Posted in SOCIAL

നന്ദിയുണ്ട് ശൈലജ ടീച്ചറേ…

ബഹുമാനപ്പെട്ട ശൈലജ ടീച്ചറേ,

നന്ദിയുണ്ട്, ഇപ്പോഴെങ്കിലും സംസാരിച്ചതിന്. നിങ്ങൾക്കറിയുമോ എന്നറിയില്ല, കേരളത്തിൽ കന്യാസ്ത്രീകളെന്ന് അറിയപ്പെടുന്ന, സ്ത്രീവർഗത്തിൽപ്പെട്ട കുറേ ജന്മങ്ങൾ ജീവിച്ചിരിപ്പുണ്ട്. അവരുവഴി നിങ്ങൾ സർക്കാർ സംരക്ഷിക്കേണ്ട കുറേ ദുർബലജന്മങ്ങൾ സ്വസ്ഥമായി ജീവിക്കുന്നുമുണ്ട്. എന്നാൽ കഴിഞ്ഞ കുറേ നാളുകളായി പലതിന്റെയും പേരിൽ ആ നിർദോഷരായ സഹോദരിമാരെയും അവരുടെ സമൂഹത്തെയും മാത്രമല്ല, അവരുടെ മാതാപിതാക്കളെപ്പോലും കേട്ടാലറയ്ക്കുന്ന അശ്ലീലംകൊണ്ടു മൂടുന്ന കുറേ ഞരമ്പുരോഗികളെകൊണ്ട് സാമൂഹ്യമാധ്യമങ്ങൾ നിറഞ്ഞിരിക്കുകയാണ്. നൂറുകണക്കിന് പരാതികൾ നിങ്ങളുടെ നിയമപാലകർക്ക് അതേക്കുറിച്ച് ലഭിച്ചിട്ടുമുണ്ട്. പക്ഷെ ഇവിടുത്തെ സ്ത്രീസംരക്ഷകരോ നിയമമോ ഒന്നും ഇതുവരെയും ആ നിലവിളികൾക്കുമുമ്പിൽ ചെവി തുറന്നിട്ടില്ല. എന്തിനേറെ, തന്നെക്കുറിച്ച് അശ്ലീലം കേട്ടപ്പോൾ നിയന്ത്രണംവിട്ടു നിയമം കൈയിലെടുത്ത ആ ബഹുമാന്യ സ്ത്രീസംരക്ഷക പോലും കമാന്നൊരക്ഷരം അതിനെക്കുറിച്ചു മിണ്ടിയിട്ടില്ല.

ഇങ്ങനെയുള്ള നിയമലംഘനങ്ങളിൽ സർക്കാർ സംവിധാനങ്ങളും നിയമവ്യവസ്ഥയും ഉണരണമെങ്കിൽ കരിഓയിൽ പ്രയോഗവും മർദ്ദനവും തെറിയഭിഷേകവും ഉണ്ടാകണമെന്നാണോ ഇതിൽനിന്നു മനസിലാക്കേണ്ടത്? അതുപോലെ സ്ത്രീപക്ഷപ്രവർത്തർക്കും പ്രവർത്തിക്കാൻ ഊർജം കിട്ടണമെങ്കിൽ സ്വന്തം അഡ്രസിൽ അശ്ലീലത്തെറി കിട്ടണമെന്നുണ്ടോ? അതോ ഈ കന്യാസ്ത്രീകളെ നിങ്ങൾ സ്ത്രീവർഗത്തിൽ പെടുത്തിയിട്ടില്ലേ..?

രണ്ടുദിവസമായി ഈ വാർത്ത ചർച്ചചെയ്തുകൊണ്ടിരിക്കുന്ന മാധ്യമങ്ങളോടും മറ്റൊന്നും ചോദിക്കാനില്ല. ഇപ്പോഴാണോ നിങ്ങളുടെയും ധാർമ്മികബോധം ഉണർന്നത്? സോഷ്യൽമീഡിയായിൽ നോക്കിയിരുന്ന് വാർത്തയുടെ അപ്ഡേറ്റ് തയ്യാറാക്കുന്ന നിങ്ങളും കണ്ടതാണല്ലോ കഴിഞ്ഞ കുറേ നാളുകളായി കന്യാസ്ത്രീകളെന്ന ഒരു പ്രത്യേകവിഭാഗം സ്ത്രീജനങ്ങൾക്കെതിരെ നടക്കുന്ന അശ്ലീലവും തികച്ചും അധാർമ്മികവും അന്യായവുമായ ക്രിമിനൽ അതിക്രമങ്ങൾ… അതെല്ലാം കണ്ടിട്ടും, ധാർമ്മിതയുടെയും നീതിയുടെയും സത്യത്തിന്റെയും മൊത്തക്കച്ചവടക്കാരായ നിങ്ങളുടെ വായിൽനിന്ന് എന്തുകൊണ്ട് ഒരുവാക്കുപോലും പുറത്തുവന്നില്ല? വരില്ലെന്നറിയാം, കാരണം നിങ്ങളുടെ കച്ചവടക്കണ്ണിൽ വിലയുള്ളത് അക്കൂട്ടത്തിൽ വഴിതെറ്റി നടക്കുന്ന ചില ജന്മങ്ങൾക്കുമാത്രമാണല്ലോ.

ബഹുമാനപ്പെട്ട മന്ത്രിയും സ്ത്രീപക്ഷ പ്രവർത്തകരും മാധ്യമങ്ങളുമെല്ലാം ഒരു കാര്യം മനസിലാക്കുന്നത് നല്ലതാണ്. കരിഓയിൽ സംഘടിപ്പിക്കാനുള്ള കഴിവും തങ്ങളെയും, ജനിപ്പിച്ച മാതാപിതാക്കളെയും അശ്ലീലം പറയുന്നവരുടെ നേരെ ചെല്ലാനുള്ള തന്റേടവും ഇല്ലാതിരുന്നിട്ടല്ല അവരാരും പ്രതികരിക്കാത്തത്. മറിച്ച് നിങ്ങളെല്ലാവരുംകൂടി അവരെ സംരക്ഷിക്കും എന്ന മിഥ്യാധാരണ ഇപ്പോഴും പുലർത്തുന്നതുകൊണ്ടാണ്. മാത്രമല്ല, അവരുടെ ജീവിതശൈലിയിലും അവരുടെ ടൈംടേബിളിലും ഇതിനൊന്നും അല്പംപോലും സമയം അവർക്കില്ലതാനും. പക്ഷെ ഇങ്ങനെയുള്ള തിന്മകളെ ഇല്ലാതാക്കുവാൻ ഉത്തരവാദിത്വമുള്ളവരായ നിങ്ങൾ ഇക്കാര്യത്തിൽ കാണിക്കുന്ന നിസംഗത തികഞ്ഞ അനീതിയാണ്. നിങ്ങൾ ഉണരേണ്ടത് ചില പ്രത്യേകതരം സ്ത്രീകൾമാത്രം ആക്രമിക്കപ്പെടുമ്പോഴല്ല. മറിച്ച് കേരളത്തിലെ ഒരു സ്ത്രീപോലും അവഹേളിക്കപ്പെടുന്നില്ല എന്നുറപ്പാക്കാൻ നിങ്ങൾ ബാദ്ധ്യസ്ഥരാണ്. ഇനിയെങ്കിലും ബഹുമാനപ്പെട്ട വനിതാ മന്ത്രിയും സ്ത്രീസംരക്ഷകരും മാധ്യമങ്ങളും അതിനു തയ്യാറാകുമെന്ന് വെറുതേ ആശിക്കട്ടെ.

ഏതായാലും കൂടലിലെ അപ്പൂപ്പനും കന്യാസ്ത്രീകളെ അധിക്ഷേപിച്ചാൽ ആരും ചോദിക്കാൻ വരില്ലെന്നു കരുതുന്ന മറ്റ് ഞരമ്പുരോഗികളും ഒന്നു കരുതിയിരിക്കുന്നത് നല്ലതാണ്. സ്ത്രീസംരക്ഷകരുടെ കഴിഞ്ഞ ദിവസത്തെ മാതൃകയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ആരെങ്കിലും കരിഓയിലും സംഘടിപ്പിച്ച് ഒരുങ്ങിയിരുപ്പുണ്ടോയെന്ന് ആർക്കറിയാം.. 

Posted in SOCIAL

പാക്കിസ്ഥാൻ അങ്ങു ദൂരെയല്ല…

കഴിഞ്ഞ ദിവസം ലോഞ്ച്ചെയ്യപ്പെട്ട ഒരു വെബ്സൈറ്റ് ശ്രദ്ധയിൽപെട്ടതുകൊണ്ടാണ് ഈ കുറിപ്പ്. പാക്കിസ്ഥാനിൽ പതിനാലു വയസുമാത്രം പ്രായമുള്ള മരിയ ഷബാസ് എന്ന ക്രൈസ്തവ പെൺകുട്ടിയോട്, തന്നെ ബലമായി തട്ടിക്കൊണ്ടുപോയ അധമന്റെ ഭാര്യയായി ജീവിക്കണമെന്ന് അവിടുത്തെ ഒരു കോടതി വിധിച്ചതാണ് Justiceforminor.org എന്ന പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ആ വെബ്സൈറ്റ് രുപപ്പെട്ടതിന്റെ പശ്ചാത്തലമെന്നു മനസിലാക്കുന്നു. നാം കണ്ണുതുറന്നു കാണുകയും ധാർമികബോധത്തോടെ പ്രതികരിക്കുകയും ചെയ്യേണ്ട അടിയന്തിരപ്രാധാന്യമുള്ള ഒരു വിഷയമായതുകൊണ്ട് ഈ സംരംഭത്തോട് പൂർണമായി സഹകരിക്കാൻ സന്നദ്ധരാകണമെന്നാണ് എന്റെ കാഴ്ചപ്പാട്.

ഓ…അതങ്ങു പാക്കിസ്ഥാനിലല്ലേ എന്നു ചിന്തിക്കുന്നവരോടു പറയാനുള്ളത് ഇവിടെനിന്ന് പാക്കിസ്ഥാനിലേക്കുള്ള ദൂരം ഇപ്പോൾ വളരെയധികം കുറഞ്ഞിരിക്കുന്നു എന്നാണ്. സമകാലിക കേരളത്തിന്റെ മാറിവന്നിരിക്കുന്ന സാമൂഹികചുറ്റുപാടുകൾ നമ്മെ ബോദ്ധ്യപ്പെടുത്തുന്നത് ഈ യാഥാർത്ഥ്യമാണ്. തൊടുപുഴയിലെ കൈവെട്ടു തുടങ്ങി എരുമേലിയിലെ പന്നിയിറച്ചി വിവാദവും ലൗജിഹാദുമുൾപ്പെടെയുള്ള സംഭവങ്ങളെ നാളുകൾക്കിപ്പുറമിരുന്ന് വർത്തമാനകാല പശ്ചാത്തലത്തിൽ വിശകലനം ചെയ്യുമ്പോൾ നിഷ്പക്ഷചിന്ത പുലർത്തുന്നവർക്ക് അതു ബോദ്ധ്യപ്പെടും. ഈ വർഷങ്ങളിലെ ജനനനിരക്കിന്റെ കണക്കുകളും ഭാവിയിലേക്കുള്ള ചൂണ്ടുപലകകളാണ്. കൂടാതെ സോഷ്യലിസം കടലാസിലെങ്കിലും സൂക്ഷിക്കുന്നവരുൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളുടെ പിന്നാംപുറകഥകളിലും വായിക്കാൻ കഴിയുന്നത് എല്ലാവരുംചേർന്ന് അവിടേക്കുള്ള കുറുക്കുവഴിയുടെ നിർമ്മാണം ത്വരിതഗതിയിലാക്കിയിരിക്കുന്നു എന്ന സത്യമാണ്. അതുകൊണ്ടുതന്നെ പാക്കിസ്ഥാനിലെ മരിയ നമ്മുടെ നാട്ടിലെയും വീട്ടിലെയും കുട്ടിയായി മാറിയിരിക്കുന്നു.

ഈ പശ്ചാത്തലത്തിലാണ് ഈ പുതിയ വെബ്സൈറ്റിന്റെ പ്രസക്തി. മനുഷ്യനന്മയെ സ്നേഹിക്കുകയും സ്വന്തം വിശ്വാസത്തെ വിലമതിക്കുകുയും, അതിൽ കപടമായ വിശാലമനസിന്റെ മറവിൽ വെള്ളം ചേർക്കാതിരിക്കുകയും, അന്യന്റെ വിശ്വാസത്തിലും അവകാശത്തിലും കൈകടത്താതിരിക്കുകയും ചെയ്യുന്നവർ ഇതിന്റെ പിന്നിൽ അണിനിരക്കേണ്ടത് നാടിന്റെ നന്മയ്ക്ക് അത്യാവശ്യമാണ്. ക്രൈസ്തവവിശ്വാസത്തിനു സ്വന്തം ജീവനേക്കാൾ വിലയുണ്ടെന്ന ബോദ്ധ്യത്തിൽ ജീവിച്ചു മരിച്ചവരിൽനിന്നുള്ള വളമാണ് നമ്മുടെ വേരുകൾ തേടിയെടുക്കുന്നത് എന്നു മറക്കാതിരിക്കാം. വരും തലമുറയിലേക്ക് ഈ വിശ്വാസം കുറവുകൂടാതെ കൈമാറി കൊടുക്കണമെങ്കിൽ നിസംഗത വെടിഞ്ഞ് ഇന്നു നാം ചെയ്യേണ്ടത് ചെയ്തേ മതിയാകു. ഈ വെബ്സൈറ്റ് അതിനുവേണ്ടിയുള്ള ഒരു ചുവടുവെയ്പ്പായി കരുതിയാണ് ഇവിടെ ഞാനതു ഷെയർ ചെയ്യുന്നത്.

https://www.justiceforminor.org/

Posted in SOCIAL

നിസംഗത പാപമാണ്

കഴിഞ്ഞ ദിവസം കാരക്കാമല പള്ളിയിൽ നടന്ന ലൂസിത്തരം* ലോകം മുഴുവൻ കണ്ടുകഴിഞ്ഞല്ലോ. ഈ സംഭവം വഴി ചിലരെങ്കിലും യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങുകയും ആ ജന്തുവിനെ (ക്ഷമിക്കുക, അതിനെ വിശേഷിപ്പിക്കാൻ മറ്റൊരു പേര് ഇപ്പോഴും കിട്ടാത്തതുകൊണ്ടാണ് ഈ വാക്ക് ആവർത്തിക്കുന്നത്) പിന്താങ്ങുന്നതിൽനിന്നു പിന്മാറുകയും ചെയ്തു തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇപ്പോഴും നേരം വെളുക്കാത്തവർ ആ ഇടവകയിൽപോലുമുണ്ടെന്നു തെളിയിക്കുകയാണ് ഇതുമായി ബന്ധപ്പെട്ട് അവിടുത്തെ വികാരിയച്ചനെ ചോദ്യം ചെയ്യാൻ ചെന്ന കുറേയാളുകൾ.

സഭയും പൊതുസമൂഹവും കണ്ണുതുറന്നു മനസിലാക്കേണ്ട ചില യാഥാർത്ഥ്യങ്ങളിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. പിന്താങ്ങാനും പണം മുടക്കാനും ആളുകളും പിന്നെ സോഷ്യൽ മീഡിയായും ചേർന്നാൽ എന്തതിക്രമവും എന്തന്ന്യായവും ആർക്കെതിരെയും ചെയ്യാവുന്ന നാടാണ് നമ്മുടേതെന്ന് ഈ സംഭവം തെളിയിക്കുന്നു. ഇരയെന്ന നാട്യത്തിൽ അലറിക്കൂവി മറ്റുള്ളവർക്കവകാശപ്പെട്ട നീതിയും ന്യായവും നിരന്തരം തട്ടിത്തെറിപ്പിക്കുന്ന ഇതുപോലുള്ള വികൃതജന്മങ്ങൾക്ക് തീറ്റയും വളവും നല്കുന്നവരെക്കുറിച്ച് അന്വേഷിച്ചാൽ മതി ഇതിന്റെയൊക്കെ സത്യാവസ്ഥകളെ തിരിച്ചറിയാൻ. കഴിഞ്ഞ ദിവസം എന്റെയൊരു കുറിപ്പിനെ വളച്ചൊടിച്ച് എനിക്കെതിരെ പോസ്റ്റിട്ട, മുകളിൽപറഞ്ഞ ആ ജീവിയെ രക്ഷിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന, ഒരു സത്യക്രിസ്ത്യാനിയുടെ പോസ്റ്റുകളിലൂടെ വെറുതേ ഒരു കൌതുകത്തിനു ഞാനൊന്നു കടന്നുപോയി. അയാളുടെ പോസ്റ്റുകളുടെ ചില സ്ക്രീൻഷോട്ടുകൾ ഞാൻ താഴെ കൊടുക്കുന്നുണ്ട്. അതുമാത്രംമതി ബോധമുള്ളവർക്ക് കണ്ണുതുറക്കാൻ.

ഈ കളികളെല്ലാം ഇപ്പോഴും നിസംഗതയോടെ നോക്കിക്കാണുകയും നിർവികാരതയോടെ ജീവിക്കുകയും ചെയ്യുന്നവർ ആത്മീയതയെന്നാൽ നിർവികാരതയും നിസംഗതയുമല്ലെന്നും ഈ ജനാധിപത്യരാജ്യത്തിൽ പ്രതികരണമെന്നാൽ പ്രാർത്ഥന മാത്രമല്ലെന്നും തിരിച്ചറിയണം. ഇങ്ങനെയുള്ള നിസംഗതകൾക്കൊണ്ട് നിരവധി സന്ന്യസ്ഥരുടെയും അവരുടെ മാതാപിതാക്കളുടെയും പ്രിയപ്പെട്ടവരുടെയും ആത്മാഭിമാനത്തിന് വിലപറയിപ്പിക്കാൻ അവസരമുണ്ടാക്കുന്നതിനെ ദയവായി പുണ്യം എന്നു വിളിക്കരുത്.

*N:B: മുകളിൽ ഞാൻ ലൂസിത്തരം എന്ന് കുറിച്ചിരിക്കുന്നത് ഈ ലോകത്തിലുള്ള ഏറ്റവും വലിയ തെറിവാക്കിന്റെ അർത്ഥത്തിലാണ്. ഇങ്ങനെയൊരസഭ്യ വാക്ക് എഴുതിയത് ക്ഷമിക്കുക.

Posted in SOCIAL

ഇനിയും സഹിക്കാൻ മനസില്ല.

ആധികാരികമായ തെളിവുകളും വസ്തുതകളും നിരത്തി അഭയാക്കേസിന്റെ പിന്നാമ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്ന കുറിപ്പ് ശ്രീ ജസ്റ്റിൻ ജോർജ് സോഷ്യൽമീഡിയായിൽ പ്രസിദ്ധികരിച്ചത് കാണുവാനിടയായി. 28 വർഷങ്ങളായി കേരളകത്തോലിക്കാസഭയെ താറടിക്കാൻ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഈ കേസിൽ പ്രതിചേർക്കപ്പെട്ടവർ നിരപരാധികളാണെന്ന് സിബിഐ അവതരിപ്പിക്കുന്ന കഥകൾ നിഷ്പക്ഷമായി വായിക്കുന്നവർക്കു ബോദ്ധ്യപ്പെടുന്ന യാഥാർത്ഥ്യമാണ്. എന്നാൽ സി.അഭയുടേത് കൊലപാതകമാണെന്ന തീരുമാനം പ്രഖ്യാപിച്ച സിബിഐയ്ക്കും കത്തോലിക്കാസഭ സകല തിന്മകളുടെയും കൂടാരമാണെന്നു സ്ഥാപിക്കാൻ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്ന സഭാവിരുദ്ധർക്കും പൌരോഹിത്യവും സന്ന്യാസവും ലൈംഗികാതിക്രമങ്ങളുടെ ഇടമാണെന്നു സ്വന്തം “അനുഭവം” വിവരിച്ച് വിളിച്ചുകൂകി നടക്കുന്ന ചില പാഴ്ജന്മങ്ങൾക്കും അവർ കുറ്റവാളികളായേ മതിയാകു. കാരണം അതവരുടെ നിലനില്പിന്റെ പ്രശ്നമാണ്.

അതേസമയം പ്രതികളെന്നു വിളിക്കപ്പെടുന്നവർ നിരപരാധികളാണെന്നു ബോദ്ധ്യപ്പെടുന്ന വിധത്തിൽ ആധികാരികമായതും ഇതുവരെയും ചോദ്യംചെയ്യപ്പെടാതെ നിലനില്ക്കുന്നതുമായ കോടതിവിധിയും നിഷ്പക്ഷരായ അന്വേഷണോദ്യോഗസ്ഥരുടെ വാക്കുകളും ഇത്രയും ശക്തമായ പിന്തുണയായിട്ടുള്ളപ്പോഴും കുറ്റാരോപിതരും അവരുടെ കുടുംബാംഗങ്ങളും അതോടൊപ്പം കത്തോലിക്കാസഭ മുഴുവനും അനുഭവിച്ചതും അനുഭവിച്ചുകൊണ്ടിരിക്കുന്നതുമായ അപമാനത്തിനു പരിഹാരമുണ്ടാകുന്ന വിധത്തിലുള്ള ഒരു പ്രതികരണം സഭയുടെ ഉത്തരവാദിത്വപ്പെട്ടവരിൽനിന്നും ഉണ്ടായില്ല എന്നത് ചെറിയ പിഴവല്ല. കുറ്റകരമായ ഈ മൌനത്തെ ക്രൈസ്തവപുണ്യം എന്നു വിളിച്ചു മാമ്മോദിസാ മുക്കിയെടുക്കുന്നതും അംഗീകരിക്കാനാവില്ല. ഉചിതമായ സമയത്ത് ഉറച്ച് നിലപാടുകൾ എടുക്കാൻ ഉത്തരവാദിത്വപ്പെട്ടവർ മടിച്ചതുകൊണ്ടല്ലേ ധാർമ്മികതയും നീതിബോധവും മറ്റുചില നേട്ടങ്ങൾക്കുവേണ്ടി പണയംവച്ച മാധ്യമങ്ങളും സോഷ്യൽമീഡിയായിൽ നിരന്തരം സഭയ്ക്കെതിരെ ഓരിയിടുന്ന ചില ചാവാലിപ്പട്ടികളും ചേർന്ന് കത്തോലിക്കാ സഭയെയും പൌരോഹിത്യത്തെയും സന്ന്യാസത്തെയും നിരന്തരം താറടിച്ചുകൊണ്ടിരിക്കുന്നത്.

ഇനിയും അന്യായവും അധാർമ്മികവുമായ ഈ കുറ്റാരോപണത്തിന്റെ പങ്കുപറ്റി ജീവിക്കാൻ മനസില്ല. അതുകൊണ്ടുതന്നെ ഉത്തരവാദിത്വപ്പെട്ടവർ മൌനം വെടിഞ്ഞ് അഭയാക്കേസിന്റെ നാൾവഴികളിൽ മറഞ്ഞുകിടക്കുന്ന യാഥാർത്ഥ്യങ്ങളെ പൊതുസമൂഹത്തിന്റെ മുമ്പിൽ വെളിപ്പെടുത്തിയേ മതിയാകു. അങ്ങനെയുള്ള വെളിപ്പെടുത്തലുകൾ വഴിയുണ്ടാകുന്ന നഷ്ടങ്ങൾ ഇത്രയുംകാലം കുറ്റാരോപിതരും അവരുടെ കുടുംബാംഗങ്ങളും ഞാനുൾപ്പെടുന്ന പുരോഹിതഗണവും സന്ന്യസ്തരും കത്തോലിക്കാസഭയും അനുഭവിച്ചതും അനുഭവിക്കുന്നതുമായ നഷ്ടങ്ങളുമായി താരതമ്യം ചെയ്താൽ അതു തുലോം തുച്ഛമായിരിക്കും. മാത്രമല്ല എന്തിനും ഏതിനും അഭയാക്കേസും പൊക്കിപ്പിടിച്ച് കത്തോലിക്കാസഭയ്ക്കെതിരെ ഉറഞ്ഞുതുള്ളുന്നവരുടെ അസ്കിതയ്ക്കല്പം ശമനവും കിട്ടും.

Posted in SOCIAL

ഇനിയെങ്കിലും കർഷകർക്കൊപ്പമാകൂ…

കൊറോനാനന്തര ലോകത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധലഭിക്കാൻ പോകുന്നത് ലോകജനതയെമുഴുവൻ തീറ്റിപ്പോറ്റുവാൻ കഠിനാധ്വാനം ചെയ്യുന്ന കർഷകർക്കാണ്. പണം കൈയിലുള്ളതുകൊണ്ടോ സാങ്കേതികശേഷിയുള്ളതുകൊണ്ടോ വയറുനിറയില്ലെന്ന സത്യം സാവധാനം എല്ലാവരും മനസിലാക്കി തുടങ്ങിയിരിക്കുന്നു. കഴിഞ്ഞദിവസം ദീപിക ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ഉപരാഷ്ട്രപതിയുടെ ലേഖനം തന്നെ ഈ യാഥാർത്ഥ്യത്തിലേക്കു വെളിച്ചം വീശുന്നു. അതോടൊപ്പം ആ ദിവസം തന്നെ ദീപിക മുഖപ്രസംഗത്തിൽ അവതരിപ്പിച്ച, കർഷകർ കാലങ്ങളായി അഭിമുഖീകരിക്കുന്ന വലിയ സാമ്പത്തിക പ്രതിസന്ധികളും സർക്കാരിന്റെയും ബാങ്കുകളുടെയും ക്രൂരമായ നിലപാടുകളുമെല്ലാം ഒരിക്കൽക്കൂടി കാർഷികമേഖല അഭിമുഖീകരിക്കുന്ന സമാനതകളില്ലാത്ത പ്രതിസന്ധികളെ സമൂഹത്തിനു മുമ്പിൽ വെളിപ്പെടുത്തുന്നവയായി.

ഇത്രയും കാലം ഇങ്ങനെ എന്തെല്ലാം വാർത്തകൾ കർഷകർക്കൊപ്പം നില്ക്കുന്ന മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നിരിക്കുന്നു. പക്ഷെ അതെല്ലാം വെറും വനരോദനങ്ങളായി അവശേഷിച്ചു. കാരണം അതു കേൾക്കേണ്ടവർ കേൾക്കാതെയും കേട്ടവർ പ്രതികരിക്കാതെയും കർഷകരെ അഞ്ചുവർഷത്തിലൊരിക്കൽ ഒരു ദിവസംമാത്രം വിലയുണ്ടാകുന്ന വെറും മണ്ണുണ്ണികളായികണ്ട് അവഗണിച്ചു. എന്നാൽ കൊറോണാ ചില തിരിച്ചറിവുകൾ നല്കിത്തുടങ്ങിയിരിക്കുന്നു. ഇനിയും കർഷകരെയും കാർഷികമേഖലയേയും അവഗണിച്ചാൽ പരിണിതഫലം ഗുരുതരമായിരിക്കുമെന്ന തിരിച്ചറിവ് അതിൽ പ്രധാനപ്പെട്ടതാണ്. ഒരുപക്ഷെ ഭക്ഷ്യക്ഷാമം വാതിൽക്കൽ എത്തിനോക്കുന്ന ഈ സാഹചര്യത്തിൽ കർഷകർ അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ കേൾക്കാനും ഉൾക്കൊള്ളാനും ഭാവാത്മകമായി പ്രതികരിക്കാനും കർഷകവിരോധം ഉള്ളിൽ സൂക്ഷിക്കുന്നവർക്കും കഴിയുമായിരിക്കും.

കർഷകരുടെ ചരിത്രം അറിഞ്ഞിട്ടുള്ളവർക്കറിയാം ഈ പ്രതിസന്ധിയിലും അവർ നാടിന്റെ നട്ടെല്ലായി നിലനില്ക്കുമെന്ന്. ഹൈറേഞ്ചിലെയും മലബാറിലെയും കുടിയേറ്റങ്ങൾ കൈയേറ്റങ്ങളായി അവതരിപ്പിച്ചവരുടെകൂടി വയറുനിറയ്ക്കാൻ പരിഭവം മറച്ചുപിടിച്ച് മണ്ണിൽ വിയർപ്പൊഴുക്കി കനകംവിളയിച്ചവരാണവർ. അതുകൊണ്ടുതന്നെ പ്രകൃതിയൊരുക്കുന്ന പ്രതിസന്ധികളെ തരണം ചെയ്യാൻ അവർക്ക് പ്രത്യേക കൈപ്പാങ്ങ് ഉണ്ട്. എന്നാൽ അന്നംകൊടുക്കുന്ന കൈക്കുതന്നെ കടിക്കുന്ന കൂടപ്പിറപ്പുകളുടെ കർഷകവിരുദ്ധ നിലപാടുകളിലാണ് അവർ പലപ്പോഴും പതറിപ്പോകുന്നത്. വരാൻപോകുന്ന കൊറോണാനന്തര പട്ടിണിക്കാലത്തെങ്കിലും ലോകത്തെ മറ്റേതൊരു തൊഴിലിനോടൊപ്പമോ അതിനൊരുപടി മുകളിലോ ആണ് കാർഷികവൃത്തിയുടെ സ്ഥാനമെന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

ദീപികയിൽ ഉപരാഷ്ട്രപതിയും പത്രത്തിന്റെ മുഖപ്രസംഗവും അവതരിപ്പിച്ച കാർഷകസൌഹൃദമായ നിലപാടുകളെ അടിവരയിട്ട് അംഗീകരിക്കുന്നതിനോടൊപ്പം ഇപ്പോൾ കർഷകർ പ്രായോഗികമായി അനുഭവിക്കുന്ന മറ്റൊരു പ്രധാന പ്രതിസന്ധിയെക്കൂടി അധികാരികളുടെയും പൊതുജനത്തിന്റെയും അടിയന്തിരശ്രദ്ധയിൽപെടുത്താൻ ആഗ്രഹിക്കുന്നു. അതു മറ്റൊന്നുമല്ല, കർഷകൾ കുറച്ചു വർഷങ്ങളായി അനുഭവിക്കുന്ന വന്യമൃഗങ്ങളുടെ അതിരൂക്ഷമായ ശല്യംതന്നെ. ഭക്ഷ്യസുരക്ഷയ്ക്കായി തരിശുഭൂമി കൃഷിചെയ്യണമെന്നുള്ള കെ.സി.ബി.സിയുടെ ആഹ്വാനവും പത്രത്തിൽ വായിച്ചു. കൃഷിചെയ്യാൻ മനസും ആരോഗ്യവുമുള്ള ജനത എന്തുകൊണ്ടാണ് കൃഷിസ്ഥലം തരിശായിക്കിടക്കാൻ അനുവദിക്കുന്നതെന്നും അധികാരികൾ കണ്ണുതുറന്നു കാണണം. പ്രകൃതിസ്നേഹികളിലെയും പരിസ്ഥിതിപ്രേമികളിലെയും ചില തീവ്രവാദികളുടെ നിലപാടുകൾ വക്രവഴികളിലൂടെയും അല്ലാതെയും അധികാരികളുടെയും ഭരണകർത്താക്കളുടെയും നിലപാടുകളായി മാറിയതിന്റെ പരിണിതഫലങ്ങളാണത്. മനുഷ്യരെക്കാൾ മൂല്യം മൃഗങ്ങൾക്കുകൊടുക്കുന്ന തലതിരിഞ്ഞ നയങ്ങളും നിയമങ്ങളുംമൂലം കൃഷി അവസാനിപ്പിക്കാൻ കർഷകർ നിർബന്ധിതരായിരിക്കുകയാണ്. ഭക്ഷ്യക്ഷാമം പടിക്കലെത്തിയിരിക്കുന്ന ഈ സമയത്ത് ഈ പ്രശ്നത്തിന് അടിയന്തിരപരിഹാരമുണ്ടായേ മതിയാകൂ. വിദേശരാജ്യങ്ങളിലൊക്കെ വന്യമൃഗങ്ങളുടെ പെരുപ്പം തടയുന്നതിന് കുറച്ചുനാളുകൾ നായാട്ടിന് അനുവാദം കൊടുക്കുന്ന പതിവുണ്ടല്ലോ. അങ്ങനെയൊരു പ്രായോഗിക തീരുമാനമാണ് ഇവിടെയും ഉണ്ടാകേണ്ടത്. കാട്ടുപന്നിയും കുരങ്ങുമൊക്കെ അസാധാരണാംവിധംപെരുകി കർഷകന്റെ കൃഷിസ്ഥലവും കടന്ന് ഇപ്പോൾ വീട്ടുമുറ്റത്തുവരെയെത്തിരിക്കുന്ന അപകടകരമായ സ്ഥിതിവിശേഷമാണുള്ളത്. ഇതിനുമുമ്പ് ഇങ്ങനെയുള്ള പ്രശ്നങ്ങളുമായി അധികാരികളെ സമീപിച്ചവർക്കൊക്കെ വിചിത്രവും പരിഹാസ്യവുമായ നിർദേശങ്ങളാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച്ചയിൽ കാട്ടുപന്നികളുടെ ശല്യത്തെക്കുറിച്ച് പരാതിപ്പെട്ട ഒരു കർഷകന്, അത് കാപ്പിത്തോട്ടത്തിൽ ജീവിക്കുന്നവയായതുകൊണ്ട് തങ്ങളുടെ വകുപ്പിൽപെട്ടവരല്ല എന്ന മറുപടിയാണ് വനംവന്യജീവി വകുപ്പിൽനിന്ന് ലഭിച്ചതെന്നൊരു വാർത്തകണ്ടു. മനുഷ്യനെ കൊന്നാൽ ജാമ്യം കിട്ടുന്ന വകുപ്പും കാട്ടുപന്നിയെ കൊന്നാൽ ജാമ്യം കിട്ടാത്ത വകുപ്പും നിലനില്ക്കുന്നിടത്ത് കർഷകർക്ക് വലിയ പ്രതീക്ഷയൊന്നുമില്ല.

കൃഷിയിടങ്ങളിലിറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലാൻ അനുവദിച്ചാൽ അതിന്റെ മറവിൽ വനത്തിൽ കയറിയും ആളുകൾ വന്യമൃഗങ്ങളെ പിടിക്കും എന്നാണെങ്കിൽ അതിനു കർശനമായ നിയമവും ശിക്ഷയുമൊക്കെ ഇപ്പോൾത്തന്നെയുണ്ടല്ലോ. അങ്ങനെയുള്ള അതിക്രമങ്ങൾ തടയുന്നതിനുവേണ്ടിക്കൂടിയല്ലെ വനംവന്യജീവി വകുപ്പും അതിന്റെ നൂറായിരം ഉപവകുപ്പുകളും. കൃഷിനശിപ്പിച്ച പന്നിയെ കൊന്നതിന്റെ പങ്കു കിട്ടാത്തതിൽ കൊതിക്കെറിവു കാണിക്കുന്ന അയൽക്കാരന്റെ ഫോൺവിളികേട്ടുവന്ന് കർഷകന്റെ കറിച്ചട്ടി പൊക്കിനോക്കി അവനെ ജാമ്യമില്ലാവകുപ്പിൽ അകത്തിടുന്നതല്ലാതെ മരങ്ങളും വന്യമൃഗങ്ങളുമുൾപ്പെടുന്ന വനസമ്പത്ത് സംരക്ഷിക്കാൻ ഈ വകുപ്പൊന്ന് ആഞ്ഞുശ്രമിച്ചാൽ പോരേ… അതിനാണല്ലോ കർഷകരുടെ ഉൾപ്പെടെയുള്ളവരുടെ നികുതിപ്പണത്തിൽനിന്ന് അവർ ശമ്പളം കൈപ്പറ്റുന്നത്.

ഏതായാലും ഈ പ്രതിസന്ധിഘട്ടത്തിലെങ്കിലും ഇക്കാര്യത്തിൽ കർഷകർക്കനുകൂലമായ ഒരു നയരൂപീകരണവും നിയമനിർമ്മാണവും ഉണ്ടാകേണ്ടത് അനിവാര്യതയാണ്. കർഷകരുടെ മാത്രം നിലനില്പിനല്ല, എല്ലാവരുടെയും വയറുനിറയുന്നതിനുവേണ്ടി…

Posted in SOCIAL

മുസ്ലീം സമുദായം തുറന്നു പറയണം…

ലൌ ജിഹാദിനെതിരെ സീറോമലബാർസഭയുടെ സിനഡ് നടത്തിയ പ്രതികരണത്തിനെതിരെ വളരെ ശക്തമായ പ്രതിഷേധങ്ങൾ ഈ ദിവസങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത് ശ്രദ്ധയിൽപെട്ടു. അതിന്റെ തുടർച്ചയെന്നോണം കഴിഞ്ഞ ദിവസം ബഹുമാനപ്പെട്ട പുത്തൻപുരയ്ക്കൽ അച്ചൻ ഒരു പള്ളിയകത്ത് ക്രൈസ്തവവിശ്വാസികളോടായി നടത്തിയ ഒരു പ്രഭാഷണത്തിൽ സൂചിപ്പിച്ച ചില ചരിത്രപരമായ പരാമർശങ്ങൾക്കെതിരെയും ചില മുസ്ലീം സഹോദരരുടെ ഭീഷണി കോളുകൾ ഉൾപ്പെടെയുള്ളത് സോഷ്യൽ മീഡിയായിൽ പ്രചരിക്കുന്നതും കണ്ടു. എല്ലാ മുസ്ലീം മതവിശ്വാസികളും തീവ്രനിലപാടുകാരല്ലെന്ന് എല്ലാവർക്കും അറിയാവുന്ന യാഥാർത്ഥ്യമാണ്. അതുകൊണ്ടുതന്നെ തീവ്രവാദികൾക്കെതിരെ നടത്തപ്പെടുന്ന പ്രതികരണങ്ങളെക്കുറിച്ച് അതൊരു സമുദായത്തിനെതിരായ പ്രവൃത്തിയാണെന്നവിധത്തിൽ പ്രചരിപ്പിക്കുന്നതും അതേ തുടർന്ന് ഭീഷണികോളുകളും സമുദായസൌഹാർദ്ദം നശിപ്പിക്കുന്ന വിധത്തിലുള്ള സന്ദേശങ്ങളും ഉണ്ടാകുന്നതും അനുചിതമാണ്.

അതേസമയം മുസ്ലീം സമുദായം കണ്ണുതുറക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ലൌ ജിഹാദ് വിഷയത്തിൽ മുസ്ലീം സമുദായത്തിന്റെ പ്രതികരണം പരസ്യമായി പ്രഖ്യാപിച്ചേ മതിയാകു. ഇത്രയും നാളും പറഞ്ഞുകൊണ്ടിരുന്നതുപോലെ അതെല്ലാം വെറും മാധ്യമസൃഷ്ടിയാണെന്ന് വിലകൊടുത്തുവാങ്ങിയ നിയമപാലകരുടെയും ന്യായാധിപന്മാരുടെയും സാക്ഷ്യപ്പെടുത്തലോടെ ഇനിയും പറഞ്ഞുകൊണ്ടിരുന്നാൽ അതു വകവെച്ചുതരാൻ ഇനി ആളുണ്ടാവില്ല. കാരണം മക്കൾ നഷ്ടപ്പെട്ട മാതാപിതാക്കളുടെ നെഞ്ചിൽ കയറിനിന്നാണ് ആ പ്രസ്താവനകൾ നടത്തുന്നതെന്ന് ക്രൈസ്തവസമുദായവും നിഷ്പക്ഷരായ പൊതുസമൂഹവും തിരിച്ചറിഞ്ഞുകഴിഞ്ഞു.

എരുമേലി സ്കൂളിൽ പന്നിയിറച്ചി വിവാദമുണ്ടാക്കി ഒരുകൂട്ടം മുസ്ലീം മതവിശ്വാസികൾ വന്ന് കുട്ടികളുടെ മുമ്പിൽ വച്ച് നടത്തിയ അതിക്രമം വ്യാജമായ ആരോപണത്തിന്റെ പേരിലാണെന്ന് അറിഞ്ഞിട്ടും അതിനെതിരെ കമാന്നൊരക്ഷരം മുസ്ലീം സമുദായത്തിൽ നിന്നുണ്ടായില്ല. അതായത് സ്വന്തം സമുദായത്തിൽപ്പെട്ടവർ എന്തു നെറികേട് കാണിച്ചാലും അതിനെ തള്ളിപ്പറയാൻ തങ്ങൾ തയ്യാറല്ല എന്നർത്ഥം. അന്ന് ഇതേ പേജിൽ ഞാൻ അതിനോടു പ്രതികരിച്ചിരുന്നു. ചുരുക്കത്തിൽ തീവ്രവാദികളുടെ എല്ലാ കൊള്ളരുതായ്മകളെയും മൌനമായി പിന്തുണയ്ക്കുന്ന ശൈലി മുസ്ലീം സമുദായം ഇപ്പോഴും തുടരുന്നു എന്ന തിരിച്ചറിവാണ് ഇപ്പോൾ പൊതുസമൂഹത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം സാമുദായിക സൌഹാർദ്ദം നഷ്ടപ്പെടുത്തുന്ന വിധത്തിലുള്ള ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ പ്രതികരിക്കുന്നവരെ ഭീഷണിപ്പെടുത്തുകയും സംഘമായി ആക്രമിക്കുകയും ചെയ്യുന്ന സ്ഥിരം ശൈലി തുടരുകയും ചെയ്യുന്നു.

അതുകൊണ്ടുതന്നെയാണ് തീവ്രവാദികളുടെ നിലപാട് ആ സമുദായത്തിന്റെതന്നെ നിലപാടാണെന്ന് ചിന്തിക്കേണ്ടി വരുന്നത്. പൊതുസമൂഹത്തിന്റെ ആ ധാരണ മാറണമെങ്കിൽ ഇനി മാർക്കറ്റിൽ ചെലവാകാത്ത ഭീഷണിപ്പെടുത്തലുകളൊക്കെ മാറ്റിവച്ച് തീവ്രവാദികളെയും അവരുടെ ദുഷ്ടതകളെയും മുസ്ലീം സമുദായം തള്ളിപ്പറഞ്ഞേ മതിയാകു. കാരണം സീറോമലബാർ സഭയുടെ പിതാക്കന്മാരുടെ വാക്കുകൾ ഒരു സമുദായത്തിന്റെ വാക്കുകളാണ്. തങ്ങളുടെ മക്കളുടെ ജീവരക്തത്തിൽ കുതിർന്ന വാക്കുകളാണവ. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളോട് ഇനി നിങ്ങൾ ഒറ്റയ്ക്കല്ല എന്നു വെളിപ്പെടുത്തുന്ന വാക്കുകളാണത്. മതസൌഹാർദ്ദമെന്ന നന്മ അനീതിയും ദുഷ്ടതയും സഹിച്ചു സൃഷ്ടിച്ചെടുക്കേണ്ടതല്ല എന്നു തിരിച്ചറിഞ്ഞവരുടെ വാക്കുകളാണത്.

Posted in SOCIAL

പ്രളയവും മാർക്കറ്റ് ചെയ്യപ്പെടുന്നു

 

രണ്ടായിരത്തിപതിനെട്ടിലെ പ്രളയാനുഭവത്തിന്റെ വാർഷികം അനുസ്മരിക്കാൻ വീണ്ടും ഒരു പ്രളയത്തിലൂടെത്തന്നെ പ്രകൃതി നാടിനെ കൊണ്ടുപോവുകയാണ്. കുറേയേറെ ജീവനും ജീവിതവും കവർന്നെടുത്ത് പ്രകൃതി ക്ഷോഭിച്ചു നില്ക്കുമ്പോൾ ഒരിക്കൽക്കൂടി കേരളജനത ഒരേ മനസോടെ കൈകോർക്കുകയാണ് ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കുന്നതിന്. ദുരിതാശ്വാസപ്രവർത്തനങ്ങളുടെ പ്രചോദനാത്മകമായ നല്ല മാതൃകകൾ നിരവധിയാണ് ഇപ്രാവശ്യവും നമുക്കുമുമ്പിൽ ഉള്ളത്. മലയാളികളുടെ നിശ്ചയദാർഢ്യത്തെയും കൂട്ടായ്മയെയും ഒരിക്കൽക്കൂടി വെളിപ്പെടുത്താൻ ഈ പ്രളയകാലം ഇടയാക്കി.

എന്നാൽ ഒരു വിചാരണയുടെ ദൃഷ്ടികൾകൊണ്ടു നോക്കിയാൽ കണ്ണുടക്കുന്ന ചില കാഴ്ചകൾ ഈ പ്രളയം നമുക്കുമുമ്പിൽ വയ്ക്കുന്നുണ്ട്. കഴിഞ്ഞവർഷത്തേതിൽനിന്നു വ്യത്യസ്തമായി  പ്രളയം മാർക്കറ്റ് ചെയ്യപ്പെടുന്ന ഒരു രീതി ഇപ്പോൾ കണ്ടുവരുന്നു. ദുരിതാശ്വാസപ്രവർത്തനത്തിന് പല സംഘടനകളും രാഷ്ട്രീയപാർട്ടികളും മതസംഘടനകളുമൊക്കെ രാപകൽ അദ്ധ്വാനിക്കുന്നുണ്ട് എന്നത് സത്യമാണ്. എന്നാൽ ചിലരെങ്കിലും അതിനെ പ്രസ്ഥാനം വളർത്താനുള്ള അവസരമാക്കി മാറ്റുന്നുണ്ടോ എന്നു സംശയിക്കണം. അതുകൊണ്ടാണല്ലോ സ്വന്തം സംഘടനയുടെ പ്രവർത്തനങ്ങൾ ഫോട്ടോയും വീഡിയോയുമൊക്കെയാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമ്പോൾ അതിൽ കാണപ്പെടുന്ന മറ്റു സംഘങ്ങളുടെ വസ്ത്രത്തിൽ എഴുതിച്ചേർത്തിരിക്കുന്ന സംഘടനയുടെ പേരുവരെ മായിച്ചുകളഞ്ഞ് അത് പ്രദർശിപ്പിക്കുന്നത്. കഴിഞ്ഞവർഷം സോഷ്യൽമീഡിയാ ഏറ്റവും കൂടുതൽ ഉപയോഗിച്ചത് ദുരിതാശ്വാസപ്രവർത്തനങ്ങളുടെ ഏകോപനത്തിനായിരുന്നെങ്കിൽ ഈ വർഷം അതിന്റെ ഫോക്കസ് സ്വന്തം പ്രസ്ഥാനത്തെ മാർക്കറ്റ് ചെയ്യുന്നതിലേക്ക് മാറി. തങ്ങൾ ചെയ്യുന്ന പ്രവൃത്തികൾ പൊതുസമൂഹത്തെ അറിയിക്കുന്നത് തെറ്റൊന്നുമല്ല. എന്നാൽ തങ്ങളുടെ കൂടെ അതേ ദൌത്യത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ ചവിട്ടിത്താഴ്ത്തി അവരുടെ തലയിൽ കയറിനിന്ന് വലിയവരാകാൻ ശ്രമിക്കുന്നത് അനുചിതമാണ്.

കഴിഞ്ഞദിവസം ക്രൈസ്തവസഭകളിലെ വിവിധ മേലദ്ധ്യക്ഷന്മാരും വൈദികരുമുൾപ്പെടെയുള്ളവരുടെ ഒരു ഫോട്ടോ, ദുരന്ത മുഖത്ത് സെൽഫിയെടുക്കാൻ പോയവരെന്നതരത്തിൽ സോഷ്യൽമീഡിയായിൽ അവതരിപ്പിച്ചുകണ്ടു. കുരങ്ങന്റെ കൈയിലെ പൂമാലയുടെ അവസ്ഥയിലായിരിക്കുന്ന സോഷ്യൽ മീഡിയായിൽ അതു വരുന്നതിൽ അത്ഭുതമൊന്നുമില്ല. എന്നാൽ തികഞ്ഞ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കേണ്ട ഒരു മുഖ്യധാരാ മാധ്യമവും അത് ഏറ്റുപിടിക്കുന്നത് കണ്ടു. ദുരന്തസ്ഥലം സന്ദർശിച്ച പ്രമുഖവ്യക്തികളുടെ എത്രയോ സെൽഫികളും ഫോട്ടോകളുമാണ് മാധ്യമങ്ങളിൽ ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. പക്ഷെ അതിൽനിന്നു വ്യത്യസ്തമായി ക്രൈസ്തവമേലദ്ധ്യക്ഷന്മാരുടെയും വൈദികരുടെയും ഫോട്ടോമാത്രമാണ് തെറ്റായ വിധത്തിൽ അവതരിപ്പിക്കപ്പെട്ടത്. പ്രളയത്തിൽ അടിഞ്ഞുകൂടിയ വൃത്തികേടുകളേക്കാൾ ശോചനീയമായ അവസ്ഥയിൽ സ്വന്തം മനസുസൂക്ഷിക്കുന്നവർക്കുമാത്രമേ ഇങ്ങനെയൊരു പ്രചരണം ആ ഫോട്ടോയ്ക്കു കൊടുക്കാൻ കഴിയു. മെത്രാന്മാരും അച്ചന്മാരും ദുരന്തഭൂമിയിലേക്കു ചെന്നത് പിക്നിക്കിന്റെ മൂഡിലാണെന്നു വരുത്തിത്തീർക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന ചിലരെങ്കിലും ഉണ്ടെന്നുള്ളത് സത്യമാണ്. അതോടൊപ്പം ആ ഫോട്ടോ ഇപ്രകാരം വളരെ മോശമായ വിധത്തിൽ സോഷ്യൽമീഡിയായിൽ പ്രചരിപ്പിക്കപ്പെട്ടപ്പോൾ അതിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയവരിൽ പലരും അവരുടെ ‘മാതൃഭാഷ’യിൽ ചോദിച്ച ചോദ്യം സഭ്യമായ ഭാഷയിലേക്കു തർജ്ജമ ചെയ്താൽ, സഭ ഈ ദുരന്തമനുഭവിക്കുന്നവർക്കുവേണ്ടി എന്തു ചെയ്തു എന്നാണ്. പതിവുപോലെ മെത്രാന്മാരുടെ ആഢംബരക്കാറുകളും കൊട്ടാരങ്ങളും മൃഷ്ടാന്നഭോജ്യവുമൊക്കെ മേമ്പൊടിയായി ചേർത്തിട്ടുമുണ്ട്. വർഗീയതയുടെയും വിഭാഗിയതയുടെയും വെറുപ്പിന്റെയുമൊക്കെ കരിമ്പടങ്ങൾകൊണ്ട് കണ്ണുകെട്ടിയവർ ഉന്നയിക്കുന്ന ഈ ചോദ്യങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയേണ്ടതാണെങ്കിലും അത് ഗൌനിക്കാതിരിക്കാൻ കഴിയില്ല. കാരണം കള്ളങ്ങൾ ആവർത്തിച്ചുപറഞ്ഞ് അതിനെ സത്യമാക്കി മാറ്റിക്കൊണ്ടിരിക്കുന്ന സമകാലികസമൂഹത്തിൽ സത്യങ്ങൾ പലപ്പോഴും തമസ്ക്കരിക്കപ്പെടുകയാണ്. മറ്റു പല പ്രസ്ഥാനങ്ങളും ചെയ്യുന്നതുപോലെ സഭ നല്കുന്ന സഹായപ്പൊതികളിലും ഭക്ഷണപദാർത്ഥങ്ങളിലും പേരെഴുതിയ ലേബലൊട്ടിച്ചല്ല കൊടുക്കുന്നത്. അതുകൊണ്ടുതന്നെ അതിന്റെ ഫോട്ടോയും പടവുമൊന്നും പലപ്പോഴും കാണുകയുമില്ല. മാത്രമല്ല ഇതുപോലുള്ള ചോദ്യങ്ങളും വിമർശനങ്ങളുമൊന്നും ശ്രദ്ധിക്കാൻ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കു സമയവുമില്ല.

അതോടൊപ്പം മറ്റൊരു കാര്യംകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. എത്രയോ മതനേതാക്കന്മാരുടെയും സാമൂഹിക നേതാക്കന്മാരുടെയും രാഷ്ട്രീയ നേതാക്കന്മാരുടെയും സെൽഫികളും ഫോട്ടോകളുമാണ് പ്രളയപശ്ചാത്തലത്തിൽ പുറത്തുവന്നിട്ടുള്ളത്. എന്നിട്ടുമെന്തേ ക്രൈസ്തവമതമേലദ്ധ്യക്ഷന്മാരുടെ ഫോട്ടോ മാത്രം വിമർശനത്തിനു വിധേയമാകുന്നു എന്നതിന് രണ്ടുത്തരങ്ങളാണുള്ളത്. ഒന്നാമതായി അങ്ങനെയൊരു ഫോട്ടോവച്ച് ട്രോൾ ഉണ്ടാക്കിയാൽ അതു ക്രൈസ്തവർതന്നെ പ്രചരിപ്പിച്ചുകൊള്ളും എന്ന് അതുണ്ടാക്കിയവർക്ക് അറിയാം. രണ്ടാമതായി വേറെ ഏതെങ്കിലും മതമേലദ്ധ്യക്ഷമാരെ അപമാനിക്കുന്ന വിധത്തിൽ ട്രോളുണ്ടാക്കിയാൽ ചിലപ്പോൾ കൈയും തലയും കണ്ടെന്നു വരില്ല. അത്രയേയുള്ളു കാര്യങ്ങൾ.

ഏതായാലും സ്വന്തം പ്രസ്ഥാനത്തെ വളർത്താനും മറ്റു പ്രസ്ഥാനങ്ങളെ കരിവാരിത്തേക്കാനുമുള്ള മത്സരഭൂമിയായി പ്രളയബാധിതപ്രദേശങ്ങളെ ചിലരെങ്കിലും മാറ്റുന്നുണ്ട് എന്നുള്ളത് നാം കാണാതിരിന്നുകൂടാ. പ്രളയം കശക്കിയെറിഞ്ഞ നാടുകളിൽ ഇത്തരക്കാരുടെ തിന്മനിറഞ്ഞ പ്രവൃത്തികൾക്കിടയിലും നന്മനിറഞ്ഞ മനുഷ്യർ ഇപ്പോഴും ഊണും ഉറക്കവുമൊഴിഞ്ഞ് നിസ്വാർത്ഥമായ ദുരിതാശ്വാസപ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു എന്നത് മാത്രം പ്രതീക്ഷയുടെ പൊൻവെട്ടമായി തെളിഞ്ഞുനില്ക്കുന്നു.

Posted in SOCIAL

മാധ്യമങ്ങളാണ് മതം…

“Everybody even children know that these 3 are criminals.”
കഴിഞ്ഞ ദിവസം ബിഷപ്പ് ഫ്രാങ്കോയുടെ കേസുമായി ബന്ധപ്പെട്ട ഒരു ഫെയ്സ്ബുക്ക് പോസ്റ്റിന്റെ താഴെവന്ന കമന്റുകളൊന്നിൽ അഭയക്കേസുമായി ബന്ധപ്പെടുത്തി ഒരാൾ കുറിച്ചിരിക്കുന്ന വാചകമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. അഭയാക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ കുറ്റക്കാരായി ആരോപിച്ചിരിക്കുന്ന മൂന്നുപേരും കുറ്റവാളികളാണെന്ന് ഏതു കുട്ടിക്കുപോലും അറിയാമെന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. എന്നാൽ ഞാൻ ഒന്നു ചോദിക്കട്ടെ, കുട്ടികൾ വേണ്ടാ, ഈ കമന്റെഴുതിയ മുതിർന്ന ചേട്ടനെങ്കിലും വ്യക്തിപരമായി ഉറപ്പുണ്ടോ അവർ കുറ്റവാളികളാണെന്ന്? ഉണ്ടാകാൻ ഒരു സാദ്ധ്യതയുമില്ല. പിന്നെ ഇത്രമാത്രം ഉറപ്പിച്ചു പറയാനുള്ള അറിവ് എവിടുന്ന് കിട്ടി? അതാണ് മാധ്യമങ്ങളുടെ കഴിവ്. ആവർത്തിച്ചു പറഞ്ഞ് എല്ലാവരെയും മാധ്യമങ്ങൾ ബോദ്ധ്യപ്പെടുത്തിവച്ചിരിക്കുന്നു അവർ കുറ്റവാളികളാണെന്ന്. എന്നാൽ വ്യക്തിപരമായ ചില ബോദ്ധ്യങ്ങളുടെ അടിസ്ഥാനത്തിലും സംഭവങ്ങളെ വസ്തുനിഷ്ഠമായും നിഷ്പക്ഷമായും വിലയിരുത്തിയും ഞാൻ ഉറച്ചു വിശ്വസിക്കുന്നു അവർ അഭയാക്കേസിൽ നിരപരാധികളാണെന്ന്. മാത്രമല്ല, ചില പോലീസ് അധികാരികളുടെ നിലപാടുകളും ഒരു ജഡ്ജിയുടെതന്നെ വിധിയും എന്റെ ബോദ്ധ്യങ്ങളെ ഉറപ്പിക്കുന്നു.
മാധ്യമങ്ങൾ ചേർന്ന് കുറ്റാരോപിതരുടെ എല്ലാ മൌലികാവകാശങ്ങളെയും ഇല്ലാതാക്കി അവർക്കു കൊല്ലാക്കൊല വിധിച്ച ഒന്നാണ് അഭയാക്കേസ്. മാധ്യമങ്ങളും അന്വേഷണ ഏജൻസികളുംചേർന്ന് എത്ര നീചമായിട്ടാണ് ആ കേസിൽ പ്രതിചേർക്കപ്പെട്ട മൂന്നുപേരെ കൊല്ലാക്കൊല ചെയ്തത്? ചോദ്യംചെയ്യലിന്റെയും നാർക്കോ അനാലിസിസിന്റെയും ദേഹപരിശോധനയുടെയും എല്ലാ വിവരണങ്ങളും ചിത്രങ്ങളും വീഡിയോയും സഹിതം പൊതുസമൂഹത്തിനു മുമ്പിൽ അവതരിപ്പിച്ച് അവരുടെ തൊലിയുരിഞ്ഞവർ ഉദ്ദേശിച്ച ലക്ഷ്യം സാധിച്ചു. മൂന്നുപേരും ഇന്ന് സമൂഹമനസിൽ കുറ്റവാളികളാണ്. എന്നാൽ അതിലൊരാളെ ഏതാനും മാസങ്ങൾക്കുമുമ്പ് സിബിഐ കോടതിതന്നെ തെളിവുകളും സാക്ഷികളുമില്ലെന്നു തുറന്നുപറഞ്ഞ് പ്രതിപട്ടികയിൽനിന്ന് ഒഴിവാക്കി. എന്തേ സമൂഹത്തിൽ സത്യം മാത്രം വളർത്താനെന്ന് ടാഗലൈൻ ചേർത്തിരിക്കുന്ന ഒരു മാധ്യമവും അത് ആഘോഷമാക്കാഞ്ഞത്? അവിടെയുമുണ്ട് മറ്റു വ്യാഖ്യാനങ്ങൾ… അഭയാക്കേസിലെ പ്രതികളെ രക്ഷിക്കാൻ സഭ അഞ്ഞൂറു കോടി മുടക്കിയത്രേ! ഇതെന്താ സർക്കാരിന്റെ കമ്മട്ടം സഭയുടെ അരമനകളിലാണോ സൂക്ഷിക്കുന്നത് ഇങ്ങനെ കണക്കില്ലാതെ പണം ചിലവഴിക്കാൻ… മാത്രമല്ല, അങ്ങനെയൊരാരോപണത്തിലൂടെ നമ്മുടെ രാജ്യത്തിന്റെ നീതിവ്യവസ്ഥയെയും നിയമസംവിധാനങ്ങളെയുമല്ലെ ഈ ആരോപണമുന്നയിക്കുന്നവർ അപകീർത്തിപ്പെടുത്തുന്നത്. ഇതുപോലുളള എമണ്ടൻ നുണകളും വെള്ളംതൊടാതെ വിഴുങ്ങുന്നവർ സമൂഹത്തിലുണ്ടെന്നുള്ളതാണ് നാടിന്റെ ദുരവസ്ഥ. ഏതായാലും ഈ ആരോപണങ്ങൾക്കെല്ലാമൊടുവിൽ കോടതി വ്യവഹാരത്തിലൂടെ സത്യം പുറത്തുവരുമെന്നുതന്നെ ഞാൻ വിശ്വസിക്കുന്നു.
ഇപ്പോഴത്തെ സാഹചര്യത്തിലേക്കു വന്നാൽ, കുറ്റാരോപിതനായ ബിഷപ് ഫ്രാങ്കോയെ മറ്റു മെത്രാന്മാർ ജയിലിൽ സന്ദർശിക്കുന്നതിനെതിരെ ധാർമ്മികരോഷത്താൽ തിളച്ച് വളരെ വൾഗറായ ഭാഷയിൽ പ്രതികരിക്കുന്ന നിരവധിപേരെ സാമൂഹ്യമാധ്യമങ്ങളിൽ കാണാം. തങ്ങളുടെ സഹജീവിയായ ഒരാളെ അയാളുടെ ദുരവസ്ഥയിൽ തങ്ങൾ കൂടെയുണ്ടെന്ന് ബോദ്ധ്യപ്പെടുത്തി ആശ്വസിപ്പിക്കാൻ മെത്രാന്മാർ ജയിലിൽ അദ്ദേഹത്തെ സന്ദർശിച്ചിട്ടുണ്ടെങ്കിൽ അതിനെ തെറി വിളിക്കാൻ ആർക്കെന്തവകാശം? ഇപ്രകാരം ധാർമ്മികരോഷം കൊള്ളുന്നവർ, തങ്ങളുടെ അപ്പനോ സഹോദരനോ ആണ് ഇങ്ങനെയൊരു അവസ്ഥയിൽപെടുന്നത് എങ്കിൽ അതിനോട് എങ്ങനെ പ്രതികരിക്കുമെന്നു മാത്രം ചിന്തിച്ചാൽമതി. അപ്പോഴും നവമാധ്യമങ്ങൾ തുറന്നുവച്ച് അവരെ തെറിയഭിഷേകം ചെയ്ത് തങ്ങളുടെ സാമൂഹികപ്രതിബദ്ധതയും ധാർമ്മികബോധവും പ്രകടിപ്പിക്കുമായിരിക്കും അല്ലേ… മറ്റുചിലരുടെ ആക്ഷേപം മെത്രാന്മാർ എന്തുകൊണ്ട് പ്രതിയേ മാത്രം കാണുന്നു, എന്തുകൊണ്ട് ഇരയെ ആശ്വസിപ്പിക്കാൻ ചെല്ലുന്നില്ല എന്നതാണ്. പക്ഷെ ഇരയ്ക്കൊപ്പം മാധ്യമങ്ങളും ലോകംമുഴുവനും ഉണ്ടെന്നാണല്ലോ പറയപ്പെടുന്നത്. അതേസമയം പ്രതി തികച്ചും ഏകനും. അപ്പോൾപിന്നെ ഈ “വൃത്തികെട്ട” മെത്രാന്മാർ പ്രതിയുടെ കൂടെ നില്ക്കട്ടെന്നേ. എനിക്കുതോന്നുന്നത് മെത്രാന്മാർ ഇരയ്ക്കു പിന്തുണയുമായി അവരുടെ മഠത്തിൽ ചെല്ലാതിരിക്കുന്നത് ഊരുപേടികൊണ്ടായിരിക്കുമെന്നാ. കാരണം അവിടെ ഇപ്പോഴും ആ സന്ദർശകഡയറി കാണുമല്ലോ. അതിൽ പേരുവരാൻ അവർ ഭയക്കുന്നുണ്ടാകും. ഇരയും പ്രതിയും ഒരേസമയത്ത് ഒരേസ്ഥലത്ത് ഉണ്ടെന്നുള്ളതാണല്ലോ തെളിവിന്റെ അടിസ്ഥാനം. എന്നാൽപിന്നെ എറണാകുളത്ത് വഴിവക്കിൽ പബ്ലിക്കായി ആശ്വസിപ്പിക്കാൻ പാടില്ലായിരുന്നോ എന്നും ചോദിക്കാം. പക്ഷെ കേരളസമൂഹത്തിലെ എല്ലാമേഖലകളിലുംനിന്നുള്ള മുഴുവൻ അഴുക്കുകളും ഒരുമിച്ചുചേർന്ന അവിടെച്ചെന്ന് അവരെ പിന്തുണയ്ക്കാൻ ഒരു മെത്രാനെയും ഇടവരുത്തിയില്ലല്ലോയെന്നോർത്ത് ഞാൻ ദൈവത്തിനു നന്ദി പറയുകയാണ്.
ഈ കേസിൽ മെത്രാൻ കുറ്റക്കാരനാണെന്ന് മാധ്യമങ്ങളും സമൂഹവും തീരുമാനിച്ചു കഴിഞ്ഞു. നിയമവ്യവസ്ഥയുടെ ഇന്നത്തെ സാഹചര്യത്തിൽ ഇരയുടെ വാക്കുതന്നെയാണ് ആദ്യത്തെ തെളിവ്. അതുകൊണ്ടുതന്നെ മെത്രാൻ ഇപ്പോൾ നിയമപരമായി കുറ്റാരോപിതൻ ആണ്. അല്ലെങ്കിൽ അതു തെളിയിക്കാൻ അദ്ദേഹം ബാദ്ധ്യസ്ഥനുമാണ്. പക്ഷെ ധാർമ്മികബോധമുള്ള സമൂഹമെന്ന നിലയിൽ ഇതിന്റെ മറുവശം നമ്മൾ കാണാതിരുന്നുകൂടാ. പീഡിപ്പിക്കപ്പെട്ടു എന്നു പരാതിപ്പെടുന്ന സ്ത്രീയുടെ വാക്കിനെ തെളിവായി കാണുന്ന നിയമത്തിന്റെ ദുരുപയോഗങ്ങളുടെ എത്രയോ തെളിവുകൾ സമീപകാലചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. ഒരു സ്ത്രീ, താൻ പീഡിപ്പിക്കപ്പെട്ടുവെന്ന് വെറുതേ പരാതി പറയില്ലെന്ന ചിന്തയൊക്കെ മാറ്റേണ്ട കാലം കഴിഞ്ഞു. ഇന്ന് ആത്മാഭിമാനത്തേക്കാൾ മറ്റു പലതിനും പ്രധാന്യംകൊടുക്കുന്ന ശൈലികൾ പുരുഷന്മാരിൽ മാത്രമല്ല സ്ത്രീകളിലും കൂടിവരുന്നുണ്ടെന്നുള്ള യാഥാർത്ഥ്യം തിരിച്ചറിയാൻ സമൂഹത്തിലേയ്ക്കൊന്ന് കണ്ണും കാതും കൂർപ്പിച്ചിരുന്നാൽ മതി.
അതുപോലെ ഈ കേസിൽ പരാതിക്കാരിയെ കണ്ണടച്ചു വിശ്വസിക്കാതിരിക്കാനുള്ള നിരവധി കാരണങ്ങൾ അവർതന്നെ ഉണ്ടാക്കിയിട്ടുണ്ട്. കുറേ ദുരൂഹതകൾ നിറഞ്ഞ വിവരങ്ങൾ അവരുമായി ബന്ധപ്പെട്ട അധികാരികളുംമറ്റും നല്കിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ വർഷങ്ങൾക്കുമുമ്പു നടന്നു എന്നു പറയപ്പെടുന്ന ഈ കേസിൽ സത്യത്തിലേയ്ക്കെത്തുവാൻ ശാസ്ത്രീയമായ അന്വേഷണം ആവശ്യമാണ്. സാഹചര്യം അതായിരിക്കെ മെത്രാൻ കുറ്റക്കാരനാണെന്നു ഇപ്പഴേ വിധിക്കാൻ മാധ്യമങ്ങളും മറ്റു തല്പരകക്ഷികളും കാണിക്കുന്ന തീക്ഷ്ണതയുടെ അടിസ്ഥാനം പീഡിപ്പിക്കപ്പെട്ട ഒരു സ്ത്രീയോടു ചേർന്നുനില്ക്കാനുള്ള സാഹോദര്യഭാവമോ സത്യത്തോടുള്ള അഭിവാഞ്ചയോ അല്ലെന്നു വ്യക്തമാണ്. ഈ കന്യാസ്ത്രീയോ സമരംചെയ്ത മറ്റു കന്യാസ്ത്രീകളൊ ഒന്നും ഇവരാരും ഹൃദയത്തോടു ചേർത്തു പിടിച്ചിരിക്കുന്നവരൊന്നുമല്ല. അവരുടെ ചില ലക്ഷ്യങ്ങൾ നേടാനുള്ള വളരെ ഫലപ്രദമായ ഉപകരണങ്ങൾ മാത്രം.
ഏതായാലും സത്യത്തിനു തങ്ങൾ നിശ്ചയിക്കുന്ന നിറംകൊടുത്ത് അതിനെ മനുഷ്യമനസിൽ ഉറപ്പിക്കാൻ മാധ്യമങ്ങൾക്കുള്ള സാമർത്ഥ്യം ഒരിക്കൽക്കൂടി തെളിയിക്കുന്നതായി ഈ സംഭവങ്ങൾ… ചിന്താശക്തിയും നിഷ്പക്ഷ മനോഭാവവും ഒരു മാധ്യമത്തിന്‍റെയും പ്രസ്ഥാനത്തിന്‍റെയും അക്കൌണ്ടിൽ പണയം വയ്ക്കാത്തവർ ഇനിയുമുണ്ടെങ്കിൽ അവരിലൂടെ സത്യത്തിന്റെ മുഖം പ്രകാശിക്കട്ടെ… ആ പ്രകാശത്തിൽ ഇല്ലാതാവട്ടെ കാപട്യത്തിന്‍റെയും തിന്‍മയുടെയും തേരുതെളിക്കുന്നവർ… അത് അരപ്പട്ട കെട്ടിയവരോ തലമുണ്ടിട്ടവരോ ആരുതന്നെയായാലും…
ഫാ.സെബാസ്റ്റ്യൻ മുതുപ്ലാക്കൽ

Posted in SOCIAL

പ്രളയം കഴുകിയകറ്റിയ മാലിന്യങ്ങൾ ഇനിയൊരിക്കലും നമുക്കണിയാതിരിക്കാം…

പ്രളയം ഒരു ദുരന്തം തന്നെയായിരുന്നു. എന്നാൽ ദുരന്തത്തോടൊപ്പം കുന്നോളം നന്‍മയും വിതറിയിട്ടാണ് പ്രളയജലം ഒഴുകിപ്പോയത്. കേരളത്തിൽ ജീവിക്കാൻ സന്തോഷം തോന്നുന്ന ഒരന്തരീക്ഷമാണ് പ്രളയാനന്തരം നമുക്കുള്ളത്. കാരണം പ്രളയം ഒരു ശുദ്ധീകരണമായിരുന്നു. കേരളത്തനിമ നഷ്ടപ്പെട്ട് മനോഭാവത്തിലും പെരുമാറ്റത്തിലും ജീവിതശൈലിയിലും അപചയങ്ങൾ സംഭവിച്ച ഒരു സമൂഹമായി നാം മാറിക്കഴിഞ്ഞിരുന്നു. ഒരു വേദാന്തത്തിനും ഒരു സുവിശേഷത്തിനും തിരുത്തുവാൻ കഴിയാത്തവിധം സമൂഹം വഴിമാറിച്ചരിച്ചു തുടങ്ങിയിരുന്നു. അപ്പോഴാണ് പ്രളയം വന്നതും സമൂഹത്തെ ആകമാനം മൂടിയിരുന്ന ദുർഗന്ധങ്ങളെ മുഴുവൻ കഴുകിയെടുത്ത് നന്‍മയുടെ പുതിയ വിത്തുകൾ വിതച്ചതും.
സ്വാർത്ഥതയും അഹങ്കാരവുമാണ് ആദ്യം കഴുകി മാറ്റപ്പെട്ട മാലിന്യങ്ങൾ. സ്വന്തം കാര്യവും സ്വന്തക്കാരുടെ കാര്യവും മാത്രം നോക്കി വലിയ മതിൽക്കെട്ടിനുള്ളിലടച്ചിരുന്ന് സന്തോഷമെന്ന സൌഭാഗ്യമനുഭവിക്കാൻ വൃഥാ പരിശ്രമിച്ചുകൊണ്ടിരുന്ന നമ്മിൽനിന്ന് എത്ര പെട്ടെന്നാണ് ആ തിന്‍മകളെ പ്രളയം എടുത്തുമാറ്റിയത്! സ്വാർത്ഥതയില്ലാതാകുമ്പോൾ ഹൃദയത്തിൽ നിറയുന്ന സന്തോഷത്തിന്റെ രുചിയെന്താണെന്ന് നാമറിഞ്ഞ നാളുകളാണിത്. മനുഷ്യനന്‍മയുടെ ഇത്രയും മഹത്തായ പാഠങ്ങൾ ലോകത്തിനുകൊടുക്കുന്ന മറ്റൊരു സമൂഹം ഇപ്പോൾ ഭൂമിയിലുണ്ടോ എന്നു സംശയമാണ്. സ്വന്തം വീടും സൌകര്യങ്ങളും പണവും സമയവും ആരോഗ്യവും ആയുസുമെല്ലാം ദുരിതമനുഭവിക്കുന്നവർക്ക് തണലാകാൻ സമർപ്പിച്ച ഒരു ജനത. തികച്ചും പുതിയ ഒരനുഭവത്തിലേക്കു നാം വളർന്നിരിക്കുകയാണ്. പങ്കുവയ്ക്കലാണ് ആനന്ദം എന്ന പാഠം ജീവിച്ചപ്പോൾ ഉണ്ടായ അനുഭവം.
അടുത്തതായി, ഒഴിവാക്കാനാവാത്ത ഒരു തിന്മയെന്നതായിരുന്നു രാഷ്ര്ടീയത്തിനു നാം കൊടുത്തിരുന്ന വിശേഷണം. തീക്ഷ്ണമായ രാഷ്ര്ടീയചിന്ത പുലർത്താത്തവരെ സംബന്ധിച്ചിടത്തോളം വെറുപ്പുളവാക്കുന്ന പ്രവൃത്തികളും അറപ്പുളവാക്കുന്ന വാദപ്രതിവാദങ്ങളുംകൊണ്ട് നാട്ടുകാരെ വട്ടംചുറ്റിക്കുകയും അധികാരക്കസേരമാത്രം ലക്ഷ്യംവയ്ക്കുകയും ചെയ്യുന്ന ഒരു കൂട്ടരായിത്തീർന്നിരുന്നു അഴിമതിയും സ്വജനപക്ഷവാതവും ജീവിതശൈലിയാക്കിയിരുന്ന രാഷ്ട്രീയക്കാർ. എന്നാൽ പ്രളയം അവിടെയും ഒരു ശുദ്ധീകരണം നടത്തി. നേതാക്കന്മാർ സ്വാർത്ഥതയും തമ്മിൽത്തല്ലും അവസാനിപ്പിച്ച് ജനത്തിന്റെ കൂടെനിന്ന് അവരെ സംരക്ഷിക്കുമ്പോൾ രാഷ്ട്രീയവും, അതിന്റെ യഥാർത്ഥ അർത്ഥത്തിൽ ജീവിച്ചാൽ സമൂഹത്തിനതൊരു ശക്തമായ സങ്കേതമായിത്തീരുമെന്ന് ഒരുപക്ഷെ സ്വാതന്ത്ര്യാനന്തരം നാമിപ്പോഴാണ് കാണുന്നത്. കക്ഷിരാഷ്ട്രീയഭേദമെന്യേ ജനത്തിന്റെ കൂടെനിന്ന കേരളത്തിലെ നേതാക്കന്മാർ വലിയ പ്രതീക്ഷ നല്‍കുന്നു. പ്രളയം ദുരന്തമായി ഒഴുകിയെത്തുന്നത് കണ്ട് സമൂഹം ഭയവിഹ്വലരായപ്പോൾ ഒരപ്പന്റെ സ്ഥാനത്തുനിന്ന് തന്റെ മുഖഭാവംകൊണ്ടും വാക്കുകൾകൊണ്ടും പ്രവൃത്തികൾകൊണ്ടും അവരെ ശാന്തരാക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്ത ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉൾപ്പെടെയുള്ള രാഷ്ട്രീയനേതാക്കന്മാരെല്ലാം പ്രളയജലത്തിൽ സ്നാനപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയപ്രവർത്തനത്തിന്റെ വില തിരിച്ചുപിടിച്ചവരായി അവരെല്ലാം ഇന്നു സമൂഹമദ്ധ്യത്തിൽ നിറഞ്ഞു നില്ക്കുന്നു.
വീണ്ടും, കേരളത്തിന്റെ പൊതുജീവിതത്തെ എന്നും കഷ്ടപ്പെടുത്തുന്ന ഒരു കൂട്ടരായിട്ടാണ് പൊതുവേ ഇവിടുത്തെ ഉദ്യോഗസ്ഥവൃന്ദത്തെ സമൂഹം നോക്കിക്കണ്ടിരുന്നത്. കൈക്കൂലിയും കെടുകാര്യസ്ഥതയുമൊക്കെ മുഖമുദ്രയായി മാറിയിരുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ യഥാർത്ഥമുഖം പ്രകാശിച്ചുകാണാൻ പ്രളയം അവരെയും കഴുകിയെടുത്തു. ഈ നാളുകളിൽ ബ്യൂറോക്രസി മുതൽ കെസ്ഇബി ലൈൻമാൻവരെ ഉണ്ണാതെയും ഉറങ്ങാതെയും ജനത്തിന്റെകൂടെ നിന്നതാണ് ദുരിതാശ്വാസപ്രവർത്തനങ്ങളെ ഇത്രയും കാര്യക്ഷമമാക്കിയത്.
പ്രളയം അഗ്നിശുദ്ധി വരുത്തിയ മറ്റൊരു വിഭാഗമാണ് കേരളത്തിലെ മാധ്യമങ്ങൾ. കുറേ നാളുകളായി മാധ്യമ മുതലാളിമാരുടെ മത്സരങ്ങളുടെയും ഗൂഢലക്ഷ്യങ്ങളുടെയുമൊക്കെ പരിണിതഫലമായി സമൂഹത്തിൽ അസത്യങ്ങളുടെയും വേർതിരിവിന്റെയും വെറുപ്പിന്‍റെയും വിഭാഗിയതയുടെയുമൊക്കെ ന്യൂസ് അവറുകൾ അവതരിപ്പിക്കപ്പെട്ടുകൊണ്ടിരുന്ന ചാനൽമുറികൾ എത്ര പെട്ടെന്നാണ് പ്രളയനാളുകളിൽ കണ്ട്രോൾറൂമുകളായി രൂപാന്തരപ്പെട്ടത്. മാധ്യമപ്രവർത്തനം എന്ന തങ്ങളുടെ ദൌത്യം എത്ര വിശുദ്ധമായ ഒരു കർമ്മമാണെന്ന് മാധ്യമപ്രവർത്തകരും മാധ്യമങ്ങൾക്കെങ്ങനെ സമൂഹത്തെ പടുത്തുയർത്താൻ കഴിയുമെന്ന് പൊതുജനവും മനസിലാക്കിയ ദിനങ്ങളാണ് കഴിഞ്ഞുപോയത്. ഈ കുറച്ചുനാളുകളിലെ അവരുടെ പ്രവർത്തനങ്ങൾ അവർക്കു നല്കിയിട്ടുള്ള ആത്മസംതൃപ്തിക്കു പകരമാവില്ല സമൂഹത്തിൽ അസ്വസ്ഥതയും പരസ്പര സ്പർദ്ധയും വളർത്തി അവർ നേടിയിട്ടുള്ള ഒരു വിജയവും. അതുപോലെ സോഷ്യൽമീഡിയായും ഇത്രമാത്രം നന്മകളും സാദ്ധ്യതകളും മറച്ചുവയ്ക്കപ്പെട്ടിരിക്കുന്ന ഉപാധികളാണെന്നു നാം തിരിച്ചറിയാൻ പ്രളയജലം വേണ്ടിവന്നു. ലോകത്തിന്റെ നാനാഭാഗങ്ങളിലിരുന്ന് സോഷ്യൽമീഡിയായിലൂടെ മലയാളികൾ രക്ഷാപ്രവർത്തനങ്ങളിൽ പങ്കുചേരുന്നത് കണ്ടപ്പോൾ ഒരു ഹോളിവുഡ് ത്രില്ലർ കാണുന്ന അനുഭവമാണ് ഉണ്ടായത്. സോഷ്യൽമീഡിയായുടെ നന്മ നിറഞ്ഞ അപാരമായ സാദ്ധ്യതകളിലേക്കു നമ്മുടെ കണ്ണുകൾ തുറക്കപ്പെട്ടിരിക്കുന്നു.

എല്ലാ മതങ്ങൾക്കും ജലം ശുദ്ധീകരണത്തിന്റെ പ്രതീകമാണ്. പ്രളയജലം ഏറ്റവും കൂടുതൽ വിമലീകരിച്ചത് കേരളത്തിന്റെ മതബോധത്തെയാണ്. എല്ലാ മതവിശ്വാസങ്ങളെയും ഒരുപോലെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന മലയാളനാടിന്റെ നല്ല പാരമ്പര്യത്തിന്റെയും സംസ്ക്കാരത്തിന്റെയും പ്രഭ കുറേ നാളുകളായി മങ്ങിത്തുടങ്ങിയിരുന്നു. അന്യമതവിശ്വാസികളെ അവമതിയോടെ നോക്കിക്കാണാനും ശത്രുതയോടെ പ്രതികരിക്കാനും തുടങ്ങിയിരുന്നു നമ്മൾ. എന്നാൽ നമ്മുടെ നാടിന്റെ നാശത്തിനുതന്നെ കാരണമാകുമായിരുന്ന ആ വലിയ വിഷബീജത്തെ പ്രളയം അറബിക്കടലിൽ മുക്കി. എത്ര സുന്ദരമായ കാഴ്ചകളാണ് പ്രളയനാളുകൾ നമുക്കു നല്‍കിയത്. ക്ഷേത്രം വൃത്തിയാക്കുന്ന മുസ്ലീം യുവജനങ്ങളും മണ്ണുവന്നു മൂടിയ കുരിശടി കഴുകി വൃത്തിയാക്കുന്ന മൌലവിയും വെള്ളം കയറിയ പള്ളിയിലെ കന്യകാമറിയത്തിന്റെ ചിത്രം സുരക്ഷിതമായി തന്റെ പൂജാമുറിയിൽ പവിത്രതയോടെ സൂക്ഷിക്കുന്ന ഹൈന്ദവപൂജാരിയും മുസ്ലീം സഹോദരർക്ക് നിസ്ക്കരിക്കാൻ പള്ളിയിലിടമൊരുക്കുകയും മരണമടഞ്ഞ ഹൈന്ദവസഹോദരനെ സംസ്ക്കരിക്കാൻ പള്ളിസിമിത്തേരി തുറന്നുകൊടുക്കുകയുംചെയ്ത വൈദികരുമൊക്കെച്ചേർന്ന് കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്ന് ഒരിക്കൽക്കൂടി ഉറപ്പിച്ചിരിക്കുകയാണ്.
കൂടാതെ ഈ ദുരന്തങ്ങൾക്കു നടുവിലും മലയാളനാടിന്റെ ആത്മാഭിമാനത്തിനു വിലപറയാൻ മുതിർന്ന ചില വിഷവിത്തുകളെ കണ്ടംവഴി ഓടിക്കാനും കേരളത്തിന്റെ മക്കൾ സമയം കണ്ടെത്തി. മലയാളികളെന്നാൽ ഒരു കുടുംബമാണെന്ന വികാരമാണിപ്പോൾ നമുക്ക്. കഴിഞ്ഞദിവസം അർണബ് ഗോസ്വാമിക്കെതിരെയുള്ള ഒരു യൂട്യൂബ് വീഡിയോയുടെ താഴെ ഒരു പെൺകുട്ടിയുടെ കമന്റ് കണ്ടു. അതിപ്രകാരമായിരുന്നു. മുമ്പൊക്കെ ഇതുപോലുള്ള വീഡിയോകൾക്ക് കമന്റിടാൻ പേടിയായിരുന്നു. ഒരു സ്ത്രീയായതുകൊണ്ട് ആരെങ്കിലും ശല്യപ്പെടുത്തുമോയെന്ന് പേടിച്ചിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയൊരു ഫീലിംഗോ, പേടിയോ ഇല്ല. കാരണം നമ്മൾ മലയാളികൾ ഒറ്റക്കെട്ടാണ്. ഈ പെൺകുട്ടി ഒരു പ്രതീകമാണ്. പ്രളയം രൂപപ്പെടുത്തിയ സാഹോദര്യഭാവത്തിന്റെ പ്രതീകം. നമ്മുടെ നാട്ടിലെ സ്ത്രീകൾക്ക് ഇത്രയും സുരക്ഷിതത്വബോധം ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ടോയെന്നു സംശയമാണ്. ആ സുരക്ഷിതത്വബോധം നല്കുന്ന ആന്തരികസ്വാതന്ത്ര്യത്തിലാണ് ആ പെൺകുട്ടി തന്റെ അഭിപ്രായം രേഖപ്പെടുത്തുന്നത്.
പ്രളയത്തിൽ പൊലിഞ്ഞുപോയ ജീവിതങ്ങളും തകർന്നടിഞ്ഞ പാർപ്പിടങ്ങളും ഒലിച്ചുപോയ കൃഷിയിടങ്ങളും നൊമ്പരമായി അവശേഷിക്കുമ്പോഴും അവയൊക്കെയും പോയതിനേക്കാൾ സുന്ദരമായി തിരികെകൊണ്ടുവരുവാനും ഒരു നവകേരളംതന്നെ സൃഷ്ടിക്കാനും നമുക്കു കഴിയും എന്നതിന് പ്രളയം വിതറിയിട്ടുപോയ ഈ നന്‍മകളുടെ വിത്തുകൾതന്നെ സാക്ഷ്യം. ഒന്നുമാത്രം ഓർക്കുക, പ്രളയം കഴുകിയകറ്റിയ മാലിന്യങ്ങൾ ഇനി ഒരിക്കലും നമുക്കണിയാതിരിക്കാം. എല്ലാവർക്കും നന്മ വരട്ടെ.
ഫാ. സെബാസ്റ്റ്യൻ മുതുപ്ലാക്കൽ.

Posted in SOCIAL

മുല്ലപ്പെരിയാറിലേക്ക് ഒരിക്കൽക്കൂടി

കേരളം മുഴുവൻ കൈകോർത്തുനിന്ന് മഹാപ്രളയത്തിന്റെ കെടുതികളിൽനിന്ന് വളരെ പെട്ടെന്ന് ഉയിർത്തെഴുന്നേറ്റുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാം ഒരിക്കൽക്കൂടി മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയുമൊക്കെ ശ്രദ്ധയിലേക്കു വരികയാണ്. കുറേ നാളുകൾക്കുമുമ്പ് കേരളം മുഴുവൻ വ്യാപിച്ച മുല്ലപ്പെരിയാർ സമരത്തിന്റെ മുനയൊടിക്കാൻ തമിഴ്നാട്ടിലെ നേതാക്കൾ കണ്ട വഴി തങ്ങളുടെ ജനതയെക്കൊണ്ട് മലയാളികളെയും അവരുടെ സമ്പാദ്യങ്ങളെയും നശിപ്പിക്കുകയെന്നതായിരുന്നു. അതു വളരെ ഫലപ്രദമായി അവർ നിർവഹിക്കുകയും കേരളജനത വിവേകത്തോടെ സമരത്തിൽനിന്ന് പിൻവാങ്ങുകയും ചെയ്തു. പക്ഷെ അതുവഴിയായി തമിഴ്നാട്ടിലെ ജനങ്ങളോട് പല മലയാളികളുടെയും ഉള്ളിലൊരു അസ്വസ്ഥത രൂപംകൊണ്ടു. തങ്ങളുടെ ജീവനും സ്വത്തിനും ഒരു വിലയും കല്പ്പിക്കാതെ തികച്ചും അന്യായമായ ന്യായവാദങ്ങളുമായി അവർ നമുക്കുമുമ്പിൽ നിന്നതിനേക്കുറിച്ചോർത്ത്. എന്നാൽ ഈ പ്രളയകാലം നമ്മുടെ ധാരണകളിൽ ചില തിരുത്തലുകൾ നടത്തുകയാണ്. കേരളത്തിന്റെ ദുരന്തമറിഞ്ഞ് മലയാളികൾക്കുവേണ്ടി തമിഴ്ജനത നല്കിയതും നല്കിക്കൊണ്ടിരിക്കുന്നതുമായ അതിശക്തമായ പിന്തുണയുടെയും സഹായങ്ങളുടെയും കണക്കുകൾ നാം കണ്ടുകൊണ്ടിരിക്കുന്നു. പാവപ്പെട്ട മനുഷ്യർപോലും തങ്ങളുടെ ഇല്ലായ്മയിൽനിന്ന് കേരളത്തിനുവേണ്ടി പങ്കുവയ്ക്കൽ നടത്തുന്നതിന്റെ ചിത്രങ്ങൾ നിരവധി നാം കണ്ടുകഴിഞ്ഞു. കേരളത്തിൽ കൂലിപ്പണിചെയ്തു ജീവിക്കുന്ന തമിഴ്നാട്ടുകാർ ആരും ചോദിക്കാതെതന്നെ ദുരിതാശ്വാസപ്രവർത്തകർക്കു തങ്ങളുടെ സമ്പാദ്യം പങ്കുവയ്ക്കുന്ന കഥകളും കേട്ടു. കുടുക്കകൾ പൊട്ടിച്ച് തങ്ങളുടെ കുഞ്ഞു സമ്പാദ്യങ്ങൾ മുഴുവൻ നല്കുന്ന കുഞ്ഞുങ്ങളും വലിയ ട്രക്കുകളിൽ കേരളത്തിലേക്കു വേണ്ടതെല്ലാം കൊണ്ടുവരുന്ന മുതിർന്നവരും ലക്ഷങ്ങൾ ദുരിതാശ്വാസനിധിയിലേക്കു നല്കുന്ന സിനിമാതാരങ്ങളുമെല്ലാം തമിഴ്മക്കൾ മലയാളികളെ എങ്ങനെ സ്നേഹിക്കുന്നുു എന്നതിന്റെ തെളിവുകളാണ്. അപ്പോൾപ്പിന്നെ എന്തുകൊണ്ടാണ് ഈ ജനം ഒരിക്കൽ കേരളത്തെ ശത്രുവിനേപ്പോലെ നോക്കിക്കണ്ട് ഉപദ്രവിച്ചത്!? അതിന് ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു ഉത്തരം മാത്രമേ കണ്ടെത്താൻ സാധിക്കു. അവർ ചില സ്ഥാപിതതാല്പര്യക്കാരുടെ ചട്ടുകമാക്കപ്പെടുകയായിരുന്നു. നേതാക്കന്മാരാൽ തെറ്റിധരിപ്പിക്കപ്പെട്ട ഒരു സമൂഹമാണവർ. മുല്ലപ്പെരിയാർ ഡാം പൊളിക്കാൻ അനുവദിച്ചാൽ കേരളം പിന്നെ അതൊരിക്കലും നിർമ്മിക്കില്ലെന്നും, അഥവാ നിർമ്മിച്ചാൽ അതിലെ ജലം തങ്ങൾക്കുപയോഗിക്കാൻ തരില്ലെന്നും ജനങ്ങളെ ആരൊക്കെയോചേർന്ന് തെറ്റിധരിപ്പിച്ചിട്ടുണ്ട്. വെള്ളമില്ലെങ്കിൽ തങ്ങളുടെ ജീവിതം നശിക്കുമെന്ന ഭീതിയിലാണ് അന്ന് അവർ അക്രമപ്രവൃത്തികളിലേക്കു തിരിഞ്ഞതെന്നുവേണം അനുമാനിക്കാൻ.

ഈ സാഹചര്യത്തിൽ മുല്ലപ്പെരിയാറിനെക്കുറിച്ച് ഒരു വീണ്ടുവിചാരം ആവശ്യമാണ്. മുല്ലപ്പെരിയാർ ഡാം സുരക്ഷിതമാണ് എന്നുറപ്പുള്ള ശാസ്ത്രജ്ഞന്‍മാരും എഞ്ചിനീയർമാരും ഉൾപ്പെടെയുള്ള ഒരുകൂട്ടം മനുഷ്യർ ഇപ്പോഴും സമൂഹത്തിലുണ്ട്. ഇതൊരു ഗ്രാവിറ്റി ഡാമായതുകൊണ്ട് ഒന്നും ഭയപ്പെടാനില്ല എന്നു മറ്റു ചിലർ പറയുന്നു. ഇപ്രകാരം ഡാം സുരക്ഷിതമാണെന്നു പറയുന്നവർ, ആയുസു പൂർത്തിയായ ഡാമുകളെല്ലാം ഡീകമ്മീഷൻ ചെയ്യണമെന്നുള്ള അന്താരാഷ്ട്രനിലപാടുകളോട് എങ്ങനെയാണ് പ്രതികരിക്കുന്നത്? മറ്റു ചിലർ പറയുന്നത് ബലക്ഷയമുണ്ടായിരുന്ന ഡാമിനെ തമിഴ്നാട് സംരക്ഷണഭിത്തി കെട്ടിയും ഡാമിന്റെ കെട്ടിനെ ഉറപ്പിച്ചുനിറുത്തിയിരുന്ന സുർക്കി മിശ്രിതം ഒഴുകിപ്പോയി പൊള്ളയായിരുന്ന സ്ഥലങ്ങളിൽ കോൺക്രീറ്റ് ഒഴിച്ച് അതു നിറച്ചും ബലപ്പെടുത്തിയിട്ടുണ്ടെന്നാണ്. ഇങ്ങനെ കാലപ്പഴക്കംകൊണ്ട് ബലക്ഷയം സംഭവിച്ച ഡാമുകളെ കയ്യാലകെട്ടിയും കോൺക്രീറ്റ് കലക്കിയൊഴിച്ചും ബലപ്പെടുത്തി നിർത്താൻ പറ്റുമായിരുന്നെങ്കിൽ പിന്നെയെന്തുകൊണ്ടാണ് സാങ്കേതികവിദ്യയിൽ നമുക്കു മുന്നേ പോകുന്ന പല വിദേശരാജ്യങ്ങളും അങ്ങനെയുള്ള വഴികൾതേടാതെ കോടികൾമുടക്കി നിർമ്മിച്ച ഡാമുകൾ അവയുടെ ആയുസെത്തികഴിയുമ്പോൾ ഡീകമ്മീഷൻ ചെയ്യുന്നത്? അവരൊക്കെയെന്താ വെറുതേ ഡാം കെട്ടിയും പൊളിച്ചും കളിക്കുകയാണോ..? അമേരിക്കപോലുള്ള രാജ്യങ്ങളിൽ ഡാമുകളുടെ ആയുസ് അമ്പത് വർഷമായാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് എവിടെയോ വായിച്ചു. അപ്പഴാ ഇവിടെ ‘കാലനില്ലാത്ത കാല’ത്തിലെ കഥാപാത്രത്തെപ്പോലെ ഒരു ഡാം ഇപ്പോഴും നിലനില്‍ക്കുന്നത്. മുല്ലപ്പെരിയാർ ഡാം ബലക്ഷയത്തിന്റെ പല ലക്ഷണങ്ങളും കാണിച്ചിട്ടുണ്ടെന്നത് ഡാം സുരക്ഷിതമാണെന്നു വാദിക്കുന്നവരും സമ്മതിക്കേണ്ട ഒരു സത്യമാണല്ലോ. ഡാം സുരക്ഷിതമാണെന്നത് അതു തകരുന്നതുവരെമാത്രം പറഞ്ഞുകൊണ്ടിരിക്കാൻപറ്റുന്ന ഒരു പല്ലവിയാണെന്നു മറക്കാതിരിക്കാം.

മറ്റൊരു വാദം അഥവാ മുല്ലപ്പെരിയാർ ഡാമിനെന്തെങ്കിലും സംഭവിച്ചാൽത്തന്നെ ഇടുക്കി ഡാമിന് ആ വെള്ളം കൂടി ഉൾക്കൊള്ളാനുള്ള കരുത്തുണ്ടെന്നാണ്. ഈ വാദം പറയുമ്പോൾത്തന്നെ രണ്ടുകാര്യങ്ങൾ മറക്കുന്നുണ്ട്. ഒന്ന് മുല്ലപ്പെരിയാർ ഒഴുകി ഇടുക്കിയിലെത്തുംവരെയുള്ള സ്ഥലങ്ങളുടെയും അവിടെ വസിക്കുന്ന ജനങ്ങളുടെയും അവസ്ഥ. മറ്റൊന്ന് ഒരു ഡാം തകർന്ന് ഒഴുകിവരുന്നത് വെള്ളംമാത്രമല്ല എന്ന സത്യം. ഇതുരണ്ടും മാറ്റിവെച്ചാലും ഇടുക്കി ഡാം എന്തുമാത്രം താങ്ങുമെന്ന് ഈ പ്രളയകാലം നമുക്കു കാണിച്ചു തന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ വാദത്തിനിനി പ്രസക്തിയില്ല. ഏതായാലും പ്രകൃതിയിൽ മനുഷ്യൻ കെട്ടിപ്പൊക്കുന്ന എല്ലാ അസ്വാഭാവിക നിർമ്മാണങ്ങൾക്കും പ്രകൃതിതന്നെ നിശ്ചയിക്കുന്ന ഒരായുസുണ്ടെന്നുള്ളത് സത്യമാണ്. ഭൂപ്രകൃതിയുടെ ആകൃതിപോലും ശാശ്വതമല്ലെന്നു നാം മനസിലാക്കിക്കൊണ്ടിരിക്കുകയാണ്.

ഏതായാലും മുല്ലപ്പെരിയാർ ഡാമിന് ബലക്ഷയമുണ്ടോ ഇല്ലയോ എന്നുള്ള തർക്കമവിടെ നില്ക്കട്ടെ. മറ്റൊരു വിചാരമാണ് ഇനി സജീവമാകേണ്ടതെന്ന് എനിക്കു തോന്നുന്നു. മുല്ലപ്പെരിയാർ ഡാം പുനർനിർമ്മിച്ചാൽ എന്താണ് പ്രശ്നം? അതുകൊണ്ട് ആർക്കാണ് നഷ്ടം, ആർക്കാണ് ലാഭം..? ഡാമിനെന്തെങ്കിലും ദുരന്തം സംഭവിച്ചാൽ കേരളത്തിനും തമിഴ്നാടിനും അത് ഒരുപോലെ ദുരന്തമാകും. കേരളത്തിന്റെ ഒരു ഭാഗം നിമിഷനേരംകൊണ്ട് ഇല്ലാതാകുമ്പോൾ തമിഴ്നാടിന്റെ ഏതാനും ജില്ലകൾ ജലമില്ലാതെ നരകിച്ചുമരിക്കും. അപ്പോൾ സുരക്ഷിതമായ ഡാം ഉണ്ടായാൽ രണ്ടുസംസ്ഥാനങ്ങൾക്കും ഊരുപേടിയില്ലാതെ സമാധാനത്തിൽ ജീവിക്കാൻ അതു കാരണമാകും എന്നതാണ് സത്യം. പക്ഷെ എന്താണ് അതിനു തടസമായിട്ടുള്ളത്…? ഇപ്പോഴത്തെ കേസുകളും കോടതിവിധികളുമൊക്കെ ഇരുസംസ്ഥാനങ്ങളും ഒരുമിച്ചിരുന്നാൽ തീരുന്നതേയുള്ളു എന്നു നമുക്കറിയാം. പിന്നെയുള്ളത് ഡാം പുനർനിർമ്മിക്കുന്നതിനുവേണ്ടിവരുന്ന ഭീമമായ ചിലവാണ്. അതിനുപക്ഷെ നിരവധിയായ മാർഗങ്ങൾ നമുക്കുമുമ്പിലുണ്ടെന്നുള്ളതിന് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പലവിധ വൻകിട നിർമ്മാണ പ്രവർത്തനങ്ങൾ സാക്ഷ്യങ്ങളാണ്. അങ്ങനെ ഒരോതടസത്തെയും അരിച്ചുനീക്കി മുന്നോട്ടുവരുമ്പോൾ നമ്മൾ എത്തിനില്ക്കുന്ന അന്യായത്തിന്റെ വലിയ ചില തുരുത്തുകളുണ്ട്. അതിലൊന്നാണ് സ്ഥലംകൊണ്ടും ജലംകൊണ്ടും പൂർണമായും കേരളത്തിന്റെ സ്വന്തമായ മുല്ലപ്പെരിയാർ ഡാമിന്റെമേൽ യുക്തിരഹിതവും കാലഹരണപ്പെട്ടതുമായ ഒരു കരാറിന്റെ ഉറപ്പിൽ തമിഴ്നാട് കയ്യാളുന്ന അവകാശം. രണ്ടാമതായി തമിഴ്നാടിന്റെ അഞ്ചാറു ജില്ലകളിലെ പച്ചപ്പു നിലനിറുത്തുന്നതിനും അവയെ വിഭവസമൃദ്ധമാക്കുന്നതിനും പ്രതിവർഷം അവർ കേരളത്തിനു നല്കുന്ന പത്തുലക്ഷം രൂപ. അതായത് പ്രതിമാസം 83334 രൂപ. ഒരദ്ധ്യാപകന്റെ ഒരു മാസത്തെ ശമ്പളത്തിനൊത്ത തുക! അണക്കെട്ട് പുതുക്കിപ്പണിതാൽ ഇപ്പോഴും നിലനില്‍ക്കുന്നു എന്നുപറയപ്പെടുന്ന പഴയ കരാർ റദ്ദാക്കപ്പെടുകയും ഈ രണ്ട് അന്യായങ്ങൾ ഇല്ലാതാവുകയും ചെയ്യും എന്നതാണ് ഫലം. തമിഴ്നാട് ഡാമിന്റെ പുനർനിർമ്മാണത്തെ എതിർക്കുന്നതിന്റെ അടിസ്ഥാനകാരണങ്ങൾ ഇതാണെന്ന് അറിയാത്തവർ ആരാണുള്ളത്. എന്നാൽ ഉത്തരവാദിത്വപ്പെട്ടവർ തങ്ങളുടെ രാഷ്ട്രീയലക്ഷ്യങ്ങൾക്കുവേണ്ടി അറിവില്ലായ്മ ഭാവിക്കുന്നു എന്നതാണ് ദുരന്തം. തമിഴ്നാട്ടിലെ രാഷ്ട്രീയം അല്പംകൂടി കടന്ന് ഡാം പുനർനിർമ്മിച്ചാൽ കേരളം തങ്ങൾക്കു വെള്ളം തരില്ല എന്നു ജനത്തെ പറഞ്ഞു ബോദ്ധ്യപ്പെടുത്തിവച്ചിരിക്കുന്നു…

രണ്ടുസംസ്ഥാനങ്ങളിലെയും രാഷ്ട്രീയപാർട്ടികൾ സ്വാർത്ഥതവെടിഞ്ഞ് ഒരു മേശയ്ക്കുചുറ്റുമിരുന്നാൽ തീരാവുന്ന പ്രതിസന്ധിമാത്രമല്ലേ ഇതെന്നു സംശയിച്ചുപോകുന്നു. അന്ധന്റെ പിച്ചച്ചട്ടിയിൽനിന്ന് മോഷ്ടിക്കുന്നതുപോലെയുള്ള പെരുമാറ്റം അവസാനിപ്പിച്ച് രാജ്യത്തു നിലവിലിരിക്കുന്ന വ്യവസ്ഥകളനുസരിച്ചുള്ള കരാറുകളിൽ ഏർപ്പെട്ട് മാന്യമായി ഈ പ്രശ്നത്തെ പരിഹരിക്കാൻ തമിഴ്നാട്ടിലെ രാഷ്ട്രീയനേതൃത്വം തയ്യാറാകണം. നിയമങ്ങളും കോടതികളുമുള്ള ജനാധിപത്യരാജ്യത്തിൽ തങ്ങൾക്കാവശ്യമുള്ള ജലം ലഭിക്കാനും ജീവിതവും ജീവിതമാർഗങ്ങളും സുരക്ഷിതമാക്കാനും നിരവധി വഴികളുണ്ടെന്നും തിരിച്ചുള്ള പ്രചരണങ്ങളൊക്കെ രാഷ്ര്ടീയക്കളികളിലെ കരുനീക്കങ്ങൾ മാത്രമാണെന്നും തമിഴ്മക്കളെ ആരെങ്കിലുമൊക്കെ ബോദ്ധ്യപ്പെടുത്തുകയും വേണം. കേരളത്തിന്റെ പ്രളയനാളുകളിൽ കേരളത്തിലെ രാഷ്ട്രീയനേതൃത്വം കക്ഷിരാഷ്ട്രീയംമറന്നു പ്രകടിപ്പിച്ച അസാധാരണമായ നടപടികൾ സ്വാർത്ഥതവെടിഞ്ഞാൽ തങ്ങൾക്ക് ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ സാധിക്കുമെന്നു തെളിയിച്ചിട്ടുണ്ട്. ആ വെളിച്ചംകണ്ട് കൊതിച്ചാണ് ഇത്രയും എഴുതിയത്. നല്ലത് ഭവിക്കട്ടെ…