കേരളത്തിലെ ജനങ്ങൾ പാലാ മെത്രാനൊപ്പം ഒറ്റക്കെട്ടാണെന്ന യാഥാർത്ഥ്യം മനസിലാക്കിയാണ് മെത്രാനെതിരെ ആരംഭത്തിൽ പരുഷമായി പ്രതികരിച്ച മാധ്യമങ്ങളും മുഖ്യമന്ത്രിയുൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കന്മാരും തങ്ങളുടെ നിലപാടുകൾ മയപ്പെടുത്തിക്കൊണ്ടുവന്നത്. എന്നാൽ ഇന്ന് പാലായിലെ മെത്രാനെതിരേ കേരളത്തിന്റെ മുഖ്യമന്ത്രിയുടെ വായിൽ ഇത്രയും കഠിനമായ വാക്കുകൾ തിരുകിവച്ചതിന്റെ പൂർണഉത്തരവാദിത്വം ക്ലീമീസ് ബാവയ്ക്കാണ്.
അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവിന്റെ വാക്കുകൾക്ക് രാഷ്ട്രീയക്കാരും മാധ്യമങ്ങളും ചില മുസ്ലീം നേതാക്കളും നല്കിയ അതേ നിറം നല്കി അവതരിപ്പിച്ച് സ്വന്തം ‘മതേതര’നിലപാടു വ്യക്തമാക്കി സ്കോർചെയ്യാൻ ശ്രമിച്ച അഭിവന്ദ്യ ബാവയോടുള്ള പൊതുജനത്തിന്റെ പ്രതികരണമെന്താണെന്ന് ഇന്നു സോഷ്യൽമീഡിയാ ശ്രദ്ധിച്ചാൽ മനസിലാകും.
അതുകൊണ്ട് ഇനിയും ഇങ്ങനെയുള്ള മദ്ധ്യസ്ഥ നാടകങ്ങൾക്കിറങ്ങുമ്പോൾ ഒന്നുകൂടി ആലോചിച്ചിട്ടേ അങ്ങതിനു തുനിയൂ എന്നു കരുതുന്നു.
പക്ഷെ മുഖ്യമന്ത്രിയുൾപ്പെടെയുള്ള നേതാക്കന്മാരോടു പറയാനുള്ളത്, ഇതുപോലെ ആരെങ്കിലുമൊക്കെ നിങ്ങൾ പകരുന്ന ഈണത്തിൽ പാടിയെന്നു കരുതി കേരളത്തിന്റെ പൊതുസമൂഹം തങ്ങളുടെ നിലപാടുകൾ മാറ്റുകയില്ലെന്നതാണ്. നാടിനെ ഭരിക്കുന്നവർപോലും ആരെയോ ഭയന്നിട്ടെന്നപോലെ പാലാ മെത്രാൻ അവതരിപ്പിച്ച പ്രശ്നത്തെക്കുറിച്ചു ചർച്ച ചെയ്യാൻ തയ്യാറാകാതെ അന്തസില്ലാതെ അദ്ദേഹത്തിന്റെ പ്രസ്താവനയിൽ വർഗീയതയാരോപിക്കുന്നത് എത്ര പരിതാപകരമാണ്.
പേടിപ്പിച്ച് വായടിപ്പിക്കാൻ ശ്രമിക്കുന്നതിനു പകരം ഈ നാടിന്റെയും നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സംരക്ഷകൻ എന്ന വിധത്തിൽ പാലാ ബിഷപ് അവതരിപ്പിച്ച വിഷയത്തെക്കുറിച്ചു ഗൌരവമായി പഠിച്ച് ആ ആശങ്കയിൽ കഴമ്പുണ്ടെങ്കിൽ അതു പരിഹരിക്കാൻ വേണ്ട നടപടികളല്ലേ മുഖ്യമന്ത്രി, താങ്കൾ സ്വീകരിക്കേണ്ടത്…അങ്ങു ഞങ്ങളെ നിരാശപ്പെടുത്തിക്കളഞ്ഞു.
എതായാലും ആരൊക്കെ കോമാളിവേഷം കെട്ടിയാലും അഭിവന്ദ്യ കല്ലറങ്ങാട്ടു പിതാവിന്റെ വാക്കുകളെ മുറുകെപ്പിടിക്കുന്ന, അദ്ദേഹം പങ്കുവച്ച നിരീക്ഷണങ്ങൾ ആശങ്കകളായി ഹൃദയത്തിൽ സൂക്ഷിക്കുന്ന, വിശ്വാസ സമൂഹവും നന്മയാഗ്രഹിക്കുന്ന പൊതുജനവും ഇപ്പോഴും തങ്ങളുടെ നിലപാടുകൾ മാറ്റിയിട്ടില്ലെന്ന് അങ്ങു മറക്കരുത്.