Posted in SOCIAL

മതങ്ങൾക്കും മദമിളകിയോ??!

 

പട്ടികളെക്കൊണ്ടും പട്ടിപ്രേമികളെക്കൊണ്ടും ശരീരത്തിനും മനസിനും പരിക്കേറ്റ് പൊറുതിമുട്ടിയിരിക്കുന്നവരാണ് നാം. അങ്ങനെയുള്ള നമ്മുടെ മനസിനെ വറചട്ടിയിൽനിന്ന് എരിതീയിലേയ്ക്കിടുന്ന വാർത്തയാണ് കഴിഞ്ഞദിവസം നാം കേട്ടത്. ഗോമാംസം ഭക്ഷിച്ചുവെന്നാരോപിച്ച് ഒരു മനുഷ്യനെ ഒരുകൂട്ടം മതഭ്രാന്തന്മാർ തല്ലിക്കൊന്നു എന്ന വാർത്ത. വ്യത്യസ്ത മതവിശ്വാസങ്ങൾ ഒരുപോലെ പടർന്നു പന്തലിച്ചിരിക്കുന്ന നമ്മുടെ രാജ്യം അടുത്തകാലംവരെ ലോകത്തിനുതന്നെ മാതൃകയായിരുന്നു. ആത്മീയതയിൽ അടിസ്ഥാനമിട്ട ഒരു നാടെന്ന ഖ്യാതി ഭാരതത്തിനെന്നുമുണ്ടായിരുന്നു. ഭൌതികതയ്ക്കപ്പുറത്തുള്ള ആത്മീയയാഥാർത്ഥ്യങ്ങളുടെ പൊരുളന്വേഷിക്കുന്ന ഒരു ജീവിതശൈലി നമ്മുടെ നാടിനു സ്വന്തമായിരുന്നു. എന്നാൽ സമീപകാലങ്ങളിലെ ചില സംഭവവികാസങ്ങൾ രാജ്യത്തിനുതന്നെ അപമാനമായിത്തീർന്നിരിക്കുകയാണ്. മതങ്ങൾക്കു ഭ്രാന്തുപിടിച്ച ഒരു കാലഘട്ടമാണിതെന്നു ചിന്തിക്കേണ്ടി വന്നിരിക്കുന്നു.

ഏതു മതത്തിന്റെയും അടസ്ഥാന ജീവിതശൈലി രൂപികരിക്കപ്പെടുന്നത് അവർ വിശ്വസിക്കുന്ന മതഗ്രന്ഥത്തിന്റെയും പാരമ്പര്യങ്ങളുടെയും വ്യാഖ്യാനങ്ങളിൽനിന്നാണ്. നൂറ്റാണ്ടുകൾക്കുമുമ്പേ രചിക്കപ്പെട്ട മതഗ്രന്ഥങ്ങളും രൂപപ്പെട്ട പാരമ്പര്യങ്ങളും ഇന്നത്തെ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ വ്യാഖ്യാനിക്കപ്പെടുമ്പോഴാണ് അവ അർത്ഥമുള്ളതും ജീവിതത്തിന് മാർഗദർശകവുമായി മാറുന്നത്. അതാണ് മതപണ്ഡിതരുടെയും ആത്മീയനേതൃത്വങ്ങളുടെയും കടമയും. എന്നാലിന്ന് വ്യാഖ്യാനത്തിനുള്ള ഈ അധികാരം അവരിൽനിന്ന് ചില മതതീവ്രവാദികളുടെ ബുദ്ധി മരവിച്ച തലകളിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നുവോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വിശ്വാസികൾക്ക് ഓണാഘോഷം വിലക്കിയ ക്രിസ്ത്യാനികളും ഗോമാംസം ഭക്ഷിച്ചുവെന്നാരോപിച്ച് ഒരന്യമതസ്ഥനെ തല്ലിക്കൊന്ന ഹിന്ദുക്കളും പന്നിമാംസം വിളമ്പിയെന്നാരോപിച്ച് വിദ്യാലയത്തിൽ അതിക്രമം കാണിച്ച മുസ്ലീമുകളും ഈ സംശയത്തെ ബലപ്പെടുത്തുന്നു. വിവരവും പക്വതയുമുള്ള ആത്മീയനേതൃത്വങ്ങൾ ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

വിശ്വാസവും അതിന്റെ ആചാരങ്ങളും സ്വന്തം മതത്തിന്റെ മതിലിനകത്താണ് ആഘോഷിക്കപ്പെടേണ്ടത്. അവിടെയാണ് അത് അർത്ഥപൂർണവും പ്രയോജനകരവുമായിത്തീരുന്നത്. ഓരോ മതത്തിനും അതിന്റേതായ ചില പ്രത്യേക വിശ്വാസങ്ങളും അനുഷ്ഠാനങ്ങളുമുണ്ടാകും. ചിലർക്ക് ചില മൃഗങ്ങൾ വിശുദ്ധവും മറ്റുചിലർക്ക് ചില മൃഗങ്ങൾ അശുദ്ധവുമാണ്. പ്രസ്തുത മതാനുയായികൾക്ക് അതങ്ങനെതന്നെ ആയിരിക്കുകയും ചെയ്യട്ടെ. അതെത്രമാത്രം ദുർഗ്രഹമാണെങ്കിൽക്കൂടി അതവരുടെ വിശ്വാസാനുഷ്ഠാനത്തിന്റെ ഭാഗമായിത്തന്നെ പൊതുസമൂഹം കാണേണ്ടതുണ്ട്. എന്നാൽ പ്രസ്തുത മതവിശ്വാസികൾ തങ്ങളുടെ വിശ്വാസത്തിലെ ഇതുപോലുള്ള ഘടകങ്ങളെ തങ്ങളുടെ മതത്തിന്റെ വേലിക്കെട്ടുകൾക്കു പുറത്തേയ്ക്ക് കൊണ്ടുവന്ന് അന്യമതവിശ്വാസികളും അവിശ്വാസികളുമുൾപ്പെടുന്ന പൊതുസമൂഹത്തിന്റെമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ അതിനെ വിശേഷിപ്പിക്കാൻ നിഘണ്ടുവിൽ വാക്കുകളില്ല. ഗോമാംസം ഭക്ഷിച്ചുവെന്ന ആരോപണത്തെത്തുടർന്നുണ്ടായ അക്രമവും അതിനോട് ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരുന്ന് ചിലർ നടത്തിയ പ്രതികരണങ്ങളും രാജ്യത്തിന്റെ ചുക്കാൻ പിടിക്കുന്നയാൾ പുലർത്തിയ നീണ്ട നിശബ്ദതയും നല്കുന്ന സൂചനകൾ അവഗണിക്കാൻ പാടില്ല. ഗോമാംസം ഭക്ഷിക്കുന്നവർ രാജ്യം വിട്ടുപോകണമെന്നും പശുക്കളെ കൊല്ലുന്നവരെ തൂക്കിക്കൊല്ലണമെന്നുമൊക്കെ പുലമ്പുന്നവർ ഇപ്പോഴും തങ്ങളുടെ കസേരകളിൽത്തന്നെ ഇരിക്കുന്നുവെന്നതാണ് നമ്മുടെ നാടിന്റെ ദുർവിധി.

അതുപോലെ, വിവരവും വിദ്യാഭ്യാസവും ആവോളമുണ്ടെന്നഭിമാനിക്കുന്ന ഈ കേരളത്തിൽപോലും ചിലയിടങ്ങളിൽ ചില മൃഗങ്ങളുടെ മാംസവില്പനയ്ക്ക് ചില മതഭ്രാന്തന്മാർ വിലക്കു കല്പിച്ചിരിക്കുന്നത് അറിയാത്തവരല്ല ഇവിടുത്തെ ഭരണാധികാരികളും നിയമപാലകരുമെന്ന കാര്യത്തിൽ സംശയമില്ല. തൊട്ടാൽ കൈപൊള്ളുമെന്നു പേടിച്ച് ഇക്കാര്യത്തിൽ അവർ കൌശലപൂർവം മൌനം പാലിക്കുന്നു. മറ്റുള്ളവർ എന്തു ഭക്ഷിക്കണം എന്തു ഭക്ഷിക്കരുത് എന്നു തീരുമാനിക്കാനുള്ള അവകാശം ചില ഭ്രാന്തന്മാർ കൈയടക്കുന്നതു കണ്ടിട്ടും ഉത്തരവാദിത്വപ്പെട്ടവർ മൌനവ്രതത്തിലാണ്. എന്നാൽ ഈ വിഷവിത്തുകളെ മുളയിലെ നുള്ളിയില്ലെങ്കിൽ അതു നാടാകെ പടർന്ന് നന്മയുടെയും സഹവർത്തിത്വത്തിന്റെയും നാമ്പുകളെ നശിപ്പിച്ചുകളയുമെന്നത് നാം തിരിച്ചറിയണം. അതിനാൽ തീവ്രവാദത്തിന്റെ തിമിരം ബാധിക്കാത്ത മതപണ്ഡിതന്മാരും നട്ടെല്ലിനു ബലക്ഷയം സംഭവിക്കാത്ത ആത്മീയനേതൃത്വവും സ്വാർത്ഥതാല്പര്യങ്ങളില്ലാത്ത രാഷ്ട്രീയനേതാക്കന്മാരും സമൂഹത്തോട് പ്രതിബദ്ധതയുള്ള നിയമപാലകരും കൈകോർത്തു പ്രവർത്തിച്ച് ഈ വലിയ ആപത്തിനെ സമൂഹത്തിൽനിന്ന് തുടച്ചുമാറ്റാൻ ഇടവരണം.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s