കുറച്ചുമുമ്പു സോഷ്യൽ മീഡിയായിൽ ഒരു പോസ്റ്റുകണ്ടു. തിന്നാനും കള്ളംപറയാനും പരദൂഷണം പരത്താനുംമാത്രം വാ പൊളിക്കുന്ന ഒരു പാഷാണത്തിൽകൃമിയുടെ പോസ്റ്റാണത്. ഇന്നത്തെ അയാളുടെ വിഷയം സീറോ മലബാർ സഭയിലെ രണ്ടു മെത്രാൻമാരാണ്. ഒന്നു കരിയിൽ മെത്രാനും അടുത്തത് മുരിക്കൻ മെത്രാനും.
കരിയിൽ മെത്രാന്റെ സഭാജീവിതത്തിലും വ്യക്തിജീവിതത്തിലും പൂശപ്പെട്ട കരിമുഴുവൻ കുഴച്ചെടുക്കുന്നതിനു നേതൃത്വംകൊടുത്തവരിൽ പ്രധാനിയാണ് ഇപ്പറഞ്ഞ പോസ്റ്റുകാരൻ. ഇയാളേപ്പോലെയുള്ള നെറികെട്ടവരുടെ താളത്തിനുതുള്ളി ധാർമ്മികമായ യാതൊരു നിലപാടുമില്ലാത്ത പെരുമാറ്റംവഴി സഭാകൂട്ടായ്മയ്ക്കു വിരുദ്ധമായി പ്രവർത്തിച്ച് ഇരന്നുവാങ്ങിയ വിധിയുമായി കരിയിൽ മെത്രാൻ അതിർത്തി കടന്നുപോകേണ്ടിവന്നെങ്കിലും ഇപ്പോഴും അദ്ദേഹത്തെ ചരിത്രപുരുഷനായി അവതരിപ്പിക്കുന്നവരുള്ളതുകൊണ്ട് അതിലാശ്വസിച്ച് ജീവിക്കാം. ഒരർത്ഥത്തിൽ സീറോമലബാർ സഭയിലെ കരിയിൽ പിതാവ് ‘ചരിത്രപുരുഷൻ’ തന്നെയാണ്. സഭാചരിത്രത്തിൽ ഒരിക്കലും മായാത്ത പേരായത് നിലനില്ക്കും.
പോസ്റ്റുകാരൻ പരാമർശിക്കുന്ന രണ്ടാമത്തെ മെത്രാൻ മുരിക്കൻ പിതാവാണ്. സിനഡിന്റെ ദുഷിപ്പുകൾ സഹിക്കാനാവാതെ ഒളിച്ചോടി സന്ന്യാസത്തിൽ പ്രവേശിച്ച യൂദാസാണത്രേ മുരിക്കൻ പിതാവ്. ഈയൊരൊറ്റ വിലയിരുത്തൽമതി എന്തുകൊണ്ടാണ് സീറോമലബാർ സഭയിലെ പ്രതിസന്ധികൾ ഇത്ര രൂക്ഷമായതെന്നു തിരിച്ചറിയാൻ. ആടിനെ പട്ടിയാക്കുന്ന വിധത്തിൽ യാഥാർത്ഥ്യങ്ങളെ തങ്ങളുടെ നിക്ഷിപ്തതാല്പര്യങ്ങളുടെ വസ്ത്രമണിയിച്ച് സമൂഹമദ്ധ്യത്തിൽ ശ്രദ്ധാർഹമായി അവതരിപ്പിക്കുന്നതിൽ വിരുതുള്ള കുറേ അധാർമ്മികരായ കുലംകുത്തികളുടെ പിടിയിൽപെട്ടുപോയി ഒരു പ്രാദേശികസഭാസമൂഹം.
സഭാജീവിതമെന്തെന്നോ സന്ന്യാസമെന്തെന്നോ യാതൊരു ഗ്രാഹ്യവുമില്ലാതെ ഒരു ഉളുപ്പുമില്ലാതെ ഇങ്ങനെയൊക്കെ എഴുതിപ്പിടിപ്പിക്കുവാനുള്ള തൊലിക്കട്ടി സമ്മതിക്കേണ്ടതുതന്നെയാണ്. വിശ്വാസമോ ധാർമ്മികബോധമോ തന്നെ തൊട്ടുതീണ്ടിയിട്ടില്ലെന്നു ആവർത്തിച്ചു തെളിയിച്ചുകൊണ്ടിരിക്കുന്നയാളായതുകൊണ്ട് അതിൽ അത്ഭുതപ്പെടേണ്ട കാര്യമൊന്നുമില്ല.
മുരിക്കൻ പിതാവിനെയോ പിതാവിന്റെ കാഴ്ചപ്പാടുകളെയോ ജീവിതശൈലികളെയോ മനസിലാക്കാതെ ഇപ്രകാരമൊരു അഭിപ്രായപ്രകടനം നടത്തിയ, പേരിൽമാത്രം അല്പം നാണം സൂക്ഷിക്കുന്ന ഈ പോസ്റ്റുകാരൻ പൊതുസമൂഹത്തിനുമുമ്പിൽ എത്രമാത്രം അപഹാസ്യനാകുന്നുണ്ടെന്നു തിരിച്ചറിയാൻ പോലും അയാൾക്കു കഴിയുന്നില്ല. നാണം കെട്ടുപോയാൽ പിന്നെ നാണമില്ലല്ലോ. അതുകൊണ്ടാണല്ലോ അങ്ങനെയുള്ളവരെ നാണംകെട്ടവൻ എന്നു സമൂഹം വിളിക്കുന്നത്.
ഏതായാലും സീറോ മലബാർ സഭയിലെ എല്ലാമെത്രാന്മാരും വത്തിക്കാൻ കാര്യാലയങ്ങളും മുഴുവൻ കള്ളന്മാരാണെന്നും സഭയിൽ സത്യത്തിനുവേണ്ടി നിലനില്ക്കുന്നത് തങ്ങൾ മാത്രമാണെന്നും ഇപ്പോഴും പൊതുസമൂഹത്തിനുമുമ്പിൽ വിളിച്ചുപറയാൻ കാണിക്കുന്ന ആ ആത്മവിശ്വാസമുണ്ടല്ലോ, അതിനെ എന്തു പേരിട്ടുവിളിക്കണമെന്നുമാത്രം മനസിലാകുന്നില്ല…