Posted in SPIRITUAL

സീറോമലബാർ സഭയിൽ പ്രശ്നപരിഹാരം…

സീറോ മലബാർ സഭയുടെ ജനുവരി സിനഡിനുശേഷവും കാര്യങ്ങൾ പഴയപടിതന്നെ തുടരുകയാണ്.

സിനഡിൽ കൂടിയ പിതാക്കന്മാർതന്നെ സഭയുടെ ചൈതന്യത്തിനു വിരുദ്ധമായി വിമതപ്രവർത്തനങ്ങളോടു ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് സന്ദർശനങ്ങളും സന്ദേശങ്ങളും നല്കി തങ്ങൾ സഭാ കൂട്ടായ്മയോട് ഒരു തരത്തിലും യോജിച്ചുപോകില്ലെന്നു പരസ്യമായി പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു.

റോമിൽനിന്നുള്ള നിർദേശങ്ങളോടുപോലും പുറംതിരിഞ്ഞുനില്ക്കുന്ന ശൈലിയിൽ പെരുമാറുന്ന ഈ മെത്രാന്മാർ ദൈവജനത്തെ വലിയ അപകടത്തിലേയ്ക്കാണ് നയിച്ചുകൊണ്ടിരിക്കുന്നത്. സഭാകൂട്ടായ്മയ്ക്കു വിരുദ്ധമായി നില്ക്കുന്നവർ മെത്രാന്മാരോ വൈദികരോ വിശ്വാസികളോ ആരുമാകട്ടെ, അവർ സഭാകൂട്ടായ്മയിൽനിന്നു പുറത്തുപോകേണ്ടിവരുമെന്നുള്ളതാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്ന പാഠം.

ചില സ്വാർത്ഥ താല്പര്യങ്ങൾക്കുവേണ്ടി ഒരു സഭാസമൂഹത്തെ മുഴുവൻ ആ അപകടത്തിലേയ്ക്ക് നയിച്ചുകൊണ്ടിരിക്കുന്ന ഉത്തരവാദിത്വപ്പെട്ടവർ തങ്ങളുടെ വിമതപ്രവൃത്തികളിൽനിന്നു പിന്മാറാൻ ഉദ്ദേശിക്കുന്നില്ലെന്നു വ്യക്തം.

യഥാർത്ഥത്തിൽ സഭാകൂട്ടായ്മയുടെ വളരെ പ്രധാനപ്പെട്ട ഒരു പ്രകടനമാണ് വി.കുർബാനയിൽ മാർപ്പാപ്പയുടെയും സഭാ തലവന്റെയും രൂപതാദ്ധ്യക്ഷന്റെയും പേരെടുത്തുപറഞ്ഞ് പ്രാർത്ഥിക്കുന്നത്. എന്നാൽ നാളുകളായി സഭാതലവന്റെ പേര് വി.കുർബാനയിൽനിന്ന് ഒഴിവാക്കിയിരിക്കുന്നവരെല്ലാം പ്രായോഗികമായി സഭാകൂട്ടായ്മയ്ക്കു പുറത്താണെന്നതാണ് സത്യം.

ഈ സാഹചര്യത്തിൽ ലളിതമല്ലെങ്കിലും അസാദ്ധ്യമല്ലാത്ത ഒരു പ്രതിവിധി നിർദേശിക്കുകയാണ്. ഏതായാലും എറണാകുളത്തുള്ള വിമത മെത്രാന്മാർക്കും വൈദികർക്കും കുറേ വിശ്വാസികൾക്കും സുറിയാനിസഭയുടെ പാരമ്പര്യങ്ങളെയും ആരാധനക്രമത്തെയും ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. സഭാസിനഡിനോടു ചേർന്നുനിന്ന് കൂട്ടായ്മയുടെ ചൈതന്യം തങ്ങളുടെ വിശ്വാസികൾക്കു പകർന്നുകൊടുക്കാൻ അവരുടെ മെത്രാനും വൈദികരും തയ്യാറാകുന്നുമില്ല. ഇങ്ങനെ സീറോമലബാർ സഭയിൽ മുഴുവൻ അസ്വസ്ഥതയും പൊതുസമൂഹത്തിൽ ഉതപ്പുമുളവാക്കുന്ന തരത്തിൽ സഭയിൽ തുടർന്ന് കൂടുതൽ അപചയത്തിലേക്ക് സഭയെ നയിക്കുന്നതിലും നല്ലത് അവരുടെ ബോദ്ധ്യങ്ങൾക്കനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം അവർക്കു നല്കുന്നതല്ലേ…?

അതായത് മാർപ്പാപ്പ അർപ്പിക്കുന്നതുപോലെ ജനാഭിമുഖ കുർബാന അർപ്പിക്കാനും അനുഷ്ഠാനങ്ങളിൽ സുറിയാനി പാരമ്പര്യങ്ങൾക്കുപകരം ലത്തീൻ പാരമ്പര്യം തുടരാനും ആഗ്രഹിക്കുന്ന അവരെ വരാപ്പുഴ, കൊച്ചി തുടങ്ങിയ രൂപതകളിലേയ്ക്കു സ്വീകരിക്കാൻ ആ രൂപതകളും അവരെ അവിടേയ്ക്കു വിട്ടുകൊടുക്കാൻ സീറോമലബാർ സഭയും തയ്യാറായാൽ ഈയൊരു വലിയ പ്രശ്നം അവസാനിക്കില്ലേ…?

പൌരസ്ത്യകാനൻനിയമമനുസരിച്ച് മാർപ്പാപ്പയ്ക്ക് അങ്ങനെയൊരു റീത്തുമാറ്റത്തിനു അനുവാദം നല്കാൻ കഴിയുമെന്നാണ് ഞാൻ മനസിലാക്കുന്നത്. അങ്ങനെവന്നാൽ എറണാകുളത്തെ വിമതരായിട്ടുള്ളവർക്ക് തങ്ങളുടെ ആശയങ്ങൾക്കനുസരിച്ച് നിയമവിധേയമായിത്തന്നെ വി.കുർബാനയർപ്പിക്കാനും അവരുടെ വിശ്വാസം ജീവിക്കാനും കഴിയും. അതോടൊപ്പം സീറോമലബാർ സഭയ്ക്ക് കൂടുതൽ ഐക്യത്തോടെ തങ്ങളുടെ അജപാലനശുശ്രൂഷയും പ്രേഷിതപ്രവർത്തനങ്ങളും തുടരാനും സാധിക്കും.

ഇങ്ങനെയൊരു പരിഹാരത്തിനു ശ്രമിക്കുന്നില്ലെങ്കിൽ സീറോമലബാർ സഭാകൂട്ടായ്മയിൽ താമസംവിനാ അപരിഹാര്യമായ നഷ്ടം സംഭവിക്കുമെന്നത് നിശ്ചയമാണ്.

Posted in SPIRITUAL

വാർദ്ധക്യകാല ശുശ്രൂഷകൾ

ഏകീകരിച്ച വി.കുർബാനയർപ്പണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സീറോ മലബാർ സഭയിൽ കുറച്ചു നാളുകളായി വിശ്വാസികൾക്കും പൊതുസമൂഹത്തിനും വലിയ ഉതപ്പു നല്കിക്കൊണ്ട് തുടരുന്ന തർക്കങ്ങളിൽ ഇതിനുമുമ്പ് ഒരിക്കൽ മാത്രമാണ് ഞാൻ പരസ്യമായ പ്രതികരണം നടത്തിയിട്ടുള്ളത്. പ്രതികരിക്കാൻ കാരണമില്ലാതിരുന്നിട്ടല്ല, എരിതീയിൽ എണ്ണയൊഴിച്ച് അതാളിക്കത്തിക്കാൻ കാത്തിരിക്കുന്നവർക്ക് അതവസരമാകേണ്ടെന്നു കരുതിയാണ് പലപ്പോഴും നിശബ്ദത പാലിച്ചത്.

എന്നാൽ “അതീവ രഹസ്യസ്വഭാവമുള്ള” (Strictly Confidential) ഒരു നീണ്ട കത്ത് ഇന്നലെ മാധ്യമങ്ങളിൽക്കൂടി പുറത്തുവന്നതു ശ്രദ്ധയിൽപെട്ടു. സീറോ മലബാർ സഭയിലെ ആറു വിരമിച്ച മെത്രാന്മാരുടെ പേരിൽ മേജർആർച്ചുബിഷപ്പിനെയും മറ്റു സിനഡംഗങ്ങളെയും അഭിസംബോധനചെയ്തുകൊണ്ട് സഭയിലെ സമകാലിക പ്രശ്നത്തിന്റെ വിശകലനം എന്നു ദ്യോതിപ്പിക്കുന്ന വിധത്തിലുള്ള ഒരു കത്താണത്.

സിനഡുതുടങ്ങുന്നതിന്റെ തലേദിവസം വിരമിച്ച മെത്രാന്മാരുടേതായി ഇങ്ങനെയൊരു കത്തു പുറത്തുവന്നതിലുള്ള കൌശലമൊക്കെ അവിടെ നില്ക്കട്ടെ. ഈ കത്ത് അതിൽ പേരുപറഞ്ഞിരിക്കുന്ന മെത്രാന്മാർ മനസറിഞ്ഞ് തയ്യാറാക്കിയിട്ടുള്ളതാണെങ്കിൽ ചില കാര്യങ്ങൾ അവരുടെ മനസാക്ഷിക്കുമുമ്പിൽ വയ്ക്കുകയാണ്.

ഒന്നാമതായി അവർ പറഞ്ഞിരിക്കുന്നത് ഏകീകരിച്ച വി. കുർബാനയർപ്പണരീതി നടപ്പിലാക്കാൻ എടുത്ത തീരുമാനം സഭയിൽ അനൈക്യത്തിനും പൊതുസമൂഹത്തിനു ഉതപ്പിനും കാരണമായിത്തീർന്നത് കൃത്യമായ കൂടിയാലോചനയും സുതാര്യമായ നടപടിക്രമങ്ങളും ഇല്ലാതെപോയതുകൊണ്ടാണെന്നാണ്. എന്നാൽ 1999 ഡിസംബർ മാസത്തിൽ പുറത്തിറക്കിയ സിനഡൽ ന്യൂസിന്റെ 21-ാം നമ്പർ തീരുമാനമായി ചേർത്തിരിക്കുന്ന ഈ വിഷയം സംബന്ധിച്ച് അന്നത്തെ സിനഡുപിതാക്കന്മാർ സംയുക്തമായി എഴുതി പ്രസിദ്ധീകരിച്ച ഇടയലേഖത്തിൽ ഈയൊരു തീരുമാനമെടുക്കാൻ പിതാക്കന്മാർ നടത്തിയിട്ടുള്ള കൂടിയാലോചനകളെക്കുറിച്ചും നടപടിക്രമങ്ങളെക്കുറിച്ചും സുദീർഘമായി വിവരിച്ചിട്ടുണ്ട്. ആ സംയുക്ത ഇടയലേഖനത്തിന്റെ താഴെ ഇപ്പോൾ ഈ കത്തെഴുതിയിരിക്കുന്ന ആറു മഹാന്മാരുടെയും പേരുകളുമുണ്ട്. പ്രായാധിക്യത്താൽ പഴയകാര്യങ്ങളൊക്കെ മറന്നതാണോ, അതോ ആരെങ്കിലും നിങ്ങളുടെ പേരിൽ ഇങ്ങനെയൊരു കള്ളക്കത്ത് തയ്യാറാക്കിയതാണോ എന്ന സംശയം ഇവിടെ ന്യായമായും ഉണ്ടാകുന്നു.

ഏകീകരിച്ച വി.കുർബാനയർപ്പണ രീതിയെക്കുറിച്ച് 1999-ലെ സിനഡെടുത്ത തീരുമാനം പരീക്ഷിച്ചു പരാജയപ്പെട്ടതാണെന്നു പറയാൻ നിങ്ങൾക്ക് അല്പംപോലും ഉളുപ്പു തോന്നുന്നില്ലെന്നത് അദ്ഭുതപ്പെടുത്തുന്നു. കാരണം ഒരുമിച്ചു തീരുമാനമെടുത്ത് ഇടയലേഖനമെഴുതി വിശ്വാസികളെ ബോധിപ്പിച്ചിട്ട് അതു പരാജയപ്പെടുത്താൻ മുൻകൈയെടുത്തവർ നിങ്ങൾതന്നെയാണല്ലോ. നിങ്ങൾ രൂപതകളുടെ ശുശ്രൂഷാദൌത്യത്തിൽ സജീവമായിരുന്ന കാലത്ത്, സഭയുടെ ഐക്യത്തിനുവേണ്ടിയെന്നു പറഞ്ഞ് നിങ്ങളുംകൂടി ചേർന്നെടുത്ത ഈ തീരുമാനത്തിലേയ്ക്ക് നിങ്ങളുടെ കൂടെയുണ്ടായിരുന്ന വൈദികരെയും വിശ്വാസികളെയും നയിക്കാൻ നിങ്ങൾ ഒരു ചെറുവിരലെങ്കിലും അനക്കിയിട്ടുണ്ടോ? പ്രബോധനദൌത്യം നിർവഹിക്കുമ്പോൾ, നിങ്ങൾതന്നെ സൂചിപ്പിച്ചിട്ടുള്ളതുപോലെ, സഭയുടെ ഏറ്റവും ശ്രേഷ്ഠമായ ആരാധനക്രമത്തെക്കുറിച്ച് തങ്ങളുടെ ആത്മീയ ശുശ്രൂഷയ്ക്കേല്പ്പിക്കപ്പെട്ടിരിക്കുന്നവരെ ബോധവത്ക്കരിക്കുകയും സഭയോടുചേർന്നു നില്ക്കാൻ അനുശാസിക്കുകയും ചെയ്യേണ്ടവരല്ലേ നിങ്ങൾ? എന്റെ രൂപതയിലെ മെത്രാൻ അങ്ങനെയാണ് ഞങ്ങളെ പഠിപ്പിച്ചത്. അതുകൊണ്ടുതന്നെയാണ് സ്വന്തം ബോദ്ധ്യങ്ങളോടു യോജിക്കാതിരുന്നിട്ടും സഭയുടെ തീരുമാനത്തോടു ചേർന്നുനിന്ന് കഴിഞ്ഞ 21 വർഷങ്ങളായി ഞങ്ങൾ ഇവിടെ സിനഡു തീരുമാനിച്ച രീതിയിൽ വി.കുർബായർപ്പിച്ചുകൊണ്ടിരിക്കുന്നത്. ഏതായാലും സ്വന്തം ഉത്തരവാദിത്വ നിർവഹണത്തിൽ സ്വാർത്ഥതാല്പര്യങ്ങൾമൂലം വീഴ്ച വരുത്തുകയും സജീവശുശ്രൂഷയിൽനിന്ന് വിരമിച്ച ശേഷവും ഇതുപോലുള്ള കുത്തിത്തിരിപ്പുംകൊണ്ടു വരികയും ചെയ്യുന്നത് നിർഭാഗ്യകരമാണ്.

വിരമിച്ചവരായതുകൊണ്ട് സിനഡിന് നടപടിയൊന്നുമെടുക്കാൻ പറ്റില്ലെന്ന ഉറപ്പിലാണ് നിങ്ങൾ ഇതു ചെയ്യുന്നതെന്നും അല്ലെങ്കിൽ ആരോ നിങ്ങളെക്കൊണ്ട് ഇതു ചെയ്യിക്കുന്നതെന്നുമൊക്കെ ചിലരെങ്കിലും സംശയിക്കുന്നതിൽ കാര്യമുണ്ടെന്നും തോന്നുകയാണ്.

ഏതായാലും ഒന്നൊഴികെ സഭയിലെ എല്ലാ രൂപതകളും വലിയ വിട്ടുവീഴ്ചാ മനോഭാവത്തോടെയും വലിയ സഹകരണത്തോടെയും സന്മനസോടെയും ത്യാഗത്തോടെയും സഭയുടെ ഐക്യത്തിനുവേണ്ടി ഒരേ തീരുമാനത്തിലേയ്ക്കു വന്നിരിക്കുന്ന ഈ സാഹചര്യത്തിൽ മെത്രാന്മാരിലെ തലമൂത്തവരിൽനിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത നടപടിയായിപ്പോയി ഈ കത്തെഴുതൽ. സുകൃതജപംചൊല്ലി സഭയ്ക്കുവേണ്ടി പ്രാർത്ഥിച്ചുകഴിയേണ്ട പ്രായത്തിൽ സഭാകൂട്ടായ്മയുടെ കടയ്ക്കൽ കോടാലിവയ്ക്കുന്ന ശുശ്രൂഷ അഭിവന്ദ്യ മെത്രാന്മാർ ദയവായി അവസാനിപ്പിക്കണം.

Posted in SPIRITUAL

സാമാന്യമര്യാദയെങ്കിലും ആയിക്കൂടേ…?

എറണാകുളം-അങ്കമാലി, ഇരിങ്ങാലക്കുട തുടങ്ങിയ രൂപതകളിലെ ബഹുമാനപ്പെട്ട ദൈവജനത്തോടുള്ള ഒരു വൈദികന്റെ വാക്കുകളാണിവ. ഞാൻ കാഞ്ഞിരപ്പള്ളി രൂപതയിലെ ഒരു വൈദികനാണ്. കാഞ്ഞിരപ്പള്ളിക്കാരന് എറണാകുളത്തും ഇരിങ്ങാലക്കുടയിലുമൊക്കെ എന്തുകാര്യമെന്നു ചിലപ്പോൾ നിങ്ങൾക്കു സംശയം തോന്നിയേക്കാം; പ്രത്യേകിച്ചും കാഞ്ഞിരപ്പള്ളിക്കാരും ചങ്ങനാശേരിക്കാരും പാലാക്കാരുമൊക്കെയാണ് നിങ്ങളുടെ ശത്രുക്കളെന്ന് നിങ്ങൾ കേട്ടുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ. അതിനാൽ അതിന്റെ കാരണംപറഞ്ഞുതന്നെ ആരംഭിക്കാം. സഭയിലെ മെത്രാന്മാരും വൈദികരും സമർപ്പിതരും വിശ്വാസികളുമെല്ലാം ഉൾപ്പെടുന്ന ദൈവജനത്തെ പല അതിരൂപതകളായും രൂപതകളായും ഇടവകകളായുമെല്ലാം തിരിച്ചിരിക്കുന്നത് വിശ്വാസജീവിതത്തിന്റെ പ്രായോഗികതയ്ക്കുവേണ്ടിയാണ്. എന്നാൽ കൂട്ടായ്മയുടെ ആഘോഷമായ പരി.കുർബാനയും മറ്റു കൂദാശകളുമാണ് ഇങ്ങനെ പലതായി വേർതിരിക്കപ്പെട്ടിരിക്കുന്ന ദൈവജനത്തെ അൾത്താരയ്ക്കുമുമ്പിൽ ഒരു ഹൃദയവും ഒരാത്മാവുമുള്ള സമൂഹമാക്കിത്തീർക്കുന്നത്. അതായത് ഇടവകകൾക്കും രൂപതകൾക്കുമെല്ലാം ഉപരിയായി നാമെല്ലാവരും ഒരേ ഹൃദയത്തോടെ ദൈവത്തെ ആരാധിക്കേണ്ട ദൈവജനമാണ്. അതിനാൽ രൂപതയുടെ അതിർവരമ്പുകളിൽ ഒതുങ്ങി നില്ക്കുന്നതല്ല സഭാകൂട്ടായ്മ. മറ്റെല്ലാ സഭകളെയുംപോലെ അജപാലനസൌകര്യത്തിനായിമാത്രം രൂപതകളും ഇടവകകളുമെന്ന വിധത്തിൽ പല ഘടകങ്ങളായി വേർതിരിക്കപ്പെട്ടിരിക്കുന്ന സീറോമലബാർ സഭയിലെ ഒരംഗമെന്ന നിലയിലാണ് എറണാകുളം, ഇരിങ്ങാലക്കുട തുടങ്ങിയ പ്രദേശങ്ങളിൽ വസിക്കുന്ന സഹവിശ്വാസികളോട് നമ്മെ തമ്മിൽ ഒന്നിപ്പിക്കുന്ന ദൈവരാധനയുടെ പശ്ചാത്തലത്തിൽ ഞാൻ സംസാരിക്കുന്നത്.

നവീകരിക്കപ്പെട്ട പരി. കുർബാനയുടെ സ്വീകരണവുമായി ബന്ധപ്പെട്ട് കുറേ നാളുകളായി സീറോമലബാർ സഭയുടെ അകവും പുറവും അലങ്കോലമായിരിക്കുകയാണല്ലോ. വിശ്വാസികൾ സങ്കടത്തോടെ നെഞ്ചത്തും അവിശ്വാസികൾ പുശ്ചത്തോടെ മൂക്കത്തും കൈവയ്ക്കുന്ന സാഹചര്യമുണ്ടാക്കി പരി.കുർബാന ഏകീകരണമെന്ന സിനഡുതീരുമാനത്തെചൊല്ലിയുള്ള അങ്കം തുടർന്നുകൊണ്ടിരിക്കുന്നു. ഇത്രയുംകാലം ഇതുമായി ബന്ധപ്പെട്ട് ഒരക്ഷരംപോലും പൊതുസമൂഹത്തിനുമുമ്പിൽ മിണ്ടാതിരുന്നത് സഭയുടെ ആരാധനക്രമവിഷയം ഈ രീതിയിൽ കൈകാര്യംചെയ്യുന്നത് ദൈവത്തെ നിന്ദിക്കുന്നതിനു തുല്യമാകുമെന്ന ബോദ്ധ്യമുള്ളതുകൊണ്ടാണ്.

ഇപ്പോൾ സമകാലിക പശ്ചാത്തലത്തിൽ പരി.കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി, ഇരിങ്ങാലക്കുട എന്നീ രൂപതകളിലെയും ഫരീദാബാദ് രൂപതയിലെയും വിശ്വാസികളുടെ പരസ്പര വിരുദ്ധമായ പ്രതികരണങ്ങളെ ഒന്നു വിലയിരുത്തുകയാണ്. എറണാകുളം-അങ്കമാലി, ഇരിങ്ങാലക്കുട എന്നീ രൂപതകളിലെ വിശ്വാസികൾ പരി.കുർബാന ഏകീകരണത്തിനെതിരെ തെരുവിൽപോലും പ്രതിഷേധപ്രകടനങ്ങൾ നടത്തി. അതേസമയം ഫരീദാബാദ് രൂപതയിലെ വിശ്വാസികൾ സിനഡുതീരുമാനം നടപ്പിലാക്കിക്കിട്ടാൻവേണ്ടി സമരമുഖത്താണ്. എന്തുകൊണ്ടാണ് ഒരേ സഭയിലെ വിശ്വാസികൾ ഇങ്ങനെ വ്യത്യസ്തമായി പ്രതികരിക്കുന്നത് എന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ… അവിടെയാണ് സഭാത്മകമായ വിശ്വാസപരിശീലനം ലഭിച്ച വിശ്വാസികളും അതു ലഭിക്കാത്ത വിശ്വാസികളും തമ്മിലുള്ള വ്യത്യാസം. ഫരീദാബാദിലെ വിശ്വാസികൾ കേരളത്തിലെ വ്യത്യസ്ത രൂപതകളിൽനിന്നുള്ളവരാണ്. എങ്കിലും കഴിഞ്ഞ നവംബർ 28 വരെ അവർ ആ രുപതയിൽ അർപ്പിക്കപ്പെട്ടുകൊണ്ടിരുന്ന പൂർണ ജനാഭിമുഖകുർബാനയിൽ ഒരു പരാതിയുംകൂടാതെ പങ്കെടുത്തിരുന്നു. അതുകൊണ്ടുതന്നെ സഭയുടെ സിനഡ് പരി.കുർബാനയുടെ ഏകീകരണത്തെക്കുറിച്ച് തീരുമാനം എടുത്തതിനുശേഷം, സിനഡു നിശ്ചയിച്ച രീതിയിലുള്ള പരി.കുർബാനയർപ്പണം തങ്ങളുടെ അവകാശമാണെന്ന ബോധ്യത്തിൽ മെത്രാന്റെയും ചില വൈദികരുടെയും വ്യക്തിതാല്പര്യങ്ങളെ ചോദ്യംചെയ്യാൻമാത്രം ധാർമ്മിക കരുത്തുള്ളവരായി അവർ മാറി.

എന്നാൽ എറണാകുളം-അങ്കമാലി, ഇരിങ്ങാലക്കുട തുടങ്ങിയ രൂപതകളിലെ വിശ്വാസികളായ നിങ്ങൾക്കെന്താണ് സംഭവിച്ചതെന്നു നിങ്ങൾ അറിയണം. കുറേ സത്യങ്ങൾ നിങ്ങളുടെ ഇടയന്മാർ നിങ്ങളിൽനിന്നു മറച്ചുവയ്ക്കുകയും കുറേയേറെ കള്ളങ്ങൾ നിങ്ങളുടെ മനസുകളിൽ അടിച്ചേല്പിക്കുകയും ചെയ്തു. മറച്ചുവയ്ക്കപ്പെട്ട ഏറ്റവുംപ്രധാനപ്പെട്ട സത്യം പരി.കുർബാനയുടെ ഏകീകരണമെന്നത് സിനഡ് ഒരു സുപ്രഭാതത്തിൽ ആരോടും ആലോചിക്കാതെ പെട്ടെന്നെടുത്ത തീരുമാനം അല്ലെന്നുള്ളതാണ്. 1999-ലാണ് ഇങ്ങനെയൊരു തീരുമാനം സിനഡ് സ്വീകരിക്കുന്നത്. 2000 ജൂലൈ 3-ാം തിയതി പ്രാബല്യത്തിൽ വന്ന ഈ തീരുമാനം സ്വന്തം ബോധ്യങ്ങളോടും പഠനങ്ങളോടും യോജിക്കുന്നതല്ലായിരുന്നെങ്കിലും സഭയുടെ ഐക്യത്തിനുവേണ്ടി അന്നു മുതൽ കഴിഞ്ഞ 22 വർഷങ്ങളായി ഞാനുൾപ്പെടുന്ന കാഞ്ഞിരപ്പള്ളി രൂപതയുൾപ്പെടെ അതു തുടർന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ അന്ന് ആ തീരുമാനത്തെ അവഗണിച്ച് വീണ്ടും പൂർണ ജനാഭിമുഖകുർബാന തുടരാൻ ചില രൂപതകൾ ശാഠ്യം പിടിച്ചപ്പോൾ സഭ അതിനനുവാദം നല്കിയത് എത്രയുംപെട്ടെന്ന് വിശ്വാസികളെ പഠിപ്പിച്ച് ഏകീകൃതബലിയർപ്പണരീതി എല്ലായിടത്തും തുടങ്ങണമെന്ന നിർദേശത്തോടെയാണ്. എന്നാൽ കഴിഞ്ഞ 22 വർഷങ്ങളിൽ അതേക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി നിങ്ങളുടെ അജപാലകരിൽനിന്ന് ഒരു വാക്കെങ്കിലും കേട്ടവർ നിങ്ങളുടെ ഇടയിൽ ഉണ്ടോ? ശരിയായത് നിങ്ങളെ പഠിപ്പിച്ചില്ല എന്നു മാത്രമല്ല ഒത്തിരിയേറെ കള്ളങ്ങൾ നിങ്ങളോടു പറയുകയും ചെയ്തു നിങ്ങളുടെ അജപാലകർ. സിനഡിന്റെ തീരുമാനമനുസരിച്ചുള്ള പരി.കുർബാനയർപ്പണത്തിനു സമ്മതിച്ചാൽ ജപമാലയും കുരിശിന്റെ വഴിയും ആരാധനയുംപോലുള്ള ഭക്താനുഷ്ഠാനങ്ങളും നിരോധിക്കുമെന്ന് അൾത്താരയിൽനിന്നുപോലും പറയാൻ മടിയില്ലാത്ത ചില അജപാലകരെ സോഷ്യൽമീഡിയായിൽ കാണാനിടയായി. ചുരുക്കത്തിൽ നിങ്ങളുടെ അജപാലകർ നിങ്ങൾക്കുവേണ്ട വിശ്വാസപഠനങ്ങൾ നല്കിയില്ലെന്നു മാത്രമല്ല, കള്ളങ്ങൾ പറഞ്ഞ് നിങ്ങളെ തെറ്റായ അറിവിലേയ്ക്കു നയിക്കുകയും ചെയ്തു. തങ്ങൾക്കു ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ദൈവജനത്തിനു ശരിയായ മാർഗം കാണിക്കാതെ തെറ്റിലേയ്ക്കു നയിക്കുന്ന അവർ ചെയ്തുകൊണ്ടിരിക്കുന്ന തെറ്റിന്റെ ഗൌരവം അവർ മനസിലാക്കുന്നില്ലെങ്കിലും നിങ്ങൾ മനസിലാക്കണം.

സീറോമലബാർ സഭയുടെ ചരിത്രഗതിയിൽ സംഭവിച്ച ചില അധിനിവേശങ്ങൾമൂലം ആശയപരമായി വ്യത്യസ്ഥ ധ്രുവങ്ങളിൽ നില്ക്കുന്നവർ ഉണ്ടെന്നുള്ളത് യാഥാർത്ഥ്യമാണ്. എന്നാൽ ഐക്യത്തിന്റെ കൂദാശയായ പരി.കുർബാനയർപ്പണത്തിൽ ഏകീകൃതരീതിവേണമെന്നു സഭയൊന്നടങ്കം ആഗ്രഹിക്കുമ്പോൾ വ്യക്തിതാല്പര്യങ്ങളും സ്വാർത്ഥചിന്തകളും മാറ്റിവച്ച് അതിനോടു സഹകരിക്കുകയെന്നത് ക്രൈസ്തവധർമ്മമാണ്. ജനാഭിമുഖ കുർബാനയാണ് ശരിയെന്നു സ്ഥാപിക്കാൻ നിങ്ങളുടെ അജപാലകർ അവതരിപ്പിക്കുന്ന ന്യായങ്ങൾ പലതും ദൈവശാസ്ത്രപരമായും ആരാധനക്രമപരമായും നിലനില്പില്ലാത്തതാണെന്ന് അവർക്കുതന്നെ അറിയാം. മദ്ബഹാഭിമുഖത്തിന്റെയും ജനാഭിമുഖത്തിന്റെയും ദൈവശാസ്ത്രമൊക്കെ മാറ്റിവയ്ക്കാം. സാമാന്യമര്യാദയുടെ പേരിലെങ്കിലും സഭയുടെ തീരുമാനത്തോടു ചേർന്നു നില്ക്കാൻ നിങ്ങളുടെ അജപാലകർക്കു കഴിയണമായിരുന്നു. കാരണം അൾത്താരാഭിമുഖ കുർബാനയ്ക്ക് ദൈവശാസ്ത്രപരവും വി.ഗ്രന്ഥാധിഷ്ഠിതവും പാരമ്പര്യാധിഷ്ഠിതവും സഭാ വിജ്ഞാനിയത്തിലധിഷ്ഠിതവുമായ നിരവധി അടിസ്ഥാനങ്ങൾ ഉള്ളപ്പോഴും അവയെക്കുറിച്ചുള്ള വ്യക്തിപരമായ ബോദ്ധ്യങ്ങളെല്ലാം മാറ്റിവച്ച് വി.കുർബാന കൂട്ടായ്മയുടെ ആഘോഷമാണെന്ന അനുഭവത്തിൽ സഭയോടു ചേർന്നുനിന്ന് കഴിഞ്ഞ 22 വർഷങ്ങളായി സിനഡു നിർദേശിച്ച രീതിയിൽ പരി. കുർബാനയർപ്പിക്കുന്ന രൂപതകളുണ്ട്. അവരുടെ വികാരത്തെ മാനിക്കാനുള്ള സാമാന്യമര്യാദയെങ്കിലും ആകാമായിരുന്നു. പരി.കുർബാന, നിങ്ങളെ അവർ പഠിപ്പിച്ചതുപോലെ ആരുടെയും അവകാശമല്ല, അതു ദൈവത്തിന്റെ ദാനമാണ്. അതുകൊണ്ടുതന്നെ നാമെല്ലാവരും പ്രത്യേകിച്ച് പട്ടംകിട്ടിയ വൈദികർ അതിന്റെ വിശ്വസ്തരായ ശുശ്രൂഷകരാകേണ്ടവരാണ്.

സീറോമലബാർ സഭയിലെ 35 രൂപതകളിൽ 32 രൂപതകളും സിനഡുതീരുമാനത്തിനൊപ്പം നിന്ന് സഭയുടെ ഐക്യവും കൂട്ടായ്മയും പ്രകടിപ്പിച്ചപ്പോൾ അതിനോടു മറുതലിച്ചു നില്ക്കാൻ പരിശീലിപ്പിക്കപ്പെട്ട നിങ്ങളുടെ മാനസികാവസ്ഥ എല്ലാവർക്കും മനസിലാകും. നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ അജപാലകർക്കു ദൈവത്തിന്റെ കരുണ ലഭിക്കാൻ പ്രാർത്ഥിക്കുകയെന്നതാണ്. കാരണം തങ്ങളുടെ അജപാലനദൌത്യങ്ങളിൽ അവർ തുടരുന്ന ശൈലി നാശോന്മുഖമാണ്. ദൈവം കരുണ കാണിക്കട്ടെ…

(മാർപ്പാപ്പയുടെ വാക്കുകളെപ്പോലും തങ്ങളുടെ താല്പര്യമനുസരിച്ച് വ്യാഖ്യാനിക്കുന്നവർ എന്റെ ഈ വാക്കുകളെ എങ്ങനെയായിരിക്കും സ്വീകരിക്കുകയെന്നത് ഊഹിക്കാവുന്നതേയുള്ളു. എങ്കിലും മനസാക്ഷിയുടെ സ്വരം നിർബന്ധിക്കുന്നതുകൊണ്ടുമാത്രമാണ് കടന്നൽകൂട്ടിൽ കല്ലെറിയാൻ മുതിർന്നത്. എന്നെ ദൈവം രക്ഷിക്കട്ടെ.)

Posted in SPIRITUAL

കോവിഡിൽനിന്നും ദൈവാനുഭവത്തിലേക്കു വളരാം…

കോവിഡ് പകർച്ചവ്യാധി വ്യാപകമാകുന്നതിന്റെ വെളിച്ചത്തിൽ സർക്കാരിൽനിന്നു ലഭിക്കുന്ന നിർദേശങ്ങളോട് പൂർണമായും സഹകരിച്ചുകൊണ്ട് വി.കുർബാനയുൾപ്പെടെയുള്ള കർമ്മങ്ങൾക്ക് ആളുകൾ കൂടുന്നത് നിരുത്സാഹപ്പെടുത്തിക്കൊണ്ട് മിക്ക രൂപതകളും ഇതിനോടകംതന്നെ അറിയിപ്പുകൾ നല്കിക്കഴിഞ്ഞു. അതോടൊപ്പം ഭവനങ്ങളിൽ കൂടുതൽ സമയം പ്രാർത്ഥനകളിൽ ചിലവഴിക്കാനും അഭി. പിതാക്കന്മാർ വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നുണ്ട്. അതേസമയം പള്ളികളിൽ വി. കുർബാനയർപ്പണം മുടക്കംകൂടാതെ നടത്തണമെന്ന നിർദേശം വൈദികർക്കും നല്കിയിട്ടുണ്ട്.

സഭയുടെ ഔദ്യോഗിക ആരാധനക്രമത്തിന്റെ പ്രധാനഘടകമായ വി.കുർബാനയുടെ വലിയൊരു ചൈതന്യം ഗ്രഹിക്കാൻ ഈ അവസരം ഉപയോഗിക്കാം. വി.കുർബാന കൂട്ടായ്മയുടെ വലിയ ആഘോഷമാണ്. അത് പള്ളിയിൽ ശാരിരികമായി സന്നിഹിതമായിരിക്കുന്നവരുടെമാത്രം കൂട്ടായ്മയല്ല. മറിച്ച് ത്രിത്വൈകദൈവത്തിന്റെയും അവിടുത്തെ തിരുസന്നിധിയിൽ നിരന്തരം അവിടുത്തെ ആരാധിക്കുന്ന സ്വർഗീയഗണങ്ങളുടെയും സകലവിശുദ്ധരുടെയും സകലമരിച്ചവരുടെയും ഭൂമിയിൽ ജീവിച്ചിരിക്കുന്ന സകല വിശ്വാസികളുടെയും കൂട്ടായ്മയുടെ ആഘോഷമാണത്. വി.കുർബാനയിലെ വിവിധ പ്രാർത്ഥനകളും ഗീതങ്ങളും നമുക്കതു വ്യക്തമാക്കിത്തരുന്നുണ്ട്.

വി. കുർബാനയ്ക്കുവേണ്ടി നമ്മൾ പള്ളിയകത്തേക്കു പ്രവേശിക്കുമ്പോൾ ഈ ലോകത്തിൽ നിന്നു വ്യത്യസ്തമായ മറ്റൊരു സ്ഥലത്തേക്കും സമയത്തേക്കുമാണ് നാം പ്രവേശിക്കുന്നത്. ചരിത്രത്തിൽ ഒരിക്കൽ ഈശോമിശിഹായിലൂടെ പൂർത്തിയായ രക്ഷാകരസംഭവങ്ങളെ നമുക്കുമുമ്പിൽ എന്നും യാഥാർത്ഥ്യമാക്കുന്ന അടയാളങ്ങളും പ്രതീകങ്ങളുമാണ് പള്ളിയും വി. കുർബാനയിലെ പ്രാർത്ഥനകളും അനുഷ്ഠാനങ്ങളുമെന്ന സത്യം ഈ ബോദ്ധ്യത്തിലേക്കു നമ്മെ വളർത്തുന്നു. ഭൂമിയുടെ പ്രതീകമായ ഹൈക്കലായും സ്വർഗത്തിന്റെ പ്രതീകമായ മദ്ബഹായും അവിടെ അവിടെ അർപ്പിക്കപ്പെടുന്ന വി.കുർബാനയിലെ വ്യത്യസ്ത കർമ്മങ്ങളും പ്രാർത്ഥനകളുമെല്ലാം സമയത്തിനും കാലത്തിനും ദേശത്തിനുമെല്ലാം അതീതമായ കൂട്ടായ്മാ അനുഭവത്തിലേക്കു നമ്മെ നയിക്കണം. ഇത്രയും ശ്രേഷ്ഠമായ കൂട്ടായ്മാ അനുഭവത്തിലേക്കാണു വി. കുർബാനയിലൂടെ നാം പ്രവേശിക്കുന്നത് എന്ന യാഥാർത്ഥ്യം മനസിലാക്കി അഭിമാനത്തോടും അവകാശബോധത്തോടുംകൂടി വേണം നാം വി. കുർബാനയ്ക്കണയാൻ. വി. കുർബാനയ്ക്കു പള്ളിയകത്തു പ്രവേശിക്കുമ്പോൾ ഒരു നിമിഷം കണ്ണുകൾ അടച്ച് മുകളിൽ സൂചിപ്പിച്ചതുപോലെ താൻ മറ്റൊരു സ്ഥലത്തും കാലത്തുമാണ് നില്ക്കുന്നതെന്നും വലിയൊരു കൂട്ടായ്മയിലേക്കാണ് പ്രവേശിച്ചിരിക്കുന്നതെന്നും ബോദ്ധ്യപ്പെടാൻ കഴിഞ്ഞാൽ ആ വി. കുർബാനയർപ്പണം വലിയ അനുഭവമായി മാറും.

അതേസമയം നമുക്കറിയാവുന്നതുപോലെ വി. കുർബാനയിൽ സംബന്ധിക്കാൻ തീവ്രമായി ആഗ്രഹിച്ചിട്ടും സാധിക്കാത്ത അനേകായിരങ്ങൾ ലോകത്തിലുണ്ട്. സഭയുടെ സാന്നിദ്ധ്യം ഇല്ലാത്ത നാടുകളിലായതുകൊണ്ടോ ആരാധനാസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുന്നതുകൊണ്ടോ ശാരീരികമായ ബലഹീനതകൊണ്ടോ മറ്റെന്തെങ്കിലും സാഹചര്യംകൊണ്ടോ വി. കുർബാനയർപ്പണത്തിൽ പങ്കുചേരാൻ പറ്റാത്തവരോ ഒക്കെയായി അനേകായിരങ്ങൾ. എന്നാൽ മാമ്മോദീസാ സ്വീകരിച്ച് മിശിഹായുടെ ശരീരത്തിന്റെ ഭാഗമായതുകൊണ്ടുതന്നെ ഇങ്ങനെയുള്ളവരെല്ലാം ലോകത്തിൽ നടക്കുന്ന കുർബാനയർപ്പണമെന്ന അതിശ്രേഷ്ഠമായ കൂട്ടായ്മയിൽ പങ്കുചേരുന്നുണ്ട് എന്നതാണ് സത്യം. അതുപോലെ ആഗ്രഹമുണ്ടെങ്കിലും ഇപ്പോൾ പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ കുറച്ചുനാളുകൾ വി. കുർബാനയർപ്പണത്തിൽ ശാരിരികമായി പങ്കെടുക്കാൻ പറ്റാതെ വരുമ്പോഴും ഓരോ വി. കുർബാനയർപ്പണത്തിലും നാമെല്ലാവരും ആത്മീയമായി പങ്കുചേരുന്നുണ്ട് എന്ന സത്യം മനസിലാക്കി ആശ്വാസം കണ്ടെത്താൻ നമുക്കു കഴിയണം. അതോടൊപ്പം, മുകളിൽ സൂചിപ്പിച്ചതുപോലെ വർഷങ്ങളോളം വി. കുർബാനയർപ്പണങ്ങളിൽ ശാരിരികമായി പങ്കെടുക്കാൻ കഴിയാത്തവരുടെ മാനസികാവസ്ഥ മനസിലാക്കാനും അങ്ങനെയുള്ളവരെ ഇനിയുള്ള നമ്മുടെ വി. കുർബാനയർപ്പണങ്ങളിൽ ഓർക്കാനും പ്രാർത്ഥിക്കാനുമുള്ള ഒരവസരമായി നമുക്കിതിനെ കാണാം.

വി. കുർബാനപോലെതന്നെ പ്രധാനപ്പെട്ടതാണ് സഭയുടെ ആരാധനക്രമത്തിന്റെ മറ്റൊരു ഘടകമായ യാമപ്രാർത്ഥനകൾ. യഥാർത്ഥത്തിൽ ഞായറാഴ്ചകളിൽമാത്രം വി. കുർബാനയർപ്പണങ്ങൾ ഉണ്ടായിരുന്ന കാലങ്ങളിൽ മറ്റെല്ലാ ദിനങ്ങളിലും യാമപ്രാർത്ഥനകളായിരുന്നു സഭയുടെ ആത്മീയസ്രോതസ്. ഞായറാഴ്ചത്തെ വി.കുർബാനയ്ക്കുവേണ്ടി യാമപ്രാർത്ഥനചൊല്ലി ഒരുങ്ങിയിരുന്ന പാരമ്പര്യം സഭയ്ക്കുണ്ട്. ആ നല്ല ചൈതന്യത്തിലേക്ക് തിരിച്ചുപോകുവാനും ഈ അവസരം ഉപയോഗിക്കാം. വ്യക്തിപരമായും ഭവനങ്ങളിലും സഭയുടെ ഈ ഔദ്യോഗിക പ്രാർത്ഥനകൾ ചൊല്ലുമ്പോൾ സഭ മുഴുവൻ നമ്മോടൊത്തു പ്രാർത്ഥിക്കുകയാണെന്ന യാഥാർത്ഥ്യം നമുക്കനുഭവിക്കാം. സാങ്കേതികത വളർന്ന ഈ കാലത്തിൽ മാധ്യമങ്ങളിലൂടെ വി.കുർബാനയർപ്പണത്തിന്റെ ചിത്രങ്ങൾ നമ്മുടെ സ്വീകരണമുറിയിലെത്തുന്നു എന്നതു ശരിയാണ്. ആത്മീയചിന്തയിലേക്കു നയിക്കാൻ അതു നമ്മെ സഹായിക്കുകയും ചെയ്യും. എന്നാൽ ഒരിക്കൽ റെക്കോർഡ് ചെയ്തു സൂക്ഷിക്കുകയും പിന്നീട് മാധ്യമങ്ങളിലൂടെ പലപ്രാവശ്യം സംപ്രേഷണം ചെയ്യുകയും ചെയ്യുന്ന സജീവമല്ലാത്ത ആ പ്രദർശനംവഴി നമ്മുടെ ബലിയർപ്പണം പൂർണമാകുന്നുണ്ടെന്ന് വിചാരിക്കരുത്. അതേസമയം യാമപ്രാർത്ഥനകൾ സജീവമായി നടത്തിക്കൊണ്ട് കൂടുതൽ ദൈവാനുഭവത്തിലേക്കു പ്രവേശിക്കാൻ നമുക്കു കഴിയുകയും ചെയ്യും. ഇതു പരിശീലിക്കാൻ ഈ അവസരത്തിൽ നമുക്കു ശ്രമിക്കാം. നമ്മുടെ സഭയിൽ ഏഴു നേരത്തെ യാമപ്രാർത്ഥനകളാണുള്ളത്. ആ പ്രാർത്ഥനകൾ നമ്മുടെ മൊബൈൽ ഫോണിൽ ലഭ്യമാകുന്ന ആപ്ലിക്കേഷൻ ഉണ്ട്. അതിന്റെ ലിങ്ക് ഉപയോഗിച്ച് അത് ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാം. https://smliturgy.app.link

പകർച്ചവ്യാധിയുടെ പിടിയിൽനിന്ന് ലോകത്തെ രക്ഷിക്കണമെയെന്ന് സഭയോട് ചേർന്ന് പ്രാർത്ഥിക്കാം. ഒപ്പം രോഗികളെ ശുശ്രൂഷിക്കുന്നവർക്ക് ദൈവത്തിന്റെ ബലം നല്കണമെന്നും രോഗപ്രതിരോധമാർഗങ്ങൾ അന്വേഷിക്കുന്ന ശാസ്ത്രജ്ഞർക്കു ദൈവത്തിന്റെ വിജ്ഞാനം നല്കണമെന്നും.

Posted in SPIRITUAL

പാവം ദൈവം…

നിങ്ങൾ അച്ചന്മാർ ഇങ്ങനെ തുടങ്ങിയാൽ ഞങ്ങൾ എന്തു ചെയ്യും എന്നു ചോദിച്ചുകൊണ്ടാണ് ചേട്ടൻ മുറിയിലേക്കു കയറിവന്നത്. രാവിലെതന്നെ ലക്ഷണപ്പിശകാണല്ലോ എന്നു വിചാരിച്ച് എന്തു പറ്റി ചേട്ടായെന്ന ചോദ്യത്തിന് അദ്ദേഹം തന്റെ ഫോണെടുത്ത് വാട്ട്സ്ആപ്പിലെ ഒരു സന്ദേശം കാണിച്ചു. പരീക്ഷയെഴുതുന്ന കുട്ടികളുടെ മാതാപിതാക്കൾ കണ്ടിരിക്കേണ്ടത് എന്ന വിശേഷണത്തോടെ ഒരു വീഡിയോ. കേരളത്തിലെ ഒരു ധ്യാനകേന്ദ്രത്തിലെ സാക്ഷ്യം പറയുന്ന സ്ഥലമാണ് രംഗം. പരീക്ഷയിൽ പങ്കെടുക്കുന്ന കുട്ടികൾ എങ്ങനെയാണ് അതിനുവേണ്ടി തയ്യാറാകേണ്ടത് എന്ന വിധത്തിലോമറ്റോ ഉള്ള സന്ദേശമാകുമെന്നു കരുതി അതു കാണുവാൻ ആരംഭിച്ചു. പക്ഷെ അതു കണ്ടു കഴിഞ്ഞപ്പോൾ ചേട്ടന്റെ ആദ്യത്തെ ചോദ്യം വളരെ ന്യായമാണെന്നു തോന്നി. പഠിക്കാൻ അല്പം പോലും താല്പര്യമില്ലെന്നു ആവർത്തിച്ചു പറയുന്ന രണ്ടു പെൺകുട്ടികളാണ് സാക്ഷ്യംപറയുന്നത്. ചുരുക്കത്തിൽ ഒന്നും പഠിക്കാതെ പരീക്ഷയുടെ സമയമായപ്പോൾ ആരോ ഈ കുട്ടികളെ ധ്യാനകേന്ദ്രത്തിലേക്കു നിർബന്ധിച്ചു വിട്ടതാണ്. അവരാകട്ടെ കഷ്ടിച്ചു ജയിച്ചുകിട്ടിയാൽ മതിയെന്നു പ്രാർത്ഥിക്കുകയും ചെയ്തു. റിസൾട്ടു വന്നപ്പോൾ മഹാത്ഭുതം! രണ്ടുപേർക്കും 88 ശതമാനം മാർക്ക്. ധ്യാനഗുരുവിനുപോലും വിശ്വസിക്കാൻ പറ്റുന്നില്ല. പരീക്ഷാദിവസങ്ങളിൽപോലും രാവിലെ എഴുന്നേറ്റ് ടിവിയിൽ ധ്യാനകേന്ദ്രത്തിന്റെ ശുശ്രൂഷ കൂടിയിട്ടാണ് തങ്ങൾ പരീക്ഷയ്ക്കു പോയതെന്നും അവർ സാക്ഷ്യം പറയുന്നു.

ക്രൈസ്തവ ആത്മീയതയിൽ വന്നു ചേർന്നിരിക്കുന്ന അപചയത്തിന്റെ നേർക്കാഴ്ച്ചയാണ് ഈ സാക്ഷ്യം. വിദ്യാർഥികളായ കുട്ടികളുടെ എറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വം നന്നായി പഠിക്കുകയെന്നതാണ്. തീർച്ചയായിട്ടും പഠനത്തോടൊപ്പം ദൈവവിചാരംകൂടി ചേർന്നാലെ പഠനം പരമസത്യത്തിലേക്കു നയിക്കൂ. പക്ഷെ പ്രധാന ഉത്തരവാദിത്വം മറന്ന് അടിച്ചുപൊളിച്ചു നടന്നിട്ട് പരീക്ഷയാകുമ്പോൾ പോയി തിരുമുമ്പിൽ കുമ്പിട്ടുനിന്നാൽ ഉന്നതവിജയം ദാനമായി നല്കാൻ ദൈവമെന്താ നമ്മുടെ കൈക്കൂലിയും ശുപാർശയും വാങ്ങി അനുഗ്രഹങ്ങൾ നല്കുന്ന വെറും സർക്കാർ ഉദ്യോഗസ്ഥനോ!? ഇതുപോലുള്ള സാക്ഷ്യങ്ങൾ ധ്യാനഗുരുവിന്റെ സവിശേഷമായ അവതരണത്തോടെ സമൂഹത്തിൽ പങ്കുവയ്ക്കപ്പെടുമ്പോൾ അതു നമ്മുടെ കുഞ്ഞുങ്ങൾക്ക് അവരുടെ ഉത്തരവാദിത്വനിർവഹണത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചുതന്നെയും നല്കുന്ന സന്ദേശം എന്തായിരിക്കും?

ഇതൊരു സാമ്പിളാണ്. സമകാലിക ക്രൈസ്തവവിശ്വാസത്തിന്റെ സാമ്പിൾ. ജിവിത്തിന്റെ എല്ലാ മേഖലയിലും ഇതുപോലുള്ള അന്ധവിശ്വാസങ്ങൾ അടിയുറച്ചുകഴിഞ്ഞു. ജീവിതത്തിൽ ഏറ്റെടുക്കേണ്ടതും നിർവഹിക്കേണ്ടതുമായ ഉത്തരവാദിത്വങ്ങൾ മറന്നിട്ട് നേർച്ചകാഴ്ച്ചകൾ സമർപ്പിച്ച് ദൈവത്തെ പ്രീതിപ്പെടുത്തി ജീവിക്കാൻ ശ്രമിക്കുന്നവരുടെ എണ്ണം വിശ്വാസികളുടെ ഇടയിൽ കൂടിക്കൊണ്ടിരിക്കുകയാണ്. അതുപോലെതന്നെ, ജീവിതത്തിൽ എല്ലാ വക്രതയും സൂക്ഷിക്കുകയും കൂടെയുള്ളവരെയും മറ്റുള്ളവരെയും പരമാവധി ദ്രോഹിക്കുകയും ചെയ്തിട്ട് ദൈവത്തിന്റെ മുമ്പിൽ കൈകൾ കൂപ്പുകയും ‘ഭക്തരായി’ ജീവിക്കുകയും ചെയ്യുന്നവരും കൂടിവരുന്നു. മുകളിൽ സൂചിപ്പിച്ചതുപോലെയുള്ള “ശുശ്രൂഷ”കളാണ് ഇതുപോലുള്ള അപചയങ്ങൾ വിശ്വാസികളുടെ ജീവിതത്തിൽ വരുത്തിക്കൊണ്ടിരിക്കുന്നത്.

ധ്യാനകേന്ദ്രങ്ങൾ അവയുടെ സ്വാഭാവികലക്ഷ്യം മറന്ന് പ്രവർത്തിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഇടവകയിലെ വിശുദ്ധ കൂദാശയർപ്പണങ്ങളിൽ പങ്കെടുത്ത് ദൈവപരിപാലന അനുഭവിച്ച് ജീവിക്കാൻ വിശ്വാസികളെ പരിശീലിപ്പിക്കുന്നതിനു പകരം തങ്ങളുടെ കേന്ദ്രത്തിന്റെ അടിമകളാക്കി അവരെ രൂപാന്തരപ്പെടുത്തുന്ന കർമ്മപദ്ധതികളാണ് പല ധ്യാനകേന്ദ്രങ്ങളും തുടരുന്നത്. ക്രൈസ്തവ ആത്മീയതയ്ക്കു വ്യത്യസ്ത ധ്യാനകേന്ദ്രങ്ങളുടെ നിറങ്ങൾ നല്കുന്നതിനു പകരം എല്ലാ ധ്യാനകേന്ദ്രങ്ങളിലും സഭയുടെ ആത്മീയതയായിരുന്നു പങ്കുവയ്ക്കപ്പെടേണ്ടിയിരുന്നത്. നിർഭാഗ്യവശാൽ അതിനു ശ്രമിക്കുന്ന കേന്ദ്രങ്ങൾ വിരളമാണ്. കൂടാതെ അബന്ധങ്ങളും അന്ധവിശ്വാസങ്ങളും ഭയപ്പാടുകളുമെല്ലാം വിശ്വാസികളിൽ നിറയ്ക്കുന്ന ശുശ്രൂഷകൾ അവിടെയൊക്കെ ധാരാളമാണു താനും. അവയുടെയൊക്കെ തിക്തഫലങ്ങൾ അനുഭവിക്കുന്ന സാധാരണവിശ്വാസികൾക്ക് ഇപ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യമുണ്ട്. എന്തുകൊണ്ട് സഭാധികാരികൾക്ക് തങ്ങളുടെ അധികാരത്തിൻകീഴിലുള്ള കേന്ദ്രങ്ങളിലെ ഇതുപോലുള്ള കുറവുകളെ തിരുത്താൻ കഴിയുന്നില്ല എന്ന്. ഇത്തരം കേന്ദ്രങ്ങളുടെമേലുള്ള അധികാരം ഇപ്പോഴും അധികാരികളുടെ കൈകളിൽത്തന്നെ ഉണ്ടോയെന്നത് എന്റെയും സംശയമാണ്.

കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയ ‘ട്രാൻസ്’ എന്ന മലയാള സിനിമ കത്തോലിക്കാസഭയുടെ വിശ്വാസാചാരങ്ങളെ അപകീർത്തിപ്പെടുത്തുന്നു എന്ന വിമർശനം പലരും സോഷ്യൽമീഡിയായിൽ പ്രകടിപ്പിക്കുന്നതു കണ്ടു. യഥാർത്ഥത്തിൽ മറ്റേതോ സമൂഹങ്ങളുടെ ശൈലികളുമായി ബന്ധപ്പെടുത്തിയാണ് ആ ചിത്രത്തിന്റെ അവതരണമെന്ന സത്യം മനസിലാക്കാതെ ആകാശത്തുകൂടിപ്പോയ പ്രശ്നത്തെ തോട്ടികെട്ടി പിടിച്ചാണ് ആ വിമർശനങ്ങളൊക്കെ നടത്തിയതെന്നു പറയുമ്പോഴും നമ്മൾ ചിന്തിക്കേണ്ട മറ്റൊരു വസ്തുതയുണ്ട്. കത്തോലിക്കാസഭയുടെ ആത്മീയതയും അതു പ്രകടിപ്പിക്കുന്ന ശൈലികളും വിശ്വാസത്തിലും അനുഷ്ഠാനങ്ങളിലും അജഗജാന്തരമുള്ള മറ്റുചില സമൂഹങ്ങളുടെ ശൈലികളുംതമ്മിൽ വേർതിരിച്ചറിയാൻ കഴിയാത്തവിധം സാമ്യങ്ങളുണ്ടെങ്കിൽ നാം ഒരു ആത്മശോധന നടത്തിയേ മതിയാകു.

ഏതായാലും, ദൈവം നല്കിയിരിക്കുന്ന കൃപകളെയും സാഹചര്യങ്ങളെയും ദൈവത്തിന്റെ ഹിതമനുസരിച്ച് സഭയുടെ ശരിയായ വിശ്വാസത്തിന്റെ വളർച്ചയ്ക്ക് ഉപയോഗിക്കാതെ സ്വന്തം പേരിനും തന്റെ ധ്യാനകേന്ദ്രത്തിന്റെ പരസ്യത്തിനും വേണ്ടി ഉപയോഗിക്കുന്നവർ കടുത്ത തിന്മയാണ് വിശ്വാസത്തോടും സഭയോടും ചെയ്യുന്നത്. മാത്രമല്ല, തെറ്റായ ബോദ്ധ്യങ്ങളിലേക്കും ആത്മീയ ജീവിതശൈലികളിലേക്കും വിശ്വാസികളെ തള്ളിവിടുന്ന ഇത്തരം പ്രവണതകളെ നിയന്ത്രിക്കാത്ത ഉത്തരവാദിത്വപ്പെട്ടവരും ദൈവം തങ്ങളെ ഏല്പിച്ചിരിക്കുന്ന തങ്ങളുടെ കടമകൾ ശരിയായ വിധത്തിൽ നിർവഹിക്കാത്തവരാണ്.

Posted in SPIRITUAL

നാം കണ്ണുകൾ തുറക്കണം

 

“അച്ചൻ ഇനി ആ സുവിശേഷം എന്നോടു പറയരുത്.” സമീപകാലത്ത് സഭയ്ക്കെതിരെയുണ്ടായിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ തന്‍റെ വിഷമം പങ്കുവച്ച ഒരു സുഹൃത്തിനോട് രക്തസാക്ഷികളുടെ ചുടുനിണത്താൽ തഴച്ചുവളരപ്പെട്ട സഭയാണ് നമ്മുടേതെന്നും ഒന്നും പേടിക്കണ്ടായെന്നുമൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിച്ച എന്‍റെ മുഖമടച്ചു കിട്ടി മറുപടിയാണിത്. അവിടംകൊണ്ടും അയാൾ അവസാനിപ്പിച്ചില്ല. “അച്ചോ ഇറാക്കിലും സിറിയായിലുമൊക്കെ ക്രൈസ്തവർക്ക് ഉന്മൂലനാം വന്നപ്പോഴും നിങ്ങൾ അച്ചന്മാർ ഇങ്ങനെയൊക്കെത്തന്നെയല്ലേ പറഞ്ഞുകൊണ്ടിരുന്നത്… അവിടെയുള്ള സഭയുടെ അവസ്ഥയിപ്പോൾ എന്താ… വിശ്വാസത്തിന്‍റെ പേരിൽ ഒരു രോമംപോലും നഷ്ടപ്പെടാത്തവർക്ക് തങ്ങളുടെ സേഫ് സോണിലിരുന്നുകൊണ്ട് ഇങ്ങനെയൊക്കെ പ്രസംഗിക്കാം…” വയറു നിറച്ചു കിട്ടിയപ്പോൾ അല്പം സമാധാനമായെങ്കിലും കേട്ട കാര്യങ്ങൾ ഇപ്പോഴും ദഹിക്കാതെ ഉള്ളിൽ കിടക്കുകയാണ്. രക്തസാക്ഷികളുടെ ചുടുനിണം വീണ് തഴച്ചുവളർന്ന സഭയാണ് നമ്മുടേതെന്നത് നമ്മൾ കേട്ടു തഴമ്പിച്ച ഒരു മുദ്രാവാക്യമാണ്. ആദിമസഭയുടെ ചരിത്രം നമ്മെ ബോദ്ധ്യപ്പെടുത്തുന്നതും മറ്റൊന്നല്ല. പക്ഷെ ആ വലിയ മുദ്രാവാക്യത്തെ ശരിയായി മനസിലാക്കാൻ നമ്മൾ ഇപ്പോൾ പരാജയപ്പെടുന്നുണ്ടോ എന്ന സംശയം ഉള്ളിൽ അവശേഷിക്കുന്നു.

ചരിത്രത്തിന്റെ ഓരോ നാഴികയിലും സഭ പ്രതിസന്ധികളിലൂടെത്തന്നെയാണ് കടന്നുപോന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ സഭയ്ക്കെതിരേയുള്ള ആക്രമണങ്ങളെ സഭ ഭയക്കുന്നുമില്ല. എന്നാൽ നൂതനമായ ആയുധങ്ങളുമായി യുദ്ധത്തിനിറങ്ങിയിരിക്കുന്ന ശത്രുവിനെ തിരിച്ചറിയാനും ഉചിതമായി പ്രതികരിക്കാനും നമ്മൾ പരാജയപ്പെടുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. പൊതുവേ സമാധാനപ്രിയരായ മനുഷ്യർ ജീവിക്കുന്ന നാട്ടിൽ സായുധയുദ്ധത്തെക്കാൾ ഫലപ്രദമാകുന്നത് മറ്റുപല ആധുനികയുദ്ധമുറകളുമാണെന്ന് ശത്രു തിരിച്ചറിഞ്ഞിരിക്കുന്നു. അതുമനസിലാക്കി ഉചിതമായി പ്രതികരിക്കുവാൻ നാം സജ്ജരായേ മതിയാകു.

ഇന്ന് സഭയെയും വിശ്വാസത്തെയും ആക്രമിക്കാൻ ഉപയോഗിക്കപ്പെടുന്ന ഏറ്റവും വലിയ ആയുധം മാധ്യമങ്ങളാണ്. മനുഷ്യന്റെ ചിന്താശേഷിയേയും പ്രതികരണങ്ങളെയും വളരെ ആഴത്തിൽ സ്വാധീനിക്കാൻ മാധ്യമങ്ങൾക്കു കഴിയും എന്നത് നിസ്തർക്കമാണ്. അതുകൊണ്ടാണല്ലോ സമീപകാലങ്ങളിലുണ്ടായ പല കേസുകളെക്കുറിച്ചും മാധ്യമങ്ങൾ ആവർത്തിച്ചുപറഞ്ഞു പതംവരുത്തിയ കഥകളുടെ പശ്ചാത്തലത്തിൽ പലരും സഭയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്നൊക്കെ പറയുന്നത്. അങ്ങനെ അഭയാക്കേസിലെ പ്രതികളായ വൈദികർ തങ്ങളുടെ കൂട്ടുപ്രതിയോടൊപ്പം ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ കോട്ടയം പട്ടണത്തിലൂടെ വെളുപ്പാൻകാലത്ത് സ്കൂട്ടർ ഓടിച്ച് ചെന്ന് ഹോസ്റ്റലിന്റെ മതിൽ ചാടിക്കടന്ന് അടുക്കളയിൽ പ്രവേശിച്ച് കാര്യം സാധിച്ചുവെന്നു പല വിശ്വാസികൾപ്പോലും ഇന്നും വിശ്വസിക്കുന്നു. കൂടാതെ പ്രതികളെ രക്ഷിക്കാൻ തങ്ങൾ മുണ്ടുമുറുക്കിയുടുത്തും പിടിയരി പിരിച്ചും ഉണ്ടാക്കിയ അഞ്ഞൂറുകോടി സഭ ഉപയോഗിച്ചുവെന്നും. അതുപോലെ ബിഷപ്പ് ഫ്രാങ്കോ ഒരു സന്ന്യാസസമൂഹത്തിന്റെ മേലധികാരിയായിരുന്ന ഒരു സന്ന്യാസിനിയെ അവരുടെ താമസസ്ഥലത്തു ചെന്ന് പതിമൂന്ന് പ്രാവശ്യം പീഡിപ്പിച്ചുവെന്നും ജനം വിശ്വിക്കുന്നു. പലതരം കൊടുങ്കാറ്റിലും തകരാതെ നില്ക്കുന്ന സഭയുടെ കെട്ടുറപ്പിൽ കലിപ്പുള്ളവരാണ് ഇതുപോലുള്ള ആരോപണങ്ങൾ സഭയിലെ മെത്രാന്മാർക്കും വൈദികർക്കും കന്യാസ്ത്രീമാർക്കും എതിരെയുണ്ടാകുമ്പോൾ അതിനു പൊടിപ്പും തൊങ്ങലുംവെച്ച് കഥകളുണ്ടാക്കി സമൂഹത്തിൽ വിതറുന്നത്. സഭയുടെ നേതൃത്വത്തിലുള്ളവരുടെ ധാർമ്മികതയെ കളങ്കപ്പെടുത്തുകയും വിശ്വാസാനുഷ്ഠാനങ്ങളെ അവഹേളിക്കുകയും ചെയ്യുകയാണ് വിശ്വാസികളെ സഭയിൽനിന്ന് അകറ്റാനുള്ള എളുപ്പവഴിയെന്ന് ശത്രുക്കൾക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെ മുഖ്യധാരാമാധ്യമങ്ങളുൾപ്പെടെയുള്ളവർ അല്പസത്യങ്ങളെയും അസത്യങ്ങളെയും മസാലചേർത്ത് സമൂഹത്തിൽ വിളമ്പാൻ മത്സരിക്കുകയാണ്. ഒപ്പം,  സഭയിൽ അവിടെയും ഇവിടെയുമൊക്കെ ഇടയ്ക്കുണ്ടാകന്ന തെറ്റുകളെയും കുറ്റകൃത്യങ്ങളെയും സാമാന്യവത്ക്കരിച്ച് ഒരു സമുദായത്തെത്തന്നെ ചെളിക്കുഴിയിൽ നിറുത്താൻ നിരന്തരം ശ്രമിക്കുകയും ചെയ്യുന്നു.  അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കൂടത്തായി കേസിലെ പ്രതി മതാദ്ധ്യാപികയായിരുന്നു എന്നും വ്യത്യസ്ത ധ്യാനകേന്ദ്രങ്ങളിലെ നിത്യസന്ദർശകയായിരുന്നു എന്നും ഒരു സാത്താൻ സേവകൻ പടച്ചുവിട്ട സാഹിത്യം യാതൊരു അന്വേഷണവും നടത്താതെ മനോരമ അടക്കമുള്ള ചില മാധ്യമങ്ങൾ പ്രസിദ്ധപ്പെടുത്തിയത്.

അതുപോലെ ക്രൈസ്തവസമുദായത്തെ ദുർബലപ്പെടുത്തുവാനുള്ള ഏറ്റവും നല്ല മാർഗം കുടുംബങ്ങളെ ശിഥിലീകരിക്കുകയെന്നതാണെന്നു തിരിച്ചറിയുവർ ലൌ ജിഹാദ് പോലെയുള്ള ഹീനകൃത്യങ്ങളുമായി ക്രൈസ്തവകുടുംബങ്ങളെ തകർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അനേകം പെൺകുട്ടികൾ ഇതുപോലുള്ള ചതിവിൽപെട്ട് ജീവിതം തകരുമ്പോഴും ലൌ ജിഹാദ് ചില തല്പരകക്ഷികളുടെ ഭാവനാസൃഷ്ടിമാത്രമാണെന്നു പരസ്യപ്പെടുത്തുന്ന മാധ്യമങ്ങളാണിന്നുള്ളത്. ദീപികയും ചില ഓൺലൈൻ മാധ്യമങ്ങളും ചില വ്യക്തികളും  മാത്രമാണ് ഇതിന്റെ ഭീകരത വെളിച്ചത്തു കൊണ്ടുവന്നത്. പ്രണയം നടിച്ചും പീഢിപ്പിച്ചും മതം വളർത്താൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന സാത്താന്റെ സന്തതികളെ തിരിച്ചറിയാൻ നമ്മുടെ പെൺകുട്ടികൾ പരാജയപ്പെടുന്നത് വിശ്വാസബോദ്ധ്യങ്ങളുടെയും ബോധവത്ക്കരണത്തിന്റെയും കുറവുകൊണ്ടുതന്നെയാണ്.

ഈ സാഹചര്യത്തിലാണ് രക്തസാക്ഷികളുടെ ചുടുനിണത്തിന്റെ ചരിത്രമൊക്കെപറഞ്ഞ് ഊറ്റംകൊള്ളുന്നതിലെ അസാംഗത്യം എന്‍റെ സുഹൃത്ത് ചൂണ്ടിക്കാണിച്ചത്. ക്രൈസ്തവചൈതന്യം കുടികൊള്ളുന്നത് പ്രതിന്ധികളുടെ മുമ്പിൽ നിർവികാരതയോടെ നിന്ന് തല്ലുവാങ്ങി രക്തസാക്ഷിയാകുന്നതിലല്ല, മറിച്ച് ധാർമ്മികബോധത്തോടെ അനീതിയെ ചെറുക്കുന്നതിലും അതുമൂലമുണ്ടാകുന്ന അനുഭവങ്ങളെ ക്ഷമയോടെ സ്വീകരിക്കുന്നതിലുമാണെന്നു നാം തിരിച്ചറിയണം. നിസംഗത പാപമാണെന്നും അതിനെ പുല്കി ജിവിക്കുന്നത് തിന്മയാണെന്നും നാം പഠിച്ചേ പറ്റു. അതോടൊപ്പം കൂദാശകളോടു ചേർന്നു ജീവിച്ച് ജീവിതം യുദ്ധസന്നദ്ധമാക്കുകയും വേണം.

Posted in SPIRITUAL

പത്രമാണിന്ന് ദൈവം

“കടയിൽ പോയി പത്തു കോഴിമുട്ട വാങ്ങി. തിരിച്ചു വീട്ടിൽ വന്ന് മുട്ട പൊതിഞ്ഞിരുന്ന പേപ്പർ തുറന്നപ്പോൾ അതാ പത്തു കോഴിക്കുഞ്ഞുങ്ങൾ.. അപ്പഴാണ് മുട്ട പൊതിഞ്ഞിരുന്ന പേപ്പർ ശ്രദ്ധിച്ചത്. അത് …. പത്രമായിരുന്നു.” കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യൽ മീഡിയായിൽ നിറഞ്ഞാടുന്ന, വളരെ വൈറലായ ചില ട്രോളുകളിൽ സഭ്യമായ ഒന്നിൽ കുറിച്ചിരിക്കുന്ന വാക്കുകളാണിത്. കത്തോലിക്കാസഭ അകത്തുനിന്നും പുറത്തുനിന്നും വലിയ പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ലോകത്തിലെ ഏറ്റവും കെട്ടുറപ്പുള്ളതും വ്യവസ്ഥാനുസൃതവുമായ സഭയെ തകർക്കുവാൻ പല പ്രസ്ഥാനങ്ങളും സംഘടനകളും കാലങ്ങളായി കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും അതിൽ വിജയിക്കാൻ അവർക്കു കഴിഞ്ഞിട്ടില്ലെന്നത് ഇപ്പോഴും അവരെ അലോസരപ്പെടുത്തുന്ന ഒരു യാഥാർത്ഥ്യമാണ്. അതുകൊണ്ടുതന്നെ കിട്ടുന്ന അവസരങ്ങളെല്ലാം പരമാവധി ഉപയോഗിച്ച് സഭയുടെ പ്രകാശത്തെ മറയ്ക്കുവാൻ അവർ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ സംഭവിച്ചതുപോലെയുള്ള ഭീകരാക്രമണങ്ങളും ബുദ്ധിജീവികളെന്നു നടിക്കുന്നവരിൽനിന്നുണ്ടാകുന്ന ബൌദ്ധികാക്രമണങ്ങളും സഭയുടെ ചരിത്രവഴികളിൽ ധാരാളം കാണുവാൻ കഴിയും. എന്നാൽ അടുത്ത കാലത്തായി സഭയ്ക്കെതിരെ പുതിയൊരു ആക്രമണതന്ത്രം രൂപപ്പെട്ടിരിക്കുകയാണ്. സഭയിലുണ്ടാകുന്ന ഒറ്റപ്പെട്ട പ്രശ്നങ്ങളെയും സാമാന്യവത്ക്കരിച്ച് സഭ സ്വഭാവത്താലെ തിന്മ നിറഞ്ഞസമൂഹമാണെന്നു സോഷ്യൽ മീഡിയായും മറ്റും ഉപയോഗിച്ച് ആവർത്തിച്ചു പറഞ്ഞ് മനുഷ്യമനസിൽ നിഷേധാത്മകമായ ഒരു മനോഭാവം സൃഷ്ടിക്കുകയെന്ന ഹീനതന്ത്രം ആണ് ഇപ്പോൾ ഏറ്റവും കൂടുതൽ സഭയ്ക്കെതിരെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. അതിന് ഉപയോഗിക്കുന്നതാകട്ടെ പല പള്ളികളിലും വിമതസ്വരമുയർത്തിക്കൊണ്ടിരിക്കുന്ന ചില വ്യക്തികളെയും. ഇങ്ങനെ ഓരോദിവസവും സഭയ്ക്കെതിരെ ഇരതേടിക്കൊണ്ടിരിക്കുന്നവർക്ക് സഭയ്ക്കുള്ളിൽനിന്നുതന്നെ ഇപ്പോൾ നിരവധി അവസരങ്ങൾ കിട്ടുന്നുവെന്നത് നിർഭാഗ്യകരമായ ഒരു യാഥാർത്ഥ്യമാണ്. സഭയിലെ ചില വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും വീഴ്ചകൾ മൂലമുണ്ടാകുന്ന പ്രതിസന്ധികൾക്ക് ഒരു കുറവുമില്ല. എന്നാൽ അതിനേക്കാൾ ഗുരുതരമായ മറ്റൊരു പ്രതിസന്ധി വിശ്വാസപരമായ കാര്യങ്ങളിൽ സംഭവിക്കുന്ന അപചയങ്ങളാണ്. അങ്ങനെയുള്ള പ്രശ്നങ്ങളെ സഭയെ പരിഹാസപാത്രമാക്കാനുള്ള ഉപാധിയാക്കി ചിലർ മാറ്റുന്നു എന്നതിന്റെ ഉദാഹരണമാണ് മുകളിൽ കൊടുത്തിരിക്കുന്ന ട്രോളിലെ വാക്കുകൾ. അടിക്കാൻ നല്ല പുളിവടിതന്നെ വെട്ടിക്കൊടുത്തിട്ട് എന്നെ തല്ലുന്നേയെന്നു നിലവിളിക്കുന്ന അവസ്ഥയാണിന്നു പലപ്പോഴും സഭയിലുണ്ടാകുന്നത്. ആലപ്പുഴയിൽനിന്ന് വിതരണം ചെയ്യുന്ന ഒരു പത്രമാണ് ഇപ്പോഴത്തെ പുതിയ വടി.
ആ പത്രത്തിൽ അച്ചടിച്ചുവരുന്ന സാഷ്യമൊഴികളനുസരിച്ച് ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഒറ്റമൂലിയാണ് ആ പ്രാർത്ഥനാകേന്ദ്രത്തിലെ ഉടമ്പടിയും അതിന്റെ ഭാഗമായ പത്രവും. വിശ്വാസികളുടെ ആത്മീയതയുടെ പാപ്പരത്തം അച്ചടിച്ചു പ്രസിദ്ധീകരിക്കുന്ന പത്രമെന്നു മാത്രമാണ് അതിനു കൊടുക്കാവുന്ന വിശേഷണം. കായ്ക്കാത്ത കൊടംപുളിമരം കായ്ക്കാൻവേണ്ടി ആ മരത്തിൽ ഈ പത്രം കെട്ടിവെച്ചിരിക്കുന്ന ഒരു ഫോട്ടോയും കഴിഞ്ഞ ദിവസം സോഷ്യൽമീഡിയായിൽ കണ്ടു. അവിടെയെത്തി നില്ക്കുന്നു പത്രത്തിന്റെ അത്ഭുതശേഷി. ആത്മീയതയുടെ അടിതെറ്റിയാൽ സംഭവിക്കാവുന്ന അപചയത്തിന്റെ നേർച്ചിത്രമായി ഈ പത്രം ഇന്നു സമൂഹത്തിൽ പ്രചരിപ്പിക്കപ്പെടുന്നു. ഓരോ പ്രാർത്ഥനാകേന്ദ്രങ്ങളും വെറൈറ്റിക്കുവേണ്ടിയും ആളുകളെ അവിടേയ്ക്കാകർഷിക്കാൻവേണ്ടിയും ഇതുപോലുള്ള വ്യത്യസ്തവും വികലവുമായ തന്ത്രങ്ങൾ സ്വീകരിക്കുമ്പോൾ സഭ സമൂഹമദ്ധ്യത്തിൽ അപഹാസ്യമാക്കപ്പെടുന്നു എന്നു മാത്രമല്ല, ശരിയായ വിശ്വാസജീവിതത്തിന്റെ വഴികൾ ദുർഘടമാക്കപ്പെടുകയും ചെയ്യുകയാണ്. പലപ്പോഴും ഇങ്ങനെയുള്ള കേന്ദ്രങ്ങളെക്കുറിച്ച് വിമർശനാത്മകമായി സംസാരിക്കുമ്പോൾ സാധാരണ വിശ്വാസികൾ പറയുന്ന ഒരു ന്യായം അവിടെ നടക്കുന്ന അത്ഭുതങ്ങൾ അവരുടെ വിശ്വാസത്തെ ഉറപ്പിക്കുന്നു എന്നതാണ്. എന്നാൽ അത്ഭുതങ്ങൾ എന്നു വിളിക്കപ്പെടുന്ന അനുഭവങ്ങളെ വിശ്വാസത്തിന്റെ അടിസ്ഥാനമാക്കി പ്രതിഷ്ഠിക്കുന്നതിലെ അപകടം ആരും തിരിച്ചറിയുന്നില്ല. കാരണം ഈ പറയുന്ന അത്ഭുതങ്ങൾ കത്തോലിക്കാസഭയുടെ മാത്രം കുത്തകയല്ല. ഏതെല്ലാം മതവിഭാഗങ്ങളിൽ എന്തെല്ലാം അത്ഭുതങ്ങൾ നടക്കുന്നുവെന്ന വാർത്തകളാണ് നാം എന്നും കേട്ടുകൊണ്ടിരിക്കുന്നത്. ഏതായാലും സ്വന്തം ഇടവകപ്പള്ളിയിലെ വി.കുർബാനയിലും മറ്റു കൂദാശകളിലും നടക്കുന്ന അത്ഭുതത്തെ തിരിച്ചറിയാതിരിക്കുകയും മുകളിൽപറഞ്ഞ പത്രത്തിലൂടെ അത്ഭുതങ്ങൾ അനുഭവിക്കുകയും ചെയ്യുന്നവർ തങ്ങളുടെ വിശ്വാസത്തെ നന്നായൊന്ന് വിലയിരുത്തേണ്ടതായിട്ടുണ്ട്. പാസ്പോർട്ട് പത്രത്തിൽ പൊതിഞ്ഞുവെച്ച് വിദേശത്ത് ജോലി നേടിയവരും പത്രം തലയിൽ കെട്ടിവെച്ച് ബ്രെയിൻ ട്യൂമർ കരിച്ചു കളഞ്ഞവരും പത്രം വയറ്റിൽ കെട്ടിവെച്ച് ഗർഭം ധരിച്ച വന്ധ്യകളും പത്രം ചവച്ചുതിന്ന് വയറിളക്കം നിറുത്തിയവരും പത്രം കെട്ടിവെച്ച് ഒടിഞ്ഞ അസ്ഥികൾ പുനസ്ഥാപിച്ചവരുമൊക്കെ പത്രത്തിന്റെ സാക്ഷ്യത്താളുകളിൽ നിറയുമ്പോൾ പ്രത്യേകിച്ച് അനുഭവമൊന്നും കിട്ടാത്ത വി.കുർബാനയ്ക്കും കൂദാശകൾക്കുമൊക്കെ എന്തുവില… ഈ പത്രം വിതരണം ചെയ്യുന്ന കേന്ദ്രത്തിലും കാണുമല്ലോ വി. കുർബാനയർപ്പണവും സഭയുടെ മറ്റു ഔദ്യോഗിക കർമ്മങ്ങളും. പക്ഷെ, അവിടെ ഓടിക്കൂടുന്നവരിൽ ആരും അതിനെക്കുറിച്ച് ഒരു വാക്കുപോലും പറയുന്നത് കേൾക്കുന്നതുമില്ല. ചുരുക്കത്തിൽ അവിടുത്തെ ഉത്തരവാദിത്വപ്പെട്ടവരും പ്രാധാന്യം കൊടുക്കുന്നത് ഈ പത്രാഭിഷേകത്തിനും കച്ചവടത്തിനുമാണെന്നു ചിന്തിക്കേണ്ടി വരുന്നു.
ശരിയായ വിശ്വാസപരിശീലനവും അനുഭവദായകമായ കൂദാശയർപ്പണങ്ങളും സഭയിൽ ഉണ്ടാകാത്തിടത്തോളംകാലം ഇങ്ങനെയുള്ള പ്രസ്ഥാനങ്ങൾ ഒന്നിനുപുറകേ ഒന്നായി ഉയർന്നു വന്നുകൊണ്ടിരിക്കും. തികച്ചും ഒരു സ്വകാര്യഭക്താനുഷ്ഠാനമായ ജപമാല പ്രാർത്ഥന ചൊല്ലുമ്പോഴുള്ള നിഷ്ഠപോലും സഭയുടെ ഔദ്യോഗികമായ ആരാധനക്രമം പരികർമ്മം ചെയ്യുമ്പോൾ പുലർത്താതെ വിശ്വാസികൾക്കുമുമ്പിൽ അതിനെ വിലകുറച്ചുകാണിക്കുന്ന അഭിഷിക്തരും സഭയിൽ സത്യവിശ്വാസത്തിനു നിരക്കാത്ത പ്രസ്ഥാനങ്ങൾ ഇതുപോലെ വളർന്നുവരുമ്പോൾ അതിനെ നിയന്ത്രിക്കാൻ ശ്രദ്ധിക്കാത്ത സഭാനേതൃത്വങ്ങളും എവിടെയെങ്കിലും അത്ഭുതങ്ങളെക്കുറിച്ചുള്ള കഥകൾ കേൾക്കുമ്പോൾ ഇടവകപ്പള്ളിയെയും കൂദാശകളെയുംവിട്ട് വണ്ടീംപിടിച്ച് അവിടേക്കു പായുകയും അങ്ങനെയുള്ള കേന്ദ്രങ്ങളുടെ ഏജന്റുകളായി മാറുകയും ചെയ്യുന്ന വിശ്വാസികളും ഒരുമിച്ചിരുന്ന് ഞാൻ പിഴയാളി ചൊല്ലേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അല്ലെങ്കിൽ വിശ്വാസത്തിൽ ഇതുപോലുള്ള കോമാളിക്കളികൾ കൂടുകയും അതെല്ലാം സഭയുടെ പ്രകാശത്തെ കെടുത്തുവാൻ ശ്രമിക്കുന്നവർക്ക് ആയുധമായിത്തീരുകയും ചെയ്യും.

Posted in SPIRITUAL

സിദ്ധന്‍മാരേ നിങ്ങൾ വീണവരെ ചവിട്ടരുത്…

ഒരു അപ്രതീക്ഷിത അനുഭവത്തിന്‍റെ സങ്കടക്കടലിൽനിന്ന് കരകയറാൻ കഴിയാതെ നീറുന്ന ഒരു കുടുംബത്തിലേക്ക് കയറിച്ചെന്ന് അവർക്കുണ്ടായ ആ വലിയ നഷ്ടത്തിന്റെ കാരണങ്ങൾ നിരത്തി അവരെ കൂടുതൽ ദുരന്തത്തിലേക്കു തള്ളിവിടുന്ന കുറേ പ്രവാചകന്‍മാരെക്കുറിച്ച് അടുത്തകാലത്ത് കേൾക്കാനിടയായി. ഏതെങ്കിലുംവിധത്തിലുള്ള പ്രതിസന്ധിയിൽപെടുന്ന വിശ്വാസികൾക്ക് സഭമുഴുവൻ കൂടെയുണ്ടെന്ന ആത്മവിശ്വാസം പകർന്നു നല്കുന്നവരായിരുന്നു ഒരു കാലത്ത് സഭയിലെ വചനപ്രഘോഷകരും ധ്യാനഗുക്കന്മാരുമെല്ലാം. തീവ്രമായ പ്രാർത്ഥനാനുഭവവും അഗാധമായ പഠനവും തെളിച്ചമുള്ള ജീവിതവിശുദ്ധിയുമൊക്കെയായിരുന്നു അവരെ സമൂഹം ആദരിക്കുന്ന ഗുരുക്കന്മാരാക്കി മാറ്റിയത്. അതുകൊണ്ടുതന്നെ അവരുടെ വാക്കുകളെ വിശ്വാസികൾക്ക് ഒരു സംശയവും കൂടാതെ ദൈവത്തിന്റെ സന്ദേശമായി കാണുവാനും അതിൽ ആശ്വാസം പ്രാപിക്കുവാനും കഴിഞ്ഞിരുന്നു. അങ്ങനെയുള്ളവരുടെ സാന്നിദ്ധ്യമായിരുന്നു ഏതു സഹനത്തീയിലും സമചിത്തതയോടെ ജീവിതാനുഭവങ്ങളെ ഉൾക്കൊള്ളാൻ വിശ്വാസികൾക്കു ധൈര്യം പകർന്നിരുന്നത്.

എന്നാൽ ഇന്ന് വകതിരിവില്ലാത്ത കുറേ ന്യൂജെനറേഷൻ ഗുരുക്കന്മാരും സിദ്ധന്മാരും മുളച്ചുവന്നിട്ടുണ്ട്. സഭയോടുചേർന്നു പ്രാർത്ഥിക്കാനും പഠിക്കാനും ശ്രമിക്കാതെ, പരസ്പരം മത്സരബുദ്ധിയോടെ വായിൽ വരുന്നതെല്ലാം വെളിപാടുകളായി അവതരിപ്പിച്ച് വിശ്വാസികളുടെയിടയിൽ വെളിച്ചപ്പാടുകളായി മാറാൻ ശ്രമിക്കുന്നവർ. ഇന്നു പല കുടുംബങ്ങളിലുമുള്ള പല പ്രതിസന്ധികളും രൂക്ഷമാക്കുന്നതിൽ ഇവരുടെ പങ്ക് വളരെ വലുതാണ്. എന്തെങ്കിലും അസാധാരണമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന കുടുംബങ്ങളിൽ കയറിച്ചെന്ന് ആ കുടുംബങ്ങൾ ആ പ്രത്യേക അവസ്ഥയിലായിത്തീരാനുള്ള കാരണം കണ്ടുപിടിക്കലാണ് അവരുടെ ആദ്യപണി. ഒരേ കാര്യത്തിന് ഓരോരുത്തരുടെയും സ്പെഷ്യലൈസേഷൻ അനുസരിച്ച് ഓരോ കാരണങ്ങളായിരിക്കും കണ്ടുപിടിക്കുന്നതെന്നുമാത്രം. പൈശാചികബന്ധനം, മരണത്തിന്റെ ആത്മാവ്, പൂർവികരുടെ പാപത്തിന്റെ ശാപം, മാതാപിതാക്കന്മാരുടെ വഴിവിട്ട ജീവിതം, വീടിന്റെ ആകൃതിയും സ്ഥാനവും ദർശനവും എന്ന് തുടങ്ങി കൈവിഷം, കൂടോത്രം, അന്യമതസംസർഗം അങ്ങനെയങ്ങനെ നീളുകയാണ് കാരണങ്ങളുടെ ലിസ്റ്റ്… എതെങ്കിലും ദുരന്താനുഭവത്തിന്റെ വേദനയിൽ വീണുകിടക്കുന്നവരെ ഇങ്ങനെയെന്തെങ്കിലും വിശ്വാസവിരുദ്ധമായ കാര്യങ്ങൾ അവതരിപ്പിച്ച് ചവിട്ടിയരയ്ക്കുന്നവർ എത്രവലിയ ദ്രോഹമാണ് അവരോടു ചെയ്യുന്നതെന്നു ചിന്തിക്കുന്നില്ല. അവിടുത്തെ ‘ശുശ്രൂഷ’ കഴിഞ്ഞ് തങ്ങളുടെ ദിവ്യദൃഷ്ടിയിൽ അഭിമാനിച്ച് അടുത്ത ഇരയെത്തേടി വണ്ടി കയറുമ്പോൾ ഒരു കുടുംബത്തെക്കൂടി വിശ്വാസത്തിൽനിന്നും സഭയിൽനിന്നും അകറ്റുകയാണ് തങ്ങൾ എന്ന് അവർ അറിയുന്നില്ല. അല്ലെങ്കിൽത്തന്നെ ഇവർക്കൊക്കെ എന്തു സഭ, എന്തു വിശ്വാസം.. അതൊക്കെ അവർക്കു പ്രധാനപ്പെട്ടതായിരുന്നെങ്കിൽ ഒരിക്കലും അവർ സഭയുടെ ചിന്തയിൽനിന്ന് മാറി സ്വന്തം സാമ്രാജ്യവികസനത്തിനുവേണ്ടി പ്രവർത്തിക്കുമായിരുന്നില്ലല്ലോ. വഴിയെ നടന്നുപോയപ്പോൾ വണ്ടിയിടിച്ചതിന്റെ പേരിൽ വീടിന്റെ ഒരു ഭാഗം പൊളിച്ചുപണിയേണ്ടിവന്നവരും കിടപ്പുമുറിയിൽ നിന്ന് കൂടോത്രം കണ്ടെടുത്തതിന്റെ പേരിൽ കൂടെപ്പിറപ്പുകളെ ശത്രുപക്ഷത്തേക്കു മാറ്റി നിറുത്തിയവരും പൈശാചിക ബാധ പേടിച്ച് അന്യമതത്തിൽപ്പെട്ടവർക്ക് ഷേക്ക്ഹാൻഡ് കൊടുക്കാത്തവരുമൊക്കെയുണ്ട് ഇതെഴുതുമ്പോൾ എന്റെ മനസിൽ. കൂടാതെ ബുദ്ധിമാന്ദ്യമുള്ള കുഞ്ഞുങ്ങൾ ഉണ്ടായതിന്റെ പേരിൽ അപമാനകരമായ പഴികൾ കേൾക്കേണ്ടിവന്ന ചില മാതാപിതാക്കളും…

അപ്രതീക്ഷിതമരണങ്ങളോ രോഗങ്ങളൊ അപകടങ്ങളോപോലെയുള്ള അനുഭവങ്ങളിലൂടെ കടന്നുപോകുന്ന വ്യക്തികളും കുടുംബങ്ങളും പലപ്പോഴും ജീവിതത്തിന്‍റെ പിടിവിട്ട അവസ്ഥയിലായിരിക്കും കഴിയുന്നത്. അവരെ സംബന്ധിച്ചിടത്തോളം സഭമുഴുവൻ തങ്ങളുടെ കൂടെയുണ്ടെന്ന അനുഭവമാണ് ഏറ്റവും ആശ്വാസകരമായിട്ടുള്ളത്. അതു പകർന്നുകൊടുക്കാൻ കഴിയുന്നത് ഇടവകസമൂഹത്തിനും വൈദികർക്കും സന്ന്യസ്തർക്കുമൊക്കെയാണ്. ഇങ്ങനെയുള്ള അവസരങ്ങളിൽ സഭയുടെ മനസ് എന്താണെന്നു തിരിച്ചറിഞ്ഞ് അത് തീവ്രാനുഭവത്തിലൂടെ കടന്നുപോകുന്നവർക്ക് അനുഭവിക്കാൻ അവസരമുണ്ടാക്കിക്കൊടുക്കുകയെന്നതാണ് യഥാർത്ഥത്തിൽ എല്ലാ ശുശ്രൂഷകരുടെയും കടമ. അതിനു വിരുദ്ധമായി അങ്ങനെയുള്ളവരെ കൂടുതൽ തീവ്രമായ ദുഖത്തിലേയ്ക്കും അപമാനത്തിലേക്കുമൊക്കെ തള്ളിവിടുന്നവിധത്തിൽ സഹനങ്ങളുടെ കാരണങ്ങൾ കണ്ടുപിടിച്ചുപറയുന്നവർ, അവരുടെതന്നെ ഭാഷയിൽ പറഞ്ഞാൽ പൈശാചികബാധയുള്ളവരാണ്. കാരണം സഭയുടെ യഥാർത്ഥമുഖവും ചൈതന്യവും ഈശോയിൽനിന്നാണ് നാം കണ്ടെത്തുന്നത്. ഈശോയുടെ ആശ്വസിപ്പിക്കുകയും ചേർത്തുനിർത്തുകയും ചെയ്യുന്ന ചൈതന്യത്തെ വേദനിക്കുന്നവരിൽനിന്ന് മറച്ചുപിടിച്ച് കൂടുതൽ നിരാശയും ദുഖവും പകരുന്ന വിധത്തിലുള്ള കണ്ടുപിടുത്തങ്ങൾ നടത്തുന്നത് പൈശാചികമായ പ്രവൃത്തിതന്നെയാണ്. ഏതെങ്കിലും സാഹചര്യത്താൽ സങ്കടപ്പെടുന്നവരോടുള്ള സഭയുടെ മനോഭാവമെന്താണെന്ന് ബോദ്ധ്യപ്പെടാൻ ഫ്രാൻസീസ് മാർപ്പാപ്പയുടെ സിനഡനന്തര അപ്പസ്തോലിക ആഹ്വാനമായ “സ്നേഹത്തിന്റെ ആനന്ദം” എന്ന രേഖയുടെ 253 മുതൽ 257 വരെയുള്ള ഖണ്ഡികകളിലുടെ കടന്നുപോയാൽ മതി. പ്രത്യേകിച്ചും അപ്രതീക്ഷിത വേർപാടുകളുടെ ദുഖം പേറുന്ന കുടുംബങ്ങളെക്കുറിച്ചാണ് മാർപ്പാപ്പ അവിടെ സൂചിപ്പിക്കുന്നത്. ആ ഖണ്ഡികകൾ ഞാൻ താഴെ കൊടുക്കുന്നുണ്ട്. സഭയുടെ ഈ പ്രബോധനം വായിച്ചിട്ട്, ഇനിയാരെങ്കിലും ഇതിനു വിരുദ്ധമായ ദർശനങ്ങളുമായി വീട്ടിൽ കയറിവന്നാൽ അവരോട് ‘കടക്കൂ പുറത്ത്’ എന്നു പറയാനുള്ള ആർജ്ജവം വിശ്വാസികൾ നേടണം. ശപിച്ചു ഭസ്മമാക്കിക്കളയുമെന്ന പേടിയൊന്നും വേണ്ട. കാരണം അവർ പ്രസംഗിക്കുന്നത് കർത്താവിന്റെ സുവിശേഷമല്ല, സഭയുടെ പ്രബോധനങ്ങളുമല്ല, സ്വന്തം മനസിലെ വികലചിന്തകൾമാത്രം. ജീവിതത്തിലെ പ്രതികൂലാനുഭവങ്ങൾക്കു കാരണമറിയാൻ ഇതുപോലുള്ള വ്യാജപ്രവാചകന്മാരെ അന്വേഷിച്ചുപോകാതിരിക്കുക, വീട്ടിലേയ്ക്കിടിച്ചുകയറി വരുന്നവരെ സ്വീകരിച്ച് ഒരു ചായയും കൊടുത്ത് തിരിച്ചുപറഞ്ഞുവിടുക. എന്നിട്ട് സഭയുടെ പ്രാർത്ഥനകളിൽ ആശ്രയിച്ച് കാത്തിരിക്കുക. ജീവിതാനുഭവവും വിശുദ്ധിയും പക്വതയുമുള്ളവരിൽനിന്ന് ആത്മീയഉപദേശം തേടുക. ദൈവം ഉത്തരം നല്കും. പരിശുദ്ധ അമ്മയ്ക്കും ശിഷ്യന്മാർക്കും മൂന്നുദിവസം കാത്തിരിക്കേണ്ടിവന്നു ഉത്തരം കിട്ടാൻ. നമുക്ക് കാത്തിരിക്കാനുള്ള പ്രചോദനവും ആശ്വാസവും അതുതന്നെയാണ്…

ഇക്കൂട്ടത്തിൽ ചേർത്തുചിന്തിക്കേണ്ട മറ്റൊരു യാഥാർത്ഥ്യംകൂടിയുണ്ട്. നമ്മുടെ പഴയ തലമുറയിലെ വിശ്വാസികളുടെ ജീവിതം, വലിയ പ്രതിസന്ധികളിലും ദുരന്തങ്ങളിലും തകർന്നുപോകാതെ ദൈവത്തിൽ ശരണപ്പെട്ടു എങ്ങനെ മുമ്പോട്ടു നീങ്ങണം എന്നു നമ്മെ പഠിപ്പിക്കുന്ന ചരിത്രപ്പുസ്തകങ്ങളാണ്. ദൈവാശ്രയബോധത്തോടെയുള്ള അതിജീവനത്തിന്റെ പാഠങ്ങൾ സമൂഹത്തിനു ലഭിക്കാൻ അവരിലേക്കു നോക്കിയാൽ മതി. എന്തുകൊണ്ട് പുതിയ തലമുറയ്ക്കതു കഴിയാതെപോകുന്നു എന്ന് നാം ഗൌരവമായി ചിന്തിക്കണം. ഉത്തരം വളരെ ലളിതമാണ്. പഴയ തലമുറയ്ക്ക് ആശ്രയിക്കാൻ ഇടവകപ്പള്ളികളും അവിടുത്തെ ബലിയർപ്പണങ്ങളും കൂദാശകളും മാത്രമേ ഉണ്ടായിരുന്നുള്ളു. എല്ലാ അനുഭവങ്ങളുടെയും അർത്ഥം കണ്ടെത്താൻ അവർ നോക്കിയത് അവരുടെ അൾത്താരയിലേക്കാണ്. എന്നാൽ ഇന്നാകട്ടെ ധ്യാനകേന്ദ്രങ്ങളും കേന്ദ്രങ്ങളില്ലാത്ത ഫ്രീലാൻഡ്സ് ഗുരുക്കന്മാരും നിറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ അന്ധവിശ്വാസങ്ങളുടെ കൂത്തരങ്ങുകളായി മാറുകയാണ് ജീവിതങ്ങൾ. ഓരോ കേന്ദ്രവും പഠിപ്പിച്ചുവിടുന്ന ഓരോ ആചാരങ്ങൾ. കൈയിൽ നൂലുകെട്ടിയും കൊന്തചുറ്റിയും നടക്കുന്നവരും ചുറ്റുപാടും മുഴുവനും ബന്ധനങ്ങൾ മാത്രം കാണുന്നവരും എണ്ണ ഒഴിക്കുന്നവരും മാലയിടുന്നവരും ധ്യാനകേന്ദ്രം അച്ചടിക്കുന്ന പേപ്പർ തിന്നും ദേഹത്തു വച്ചുകെട്ടിയും രോഗശാന്തി നേടാൻ ശ്രമിക്കുന്നവരും അങ്ങനെ വ്യത്യസ്തവും വിചിത്രവുമായ ആത്മീയശൈലികൾ കൊടികുത്തിവാഴുന്നു. എല്ലാം ദൈവത്തിന്റെ പേരിലാണെങ്കിലും ദൈവത്തിലേക്കു നോക്കാൻമാത്രം മറന്നുപോകുന്ന അവസ്ഥയാണിന്ന്. വിഗ്രഹാരാധനയുടെ അതിർവരമ്പുകളിലാണോ പലരും ഇന്നു ജീവിക്കുന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. വിശ്വാസികളുടെ ആത്മീയതയുടെ അടിസ്ഥാനം ഇടവകപള്ളിയിൽനിന്ന് ധ്യാനകേന്ദ്രങ്ങളിലേക്കു മാറിയപ്പോൾ മുതൽ ആരംഭിച്ചതാണ് ഈ വഴിതെറ്റിയ ആത്മീയയാത്ര. ഓരോ വിശ്വാസിയുടെയും ജീവിതത്തെ അവകാശബോധത്തോടെ സമർപ്പിക്കാൻ സാധിക്കുന്ന ഏകയിടം ഇടവകപ്പള്ളിയുടെ ബലിപീഠമാണെന്ന സത്യം പലരും മറന്നുപോകുന്നു. അത് ഓർമ്മിപ്പിക്കാൻ ഈ പറയുന്ന ഗുരുക്കന്മാർ ബോധപൂർവം ശ്രമിക്കാതിരിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയിൽനിന്ന് ഇടവകപ്പള്ളിയിലെ അൾത്താരയിലേക്ക് ഒരു തിരിച്ചുപോക്കുണ്ടായെങ്കിൽമാത്രമേ ഇതിനൊരു പരിഹാരമുണ്ടാവുകയുള്ളു. അതിന് ഉത്തരവാദിത്വപ്പെട്ടവർ മുൻകൈയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Posted in SPIRITUAL

ഇത്തിൾക്കണ്ണികൾ പൂത്തുതുടങ്ങിയിരിക്കുന്നു….!!

 

സത്യവിശ്വാസത്തിന്റെ അടിത്തറയിൽ പണിതുയർത്തപ്പെട്ടിരിക്കുന്ന കത്തോലിക്കാസഭ വ്യത്യസ്ത തരത്തിലുള്ള വിശ്വാസപ്രതിസന്ധികളെ അതിജീവിച്ചാണ് ഇന്നു ലോകത്തിനു വെളിച്ചം പകർന്ന് നിലകൊള്ളുന്നത്. വലിയ വിശ്വാസപ്രതിസന്ധികൾ സഭയെ പിടിച്ചുകുലുക്കിയ അവസരങ്ങളിലെല്ലാം അല്പംപോലും ചുവടുപിഴയ്ക്കാതെ സത്യവിശ്വാസത്തിന്റെ പ്രഭവിതറി നിലനില്ക്കാൻ സഭയ്ക്കു സാധിച്ചത് അതിന്റെ പ്രബോധനങ്ങളും വിശ്വാസങ്ങളും നിത്യസത്യത്തിൽ അടിയുറച്ചതായിരുന്നതുകൊണ്ടാണ്. കാലാകാലങ്ങളിൽ വിശുദ്ധരും പണ്ഡിതരുമായ പിതാക്കന്മാർ ദൈവവചനത്തെയും സഭയുടെ പാരമ്പര്യത്തെയും കോർത്തിണക്കി വിശ്വാസികൾക്കു ചരിക്കാൻ ശരിയായ മാർഗം വരച്ചിട്ടിരിക്കുന്നതിനാൽ വിശ്വാസപ്രതിസന്ധികളെക്കുറിച്ച് സഭ ഒട്ടും ആകുലപ്പെടേണ്ട ആവശ്യമില്ല.

എന്നാൽ ഈ സത്യമാർഗത്തെ ശരിയായ വിധത്തിൽ വിശ്വാസികൾക്കു കാണിച്ചുകൊടുക്കാൻ ഉത്തരവാദിത്വപ്പെട്ടവർക്കു കഴിയാതെപോയാൽ അതു വലിയ പ്രതിസന്ധികൾ സൃഷ്ടിക്കും. അതിന്റെ ഒരു ഉദാഹരണമാണ് ഇന്നു സഭയിൽ രൂപപ്പെട്ടിരിക്കുന്നതും എന്നാൽ ഉത്തരവാദിത്വപ്പെട്ടവർ ഇപ്പോഴും അറിഞ്ഞിട്ടില്ലെന്നു നടിക്കുകയും ചെയ്യുന്ന ഒരു മൂവ്മെന്റ്. കത്തോലിക്കാസഭയിൽനിന്നുതന്നെ രൂപപ്പെട്ടിരിക്കുന്ന ചില അബദ്ധപ്രബോധനങ്ങളുടെയും ശരിയല്ലാത്ത വചനവ്യാഖ്യാനത്തിന്റെയും ഫലമായി അന്യമതങ്ങളെയും അന്യമതാനുയായികളെയും ശത്രുക്കളായി പരിഗണിക്കുന്ന അത്യന്തം അപകടകരമായ കാഴ്ചപ്പാടുകളുമായി ഒരുപറ്റം സത്യവിശ്വാസികൾ ഇന്നു കൂട്ടംകൂടിയിരിക്കുന്നു. കുറച്ചുനാളുകളായി ഇങ്ങനെയുള്ളവരുടെ ഒറ്റപ്പെട്ട ശബ്ദങ്ങളും കുറിപ്പുകളുമൊക്കെ സഭയിൽ പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതൊരു പ്രസ്ഥാനമായി മാറിയിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞദിവസം കെസിബിസി ബൈബിൾ കമ്മീഷൻ മുൻസെക്രട്ടറിയായിരുന്ന ബഹു. മയ്യാറ്റിൽ അച്ചൻ ഇതേക്കുറിച്ചു സൂചിപ്പിച്ച് എഴുതിയ കുറിപ്പിനു അവർ നല്കിയ മറുപടി ആ സംശയത്തെ ദൂരീകരിക്കുന്നു. സഭയുടെ പ്രബോധങ്ങളെയും പഠനങ്ങളെയുമെല്ലാം പെട്ടിയിലടച്ച് തങ്ങളുടെ ബുദ്ധിയിൽതെളിയുന്ന ചിന്തകളെ പ്രബോധനങ്ങളായി സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിന് ചിലരുടെ ഭാഗത്തുനിന്ന് ഇന്ന് സംഘടിതമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. അബദ്ധപ്രബോധനങ്ങൾ നല്കി സഭയ്ക്കു പുറത്തുപോയിട്ടുള്ള ചില ഗ്രൂപ്പുകളെപ്പോലെതന്നെ ദൈവവചനത്തെ സഭാത്മകമായി മനസിലാക്കാനും വ്യാഖ്യാനിക്കാനും ശ്രമിക്കാതെ തികച്ചും വ്യക്തിപരമായ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാൻ അവർ ശ്രമിക്കുകയാണ്. ഒരൊറ്റ സുവിശേഷത്തിൽനിന്ന് വ്യത്യസ്ത സഭകൾ ജന്മമെടുക്കാൻ ഒരു പ്രധാന കാരണമായ സാംസ്ക്കാരികാനുരൂപണം എന്ന നന്മയെ പൈശാചികമായി അവതരിപ്പിച്ച് അവർ വിശ്വാസികളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നു. അതേസമയം മറ്റു സമൂഹത്തിൽനിന്നും സംസ്ക്കാരത്തിൽനിന്നും എന്തു സ്വീകരിക്കണം എങ്ങനെ സ്വീകരിക്കണം എന്ന സഭയുടെ പഠനങ്ങളെയെല്ലാം അവഗണിച്ച് സാംസ്ക്കാരികാനുരൂപണം എന്നപേരിൽ വി. കുർബാനയിൽപ്പോലും കോപ്രായങ്ങൾ കാട്ടിക്കൂട്ടുന്നവരുടെ ചെയ്തികൾ ഇവരുടെ വാദങ്ങൾക്കു ശക്തി കൂട്ടുകയും ചെയ്യുന്നു. ദൈവവചനവ്യാഖ്യാനത്തിന്റെ അടിസ്ഥാന തത്വങ്ങൾപോലും മറന്നിട്ടാണ് ഇവരുടെ പ്രബോധനങ്ങൾ.. മാംസമായി അവതരിച്ച ദൈവവചനം വാക്കുകളായി രൂപാന്തരപ്പെട്ടത് ചില പ്രത്യേക സ്ഥലങ്ങളിലും കാലങ്ങളിലുമായിരുന്നെന്ന സത്യം മറക്കപ്പെടുന്നു… അതുകൊണ്ടുതന്നെ വചനത്തിന്റെ സന്ദേശം കാലദേശങ്ങൾക്കതീതമാകുമ്പോഴും അതിന്റെ സാംസ്ക്കാരികവും ചരിത്രപരവുമായ പശ്ചാത്തലം അവഗണിക്കപ്പെട്ടാൽ അതിന്റെ ശരിയായ സന്ദേശം കണ്ടെത്തുന്നതിൽ കുറവുണ്ടാകുമെന്ന സത്യം ചിലർ മനപൂർവം മറക്കുന്നു. കൂടാതെ ബൈബിൾ എന്ന പുസ്തകത്തിൽ ദൈവവചനം പൂർണമാണെന്ന വാദവും ചിലർ പുലർത്തുന്നു. എഴുതപ്പെട്ട വചനമെന്ന് ബൈബിളിനെ വിളിക്കുന്ന സഭ തന്റെ പാരമ്പര്യത്തെ എഴുതപ്പെടാത്ത വചനമെന്നാണ് വിളിക്കുന്നത്.  ആദ്യനൂറ്റാണ്ടിലെ ആരാധനക്രമങ്ങൾ, എട്ടാം നൂറ്റാണ്ടുവരെ ജീവിച്ചിരുന്ന സഭാപിതാക്കന്മാരുടെ പ്രബോധനങ്ങൾ, സാർവത്രികസൂനഹദോസുകളുടെ പ്രഖ്യാപനങ്ങൾ, മാർപ്പാപ്പമാരുടെ വിശ്വാസസത്യപ്രഖ്യാപനങ്ങൾ എന്നീ ഘടകങ്ങൾ ഉൾക്കൊള്ളുന്ന സഭയുടെ പാരമ്പര്യമെന്ന എഴുതപ്പെടാത്ത വചനംകൂടി ചേരുമ്പോഴാണ് ദൈവവചനം പൂർണമാകുന്നതെന്ന് പലരും മനസിലാക്കുന്നില്ല. ചുരുക്കത്തിൽ എഴുതപ്പെട്ട വചനമായ ബൈബിളിന്റെ വ്യാഖ്യാനം എഴുതപ്പെടാത്ത വചനമായ സഭയുടെ പാരമ്പര്യങ്ങളോടും പഠനങ്ങളോടും യോജിച്ചുനില്ക്കുമ്പോൾ മാത്രമേ അത് സത്യസന്ധവും വിശ്വാസയോഗ്യവും ആവുകയുള്ളു. കാലാകാലങ്ങളിലുണ്ടായിട്ടുള്ള വലിയ വിശ്വാസപ്രതിസന്ധികളിലൊക്കെ ഉലയാതെ നില്ക്കാൻ സഭയെ സഹായിച്ചതും ബൈബിളിന്റെയും പാരമ്പര്യത്തിന്റെയും പരസ്പരബന്ധത്തിലുള്ള സഭയുടെ അടിയുറച്ച കാഴ്ച്ചപ്പാടുകളാണ്. എന്നാൽ ബൈബിൾ സഭയ്ക്കുവേണ്ടി നല്കപ്പെട്ടിരിക്കുന്ന സഭയുടെ സ്വത്താണെന്ന സത്യം വിസ്മരിച്ച് അതിനെ സ്വകാര്യസ്വത്തായി പരിഗണിച്ച് സ്വന്തം ഭാവനയിൽ വിരിയുന്നതും ആളുകൾക്കു ആകർഷകവുമായ ചിന്തകൾ വിതറി സമൂഹത്തിൽ ആശയക്കുഴപ്പമുണ്ടാക്കുകയും അന്യമതങ്ങളെയും അന്യമതവിശ്വാസികളെയും പൈശാചികമെന്ന പേരുചേർത്തു വിശേഷിപ്പിക്കുകയും ചെയ്യുന്നവർ യഥാർത്ഥത്തിൽ സാമൂഹ്യവിരുദ്ധരാണെന്നു നാം തിരിച്ചറിയണം… കത്തോലിക്കാസഭ അച്ചന്മാരുടെയും മെത്രാന്മാരുടെയും സൌകര്യത്തിനുവേണ്ടി ബൈബിളിലെ  വചനത്തിൽ വെള്ളം ചേർത്തിരിക്കുന്നതിനാൽ പി.ഒ.സി. ബൈബിൾതന്നെ ശരിയല്ലെന്ന വാദവും അടുത്തകാലത്തുകേട്ടു. ഇതുപോലുള്ള കുത്തിത്തിരുപ്പുകൾ സഭയിൽ തുടങ്ങുമ്പോൾത്തന്നെ ഉത്തരവാദിത്വപ്പെട്ടവർ ഉറക്കംവിട്ടുണർന്നേ മതിയാകു. അതല്ലെങ്കിൽ പല വിശ്വാസികളിലും അത് ആശയക്കുഴപ്പമുണ്ടാക്കുകയും അവരുടെ വശ്വാസത്തിൽപ്പോലും പ്രതിസന്ധികൾ രൂപപ്പെടുകയും ചെയ്യും.

സത്യവിശ്വാസം പഠിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട അഭിവന്ദ്യ മെത്രാന്മാർ തങ്ങളുടെ വിലയും നിലയും മറന്ന് ചില പ്രമുഖരായ ധ്യാനഗുരുക്കന്മാരോട് വിധേയത്വവും ആരാധനയും പുലർത്തുന്നത് അവരുടെ ശരിയല്ലാത്ത പ്രബോധനങ്ങളിൽ അടിയുറച്ചു നില്ക്കാൻ അവർക്കു ശക്തിയാകുന്നുണ്ടെന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. കൂടുന്ന ആളുകളുടെ എണ്ണത്തേക്കാൾ പ്രഘോഷിക്കപ്പെടുന്ന വചനത്തിന്റെ ആധികാരികതയാണ് ധ്യാനകേന്ദ്രങ്ങളെ വിലയിരുത്താൻ അടിസ്ഥാന മാനദണ്ഡമായി സ്വീകരിക്കേണ്ടതെന്നു ജനക്കൂട്ടത്തിന്റെ വലുപ്പത്തിൽ ആകൃഷ്ടരാകുന്ന അധികാരികൾ മറക്കരുത്. അടുത്തകാലത്ത്, തികച്ചും സഭയുടെ ചിന്തകൾക്കു വിരുദ്ധമായി അന്യമതത്തെ ആക്ഷേപിച്ചു സംസാരിച്ച ഒരു വചനപ്രഘോഷകനെ ഒരു ഇടവകയിൽ കൺവൻഷൻ നടത്താൻ വിളിക്കുകയും പരസ്യത്തിനുവേണ്ടി ഫ്ലക്സും നോട്ടീസുമൊക്കെ തയ്യാറാക്കിയപ്പോൾ ആ രൂപതയുടെ മെത്രാന്റെ തലകൂടി അതിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇതിനെല്ലാം തലവെച്ചുകൊടുക്കുന്ന മെത്രാന്മാർ ഇതുപോലുള്ളവരുടെ അബദ്ധപ്രബോധനങ്ങൾക്കു അതുവഴി കൈയൊപ്പു ചാർത്തിക്കൊടുക്കുകയാണെന്നു ചിന്തിക്കുന്നുണ്ടോ ആവോ.. വിശ്വാസികളെ സംബന്ധിച്ചിടത്തോളം മെത്രാനും വികാരിയച്ചനും അംഗീകരിച്ചാശീർവദിക്കുന്നയാളുടെ പ്രബോധനം ഇരുകൈയും നീട്ടി സ്വീകരിക്കാൻ പിന്നെ മുൻപിൻ നോക്കേണ്ട കാര്യമില്ലല്ലോ.. എന്നാൽ നിർഭാഗ്യവശാൽ ഇന്ന് വിശ്വാസികളും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കേണ്ടിവരുന്നു. സത്യവിശ്വാസം മാത്രം പ്രസംഗിക്കപ്പെടേണ്ട കത്തോലിക്കാസഭയുടെ പ്രസംഗപീഠങ്ങളിലും അബദ്ധപ്രബോധനങ്ങൾ ഉണ്ടാകാൻ തുടങ്ങിയിരിക്കുന്നു!! വചനത്തെ സഭാത്മകമായി മനസിലാക്കാനും പഠിക്കാനും വിശ്വാസികളും, വിശ്വാസവിരുദ്ധമായ പഠനങ്ങൾ എത്രകൊമ്പത്തുനിന്നുണ്ടായാലും തങ്ങളുടെ ഉത്തരവാദിത്വം മറക്കാതെ അതിനെ തള്ളിപ്പറയാൻ അധികാരികളും എപ്പോഴും ജാഗരൂകരായിരിക്കണമെന്ന് ഇക്കൂട്ടരുടെ സാന്നിദ്ധ്യം നമ്മെ നിരന്തരം ഓർമ്മപ്പെടുത്തുന്നു… 

 

 

Posted in SPIRITUAL

വിമർശിക്കപ്പെടുന്ന പൌരോഹിത്യം

കഴിഞ്ഞ കുറേ ദിവസങ്ങളായി ഓൺലൈൻ മാധ്യമങ്ങളിലൂടെ തുടർച്ചയായി കത്തോലിക്കാസഭയുടെ പൌരോഹിത്യത്തെയും പുരോഹിതരെയും പ്രസ്ഥാനങ്ങളെയും അവഹേളിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. സഭയോടു ബന്ധപ്പെടുത്താൻ പറ്റുന്ന ഏതെങ്കിലും പ്രതിസന്ധികൾ പൊതുസമൂഹത്തിലുണ്ടാകുമ്പോഴെല്ലാം ഇത്തരത്തിലുള്ള പ്രതികരണങ്ങൾ ഇപ്പോൾ സാധാരണമാണ്. ഈ വാക്കുകൾ കുറിക്കുമ്പോൾ നവമാധ്യമങ്ങളിൽ കത്തോലിക്കാ വൈദികർക്കെതിരെ ഉണ്ടാകുന്ന വിമർശനങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല എന്ന മിഥ്യാധാരണയിലല്ല ഞാൻ. പല ആരോപണങ്ങളും സ്വയംവിമർശനത്തിനും തെറ്റുതിരുത്തലിനും ഉപയോഗിക്കണമെന്ന ബോദ്ധ്യത്തോടെതന്നെ ചില കാര്യങ്ങൾ വിശദീകരിക്കേണ്ടത് ഒരു കത്തോലിക്കാ വൈദികനെന്ന നിലയ്ക്ക് എന്റെ കടമയാണെന്ന ചിന്തയാണ് ഈ കുറിപ്പുകൾക്കടിസ്ഥാനം. ഈ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ ആവർത്തിച്ചു പോസ്റ്റുചെയ്യപ്പെടുന്ന ഒരു വിഷയമാണ് കേരളത്തിലെ നേഴ്സുമാരുടെ സമരവും അതിനോടുള്ള വ്യത്യസ്തമായ പ്രതികരണങ്ങളും. നേഴ്സുമാർക്ക് അർഹമായ ശമ്പളം ലഭിക്കണമെന്നുള്ളത് നിസ്തർക്കമായ കാര്യമാണ്. എന്നാൽ ആ വിഷയത്തോട് പ്രതികരിക്കാൻമാത്രം അതിന്റെ സാങ്കേതികവും നിയമപരവുമായ വശങ്ങളെക്കുറിച്ചുള്ള ഗ്രാഹ്യം എനിക്കില്ലാത്തതുകൊണ്ടും ഇവിടെ പരാമർശിക്കാനുദ്ദേശിക്കുന്ന വിഷയം അതല്ലാത്തതുകൊണ്ടും അതിനേക്കുറിച്ച് വിശദമായി കുറിക്കാനുദ്ദേശിക്കുന്നില്ല. ഏതായാലും പട്ടണങ്ങളിലെ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളെയും ഗ്രാമങ്ങളിലെ ചെറുകിട ആശുപത്രികളെയും ഒരേ തലത്തിൽകണ്ട് നയങ്ങൾ രൂപീകരിക്കുന്നത് ന്യായമാണെന്നു തോന്നുന്നില്ല എന്നു മാത്രം പറയട്ടെ. എന്നാൽ ഈ സമരത്തിന്റെ പശ്ചാത്തലത്തിൽ വൈദികരെക്കുറിച്ചും സഭയുടെ പ്രസ്ഥാനങ്ങളെക്കുറിച്ചും നവമാധ്യമങ്ങളിലുണ്ടായിക്കൊണ്ടിരിക്കുന്ന ആരോപണങ്ങളും ചർച്ചകളും ഒരു വീണ്ടുവിചാരത്തിനു വിധേയമാക്കണമെന്നു തോന്നുന്നു.

കത്തോലിക്കാവൈദികർ വിശ്വാസികളെ ഒരു മയവുമില്ലാതെ പിഴിഞ്ഞ് ആ പണമുപയോഗിച്ച് ആഢംബരജീവിതം നയിക്കുന്നു എന്ന ആരോപണമാണ് ഏറ്റവും മുമ്പിൽ നില്ക്കുന്നത്. വി. കുർബാനയ്ക്കും മറ്റു കർമ്മങ്ങൾക്കുമൊക്കെ പാവപ്പെട്ടവന്റെ പണംപിടിച്ചുവാങ്ങി അച്ചന്മാർ തിന്നുകൊഴുക്കുന്നു എന്നതരത്തിലാണ് പ്രതികരണങ്ങൾ. വി.കുർബാനധർമ്മത്തെയും നേഴ്സുമാരുടെ ശമ്പളത്തെയും താരതമ്യപ്പെടുത്തിക്കൊണ്ടുള്ള നിർഭാഗ്യകരമായ ചില കമന്റുകളും കാണാനിടയായി. വി. കുർബാനയോടും മറ്റു കർമ്മങ്ങളോടുമനുബന്ധിച്ച് പണമിടപാടുകൾ വേണമോ വേണ്ടയോ എന്നത് പിന്നീട് ചർച്ച ചെയ്യാവുന്ന ഒരു വിഷയമാണ്. എന്നാൽ ഇപ്പോൾ സഭയിൽ നിലവിലിരിക്കുന്ന ഈ സമ്പ്രദായത്തിന്റെ യഥാർത്ഥ കണക്കുകൾ എത്രപേർക്കറിയാം? സഭയുടെ നിയമമനുസരിച്ച് വി. കുർബാനനിയോഗത്തിന് നിശ്ചയിച്ചിരിക്കുന്ന തുകയെ കുർബാനധർമ്മമെന്നാണ് വിളിക്കുന്നത്. ഒരു വൈദികന് ഒരു ദിവസം എത്ര കുർബാന നിയോഗങ്ങൾ വിശ്വാസികളിൽനിന്നു ലഭിച്ചാലും ഒരു ദിവസം ഒരു കുർബാനധർമ്മം മാത്രമേ സ്വീകരിക്കാൻ അനുവാദമുള്ളു. അതായത് പത്തുപേർ ഒരേദിവസം വി. കുർബാനനിയോഗം വികാരിയച്ചനെ ഏല്പ്പിച്ചാലും അതിൽ ഒരു കുർബാനനിയോഗത്തിലാണ് അന്ന് അച്ചൻ വി.കുർബാന അർപ്പിക്കുന്നത്. ബാക്കിയുള്ളത് മറ്റു ദിവസങ്ങളിലേയ്ക്കു മാറ്റിവയ്ക്കും. കൂടാതെ ഒരച്ചൻ ഒരു ദിവസം ഒന്നിൽ കൂടുതൽ വി.കുർബാനയർപ്പിക്കുമ്പോഴും ഒരു കുർബാനധർമ്മം മാത്രമേ സ്വീകരിക്കാൻ അച്ചന് അനുവാദമുള്ളു. രണ്ടാമത്തെയും മൂന്നാമത്തെയും വി.കുർബാന അച്ചൻ അർപ്പിക്കുന്നത് രൂപതാമെത്രാന്റെ നിയോഗത്തിലാണ്. അതുപോലെ ഒരു വൈദികന് ഒരേസമയം നൂറ് കുർബാന നിയോഗത്തിൽകൂടുതൽ സ്വന്തം കണക്കിൽ സൂക്ഷിക്കാൻ അനുവാദമില്ല. അതിൽ കൂടുതൽ നിയോഗങ്ങൾ ഇടവകയിൽനിന്നു കിട്ടുന്നവർ അതു രൂപതയിൽ ഏല്പിക്കുകയും അവിടുന്ന് അത് വി. കുർബാന നിയോഗങ്ങൾ എല്ലാ ദിവസവും ലഭിക്കാത്ത ചെറിയ ഇടവകകളിലെ വൈദികരെ ഏല്പിക്കുകയും ചെയ്യും. ചുരുക്കത്തിൽ വി. കുർബാനയുടെ കണക്കിൽ ഒരു വൈദികന് ഒരുമാസം ലഭിക്കുന്ന തുക മുപ്പത് വി. കുർബാന നിയോഗങ്ങളുടേതാണ്. ഇങ്ങനെ വി. കർമ്മാനുഷ്ഠാനങ്ങൾക്കു നിശ്ചിത തുക ഏർപ്പെടുത്തിയിരിക്കുന്നതിനുപിന്നിൽ ദൈവശാസ്ത്രപരമായ ഒരു കാരണവുമില്ല. മറിച്ച് വി. കർമ്മങ്ങളോടനുബന്ധിച്ചുള്ള സാമ്പത്തിക കാര്യങ്ങളിൽ ക്രമരഹിതമായ ഒരവസ്ഥയും ഉണ്ടാകാതിരിക്കാനുള്ള ഒരു ക്രമീകരണമാണിത്. അതേസമയം നമ്മുടെ നിയോഗത്തിൽ ഒരു കുർബാനയർപ്പിക്കപ്പെടുമ്പോൾ നമ്മുടേതായ ഒരു സമർപ്പണം എന്നതരത്തിൽ കുർബാനധർമ്മത്തെ മനസിലാക്കുന്നതിലും തെറ്റില്ല.

പിന്നെയുള്ളത് മാമ്മോദീസായും വിവാഹവുമൊക്കെ പരികർമ്മം ചെയ്യുമ്പോൾ ചില വിശ്വാസികൾ അച്ചനു നല്കുന്ന ‘കൈമടക്കാ’ണ്. കൈമടക്കെന്ന വാക്ക് അനുചിതമാണെങ്കിലും ഞാൻ അതിവിടെ ബോധപൂർവം ഉപയോഗിച്ചതാണ്. പണം കൊടുക്കുന്ന വിശ്വാസികൾതന്നെയാണ് അതിന് അങ്ങനെയൊരു നിറം നല്കുന്നത്. കർമ്മങ്ങളൊക്കെ കഴിയുമ്പോൾ ആരും കാണാതെന്നമട്ടിൽ എന്നാൽ എല്ലാവരെയും കാണിച്ചുകൊണ്ട് ഒരു കവർ ചുരുട്ടിക്കൂട്ടി അച്ചന്റെ കൈയിൽ പിടിപ്പിക്കുന്ന ശൈലിയാണ് പലർക്കുമുള്ളത്. നമ്മുടെ ഭവനത്തിലെ ഒരു കർമ്മത്തിനു നമ്മൾ പ്രത്യേകം ക്ഷണിച്ചുവരുത്തിയ വൈദികന് വണ്ടിക്കൂലി കൊടുത്തുവിടുകയെന്നത് സാമാന്യമര്യാദ മാത്രമല്ലേ. അത് കൈക്കൂലി കൊടുക്കുന്നതുപോലെ ഒളിച്ചും പാത്തും ചെയ്യേണ്ട ഒരു കാര്യമല്ലല്ലോ. ചിലർ ഇങ്ങനെ പ്രത്യേകം ക്ഷണിച്ചു വരുത്തുന്ന വൈദികർക്കുമാത്രമല്ല, ഇടവകയിലെ വികാരിയച്ചനും ഇങ്ങനെയുള്ള അവസരത്തിൽ പണം നല്കാറുണ്ട്. അതു നല്കുന്നവന്റെ ഔദാര്യമാണ്, അച്ചന്റെ അവകാശമല്ല. അതുകൊണ്ട് അവിടെയും അച്ചൻ ഞെരിച്ചു പിരിക്കുന്നു എന്നെങ്ങനെയാണ് പറയുന്നത്. അച്ചനു വ്യക്തിപരമായി പണം നല്കാത്തതിന്റെ പേരിൽ വി. കുർബാനയോ മറ്റേതെങ്കിലും കർമ്മങ്ങളോ അച്ചൻ നടത്തിക്കൊടുക്കാതിരിക്കുകയോ വിശ്വാസികളെ ബുദ്ധിമുട്ടിക്കുകയോ ചെയ്താൽ അത് ഗുരുതരമായ വീഴ്ചയാണ്. അത് സാധാരണ സംഭവിക്കാത്ത കാര്യവുമാണ്.

വി. കർമ്മാനുഷ്ഠാനങ്ങൾക്കു സഭ മേൽപറഞ്ഞരീതിയിൽ നിശ്ചയിച്ചിരിക്കുന്ന തുകയല്ലാതെ പള്ളിയിലെ മറ്റൊരു പിരിവിന്റെയും ഒരംശംപോലും വൈദികനുള്ളതല്ലെന്നും അത് ആ ഇടവകയുടെയോ മറ്റേതെങ്കിലും പൊതുകാര്യത്തിനോ വേണ്ടിയുള്ളതാണെന്നുമുള്ള സത്യം മനപൂർവം മറന്നുകൊണ്ടാണോ ഈ നിലതെറ്റിയ വിമർശനം എന്നു ചിന്തിക്കണം. (അച്ചന്മാർക്കു ഇടവകയിൽനിന്നു നല്കുന്ന അലവൻസിന്റെ കാര്യം മറന്നുകൊണ്ടല്ല ഇതെഴുതുന്നത്). മിക്കവാറും അച്ചൻമാർ സാമ്പത്തിക കാര്യത്തിൽ വിശ്വാസികളുടെ വിമർശനത്തിനും ശാപവാക്കുകൾക്കുമൊക്കെ ഇരയായിത്തീരുന്നത് ഇടവകയുടെ പൊതുനന്മയ്ക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാൻ ഇറങ്ങിപ്പുറപ്പെടുമ്പോഴാണെന്നതും സത്യമാണ്. അതൊന്നും പലപ്പോഴും അവർ വിളിച്ചറിയിച്ചു നടക്കാറില്ലെന്നു മാത്രം.

പിന്നെ മറ്റൊരാരോപണം പാവപ്പെട്ടവന്റെ കാശുകൊണ്ട് പണിത കൊട്ടാരത്തിൽ അച്ചൻ കിടന്നുറങ്ങുന്നു എന്നതാണ്. ഇപ്പോഴത്തെ പല പള്ളിമുറികളുടെയും നിലവാരത്തിൽ താമസിക്കാൻമാത്രം സാമ്പത്തികമായ അടിത്തറയുള്ളതല്ല പല വൈദികരുടെയും കുടുംബപശ്ചാത്തലമെന്നത് തർക്കമില്ലാത്ത വസ്തുതയാണ്. എന്നാൽ ഇടവകയുടെ പള്ളിമുറി ന്യായമായ സൌകര്യത്തിൽ നിർമ്മിച്ച് ഇടവകയിൽ തങ്ങളുടെ ആത്മീയവും ഭൌതികവുമായ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ വരുന്ന വൈദികർക്ക് താമസിക്കാൻ നല്കുകയെന്നത് സഭയെയും വൈദികരെയും സ്നേഹിക്കുന്ന വിശ്വാസികളുടെ നല്ല പാരമ്പര്യമാണ്. ആ മനോഭാവത്തിൽനിന്നു മാറി ‘ഞങ്ങളുടെ വിയർപ്പിന്റെ വിലകൊണ്ടു പണിത കെട്ടിടത്തിൽ കയറികിടക്കുന്ന നാണമില്ലാത്തവൻ’ എന്ന തരത്തിലുള്ള അന്തസുകെട്ട വർത്തമാനം പറയുന്നിടത്ത് എത്ര സുന്ദരമായ മുറിയുണ്ടെങ്കിലും കിടന്നാൽ ആത്മാഭിമാനമുള്ളവർക്ക് ഉറക്കം വരില്ല.

വൈദികർ സ്വന്തമായി വാഹനമുപയോഗിക്കുന്നതും ചില തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി നിശിതമായി വിമർശിക്കപ്പെടുന്നുണ്ട്. ഒന്നാമതായി ഇടവകവൈദികർ സന്ന്യാസികളെപ്പോലെ ദാരിദ്ര്യം വ്രതമായി സ്വീകരിച്ചവരല്ല. അതിനാൽത്തന്നെ അവർക്കു സ്വന്തമായി വാഹനമുണ്ടാകുന്നത് വലിയ തെറ്റൊന്നുമല്ല. അതോടൊപ്പം വിശ്വാസികളുടെ പണമുപയോഗിച്ചാണ് വൈദികർ വാഹനം വാങ്ങുന്നതെന്ന നാണംകെട്ട ആരോപണമുന്നയിച്ച് സ്വയം അപഹാസ്യരാകാൻ നാം നിന്നുകൊടുക്കണമോ? തങ്ങളുടെ കുടുംബത്തിൽനിന്നു ലഭിക്കുന്ന പണംകൊണ്ടോ ലോണെടുത്തോ ഒക്കെ വൈദികർ വാഹനം വാങ്ങിയാൽ അതിന്റെ ചുറ്റും വിമർശനത്തിന്റെ കല്ലും തടിയുമായി നില്ക്കുന്നതിൽ അല്പം അപാകതയില്ലേ?

ഇങ്ങനെയുള്ള ചില വിശദീകരണങ്ങളൊക്കെ നല്കുമ്പോഴും പൌരോഹിത്യജീവിതങ്ങളുടെ ഗുണനിലവാരം ഈ കാലഘട്ടത്തിൽ കുറയുന്നുണ്ട് എന്ന സത്യവും അംഗീകരിക്കാതിരിക്കുന്നത് ശരിയല്ല. പക്ഷെ അവിടെയും നാം മറക്കാൻ പാടില്ലാത്ത ഒരു സത്യമുണ്ട്. നന്നായി ഒന്നു വിലയിരുത്തിയാൽ അവരുടെ ജീവിതത്തിന്റെ ഗുണനിലവാരം കുറയുന്നതിന്റെ ഒരു കാരണം ഇന്നത്തെ പൊതുസമൂഹത്തിന്റെ ഗുണനിലവാരത്തിലുണ്ടാകുന്ന അപചയങ്ങളാണെന്നു കാണാം. ധാർമ്മികമൂല്യങ്ങളും സത്യസന്ധതയും വിശുദ്ധിയുമൊക്കെ ചരിത്രസ്മാരകങ്ങളായി മാത്രം പരിഗണിക്കുന്ന ഇന്നത്തെ സമൂഹത്തിന്റെ സ്വാധീനം ഈ സമൂഹത്തിന്റെതന്നെ ഭാഗമായ വൈദികരിലും ഉണ്ടാകാൻ സാധ്യതയേറെയാണ്. പക്ഷെ ഇങ്ങനെയുള്ള ന്യായീകരണങ്ങൾ കണ്ടെത്തി ജീവിതത്തിന്റെ കുറവുകളെ വെള്ളപൂശാൻ ഞങ്ങൾക്ക് അവകാശമില്ലെന്ന് ഏറ്റുപറയാനും എനിക്കു മടിയില്ല.

വളരെ പ്രധാനപ്പെട്ട രണ്ടു കാര്യങ്ങൾ സൂചിപ്പിച്ചുകൊണ്ട് ഞാൻ ഈ കുറിപ്പുകൾ അവസാനിപ്പിക്കുകയാണ്. ഒന്നാമതായി, പൌരോഹിത്യം നാളത്തെ സഭയ്ക്കും ആവശ്യമുണ്ട്. നമ്മുടെ വരുംതലമുറയ്ക്ക് ആവശ്യമുണ്ട്. നമ്മുടെ കുഞ്ഞുങ്ങൾക്ക് ആവശ്യമുണ്ട്. പൌരോഹിത്യം പേറുന്ന പുരോഹിതൻ ഒരുപക്ഷേ ബലഹീനനാകാം..കുറവുകൾ ധാരാളമുള്ളവനാകാം. എന്നാൽ പൌരോഹിത്യം ഒരിക്കലും വില കുറഞ്ഞതാകുന്നില്ല. നമ്മുടെ കുഞ്ഞുങ്ങൾക്ക് കൂദാശകൾ സ്വീകരിച്ച് ദൈവാനുഭവത്തിൽ വളരാൻ പൌരോഹിത്യം ആവശ്യമുണ്ട്. അതിനാൽ നമ്മുടെ കുഞ്ഞുങ്ങളുടെയുംമറ്റും മുമ്പിൽ പുരോഹിതരുടെ കുറവുകൾ ചുണ്ടിക്കാണിച്ച് അവരെ അവഹേളിച്ച് പൌരോഹിത്യത്തെ വെറുക്കുന്നവരായി ആ കുഞ്ഞുങ്ങളെ വളർത്തരുത്. അത് ആ കുഞ്ഞുങ്ങളോടു ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണ്.

രണ്ടാമതായി സഭയ്ക്കും സഭയുടെ പ്രസ്ഥാനങ്ങൾക്കുമെതിരേ ബോധപൂർവം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരുടെ നിഗൂഢനീക്കങ്ങൾ നാം കണ്ടില്ലെന്നു നടിക്കരുത്. നേഴ്സുമാരുടെ സമരത്തോടുള്ള പ്രതികരണത്തിൽപോലും അതു വ്യക്തമാണ്. കേരളത്തിലെ വലിയ ആശുപത്രികളെല്ലാം കത്തോലിക്കാസഭയുടെമാത്രം നേതൃത്വത്തിലല്ലെന്നു നമുക്കറിയാം. എന്നാൽ നവമാധ്യമങ്ങളിൽ വരുന്ന പ്രതികരണങ്ങളിൽ അനീതി കാണിക്കുന്നതുമുഴുവൻ കത്തോലിക്കാസഭയാണെന്ന ധ്വനിയാണുള്ളത്. കഴിഞ്ഞ ദിവസം കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ (ചായ്) യുടെ കേരളഘടകം നല്കിയ ഒരു പത്രപ്രസ്താവന മറ്റെല്ലാ പത്രങ്ങളുമെന്നപോലെ ദീപികയും പ്രസിദ്ധീകരിക്കുകയുണ്ടായി. അതിനെതുടർന്ന്, ദീപിക അതിനുമുമ്പും ശേഷവുമൊക്കെ നല്കിയ വാർത്തകളെക്കുറിച്ചൊന്നും ചിന്തിക്കാതെ ദീപിക നേഴ്സുമാർക്കെതിരെയാണെന്നും ദീപിക ബഹിഷ്ക്കരിക്കണമെന്നുമുള്ള ചില പ്രതികരണങ്ങൾ കാണുകയുണ്ടായി. സുബോധമുള്ള സമൂഹം അർഹിക്കുന്ന അവജ്ഞയോടെ അതു തള്ളിക്കളഞ്ഞെങ്കിലും ഇതുപോലുള്ള ബോധപൂർവമായ നീക്കങ്ങൾ നടക്കുന്നുണ്ട് എന്നതു മറന്നുകൂടാ. അതുകൊണ്ട് മനപൂർവം സഭയ്ക്കെതിരെ നില്ക്കുന്നവരുടെ കരങ്ങളിലേക്ക് മുകളിൽ സൂചിപ്പിച്ചതുപോലെ സഭയെക്കുറിച്ചും പൌരോഹിത്യത്തെക്കുറിച്ചും പുരോഹിതരെക്കുറിച്ചുമൊക്കെയുള്ള തെറ്റായ അറിവുകൾ ആയുധങ്ങളായി നല്കാതിരിക്കാൻ സഭയെ സ്നേഹിക്കുന്നവർക്കു കടമയുണ്ട്.

ആദ്യത്തെ വാചകം ഒരിക്കൽക്കൂടി ആവർത്തിച്ചുകൊണ്ട് ഞാൻ അവസാനിപ്പിക്കുകയാണ്. നന്മയാഗ്രഹിച്ച് നടത്തുന്ന വിമർശനങ്ങളെ തുറന്ന മനസോടെ സ്വീകരിക്കുകയും ആത്മപരിശോധന നടത്തുകയും ചെയ്യാൻ ഞാനുൾപ്പെടുന്ന വൈദിക സമൂഹം സന്നദ്ധമാകണം. അതോടൊപ്പം മനപൂർവം തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് സഭയെയും പൌരോഹിത്യത്തെയും പുരോഹിതരെയും അവഹേളിക്കുന്നവരോട് അവർ അകത്തുള്ളവരാണെങ്കിലും പുറത്തുള്ളവരാണെങ്കിലും ഉചിതമായി പ്രതികരിക്കാനും..