Posted in INSTANT RESPONSE

ആരവമില്ലാതെ…

മരണശേഷം നാടിളക്കിയുള്ള സംസ്ക്കാര കർമ്മങ്ങൾ ആഗ്രഹിച്ചിരുന്നെങ്കിൽ അഭി. ആനിക്കുഴിക്കാട്ടിൽ പിതാവ് ജീവിച്ചിരുന്നപ്പോൾ ഒരിക്കലും ഇത്തരമൊരു നിലപാട് സ്വീകരിക്കുമായിരുന്നില്ല. അതു കൊണ്ടുതന്നെ ആരവവും ആഘോഷവുമില്ലാതെ ഏകനായി അദ്ദേഹം കടന്നു പോകുമ്പോൾ നാം സങ്കടപ്പെടേണ്ടതില്ല. ജീവിച്ചിരുന്നപ്പോഴും അദ്ദേഹം പലപ്പോഴും ഒറ്റയാൾ പോരാട്ടത്തിൽതന്നെ ആയിരുന്നല്ലോ.

സ്വന്തം പാരമ്പര്യം വെളിപ്പെടുത്തി വികട മനസുകൾ പടച്ചു വിടുന്ന നീച സാഹിത്യത്തെ അവഗണിച്ചു തള്ളാനും അതുകൊണ്ടുതന്നെ നമുക്കാകും.

അഭി. പിതാവിന് ബാഷ്പാഞ്ജലികൾ…

Posted in INSTANT RESPONSE

അഭി. ആനിക്കുഴിക്കാട്ടിൽ പിതാവിന് ആദരാഞ്ജലികൾ…

തന്റെ വാക്കുകളെ പാണ്ഡിത്യത്തിന്റെയൊ വേഷഭൂഷാദികളുടെയൊ വിസ്താരഭയത്തിന്റെയൊ തൊങ്ങലുകൾകൊണ്ട് ‘പോളീഷ്’ ചെയ്ത് ശ്രാവ്യസുന്ദരമാക്കി മാറ്റാതെ, തന്റെ ബോദ്ധ്യങ്ങൾക്കുവേണ്ടിയും തന്റെ ജനത്തിനുവേണ്ടിയും ശബ്ദിച്ച ഒരു പച്ച മനുഷ്യൻ… ഇങ്ങനെ ഒരു സ്വരവും സഭാനേതൃത്വത്തിൽ വേണ്ടിയിരുന്നു… ഇനി എത്രനാൾ കാത്തിരിക്കണം… അഭിവന്ദ്യ ആനിക്കുഴിക്കാട്ടിൽ പിതാവിന് ആദരാഞ്ജലികൾ…

Posted in INSTANT RESPONSE

കത്തോലിക്കാ സംഘടനകളോട്…

കത്തോലിക്കാസഭയിൽ ഉള്ളത്ര സംഘടനകൾ വേറൊരു സമുദായത്തിനുമുണ്ടെന്നു തോന്നുന്നില്ല. വ്യത്യസ്ത വയോവിഭാഗങ്ങൾക്കുവേണ്ടി രൂപീകരിക്കപ്പെട്ടിരിക്കുന്ന സംഘടനകൾ എല്ലാ വർഷവും വ്യത്യസ്തമായ കർമ്മപരിപാടികളൊക്കെ ആസൂത്രണംചെയ്ത്  വാർഷികറിപ്പോർട്ടും കണക്കുമൊക്കെ അവതരിപ്പിച്ചങ്ങനെ കഴിയുകയാണ്. എല്ലാ സംഘടനകളുടെയും ആത്യന്തികലക്ഷ്യം സഭയുടെ വിശ്വാസം ജീവിക്കാനും സംരക്ഷിക്കാനുംവേണ്ടി വിവിധങ്ങളായ കർമ്മപദ്ധതികൾ വിശ്വാസികൾക്കുവേണ്ടി വിഭാവനം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുക എന്നതാണ്. അതുകൊണ്ടുതന്നെ എല്ലാവർഷവും ഒരുവർഷത്തെ കർമ്മപദ്ധതികൾ പ്ലാൻ ചെയ്ത് അതു ക്രമമായി നടത്തി മുമ്പോട്ടു പോവുകയാണ്. ആ പദ്ധതികളുടെ വിജയകരമായ നടത്തിപ്പാണ് സംഘടനയുടെ പ്രവർത്തനവിജയമായി കരുതപ്പെടുന്നത്.

എന്നാൽ എഴുതിയുണ്ടാക്കിയ കർമ്മപദ്ധതികളിൽനിന്ന് മാറി സഭയെയും സമൂഹത്തെയും ബാധിക്കുന്ന അടിയന്തരസ്വഭാവമുള്ള കാര്യങ്ങളോടുള്ള പ്രതികരണം സംഘടനകളുടെ മുഖ്യഅജണ്ടയായി മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഞാനിതു കുറിക്കാൻ കാരണം ഇന്നലെ ഫെയ്സ്ബുക്കിൽ കണ്ട ഒരു പോസ്റ്റാണ്. മാനന്തവാടിയിലെ ലൂസിപ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ സെബാസ്റ്റ്യൻ വർക്കി എന്നൊരു പേ പിടിച്ച മനുഷ്യൻ കത്തോലിക്കാസഭയിലെ കന്യാസ്ത്രീമഠങ്ങളെല്ലാം ലൈസൻസ്ഡ് വേശ്യാലയങ്ങളാണെന്നുതുടങ്ങി കുറേ അസഭ്യങ്ങളും അശ്ലീലങ്ങളും അവിടെ കുറിച്ചിരിക്കുകയാണ്. സഭയയ്ക്കും സന്ന്യാസത്തിനും മാത്രമല്ല, സ്ത്രീകളുടെ അന്തസിനുമെതിരെയുളള ഈ പോസ്റ്റിൽ കമന്റെഴുതിയിരിക്കുന്ന പലരും കൈയടിക്കുകയും കൂടുതൽ വഷളായ വാക്കുകൾ അവരുടെ കമന്റുകളിൽ ഉപയോഗിക്കുകയും ചെയ്തിരിക്കുന്നു. ഒരുപക്ഷെ ഇതുപോലുള്ള നെറികെട്ടവരോട് തിരിച്ചു സംസാരിക്കാനുള്ള ഭാഷ സാധാരണ വിശ്വാസികളുടെ നിഘണ്ടുവിൽ ഉണ്ടായിരിക്കുകയില്ല. എന്നാൽ അത്യന്തം ഗുരുതരമായ ഒരു ക്രിമിനൽ കുറ്റമായി ഇതിനെ മനസിലാക്കി നിയമപരമായ നടപടികൾ സ്വീകരിക്കാൻ വിശ്വാസികൾക്കു കടമയുണ്ട്. അവിടെയാണ് മുകളിൽ സൂചിപ്പിച്ചതുപോലെ കത്തോലിക്കാസഭയിലെ സംഘടനകൾ അച്ചടിച്ചുവച്ചിരിക്കുന്ന പ്രവർത്തനമാർഗ്ഗരേഖയിൽനിന്നു പുറത്തുവന്ന് പ്രവർത്തിക്കണം എന്നു പറയുന്നത്. ഇതുപോലെ സഭയ്ക്കും സന്ന്യാസത്തിനും എതിരായി ധാരാളം പ്രവർത്തനങ്ങൾ സംഘടിതമായി നടക്കുന്ന ഈ സമയത്ത് നിസംഗതയാവസിച്ച കാഴ്ച്ചക്കാരായി കരയ്ക്കിരിക്കാതെ ക്രൈസ്തവോചിതമായ പ്രതികരണങ്ങളിലൂടെ സഭാസംഘടനകൾ മുന്നിട്ടിറങ്ങിയേ മതിയാകു. കാരണം സഭാവിരോധികളായ മാധ്യമങ്ങളും മറ്റുചില സമുദായ സംഘടനകളും സംസ്കാരം എന്നതിന്റെ നിർവചനംപോലും അറിയില്ലാത്ത സാംസ്ക്കാരികസംഘടനകളും വഴിതെറ്റി നടക്കുന്ന സ്ത്രീകളെമാത്രം സംരക്ഷിക്കുന്ന ചില സ്ത്രീസംഘടകളും സഭയിലെതന്നെ ചില തലതിരിഞ്ഞവരെ കൂട്ടുപിടിച്ച് വളരെ സംഘാതമായിട്ടാണ് ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ലൂസിയുടെ അവകാശം സംരക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നവർക്ക് ആ മഠത്തിലുള്ള ബാക്കി കന്യാസ്ത്രീമാരുടെ അവകാശത്തെക്കുറിച്ച് ഒന്നും പറയാനില്ല. എല്ലാ കന്യാസ്ത്രീകളെയും വേശ്യകളെന്നു വിളിച്ച് അപമാനിക്കുമ്പോഴും ഒരു സ്ര്തീസംഘടനയ്ക്കും അതൊരു വിഷയമല്ല. ചുരുക്കത്തിൽ സഭയെയും സന്ന്യാസത്തെയും സമൂഹത്തിൽ അവമതിപ്പുള്ളതാക്കിത്തീർക്കുകയെന്നതുമാത്രമാണ് ഇവരുടെ ലക്ഷ്യം. അതുതിരിച്ചറിഞ്ഞ് ഉചിതമായ പ്രതികരണങ്ങൾ നടത്താൻ ഇനിയും ക്രൈസ്തവസംഘടനകൾ മടിച്ചുനില്ക്കുന്നത് ആത്മഹത്യാപരമാണ്. ലോകത്തിൽ ക്രൈസ്തവർക്കുമാത്രമുള്ള ഒരു പുണ്യമാണ്, ആരൊക്കെ എന്തൊക്കെ ശോഭകേട് സഭയോടു കാണിച്ചാലും ആ കൂട്ടത്തിൽ ചേർന്നുനിന്നു കൈയടിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്നത്. അതുതന്നെയാണ് ഇതുപോലുള്ള പിതൃശൂന്യരുടെ ബലവും.

ഇനിയെങ്കിലും കത്തോലിക്കാസഭയിലെ സംഘടനാംഗങ്ങൾ പശമുക്കിയ വസ്ത്രവും ബാഡ്ജും മെത്രാന്മാരുടെ കൂടെനില്ക്കുന്ന പ്രൊഫൈൽ പടവും മാററിവച്ച് സഭയ്ക്കുവേണ്ടി പ്രവർത്തിക്കുന്നവരാകണം. മുട്ടുകുത്തി ഉപവസിച്ചു പ്രാർത്ഥിക്കുന്നതുമാത്രമല്ല ക്രൈസ്തവപ്രതികരണം എന്നു സ്വയം ബോദ്ധ്യപ്പെടുകയും ഇതുപോലുള്ള കീടങ്ങളെ ബോദ്ധ്യപ്പെടുത്തുകയും ചെയ്യാൻ ഇനിയെങ്കിലും നിങ്ങൾക്കു കഴിയട്ടെ.

Posted in INSTANT RESPONSE

ജാഗ്രത!!!

കേരളത്തിലെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ട സമയമാണെന്നു നമ്മെ ബോദ്ധ്യപ്പെടുത്തുന്ന ഒരു സ്ക്രീൻഷോട്ടാണ് താഴെ കൊടുത്തിരിക്കുന്നത്. പഠനംകൊണ്ട് ശാസ്ത്രജ്ഞനാകുകയും എന്നാൽ തലയിലും മനസിലും വർഗീയവിഷവും ക്രൈസ്തവവിദ്വേഷവും മാത്രം സൂക്ഷിക്കുകയും ചെയ്യുന്ന ഈ വ്യക്തി പോസ്റ്റുചെയ്ത കള്ളത്തരങ്ങൾ മാത്രം നിറഞ്ഞ ഈ വീഡിയോ വെറും ആറു മണിക്കൂർകൊണ്ട് ആയിരത്തിലധികം പേരാണ് ഷെയർ ചെയ്തിരിക്കുന്നത്. ഇതൊരു ദുസൂചനയാണ്. കേരളത്തിൽ നിലവിലിരിക്കുന്ന മതസൌഹാർദത്തെ തകർക്കുവാനും തങ്ങളുടെ നിക്ഷിപ്തതാല്പര്യങ്ങൾ നടപ്പിലാക്കാനും ശ്രമിക്കുന്നവരുടെ ചിന്തകൾക്ക് വേരോട്ടം കിട്ടിത്തുടങ്ങിയിരിക്കുന്നു എന്നതിന്റെ സൂചന. കേരളത്തിൽ കാലുറപ്പിക്കാൻ എന്തു കളിയും നടത്താൻ ഇറങ്ങിത്തിരിച്ചിരിക്കുന്നവരുടെ കെണിയിൽപെട്ടുപോകാതിരിക്കാൻ വകതിരിവുള്ള കേരളജനത ജാഗ്രത പാലിച്ചേ മതിയാകൂ.

Posted in INSTANT RESPONSE

തിരിച്ചറിയണം… പൊരുതണം…

സമാനതകളില്ലാത്ത ദുരന്തത്തെ കേരളം ഒരേ മനസോടെ ചെറുത്തുതോല്പ്പിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ മനസിൽ സൂക്ഷിക്കാനും ശ്രദ്ധിക്കാനുമായി ഒരു കാര്യം പങ്കുവയ്ക്കുകയാണ്. കേരളത്തിന്റെ ദുരിതങ്ങളിൽ കൂടെ നില്ക്കാൻ വിദേശരാജ്യങ്ങളും അന്താരാഷ്ട്ര പ്രസ്ഥാനങ്ങളും മനസുകാണിച്ചപ്പോൾ അതിനോട് പുറംതിരുഞ്ഞുനില്ക്കുന്ന കേന്ദ്രസർക്കാരിന്റെ യഥാർത്ഥമുഖം നാം കണ്ടുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ ചില നിലപാടുകളുടെ മറവിൽ ഇപ്രകാരം കേരളത്തിലേയ്ക്കുള്ള സഹായങ്ങളെ തിരസ്ക്കരിക്കുന്ന ഈ സാഹചര്യത്തെ ഒറ്റപ്പെട്ട സംഭവമായി കാണുവാൻ പാടില്ല എന്നാണ് എനിക്കു തോന്നുന്നത്. കേരളം ആവശ്യപ്പെട്ടതും സംസ്ഥാനത്തിന്റെ പുനർനിർമ്മാണത്തിനാവശ്യമുള്ളതും കേന്ദ്രത്തിൽനിന്നു നല്‍കിയിട്ടാണ് ഈ തിരസ്ക്കരണമെങ്കിൽ മനസിലാക്കാമായിരുന്നു. ഇതിപ്പോൾ ചോദിച്ചതിന്റെ ഒരംശം തരികയും, തന്ന അരിയുടെ വിലയായി അതിൽനിന്നും പകുതിയോളം തിരിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തവരാണ് ഇപ്രകാരം വിദേശസഹായങ്ങളെ തിരസ്ക്കരിക്കുന്നത്. കൂടാതെ ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലുമൊക്കെയായി കേരളത്തിനു സഹായമൊന്നും ചെയ്യേണ്ട ആവശ്യമില്ലെന്നും, അല്പംകൂടി ഗുരുതരമായി വർഗീയതയുടെ വിഷം പുരട്ടി ഇവിടെയുള്ളവർ നശിക്കട്ടെയെന്നുമുള്ള പോസ്റ്റുകൾ നിരവധി വന്നുകൊണ്ടിരിക്കുന്നു. കൂടാതെ ജാതിയോ മതമോ ഒന്നും നോക്കാതെ ഒരേ ഹൃദയത്തോടെ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ തമ്മിൽ അകറ്റുന്ന വിധത്തിൽ തട്ടിക്കൂട്ടു ചാനലുകളിൽകൂടിയും ഔദ്യോഗികചാനലിൽകൂടിയും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നു. ഭാരതത്തിലെ നിരവധി സംസ്ഥാനങ്ങൾ പലവിധത്തിലുള്ള സഹായങ്ങളുമായി ഓടിവന്നപ്പോഴും അവിടെയൊന്നും ബിജെപി ഭരിക്കുന്ന ഒരു സംസ്ഥാനത്തെയും കണ്ടില്ല. എന്തിനധികം, വേണ്ടതിനും വേണ്ടാത്തതിനുമെല്ലാം ഓൺലൈൻ മീഡിയായിലുടെയും മറ്റു മാധ്യമങ്ങളിലൂടെയും എപ്പോഴും സമൂഹത്തോട് സംവദിച്ചുകൊണ്ടിരിക്കുന്ന ഒരു ബിജെപി നേതാവുപോലും ഈ ദുരന്തത്തെക്കുറിച്ചു ഒരു വാക്കുപോലും പറഞ്ഞതായി കണ്ടില്ല. ആകെപ്പാടെ മലയാളിയായ ഒരു ദേശീയനേതാവ് ചങ്ങനാശേരിയിലെ ഒരു ക്യാമ്പിൽ ഉറക്കംനടിച്ചു കിടന്നതിന്റെ ഫോട്ടോ സ്വയം പ്രസിദ്ധീകരിച്ചത് മാത്രമാണ് കണ്ടത്. കൂടാതെ കേന്ദ്രസർക്കാരിനെ പിന്തുണക്കുന്ന ചില സംഘടനകൾ പണ്ടു മറ്റു പല വടക്കൻ സംസ്ഥാനങ്ങളിലും നടന്ന ദുരന്തങ്ങളിൽ അവർ ചെയ്ത രക്ഷാപ്രവർത്തനങ്ങളുടെ ഫോട്ടോകൾ ഇവിടുത്തേതെന്നെന്ന രീതിയിൽ പ്രചരിപ്പിക്കുന്നു. ഒപ്പം ഇവിടുത്തെ ചില ഫോട്ടോകൾ അവരുടെതായി അവതരിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ നാടിനെ പുനർനിർമ്മിക്കാൻ വിശ്രമമില്ലാതെ നാം പ്രവർത്തിക്കുമ്പോഴും ഈയൊരു കാര്യം നാം ശ്രദ്ധിച്ചേ മതിയാകൂ. കേരളം പൂർവാധികം ശക്തിയോടെ ഉയിർത്തെഴുന്നേല്ക്കുന്നതിനെ തടയാൻ ആരൊക്കെയോ ബോധപൂർവം ശ്രമിക്കുന്നതുപോലെ… വടക്കൻനാടുകളെപ്പോലെ കേരളജനതയെ തങ്ങളുടെ ചൊൽപ്പടിക്കു നില്ക്കാൻ കിട്ടാത്തതുകൊണ്ട് ഇതിങ്ങനെയങ്ങു നശിക്കട്ടെയെന്നു ചിന്തിക്കുന്നതുപോലെ… കേരളം പഴയ കേരളമാകാൻ ആർക്കൊക്കെയോ താല്പര്യമില്ലെന്നു തോന്നുന്നു. എന്നാൽ ഈ വലിയ സാഹചര്യത്തെ നാം എപ്രകാരമാണോ അതിജീവിച്ചത് അതേ മനസോടെ ഈവക ദുരന്തങ്ങളെയും പടിക്കുപുറത്തുനിറുത്താൻ നമുക്കു കഴിയട്ടെ… ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞതുപോലെ, പഴയ കേരളമല്ല, പുതിയ ഒരു കേരളംതന്നെ നമുക്കു സൃഷ്ടിക്കണം…

 

Posted in INSTANT RESPONSE

ജാഗ്രത

ആസിഫയെന്ന അതിദയനീയമായ ദുരന്തത്തിൽ ഹൃദയമുള്ളവർ വിറങ്ങലിച്ചുനില്ക്കുമ്പോഴും ആ നിഷ്ഠൂരതയെ പുകഴ്ത്താൻ മലയാളത്തിന്റെ അക്ഷരങ്ങൾ ഉപയോഗിക്കപ്പെട്ടു എന്നത് ഞെട്ടലോടെ മാത്രമേ കാണാൻ കഴിയുന്നുള്ളു. വർഗീയതയും മതവിദ്വേഷവും വിവരവും വിദ്യാഭ്യാസവുമില്ലാത്ത ജനസമൂഹത്തെ മാത്രമല്ല പൊതുവേ സംസ്ക്കാരസമ്പന്നരെന്ന് അഭിമാനിക്കുന്ന മലയാളികളേയും അന്ധരാക്കാൻ തുടങ്ങിയെന്നുള്ള തിരിച്ചറിവ് ഉറക്കംകെടുത്തുന്ന യാഥാർത്ഥ്യമാണ്…ആ പൈശാചികപ്രവൃത്തിയെ അനുകൂലിച്ചു അഭിപ്രായം പ്രകടിപ്പിച്ചവൻ പേപ്പട്ടിക്കു തുല്യനാണ്… എത്രയും പെട്ടെന്ന് ആ ജന്തുവിനെ സമൂഹത്തിൽനിന്ന് ഒഴിവാക്കിയില്ലെങ്കിൽ അതു മറ്റൊരു ദുരന്തമായി വളരും…

Posted in INSTANT RESPONSE

ഇരട്ടത്താപ്പ്

പറയുന്നതിൽ ആത്മാർത്ഥത അല്പമെങ്കിലും ഉണ്ടെങ്കിൽ കഴിഞ്ഞ മാസം ഇടുക്കിയിലെ ഏഴു വില്ലേജുകളിലെ ജനവാസകേന്ദ്രങ്ങളിൽ കെട്ടിടനിർമ്മാണത്തിനു റവന്യൂ വകുപ്പ് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം റദ്ദാക്കാൻവേണ്ട നടപടി സ്വീകരിച്ച് അതു നടപ്പാക്കി കാണിക്കുക. അല്ലാതെ ഇതുപോലുള്ള പ്രഖ്യാപനങ്ങൾ കേട്ടു ചെകിടിച്ച ജനം പുച്ഛത്തോടെമാത്രമേ അതിനോടു പ്രതികരിക്കുകയുള്ളു. പ്രസ്താവനകളിൽ എല്ലാ പാർട്ടികളും ജനത്തിനൊപ്പംതന്നെ. പിന്നെ ആരാണാവോ ഈ ജനാധിപത്യരാജ്യത്ത് ജനത്തിനെതിരേ പ്രവർത്തിക്കുന്നത്!!!

 Kasthoori
Posted in INSTANT RESPONSE

നയം വ്യക്തമാകുന്നു…

ഇ

ഹൈറേഞ്ചിലെ പ്രശ്നങ്ങൾ മുഴുവൻ സംരക്ഷണസമിതി മനുഷ്യരെ പേടിപ്പിക്കാൻവേണ്ടി കെട്ടിച്ചമച്ചതാണെന്നു പറഞ്ഞിരുന്നവരൊക്കെ എവിടെപ്പോയി…. ഇനിയെങ്കിലും സത്യം മനസിലാക്കി രാഷ്ട്രീയക്കാരുടെ കുതന്ത്രങ്ങളിൽപെടാതെ നാടൊരുമിച്ചു നിന്നാൽ നാടിനു കൊള്ളാം. വില്ലേജുകൾ തിരിച്ച് ഓരോ നിയമങ്ങൾ നടപ്പാക്കി വരുന്നത് എന്തുകൊണ്ടായിരിക്കാം? ഒരുപക്ഷെ അയൽക്കാരന്റെ പുര കത്തുമ്പോൾ ഓടിച്ചെന്നു നോക്കിയിട്ട് തന്റെ പറമ്പിലേക്കും വീട്ടിലേയ്ക്കും അതു പടരില്ലെന്നു ഉറപ്പുവരുത്തി സ്വന്തം മുറിയിൽ തിരിച്ചെത്തി സീരിയലിന്റെ ബാക്കി കാണുന്ന നമ്മുടെ സ്വഭാവം മനസിലാക്കിത്തന്നെയാകും ഇങ്ങനെ ഏരിയാ തിരിച്ച് ഓരോ നിയമങ്ങൾ നടപ്പാക്കി വരുന്നത്. ഇനിയെങ്കിലും സ്വന്തം കുടുംബത്തിനുവേണ്ടി മാത്രം ചിന്തിക്കുന്നവരാകാതെ നാടിനുവേണ്ടി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരായില്ലെങ്കിൽ കുടുംബം പെരുവഴിയിലാകുമെന്ന് നാമറിയണം.

Posted in INSTANT RESPONSE

തെരുവുനായ

അങ്ങനെ എല്ലാ പ്രാവശ്യവും പ്രകടനപത്രികയിൽ ഉൾപ്പെടുത്താൻ ഒരു വിഷയംകൂടിയായി. അഞ്ചു വർഷത്തെ പദ്ധതിയായിട്ടുവേണമല്ലോ ഈ പ്രശ്നത്തിനു പരിഹാരം കാണാൻ… ബഹു.മന്ത്രീ, പട്ടിപ്രശ്നം അവസാനിപ്പിക്കാൻ അങ്ങു മറ്റൊന്നും ചെയ്യേണ്ട, തെരുവുപട്ടികൾ മനുഷ്യരെ നിർബാധം കടിച്ചുകീറി കൊല്ലുമ്പോൾ അങ്ങു ഡൽഹിയിലിരുന്ന് പ്രസ്താവനകളിറക്കുന്ന, മനുഷ്യരെക്കാൾ മൃഗങ്ങളെ സ്നേഹിച്ച് വർഗസ്നേഹം പ്രകടിപ്പിക്കുന്ന ആ ജന്മത്തെയും അതിന്റെ വാക്കു കേട്ട് ഇങ്ങു കേരളത്തിലൂടെ വാലാട്ടി നടക്കുന്ന ചില അനുയായികളെയും ഒന്നു മിണ്ടാതിരുത്തിയാൽ മതി. പിന്നെ ഇവിടുത്തെ പട്ടിപ്രശ്നം നാട്ടുകാർ തീർത്തുകൊള്ളും…പട്ടി.jpg

Posted in INSTANT RESPONSE

കലികാലം

നായ

വന്ധ്യംകരിക്കുക എന്നതിന്റെ അർത്ഥം ഇപ്പോൾ ആക്രമിച്ചുകൊണ്ടിരിക്കുന്ന പട്ടികളുടെ വായിലെ പല്ലുകളും കാലിലെ നഖങ്ങളും പറിച്ചുകളയുക എന്നാണോ!!!?
———
മൃഗക്ഷേമബോർഡുകാരൻ അങ്ങനെതന്നെ പറയണം. കാരണം മൃഗക്ഷേമമാണല്ലോ അവരുടെ ജോലി. അല്ലെങ്കിൽ അവർ (മേനക) കോടതിയിലെങ്ങാനും പോയാൽ ബോർഡിന്റെ പണി തെറിക്കും. പക്ഷെ മനുഷ്യരുടെ ക്ഷേമം ഉറപ്പാക്കേണ്ടവർ പട്ടികളുടെ വന്ധ്യംകരണവുമായി നടക്കാതെ മൃഗക്ഷേമക്കാരൻ പട്ടികളോടു കാണിക്കുന്ന പരിഗണനയുടെ ഒരംശമെങ്കിലും മനുഷ്യരോടു കാണിച്ചിരുന്നെങ്കിൽ ഇവർ ഡൽഹിയിലിരുന്ന് ഇത്രയും കുരയ്ക്കില്ലായിരുന്നു…

പിന്നെ മറ്റൊരു വഴിക്കു ചിന്തിച്ചാൽ ഇതാണ് ഇപ്പോഴത്തെ തത്വശാസ്ത്രം. പ്രകൃതി സംരക്ഷണത്തിനുവേണ്ടി മനുഷ്യരെ ഇല്ലാതാക്കാം, മൃഗങ്ങൾക്കു കടിച്ചുപറിക്കാനും മനുഷ്യരെ വിട്ടുകൊടുക്കാം. കാരണം പുതിയ പരിസ്ഥിതി ബോധത്തിൽ മനുഷ്യനെവിടെയാണു സ്ഥാനം!