മനോരമയുടെ ചിത്രവിവാദത്തെക്കുറിച്ചു പ്രതികരണങ്ങൾ പലതു നടത്തിയെങ്കിലും ഈ ദിവസങ്ങളിലെ ചില കുറിപ്പുകൾ കണ്ടപ്പോൾ ഒരിക്കൽക്കൂടി പ്രതികരിക്കണമെന്നു തോന്നി. ഇപ്പോൾ ചില കലാസ്വാദകർ ആ ചിത്രത്തിന്റെ കലാപരമായ മൂല്യത്തെക്കുറിച്ച് വാചാലമായി അതിനെതിരെ പ്രതികരിക്കുന്നവരെ വളരെ പുച്ഛത്തോടെ ആക്ഷേപിക്കുന്നത് കാണുന്നു. ആ ചിത്രത്തിന്റെ രചനയ്ക്ക് ആധാരമായ മാതാഹരിയുടെ ചരിത്രം വിവരിച്ചുകൊണ്ടും ഡാവിഞ്ചിയുടെ ചിത്രത്തിനു ഒരു കലാകാരൻ നല്കിയ ആവിഷ്ക്കാരത്തെക്കുറിച്ച് ക്രിസ്ത്യാനികൾ എന്തിനു വികാരംകൊള്ളുന്നു എന്നുചോദിച്ചുകൊണ്ടുമാണ് പ്രധാന തെറിവിളി. അക്കൂട്ടത്തിൽ കർത്താവിനെപ്പോലെ ശത്രുക്കളെ സ്നേഹിക്കുകയും ദ്രോഹിക്കുന്നവരോട് ക്ഷമിക്കുകയും ചെയ്യുന്നില്ലെങ്കിൽ എന്തു വിശ്വാസമാണ് നിങ്ങൾ പുലർത്തുന്നത് എന്ന ആക്ഷേപവും.
ഒറ്റക്കാര്യം മാത്രം ചോദിച്ചുകൊള്ളട്ടെ. ക്രിസ്തുവിന്റെ അന്ത്യത്താഴത്തിന്റെ ചിത്രം ഇന്ന് സമൂഹത്തിൽ പ്രചരിച്ചിരിക്കുന്നത് അത് ഡാവിഞ്ചിയുടെ ഒരു മാസ്റ്റർപീസ് എന്ന തലക്കെട്ടിലാണോ? ആ ചിത്രത്തിന്റെ മുമ്പിൽ നില്ക്കുമ്പോഴും അതുകാണമ്പോഴും ഒരു സാധാരണക്രൈസ്തവവിശ്വാസിയുടെ ഉള്ളിൽ ഉണ്ടാകുന്ന വികാരം ഡാവിഞ്ചിയുടെ ചിത്രരചനാപാടവത്തെക്കുറിച്ചുള്ള അത്ഭുതമാണോ? ഈ ചിത്രത്തിനെതിരെ പ്രതികരിച്ചവരോട് പുച്ഛം പ്രകടിപ്പിക്കുന്നവർ ഒരു കാര്യം ചെയ്യുമോ? ഈ വിവാദചിത്രത്തിന്റെ ഒരു കോപ്പി സ്വന്തം അമ്മയെ ഒന്നു കാണിച്ചിട്ട് അതിനേക്കുറിച്ച് എന്താണഭിപ്രായം എന്നു ചോദിക്കുക. അമ്മ അതു കണ്ടിട്ട്, ‘കൊള്ളാലോ മക്കളെ, എത്ര മനോഹരമായ ഒരു കലാരൂപം’ എന്ന് അഭിപ്രായം പറഞ്ഞാൽ, അങ്ങനെ പറഞ്ഞാൽമാത്രം നിങ്ങളുടെ പുച്ഛത്തിന് അർത്ഥമുണ്ട്. ഒരുപക്ഷെ കലയുടെ ആവിഷ്ക്കാരത്തെയും വിശ്വാസത്തിന്റെ അനുഷ്ഠാനങ്ങളെയും ആരോഗ്യപരമായി സമീപിക്കാൻമാത്രം വളർന്നവർക്ക് ഇത് വിശ്വാസവികാരങ്ങളെ സ്പർശിക്കാത്ത ഒരു കാര്യമായി കാണാൻ കഴിയുമായിരിക്കും. എന്നാൽ നമ്മുടെ അമ്മമാരുൾപ്പെടെയുള്ള സാധാരണ വിശ്വാസികൾ മാതാഹരിയുടെ ചരിത്രമോ ഡാവിഞ്ചിയുടെ കൈവിരുതോ അറിയുന്നതുകൊണ്ടല്ല അന്ത്യത്താഴത്തിന്റെ ചിത്രത്തെ നെഞ്ചോട് ചേർത്തിരിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം അത് തങ്ങളുടെ രക്ഷകൻ തന്റെ നെഞ്ച് പിളർന്ന് ശിഷ്യന്മാർക്ക് പങ്കുവച്ചതിന്റെ ഓർമ്മയാണ് നല്‍കുന്നത്. അതുകൊണ്ടുതന്നെ ആ ചിത്രത്തെ വികലമാക്കി എന്ത് അവതരണം നടത്തിയാലും അവരുടെ ഹൃദയം പൊള്ളും. അവർ അതിനോടു പ്രതികരിക്കുകയും ചെയ്യും. അതിന്റെ കാരണം അവർ തങ്ങളുടെ വിശ്വാസാചാരങ്ങളെയും അനുഷ്ഠാനങ്ങളെയും വിശുദ്ധവസ്തുക്കളെയും ആദരവോടെ സമീപിക്കാനും അവയോട് ഉചിതമായി വർത്തിക്കാനുമുള്ള പക്വതയും ബോധവുമുള്ളവരാണെന്നുള്ളതാണ്. അവർക്കങ്ങനെയൊരു ബോധമുണ്ടായിപ്പോയത് അവരുടെ കുറ്റമാണെന്നു മാത്രം പറയരുതേ. ചിലർ ചോദിക്കുന്നു ഇതിനുമുമ്പും ഇതുപോലെ ചിലർ പല ചിത്രങ്ങളെയും വികലമാക്കി അവതരിപ്പിച്ചിട്ടില്ലേ. അന്നൊന്നുമില്ലാതിരുന്ന പ്രതികരണം ഇപ്പോൾ മനോരമ പ്രസിദ്ധീകരിച്ചപ്പോൾ മാത്രം എന്തുകൊണ്ടാണ് എന്ന്. അതുതന്നെയാണ് ഇവിടുത്തെ ഒരു പ്രധാനപ്രശ്നം. ലോകത്തെവിടെയെല്ലാം വിശ്വാസത്തിനു വിരുദ്ധമായ പ്രസിദ്ധീകരണങ്ങളും പ്രതികരണങ്ങളുമുണ്ടാകുന്നു. അതൊന്നും സാധാരണ വിശ്വാസികൾ അറിയുന്നുമില്ല, അറിഞ്ഞാൽത്തന്നെ പ്രതികരിക്കാറുമില്ല. എന്നാൽ മനോരമയെന്ന മാധ്യമത്തിന്റെ മേൽവിലാസത്തിന് അല്പം വ്യത്യാസമുണ്ടല്ലോ. യഥാർത്ഥത്തിൽ തിരുവത്താഴത്തിന്റെ ചിത്രംപോലെതന്നെ കേരളക്രൈസ്തവരുടെ ഹൃദയത്തിൽ ഇടം നേടിയിരുന്ന ഒരു മാധ്യമമായിരുന്നു അത്. കത്തോലിക്കാസഭ ദീപികയ്ക്കുവേണ്ടി വിശ്വാസികളെ സമീപിക്കുമ്പോൾ അവർ പറഞ്ഞിരുന്നത് ദീപികയെ കെട്ടിലും മട്ടിലും മനോരമ പോലെയൊരു പത്രമാക്കിയിട്ട് വരാനാണ്. അപ്പോൾ സ്വന്തം സമുദായത്തിന്റെ പത്രംപോലും വേണ്ടെന്നു വച്ചിട്ടാണ് പലരും മനോരമയെ സ്നേഹിച്ചിരുന്നത്. ഇതിൽകൂടുതൽ ഒരു കാരണംവേണോ വിശ്വാസികളുടെ ഈ പ്രതികരണത്തിന്..??
പിന്നെ ക്രിസ്ത്യാനികൾ എന്ത് അക്രമവും ക്ഷമിക്കാനും സഹിക്കാനും വിളിക്കപ്പെട്ടവരാണെന്നുള്ള ചിന്ത നല്ലതാണ്. എന്നാൽ ക്ഷമയെന്ന പുണ്യം അനീതികളോടും അക്രമത്തോടും പ്രതികരിക്കാതിരിക്കുകയാണെന്നുള്ള പാഠം ബൈബിളിലുണ്ടെന്ന് തോന്നുന്നില്ല. പ്രതികരണങ്ങൾക്ക് ക്രൈസ്തവചൈതന്യം നഷ്ടപ്പെടാതിരിക്കണമെന്നു പറഞ്ഞാൽ അതു ന്യായം. ഈ വിഷയത്തിൽ ഇതുവരെ പലയിടങ്ങളിൽ നടത്തിയ പ്രതികരണത്തിൽ ചില മുദ്രാവാക്യം വിളികളൊഴിച്ച് ഒന്നും ക്രൈസ്തവവിരുദ്ധമായിട്ടുള്ളതായും തോന്നുന്നില്ല. അതുകൊണ്ട് ഈ പ്രതികരണങ്ങളെ ക്രൈസ്തവതീവ്രവാദം എന്നൊക്കെ വിളിച്ച് പൊലിപ്പിക്കരുതേ..
ആ ചിത്രത്തിന്റെ ഉള്ളടക്കത്തിലെ മറ്റു കാര്യങ്ങൾ -സന്യാസിനികളുടെ മാനം, ചിത്രത്തിനു സാത്താൻ ആരാധകരുടെ ആരാധനയോടുള്ള സാമ്യം- തുടങ്ങിയവ പലപ്രാവശ്യം മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ടതുകൊണ്ടുമാത്രം ഇവിടെ പരാമർശിക്കുന്നില്ല.
Author: muthuplackal
പ്രവാചകശബ്ധം
കത്തോലിക്കാസഭയുടെ പ്രബോധനങ്ങളെയും പഠനങ്ങളെയും ഹൃദയത്തോടു ചേർത്തുപിടിക്കുക മാത്രമല്ല അത് ധൈര്യപൂർവം സമൂഹത്തിലേയ്ക്ക് പ്രസരിപ്പിക്കുകയും ചെയ്യുകയെന്ന തന്റെ ഇടയനടുത്ത ദൌത്യത്തോട് എന്നും സത്യസന്ധത പുലർത്തുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവ് “തിരുപ്പിറവിയും ശിശുക്കളുടെ ജനനവും” എന്ന പേരിൽ ക്രിസ്തുമസിന്റെ പശ്ചാത്തലത്തിൽ ഇടുക്കി രൂപതയിലെ വിശ്വാസികൾക്ക് നല്കിയ ഇടയസന്ദേശം ഈ കാലഘട്ടത്തിന്റെ പ്രവാചകശബ്ദമാണ്. എന്നാൽ ആ സർക്കുലറിന്റെ പല പേജുകളിൽനിന്ന് പല വാക്കുകൾ തെരഞ്ഞെടുത്ത് ഒരു വാചകമായി രൂപപ്പെടുത്തി ‘ക്രിസ്ത്യാനികൾ മത്സരബുദ്ധിയോടെ കുഞ്ഞുങ്ങളെ ജനിപ്പിക്കണമെന്ന്’ ഇടുക്കി ബിഷപ്പ് ആഹ്വാനം ചെയ്തു എന്ന് സോഷ്യൽമീഡിയായിലും മറ്റുചില മാധ്യമങ്ങളിലും പ്രചരിപ്പിക്കുകയും അതിന്റെ പേരിൽ അഭിവന്ദ്യ പിതാവിനെ അവഹേളിക്കുന്ന തരത്തിൽ ട്രോളുകൾ നിരത്തുകയും ചെയ്ത തികച്ചും അധാർമ്മികമായൊരു മാധ്യമവേല കഴിഞ്ഞദിവസങ്ങളിൽ കാണുവാനിടയായി.
പിതാവിനെ സമൂഹമദ്ധ്യത്തിൽ അവഹേളിതനാക്കാൻ ചിലർ അത്തരം വൃത്തികെട്ട വഴികൾ സ്വീകരിച്ചപ്പോൾ ചില വിശ്വാസികളും അതേറ്റുപാടുകയും സോഷ്യൽമീഡിയായിലൂടെ ആഘോഷിക്കുകയും ചെയ്തതായി കണ്ടു. സ്വന്തം അപ്പൻ മക്കൾക്ക് നന്മയുടെ പാത ഗുണദോഷിക്കുമ്പോൾ മാറിനിന്ന് കൊഞ്ഞനംകുത്തുന്ന മക്കൾ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ഇതൊരത്ഭുതമൊന്നുമല്ല. പക്ഷെ ആരെങ്കിലും സത്യവിരുദ്ധമായ പ്രസ്താവനകൾ നടത്തി ബോധപൂർവം ഒരു വ്യക്തിയെ അപമാനിക്കാൻ ശ്രമിക്കുമ്പോൾ അതിനു കുടപിടുച്ചുകൊടുക്കുന്ന ചിലരുടെയെങ്കിലും ശൈലി അന്തസിനു നിരക്കാത്തതാണ്.
ഒരുപക്ഷെ കഴിഞ്ഞകാല രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തിൽ ഇടുക്കിമെത്രാൻ ചിലരുടെയെങ്കിലും ഒരു ടാർജെറ്റ് ആയിരിക്കാം. അതുകൊണ്ടുതന്നെയായിരിക്കും അവസരം കിട്ടുമ്പോളും അവസരമുണ്ടാക്കിയും പിതാവിനെതിരെ മാധ്യമവാർത്തകൾ സൃഷ്ടിക്കപ്പെടുന്നത്. എന്നാൽ അതു തിരിച്ചറിഞ്ഞോ അറിയാതെയോ വിശ്വാസികളെന്നഭിമാനിക്കുന്നവരും അവരുടെ പക്ഷംചേരുന്നതാണ് നിർഭാഗ്യകരം.
പക്ഷെ കല്ലേറ് സ്വീകരിക്കുകയെന്നത് സത്യത്തിന്റെ പക്ഷത്തുനില്ക്കുന്നവന്റെ അവകാശമാണ് എന്ന ബോദ്ധ്യമാണ് അഭിവന്ദ്യ പിതാവിനെ നയിക്കുന്നത് എന്ന് കാലാകാലങ്ങളിൽ വിവിധ വിഷയങ്ങളോട് അദ്ദേഹം സ്വീകരിക്കുന്ന ഉറച്ച നിലപാടുകളും വാക്കുകളും തെളിയിക്കുന്നു. അതിനാൽ സഭയുടെ മനസാക്ഷിയുടെ ആ സ്വരത്തെ തളർത്തുവാൻ ഇപ്രകാരമുള്ള കുത്സിതശ്രമങ്ങൾക്കാവില്ലെന്ന് കാലം ബോദ്ധ്യപ്പെടുത്തും.
വിശ്വാസികളായിട്ടുള്ളവരോട് ഒരപേക്ഷമാത്രം. ഇതുപോലുള്ള സത്യവിരുദ്ധമായ പ്രചാരണങ്ങൾക്കെതിരെ പ്രതികരിക്കണമെന്നു പറയുന്നില്ല. കാരണം അപ്രകാരമുള്ള പ്രതികരണമൊക്കെ ആരെങ്കിലും പറഞ്ഞിട്ട് ഉണ്ടാകേണ്ടതല്ല. അതു സഭയെയും സത്യത്തെയും സ്നേഹിക്കുന്നവരുടെ ഹൃദയത്തിൽ സ്വാഭാവികമായി ഉണ്ടാകേണ്ടതാണ്. എന്നാൽ സത്യമായ ദൈവത്തെ ആരാധിക്കുന്നവരായ നമുക്ക് ഇതുപോലുള്ള സത്യങ്ങളുടെ പ്രഘോഷണങ്ങളെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കാം. കത്തോലിക്കാസഭയുടെ ബോദ്ധ്യങ്ങൾ തന്റെ അജഗണത്തിനുള്ള സന്ദേശമായി നല്കിയ അഭി. പിതാവിന്റെ സർക്കുലർ അതിന്റെ പൂർണരൂപത്തിൽ ഇടുക്കി രൂപതയുടെ ബുള്ളറ്റിനിലും രൂപതയുടെ വെബ്സൈറ്റിലും ലഭ്യമാണ്. താല്പര്യമുള്ളവർക്കുവേണ്ടി അതിന്റെ പൂർണരൂപം താഴെകൊടുക്കുന്നു.
————————
മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ ഇടയലേഖനത്തിന്റെ പൂര്‍ണ്ണരൂപം
“ശിശുക്കള്‍ എന്‍റെയടുത്തു വരാന്‍ അനുവദിക്കുവിന്‍. അവരെ തടയരുത്” (മത്താ. 19:14)
ഈശോമിശിഹായില്‍ പ്രിയ സഹോദരീ സഹോദരന്മാരേ,
ആധുനിക ലോകം വച്ചു നീട്ടുന്ന പദ്ധതികള്‍ സ്വീകരിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്ത നമ്മുടെ കുടുംബങ്ങള്‍ ഇന്നു ദുരിതങ്ങളുടെ മുന്‍പില്‍ നിസ്സഹായരാവുകയാണ്. ജീവന്‍റെ തിരുക്കൂടാരങ്ങളാകേണ്ടതിനുപകരം മരണ സംസ്കാരത്തിന്‍റെ ഇരിപ്പിടങ്ങളായി മാറിയ കുടുംബങ്ങളില്‍, ശിശുക്കള്‍ തിരസ്ക്കരിക്കപ്പെടുകയും വാര്‍ദ്ധക്യം ദുരിതപൂര്‍ണ്ണമാവുകയും ചെയ്തിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍, ജീവനെ സംബന്ധിച്ച ദൈവിക പദ്ധതിയും സഭാപ്രബോധനങ്ങളും മനസ്സിലാക്കി ഉത്തമ കുടുംബങ്ങള്‍ക്ക് രൂപം നല്‍കാന്‍ നമുക്കേവര്‍ക്കും കടമയുണ്ട്. “ഈ ജനം സഖ്യമെന്ന് വിളിക്കുന്നതിനെ നിങ്ങള്‍ സഖ്യമായി കരുതുകയോ ഈ ജനം ഭയപ്പെടുന്നതിനെ ഭയപ്പെടുകയോ ചെയ്യരുത്. പരിഭ്രമിക്കുകയുമരുത്. (ഏശയ്യ 8:12).
കാരുണ്യവര്‍ഷാചരണത്തിലൂടെ ജീവകാരുണ്യ ശുശ്രൂഷകള്‍ വിലമതിക്കപ്പെടുകയും ശുശ്രൂഷകര്‍ ആദരിക്കപ്പെടുകയും ചെയ്തതു വളരെ നല്ലതുതന്നെ. എന്നാല്‍, നമ്മുടെ കുടുംബങ്ങളില്‍ സ്വീകരിക്കപ്പെടേണ്ട, ശുശ്രൂഷിക്കപ്പെടേണ്ട, സംരക്ഷിക്കപ്പെടേണ്ട ജീവിതങ്ങള്‍ തിരസ്ക്കരിക്കപ്പെടുന്നതു കാണുമ്പോള്‍, അതിനെതിരെ പ്രതികരിക്കാനാവില്ല. നമ്മുടെ പൂര്‍വ്വികര്‍ കുടിയേറ്റത്തിന്‍റെ ദുരിതങ്ങളിലും, ദാരിദ്ര്യത്തിലും, ചികിത്സാ സൗകര്യങ്ങളോ, ആരോഗ്യപരിപാലന സംവിധാനങ്ങളോ ഇല്ലാതിരുന്ന കാലഘട്ടത്തിലും, ഒരു ജീവനെപ്പോലും ഗുണമോ എണ്ണമോ നോക്കി തിരസ്ക്കരിക്കുകയോ, നശിപ്പിക്കുകയോ ചെയ്തില്ല. ദൈവവിശ്വാസത്തിലും ദൈവാശ്രയ ബോധത്തിലും അടിയുറച്ചവരായതിനാല്‍ “കര്‍ത്താവിന്‍റെ ദാനമാണ് മക്കള്‍; ഉദാരഫലം ഒരു സമ്മാനവും” (സങ്കീ 127:3) എന്ന ബോദ്ധ്യത്തോടെ കുഞ്ഞുങ്ങളെ സ്വീകരിച്ച് സംരക്ഷിച്ചു.
എന്നാലിന്ന് ഭൗതികനേട്ടങ്ങളും സുഖസൗകര്യങ്ങളും വര്‍ദ്ധിക്കുകയും ദൈവാശ്രയത്വബോധവും, വിശ്വാസവും ക്ഷയിക്കുകയും ചെയ്തപ്പോള്‍ ദൈവദാനമായ ജീവന്‍, ഒരു ഭാരമായി കരുതി തിരസ്കരിക്കപ്പെടുന്നു! “നന്മയെ തിന്മയെന്നും തിന്മയെ നന്മയെന്നും വിളിക്കുന്നവനു ദുരിതം” (ഏശയ്യ 15:20). ശിശുക്കളെ ദൈവത്തിന്‍റെ അനുഗ്രഹമായും ഭാവിയുടെ വാഗ്ദാനങ്ങളായും കരുതി സ്വീകരിക്കേണ്ടതിനു പകരം, തങ്ങളുടെ സ്വൈര്യജീവിതത്തിനും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കും മക്കള്‍ തടസ്സമായേക്കുമെന്ന് ഭയന്ന് ജീവനെ നശിപ്പിച്ച എത്രയോ മാതാപിതാക്കള്‍ ഇന്നു ദുരിതം പേറി ദുഃഖിതരായി കഴിയുന്നു! “കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്‍റേതല്ലാത്ത പദ്ധതികള്‍ നടപ്പിലാക്കുകയും, എനിക്ക് അഹിതമായ സഖ്യം ഉണ്ടാക്കുകയും ചെയ്ത് പാപം കുന്നുകൂട്ടിയ അനുസരണമില്ലാത്ത സന്തതികള്‍ക്കു ദുരിതം (ഏശയ്യ 30:1).
ജനപ്പെരുപ്പം നിയന്ത്രിക്കണമെന്നും, ജനസംഖ്യ വര്‍ദ്ധിച്ചാല്‍ അപകടമാണെന്നും പഠിപ്പിക്കാന്‍ പലരും ഉത്സാഹിക്കുന്നു. എന്നാല്‍, പ്രകൃതിയില്‍ കാട്ടുപന്നിയോ, തെരുവുനായ്ക്കളോ, വന്യമൃഗങ്ങളോ വര്‍ദ്ധിച്ചാല്‍ നിയന്ത്രിക്കാന്‍ ആവശ്യപ്പെടുന്നതിനേക്കാള്‍ പതിന്മടങ്ങ് ശക്തമായി ജനസംഖ്യാ വര്‍ദ്ധനവ് നിയന്ത്രിക്കണമെന്ന് വാദിക്കുന്നവര്‍ ഓര്‍ക്കണം തങ്ങളും ജനസംഖ്യയുടെ ഭാഗമാണെന്ന്. ജനസംഖ്യയുടെ ഗണത്തില്‍ ചേര്‍ക്കപ്പെട്ടതിനുശേഷം ഇവിടെ മറ്റാരും ജനിക്കരുത്, വളരുത് എന്ന് പറയുന്നവര്‍ അഹങ്കാരത്തിന്‍റെയും സ്വാര്‍ത്ഥതയുടെയും ആള്‍രൂപങ്ങളാവുകയാണ്. പുതിയൊരു ജീവന്‍ സ്വകരിക്കപ്പെടുന്നത് തടയാന്‍ ഈ ലോകത്തില്‍ ഒരു മനുഷ്യനും അവകാശമില്ല.
“ഓരോ പുതിയ ജീവനും സ്നേഹത്തിന്‍റെ തികച്ചും സൗജന്യമായദാനം വിലമതിക്കാന്‍ നമ്മെ അനുവദിക്കുന്നു.” (സ്നേഹത്തിന്‍റെ ആനന്ദം No. 166). ദൈവത്തിന്‍റെ സൃഷ്ടികര്‍മ്മത്തില്‍ സന്തോഷപൂര്‍വ്വം പങ്കാളികളാകേണ്ട ഭാര്യാഭര്‍ത്താക്കന്‍മാര്‍ സ്ഥിരമോ താല്‍ക്കാലികമോ ആയ കൃത്രിമ ജനനനിയന്ത്രണ മാര്‍ഗ്ഗങ്ങളിലൂടെ ദൈവികപദ്ധതിയെ തകിടം മറിക്കുന്നതു വഴി കുടുംബത്തില്‍ ഉത്ക്കണ്ഠയുടേയും അസ്വസ്ഥതകളുടെയും വിത്തു വിതയ്ക്കുകയാണ് ചെയ്യുക. “സ്നേഹിക്കുകയും ജീവനു ജന്മം നല്‍കുകയും ചെയ്യുന്ന ദമ്പതിമാര്‍ സ്രഷ്ടാവും രക്ഷകനുമായ ദൈവത്തെ വെളിപ്പെടുത്താന്‍ കഴിവുള്ള യഥാര്‍ത്ഥവും – സജീവവുമായ പ്രതിരൂപമാണ്” (സ്നേഹത്തിന്‍റെ ആനന്ദം No. 11).
തങ്ങളുടെ പ്രത്യുത്പാദന ശേഷിയുടെ അവസാന നിമിഷംവരെയും ദാമ്പത്യ പ്രവൃത്തിയില്‍ ജീവനോടു തുറവിയുള്ളവരായിരിക്കേണ്ട ദമ്പതികള്‍ എത്രയോ രക്ഷകര്‍ ജന്മമെടുക്കേണ്ട ഉദരം ഊഷരഭൂമിയാക്കി മാറ്റിയിരിക്കുന്നു! “താല്‍ക്കാലികമോ, ജീവന്‍റെ പകരല്‍ നിരോധിച്ചിട്ടുള്ളതോ ആയ ഒരു ഐക്യത്തിനും സമൂഹത്തിന്‍റെ ഭാവി ഉറപ്പുവരുത്താനാവുകയില്ല.” (സ്നേഹത്തിന്‍റെ ആനന്ദം No.52)..
“പിതാവായ ദൈവം തന്‍റെ സ്നേഹം കാണിക്കുന്ന മാര്‍ഗ്ഗമാണ് മാതാപിതാക്കന്മാരുടെ സ്നേഹം. അവിടുന്ന് ഓരോ ശിശുവിന്‍റെയും ജനനം പ്രതീക്ഷിക്കുന്നു. ആ ശിശുവിനെ ഉപാധികളില്ലാതെ സ്വീകരിക്കുന്നു. അതിനെ സ്വതന്ത്രമായി സ്വാഗതം ചെയ്യുന്നു.” (സ്നേഹത്തിന്‍റെ ആനന്ദം No. 170). ദൈവികമായ ഈ ദൗത്യം ഏല്‍പ്പിക്കപ്പെട്ട മാതാപിതാക്കള്‍ ദൈവത്തിന്‍റെ സഹപ്രവര്‍ത്തകരും, ദൈവപരിപാലനയുടെ നീട്ടപ്പെട്ട കരങ്ങളുമാകേണ്ടവരാണെന്ന സത്യം ഓരോ തിരുപ്പിറവിയാചരണവും നമ്മെ അനുസ്മരിപ്പിക്കുന്നു. ദൈവികപദ്ധതിയുടെ വെളിപ്പെടുത്തലിന് ഉത്തരം നല്‍കിയാല്‍ തന്‍റെ ജീവനും അഭിമാനവും നഷ്ടപ്പെടുത്തേണ്ടി വരുമെന്നറിഞ്ഞിട്ടും മറിയം ദൈവഹിതത്തിന് “ആമ്മേന്‍” പറഞ്ഞു.
തന്‍റേതല്ലാത്ത ഒരു ജീവനെ നശിപ്പിക്കാതിരിക്കാന്‍ – മറിയത്തെ രഹസ്യമായി ഉപേക്ഷിക്കുക വഴി അമ്മയും ഗര്‍ഭസ്ഥശിശുവും സുരക്ഷിതരായിരിക്കാന്‍ – ജീവനോടുള്ള കാരുണ്യം പ്രകടിപ്പിച്ച യൗസേപ്പും ദൈവഹിതത്തിനു കീഴ്വഴങ്ങിയ മറിയവുമാണ് ഈശോമിശിഹായെ സ്വീകരിച്ചതും പരിപാലിച്ചതും. ദൈവഹിതത്തോടനുസരണം നല്‍കുന്ന ഓരോ സ്ത്രീയും ജീവനോടു കാരുണ്യം പ്രകടിപ്പിക്കുന്ന ഓരോ പുരുഷനും തിരുക്കുടുംബത്തെപ്പോലെ രക്ഷകരെ പ്രദാനം ചെയ്യുന്നവരായി മാറുകയാണ്. “കുട്ടികളെ ജനിപ്പിക്കുകയും വളര്‍ത്തുകയും ചെയ്യുകയെന്നത് ദൈവത്തിന്‍റെ സര്‍ഗ്ഗാത്മക പ്രവൃത്തിയുടെ പ്രതിഫലനമാണ്” (No. 29 സ്നേഹത്തിന്‍റെ ആനന്ദം).
ഔദാര്യപൂര്‍വ്വകമായ പങ്കുവയ്ക്കലും ദൈവപരിപാലനയിലാശ്രയിച്ചുള്ള ജീവിതവും നയിക്കുന്ന ദമ്പതികള്‍ ഈ കാലഘട്ടത്തിന്‍റെ വെളിച്ചമായി മാറേണ്ടവരാണ്. ശിശുക്കളെ തങ്ങളുടെ അവകാശമായല്ല, മറിച്ച് ദൈവനുഗ്രഹത്തിന്‍റെ അടയാളമായും നാളെയുടെ പ്രതിസന്ധികള്‍ക്കുത്തരം നല്‍കേണ്ട രക്ഷകരായും സ്വീകരിച്ച്, ശുശ്രൂഷിച്ച് സംരക്ഷിച്ചാദാരിക്കുമ്പോഴാണ് ഓരോ കുടുംബവും സഭയ്ക്കും സമൂഹത്തിനും പ്രതീക്ഷ നല്‍കുന്നത്. “വലിയ കുടുംബങ്ങള്‍ സഭയ്ക്ക് ഒരു സന്തോഷമാണ്. സ്നേഹത്തിന്‍റെ ഫലപൂര്‍ണ്ണതയുടെ ഒരു പ്രകാശനമാണ്” (No. 167 സ്നേഹത്തിന്‍റെ ആനന്ദം).
ദൈവപദ്ധതിയനുസരിക്കുന്ന മാതൃകാദമ്പതികളും കുടുംബങ്ങളും ഓരോ പ്രദേശത്തും പ്രോത്സാഹിപ്പിക്കപ്പെടണം. ജീവനെ ഔദാര്യത്തോടെയും ആദരവോടെയും സ്വീകരിക്കുവാനും ശുശ്രൂഷിക്കുവാനും കുടുംബങ്ങള്‍ ധീരത കാണിച്ചാല്‍ അനാഥമന്ദിരങ്ങളും, വൃദ്ധസദനങ്ങളും, ശിശുഭവനങ്ങളും അപ്രസക്തമാകും; അപ്രത്യക്ഷമാകും. അതായിരിക്കണം ഒരു സമൂഹത്തില്‍ പുളിമാവാകാന്‍ നമുക്ക് കഴിഞ്ഞതിന്‍റെ അടയാളം.
“കുട്ടികള്‍ എന്ന മഹാദാനത്തോട് അടിസ്ഥാനപരമായി തുറവിയുള്ളവരായിരിക്കാന്‍ യുവദമ്പതിമാര്‍ പ്രോത്സാഹിപ്പിക്കപ്പെടണം” (No. 223 സ്നേഹത്തിന്‍റെ ആനന്ദം). ഈ പശ്ചാത്തലത്തില്‍, നമ്മുടെ രൂപതയിലെ ഓരോ ഇടവകയും, ഓരോ കുടുംബവും ജീവസംസ്കാരത്തിനായുള്ള ഈ പ്രാദേശിക സഭയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേരാന്‍ ഞാന്‍ നിങ്ങളെ ആഹ്വാനം ചെയ്യുന്നു. ജീവന്‍ പങ്കുവയ്ക്കുന്നതില്‍ ദൈവികപദ്ധതിയോടു സഹകരിക്കുന്ന യുവദമ്പതികള്‍ക്കും, കുടുംബങ്ങള്‍ക്കുമായി ദൈവപരിപാലനയുടെ കരങ്ങള്‍ നീട്ടാം. ജീവകാരുണ്യ ശുശ്രൂഷയില്‍ എര്‍പ്പെട്ടിരിക്കുന്ന ജീവന്‍ ഫൗണ്ടേഷനും, വിന്‍സെന്‍റ് ഡി. പോള്‍ സൊസൈറ്റിയും സംയുക്തമായി വലിയ കുടുംബങ്ങള്‍ക്കായി പദ്ധതികള്‍ രൂപപ്പെടുത്തുമ്പോള്‍ അതിനോട് സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ ഓരോ വ്യക്തിയും, കുടുംബവും, ഇടവകയും മത്സരബുദ്ധിയോടെ മുന്നോട്ടു വരണം.
ശിശുക്കള്‍ സ്വീകരിക്കപ്പെടേണ്ട കുടുംബങ്ങള്‍ക്ക് രൂപം നല്‍കാന്‍ വിവാഹമെന്ന കൂദാശയിലേക്ക് യുവജനങ്ങളെ പ്രോത്സാഹിപ്പിച്ചയക്കണം. വിവാഹം തടസ്സപ്പെടുത്തുന്നവരും, താമസിപ്പിക്കുന്നവരും നിഷേധിക്കുന്നവരുമെല്ലാം ജീവനെ തടയുന്നു; ശിശുക്കളെ തടയുന്നു; അതിനാല്‍ ജറമിയ പ്രവാചകന്‍റെ വാക്കുകള്‍ നമുക്ക് ഓര്‍ക്കാം: “വിവാഹം കഴിച്ച് സന്താനങ്ങള്‍ക്ക് ജന്മം നല്‍കുവിന്‍. നിങ്ങള്‍ടെ പുത്രീപുത്രന്മാരെയും വിവാഹം കഴിപ്പിക്കുവിന്‍; അവര്‍ക്കും മക്കളുണ്ടാകട്ടെ. നിങ്ങള്‍ പെരുകണം. നിങ്ങളുടെ സംഖ്യ കുറഞ്ഞു പോകരുത്” (ജറമിയ 29:6).
ആഗതമാകുന്ന ക്രിസ്തുമസിന്‍റെയും നവവത്സരത്തിന്‍റെയും മംഗളങ്ങള്‍ ആശംസിച്ചുകൊണ്ട് ഏവരെയും പിതാവിന്‍റെയും + പുത്രന്‍റെയും + പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ ഞാന്‍ ആശീര്‍വദിക്കുന്നു.
വെറുതേ കളിച്ചുവച്ചു ക്ലിക്കാക്കണോ?
“വെറുതേയൊന്നു കളിച്ചുവച്ചുനോക്കിയതാ, അതങ്ങു ക്ലിക്കായി”. അടുത്ത കാലത്ത് ഒരു ഇടവകാതിർത്തിയിലെ ഒരു കുരിശടിയിൽ ആരംഭിച്ച നൊവേനയിൽ പങ്കെടുക്കാൻ അയൽപ്രദേശങ്ങളിൽനിന്നുപോലും ധാരാളം ആളുകൾ വന്നുകൂടി അതൊരു വലിയ സംഭവമായിമാറിയതിനെക്കുറിച്ചു ചോദിച്ചപ്പോൾ വികാരിയച്ചന്റെ വായിൽനിന്നു പുറപ്പെട്ടതാണ് മുകളിൽ സൂചിപ്പിച്ച വാക്കുകൾ. അച്ചൻ അല്പം തമാശ കലർത്തി പറഞ്ഞതാണെങ്കിലും ഈ നാളുകളിൽ മത്സരബുദ്ധിയോടെ വിവിധയിടങ്ങളിൽ സ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കുരിശടികളുടെയും നൊവേനകളുടെയും യഥാർത്ഥചൈതന്യം വ്യക്തമാക്കാൻ ഇതിലും നല്ലൊരു എക്സ്പ്രെഷൻ ഉണ്ടെന്നു തോന്നുന്നില്ല.
വിശ്വാസവും വിശ്വാസജീവിതശൈലിയും ഒരു പ്രത്യേക ദശാസന്ധിയിൽ എത്തിയിരിക്കുന്ന കാലഘട്ടമാണിത്. സാമൂഹികജീവിത്തിന്റെ എല്ലാ മേഖലകളിലും അപരിത്യാജ്യമായി നിലകൊള്ളുന്ന കൈക്കൂലി നല്കലും ശുപാർശ ചെയ്യിക്കലും സാവധാനം വിശ്വാസജീവിതത്തെയും സ്വാധീനിക്കുന്നുവോയെന്നു സംശയിക്കത്തക്കവിധമായിരിക്കുന്നു ചില വിശ്വാസാനുഷ്ഠാനങ്ങൾ! ദൈവത്തോടുള്ള ബന്ധത്തെ നിർവചിക്കാൻ ഇന്നത്തെ സാമൂഹികജീവിതത്തിന്റെ അളവുകോലുകൾ ഉപയോഗിക്കുമ്പോൾ ദൈവതിരുമുമ്പിൽ കാര്യങ്ങൾ അവതരിപ്പിക്കാനും അവിടുത്തെ പ്രസാദിപ്പിച്ച് കാര്യങ്ങൾ നേടിയെടുക്കാനും മനുഷ്യനിന്ന് അത്തരത്തിലുള്ള വഴികൾതന്നെ തിരഞ്ഞെടുക്കുന്നു. പലവിധ കാരണങ്ങൾ നിരത്തി അതിനെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് വിശ്വാസികളെ നേർവഴിയിൽ നയിക്കാൻ കടപ്പെട്ട ഇടയന്മാരും മുമ്പിൽനിന്ന് അവരെ നയിക്കുന്നു! സർക്കാർ ഓഫീസുകളിലെ ഇടവഴികളിൽ ഉണ്ടെന്നു പറയപ്പെടുന്ന ഇടനിലക്കാരുടെ റോളുകളിൽ സഭയിലെ വിശുദ്ധരെ പ്രതിഷ്ഠിച്ച് അവർവഴി ദൈവംതമ്പുരാനിൽനിന്ന് അനുഗ്രഹങ്ങളും അനുഭവങ്ങളും നേടിയെടുക്കാൻ പരക്കംപായുന്നവരായി ഇന്ന് വിശ്വാസികൾ രൂപപ്പെട്ടുവരുന്നുണ്ടെങ്കിൽ സഭയുടെ വിശ്വാസജീവിതവഴിയിൽ വലിയ പ്രതിസന്ധി കാത്തിരിക്കുന്നുവെന്ന് നാം തിരിച്ചറിയണം.
കേരളത്തിൽ ഏതാനും വർഷങ്ങൾമുമ്പുമാത്രം സ്ഥാപിക്കപ്പെട്ട ചില കേന്ദ്രങ്ങളിലേയ്ക്ക് ഭക്തജനപ്രവാഹം ഉണ്ടാകുന്നത് പ്രത്യേക കാര്യസാദ്ധ്യങ്ങൾക്കുവേണ്ടിയൊന്നുമല്ല, ആ വിശുദ്ധരോടുള്ള പ്രത്യേക സ്നേഹവും വണക്കവും പ്രകടിപ്പിക്കാനാണെന്നു പറഞ്ഞാൽ കേരളത്തിലെ തെരുവുനായപ്രശ്നം ഏതാനും പട്ടിവിരോധികൾ സൃഷ്ടിച്ചെടുത്ത ഊഹക്കഥകളാണെന്നു പറയുന്നതുപോലെയുള്ള മണ്ടത്തരം ആയിരിക്കും അതും. നമ്മെ മൂക്കോളം മുക്കിക്കളയുന്ന വലിയ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ പരിഹാരമന്വഷിച്ച് പരക്കം പായാതിരിക്കാൻ നമുക്കാവില്ല. മനുഷ്യന്റെ ഈ നിസഹായാവസ്ഥയിൽ കൂടെനിന്ന് അവനെ രക്ഷയുടെ കച്ചിത്തുരുമ്പ് കാണിച്ചുകൊടുക്കാൻ പരിശ്രമിക്കുന്നതിനു പകരം അതിലൊരു കച്ചവടസാദ്ധ്യത കണ്ടുപിടിച്ച് അതിനുവേണ്ടി പലതും കളിച്ചുവയ്ക്കുന്ന ഇന്നത്തെ ആത്മീയ സംസ്ക്കാരം സത്യവിശ്വാസത്തിന് എത്രമാത്രം കോട്ടംവരുത്തുന്നുവെന്ന് നാം ചിന്തിക്കണം.
ഒന്നാമതായി ഇതുപോലുള്ള ശൈലികൾകൊണ്ട് ദൈവാനുഗ്രഹത്തിന്റെ ശരിയായ സ്രോതസിൽനിന്ന് വിശ്വാസികൾ അകറ്റപ്പെടുന്നു. നാം മാദ്ധ്യസ്ഥ്യം അപേക്ഷിക്കുന്ന വിശുദ്ധാത്മാക്കൾ ആ പദവിയിൽ എത്തിച്ചേരാൻ ഉപയോഗിച്ചതും ഇന്നും നമ്മുടെ അവകാശമായി സഭയിലുള്ളതുമായ വിശുദ്ധ കൂദാശകളെ ശരിയായി മനസിലാക്കുന്നതിലും അതിൽ പങ്കുചേരുന്നതിലും അതിന്റെ അത്ഭുതകരമായ ഫലങ്ങൾ അനുഭവിക്കുന്നതിലും വിശ്വാസികൾ പരാജയപ്പെടുകയാണ്. ആ വിശുദ്ധ കർമ്മങ്ങളൊക്കെ സഭയുടെ ഔദ്യോഗികമായ കാര്യങ്ങൾ, പക്ഷെ ജീവിത്തിൽ അനുഗ്രഹങ്ങൾ പ്രാപിക്കാൻ ചില നൊവേനകളും പ്രത്യേക അനുഷ്ഠാനങ്ങളും വേണമെന്ന ശൈലിയിലാണ് ഇന്ന് വിശ്വാസികൾ പലരും ചിന്തിക്കുന്നത്. ആ ചിന്തയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും നടപടികളുമാണ് ചില അജപാലകരുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നതും. അതിന്റെ ഫലമായി വി.കൂദാശകളെക്കാൾ ചില ഭക്താനുഷ്ഠാനങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന തെറ്റായ ഒരു വിശ്വാസജീവിതശൈലി വളർന്നുവരുന്നുണ്ട് എന്നത് നാം കാണാതിരുന്നുകൂടാ.
മറ്റൊരു പ്രധാന പ്രതിസന്ധി സത്യവിശ്വാസത്തിൽ ചില കലർപ്പുകൾ കടന്നു വരുന്നു എന്നതാണ്. സഭ ചിലരെ പ്രത്യേകമായി പേരുവിളിച്ച് അൾത്താരവണക്കത്തിനു മാറ്റി നിറുത്തുന്നത് എന്തിനുവേണ്ടിയാണെന്ന ബോദ്ധ്യമില്ലാതെ സഭയെക്കുറിച്ചും സഭയിലെ വിശുദ്ധരെക്കുറിച്ചും തെറ്റായ കാഴ്ചപ്പാടുകൾ പുലർത്തുന്നതിന്റെ ഉദാഹരണങ്ങൾ ഇന്നു ധാരാളമുണ്ട്. വിശുദ്ധരുടെ രൂപങ്ങളെ “പ്രതിഷ്ഠ”കളായി കാണുന്ന ഒരു ശൈലി അറിയാതെ വിശ്വാസത്തിൽ കടന്നു വന്നിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം സ്വന്തം ഇടവകപ്പള്ളിയിൽ ഇരിക്കുന്ന വിശുദ്ധന്റെ രൂപത്തെക്കാൾ ചില പ്രത്യേകസ്ഥലങ്ങളിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന രൂപങ്ങളുടെ മുമ്പിൽ പോയി പ്രാർത്ഥിക്കുന്നതാണ് കൂടുതൽ ഫലപ്രദമെന്ന ചിന്തയുള്ളതുകൊണ്ടല്ലേ മനുഷ്യർ നിശ്ചയിക്കപ്പെട്ട ദിവസങ്ങളിൽ ചില പ്രത്യേക സെന്ററുകളിലേയ്ക്ക് വണ്ടിയുംപിടിച്ച് എല്ലാ ആഴ്ചയിലും പൊയ്ക്കൊണ്ടിരിക്കുന്നത്. രൂപങ്ങൾ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന സ്ഥലമനുസരിച്ച് അവയ്ക്ക് ‘ശക്തി’ കൂടുകയും കുറയുകയും ചെയ്യുമെന്നാണോ?! യഥാർത്ഥത്തിൽ വിശുദ്ധരുടെ രൂപങ്ങളോ അതു സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളോ ആണോ ദൈവാനുഗ്രഹത്തിന്റെ സ്രോതസ്?! വിഗ്രഹാരാധനയിലേയ്ക്കു വഴുതിവീഴാവുന്ന അവസ്ഥയിലാണ് പലരുടെയും വിശ്വാസമെന്ന സത്യം നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
വീണ്ടും, ഇടവകകേന്ദ്രീകൃതവും ആരാധനക്രമാധിഷ്ഠിതവുമായ ഒരാത്മീയജീവിതശൈലി പൈതൃകമായി ലഭിച്ച നമ്മുടെ വിശ്വാസികളെ ഇന്ന് ഇടവകപ്പള്ളിയിൽനിന്നും ആരാധനക്രമത്തിൽനിന്നും പുറത്തേയ്ക്കിറക്കിവിടുന്ന ഒരവസ്ഥയാണ് സംജാതമാകുന്നത്. ഒരു ഇടവകയിലെ ഓരോ വ്യക്തിയുടെയും ജീവിതത്തിന്റെ മുഴുവൻ അനുഭവങ്ങളെയും സമർപ്പിക്കേണ്ട വേദിയായി ഇടവകദൈവാലയത്തിന്റെ ബലിപീഠത്തെ അനുഭവിച്ചറിയാൻ സാധിക്കാത്ത അവസ്ഥയിൽ അവർ ആശ്വാസവും അനുഗ്രഹവുംതേടി മറ്റുകേന്ദ്രങ്ങളിലേയ്ക്കു യാത്രയാകുന്നു.
ഈ കുറിപ്പുകൾകൊണ്ട് എന്നെ വിശുദ്ധരുടെ ശത്രുവും തീർത്ഥാടനവിരോധിയുമാക്കരുതേ. വിശുദ്ധരോടുള്ള വണക്കവും മദ്ധ്യസ്ഥപ്രാർത്ഥനയും വിശുദ്ധ സ്ഥലങ്ങളിലേയ്ക്കുള്ള തീർത്ഥാടനങ്ങളും നമ്മുടെ സഭയുടെ നല്ല പാരമ്പര്യമാണെന്നുള്ള തിരിച്ചറിവ് എനിക്കുണ്ട്. എന്നാൽ ഇവയ്ക്കൊക്കെ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന രൂപമാറ്റത്തെക്കുറിച്ചുമാത്രമാണ് ഞാൻ സൂചിപ്പിക്കുന്നത്. നമ്മുടെ പാരമ്പര്യത്തിലുള്ള തീർത്ഥാടനകേന്ദ്രങ്ങൾ അതിന്റെ പ്രാധാന്യംകൊണ്ട് സ്വയം രൂപപ്പെട്ടുവന്നതാണ്. അവിടെ ജീവിച്ചതോ മരിച്ചതോ ആയ വിശുദ്ധ ജന്മങ്ങളുടെ സാന്നിദ്ധ്യംകൊണ്ട് വളർന്നുവന്ന കേന്ദ്രങ്ങളാണ്. അതുകൊണ്ടുതന്നെ അതിന് വലിയ പരസ്യബോർഡുകളോ അത്ഭുതസാക്ഷ്യങ്ങളോ ഒന്നും ആവശ്യമായിരുന്നില്ല. വിശ്വാസജീവിതത്തിനു മാതൃകയായും അത് കുറവുകൂടാതെ ജീവിക്കാനുള്ള മാദ്ധ്യസ്ഥ്യം അപേക്ഷിക്കുന്നതിനുവേണ്ടിയും വിശ്വാസികൾ സ്വാഭാവികമായും അവിടേയ്ക്കു തീർത്ഥാടനങ്ങൾ നടത്തുന്നു. എന്നാൽ മുകളിൽ സൂചിപ്പിച്ചതുപോലെ ചില പ്രത്യേക ലക്ഷ്യങ്ങളോടെ പരസ്യങ്ങളുടെയും സാക്ഷ്യങ്ങളുടെയുമൊക്കെ അകമ്പടിയോടെ മത്സരബുദ്ധിയോടെ ‘കളിച്ചുവയ്ക്കുന്ന’ കേന്ദ്രങ്ങളാണ് ഇന്ന് ക്ലിക്കായിക്കൊണ്ടിരിക്കുന്നത്.
സഭയിലെ ഈ പുതിയ പ്രതിഭാസത്തിന് ന്യായീകരണമായി ചിലരെങ്കിലും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ജനങ്ങൾക്ക് ഇടവകപള്ളിയിൽ ലഭിക്കാത്ത ചില പ്രത്യേക അനുഭവങ്ങളും അനുഗ്രഹങ്ങളും ഇതുപോലുള്ള സ്ഥലങ്ങളിൽനിന്നു ലഭിക്കുന്നുണ്ടെങ്കിൽപിന്നെ അതിനെ വിമർശിക്കേണ്ട ആവശ്യമുണ്ടോയെന്ന്. അതിനാൽ ഒരു വൈദികൻ എന്ന നിലയിൽ ഒരു മാപ്പപേക്ഷയോടെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.
ഈശോയുടെ സാന്നിദ്ധ്യത്തിന്റെ തുടർച്ചയായി അവിടുന്ന് തന്നെ നല്കിയിരിക്കുന്ന വിശുദ്ധ കൂദാശകൾ വിശ്വാസികൾക്ക് ദൈവാനുഭവം പകരുന്ന വിധത്തിൽ പരികർമ്മം ചെയ്യാൻ കഴിയാത്തതിന്…
ഇടവകദൈവാലയവും അതിന്റെ ബലിപീഠവും അവിടുത്തെ ബലിയർപ്പണവുമാണ് ഇടവകയെ കുടുംബമായി രൂപപ്പെടുത്തുന്നത് എന്ന തിരിച്ചറിവ് പകർന്നു നല്കാൻ കഴിയാത്തതിന്…
ജീവിതത്തിന്റെ പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കുമെല്ലാം അർത്ഥവും ഉത്തരവും ലഭിക്കുന്ന വിധത്തിൽ വി.കുർബാനയർപ്പണം നടത്താൻ കഴിയാത്തതിന്…
ഇരട്ടത്താപ്പ്
പറയുന്നതിൽ ആത്മാർത്ഥത അല്പമെങ്കിലും ഉണ്ടെങ്കിൽ കഴിഞ്ഞ മാസം ഇടുക്കിയിലെ ഏഴു വില്ലേജുകളിലെ ജനവാസകേന്ദ്രങ്ങളിൽ കെട്ടിടനിർമ്മാണത്തിനു റവന്യൂ വകുപ്പ് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം റദ്ദാക്കാൻവേണ്ട നടപടി സ്വീകരിച്ച് അതു നടപ്പാക്കി കാണിക്കുക. അല്ലാതെ ഇതുപോലുള്ള പ്രഖ്യാപനങ്ങൾ കേട്ടു ചെകിടിച്ച ജനം പുച്ഛത്തോടെമാത്രമേ അതിനോടു പ്രതികരിക്കുകയുള്ളു. പ്രസ്താവനകളിൽ എല്ലാ പാർട്ടികളും ജനത്തിനൊപ്പംതന്നെ. പിന്നെ ആരാണാവോ ഈ ജനാധിപത്യരാജ്യത്ത് ജനത്തിനെതിരേ പ്രവർത്തിക്കുന്നത്!!!

കസ്തൂരിയുടെ ബാക്കി

അങ്ങനെ പോന്നോട്ടെ ഒന്നിനു പുറകെ ഒന്നായി നിയന്ത്രണങ്ങൾ…പാവം ആർഡിഒ… ബഹുനില മന്ദിരനിർമ്മാണത്തിൽ ജില്ലാ കളക്ടറുടെ നിർദേശം അനുസരിച്ചാണ് അനുമതി നിഷേധിക്കുന്നത്.. ജില്ലാ കളക്ടറാകട്ടെ കോടതി വിധി നടപ്പാക്കുന്നു എന്നുമാത്രം.. മരം മുറിക്കുന്നതു സംബന്ധിച്ചാണെങ്കിൽ വിജ്ഞാപനം ചെയ്ത വില്ലേജുകളിൽ മാത്രമേ നിരോധനമുള്ളുതാനും. അതുകൊണ്ട് വിജ്ഞാപനം ചെയ്യാത്ത വില്ലേജിൽപെട്ടവർ അതിനേക്കുറിച്ച് ആകുലപ്പെടേണ്ട കാര്യമില്ല. മാത്രമല്ല റവന്യുമന്ത്രി ഉറപ്പിച്ചു പറയുന്നു ഇടുക്കി ജില്ലയിൽനിന്ന് ആരെയും ആട്ടിയകറ്റാനുള്ള നടപടി സ്വീകരിച്ചിട്ടുമില്ല എന്ന്… ഹോ.. സമാധാനമായി…
ഇനി ചില സംശയങ്ങൾ..
1. സത്യത്തെക്കാൾ വാദപ്രദിവാദങ്ങളുടെയും ലഭ്യമായ തെളിവുകളുടെയും അടിസ്ഥാനത്തിൽ ഉണ്ടാകുന്ന കോടതിവിധികൾ ശാശ്വതസത്യങ്ങളായി സ്വീകരിച്ച് അതനുസരിച്ച് ജിവിക്കാനാണോ അതോ ജനപക്ഷത്തുനിന്ന് തെറ്റായ വിധികളെ തിരുത്തുവാൻ വേണ്ട നടപടികൾ സ്വീകരിക്കാനാണോ ജനപ്രതിനിധികൾ ആ സ്ഥാനമലങ്കരിക്കുന്നത്?
2. വിജ്ഞാപനം ചെയ്തിരിക്കുന്ന വില്ലേജിലെ ജനങ്ങൾ നാടിന്റെ സമ്പത്ത് കട്ടുമുടിക്കാനും പരിസ്ഥിതിയെ തകർക്കാനും മനപൂർവം നാടിന്റെ പലഭാഗങ്ങളിൽനിന്ന് അങ്ങോട്ടു വണ്ടി കയറിയവരാണെന്നാണോ പൊതുജനം കരുതുന്നത്? ഈ സംശയത്തിനു കാരണം പരിസ്ഥിതിലോലമേഖലയ്ക്കു പുറത്തു താമസിക്കുന്ന ചില രാജ്യസ്നേഹികളുടെ പ്രതികരണങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നതാണ്.
3. ഏതു രാഷ്ട്രീയപാർട്ടി വന്നാലും ഇക്കാര്യത്തിൽ വ്യത്യസ്തമായ നിലപാടുകൾ ഉണ്ടാകില്ലെന്ന് ആവർത്തിച്ചു തെളിഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലത്തിൽ ഇനിയും രാഷ്ട്രീയമായി ചേരിതിരിഞ്ഞുനിന്ന് സ്വന്തം കിടപ്പാടവും ജീവിതവും ഇല്ലാതാക്കാൻമാത്രം രാഷ്ട്രീയ അന്ധത ഹൈറേഞ്ചിലെ ജനങ്ങൾ കൊണ്ടുനടക്കണോ? എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു എന്നു പറഞ്ഞ പാർട്ടിയല്ലെ കഴിഞ്ഞ ദിവസം അതേ പ്രശ്നത്തിന്റെ പേരിൽ ഒരു ഉളുപ്പുമില്ലാതെ ഇടുക്കി ജില്ലയിൽ ഹർത്താൽ നടത്തിയത്! അവർ ഭരിച്ചിരുന്ന സമയത്ത് എന്നും ജനത്തിന്റെ കൂടെ കാണുമെന്നും കസ്തൂരിരംഗൻ റിപ്പോർട്ടു നടപ്പാക്കാൻ വരുന്നവരെ പാഠം പഠിപ്പിക്കുമെന്നൊക്കെ പറഞ്ഞിരുന്നവരുടെ തനിനിറമാണ് താഴെ കൊടുത്തിരിക്കുന്ന ഇന്നത്തെ പത്രവാർത്ത. ഒരേ മുന്നണിയിലുള്ള മന്ത്രിമാർ തന്നെ അഭിപ്രായവ്യത്യാസങ്ങൾ അവതരിപ്പിച്ച് ജനത്തിനുമുമ്പിൽ തള്ളയും പിള്ളയും കളിക്കുന്ന ഈ കളി എല്ലാ മുന്നണിയും ചെയ്യുന്നതാണ്. അതുകണ്ടിട്ട് അതിലൊരാൾ നമ്മുടെ പക്ഷത്താണെന്നാശ്വസിക്കുന്നവർ സ്വയം വിഢികളായെന്നു തിരിച്ചറിയാൻ അധികനാളൊന്നു കാത്തിരിക്കേണ്ടി വരില്ല.
4. ഇടുക്കിയിലെ ജനങ്ങൾ, പ്രത്യേകിച്ചും ഏലകൃഷി ചെയ്യുന്നവർ തങ്ങളുടെ കൃഷിസ്ഥലങ്ങളിൽ നട്ടുവളർത്തുന്ന മരങ്ങളെക്കുറിച്ച് അവർക്കെതിരെ സംസാരിക്കുന്ന ഉദ്യോഗസ്ഥർക്കും നാട്ടുംപുറങ്ങളിലെ സുരക്ഷിതത്വത്തിൽ കഴിയുന്ന നാട്ടുകാർക്കും എന്തെങ്കിലും വിവരമുണ്ടോ? അതുണ്ടാകണമെങ്കിൽ ഏലത്തെക്കുറിച്ചും അതിന്റെ കൃഷിരീതിയെക്കുറിച്ചും അല്പമെങ്കിലും വിവരം വേണം. അവർക്കിപ്പോൾ കൃഷിയുടെ ഭാഗമായി ഒരു കമ്പുപോലും മുറിക്കാനനുവാദമില്ലത്രേ! നാട്ടിൻപുറങ്ങളിലെപ്പോലെതന്നെ ഒറ്റപ്പെട്ട ചൂഷകർ ഹൈറേഞ്ചിലും കാണും. അതിന്റെ പേരിൽ പതിറ്റാണ്ടുകളായി പ്രകൃതിയോട് ഇണങ്ങി ജിവിക്കുന്ന മുഴുവൻ ജനതയേയും ക്രൂശിക്കുന്ന നടപടികൾക്ക് എന്തു ന്യായീകരണമാണുള്ളത്?
ഇത്രയുമൊക്കെയായിട്ടും ഹൈറേഞ്ച് നിവാസികൾ ഇനിയും തങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത വിവിധ രാഷ്ട്രീയപാർട്ടികളുടെ പിന്നിൽ അണിനിരന്ന് പരസ്പരം ഒറ്റിക്കൊടുക്കുന്ന ശൈലിയാണ് തുടരാൻ ആഗ്രഹിക്കുന്നതെങ്കിൽ ചരിത്രം നിങ്ങൾക്കു മാപ്പു നല്കില്ല. കുടിയേറ്റ കാലഘട്ടങ്ങളിൽ എതിരെവന്ന ശത്രു, അതു രോഗമായാലും, പട്ടിണിയായാലും വന്യമൃഗങ്ങളായാലും അവയ്ക്കെതിരെ കൈകോർത്തുനിന്നു പോരാടി ജയിച്ച തലമുറയുടെ പുതിയ കണ്ണികൾ താല്ക്കാലിക ലാഭങ്ങൾക്കും നേട്ടങ്ങൾക്കുംവേണ്ടി ജീവിക്കുന്നവരും അയൽക്കാരന്റെ പ്രതിസന്ധിയിൽ കൂടെ നില്ക്കാത്ത സ്വാർത്ഥരുമായി അധപതിക്കുന്നത് ആ തലമുറയോടു ചെയ്യുന്ന ഏറ്റവും വലിയ അപരാധമാണ്.
നയം വ്യക്തമാകുന്നു…

ഹൈറേഞ്ചിലെ പ്രശ്നങ്ങൾ മുഴുവൻ സംരക്ഷണസമിതി മനുഷ്യരെ പേടിപ്പിക്കാൻവേണ്ടി കെട്ടിച്ചമച്ചതാണെന്നു പറഞ്ഞിരുന്നവരൊക്കെ എവിടെപ്പോയി…. ഇനിയെങ്കിലും സത്യം മനസിലാക്കി രാഷ്ട്രീയക്കാരുടെ കുതന്ത്രങ്ങളിൽപെടാതെ നാടൊരുമിച്ചു നിന്നാൽ നാടിനു കൊള്ളാം. വില്ലേജുകൾ തിരിച്ച് ഓരോ നിയമങ്ങൾ നടപ്പാക്കി വരുന്നത് എന്തുകൊണ്ടായിരിക്കാം? ഒരുപക്ഷെ അയൽക്കാരന്റെ പുര കത്തുമ്പോൾ ഓടിച്ചെന്നു നോക്കിയിട്ട് തന്റെ പറമ്പിലേക്കും വീട്ടിലേയ്ക്കും അതു പടരില്ലെന്നു ഉറപ്പുവരുത്തി സ്വന്തം മുറിയിൽ തിരിച്ചെത്തി സീരിയലിന്റെ ബാക്കി കാണുന്ന നമ്മുടെ സ്വഭാവം മനസിലാക്കിത്തന്നെയാകും ഇങ്ങനെ ഏരിയാ തിരിച്ച് ഓരോ നിയമങ്ങൾ നടപ്പാക്കി വരുന്നത്. ഇനിയെങ്കിലും സ്വന്തം കുടുംബത്തിനുവേണ്ടി മാത്രം ചിന്തിക്കുന്നവരാകാതെ നാടിനുവേണ്ടി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരായില്ലെങ്കിൽ കുടുംബം പെരുവഴിയിലാകുമെന്ന് നാമറിയണം.
തെരുവുനായ
അങ്ങനെ എല്ലാ പ്രാവശ്യവും പ്രകടനപത്രികയിൽ ഉൾപ്പെടുത്താൻ ഒരു വിഷയംകൂടിയായി. അഞ്ചു വർഷത്തെ പദ്ധതിയായിട്ടുവേണമല്ലോ ഈ പ്രശ്നത്തിനു പരിഹാരം കാണാൻ… ബഹു.മന്ത്രീ, പട്ടിപ്രശ്നം അവസാനിപ്പിക്കാൻ അങ്ങു മറ്റൊന്നും ചെയ്യേണ്ട, തെരുവുപട്ടികൾ മനുഷ്യരെ നിർബാധം കടിച്ചുകീറി കൊല്ലുമ്പോൾ അങ്ങു ഡൽഹിയിലിരുന്ന് പ്രസ്താവനകളിറക്കുന്ന, മനുഷ്യരെക്കാൾ മൃഗങ്ങളെ സ്നേഹിച്ച് വർഗസ്നേഹം പ്രകടിപ്പിക്കുന്ന ആ ജന്മത്തെയും അതിന്റെ വാക്കു കേട്ട് ഇങ്ങു കേരളത്തിലൂടെ വാലാട്ടി നടക്കുന്ന ചില അനുയായികളെയും ഒന്നു മിണ്ടാതിരുത്തിയാൽ മതി. പിന്നെ ഇവിടുത്തെ പട്ടിപ്രശ്നം നാട്ടുകാർ തീർത്തുകൊള്ളും…
കലികാലം

വന്ധ്യംകരിക്കുക എന്നതിന്റെ അർത്ഥം ഇപ്പോൾ ആക്രമിച്ചുകൊണ്ടിരിക്കുന്ന പട്ടികളുടെ വായിലെ പല്ലുകളും കാലിലെ നഖങ്ങളും പറിച്ചുകളയുക എന്നാണോ!!!?
———
മൃഗക്ഷേമബോർഡുകാരൻ അങ്ങനെതന്നെ പറയണം. കാരണം മൃഗക്ഷേമമാണല്ലോ അവരുടെ ജോലി. അല്ലെങ്കിൽ അവർ (മേനക) കോടതിയിലെങ്ങാനും പോയാൽ ബോർഡിന്റെ പണി തെറിക്കും. പക്ഷെ മനുഷ്യരുടെ ക്ഷേമം ഉറപ്പാക്കേണ്ടവർ പട്ടികളുടെ വന്ധ്യംകരണവുമായി നടക്കാതെ മൃഗക്ഷേമക്കാരൻ പട്ടികളോടു കാണിക്കുന്ന പരിഗണനയുടെ ഒരംശമെങ്കിലും മനുഷ്യരോടു കാണിച്ചിരുന്നെങ്കിൽ ഇവർ ഡൽഹിയിലിരുന്ന് ഇത്രയും കുരയ്ക്കില്ലായിരുന്നു…
പിന്നെ മറ്റൊരു വഴിക്കു ചിന്തിച്ചാൽ ഇതാണ് ഇപ്പോഴത്തെ തത്വശാസ്ത്രം. പ്രകൃതി സംരക്ഷണത്തിനുവേണ്ടി മനുഷ്യരെ ഇല്ലാതാക്കാം, മൃഗങ്ങൾക്കു കടിച്ചുപറിക്കാനും മനുഷ്യരെ വിട്ടുകൊടുക്കാം. കാരണം പുതിയ പരിസ്ഥിതി ബോധത്തിൽ മനുഷ്യനെവിടെയാണു സ്ഥാനം!
ഇതെന്റെ കൌണ്ടർപോയിന്റ്…
സീറോ മലബാർ സഭയുടെ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയിൽ സമൂഹത്തിലെ ആർഭാടത്തിനെതിരെ ഉരുത്തിരിഞ്ഞ ആശയങ്ങൾ ചർച്ചാ വിഷയമാക്കിയ കൌണ്ടർപോയിന്റ് മനോരമ ചാനലിൽ കണ്ടതിന്റെ വെളിച്ചത്തിലാണ് ഈ പോസ്റ്റ്. ചർച്ചയിൽ പങ്കെടുത്തവരെല്ലാം വളരെ ഭാവാത്മകമായി ആ വിഷയം കൈകാര്യം ചെയ്തു. ചാനലുകളിൽ പതിവുള്ളതുപോലെ, അവതാരകയായിരുന്ന ശ്രീമതി നിഷ ജെബി സഭാനേതൃത്വവും വൈദികരും വിമർശിക്കപ്പെടണം എന്നാഗ്രഹിച്ചു ഇടപെടൽ നടത്തിയപ്പോഴും അവിടെയുണ്ടായിരുന്നവർ നിഷ്പക്ഷമായി സംസാരിച്ച് ആ ചർച്ചയുടെ അന്തസു കാത്തു. (സഭാനേതൃത്വവും വൈദികരും വിമർശനത്തിനതീതരാണെന്നൊന്നും ഇതിന് അർത്ഥം കണ്ടുപിടിക്കരുതേ). പതിവിനു വിപരീതമായി അവതാരക ആഗ്രഹിച്ച മറുപടികൾ പറയാതെ യാഥാർത്ഥ്യബോധത്തോടെ ചർച്ചയിൽ പങ്കെടുത്ത ആ വ്യക്തികൾ ഇനി ഇതുപോലുള്ള ചാനൽ ചർച്ചകൾക്കു ക്ഷണിക്കപ്പെടുമോ എന്നു കണ്ടറിയണം. അവതാരകയുടെ പിടിവിട്ടുപോയ ആ ചർച്ചയ്ക്കിടയിൽ കയറിവന്ന പരിസ്ഥിതിയെക്കുറിച്ചുള്ള ചിന്തകളുടെ പശ്ചാത്തലത്തിൽ ഹൈറേഞ്ച് സംരക്ഷണസമിതിയെക്കുറിച്ചു പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട്, പ്രകൃതിസംരക്ഷണത്തിനുവേണ്ടി സർക്കാർ കൊണ്ടുവന്ന കസ്തൂരിരംഗൻ, ഗാഡ്ഗിൽ റിപ്പോർട്ടുകളെ യാഥാർത്ഥ്യങ്ങൾ മനസിലാക്കാതെ സഭ എതിർത്തുവെന്നും അസത്യം പ്രചരിപ്പിച്ച് അനാവശ്യമായി ജനങ്ങളിൽ ഭീതിയുളവാക്കിയെന്നുമുള്ള തരത്തിൽ ശ്രീമതി നിഷ സംസാരിക്കുകയുണ്ടായി. ശ്രീ പി.സി. സിറിയക് അതിനോട് വളരെ കൃത്യമായി പ്രതികരിച്ചപ്പോൾ വിഷയത്തിൽനിന്ന് വഴുതിമാറി തന്റെ പ്രാഗത്ഭ്യം അവതാരക പ്രകടിപ്പിക്കുകയും ചെയ്തു. (ഈ വിഷയത്തിൽ വേണ്ടത്ര ബോധവത്ക്കരണം നടക്കാത്തതുകൊണ്ട് കർഷകർക്കിടയിൽ തെറ്റിധാരണകൾ ഉണ്ടായെന്ന രീതിയിലുള്ള പ്രതികരണം സീറോമലബാർ സഭയുടെ വക്താവ് ബഹുമാനപ്പെട്ട പൂച്ചക്കാട്ട് അച്ചൻ നടത്തിയതും ഹൈറേഞ്ചിലേയും കുടിയേറ്റമേഖലകളിലേയും ജനങ്ങൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധികളെക്കുറിച്ച് ശരിയായ അവബോധമില്ലാത്തതുകൊണ്ടാണെന്നു തോന്നുന്നു). കസ്തൂരിരംഗൻ, ഗാഡ്ഗിൽ റിപ്പോർട്ടുകൾ കർഷകർക്കെതിരല്ലെന്നും ഹൈറേഞ്ച് സംരക്ഷണസമിതി അനാവശ്യമായ ഇടപെടലാണ് നടത്തിയതെന്നും പ്രചരിപ്പിക്കുന്ന മാധ്യമങ്ങളുടെ പ്രതിനിധിയെന്ന നിലയ്ക്ക് ശ്രീമതി നിഷയോട് ഒരു കാര്യം ചോദിച്ചുകൊള്ളട്ടെ. പട്ടണത്തിലെ ചാനൽമുറിയിൽനിന്ന് പുറത്തിറങ്ങി സ്വന്തം ജന്മദേശത്തും അയൽപ്രദേശങ്ങളിലുംചെന്ന് അവിടെയുള്ള കർഷകരോട്, ഇനിയും നടപ്പിൽവരാത്ത ഈ റിപ്പോർട്ടുകൾ മുഖാന്തിരം എന്തെങ്കിലും ഭവിഷ്യത്തുകൾ ഇപ്പോൾത്തന്നെ അനുഭവിക്കുന്നുണ്ടോ എന്നു ചോദിച്ചിട്ട് അവർ പറയുന്ന മറുപടികൾ എഡിറ്റു ചെയ്യാതെ (വാർത്തകൾക്ക് അതവതരിപ്പിക്കുന്ന മാധ്യമത്തിന്റെ നിറം കൊടുക്കുന്നതിനാണല്ലോ ഇപ്പോൾ എഡിറ്റിംഗ് എന്ന സങ്കേതം ഉപയോഗിക്കുന്നത്) മാധ്യമങ്ങളിൽ സംപ്രേഷണം ചെയ്യാനുള്ള ആർജവത്വം കാണിക്കാൻ നിങ്ങൾക്കു കഴിയുമോ?
*********
ജാതി മത രാഷ്ട്രീയ ചിന്തകൾക്കതീതമായിരുന്ന ഹൈറേഞ്ച് സംരക്ഷണസമിതി സംഘടിതപ്രസ്ഥാനങ്ങൾക്കും രാഷ്ട്രീയപാർട്ടികൾക്കും ഒരു ഭീഷണി തന്നെയായിരുന്നു. (രാഷ്ട്രീയം കയറി നാമാവിശേഷമാക്കിയ ഇന്നത്തെ അവസ്ഥയെക്കുറിച്ചല്ല പറയുന്നത്). എന്നാൽ അവരെ ഒരു കൊടിക്കീഴിൽ നിലനിർത്താൻ സംരക്ഷണ സമിതിക്കു കഴിഞ്ഞില്ല. തങ്ങൾക്കു വലിയ സ്വാധീനമില്ലാതിരുന്ന ഹൈറേഞ്ചിലെ ക്രൈസ്തവരുടെ മനസിൽ കയറിക്കൂടാൻ കുറുക്കന്റെ കണ്ണുകളുമായി കാത്തിരുന്ന ഇടതുപക്ഷത്തെ കൂടെക്കൂടാൻ അനുവദിച്ച് ഒരു ജനപ്രതിനിധിയെ ജയിപ്പിച്ചെടുത്തപ്പോൾ സമിതിയുടെ പരാജയത്തിന്റെ നാന്ദി കുറിക്കപ്പെട്ടു. ഒരു നേതാവിന്റെ ധാർഷ്ട്യത്തിനു പിന്നിൽ അണിനിരന്ന് സംരക്ഷണസമിതിയെ കൊഞ്ഞനംകുത്തിയ വലതുപക്ഷമായും തക്കസമയത്ത് ചൂണ്ടയെറിഞ്ഞ് സമിതിയുടെ കഴുത്തിൽ കുരുക്കിട്ട ഇടതുപക്ഷമായും പിന്നെ വിഭാഗിയതയുടെ വിത്തുകൾ വിതച്ച വർഗീയപാർട്ടിയായും സ്വന്തം കൊടിക്കീഴിൽനിന്ന കർഷകർതന്നെ രൂപാന്തരപ്പെടുമെന്നത് തിരിച്ചറിയാൻ സമിതിയുടെ നേതൃത്വത്തിനു കഴിയാതെപോയി. അങ്ങനെയിപ്പോൾ ജാതിയായി, മതമായി, രാഷ്ട്രീയമായി, പ്രസ്ഥാനം പുരപ്പുറത്തുമായി. എങ്കിലും ഹൈറേഞ്ച് സംരക്ഷണ സമിതി എന്തിനുവേണ്ടി നിലകൊണ്ടോ ആ യാഥാർത്ഥ്യം ഇപ്പോഴും സജീവമായി നിലനില്ക്കുകയാണ്. അതിനെയാണ് സ്വന്തം സാമ്രാജ്യ വികസനമെന്ന ചിന്തയല്ലാതെ, കർഷകരോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത മാധ്യമങ്ങളും പാർട്ടികളും കള്ളത്തരമെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നത്. ഹൈറേഞ്ചിലും മറ്റു കുടിയേറ്റപ്രദേശങ്ങളിലുമുള്ളവർ ‘കർഷകർ’ എന്ന വികാരത്തിനപ്പുറത്ത് കക്ഷിരാഷ്ട്രീയത്തിന്റെ വ്യത്യസ്തങ്ങളായ കൊടികൾ പേറി വ്യത്യസ്തധ്രുവങ്ങളിൽ നില്ക്കുമ്പോൾ കർഷകശത്രുക്കൾക്ക് കാര്യങ്ങൾ വളരെയെളുപ്പമാണെന്നു പറയേണ്ടതില്ലല്ലോ.
വിശ്വാസം അപകടത്തിൽ!!!
സ്വാതന്ത്യദിനപ്പുലരിയിൽ ശ്രദ്ധയിൽപ്പെട്ട ഒരു നോട്ടീസ് ആ ദിനത്തിന്റെ സർവ ചൈതന്യവും ചോർത്തിക്കളയുന്ന ഒന്നായിരുന്നു. ഒന്നാം പ്രമാണത്തിനെതിരായതിനാൽ ക്രിസ്ത്യാനികൾ ഓണാഘോഷം നടത്തുകയോ പൂക്കളമിടുകയോ ചെയ്യരുത് എന്നതായിരുന്നു ആ നോട്ടീസിന്റെ ഉള്ളടക്കം. അസാധുവെന്ന് സഭയിലെ പണ്ഡിതന്മാർ സ്ഥാപിച്ചിട്ടുള്ള ഒരു സൂനഹദോസിന്റെ തീരുമാനവും ക്രിസ്ത്യാനികളുടെ ഓണാഘോഷത്തിനെതിരായി അതിൽ ഉദ്ധരിച്ചിട്ടുണ്ട്. കൂടാതെ കോട്ടയം ജില്ലയിലെ ഒരു ധ്യാനകേന്ദ്രത്തിൽനിന്നും ഓണാഘോഷത്തിനെതിരെ വിശ്വാസികളെ പ്രബോധിപ്പിക്കുകയും ചെയ്തെന്നു കേൾക്കുന്നു. പ്രബോധിപ്പിക്കുക മാത്രമല്ല, ഏതെങ്കിലും ഇടവകയിൽ ഓണാഘോഷം നടത്തണമെന്ന് വികാരിയച്ചൻ ആവശ്യപ്പെട്ടാൽ അത് അനുസരിക്കരുതെന്നുകൂടി നിർദേശിച്ചിട്ടുണ്ടത്രേ! വികാരിയച്ചന്മാരെ വെറും കൂദാശത്തൊഴിലാളികളായി കാണുകയും ധ്യാനഗുരുക്കന്മാരെ സർവകൃപകളുടെയും ഉറവിടമായി പരിഗണിക്കുകയും ചെയ്യുന്ന കുറേ വിശ്വാസികൾക്കെങ്കിലും ഈ നിർദേശം സ്വീകാര്യമായിട്ടുണ്ടാകും.
വിദേശിയരിൽനിന്ന് രാഷ്ട്രീയ സ്വാതന്ത്യം നേടിയ നമ്മുടെ രാജ്യം അപ്പോൾത്തന്നെ മതത്തിന്റെ പേരിൽ രണ്ടായി മുറിച്ച് നാം സങ്കുചിതത്വത്തിന്റെ അടിമകളാണെന്ന് അന്നുതന്നെ തെളിയിച്ചതാണ്. കാലമിത്രയും കഴിഞ്ഞപ്പോൾ ആ സങ്കുചിത മനോഭാവത്തിൽനിന്ന് എല്ലാവരെയും ഉൾക്കൊള്ളുന്ന വിശാലമനസിലേയ്ക്ക് വളർന്ന അവസ്ഥയ്ക്കു പകരം വർഗീയതയുടെയും വിഭാഗിയതയുടെയും വിഷവിത്തുകൾ എല്ലാ മതവിഭാഗങ്ങളിലും പൊട്ടിമുളയ്ക്കുന്ന ആപത്ക്കരമായ കാഴ്ചയാണ് നമുക്കു മുമ്പിലുള്ളത്.
സത്യദൈവത്തെമാത്രമെ ആരാധിക്കാവൂ എന്ന ക്രൈസ്തവവിശ്വാസികളുടെ ഒന്നാംപ്രമാണത്തിനു വിരുദ്ധമാണ് ഓണാഘോഷമെന്ന പ്രചാരണം എത്ര വലിയ ആശയക്കുഴപ്പമാണ് വിശ്വാസികളുടെയിടയിൽ ഉണ്ടാക്കുന്നത്! മലയാളികളുടെ ദേശീയോത്സവമായി പരിഗണിക്കപ്പെടുന്ന ഓണാഘോഷം ലോകത്തിന്റെ ഏതു മൂലയ്ക്കും ജീവിക്കുന്ന കേരളീയർക്കും സമൃദ്ധിയുടെയും ഐക്യത്തിന്റെയും സന്തോഷത്തിന്റെയും ആഘോഷമാണ്. പഞ്ഞക്കർക്കിടകം കഴിഞ്ഞുവരുന്ന ചിങ്ങമാസത്തിൽ ഈ ആഘോഷം നടക്കുന്നതിന്റെ ചരിത്രപശ്ചാത്തലംതന്നെ ഇതു സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒരു സാംസ്കാരിക ആഘോഷമാണെന്നു തെളിയിക്കുന്നുണ്ട്. അതേസമയം ഹൈന്ദവ സമൂഹത്തിന് ഓണാഘോഷത്തോടനുബന്ധിച്ച് മതപരമായ മറ്റു ചില ഘടകങ്ങൾ ഉണ്ടെന്നുള്ളത് വസ്തുതയാണ്.
നമ്മുടെ നാടിന്റെ മതപരമായ വളർച്ച അപകടകരമായ ഒരു ഘട്ടത്തിലെത്തി നില്ക്കുകയാണ്. അന്യമതത്തെയും മതാനുയായികളെയും ശത്രുപക്ഷത്തു പ്രതിഷ്ഠിക്കുന്ന തികച്ചും മതവിരുദ്ധമായ ഒരു മനോഭാവം ഈ കാലഘട്ടത്തിൽ കൂടുതൽ വളർന്നുകൊണ്ടിരിക്കുന്നു. പണ്ട് അയൽപക്കത്തുള്ള ഹൈന്ദവകുടുംബങ്ങൾ വിഷുവിന് സ്വാദിഷ്ടമായ പലഹാരമുണ്ടാക്കി കൊണ്ടുവരുന്നത് മാതാപിതാക്കൾ സന്തോഷത്തോടെ സ്വീകരിച്ച് മക്കൾക്കു പങ്കുവച്ചപ്പോൾ ഞങ്ങളനുഭവിച്ചത് സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും രുചി മാത്രമായിരുന്നു. ഒരു മുസ്ലീം സുഹൃത്ത് അവരുടെ പെരുനാൾ ദിവസം അവരുടെ പ്രത്യേകഭക്ഷണം നന്നായി പാകംചെയ്ത് പള്ളിമുറിയിൽ കൊണ്ടുവരികയും ഞങ്ങൾ ഒരുമിച്ചിരുന്ന് അതു ഭക്ഷിക്കുകയും ചെയ്തപ്പോഴും എനിക്കനുഭവപ്പെട്ടത് സാഹോദര്യത്തിന്റെയും നന്മയുടെയും സൌഹൃദത്തിന്റെയും സ്വാദ് മാത്രമായിരുന്നു. അതുപോലെ പെസഹാനാളിലുണ്ടാക്കുന്ന ഇണ്ടറിയപ്പം അന്യമതസ്ഥരായ അയൽക്കാർക്ക് പങ്കുവച്ചിരുന്ന ഒരു നല്ല പാരമ്പര്യം ഇപ്പോഴും മനസിലുണ്ട്. ഈ കൊടുക്കൽ വാങ്ങലുകൾ തുടരുവാനുള്ള ലാളിത്യം അവനവന്റെ മതവിശ്വാസത്തിൽ വല്ലാണ്ടങ്ങു “വളർന്ന” ഇന്നത്തെ തലമുറയ്ക്കു നഷ്ടപ്പെട്ടിരിക്കുന്നു.
ഇങ്ങനെയുള്ള പങ്കുവയ്ക്കൽ നടക്കുമ്പോഴും തങ്ങളുടെ വിശ്വാസാനുഷ്ഠാനങ്ങളിൽ കലർപ്പുണ്ടാകാതിരിക്കാൻ അന്നുള്ളവർ ജാഗ്രത പുലർത്തിയിരുന്നു എന്നതും നാം ഓർക്കണം. ഇണ്ടറിയപ്പവും വട്ടേപ്പവും ഇതരമതസ്ഥരുമായി പങ്കുവച്ചപ്പോഴും കുരിശപ്പം മാമ്മോദീസാ സ്വീകരിച്ചിട്ടുള്ള വിശ്വാസികൾക്കുമാത്രം കൊടുക്കുവാനുള്ള വിവേകം മാതാപിതാക്കന്മാർ കാണിച്ചിരുന്നു. കാർന്നോന്മാരുടെ ഈ വകതിരിവാണ് ഇന്നത്തെ തലമുറയ്ക്കു നഷ്ടപ്പെട്ടിരിക്കുന്നത്. മറ്റു മതവിശ്വാസികളുടെ സംസ്കാരത്തിൽനിന്ന് എന്തു സ്വീകരിക്കണം എന്തു സ്വീകരിക്കരുത് എന്നുള്ള തിരിച്ചറിവ് ഇന്നു നഷ്ടപ്പെട്ടിരിക്കുന്നു. ഒരു കൂട്ടർ സങ്കുചിതമനോഭാവത്തിന്റെ തീവ്രതയിലേയ്ക്കൂളിയിട്ട് അന്യമതങ്ങളെയും അതിന്റെ സംസ്ക്കാരങ്ങളെയും പൂർണമായും പുറംതള്ളുമ്പോൾ മറ്റൊരു കൂട്ടർ സാംസ്കാരികാനുരൂപണമെന്ന ഭാവാത്മകമായ കാഴ്ചപ്പാടിനെ വ്യഭിചരിച്ച് തങ്ങളുടെ വിശ്വാസാനുഷ്ഠാനങ്ങളിൽപ്പോലും ഇതരമതവിശ്വാസങ്ങളുടെ ഘടകങ്ങൾ കൂട്ടിച്ചേർത്ത് എല്ലാം കുട്ടിച്ചോറാക്കുന്നു.
അടുത്തകാലത്ത് കൂടിവരുന്ന തീവ്രസ്വഭാവമുള്ള ചില അബദ്ധപ്രബോധനങ്ങൾ സത്യവിശ്വാസത്തെ ക്ഷയിപ്പിക്കുന്നതോടൊപ്പം നാട്ടിൽ ഇപ്പോഴും നിലനില്ക്കുന്ന സാമുദായിക സൌഹാർദ്ദംകൂടി നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേയ്ക്കെത്തുകയാണ്. വിശ്വാസം ജീവിച്ചനുഭവിച്ച നമ്മുടെ കാർന്നോന്മാർക്കുണ്ടായിരുന്ന ബോദ്ധ്യവും വിവേകവും വിശ്വാസം വിഷയമായി പഠിച്ചു പാസായ ചില ധ്യാനഗുരക്കന്മാർക്കെങ്കിലും ഇല്ലാതെ പോകുന്നത് സഭാധികാരികൾ അടിയന്തിരമായി ശ്രദ്ധിക്കേണ്ട കാര്യമാണ്.
ഏതായാലും ക്രിസ്ത്യാനികൾ ഓണമാഘോഷിക്കരുതെന്നു നിർദേശിച്ച ക്രൈസ്തവ പുരോഹിതനും ഹൈന്ദവരല്ലാത്തവർ രാജ്യം വിട്ടുപോകണമെന്നു പറഞ്ഞ ഹിന്ദുസന്ന്യാസിയും ദൈവത്തിന്റെ പേരിൽ ഇതരമതസ്ഥരോട് ചിന്താതീതമായ ക്രൂരത കാണിക്കുന്ന ഐഎസ് ഭീകരനും ഒരേ ഇനത്തിൽപ്പെടുന്നവരാണ്. അവരുടെ നിലപാടുകൊണ്ടുതന്നെ സമൂഹത്തിന്റെ പൊതുധാരയിൽനിന്ന് അവർ സ്വയം മാറി നില്ക്കുകയാണ്. അവരെ അവിടെത്തന്നെ നിറുത്താൻ പൊതുസമൂഹം നിദാന്തജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. ജാതിമതഭേദമെന്യെ എല്ലാവരും സ്വീകരിച്ചിരുന്ന ഓണത്തപ്പനും ക്രിസ്മസ് അപ്പൂപ്പനുമൊക്കെ വെറും കോമാളികളല്ലെന്നു നാം ഓർമ്മിക്കണം; നമ്മുടെ മക്കളും തിരിച്ചറിയണം. അല്ലെങ്കിൽ മുകളിൽപറഞ്ഞ മതഭ്രാന്തന്മാരുടെ കൂടെച്ചേരുന്ന അനുയായികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കും…