Posted in SOCIAL

കല്യാണം കഴിക്കാൻ മാത്രമുള്ളതല്ല!!

 

ഒരിക്കൽ പള്ളിയിലൊരു വിവാഹച്ചടങ്ങ് കഴിഞ്ഞ് പള്ളിമുറിയിൽ കിട്ടിയ സദ്യയുമുണ്ട് പുറത്തിറങ്ങിയപ്പോൾ, തൊട്ടടുത്തുള്ള പാരീഷ്ഹാളിന്റെ ഭിത്തിയിൽ ചാരിനില്ക്കുന്ന ഒരു വല്യപ്പനെ കണ്ട് കുശലം ചോദിച്ചു. സദ്യയുണ്ടില്ലേ എന്ന ചോദ്യത്തിനു ‘ആരോഗ്യമില്ലച്ചാ’ എന്നായിരുന്നു മറുപടി. ആരോഗ്യമുണ്ടാകാനല്ലേ ഭക്ഷണം കഴിക്കുന്നതെന്നു ചോദിച്ചപ്പോൾ, കഴിക്കാനല്ല, ഭക്ഷണഹാളിൽ കയറിപ്പറ്റാനുള്ള ആരോഗ്യമില്ല എന്നാണ് പറഞ്ഞതെന്നായി വല്യപ്പൻ. പള്ളിയിൽ കല്യാണക്കുർബാനയും കഴിഞ്ഞ് നെറ്റിയിൽ കുരിശുംവരച്ച് ഇറങ്ങിവന്ന വല്യപ്പൻ കണ്ടത് തുറക്കാത്ത പാരീഷ്ഹാളിന്റെ വാതില്ക്കൽ ഇടിച്ചുകയറാൻ തിക്കിത്തിരക്കി നില്ക്കുന്ന ആൺപെൺ വ്യത്യാസമില്ലാത്ത ജനക്കൂട്ടത്തെയാണ്. ഈ വല്യപ്പനും കാര്യത്തിന്റെ ഗൌരവം മനസിലാക്കി ആ കൂടെകൂടാൻ ഒരു ശ്രമം നടത്തിയെങ്കിലും വാതിൽ തുറന്നപ്പോൾ പെട്ടെന്നുണ്ടായ തിക്കിലും തിരക്കിലും ആരോഗ്യമുള്ള ചെറുപ്പക്കാരോട് പിടിച്ചുനില്ക്കാൻ കഴിയാതെ പിൻവാങ്ങേണ്ടിവന്നു. ഒരു ആത്മഗതം കൊണ്ടാണ് വല്യപ്പൻ തന്റെ വിവരണം അവസാനിപ്പിച്ചത്. “അച്ചന്മാർക്കുള്ളത് പള്ളിമുറിയിൽ എത്തിക്കുന്നതുകൊണ്ട് ഇങ്ങനെ ഇടികൂടണ്ടല്ലോ”. അല്ലെങ്കിൽ അച്ചനും ളോഹയും മടക്കിക്കുത്തി ഈ കൂട്ടത്തിൽ ഇടികൂടിയേനേ എന്നൊരു ധ്വനി ആ ആത്മഗത്തിൽ ഉണ്ടോ എന്നു സംശയിച്ച് ഞാൻ അവിടെനിന്ന് പിൻവാങ്ങി.

തികച്ചും നാണംകെട്ട ഒരു സംസ്ക്കാരം നമ്മുടെയിടയിൽ വളർന്നുകൊണ്ടിരിക്കുകയാണ്. കല്യാണവും അതുപോലുള്ള ആഘോഷങ്ങളും നടക്കുന്നിടത്ത് സകല അന്തസും വിട്ടു പെരുമാറുന്ന ഒരു സംസ്ക്കാരം. ഭക്ഷണശാലയുടെ വാതിൽക്കൽ സെക്യൂരിറ്റി ഗാർഡുകളെവച്ചു നിയന്ത്രിച്ചും ആ ഹാളിന്റെ വാതിൽ ബലമായി അടച്ചും തീറ്റക്കാരെ നിയന്ത്രിക്കേണ്ടിവരുന്ന ഒരു സംസ്ക്കാരം!

ഒരു ഭവനത്തിൽ എന്തെങ്കിലും മംഗളകരമായ സംഭവങ്ങൾ ഉണ്ടാകുമ്പോൾ ബന്ധുക്കളെയും സുഹൃത്തുക്കളെയും അയൽക്കാരെയുമൊക്കെ ക്ഷണിച്ച് ആ സന്തോഷത്തിൽ പങ്കുചേർക്കുന്നത് ഏതു നാട്ടിലെയും നല്ല സംസ്ക്കാരമാണ്. നമ്മുടെ നാട്ടിലും നന്മയുള്ള ഈയൊരു ശൈലി നിലനിന്നിരുന്നു. എന്നാൽ ഇന്ന് അതിന്റെ രൂപഭാവങ്ങൾക്ക് ഒത്തിരി മാറ്റം വന്നിരിക്കുന്നു. യഥാർത്ഥത്തിൽ ഒരു കല്യാണത്തിനു നമ്മെ ക്ഷണിക്കുന്നത് ആ മംഗളകർമ്മത്തിൽ പങ്കെടുക്കാനും അവർക്കുവേണ്ടി പ്രാർത്ഥിക്കാനും അവരെ അനുഗ്രഹിക്കാനുമാണ്. അതിന്റെ സന്തോഷം പങ്കുവയ്ക്കുന്നതിനാണ് അവസാനം എന്തെങ്കിലുമൊക്കെ ഭക്ഷണപാനീയങ്ങൾ നല്കുന്നത്. എന്നാൽ ക്ഷണിക്കുന്നത് ഭക്ഷണത്തിനു മാത്രമാണെന്ന ധാരണയാണ് ഇന്നു പലർക്കുമുള്ളത്. അതുകൊണ്ടുതന്നെ സ്ഥലത്തു ഹാജരാകുന്നത് ഭക്ഷണസമയമാകുമ്പോൾ മാത്രമാണ്. ആ ദമ്പതികൾക്കുവേണ്ടി പ്രാർത്ഥിക്കുവാനും ആ നല്ല നിമിഷങ്ങളിൽ അവരോടുകൂടി ആയിരിക്കുവാനും ശ്രമിക്കാതെ അവരു വച്ചുവിളമ്പുന്ന ഭക്ഷണം ആവശ്യത്തിൽ കൂടുതൽ അകത്താക്കാൻ ഇടിച്ചുകയറി സീറ്റ് ഉറപ്പിക്കുന്നതിൽ നമുക്കു യാതൊരു അന്തസുകുറവും തോന്നാറില്ല!

അതിഥികളെ ഏറെ മാനിക്കുന്ന ഒരു സംസ്ക്കാരമായിരുന്നു നമുക്കുണ്ടായിരുന്നത്. വിവാഹകർമ്മത്തിനു നമ്മുടെ നാട്ടിലേയ്ക്കു കടന്നുവരുന്ന കൂട്ടരെ ‘വിരുന്നുകാർ’ എന്നാണ് വിളിക്കുന്നത്. പണ്ടുകാലത്ത് അങ്ങനെ വിളിക്കുക മാത്രമല്ല അങ്ങനെതന്നെ അവരെ പരിഗണിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. ഒരുമിച്ചു സദ്യയുണ്ണാൻ സ്ഥലസൌകര്യം കുറവുള്ളിടത്ത് വിരുന്നുകാർ ഭക്ഷിച്ചുകഴിയുംവരെ നാട്ടുകാർ കാത്തുനിന്നിരുന്നു. ഇന്നു പക്ഷെ വിരുന്നുകാർക്കും നാട്ടുകാർക്കും ഇക്കാര്യത്തിൽ ഒരേ മനസാണ്: ഇടിച്ചുകയറി പരമാവധി അകത്താക്കി എത്രയും വേഗം സ്ഥലം കാലിയാക്കുക.

ജീവിതസാഹചര്യങ്ങളൊ ജോലിത്തിരക്കൊ ഒന്നും ഈയൊരു അന്തസുകെട്ട പെരുമാറ്റത്തിനു മതിയായ ന്യായീകരണമാകില്ല എന്നു നാം അറിയണം. വരും തലമുറയ്ക്ക് നമ്മുടെ നാടിന്റെ നല്ല സംസ്ക്കാരത്തിന്റെ നന്മകൾ കൈമാറിക്കൊടുത്തില്ലെങ്കിൽ മാന്യതയുടെയും മാനുഷികതയുടെയും മുഖഭാവങ്ങൾ നഷ്ടപ്പെട്ടവരായി അവർ അധഃപതിക്കും എന്നും നാമറിയണം…

Posted in SOCIAL

മതങ്ങൾക്കും മദമിളകിയോ??!

 

പട്ടികളെക്കൊണ്ടും പട്ടിപ്രേമികളെക്കൊണ്ടും ശരീരത്തിനും മനസിനും പരിക്കേറ്റ് പൊറുതിമുട്ടിയിരിക്കുന്നവരാണ് നാം. അങ്ങനെയുള്ള നമ്മുടെ മനസിനെ വറചട്ടിയിൽനിന്ന് എരിതീയിലേയ്ക്കിടുന്ന വാർത്തയാണ് കഴിഞ്ഞദിവസം നാം കേട്ടത്. ഗോമാംസം ഭക്ഷിച്ചുവെന്നാരോപിച്ച് ഒരു മനുഷ്യനെ ഒരുകൂട്ടം മതഭ്രാന്തന്മാർ തല്ലിക്കൊന്നു എന്ന വാർത്ത. വ്യത്യസ്ത മതവിശ്വാസങ്ങൾ ഒരുപോലെ പടർന്നു പന്തലിച്ചിരിക്കുന്ന നമ്മുടെ രാജ്യം അടുത്തകാലംവരെ ലോകത്തിനുതന്നെ മാതൃകയായിരുന്നു. ആത്മീയതയിൽ അടിസ്ഥാനമിട്ട ഒരു നാടെന്ന ഖ്യാതി ഭാരതത്തിനെന്നുമുണ്ടായിരുന്നു. ഭൌതികതയ്ക്കപ്പുറത്തുള്ള ആത്മീയയാഥാർത്ഥ്യങ്ങളുടെ പൊരുളന്വേഷിക്കുന്ന ഒരു ജീവിതശൈലി നമ്മുടെ നാടിനു സ്വന്തമായിരുന്നു. എന്നാൽ സമീപകാലങ്ങളിലെ ചില സംഭവവികാസങ്ങൾ രാജ്യത്തിനുതന്നെ അപമാനമായിത്തീർന്നിരിക്കുകയാണ്. മതങ്ങൾക്കു ഭ്രാന്തുപിടിച്ച ഒരു കാലഘട്ടമാണിതെന്നു ചിന്തിക്കേണ്ടി വന്നിരിക്കുന്നു.

ഏതു മതത്തിന്റെയും അടസ്ഥാന ജീവിതശൈലി രൂപികരിക്കപ്പെടുന്നത് അവർ വിശ്വസിക്കുന്ന മതഗ്രന്ഥത്തിന്റെയും പാരമ്പര്യങ്ങളുടെയും വ്യാഖ്യാനങ്ങളിൽനിന്നാണ്. നൂറ്റാണ്ടുകൾക്കുമുമ്പേ രചിക്കപ്പെട്ട മതഗ്രന്ഥങ്ങളും രൂപപ്പെട്ട പാരമ്പര്യങ്ങളും ഇന്നത്തെ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ വ്യാഖ്യാനിക്കപ്പെടുമ്പോഴാണ് അവ അർത്ഥമുള്ളതും ജീവിതത്തിന് മാർഗദർശകവുമായി മാറുന്നത്. അതാണ് മതപണ്ഡിതരുടെയും ആത്മീയനേതൃത്വങ്ങളുടെയും കടമയും. എന്നാലിന്ന് വ്യാഖ്യാനത്തിനുള്ള ഈ അധികാരം അവരിൽനിന്ന് ചില മതതീവ്രവാദികളുടെ ബുദ്ധി മരവിച്ച തലകളിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നുവോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വിശ്വാസികൾക്ക് ഓണാഘോഷം വിലക്കിയ ക്രിസ്ത്യാനികളും ഗോമാംസം ഭക്ഷിച്ചുവെന്നാരോപിച്ച് ഒരന്യമതസ്ഥനെ തല്ലിക്കൊന്ന ഹിന്ദുക്കളും പന്നിമാംസം വിളമ്പിയെന്നാരോപിച്ച് വിദ്യാലയത്തിൽ അതിക്രമം കാണിച്ച മുസ്ലീമുകളും ഈ സംശയത്തെ ബലപ്പെടുത്തുന്നു. വിവരവും പക്വതയുമുള്ള ആത്മീയനേതൃത്വങ്ങൾ ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

വിശ്വാസവും അതിന്റെ ആചാരങ്ങളും സ്വന്തം മതത്തിന്റെ മതിലിനകത്താണ് ആഘോഷിക്കപ്പെടേണ്ടത്. അവിടെയാണ് അത് അർത്ഥപൂർണവും പ്രയോജനകരവുമായിത്തീരുന്നത്. ഓരോ മതത്തിനും അതിന്റേതായ ചില പ്രത്യേക വിശ്വാസങ്ങളും അനുഷ്ഠാനങ്ങളുമുണ്ടാകും. ചിലർക്ക് ചില മൃഗങ്ങൾ വിശുദ്ധവും മറ്റുചിലർക്ക് ചില മൃഗങ്ങൾ അശുദ്ധവുമാണ്. പ്രസ്തുത മതാനുയായികൾക്ക് അതങ്ങനെതന്നെ ആയിരിക്കുകയും ചെയ്യട്ടെ. അതെത്രമാത്രം ദുർഗ്രഹമാണെങ്കിൽക്കൂടി അതവരുടെ വിശ്വാസാനുഷ്ഠാനത്തിന്റെ ഭാഗമായിത്തന്നെ പൊതുസമൂഹം കാണേണ്ടതുണ്ട്. എന്നാൽ പ്രസ്തുത മതവിശ്വാസികൾ തങ്ങളുടെ വിശ്വാസത്തിലെ ഇതുപോലുള്ള ഘടകങ്ങളെ തങ്ങളുടെ മതത്തിന്റെ വേലിക്കെട്ടുകൾക്കു പുറത്തേയ്ക്ക് കൊണ്ടുവന്ന് അന്യമതവിശ്വാസികളും അവിശ്വാസികളുമുൾപ്പെടുന്ന പൊതുസമൂഹത്തിന്റെമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ അതിനെ വിശേഷിപ്പിക്കാൻ നിഘണ്ടുവിൽ വാക്കുകളില്ല. ഗോമാംസം ഭക്ഷിച്ചുവെന്ന ആരോപണത്തെത്തുടർന്നുണ്ടായ അക്രമവും അതിനോട് ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരുന്ന് ചിലർ നടത്തിയ പ്രതികരണങ്ങളും രാജ്യത്തിന്റെ ചുക്കാൻ പിടിക്കുന്നയാൾ പുലർത്തിയ നീണ്ട നിശബ്ദതയും നല്കുന്ന സൂചനകൾ അവഗണിക്കാൻ പാടില്ല. ഗോമാംസം ഭക്ഷിക്കുന്നവർ രാജ്യം വിട്ടുപോകണമെന്നും പശുക്കളെ കൊല്ലുന്നവരെ തൂക്കിക്കൊല്ലണമെന്നുമൊക്കെ പുലമ്പുന്നവർ ഇപ്പോഴും തങ്ങളുടെ കസേരകളിൽത്തന്നെ ഇരിക്കുന്നുവെന്നതാണ് നമ്മുടെ നാടിന്റെ ദുർവിധി.

അതുപോലെ, വിവരവും വിദ്യാഭ്യാസവും ആവോളമുണ്ടെന്നഭിമാനിക്കുന്ന ഈ കേരളത്തിൽപോലും ചിലയിടങ്ങളിൽ ചില മൃഗങ്ങളുടെ മാംസവില്പനയ്ക്ക് ചില മതഭ്രാന്തന്മാർ വിലക്കു കല്പിച്ചിരിക്കുന്നത് അറിയാത്തവരല്ല ഇവിടുത്തെ ഭരണാധികാരികളും നിയമപാലകരുമെന്ന കാര്യത്തിൽ സംശയമില്ല. തൊട്ടാൽ കൈപൊള്ളുമെന്നു പേടിച്ച് ഇക്കാര്യത്തിൽ അവർ കൌശലപൂർവം മൌനം പാലിക്കുന്നു. മറ്റുള്ളവർ എന്തു ഭക്ഷിക്കണം എന്തു ഭക്ഷിക്കരുത് എന്നു തീരുമാനിക്കാനുള്ള അവകാശം ചില ഭ്രാന്തന്മാർ കൈയടക്കുന്നതു കണ്ടിട്ടും ഉത്തരവാദിത്വപ്പെട്ടവർ മൌനവ്രതത്തിലാണ്. എന്നാൽ ഈ വിഷവിത്തുകളെ മുളയിലെ നുള്ളിയില്ലെങ്കിൽ അതു നാടാകെ പടർന്ന് നന്മയുടെയും സഹവർത്തിത്വത്തിന്റെയും നാമ്പുകളെ നശിപ്പിച്ചുകളയുമെന്നത് നാം തിരിച്ചറിയണം. അതിനാൽ തീവ്രവാദത്തിന്റെ തിമിരം ബാധിക്കാത്ത മതപണ്ഡിതന്മാരും നട്ടെല്ലിനു ബലക്ഷയം സംഭവിക്കാത്ത ആത്മീയനേതൃത്വവും സ്വാർത്ഥതാല്പര്യങ്ങളില്ലാത്ത രാഷ്ട്രീയനേതാക്കന്മാരും സമൂഹത്തോട് പ്രതിബദ്ധതയുള്ള നിയമപാലകരും കൈകോർത്തു പ്രവർത്തിച്ച് ഈ വലിയ ആപത്തിനെ സമൂഹത്തിൽനിന്ന് തുടച്ചുമാറ്റാൻ ഇടവരണം.

Posted in SOCIAL

മദ്യനിരോധനം സമ്പൂർണം…

സമ്പൂർണ മദ്യനിരോധനം പ്രഖ്യാപിച്ച് കുടിയന്മാരെ പേടിപ്പിക്കുകയും പാവപ്പെട്ട വീട്ടമ്മമാരെയും കുഞ്ഞുങ്ങളെയും നാടിന്റെ സമാധാനം ആഗ്രഹിക്കുന്ന പൊതുജനത്തെയും കൊതിപ്പിക്കുകയും പിന്നീട് “പ്രായോഗിക” തീരുമാനമെടുത്ത് കുടിയന്മാരെ ആശ്വസിപ്പിക്കുകയും വീട്ടമ്മമാരെയും കുഞ്ഞുങ്ങളെയും പൊതുജനത്തെയും കബളിപ്പിക്കുകയും ചെയ്ത മുഖ്യമന്ത്രിക്കും ജനപ്രതിനിധികൾക്കും അഭിവാദ്യങ്ങൾ. നിങ്ങൾ യഥാർത്ഥത്തിൽ ഏതു ജനത്തിന്റെ പ്രതിനിധികളാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു..

മദ്യനിരോധനംകൊണ്ട് ടൂറിസം മേഖലയിൽ കുറഞ്ഞു പോകുമെന്ന് നിങ്ങൾ അവകാശപ്പെടുന്ന സമ്പത്ത് മദ്യത്തിന്റെ ഉപയോഗംമൂലം കുടുംബങ്ങൾക്കും സമൂഹത്തിനുമുണ്ടാകുന്ന സാമ്പത്തികമുൾപ്പെടെയുള്ള നഷ്ടത്തെക്കാൾ വലുതായിരുന്നോ!?? അയ്യോ, ക്ഷമിക്കണം, നിങ്ങൾ സമ്പത്ത് ഉണ്ടാക്കുന്നത് നാട്ടിലെ മനുഷ്യരുടെ സുസ്ഥിതിക്കുവേണ്ടിയല്ലാ, “ഭരിച്ചു”തീർക്കാൻവേണ്ടിയാണെന്നുള്ള കാര്യം പെട്ടെന്നങ്ങു മറന്നുപോയി.

പിന്നെ എണ്ണിയാലൊടുങ്ങാത്ത അന്യസംസ്ഥാന തൊഴിലാളികളുടെ മധ്യത്തിൽനിന്ന്, മദ്യനിരോധനംമൂലം ഒത്തിരിപ്പേർക്ക് തൊഴിൽ നഷ്ടപ്പെട്ട് അവരുടെ കുടുംബങ്ങൾ പട്ടിണിയിലാകുമെന്ന് പരിതപിക്കുന്ന നിങ്ങളുടെ തൊലിക്കട്ടിക്കുമുമ്പിൽ പ്രണമിക്കുന്നു..

ഇങ്ങനെയൊക്കെയാണെങ്കിലും നിങ്ങൾക്ക് ആരോടും യാതൊരു ആത്മാർത്ഥതയുമില്ലെന്നൊന്നും ഈ വാക്കുകൾക്കർത്ഥമില്ലകേട്ടോ. കൈനിറയെ കാശുതന്ന മദ്യവ്യവസായികളോടെങ്കിലും നിങ്ങൾക്ക് പ്രതിബദ്ധതയുണ്ടല്ലോ… അവിടെയും പക്ഷെ നിങ്ങൾ കൂടെനിന്ന ഒരാളുടെ കുതികാലിൽ ചവുട്ടി. കൂട്ടിൽനിന്നിറങ്ങിപ്പോകാതിരിക്കാൻ വെറുതേയൊന്നു ചവിട്ടിപ്പിടിച്ചെന്നേയുള്ളു എന്നു നിങ്ങൾ പറയുമായിരിക്കും.. അതെന്തുമാകട്ടെ, പൊതുജനം ആഗ്രഹിക്കാത്തതും, എന്നാൽ പ്രതീക്ഷിച്ചതുമായ ചുവടുവയ്പ്പുകൾതന്നെയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇതിനോടുള്ള പ്രതികരണം അടുത്ത തെരഞ്ഞെടുപ്പിന്റെ സമയത്ത് കാണാമെന്നു പറയാൻമാത്രം മണ്ടനൊന്നുമല്ല ഞാൻ. തെരഞ്ഞെടുപ്പിൽ ഇതൊക്കെ മറക്കാൻ പുതിയ വിഷയങ്ങൾ ഇപ്പോൾത്തന്നെ നിങ്ങൾ തയ്യാറാക്കുന്നുണ്ടാകുമല്ലോ. അതൊക്കെ ഏറ്റുപാടിയും നിങ്ങളുടെ പടങ്ങൾ ഭിത്തിയിലൊട്ടിച്ചും തമ്മിൽത്തല്ലിയും അടുത്ത തെരഞ്ഞെടുപ്പും ഞങ്ങൾ ഉഷാറാക്കുമെന്ന് ഉറപ്പുതരുന്നു…

ഏതായാലും കുടുംബദ്രോഹികളും, കെട്ടിയ പെണ്ണിനെയും ജനിപ്പിച്ച മക്കളെയും അന്തസോടെ സംരക്ഷിക്കാനുള്ള ആണത്തമില്ലാത്തവരും നാടിന്റെ ശാപങ്ങളുമായ എല്ലാ കുടിയന്മാർക്കും ഹാപ്പി ന്യൂ ഇയർ…

Posted in SOCIAL

തനിനിറം തെളിയുന്നു…

കേന്ദ്രസർക്കാരിന്റെ തനിനിറം പുറത്തുവന്നുതുടങ്ങി. മതതീവ്രനിലപാടുകൾ തലയ്ക്കുപിടിച്ച കുറെ നേതാക്കളെ എന്തും പറയാനും ചെയ്യാനും അനുവദിച്ചുകൊണ്ട് മറ്റെന്തിലും വാചാലനായ പ്രധാനമന്ത്രി നാവടക്കം പാലിക്കുകയാണ്. രാഷ്ട്രീയവും മതവും കൂട്ടിക്കലർത്തി അവർ ഉണ്ടാക്കിയെടുത്തതും പണ്ടുമുതൽ പരീക്ഷിച്ചുകൊണ്ടിരിക്കുന്നതുമായ അപകടകരമായ ഒരു കോമ്പിനേഷൻ ഇപ്പോൾ കൂടുതൽ ആത്മവിശ്വാസത്തോടെ അവർ ഉപയോഗിച്ചുതുടങ്ങി. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും മതന്യൂനപക്ഷങ്ങളുടെ ആവശ്യങ്ങളെയും അവകാശങ്ങളെയും ഹനിക്കുന്ന ഒരു ഭൂരിപക്ഷവർഗീയതേരോട്ടത്തിന്റെ കാഹളം അവർ മുഴക്കിക്കഴിഞ്ഞു. മതേതരത്വത്തിന്റെ നിർവചനംതന്നെ മാറ്റിയെഴുതി രാജ്യത്തിന്റെ സ്വസ്ഥത നശിപ്പിക്കാനുള്ള തന്ത്രങ്ങളുമായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നവർ ഭരണഘടനയ്ക്കു വിരുദ്ധമായി പ്രവർത്തിച്ച് രാജ്യദ്രോഹികളായി സ്വയം പ്രഖ്യാപിക്കുകയാണ്. നിർഭാഗ്യവശാൽ അവരുടെ കളികൾക്ക് വിസിലൂതിക്കൊടുക്കുന്നത് രാജ്യത്തിന്‍റെയും ഭരണഘടനയുടെയും കാവൽഭടന്മാരും!!!

കേരളത്തിലും എത്തിക്കഴിഞ്ഞു അതിന്റെ അലയടികൾ. കഴിഞ്ഞദിവസം നടന്ന കൂട്ടമതപരിവർത്തനത്തിലൂടെ അതിനറെ ലാത്തിരി കത്തിച്ചുകഴിഞ്ഞു. ഇനി വരാനിരിക്കുന്ന നാളുകളിൽ നാം മറ്റു പലതും കാണേണ്ടിവന്നേക്കാം. മതത്തെ രാഷ്ട്രീയത്തിനും രാഷ്ട്രീയത്തെ സ്വാർത്ഥതാല്പര്യങ്ങൾക്കുംവേണ്ടി ഉപയോഗിക്കുന്നവർക്ക് നാടിന്റെ സമാധാനമോ, ഭരണഘടനയുടെ ശ്രേഷ്ഠതയോ സഹജീവികളുടെ വികാരമോ ഒന്നും ഒരു പ്രശ്നമേയല്ല. വർഗീയത ഒരു രോഗമായിമാറിക്കഴിഞ്ഞിരിക്കുന്ന നമ്മുടെ നാട്ടിൽ ഇനി മതസൌഹാർദ്ദവേദികളിലെ കളങ്കമൊളിപ്പിച്ച ചിരികളും മുനയൊളിപ്പിച്ച വാക്കുകളും മാത്രമേ മിച്ചമുണ്ടാകു. അതല്ലെങ്കിൽ സ്വാർത്ഥതയില്ലാത്ത മനസും എല്ലാവരെയും ഉൾക്കൊള്ളുന്ന വിശാലഹൃദയവും സത്യസന്ധമായ രാഷ്ട്രീയബോധവും എല്ലാറ്റിലുമുപരി ഭാരതത്തിന്റെ ആത്മാവിനെ കളങ്കമില്ലാതെ അറിയുന്നവരുമായ നേതാക്കൾ ഉണ്ടാകണം. ഇന്നത്തെ അവസ്ഥയിൽ ഇതൊരു വ്യാമോഹം മാത്രമാണെങ്കിലും നല്ലതു പ്രതീക്ഷിച്ചുകൊണ്ട് ഈ പുതുവർഷം ആഘോഷിക്കാനാണ് എനിക്കിഷ്ടം..

Posted in SOCIAL

പ്രിയപ്പെട്ട മുസ്ലീം സഹോദരന്മാരോട് ഒരു വാക്ക്.

നമ്മുടെ രാജ്യത്തു നടക്കുന്ന പല ഭീകരപ്രവർത്തനങ്ങളുടെയും പേരിൽ നിങ്ങളുടെ സമുദായം ചിലപ്പോഴെല്ലാം അന്യായമായി കുറ്റം വിധിക്കപ്പെടുകയും മോശമായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്ന ഒരു തെറ്റായ പ്രവണത നാട്ടിലുണ്ട് എന്നത് നിങ്ങളും പലപ്പോഴും വേദനയോടെ സൂചിപ്പിച്ചിട്ടുള്ള ഒരു യാഥാർത്ഥ്യമാണല്ലോ. ഏതെങ്കിലും തീവ്രനിലപാടുകാർ നടത്തുന്ന വിധ്വംസക പ്രവർത്തനങ്ങളുടെ പേരിൽ ഒരു സമുദായം മുഴുവൻ പ്രതിസ്ഥാനത്ത് നിർത്തപ്പെടുന്നത് തികച്ചും അപലപനീയമായ കാര്യമാണ്. എന്നാൽ ഒരു കാര്യം ഞാൻ കുറിക്കട്ടെ.
കഴിഞ്ഞ ദിവസം എരുമേലി സ്കൂളിൽ നടന്ന നിർഭാഗ്യകരമായ സംഭവം സമൂഹത്തിനു കൊടുത്ത സന്ദേശമെന്താണ്? ഒരുപക്ഷെ മാധ്യമങ്ങളിലൂടെയും പറഞ്ഞുകേട്ടും സംഭവമറിഞ്ഞ ദൂരെയുള്ളവർക്ക് വ്യത്യസ്തമായ ചിന്തകൾ കാണും. എന്നാൽ അവിടെ നടന്ന സംഭവങ്ങളുടെ നിജസ്ഥിതി പൂർണമായും അറിയുന്ന എരുമേലി സ്കൂളിലെ കുഞ്ഞുങ്ങളുടെ മനസ്സിൽ ആ സംഭവത്തിലൂടെ നിങ്ങളുടെ സമുദായത്തെക്കുറിച്ചുണ്ടായ ബോദ്ധ്യം എന്തായിരിക്കും?
പൂർണമായും തെറ്റായ ഒരു ആരോപണത്തിന്റെ പേരിൽ സ്കൂളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും അവരുടെ പ്രിയപ്പെട്ട അദ്ധ്യാപകരെ കയ്യേറ്റം ചെയ്യുകയും കുഞ്ഞുങ്ങളുടെയും അദ്ധ്യാപികമാരുടെയും മുമ്പിൽ കേട്ടാലറയ്ക്കുന്ന അസഭ്യം പറയുകയും സ്കൂളിലെ ഉപകരണങ്ങൾ തകർക്കുകയും ചെയ്തവരെ ഇനി ഭീതിയോടും വെറുപ്പോടുംകൂടെയായിരിക്കില്ലേ ആ കുഞ്ഞുങ്ങൾ നോക്കിക്കാണുന്നത്. ആ അക്രമസംഭവത്തിനു പിന്നിൽ നിങ്ങളുടെ സമുദായമല്ല, ചിന്തയില്ലാത്ത ഒരു ജനക്കൂട്ടമാണ് എന്ന് സമൂഹം ചിന്തിക്കണമെങ്കിൽ സമുദായാംഗങ്ങളിൽനിന്ന് സംഭവത്തെ അപലപിക്കുന്ന ഒരു പ്രതികരണമെങ്കിലും ഉണ്ടാകണമായിരുന്നു. നിർഭാഗ്യവശാൽ അങ്ങനെയൊന്ന് മാധ്യമങ്ങളിൽ കണ്ടില്ല. പ്രശ്നപരിഹാരങ്ങൾക്ക് അക്രമത്തിന്റെ പാത സ്വീകരിക്കുന്നത് നാട്ടിൽ സാമുദായിക സൌഹാർദവും സമാധാനവും നിലനിർത്താൻ ഒരിക്കലും ഉപകരിക്കുകയില്ല എന്നതിന് ചരിത്രംതന്നെ സാക്ഷി. നമ്മുടെ കുഞ്ഞുങ്ങളിൽ സ്നേഹത്തിന്റെയും സൌഹൃതത്തിന്റെയും സഹവർത്തിത്വത്തിന്റെയും നാമ്പുകൾ വിടരാൻ എല്ലാ സമുദായങ്ങളും പരസ്പരം ആദരിക്കുകയും ബഹുമാനിക്കുകയും ഒരുമയോടെ നാടിന്റെ നന്മയ്ക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന സാഹചര്യം നമുക്കു കൈമോശം വരാതെ സൂക്ഷിക്കാം.

Posted in SOCIAL

പ്രിയപ്പെട്ട എരുമേലിക്കാരോടും ഒരു വാക്ക്.

നമ്മുടെയെല്ലാം മനസിനെ വേദനിപ്പിച്ച ഒരു സംഭവമാണ് കഴിഞ്ഞ ദിവസം എരുമേലി സ്കൂളിൽ നടന്നത്. പക്ഷെ അത്രയും സംഭവങ്ങൾ ഉണ്ടായിട്ടും പ്രതിഷേധത്തിന്റെ ഒരു സ്വരംപോലും നാട്ടുകാരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല എന്നത് വേദനിപ്പിക്കുന്ന ഒരു യാഥാർത്ഥ്യമാണ്. അക്രമത്തിനെതിരെ ഏതെങ്കിലും സമുദായത്തിനെതിരേയോ വ്യക്തികൾക്കെതിരേയോ അക്രമാസക്തമായി പ്രതികരിക്കണമെന്നല്ല ഞാൻ ഉദ്ദേശിച്ചത്. ആ അക്രമസംഭവത്തെ ശക്തമായി അപലപിക്കാൻ നിങ്ങൾക്കു കഴിയണമായിരുന്നു. നാട്ടിലെ ഒരു പൊതുസ്ഥാപനത്തിൽ അതും നമ്മുടെ കുഞ്ഞുങ്ങൾ നന്മ പഠിക്കേണ്ട ഒരു പാവനമായ സ്ഥലത്ത് ഏറ്റവും മോശമായ രീതിയിലുള്ള അക്രമപ്രവൃത്തികൾ ഉണ്ടായപ്പോൾ അതിനോട് നിസംഗത പുലർത്തിയത് ഏതായാലും വലിയ കുറവുതന്നെ. ഏറ്റവും കുറഞ്ഞത്, ഇക്കാര്യത്തിൽ നിരപരാധികളും നമ്മുടെ കുഞ്ഞുങ്ങൾക്കു അറിവു പറഞ്ഞുകൊടുക്കുന്നതിന് ആത്മാർത്ഥമായി അദ്ധ്വാനിക്കുന്നവരുമായ അദ്ധ്യാപകർക്ക് ധാർമ്മികമായ പിന്തുണ കൊടുക്കുന്നതിനുവേണ്ടിയെങ്കിലും ഒരു പ്രതിഷേധ റാലിയോ, സമ്മേളനമോ ഉണ്ടാകണമായിരുന്നു. ഇക്കാര്യത്തിൽ നിരപരാധികളായ അദ്ധ്യാപകർക്കു ധാർമികമായ പിന്തുണകൊടുത്ത് കൂടുതൽ ആത്മാർത്ഥതയോടെ നമ്മുടെ കുഞ്ഞുങ്ങൾക്ക് അക്ഷരം പറഞ്ഞുകൊടുക്കാൻ അവരെ ശക്തിപ്പെടുത്താൻ നമുക്കു കടമയില്ലേ? മാത്രമല്ല, ജനക്കൂട്ടത്തെ പേടിച്ച് അക്രമത്തിനും അന്യായത്തിനും മുമ്പിൽ പഞ്ചപുച്ഛമടക്കി നിന്നുകൊടുക്കുന്ന നാം ഈ അക്രമസംഭവങ്ങൾക്കു സാക്ഷികളായ നമ്മുടെ കുഞ്ഞുങ്ങൾക്കു പകർന്നുകൊടുക്കുന്ന ധാർമ്മികതയുടെയും നീതിയുടെയും പാഠങ്ങൾ എന്താണ്?! ഒരു കള്ളുകുടിയൻ ഒരു കല്ലെടുത്തെറിഞ്ഞാൽപോലും പ്രതിഷേധപരമ്പരകൾ സൃഷ്ടിക്കുന്ന നാം ഇത്രയും വലിയ അക്രമത്തിനു മുമ്പിൽ നിശബ്ദരാകുന്നെങ്കിൽ നമ്മുടെ നീതിബോധത്തിന്റെ അളവുകോൽ എന്താണ്? ക്ഷമിക്കുക എന്നത് ക്രൈസ്തവമായ ധർമ്മമാണ്. എന്നാൽ അക്രമത്തിനും അനീതിക്കുംമുമ്പിൽ എന്തുകാരണത്തിന്റെ പേരിലാണെങ്കിലും നിസംഗരാകുന്നത് ഒട്ടും ക്രൈസ്തവമല്ല. ഞാൻ ആവർത്തിക്കട്ടെ പ്രതിഷേധിക്കേണ്ടത് ഏതെങ്കിലും വ്യക്തികളോടൊ പ്രസ്ഥാനങ്ങളോടൊ സമുദായങ്ങളോടൊ മതങ്ങളോടൊ അല്ല, മറിച്ച് അക്രമത്തോടും അനീതിയോടുമാണ്.

Posted in SOCIAL

കല്യാണം കഴിച്ചാൽ…

“വല്യമ്മച്ചീടെ കല്യാണം എത്രാം വയസിലായിരുന്നു?”

ലേഖനത്തിനൊരാമുഖമുണ്ടാക്കാൻ രാവിലെ പള്ളിയിൽ കണ്ട ഒരമ്മച്ചിയോടു ചോദിച്ചതാണ്. എഴുപത്താറാം പിറന്നാളാഘോഷിച്ചെങ്കിലും അപ്രതീക്ഷിതമായ ചോദ്യംകേട്ട് പതിനേഴിന്റെ നാണത്തിലെത്തിയ അമ്മച്ചി മറുപടി പറഞ്ഞു, ” പതിനാലാം വയസിൽ.”

“കല്യാണമൊക്കെ ഓർക്കുന്നുണ്ടോ?”

“എന്റെയച്ചാ, അതൊക്കെയൊരു പുകിലായിരുന്നു. ഒരു ദിവസം സന്ധ്യയ്ക്ക് അപ്പൻ പറഞ്ഞു, ക്രിസ്മസിന്റെ പിറ്റേ തിങ്കളാഴ്ച നിന്റെ കല്യാണമാണെന്ന്. ആരാ ചെറുക്കനെന്നുംമറ്റും ചോദിക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ല. കുറേ കഴിഞ്ഞ് അമ്മയാണ് ചെറുക്കനാരാണെന്നൊക്കെ പറഞ്ഞത്.”

“അപ്പോ പെണ്ണുകാണലോ?”

“പെണ്ണുകാണൽ കെട്ടാൻ പള്ളീൽ വന്നപ്പോൾ. അന്നൊക്കെ അപ്പന്മാർ തമ്മിലല്ലെ ഒറപ്പീര്.”

“എങ്ങനെയുണ്ടായിരുന്നു കുടുംബജീവിതം?”

 തുടരെയുള്ള ചോദ്യങ്ങൾ കേട്ടപ്പോൾ അച്ചനിതെന്നാ ഭാവിച്ചാണെന്ന് തിരിച്ചു ചോദിച്ചെങ്കിലും ഉത്തരവും പിറകേ വന്നു.

“കല്യാണം കഴിഞ്ഞ് എത്ര നാളു കഴിഞ്ഞാ കെട്ടിയോന്റെ മുഖത്തുനോക്കിയതെന്നറിയാമോ. എന്റെ അപ്പനേപ്പോലെതന്നെ പുള്ളിക്കാരനും വെല്യ ഗൌരവക്കാരനായിരുന്നു. മുമ്പിൽ ചെല്ലാനും മിണ്ടാനുമൊക്കെ പേടിയായിരുന്നു. അന്നൊന്നും ഇന്നത്തെപ്പോലെ അറിവും വിവരവുമൊന്നുമില്ലല്ലോ. എന്നാലും എന്റെ അമ്മച്ചി ജീവിക്കുന്നതുപോലെയങ്ങു ജീവിക്കാൻ തീരുമാനിച്ചു. ഏഴു മക്കളെ ദൈവം തരികേം ചെയ്തു.”

“മുമ്പിൽ ചെല്ലാനും മിണ്ടാനുമൊക്കെ പേടിയായിരുന്നെങ്കിലും മക്കളേഴുണ്ടായല്ലേ?”

എന്റെ ചോദ്യത്തിലെ കുസൃതി മനസ്സിലാക്കി ഒരു കള്ളച്ചിരിയോടെ അമ്മച്ചി പറഞ്ഞു: ” അതൊക്കെ അങ്ങനെയങ്ങു നടന്നു.”

ഞാനീ ‘ഇന്റർവ്യൂ’ നടത്തിയത് പണ്ടത്തെ അപ്പന്മാരുടെ അതിരുവിട്ട അധികാരപ്രയോഗത്തെ പുകഴ്ത്താനല്ല, മറിച്ച് അന്നത്തെ അമ്മമാരുടെയും ഭാര്യമാരുടെയും മനസ്സിന്റെ നന്മയ്ക്കുമുമ്പിൽ ആദരവോടെ ശിരസ്സു നമിക്കാനാണ്. അപ്പന്മാരുടെയും ഭർത്താക്കന്മാരുടെയും അധികാരത്തിന്റെ കൂച്ചുവിലങ്ങുകൾക്കുള്ളിൽ അടിമയായിക്കിടക്കുന്നതല്ല മനസിന്റെ നന്മയെന്നൊക്കെ പറഞ്ഞ് സ്തീവിമോചന സമരക്കാർ എന്നെ കല്ലെറിയരുത്. കാരണം എന്റെ വിഷയം അതല്ല.

കുടുംബജീവിതത്തിലെ പൊരുത്തക്കേടുകളും വിവാഹമോചനംവരെയെത്തുന്ന അതിനുള്ളിലെ പൊട്ടിത്തെറികളും ആശങ്കാജനകമായ ഒരു സമകാലിക യാഥാർത്ഥ്യമാണ്. ആ യാഥാർത്ഥ്യത്തിന്റെ ഉള്ളറകളിലേയ്ക്ക് കടന്നുചെന്നാൽ നമ്മുടെ കാഴ്ചകൾ ഉടക്കിനില്ക്കുന്ന ചില സാഹചര്യങ്ങൾ അവിടെയുണ്ട്.

പല മാതാപിതാക്കളും മക്കളെ പഠിപ്പിക്കുന്നതും എന്തെങ്കിലുമൊക്കെ ജോലി അവർക്കായി അന്വേഷിക്കുന്നതും അവർക്കു സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തിയുണ്ടാകുന്നതിനുവേണ്ടിയാണ്. ഇങ്ങനെ സ്വന്തം കാലിൽ നില്ക്കാനുള്ള ശേഷിയാണ് വിവാഹത്തിന്റെ ഒരു അടിസ്ഥാനയോഗ്യതയായി പലരും പരിഗണിക്കുന്നത്. യഥാർത്ഥത്തിൽ ഭാര്യാഭർത്താക്കന്മാർ സ്വന്തം കാലുകളിൽ നില്ക്കാൻ ശ്രമിക്കുന്നതാണ് ഇന്നത്തെ ഒരു അടിസ്ഥാന പ്രതിസന്ധി. ജോലിയുള്ള ഭാര്യാഭർത്താക്കന്മാരെ വിമർശിക്കാനോ, അതു ശരിയല്ലെന്ന വിഢിത്തം വിളമ്പാനോ അല്ല ഇതു കുറിക്കുന്നത്. മറിച്ച് ജോലിയും ശമ്പളവും എത്രയുണ്ടെങ്കിലും പരസ്പരം ആശ്രയിച്ചു കഴിയാനുള്ള മനസ്സില്ലെങ്കിൽ ജീവിതം പരാജയമാകുമെന്ന സത്യം സൂചിപ്പിക്കാനാണ്. ജോലിയുള്ള ചില ഭാര്യമാരുടെ ജോലിയില്ലാത്ത ഭർത്താക്കന്മാരെ ‘പിള്ളേരേനോക്കി ഭർത്താക്കന്മാർ’ എന്നു ചിലർ വിമർശിക്കാറുണ്ട്. എന്നാൽ കുടുംബജീവിതത്തിൽ മക്കളെ വളർത്തുകയെന്ന ശ്രേഷ്ഠമായ ഒരു ഭാഗം ഏറ്റെടുക്കുന്നവർക്കു ആ വിമർശനം ഒട്ടും ചേരുന്നില്ല എന്നു നമ്മളറിയണം. ഭാര്യമാർ അവരെ വെറും നോക്കുകുത്തികളായി കാണാതിരിക്കണമെന്നുമാത്രം. അതുപോലെതന്നെ തിരിച്ചും.

ഭാര്യാഭർതൃബന്ധത്തിന്റെ ഭാഷകൾ ‘വാടാപോടാ’ സംസ്കാരത്തിലെത്തിയിരിക്കുന്ന ഈ കാലഘട്ടത്തിൽ പരസ്പരം ബഹുമാനിക്കാനും ആദരിക്കാനും മറക്കുന്നവർ കുടുംബത്തിന്റെ അടിത്തറ മാന്തുകയാണ്. ഭർത്താവിന്റെ ആണത്വത്തെ ആദരിക്കാത്ത ഭാര്യയും ഭാര്യയുടെ സ്ത്രീത്വത്തെ ബഹുമാനിക്കാത്ത ഭർത്താവും ഒരിക്കലും കുടുംബമായി രൂപപ്പെടുകയില്ല. വിവാഹത്തിന്റെ ആദ്യനാളുകളിലെ ആഘോഷമൊക്കെ കഴിയുമ്പോൾ രണ്ടും രണ്ടുവഴിക്കാകും.

ഇന്നു വിവാഹ ആലോചനകൾ നടക്കുമ്പോൾ പലപ്പോഴും പ്രാധാന്യം കൊടുക്കുന്നത് വിദ്യാഭ്യാസംകൊണ്ടും ജോലികൊണ്ടുമൊക്കെ തങ്ങൾക്കുചേരുന്ന ജീവിതപങ്കാളിയെ കണ്ടെത്താനാണ്. ജീവിതത്തിന്റെ സുഗമമായ ഗമനത്തിന് അതു സഹായമാകുമെങ്കിലും ചില അടിസ്ഥാനതത്വങ്ങൾ മറന്നുകൊണ്ട്, ‘ചേരുന്ന ഇണയേത്തേടൽ’ മാത്രമായി അതു മാറുമ്പോൾ ചിലപ്പോൾ ജീവിതം പ്രതിസന്ധിയിലാകും. ഭാര്യാഭർതൃബന്ധത്തെ ഒരു ബിസിനസ് പങ്കാളിയുമായുള്ള ബന്ധത്തിന്റെ അവസ്ഥയിലേയ്ക്കു താഴ്ത്തുന്നത് ഏതായാലും ഉചിതമല്ല. വിവാഹമെന്നത് കുടുംബമാകാനുള്ള ദൌത്യമാണെന്നു മറന്നുകൊണ്ടുള്ള ഏതു വഴിയും അപകടത്തിലേയ്ക്കാണെന്നു നാം തിരിച്ചറിയണം.

മാതാപിതാക്കളുടെ നല്ല മാതൃകയും പിന്തുണയും നവദമ്പതികൾക്കു വലിയ പ്രചോദനമാകേണ്ടതാണ്. മുകളിൽ സൂചിപ്പിച്ച വല്യമ്മച്ചിയേപ്പോലെ ‘ എന്റെ അമ്മച്ചി ജീവിച്ചതുപോലെ ജീവിക്കാൻ തീരുമാനിച്ചു’ എന്ന് മാതാപിതാക്കളെനോക്കി പറയാൻ മക്കൾക്കു സാധിക്കുന്നതാണ് മാതാപിതാക്കളുടെ ജീവിത സാഫല്യം. പക്ഷെ ഇന്ന് ആ മേഖലയിലും ഒത്തിരിയേറെ കുറവുകൾ ഉണ്ടെന്നുള്ളത് യാഥാർത്ഥ്യം മാത്രം. വിവാഹിതരായ മക്കൾ കുടുംബമായി രൂപപ്പെടാൻ കൂടിക്കൊടുക്കുന്നതിനു പകരം ചില സ്വാർത്ഥതകളുടെ പേരിൽ അവരെ തമ്മിൽത്തല്ലിക്കുന്ന കൂട്ടിക്കൊടുപ്പുകാരായി മാതാപിതാക്കൾ മാറരുത്.

വൈവാഹിക സ്നേഹത്തിന്റെ ഏറ്റവും ഉദാത്തമായ പ്രകടനമായ സ്വയം ദാനമെന്ന പ്രക്രിയ പല ചെറുപ്പക്കാർക്കും കൂടെ പഠിക്കുന്നവും കൂടെ കൂടുന്നവരുമായിചേർന്ന് നടത്തുന്ന കുറേ കാമക്കേളികൾ മാത്രമായി മാറിയിരിക്കുന്നു. പണ്ടൊക്കെ നവദമ്പതികൾ പരസ്പരം നല്കാൻ കാത്തുസൂക്ഷിച്ചിരുന്ന അമൂല്യമായ സമ്മാനമൊക്കെ ഇന്ന് ചിലരെ സംബന്ധിച്ചെങ്കിലും ആരെങ്കിലുമൊക്കെ ചൂടിയ പൂവായി മാറുന്നുണ്ടെന്നുള്ളത് ഉറക്കെ പറയാൻ പാടില്ലാത്ത സത്യമാണ്.

“മക്കൾ ഉണ്ടായാൽ അവർ സ്മാർട്ടായിരിക്കണം. ഉണ്ടാകുന്ന മക്കൾ സ്മാർട്ടായിരിക്കുമെന്ന് ഉറപ്പില്ലാത്തതുകൊണ്ട് ഞങ്ങൾ മക്കൾ വേണ്ടെന്നു തീരുമാനിച്ചു”.  കേരളത്തിലെ പ്രശസ്തനായ ഒരു ഗായകന്റെ വാക്കുകളാണിത്. ഈയൊരു തീരുമാനം അയാളുടെ കാർന്നോന്മാരെടുത്തിരുന്നെങ്കിൽ ഇത്രയും വൃത്തികെട്ടൊരു വാചകം നാം കേൾക്കേണ്ടി വരില്ലായിരുന്നു. മക്കൾ ഭാരമല്ല, ദൌത്യമാണെന്നുള്ള തിരിച്ചറിവില്ലാത്തവർ നാടിന്റെ ശാപമാണ്. മക്കളെ ജനിപ്പിക്കുകയും വളർത്തുകയും ചെയ്യുകയെന്ന ദൈവികമായ ദൌത്യനിർവഹണത്തിൽ വീഴ്ച വരുത്തുന്നവർ വിവാഹജീവിതത്തിനു കൊടുക്കുന്ന നിർവചനം അപകടകരമാണ്. ചിന്തിക്കാൻ തിരിച്ചറിവുണ്ടാകാൻ തിരിച്ചുനടക്കാൻ നമുക്കാവട്ടെ…

Posted in SOCIAL

അവസാനം വനംമന്ത്രി സത്യം പറഞ്ഞുപോയി…

 

പട്ടയപ്രശ്നത്തിൽ 2005 ലേയും 2009 ലേയും നിയമഭേദഗതികൾ റദ്ദാകണമെങ്കിൽ സബ്ജക്റ്റ് കമ്മിറ്റിയുടെ തീരുമാനമുണ്ടാകണമെന്നും അതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാകണമെന്നും വനം മന്ത്രി ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞതായി പത്രവാർത്ത കണ്ടു. അപ്പോൾ കഴിഞ്ഞ നാളുകളിൽ കർഷകർക്ക് പട്ടയം വിതരണം ചെയ്തെന്നും ചെയ്തുകൊണ്ടിരിക്കുന്നെന്നും സർക്കാർ പ്രഖ്യാപിച്ചത് കടല പൊതിയാൻ മാത്രം കൊള്ളുന്ന കടലാസുകഷണം കൊടുത്തിട്ടാണല്ലേ!!! അതുതന്നെയല്ലേ സാർ, ഹൈറേഞ്ചു സംരക്ഷണ സമിതിയും പറഞ്ഞുകൊണ്ടിരിക്കുന്നത്…

ബഹു. മന്ത്രിയുടെ പ്രസ്താവന വായച്ചാൽതോന്നും ട്രെയിൻ യാത്രക്കാർ തല്ക്കാൽ ടിക്കറ്റെടുക്കാൻ നില്ക്കുന്നതുപോലെ കർഷകർ രാവിലെ എഴുന്നേറ്റ് സർക്കാരാപ്പീസിൽപോയി പട്ടയത്തിനുവേണ്ടി ക്യൂ നില്ക്കുകയാണെന്ന്! സബ്ജക്ട് കമ്മിറ്റിയുടെ തീരുമാനവും അതിന്റെ നടപടിക്രമങ്ങളും തീരാൻ സമയമെടുക്കുമെന്നത് ഏതായാലും വലിയൊരു വെളിപ്പെടുത്തലായിപ്പോയി. ഉപാധിരഹിതപട്ടയമെന്ന ന്യായമായ ആവശ്യത്തിനുവേണ്ടി കർഷകർ മുറവിളി തുടങ്ങിയിട്ട് വർഷങ്ങളെത്രയായി സാർ? ഈ നീണ്ട കാലയളവിനുള്ളിൽ തീരുമാനമെടുക്കാനും നടപടിക്രമങ്ങൾ പൂർത്തിയാക്കാനും സാധിക്കാത്ത തരത്തിൽ ഈ സബ്ജക്റ്റ് കമ്മിറ്റിയംഗങ്ങൾ വല്ലകാലത്തുംമാത്രം പ്രത്യക്ഷപ്പെടുന്ന അന്യഗ്രഹജീവികളോ മറ്റോ ആണോ സാർ?  കർഷകന്റെ കൂടി വിയർപ്പിന്റെ ഫലം ശമ്പളമായും കിമ്പളമായും പലവിധ അലവൻസുകളായും കൈപറ്റുന്ന ഉദ്യോഗസ്ഥരും കർഷകരുംകൂടി മനസുവയ്ക്കുന്നതുകൊണ്ടുമാത്രം അധികാരക്കസേരകളിൽ സ്ഥാനം ലഭിക്കുന്ന അങ്ങയേപ്പോലുള്ള രാഷ്ട്രീയക്കാരും സങ്കുചിതത്വവും നിക്ഷിപ്ത താല്പര്യങ്ങളും വെടിഞ്ഞിരുന്നെങ്കിൽ എത്രപണ്ടേ ഉപാധിരഹിതപട്ടയമെന്ന കർഷകന്റെ സ്വപ്നം യാഥാർത്ഥ്യമായേനേ… അതിനു പക്ഷെ മനസ്സ് വേണം, മനസാക്ഷി വേണം, മനസുറപ്പു വേണം.