എന്തേ വരാത്തതെന്നു കാത്തിരിക്കുകയായിരുന്നു… പ്രതീക്ഷ തെറ്റിച്ചില്ല. പ്രിയപ്പെട്ട സോണിയച്ചന്റെ വേദനാജനകമായ വേർപാടിൽ മനംനൊന്തവരുടെ കണ്ണീർ ഉണങ്ങുന്നതിനുമുമ്പുതന്നെ എത്തി കുറേ കണ്ടുപിടുത്തങ്ങളും ആരോപണങ്ങളുമായി. ആളു മിടുക്കനാ, കുറഞ്ഞ സമയംകൊണ്ടുതന്നെ അമേരിക്കായിൽ പലയിടത്തും കേരളത്തിൽ സോണിയച്ചൻ വികാരിയായിരുന്ന പളളിയിലുമെല്ലാം CBI പണി പൂർത്തിയാക്കി റിപ്പോർട്ടും പൊതുജനസമക്ഷം സമർപ്പിച്ചുകഴിഞ്ഞു.
തൊടുന്നതെല്ലാം പാഴായിപോകുമ്പോഴും പശുവിനെ ചാരി പോത്തിനെ വെട്ടുന്ന കുതന്ത്രവും പച്ചക്കള്ളങ്ങൾ ദൈവവചനംപോലെ പറയാനുള്ള ഉളുപ്പില്ലായ്മയും പിന്നെ കത്തോലിക്കാസഭയെ ഉദ്ധരിച്ചേ അടങ്ങൂ എന്ന ചിത്താന്തവുംകൂടിച്ചേരുമ്പോൾ അടങ്ങിയിരിക്കാൻ പറ്റുന്നില്ല.
മാത്രമല്ല, ഈ കൊറോണാക്കാലത്തു നൂറുകണക്കിനു മനുഷ്യർ തൊഴിൽ നഷ്ടപ്പെട്ട് ജീവിക്കാൻ പാടുപെടുമ്പോൾ ഇതൊരു ജീവിതമാർഗമാണെന്നുള്ള തിരിച്ചറിവ് നല്കുന്ന ആവേശവും സഭയെപ്പറ്റി വേദനിക്കുന്ന ഈ അണ്ണന്റെ പ്രവർത്തനങ്ങളിൽ കാണാൻ കഴിയും.
അപ്പന് അന്തോനീസ് പുണ്യാളന്റെ പേരുള്ളതുകൊണ്ട് മോന് വകതിരിവും മനോഭാവത്തിൽ സത്യസന്ധതയും പെരുമാറ്റത്തിൽ മാന്യതയും ഉണ്ടാകണമെന്നു വാശിപിടിക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് ഇങ്ങനെതന്നെ തുടരട്ടെ, തീറ്റതേടുന്ന കാക്കയായി…