാണോ? അതുമല്ലെങ്കിൽ അതിനു പുറകേപോയാൽ കഞ്ഞികുടിമുട്ടുമെന്നു മനസിലാക്കിയിട്ടാണോ നിങ്ങൾ ആ ഗൌരവമായ വെളിപ്പെടുത്തലുകളൊന്നും ചർച്ചയാക്കാത്തത്?

പിന്നെ മെത്രാന്റെ വാക്കുകളെ വളച്ചൊടിച്ച് അദ്ദേഹം മുസ്ലീം സമുദായത്തിനെതിരേയാണ് സംസാരിച്ചതെന്ന് വ്യാഖ്യാനിക്കുന്ന ചില മുസ്ലീം നേതാക്കളെയും ചാനലുകളിൽ കണ്ടു. അതങ്ങനെയല്ലെന്നു അവർക്കുതന്നെയറിയാമെങ്കിലും അതങ്ങനെയാക്കിയില്ലെങ്കിൽ ചില സത്യങ്ങൾ തുറന്നു സമ്മതിക്കുന്നതിനു തുല്യമാകുമതെന്നു കരുതിയാണാവോ ഇപ്രകാരം വ്യാഖ്യാനിക്കുന്നത്?അങ്ങനെയുള്ള മുസ്ലീം നേതാക്കന്മാരോട് ഒരു സംശയംമാത്രം ചോദിക്കട്ടെ. കേരളത്തിൽ മയക്കുമരുന്നുകേസുകളിൽ പിടിക്കപ്പെടുന്ന പ്രതികളിൽ വിരലിലെണ്ണാവുന്നവരൊഴിച്ച് ബാക്കിയെല്ലാവരും മുസ്ലീമുകളാണെന്നത് ഒരു യാഥാർത്ഥ്യമാണ്. മുസ്ലീം നിയമപ്രകാരം മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് നിഷിധമാണല്ലോ. അപ്പോൾ ഈ പ്രതികളാരും അതുപയോഗിക്കില്ലെന്ന് കരുതാം. അപ്പോപിന്നെ ആർക്കുവേണ്ടിയാണ് ഈ കച്ചവടം?

ലഹരിജിഹാദെന്നത് അന്താരാഷ്ട്രതലത്തിൽ പോലും ശ്രദ്ധിക്കപ്പെട്ടിട്ടുള്ള യാഥാർത്ഥ്യമാണെന്നത് രേഖകൾസഹിതം സോഷ്യൽമീഡിയായിൽ പ്രത്യക്ഷപ്പെടാനും പൊതുസമൂഹത്തിനതു ബോദ്ധ്യപ്പെടാനും പള്ളിപ്രസംഗത്തെ വിവാദമാക്കിയതുവഴി ഇടവന്നിട്ടുണ്ട്. ചർച്ചയും വിദ്വേഷപ്രസംഗവുമൊക്കെ കഴിഞ്ഞ് വെറുതേയിരിക്കുമ്പോൾ ചിന്തിക്കുക, നമ്മുടെ നാട്ടിൽ മതസൌഹാർദം നിലനില്ക്കാനും സമാധാനം പുലരാനും നമ്മൾ എന്തൊക്കെ ചെയ്യരുതെന്നും എന്തൊക്കെ ചെയ്യണമെന്നും…

അതുപോലെ മെത്രാന്റെ പള്ളിപ്രസംഗത്തിനെതിരെ ധാർമികരോഷത്താൽ ജ്വലിക്കുന്ന ചില രാഷ്ട്രീയനേതാക്കന്മാരെയും കണ്ടു. ജാതി നോക്കിയും മതം നോക്കിയും സ്ഥാനാർത്ഥികളെ നിറുത്തുകയും വർഗീയതപറഞ്ഞ് വോട്ടു തേടുകയും ചെയ്യുന്ന നേതാക്കന്മാരൊക്കെ വേശ്യയുടെ ചാരിത്ര്യപ്രസംഗംപോലെ വർഗീയതയ്ക്കെതിരെ മെത്രാനെ ഉപദേശിക്കുന്നതു കാണാൻ നല്ല ശേലുണ്ട്. നിലപാടുകൾക്ക് നിറം നോക്കാറുണ്ടെന്നു നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ നേതാക്കന്മാർക്ക് പ്രതികരണവിഷയങ്ങളിലും ചോയ്സ് ഉണ്ടെന്നുള്ളത് എല്ലാവർക്കുമറിയാവുന്ന കാര്യമാണ്.

മെത്രാന്മാർ പള്ളിയിലെ കാര്യങ്ങൾ നോക്കിയാൽ മതിയെന്നു ഒരിക്കൽ ഉപദേശിച്ച നേതാവിനോടുതന്നെ പറയട്ടെ, പള്ളിപ്രസംഗത്തിൽ എന്തൊക്കെ പറയണമെന്ന് തീരുമാനിക്കാനും ഒരു നേതാവിന്റെയും ഉപദേശം ആവശ്യമില്ല. പാലാ മെത്രാന്റെ വാക്കുകളെ പക്ഷപാതരഹിതമായി മനസിലാക്കാനും മറ്റുള്ളവർക്കു പറഞ്ഞുകൊടുക്കാനും കഴിയാതെ അതിന് വർഗീയവിദ്വേഷത്തിന്റെ നിറം നല്കി സമൂഹത്തിൽ അവതരിപ്പിക്കുന്ന നിങ്ങൾ എത്ര ഉത്തരവാദിത്വരഹിതമായാണ് നിങ്ങളുടെ ദൌത്യം നിർവഹിക്കുന്നത്! ഒരു കാര്യംമാത്രം എല്ലാ നേതാക്കന്മാരോടും ആവർത്തിക്കട്ടെ, സമുദായ സൌഹാർദം നിലനിർത്തുന്നത് ഏതെങ്കിലുമൊരു സമുദായം അന്യായമനുഭവിച്ചുകൊണ്ടാവണമെന്ന് ഇനിയും വാശി പിടിക്കരുത്.

ഇനിയെങ്കിലും മുസ്ലീം സമുദായം യാഥാർത്ഥ്യം തിരിച്ചറിയുകയും സംഘടിതമായി തെറ്റായമാർഗം സ്വീകരിക്കുന്നവരെ തള്ളിപ്പറയുകയും പൊതുസമൂഹത്തിന്റെ ആശങ്കകൾ ദൂരീകരിക്കുകയും ചെയ്ത് സമൂഹത്തിൽ സമാധാനം നിലനിറുത്താൻ മുൻകൈയെടുക്കണമെന്നാണ് എന്റെ അപേക്ഷ.

Posted in SOCIAL

ഫാ. സ്റ്റാൻസ്വാമിക്ക് ആദരാഞ്ജലികൾ…

അന്യായമനുഭവിച്ച് മരിക്കേണ്ടിവന്ന ഫാ. സ്റ്റാൻ സ്വാമിക്ക് ആദരാഞ്ജലികൾ…

ജനാധിപത്യരാജ്യത്തിൽ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ് ജനങ്ങൾക്ക് ധൈര്യമായി ജീവിക്കാൻ അവസരമുണ്ടാക്കേണ്ടത്. നിർഭാഗ്യവശാൽ അങ്ങനെ തെരഞ്ഞെടുക്കപ്പെട്ട ഭരണകർത്താക്കളുടെ ക്രൂരതകളിൽനിന്നു രക്ഷനേടാൻ പൊതുജനം ഇന്നു നിയപപാലകരെയും നീതിപീഠത്തെയുമാണ് ആശ്രയിക്കുന്നത്.

എന്നാൽ അവരാലും സംരക്ഷിക്കപ്പെടാൻ കഴിയാത്തവിധം അന്യായമനുഭവിക്കുന്ന ജനസമൂഹത്തിന്റെ പ്രതിനിധിയാണ് രക്തസാക്ഷിയായ ഫാ. സ്റ്റാൻ സ്വാമി.

രാജ്യത്തെ സംരക്ഷിക്കാൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന പ്രസ്ഥാനങ്ങൾ ഭരണകർത്താക്കളുടെയും അവരുടെ താല്പര്യങ്ങളുടെയും സംരക്ഷകരായി അധപതിക്കുമ്പോൾ ആ വയോധികൻ അനുഭവിച്ച അന്യായങ്ങൾ ഒട്ടും അപ്രതീക്ഷിതമല്ല.

കുറ്റംതെളിയിക്കപ്പെട്ട് വധശിക്ഷയ്ക്കു വിധിക്കപ്പെടുന്നവർക്കുപോലും ശിക്ഷനടപ്പാക്കപ്പെടുന്ന നിമിഷംവരെ സുരക്ഷിതരായിരിക്കാൻ അവകാശമുള്ളിടത്താണ് കുറ്റാരോപിതൻമാത്രമായ ഒരു ദുർബലമനുഷ്യൻ നീതിരഹിതമായി മരണപ്പെട്ടത്!

ശാരീരികമായി ദുർബലനായിരുന്ന ഫാ. സ്റ്റാൻ സ്വാമി എത്രമാത്രം ശക്തനായിരുന്നെന്ന് തെളിയിക്കപ്പെടേണ്ട നാളുകളാണിനിയുള്ളത്.

അതിന് സ്റ്റാൻ സ്വാമിയേപ്പോലെ ജീവൻ നഷ്ടപ്പെടുന്ന ചുവടുകൾ വയ്ക്കാൻ നമുക്കു ധൈര്യമില്ലെങ്കിലും അദ്ദേഹം ജീവൻ നല്കി സംരക്ഷിക്കാൻ പരിശ്രമിച്ച ആശയങ്ങളെ പിന്തുണയ്ക്കാനും അതിനോടു കൈകോർക്കാനുമുള്ള ധൈര്യമെങ്കിലും നമുക്കുണ്ടാകണം.

Posted in SOCIAL

ഹ്യുമാനിറ്റേറിയൻ ഹോസ്പിറ്റലും ചിറമ്മേലച്ചനും…

ബഹുമാനപ്പെട്ട ഡേവിസ് ചിറമ്മേൽ അച്ചന്റെ ഹ്യുമാനിറ്റേറിയൻ ഹോസ്പിറ്റലിന്റെ പ്രഖ്യാപനവും അതിൽനിന്നുള്ള പിന്മാറ്റവും അതേ തുടർന്നുള്ള കോലാഹലങ്ങളും പുതിയ മാനങ്ങളിലേയ്ക്ക് വളർന്നുകൊണ്ടിരിക്കുകയാണ്. മറുനാടനേപ്പോലെയുള്ള ചില മാധ്യമങ്ങളും ചില തല്പരകക്ഷികളും ബഹുമാനപ്പെട്ട ചിറമ്മേലച്ചനെ ഒരു രക്തസാക്ഷിയാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. സഭയും ആശുപത്രി മാഫിയായും ചേർന്നാണ് അച്ചനിലൂടെ പുറത്തുവരാൻ ശ്രമിച്ച ആ വലിയ നന്മയെ തല്ലിക്കെടുത്തിയതെന്നാണ് ആരോപണം. ബഹു. ചിറമ്മേൽ അച്ചൻതന്നെ വളരെ വൈകാരികമായി പ്രതികരിച്ചുകൊണ്ട് ഇങ്ങനെയുള്ള ആരോപണങ്ങൾക്ക് ഇന്ധനം പകർന്നുകൊണ്ടിരിക്കുകയും ചെയ്യുകയാണ്.

എന്നാൽ കാര്യങ്ങൾ വളരെ സിംപിൾ ആണ്. കത്തോലിക്കാസഭയുടെ നിയമമനുസരിച്ച് ഒരു വൈദികന് സാമ്പത്തിക ഇടപാടുകൾ ഉണ്ടാകുന്ന ഏതെങ്കിലും കാര്യങ്ങളിൽ ഏർപ്പെടണമെങ്കിൽ രൂപതാധികാരികളുടെ അനുവാദം മുൻകൂട്ടി വാങ്ങിയിരിക്കണം. ഇവിടെ അക്കാര്യം ഉണ്ടായിട്ടില്ലെന്ന് ബഹു. അച്ചൻതന്നെ വെളിവാക്കിയിട്ടുണ്ട്. ഇങ്ങനെ നിയമമുള്ളപ്പോഴാണ് 250 കോടിയുടെ സ്വപ്നവുമായി അച്ചൻ വരുന്നത്. സ്വപ്നം കാണാൻ അധികാരികളുടെ അനുവാദം ആവശ്യമില്ലെങ്കിലും സ്വപ്നസാക്ഷാത്ക്കാരത്തിനിറങ്ങി പുറപ്പെടുമ്പോൾ അതാവശ്യമാണെന്ന് അച്ചന് അറിവില്ലാത്തതല്ലല്ലോ. അതിനാൽ ഈ നിയമവശങ്ങളൊക്കെ വിശദീകരിച്ച് ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ വിവാദം അവസാനിപ്പിക്കാൻ അച്ചൻതന്നെയല്ലേ മുൻകൈയെടുക്കേണ്ടത്?

ഇനി മറുനാടനും മറ്റു ചിലരുംകൂടി സഭയുടെ ഗുണ്ടയാക്കിയ ശ്രീ.ജസ്റ്റിൻ ജോർജ് ചെയ്ത അപരാധമെന്താണെന്ന് അച്ചൻ ഒന്നുകൂടി ചിന്തിക്കണം. സഭയിലുണ്ടായിട്ടുള്ള സമീപകാലസംഭവങ്ങളുടെ പശ്ചാത്തലത്തിൽ അച്ചന്റെ ഹോസ്പിറ്റൽ പ്രഖ്യാപനം വലിയ അപകടസാദ്ധ്യതയുള്ളതാണെന്ന് തികച്ചും മാന്യമായ ഭാഷയിൽ അദ്ദേഹം അവതരിപ്പിക്കുകയല്ലേ ചെയ്തത്? അതേക്കുറിച്ച് വൈകാരികമായി പ്രതികരിക്കാതെ ശാന്തമായി ചിന്തിച്ച് ഉചിതമായ തീരുമാനമെടുക്കുകയായിരുന്നില്ലേ അച്ചൻ ചെയ്യേണ്ടിയിരുന്നത്?

അച്ചനു കുഴലൂതുന്നവരിൽ പലരും അച്ചന്റെ നന്മപ്രവർത്തികൾകണ്ട് ആത്മാർത്ഥതയോടെ ചെയ്യുന്നതല്ലെന്ന് അവരുടെ പ്രതികരണങ്ങളിൽനിന്നുതന്നെ വ്യക്തമാണ്. പോത്തിനെ ചാരി എരുമയെ വെട്ടുന്നതുപോലെ സഭയെയും സഭാധികാരികളെയും സഭാസംവിധാനങ്ങളെയും തെറിയഭിഷേകം നടത്തുകയെന്നതുമാത്രമാണ് പലരുടെയും ലക്ഷ്യമെന്ന് അവരുടെ അഭിപ്രായപ്രകടനങ്ങൾ വെളിവാക്കുന്നു. അച്ചൻ അതു തിരിച്ചറിയുമെന്നും അച്ചനെ, സഭയുടെ കെട്ടുപൊട്ടിച്ചു നടക്കുന്ന മറ്റൊരു ലൂസിയാക്കാനുള്ള ചിലരുടെ ശ്രമങ്ങളിൽ വിവേകമുള്ള അച്ചൻ പെട്ടുപോകില്ലെന്നും കരുതുന്നു

Posted in SOCIAL

സി. അഭയായ്ക്ക് നീതി ലഭിച്ചോ…?

സി. അഭയാക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട രണ്ടു പ്രതികൾക്ക് ഡിസംബർ 22-ാം തിയതി സിബിഐ കോടതി ശിക്ഷവിധിച്ചു. അതിന്റെ പശ്ചാത്തലത്തിൽ ഡിസംബർ 25-ാം തിയതി ഞാനൊരു കുറിപ്പ് ഇവിടെയിട്ടിരുന്നു. അതേ തുടർന്ന് സ്വദേശിയും വിദേശിയുമായ തെറിവിളികളാൽ ഈ വർഷത്തെ ക്രിസ്മസ് പൊടിപൂരമായിരുന്നു. തെറിവിളിച്ചവരെ, അവരുടെ കുലമഹിമ മനസിലാക്കി അവരുടെ വഴിക്കു വിടുന്നു. അതേസമയം സൌഹൃദമുള്ള കുറേയേറെപ്പേർ എന്തുകൊണ്ടാണ് അച്ചൻ ഈ കേസിലെ പ്രതികളെ പിന്താങ്ങുന്ന വിധത്തിൽ പോസ്റ്റിട്ടതെന്നു ചോദിക്കുകയുണ്ടായി. ചിലർ അല്പംകൂടി കടന്ന് അച്ചനോടുള്ള ബഹുമാനം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു.

ഏതായാലും സ്നേഹത്തോടെ എന്റെ പോസ്റ്റിനെ അംഗീകരിക്കാതിരുന്ന സുഹൃത്തുക്കൾക്കുവേണ്ടിയാണ് ഈ പോസ്റ്റ്. ഞാൻ എന്തുകൊണ്ട് അഭയാക്കേസിലെ കുറ്റാരോപിതരുടെ കൂടെ നില്ക്കുന്നു എന്നു വിശദീകരിക്കാൻ..

ആദ്യം ഈ വിധിയിലൂടെ സി. അഭയായ്ക്കു നീതികിട്ടിയെന്ന് കരുതുന്നവരുടെ ഭാഗം ചിന്തിക്കാം.

1. പ്രതികൾ കുറ്റംചെയ്തുവെന്ന് കോടതി കണ്ടെത്തുകയും അതിന്റെ ശിക്ഷ വിധിക്കുകയും ചെയ്തു. (കോടതി വിധിയായതിനാൽ ഇത് വിശ്വസിക്കാനും സ്വീകരിക്കാനും അംഗീകരിക്കാനും എല്ലാവർക്കും അവകാശമുണ്ട്).

2. മൂന്നു പതിറ്റാണ്ടുകൾ ഈ കേസ് നീളുവാൻ കാരണം ഇത് ഒതുക്കിത്തീർക്കുവാൻ സഭ ഇടപെട്ടതുകൊണ്ടാണ്. (ഇതു മാധ്യമങ്ങളും തല്പരകക്ഷികളും മെനഞ്ഞുണ്ടാക്കിയ തെളിവില്ലാത്ത വെറും സങ്കല്പം മാത്രം. അഭിപ്രായ വ്യത്യാസമുള്ളവരുണ്ടെങ്കിൽ തെളിവായി എന്തെങ്കിലും വിശ്വാസയോഗ്യമായ രേഖകൾ കാണിക്കുക).

3. പ്രതികളെ രക്ഷിക്കാൻ സഭ കോടികൾ ചിലവഴിച്ചു. ഏറ്റവും ചിലവുകൂടിയ വക്കീലന്മാരെ വക്കാലത്ത് ഏല്പിച്ചു. (മറ്റൊരു സങ്കല്പം.. വക്കീലന്മാരെ തീരുമാനിച്ചതും ഫീസുകൊടുത്തതും കുറ്റാരോപിതരും അവരുടെ കുടുംബാംഗങ്ങളും. സി.സെഫിയെ, അവരുടെ സന്ന്യാസസമൂഹം സഹായിച്ചിട്ടുണ്ടെന്നു കേൾക്കുന്നു. അതല്ലാതെ കത്തോലിക്കാസഭ ഏതെങ്കിലും വിധത്തിൽ സാമ്പത്തികമായി ഈ കേസിൽ ഇടപെട്ടുവെന്നു തെളിയിക്കാൻ രേഖകളുണ്ടെങ്കിൽ കാണിക്കുക).

4. പ്രതികൾ കുറ്റംചെയ്തെന്നു സമ്മതിക്കുന്ന നാർക്കോ അനാലിസിസിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിലുടെ കണ്ടു ബോദ്ധ്യപ്പെട്ടതാണ്. (മാധ്യമങ്ങളിൽ കണ്ട ദൃശ്യങ്ങൾ കൃത്രിമമായി ഉണ്ടാക്കിയെടുത്തതാണെന്ന് തെളിഞ്ഞതാണ്. പക്ഷെ മുഖ്യധാരാമാധ്യമങ്ങൾ ആ വാർത്ത പൊതുസമൂഹത്തെ അറിയിച്ചില്ല).

5. പ്രതിയായ കന്യാസ്ത്രീയുടെ കന്യകാത്വ പരിശോധനയിലൂടെ അവർ കന്യാചർമ്മം വെച്ചുപിടിപ്പിച്ചെന്നു തെളിഞ്ഞു. (ഏറ്റവും ക്രൂരവും കിരാതവുമായ സങ്കല്പം. ഇതും കളവെന്നു ഈ നാളുകളിൽ തെളിഞ്ഞു).

ഇനി കുറ്റാരോപിതർ ഈ കേസിൽ നിരപരാധകളാണെന്നു ഞാൻ എന്തുകൊണ്ടു വിശ്വസിക്കുന്നു എന്നു വിശദീകരിക്കാം.

1. വൈദികരും സമർപ്പിതരും ധാർമ്മികമായി എത്രമാത്രം അധപതിച്ചാലും ഒരു ജീവനെടുക്കാൻ അവർക്കു കഴിയില്ലെന്ന് ഒരു വൈദികനായ ഞാൻ വിശ്വസിക്കുന്നു. (എന്റെ ഈ വ്യക്തിപരമായ ബോദ്ധ്യം സ്വീകരിക്കാനും അംഗീകരിക്കാനും മറ്റാരും ബാദ്ധ്യസ്ഥരല്ല).

2. രണ്ടു വൈദികർ വ്യഭിചരിക്കാൻ വെളുപ്പാൻകാലത്ത് കോട്ടയം പട്ടണത്തിലുള്ള ഒരു ഹോസ്റ്റലിന്റെ മതിൽ ചാടിക്കടന്ന് ചെല്ലുമെന്നും അടുക്കളയിൽവച്ച് ആ കർമ്മം നിർവഹിക്കുമെന്നും ഭാവനയിൽ കാണാൻപോലും എനിക്കു കഴിയില്ല. (എന്റെ വ്യക്തിപരമായ ഈ ബോദ്ധ്യവും സ്വീകരിക്കാൻ ആരും ബാദ്ധ്യസ്ഥരല്ല).

തുടർന്നു ഞാനെഴുതുന്ന കാരണങ്ങൾ ഇതിനോടകം വെളിവാക്കപ്പെട്ടിരിക്കുന്ന വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിലാണ്. (ആവശ്യമുള്ളവർക്ക് അതു നല്കാനും ഞാൻ തയ്യാറാണ്). അതിനാൽ അതു സ്വീകരിക്കാൻ മനസാക്ഷിയുള്ളവർ ബാദ്ധ്യസ്ഥരാണ്. അതല്ലെങ്കിൽ ഞാനെഴുതുന്നതിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ രേഖകൾ സഹിതം നിങ്ങൾ ചൂണ്ടിക്കാണിക്കുക. തിരുത്താനും ഞാൻ തയ്യാറാണ്.

3. പ്രതികളെ ശിക്ഷിക്കുന്നതിന് ആധാരമായ പ്രധാനമൊഴി കൊടുത്ത ദൃക്സാക്ഷിയുടെ യഥാർത്ഥമുഖം കേസിന്റെ വിധിക്കുശേഷം വെളിപ്പെട്ടതാണ്. കൂടാതെ തന്റെതന്നെ മുൻമൊഴികൾക്കു വിരുദ്ധമായി അയാൾ മൊഴികൾ കൊടുത്തിട്ടുണ്ടെന്നും കോടതിരേഖകൾ തെളിയിക്കുന്നു. സിബിഐകോടതി ഈയാളെ സത്യസന്ധനായ കള്ളനെന്നു വാഴ്ത്തുമ്പോഴും മുഖ്യധാരാമാധ്യമങ്ങൾ വിശുദ്ധ കള്ളനാക്കി പ്രകീർത്തിക്കുമ്പോഴും നിഷ്പക്ഷമനസുള്ളവർക്ക് ഈ സാക്ഷിയെ വിശ്വസിക്കാൻ കഴിയില്ല.

4. നാർക്കോ അനാലിസിസിലെ കള്ളക്കളികൾ. നാർക്കോ അനാലിസിസ് ദൃശ്യങ്ങൾ ദിവസങ്ങളോളം പ്രദർശിപ്പിച്ച ഒരു മാധ്യമംപോലും അതിൽ കൃത്രിമം നടത്തിയിട്ടുണ്ടെന്ന കോടതിയുടെ കണ്ടെത്തൽ വാർത്തയാക്കിയില്ല. മാത്രമല്ല, ഇപ്പോഴും അതിലെ ദൃശ്യങ്ങൾ സത്യമാണെന്നു ആവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

5. കന്യകാത്വ പരിശോധയും ഡ്യൂപ്ലിക്കേറ്റ് കന്യാചർമ്മവും… ഒരു സ്ത്രീയോടു ചെയ്യാവുന്ന ഏറ്റവും ക്രൂരമായ മാനഭംഗമാണ് കന്യകാത്വപരിശോധനയും അതേക്കുറിച്ച് ഇപ്പോഴും ചില അധർമ്മികളായ മാധ്യമപ്രവർത്തകർ തുടർന്നുകൊണ്ടിരിക്കുന്ന വിവരണങ്ങളും. ഈ പരിശോധനയുടെ അർത്ഥമില്ലായ്മയും അതു നടത്തിയവരുടെ യോഗ്യതക്കുറവും അവർ കൊടുത്ത റിപ്പോർട്ടുമെല്ലാം വിശദമായി പരിശോധിച്ചുകൊണ്ട് ഈ മേഖലയിൽ വിദഗ്ദ്ധരായവർ ഈ നാളുകളിൽ തുടർച്ചയായി സോഷ്യൽമീഡിയായിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന കുറിപ്പുകൾ ആ കന്യാസ്ത്രീയോട് അന്വേഷണ ഏജൻസികളും മാധ്യമങ്ങളും നീതിപീഠവും ചെയ്ത അനീതികളെയും ക്രൂരതയേയും തുറന്നു കാട്ടുന്നവയാണ്.

6. ഹൈക്കോടതിയിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചുകൊണ്ട് 2009 ൽ ജസ്റ്റീസ് കെ. ഹേമ പുറപ്പെടുവിച്ച വിധിന്യായം… ഇതുവരെയും ആ വിധിന്യായത്തിലെ ഒരു വാചകത്തിനെതിരേപോലും സിബിഐയോ മറ്റാരെങ്കിലുമോ അപ്പീലുമായി പോയിട്ടില്ല. ഈ വിധിന്യായം വായിച്ചുമനസിലാക്കിയതിനാൽ മാധ്യമങ്ങൾ ആവർത്തിച്ചുപറഞ്ഞും കാണിച്ചും സൃഷ്ടിച്ചെടുത്തിരിക്കുന്ന പൊതുബോധത്തോടു ചേർന്നുനിന്ന് കുറ്റാരോപിതരെ കുറ്റക്കാരായി വിധിക്കാൻ എനിക്കു മനസില്ല.

7. കുറ്റാരോപിതരെ എന്റെ കൂടെപ്പിറപ്പുകളായി കാണുന്നതുകൊണ്ട് അവർ അന്യായമായി അനുഭവിക്കുന്ന ശിക്ഷയെക്കുറിച്ച് മൌനം പാലിക്കാൻ എനിക്കു കഴിയില്ല. ചിലർ ചോദിച്ചതുപോലെ ഈ കേസിലെ ഇരയായ സി.അഭയായോടില്ലാത്ത സ്നേഹം പ്രതികളോടു കാണിക്കുന്നത് അനുചിതമല്ലേയെന്നു മറ്റു പലർക്കും തോന്നുന്നുണ്ടാവാം. എന്നാൽ മരണമടഞ്ഞ സി.അഭയായെയും സ്വന്തം കൂടെപ്പിറപ്പായി കണ്ടതുകൊണ്ടാണ് സിസ്റ്ററിന്റെ മരണശേഷം കോട്ടയം പട്ടണത്തിലൂടെ നടത്തപ്പെട്ട പ്രതിഷേധജാഥയിൽ “സി.അഭയായുടെ ഘാതകരെ അറസ്റ്റുചെയ്യുക” എന്ന പ്ലാക്കാർഡും കൈയിൽപിടിച്ച് ഞാനും പങ്കുചേർന്നത്. എന്നാൽ സി.അഭയായ്ക്കു നീതികിട്ടാൻ മറ്റുചിലർക്ക് നീതി നിഷേധിക്കുന്നതിനെ അംഗീകരിക്കാനും എനിക്കു മനസില്ല.

ശിക്ഷിക്കപ്പെട്ടിരിക്കുന്നവർ കുറ്റവാളികളാണെന്നു കാലങ്ങൾക്കുമുമ്പേ തെളിഞ്ഞെന്നു മാധ്യമങ്ങൾ ആവർത്തിച്ചു പറയുന്നതല്ലാതെ അതിനാധാരമായി എന്തു തെളിവാണ് കാണിക്കാനുള്ളത്? അവർ തെളിവുകളാണെന്നു പറഞ്ഞ് ആവർത്തിച്ചുകൊണ്ടിരുന്നവയെല്ലാം വെറും കെട്ടുകഥകളായിരുന്നുവെന്ന് ഈ നാളുകളിൽ തെളിഞ്ഞെങ്കിലും പറഞ്ഞതു മാറ്റിപ്പറയാൻ മനസില്ലാതെ അവയെ തമസ്ക്കരിച്ച് പഴയ പല്ലവി അവർ തുടർന്നുകൊണ്ടിരിക്കുന്നു. കൂടാതെ, മാധ്യമങ്ങൾ സൃഷ്ടിച്ച പൊതുബോധത്തിനനുസരിച്ചുണ്ടായ കോടതിവിധിയുടെ പാകപ്പിഴകളെക്കുറിച്ച് വിശദീകരിച്ചത് ഈ കേസിനെ വയറ്റിപ്പിഴപ്പാക്കി കൊണ്ടുനടക്കുന്ന മനുഷ്യാവകാശപ്രവർത്തകനെപ്പോലെയുള്ളവരല്ല, മറിച്ച് ആദരണിയരായ മുൻ ജഡ്ജിമാരുൾപ്പെടെയുള്ളവരാണ്.

മനസാക്ഷിയും സത്യത്തോടും നീതിയോടും പ്രതിപത്തിയുമുള്ളവർ ഇനിയെങ്കിലും സ്വയം കണ്ണടച്ച് ഇരുട്ടാക്കാതിരിക്കുക. മാധ്യമങ്ങളും തല്പരകക്ഷികളുംചേർന്ന് രൂപപ്പെടുത്തിയ കഥകൾ മാറ്റിവച്ച് നിഷ്പക്ഷമായി ഈ കേസിനെ വിലയിരുത്താൻ ശ്രമിക്കുക. ഒരുപക്ഷെ എന്നെയും മറ്റുപലേരയുംപോലെ ചില മറുവശങ്ങൾ നമ്മൾ കണ്ടെന്നുവരും. അതിനോട് നട്ടെല്ലു നിവർത്തിപ്പിടിച്ചു ചേർന്നു നില്ക്കാൻ കഴിഞ്ഞാൽമാത്രം മതി. അതുമാത്രമാണ് സി.അഭയായ്ക്കു നീതി ലഭിക്കാനുള്ള മാർഗം.