കുറച്ചുനാളുകൾക്കുമുമ്പ് ഒരു വൈദികനും അദ്ദേഹത്തിന്റെ ഒരു സഹായിയുംകൂടി, ചില പ്രതിസന്ധികളിൽപെട്ടിരുന്ന ഒരു ഭവനത്തിൽ കടന്നുചെന്ന് പ്രാർത്ഥിച്ചിട്ടു പറഞ്ഞു: “ഈ വീടൊന്ന് പരിശോധിക്കണം. ആരോ ഇവിടെ കൂടോത്രം വെച്ചിട്ടുണ്ട്.” രണ്ടുപേരുംകൂടി കൂടോത്രം തപ്പി വീടുമുഴുവൻ അരിച്ചുപെറുക്കി. വൈദികൻ കയ്യിൽ കുരിശു പിടിച്ചും കൂടെ, ഒളിപ്പിച്ചുവച്ചിരിക്കുന്ന കൂടോത്രം പൊക്കുന്നതിൽ സ്പെഷ്യലൈസ് ചെയ്തിരിക്കുന്ന സഹായി തന്റെ ആയുധമായ വലിയൊരു കൊന്ത കറക്കിയും മുറികൾ മുഴുവൻ കയറിയിറങ്ങി. അവസാനം കിടപ്പുമുറിയിലെ അലമാരയുടെ മുകളിൽനിന്ന് ‘സാധനം’ പൊക്കി. അതുകണ്ട് വീട്ടുകാരി അന്ധാളിച്ച് വായും പൊളിച്ചുനിന്നപ്പോൾ വൈദികൻ വളരെ ഗൌരവത്തോടെ, “പുറത്തുനിന്ന് ആരൊക്കെയാണ് ഈ മുറിയിൽ കയറുന്നത്” എന്നു ചോദിച്ചു. കിടപ്പുമുറിയായതുകൊണ്ട് ആരുംതന്നെ കയറാറില്ല എന്ന് ആ സ്ത്രീ മറുപടി പറഞ്ഞു. “ആരും കയറാറില്ലേ” എന്ന ആവർത്തിച്ചുള്ള ചോദ്യത്തിന് ആ സ്ത്രീ മറുപടി പറഞ്ഞു: ” വല്ലപ്പോഴും ഭർത്താവിന്റെ സഹോദരി വരുമ്പോൾ കയറാറുണ്ട്”. “അപ്പോൾ അങ്ങനെയൊരാൾ കയറാറുണ്ട് അല്ലേ” എന്ന് അച്ചൻ അർത്ഥഗർഭമായി ചോദിച്ചു. ആ സ്ത്രീക്ക് കാര്യങ്ങളൊക്കെ മനസിലായി. അന്നവസാനിപ്പിച്ചു തന്റെ നാത്തൂനോടുള്ള ബന്ധം.
ക്ഷുദ്രപ്രയോഗങ്ങളുടെ പേരും പറഞ്ഞ് ബന്ധുക്കളെയും അയൽക്കാരെയുമൊക്കെ തമ്മിൽത്തല്ലിക്കുന്നവർ വീടുകൾ കയറിയിറങ്ങി മനുഷ്യരുടെ മനസമാധാനം നശിപ്പിക്കുന്നത് ഇന്നൊരു പതിവായിരിക്കുന്നു. അന്ധവിശ്വാസികളായ സത്യക്രിസ്ത്യാനികൾ കൂടുകയും മനുഷ്യർ ദൈവത്തെക്കാൾ പിശാചിനെക്കുറിച്ചു ധ്യാനിച്ചുകൊണ്ട് ജീവിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ ഏറ്റവും ഡിമാന്റുള്ള ഒരു തൊഴിലാണ് മുകളിൽ പറഞ്ഞത്.
മറ്റുള്ളവരുടെ നാശം ആഗ്രഹിച്ച് ക്ഷുദ്രപ്രയോഗങ്ങൾ നടത്തുന്നവരും നടത്തിക്കൊടുക്കുന്നവരുമുണ്ട്. എന്നാൽ ദൈവത്തോടു ചേർന്നു ജീവിക്കുന്നവർക്കു അവിടുന്ന് ഒരനർത്ഥവും വരുത്തില്ലെന്നുള്ള ബോദ്ധ്യമുണ്ടെങ്കിൽപിന്നെ ക്ഷുദ്രപ്രയോഗങ്ങൾക്കെന്തു ഫലം? എന്നാൽ അരുവിത്തുറ വല്യച്ചന്റെ നേർച്ചപ്പെട്ടിയിലും പിന്നെ പുണ്യാളച്ചന്റെ കുന്തം കയറിയപ്പോൾ വാപൊളിച്ചുപോയ ഭീകരജന്തുവിന്റെ അണ്ണാക്കിലും ഒരുപോലെ നേർച്ചയിടുന്ന നമ്മുടെ വിശ്വാസമാണ് ഇതുപോലുള്ള വ്യാജപ്രവാചകന്മാർ വളരാൻ കാരണം.
ഒരു ധ്യാനകേന്ദ്രത്തിൽപോയി അഞ്ചു ദിവസം ധ്യാനിച്ചിട്ട് തന്റെ അയൽവാസികളായ പന്ത്രണ്ടു കുടുംബങ്ങളോട് ഒടുങ്ങാത്ത പകയുമായി തിരിച്ചുവന്ന ഒരാളുടെ കഥ കഴിഞ്ഞ ദിവസം കേട്ടു. ധ്യാനത്തിനിടയിൽ കൌൺസിലിംഗിന്റെ സമയത്ത്, പന്ത്രണ്ട് അയൽക്കാർ അയാൾക്ക് ദോഷം വരാൻ എന്തൊക്കെയോ ക്ഷുദ്രപ്രയോഗങ്ങൾ ചെയ്തിട്ടുണ്ടെന്നു വെളിപ്പെട്ടുകിട്ടിയത്രേ! ധ്യാനങ്ങളിലൂടെ മനുഷ്യന്റെ വിശ്വാസത്തെ ബലപ്പെടുത്തുന്നതിനു പകരം അവന്റെ അന്ധവിശ്വാസങ്ങളെ ചൂഷണം ചെയ്ത് സമൂഹത്തിൽ അസമാധാനം സൃഷ്ടിക്കുന്നവർ ചെയ്യുന്നത് യഥാർത്ഥത്തിൽ ദൈവവേലതന്നെയാണോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.
ജീവിതാനുഭവങ്ങളെ വിശ്വാസത്തിന്റെ കണ്ണുകൾക്കൊണ്ടു നോക്കിക്കാണുകയും വിശ്വാസോചിതമായി അവയോടു പ്രതികരിക്കുകയും ചെയ്യാതെ വിശ്വാസം ജീവിതാനുഭവങ്ങളാൽ സ്വാധീനിക്കപ്പെടാൻ അനുവദിക്കുന്നതാണ് ഇന്നത്തെ പ്രതിസന്ധി. അതുകൊണ്ടുതന്നെ വി. കുർബാനയും ഭക്താനുഷ്ഠാനങ്ങളുമൊക്കെ വെറും “ദോഷ”പരിഹാര കർമ്മങ്ങൾ മാത്രമായിത്തീരുന്നു. കൂദാശകളുടെയും ഭക്താനുഷ്ഠാനങ്ങളുടെയും യഥാർത്ഥ ചൈതന്യം തിരിച്ചറിയുക എന്നതുമാത്രമാണ് ഇതിനുള്ള പോംവഴി. ഒപ്പം കൂടോത്രകഥകളുമായി കൊന്തയും കുരിശുംപിടിച്ച് വീട്ടിൽ കയറി വരുന്നവരോട് ക്ഷുദ്രജീവികളോടെന്നപോലെ പ്രതികരിക്കാനും നാം തയ്യാറാകണം…