Posted in INSTANT RESPONSE, SOCIAL

എന്തൊരു കർഷകസ്നേഹം…

ME3MX20R3aLU4E7afK24AfYN

അങ്ങനെ അവസാനം കർഷകർ രക്ഷപെടാൻ പോകുന്നു. ആറു വർഷം കഴിയുമ്പോൾ ഭാരതത്തിലെ കർഷകരുടെ വരുമാനം ഇപ്പൊഴത്തേതിന്റെ ഇരട്ടിയാക്കുമെന്ന് പ്രധാനമന്ത്രിയുടെ ഉറപ്പ്!! കേട്ടിട്ടു കുളിരു കോരുന്നു. ഇനി ഒരു കർഷകനും മനംമടുത്തും കടംകേറിയും ആത്മഹത്യ ചെയ്യേണ്ട. ആറുവർഷം എങ്ങനെയെങ്കിലും പിടിച്ചുനിന്നാൽ മതി. അതു കഴിയുമ്പോൾ ഇന്നത്തേതിന്റെ ഇരട്ടി വരുമാനം കിട്ടുമല്ലോ. അതിനാവശ്യമായ പദ്ധതികൾ കേന്ദ്രം ആസൂത്രണം ചെയ്തു നടപ്പിലാക്കി വരികയാണത്രെ.

എന്താ ചിലർക്കൊരു സംശയം? ആറു വർഷം കഴിയുമ്പോൾ ജീവിതച്ചിലവുകൾ എത്രയിരട്ടിയാകുമെന്നാണോ? വെറുതെ ദോഷൈകദൃക്കാകരുത്. കാർഷിക ഉല്പന്നങ്ങൾക്കൊഴിച്ച് മറ്റൊന്നിനും ഇനി വിലകൂടില്ല. പെട്രോൾ, ഡീസൽ വിലയും പണിക്കൂലിയും ആശുപത്രിച്ചിലവും വളം, കീടനാശിനി വിലയും നിത്യോപയോഗ സാധനങ്ങളുടെ വിലയും ഒന്നും ഇനി കൂടില്ല. പിന്നെന്തിനാ പേടിക്കുന്നത്. ഒന്നുമല്ലെങ്കിലും പ്രധാനമന്ത്രിയല്ലെ പറഞ്ഞിരിക്കുന്നത് വരുമാനം ഇരട്ടിയാക്കുമെന്ന്…

എന്തിനാ പ്രധാനമന്ത്രിജീ അമ്പിളി മാമനെ പിടിച്ചു തരാമെന്നു പറഞ്ഞ് ഈ കർഷകമക്കളെ വീണ്ടും വിഢികളാക്കുന്നത്. ചങ്കൂറ്റവും ആത്മാർത്ഥതയുമുണ്ടെങ്കിൽ ഇപ്പോഴുള്ള പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്ക്. അതുകഴിഞ്ഞുമതി ആറു വർഷങ്ങൾക്കുശേഷമുള്ള അവസ്ഥയെക്കുറിച്ചുള്ള സംസാരം. റബറിനും ഏലത്തിനും മറ്റെല്ലാ കാർഷിക വിളകൾക്കും ന്യായവില ഉറപ്പാക്കാനുള്ള ആർജവത്വമുണ്ടോ അങ്ങേയ്ക്ക്? ഉദ്യോഗസ്ഥരുടെയും തൊഴിലാളികളുടെയും ക്ഷേമം ഉറപ്പുവരുത്താൻ ക്ഷാമബത്തയെന്നും, ഇക്രിമെന്റെന്നും, ശമ്പളവർദ്ധനയെന്നും പെൻഷെനെന്നുമൊക്കെയുള്ള വിവിധ ഓമനപ്പേരുകളിൽ വലിയ പദ്ധതികൾ നടപ്പിലാക്കുന്ന നിങ്ങൾക്ക് സംഘടിതശക്തിയില്ലാത്ത കർഷകർക്ക് അവരുടെ അദ്ധ്വാനത്തിന്റെ വിലയെങ്കിലും കൊടുക്കണമെന്നു തോന്നാത്തത് കർഷകരാണ് ഭാരതത്തിന്റെ അന്നദാതാക്കളെന്ന് അറിയാത്തതുകൊണ്ടല്ലല്ലോ…
…………..
കർഷകരുടേത് അമ്മമനസാണ്. സ്വന്തം വയറു നിറഞ്ഞില്ലെങ്കിലും മക്കളുടെ വയറുനിറയ്ക്കാൻ ശ്രദ്ധിക്കുന്ന അമ്മമനസ്. മദ്യപിച്ചുവന്ന് തൊഴിച്ചു ബോധംകെടുത്തുന്ന ഭർത്താവിനുവേണ്ടിയും പുലർച്ചെയെഴുന്നേറ്റ് പ്രാതൽ ഒരുക്കുന്ന മനസ്. അതുകൊണ്ടാണ്, അതുകൊണ്ടുമാത്രമാണ് നാവിന് എല്ലില്ലാത്തവരും തൊലിക്ക് കാണ്ടാമൃഗത്തിന്റെ ഗുണമുള്ളവരുമായ പരാഹ്നഭോജികളായ രാഷ്ട്രീയജീവികൾ ഇവിടെ കഴിഞ്ഞുപോകുന്നതെന്ന് മറക്കരുത്.
……
കേരളത്തിൽ ഹിന്ദി ‘അറിയാവുന്ന’ ഏതെങ്കിലും നേതാക്കന്മാർ ഇതൊന്നു പരിഭാഷപ്പെടുത്തി പ്രധാനമന്ത്രിജിയെ അറിയിച്ചിരുന്നെങ്കിൽ നന്നായിരുന്നു..
…….
ഇതു വായിക്കുന്നവർ ദയവായി തൊഴിലാളി നേതാക്കന്‍മാരെ ഇതറിയിക്കരുത്. ആറുവർഷം കഴിയുമ്പോൾ കർഷകന്റെ വരുമാനം ഇരട്ടിയാകുമെന്നറിഞ്ഞാൽ നാളെത്തന്നെ അവർ തൊഴിലാളികളുടെ കൂലി ഇരട്ടിയാക്കും…

 

Posted in INSTANT RESPONSE

വാഗ്ദാനങ്ങൾ…

12742831_10205390863514380_2218266664542422053_n

 

ഇതിനുമുമ്പ് എല്ലാവരുംകൂടി വാഗ്ദാനംചെയ്ത വീടുകൾ മുഴുവ൯ പണിതിരുന്നെങ്കിൽ ഇന്ത്യയിലെന്നല്ല ലോകത്തൊരിടത്തും ഭവനരഹിത൪ ഉണ്ടാകുമായിരുന്നില്ല…

Posted in INSTANT RESPONSE

അപകടസൂചനകൾ

എരുമേലി സ്കൂളിൽ ന്യായമായ യാതൊരു കാരണവുമില്ലാതെ കുറേപ്പേർചേർന്നുണ്ടാക്കിയ ബഹളത്തിന്റെ പേരിൽ,  അദ്ധ്യാപകർക്കെതിരെ അന്യായമായ നടപടിയെടുത്ത് പ്രശ്നം അവസാനിപ്പിക്കാൻ ശ്രമിക്കുന്നത് ഏതു വിവേകത്തിന്റെ പേരിലായാലും ഉചിതമല്ല. നിയമപരമായി നേരിടേണ്ട ഒരു പ്രശ്നത്തെ ചില ഭയപ്പാടുകളുടെ പേരിൽ ഒതുക്കിത്തീർക്കുന്നത് അപകടമാണ്. നമ്മുടെ നാട്ടിൽ വളർന്നുകൊണ്ടിരിക്കുന്ന വിനാശകരമായ ഒരു മനോഭാവത്തിന്റെ ലക്ഷണങ്ങളാണിത്. അതിനെ ആ രീതിയിൽ മനസിലാക്കി ഉത്തരവാദിത്വപ്പെട്ടവർ ഉചിതമായ നടപടികൾ സ്വീകരിച്ചില്ലങ്കിൽ എല്ലാവർക്കും സ്വാതന്ത്രത്തോടെ ജീവിക്കാനുള്ള സാഹചര്യം നമ്മുടെ നാടിന് നഷ്ടമാകും. മതമൈത്രിക്കു പേരുകേട്ട എരുമേലിയിൽ ഇതുപോലൊരു പ്രതിസന്ധിയുണ്ടാക്കിയത് ഏതായാലും ദൌർഭാഗ്യകരമായിപ്പോയി.

Posted in INSTANT RESPONSE

സ്വന്തം സ്ഥാനാർത്ഥി വേണോ?

സ്വന്തം സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ സംരക്ഷണ സമിതികൾ തീരുമാനമെടുക്കുമ്പോൾ ഒരു കാര്യം മറക്കരുതെന്ന് തോന്നുന്നു. രാഷ്ട്രീയ തിമിരം ബാധിച്ച ചിലർ പോളിംഗ് ബൂത്തിലെത്തുമ്പോൾ തന്റെ പാർട്ടിയുടെ ചിഹ്നം മാത്രമേ ചിലപ്പോൾ കാണുകയുള്ളു. വോട്ടുചെയ്താൽ കാശു കി
ട്ടുമെന്നോ മറ്റെന്തെങ്കിലും നേട്ടമുണ്ടാകുമെന്നോ ഉറപ്പുകിട്ടിയാൽ സംരക്ഷണ സമിതികളുടെ പുറകിൽ ഇപ്പോഴുള്ള എല്ലാവരും ഉറച്ചുനില്ക്കുമെന്ന് ഉറപ്പിക്കാനാകുമോ? കുറച്ച് അച്ചന്മാരും പിന്നെ ചില സ്ഥാപിത താല്പര്യക്കാരുംചേർന്ന് ഉണ്ടാക്കിയെടുത്തതാണ് ഈ പ്രശ്നമെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നവർ ഇപ്പോഴും നാട്ടിലുണ്ടെന്നുള്ളത് നാം മറക്കരുത്. സ്വന്തം സ്ഥാനാർത്ഥിയെ നിറുത്തുന്നതിനേക്കാൾ നിഷേധവോട്ടിനേയോ വോട്ട് ബഹിഷ്ക്കരണത്തെയോ കുറിച്ച് ആലോചിക്കുന്നതല്ലേ കൂടുതൽ നല്ലത്. നിശ്ചയിക്കപ്പെടുന്ന സ്ഥാനാർത്ഥികൾ ഏവർക്കും സുസമ്മതരായിരിക്കുമെന്നും അവരെച്ചൊല്ലി കലഹമുണ്ടാകില്ലെന്നും ഉറപ്പിക്കാനാകുമോ? എവിടെയും ഞുഴഞ്ഞുകയറി കുത്തിത്തിരിപ്പുണ്ടാക്കാൻ ഡിഗ്രിയെടുത്തിട്ടുള്ളവരാണ് രാഷ്ട്രീയക്കാരെന്നതും അവരേപ്പോലെ തരംതാണ കളികൾക്ക് നമുക്ക് ശേഷിയില്ലെന്നുള്ളതും തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ നമ്മുടെ ബലഹീനതകളാണ്. ഇതു കുറിക്കുന്നത് കർഷകരെയും കർഷകനേതാക്കളെയും നിരുത്സാഹപ്പെടുത്താനല്ല, മറിച്ച് കുടുതൽ ജാഗ്രതയോടെ തീരുമാനങ്ങൾ കൈക്കൊള്ളാനാണ്.

Posted in INSTANT RESPONSE

ടി പി മുതൽ കസ്തൂരി വരെ

ഏതായാലും ജയിലിലായി. ഇനിയിപ്പോ പ്രസ്ഥാനത്തിനു വേണ്ടി  അമ്പത്തൊന്നു വെട്ടിന്റെയും ചീറ്റിത്തെറിച്ച ചോരയുടെയും ഉത്തരവാദിത്വം ഏറ്റെടുക്കുന്നതുകൊണ്ട് ലാഭം മാത്രമേയുള്ളു. (ഏറ്റെടുത്തതാണോ ഏല്പിച്ചതാണോ എന്നൊക്കെ കാലം തെളിയിക്കും)  ലാഭ വിഹിതമെന്താണെന്ന് ആരെങ്കിലുമൊക്കെ പപ്പരാസികൾ കണ്ടുപിടിക്കുമായിരിക്കും.

എതിരാളികളെ വെള്ള പുതപ്പിക്കാനും  കോടതിവിധിയെ പരിഹസിച്ചുകൊണ്ട് വിചിത്രമായ കണ്ടെത്തലുകൾ നടത്തി പ്രതികളെ വെള്ളപൂശാനും കഴിവുള്ളവർ കേരളത്തിന്റെ രക്ഷാദൌത്യവുമായി തെക്കു വടക്കു നടക്കുകയും മാധ്യമങ്ങളിലൂടെ സത്യത്തിന്റെ നിറം ചുവപ്പാണെന്ന് നിരന്തരം വായാടുകയും ചെയ്യുന്നതു കണ്ടു പൊറുതിമുട്ടുന്നവരുടെ മുമ്പിലേക്കാണ് കസ്തൂരിയുടെ കൈപിടിച്ച് ഇപ്പോൾ രക്ഷകരുടെ വേഷത്തിൽ തങ്ങൾ എത്തിയിരിക്കുന്നതെന്ന് മാന്യ സഖാക്കൾ മറക്കരുത്.  പിന്നെ ഭരിക്കുന്നവരുടെ കൈക്കൊണം കൊണ്ട് ആർക്കെങ്കിലുമൊക്കെ ഇടത്തേയ്ക്കൊരു വേപ്പലുണ്ടായാൽ ഏതെങ്കിലുമൊരു ആപ്പിൽ പിടിച്ചു നിന്നില്ലെങ്കിൽ ശരിക്കും ആപ്പിലാകുമെന്ന് മറക്കരുത്.