Posted in SOCIAL

പ്രളയം കഴുകിയകറ്റിയ മാലിന്യങ്ങൾ ഇനിയൊരിക്കലും നമുക്കണിയാതിരിക്കാം…

പ്രളയം ഒരു ദുരന്തം തന്നെയായിരുന്നു. എന്നാൽ ദുരന്തത്തോടൊപ്പം കുന്നോളം നന്‍മയും വിതറിയിട്ടാണ് പ്രളയജലം ഒഴുകിപ്പോയത്. കേരളത്തിൽ ജീവിക്കാൻ സന്തോഷം തോന്നുന്ന ഒരന്തരീക്ഷമാണ് പ്രളയാനന്തരം നമുക്കുള്ളത്. കാരണം പ്രളയം ഒരു ശുദ്ധീകരണമായിരുന്നു. കേരളത്തനിമ നഷ്ടപ്പെട്ട് മനോഭാവത്തിലും പെരുമാറ്റത്തിലും ജീവിതശൈലിയിലും അപചയങ്ങൾ സംഭവിച്ച ഒരു സമൂഹമായി നാം മാറിക്കഴിഞ്ഞിരുന്നു. ഒരു വേദാന്തത്തിനും ഒരു സുവിശേഷത്തിനും തിരുത്തുവാൻ കഴിയാത്തവിധം സമൂഹം വഴിമാറിച്ചരിച്ചു തുടങ്ങിയിരുന്നു. അപ്പോഴാണ് പ്രളയം വന്നതും സമൂഹത്തെ ആകമാനം മൂടിയിരുന്ന ദുർഗന്ധങ്ങളെ മുഴുവൻ കഴുകിയെടുത്ത് നന്‍മയുടെ പുതിയ വിത്തുകൾ വിതച്ചതും.
സ്വാർത്ഥതയും അഹങ്കാരവുമാണ് ആദ്യം കഴുകി മാറ്റപ്പെട്ട മാലിന്യങ്ങൾ. സ്വന്തം കാര്യവും സ്വന്തക്കാരുടെ കാര്യവും മാത്രം നോക്കി വലിയ മതിൽക്കെട്ടിനുള്ളിലടച്ചിരുന്ന് സന്തോഷമെന്ന സൌഭാഗ്യമനുഭവിക്കാൻ വൃഥാ പരിശ്രമിച്ചുകൊണ്ടിരുന്ന നമ്മിൽനിന്ന് എത്ര പെട്ടെന്നാണ് ആ തിന്‍മകളെ പ്രളയം എടുത്തുമാറ്റിയത്! സ്വാർത്ഥതയില്ലാതാകുമ്പോൾ ഹൃദയത്തിൽ നിറയുന്ന സന്തോഷത്തിന്റെ രുചിയെന്താണെന്ന് നാമറിഞ്ഞ നാളുകളാണിത്. മനുഷ്യനന്‍മയുടെ ഇത്രയും മഹത്തായ പാഠങ്ങൾ ലോകത്തിനുകൊടുക്കുന്ന മറ്റൊരു സമൂഹം ഇപ്പോൾ ഭൂമിയിലുണ്ടോ എന്നു സംശയമാണ്. സ്വന്തം വീടും സൌകര്യങ്ങളും പണവും സമയവും ആരോഗ്യവും ആയുസുമെല്ലാം ദുരിതമനുഭവിക്കുന്നവർക്ക് തണലാകാൻ സമർപ്പിച്ച ഒരു ജനത. തികച്ചും പുതിയ ഒരനുഭവത്തിലേക്കു നാം വളർന്നിരിക്കുകയാണ്. പങ്കുവയ്ക്കലാണ് ആനന്ദം എന്ന പാഠം ജീവിച്ചപ്പോൾ ഉണ്ടായ അനുഭവം.
അടുത്തതായി, ഒഴിവാക്കാനാവാത്ത ഒരു തിന്മയെന്നതായിരുന്നു രാഷ്ര്ടീയത്തിനു നാം കൊടുത്തിരുന്ന വിശേഷണം. തീക്ഷ്ണമായ രാഷ്ര്ടീയചിന്ത പുലർത്താത്തവരെ സംബന്ധിച്ചിടത്തോളം വെറുപ്പുളവാക്കുന്ന പ്രവൃത്തികളും അറപ്പുളവാക്കുന്ന വാദപ്രതിവാദങ്ങളുംകൊണ്ട് നാട്ടുകാരെ വട്ടംചുറ്റിക്കുകയും അധികാരക്കസേരമാത്രം ലക്ഷ്യംവയ്ക്കുകയും ചെയ്യുന്ന ഒരു കൂട്ടരായിത്തീർന്നിരുന്നു അഴിമതിയും സ്വജനപക്ഷവാതവും ജീവിതശൈലിയാക്കിയിരുന്ന രാഷ്ട്രീയക്കാർ. എന്നാൽ പ്രളയം അവിടെയും ഒരു ശുദ്ധീകരണം നടത്തി. നേതാക്കന്മാർ സ്വാർത്ഥതയും തമ്മിൽത്തല്ലും അവസാനിപ്പിച്ച് ജനത്തിന്റെ കൂടെനിന്ന് അവരെ സംരക്ഷിക്കുമ്പോൾ രാഷ്ട്രീയവും, അതിന്റെ യഥാർത്ഥ അർത്ഥത്തിൽ ജീവിച്ചാൽ സമൂഹത്തിനതൊരു ശക്തമായ സങ്കേതമായിത്തീരുമെന്ന് ഒരുപക്ഷെ സ്വാതന്ത്ര്യാനന്തരം നാമിപ്പോഴാണ് കാണുന്നത്. കക്ഷിരാഷ്ട്രീയഭേദമെന്യേ ജനത്തിന്റെ കൂടെനിന്ന കേരളത്തിലെ നേതാക്കന്മാർ വലിയ പ്രതീക്ഷ നല്‍കുന്നു. പ്രളയം ദുരന്തമായി ഒഴുകിയെത്തുന്നത് കണ്ട് സമൂഹം ഭയവിഹ്വലരായപ്പോൾ ഒരപ്പന്റെ സ്ഥാനത്തുനിന്ന് തന്റെ മുഖഭാവംകൊണ്ടും വാക്കുകൾകൊണ്ടും പ്രവൃത്തികൾകൊണ്ടും അവരെ ശാന്തരാക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്ത ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉൾപ്പെടെയുള്ള രാഷ്ട്രീയനേതാക്കന്മാരെല്ലാം പ്രളയജലത്തിൽ സ്നാനപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയപ്രവർത്തനത്തിന്റെ വില തിരിച്ചുപിടിച്ചവരായി അവരെല്ലാം ഇന്നു സമൂഹമദ്ധ്യത്തിൽ നിറഞ്ഞു നില്ക്കുന്നു.
വീണ്ടും, കേരളത്തിന്റെ പൊതുജീവിതത്തെ എന്നും കഷ്ടപ്പെടുത്തുന്ന ഒരു കൂട്ടരായിട്ടാണ് പൊതുവേ ഇവിടുത്തെ ഉദ്യോഗസ്ഥവൃന്ദത്തെ സമൂഹം നോക്കിക്കണ്ടിരുന്നത്. കൈക്കൂലിയും കെടുകാര്യസ്ഥതയുമൊക്കെ മുഖമുദ്രയായി മാറിയിരുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ യഥാർത്ഥമുഖം പ്രകാശിച്ചുകാണാൻ പ്രളയം അവരെയും കഴുകിയെടുത്തു. ഈ നാളുകളിൽ ബ്യൂറോക്രസി മുതൽ കെസ്ഇബി ലൈൻമാൻവരെ ഉണ്ണാതെയും ഉറങ്ങാതെയും ജനത്തിന്റെകൂടെ നിന്നതാണ് ദുരിതാശ്വാസപ്രവർത്തനങ്ങളെ ഇത്രയും കാര്യക്ഷമമാക്കിയത്.
പ്രളയം അഗ്നിശുദ്ധി വരുത്തിയ മറ്റൊരു വിഭാഗമാണ് കേരളത്തിലെ മാധ്യമങ്ങൾ. കുറേ നാളുകളായി മാധ്യമ മുതലാളിമാരുടെ മത്സരങ്ങളുടെയും ഗൂഢലക്ഷ്യങ്ങളുടെയുമൊക്കെ പരിണിതഫലമായി സമൂഹത്തിൽ അസത്യങ്ങളുടെയും വേർതിരിവിന്റെയും വെറുപ്പിന്‍റെയും വിഭാഗിയതയുടെയുമൊക്കെ ന്യൂസ് അവറുകൾ അവതരിപ്പിക്കപ്പെട്ടുകൊണ്ടിരുന്ന ചാനൽമുറികൾ എത്ര പെട്ടെന്നാണ് പ്രളയനാളുകളിൽ കണ്ട്രോൾറൂമുകളായി രൂപാന്തരപ്പെട്ടത്. മാധ്യമപ്രവർത്തനം എന്ന തങ്ങളുടെ ദൌത്യം എത്ര വിശുദ്ധമായ ഒരു കർമ്മമാണെന്ന് മാധ്യമപ്രവർത്തകരും മാധ്യമങ്ങൾക്കെങ്ങനെ സമൂഹത്തെ പടുത്തുയർത്താൻ കഴിയുമെന്ന് പൊതുജനവും മനസിലാക്കിയ ദിനങ്ങളാണ് കഴിഞ്ഞുപോയത്. ഈ കുറച്ചുനാളുകളിലെ അവരുടെ പ്രവർത്തനങ്ങൾ അവർക്കു നല്കിയിട്ടുള്ള ആത്മസംതൃപ്തിക്കു പകരമാവില്ല സമൂഹത്തിൽ അസ്വസ്ഥതയും പരസ്പര സ്പർദ്ധയും വളർത്തി അവർ നേടിയിട്ടുള്ള ഒരു വിജയവും. അതുപോലെ സോഷ്യൽമീഡിയായും ഇത്രമാത്രം നന്മകളും സാദ്ധ്യതകളും മറച്ചുവയ്ക്കപ്പെട്ടിരിക്കുന്ന ഉപാധികളാണെന്നു നാം തിരിച്ചറിയാൻ പ്രളയജലം വേണ്ടിവന്നു. ലോകത്തിന്റെ നാനാഭാഗങ്ങളിലിരുന്ന് സോഷ്യൽമീഡിയായിലൂടെ മലയാളികൾ രക്ഷാപ്രവർത്തനങ്ങളിൽ പങ്കുചേരുന്നത് കണ്ടപ്പോൾ ഒരു ഹോളിവുഡ് ത്രില്ലർ കാണുന്ന അനുഭവമാണ് ഉണ്ടായത്. സോഷ്യൽമീഡിയായുടെ നന്മ നിറഞ്ഞ അപാരമായ സാദ്ധ്യതകളിലേക്കു നമ്മുടെ കണ്ണുകൾ തുറക്കപ്പെട്ടിരിക്കുന്നു.

എല്ലാ മതങ്ങൾക്കും ജലം ശുദ്ധീകരണത്തിന്റെ പ്രതീകമാണ്. പ്രളയജലം ഏറ്റവും കൂടുതൽ വിമലീകരിച്ചത് കേരളത്തിന്റെ മതബോധത്തെയാണ്. എല്ലാ മതവിശ്വാസങ്ങളെയും ഒരുപോലെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന മലയാളനാടിന്റെ നല്ല പാരമ്പര്യത്തിന്റെയും സംസ്ക്കാരത്തിന്റെയും പ്രഭ കുറേ നാളുകളായി മങ്ങിത്തുടങ്ങിയിരുന്നു. അന്യമതവിശ്വാസികളെ അവമതിയോടെ നോക്കിക്കാണാനും ശത്രുതയോടെ പ്രതികരിക്കാനും തുടങ്ങിയിരുന്നു നമ്മൾ. എന്നാൽ നമ്മുടെ നാടിന്റെ നാശത്തിനുതന്നെ കാരണമാകുമായിരുന്ന ആ വലിയ വിഷബീജത്തെ പ്രളയം അറബിക്കടലിൽ മുക്കി. എത്ര സുന്ദരമായ കാഴ്ചകളാണ് പ്രളയനാളുകൾ നമുക്കു നല്‍കിയത്. ക്ഷേത്രം വൃത്തിയാക്കുന്ന മുസ്ലീം യുവജനങ്ങളും മണ്ണുവന്നു മൂടിയ കുരിശടി കഴുകി വൃത്തിയാക്കുന്ന മൌലവിയും വെള്ളം കയറിയ പള്ളിയിലെ കന്യകാമറിയത്തിന്റെ ചിത്രം സുരക്ഷിതമായി തന്റെ പൂജാമുറിയിൽ പവിത്രതയോടെ സൂക്ഷിക്കുന്ന ഹൈന്ദവപൂജാരിയും മുസ്ലീം സഹോദരർക്ക് നിസ്ക്കരിക്കാൻ പള്ളിയിലിടമൊരുക്കുകയും മരണമടഞ്ഞ ഹൈന്ദവസഹോദരനെ സംസ്ക്കരിക്കാൻ പള്ളിസിമിത്തേരി തുറന്നുകൊടുക്കുകയുംചെയ്ത വൈദികരുമൊക്കെച്ചേർന്ന് കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്ന് ഒരിക്കൽക്കൂടി ഉറപ്പിച്ചിരിക്കുകയാണ്.
കൂടാതെ ഈ ദുരന്തങ്ങൾക്കു നടുവിലും മലയാളനാടിന്റെ ആത്മാഭിമാനത്തിനു വിലപറയാൻ മുതിർന്ന ചില വിഷവിത്തുകളെ കണ്ടംവഴി ഓടിക്കാനും കേരളത്തിന്റെ മക്കൾ സമയം കണ്ടെത്തി. മലയാളികളെന്നാൽ ഒരു കുടുംബമാണെന്ന വികാരമാണിപ്പോൾ നമുക്ക്. കഴിഞ്ഞദിവസം അർണബ് ഗോസ്വാമിക്കെതിരെയുള്ള ഒരു യൂട്യൂബ് വീഡിയോയുടെ താഴെ ഒരു പെൺകുട്ടിയുടെ കമന്റ് കണ്ടു. അതിപ്രകാരമായിരുന്നു. മുമ്പൊക്കെ ഇതുപോലുള്ള വീഡിയോകൾക്ക് കമന്റിടാൻ പേടിയായിരുന്നു. ഒരു സ്ത്രീയായതുകൊണ്ട് ആരെങ്കിലും ശല്യപ്പെടുത്തുമോയെന്ന് പേടിച്ചിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയൊരു ഫീലിംഗോ, പേടിയോ ഇല്ല. കാരണം നമ്മൾ മലയാളികൾ ഒറ്റക്കെട്ടാണ്. ഈ പെൺകുട്ടി ഒരു പ്രതീകമാണ്. പ്രളയം രൂപപ്പെടുത്തിയ സാഹോദര്യഭാവത്തിന്റെ പ്രതീകം. നമ്മുടെ നാട്ടിലെ സ്ത്രീകൾക്ക് ഇത്രയും സുരക്ഷിതത്വബോധം ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ടോയെന്നു സംശയമാണ്. ആ സുരക്ഷിതത്വബോധം നല്കുന്ന ആന്തരികസ്വാതന്ത്ര്യത്തിലാണ് ആ പെൺകുട്ടി തന്റെ അഭിപ്രായം രേഖപ്പെടുത്തുന്നത്.
പ്രളയത്തിൽ പൊലിഞ്ഞുപോയ ജീവിതങ്ങളും തകർന്നടിഞ്ഞ പാർപ്പിടങ്ങളും ഒലിച്ചുപോയ കൃഷിയിടങ്ങളും നൊമ്പരമായി അവശേഷിക്കുമ്പോഴും അവയൊക്കെയും പോയതിനേക്കാൾ സുന്ദരമായി തിരികെകൊണ്ടുവരുവാനും ഒരു നവകേരളംതന്നെ സൃഷ്ടിക്കാനും നമുക്കു കഴിയും എന്നതിന് പ്രളയം വിതറിയിട്ടുപോയ ഈ നന്‍മകളുടെ വിത്തുകൾതന്നെ സാക്ഷ്യം. ഒന്നുമാത്രം ഓർക്കുക, പ്രളയം കഴുകിയകറ്റിയ മാലിന്യങ്ങൾ ഇനി ഒരിക്കലും നമുക്കണിയാതിരിക്കാം. എല്ലാവർക്കും നന്മ വരട്ടെ.
ഫാ. സെബാസ്റ്റ്യൻ മുതുപ്ലാക്കൽ.

Posted in SOCIAL

മുല്ലപ്പെരിയാറിലേക്ക് ഒരിക്കൽക്കൂടി

കേരളം മുഴുവൻ കൈകോർത്തുനിന്ന് മഹാപ്രളയത്തിന്റെ കെടുതികളിൽനിന്ന് വളരെ പെട്ടെന്ന് ഉയിർത്തെഴുന്നേറ്റുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാം ഒരിക്കൽക്കൂടി മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയുമൊക്കെ ശ്രദ്ധയിലേക്കു വരികയാണ്. കുറേ നാളുകൾക്കുമുമ്പ് കേരളം മുഴുവൻ വ്യാപിച്ച മുല്ലപ്പെരിയാർ സമരത്തിന്റെ മുനയൊടിക്കാൻ തമിഴ്നാട്ടിലെ നേതാക്കൾ കണ്ട വഴി തങ്ങളുടെ ജനതയെക്കൊണ്ട് മലയാളികളെയും അവരുടെ സമ്പാദ്യങ്ങളെയും നശിപ്പിക്കുകയെന്നതായിരുന്നു. അതു വളരെ ഫലപ്രദമായി അവർ നിർവഹിക്കുകയും കേരളജനത വിവേകത്തോടെ സമരത്തിൽനിന്ന് പിൻവാങ്ങുകയും ചെയ്തു. പക്ഷെ അതുവഴിയായി തമിഴ്നാട്ടിലെ ജനങ്ങളോട് പല മലയാളികളുടെയും ഉള്ളിലൊരു അസ്വസ്ഥത രൂപംകൊണ്ടു. തങ്ങളുടെ ജീവനും സ്വത്തിനും ഒരു വിലയും കല്പ്പിക്കാതെ തികച്ചും അന്യായമായ ന്യായവാദങ്ങളുമായി അവർ നമുക്കുമുമ്പിൽ നിന്നതിനേക്കുറിച്ചോർത്ത്. എന്നാൽ ഈ പ്രളയകാലം നമ്മുടെ ധാരണകളിൽ ചില തിരുത്തലുകൾ നടത്തുകയാണ്. കേരളത്തിന്റെ ദുരന്തമറിഞ്ഞ് മലയാളികൾക്കുവേണ്ടി തമിഴ്ജനത നല്കിയതും നല്കിക്കൊണ്ടിരിക്കുന്നതുമായ അതിശക്തമായ പിന്തുണയുടെയും സഹായങ്ങളുടെയും കണക്കുകൾ നാം കണ്ടുകൊണ്ടിരിക്കുന്നു. പാവപ്പെട്ട മനുഷ്യർപോലും തങ്ങളുടെ ഇല്ലായ്മയിൽനിന്ന് കേരളത്തിനുവേണ്ടി പങ്കുവയ്ക്കൽ നടത്തുന്നതിന്റെ ചിത്രങ്ങൾ നിരവധി നാം കണ്ടുകഴിഞ്ഞു. കേരളത്തിൽ കൂലിപ്പണിചെയ്തു ജീവിക്കുന്ന തമിഴ്നാട്ടുകാർ ആരും ചോദിക്കാതെതന്നെ ദുരിതാശ്വാസപ്രവർത്തകർക്കു തങ്ങളുടെ സമ്പാദ്യം പങ്കുവയ്ക്കുന്ന കഥകളും കേട്ടു. കുടുക്കകൾ പൊട്ടിച്ച് തങ്ങളുടെ കുഞ്ഞു സമ്പാദ്യങ്ങൾ മുഴുവൻ നല്കുന്ന കുഞ്ഞുങ്ങളും വലിയ ട്രക്കുകളിൽ കേരളത്തിലേക്കു വേണ്ടതെല്ലാം കൊണ്ടുവരുന്ന മുതിർന്നവരും ലക്ഷങ്ങൾ ദുരിതാശ്വാസനിധിയിലേക്കു നല്കുന്ന സിനിമാതാരങ്ങളുമെല്ലാം തമിഴ്മക്കൾ മലയാളികളെ എങ്ങനെ സ്നേഹിക്കുന്നുു എന്നതിന്റെ തെളിവുകളാണ്. അപ്പോൾപ്പിന്നെ എന്തുകൊണ്ടാണ് ഈ ജനം ഒരിക്കൽ കേരളത്തെ ശത്രുവിനേപ്പോലെ നോക്കിക്കണ്ട് ഉപദ്രവിച്ചത്!? അതിന് ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു ഉത്തരം മാത്രമേ കണ്ടെത്താൻ സാധിക്കു. അവർ ചില സ്ഥാപിതതാല്പര്യക്കാരുടെ ചട്ടുകമാക്കപ്പെടുകയായിരുന്നു. നേതാക്കന്മാരാൽ തെറ്റിധരിപ്പിക്കപ്പെട്ട ഒരു സമൂഹമാണവർ. മുല്ലപ്പെരിയാർ ഡാം പൊളിക്കാൻ അനുവദിച്ചാൽ കേരളം പിന്നെ അതൊരിക്കലും നിർമ്മിക്കില്ലെന്നും, അഥവാ നിർമ്മിച്ചാൽ അതിലെ ജലം തങ്ങൾക്കുപയോഗിക്കാൻ തരില്ലെന്നും ജനങ്ങളെ ആരൊക്കെയോചേർന്ന് തെറ്റിധരിപ്പിച്ചിട്ടുണ്ട്. വെള്ളമില്ലെങ്കിൽ തങ്ങളുടെ ജീവിതം നശിക്കുമെന്ന ഭീതിയിലാണ് അന്ന് അവർ അക്രമപ്രവൃത്തികളിലേക്കു തിരിഞ്ഞതെന്നുവേണം അനുമാനിക്കാൻ.

ഈ സാഹചര്യത്തിൽ മുല്ലപ്പെരിയാറിനെക്കുറിച്ച് ഒരു വീണ്ടുവിചാരം ആവശ്യമാണ്. മുല്ലപ്പെരിയാർ ഡാം സുരക്ഷിതമാണ് എന്നുറപ്പുള്ള ശാസ്ത്രജ്ഞന്‍മാരും എഞ്ചിനീയർമാരും ഉൾപ്പെടെയുള്ള ഒരുകൂട്ടം മനുഷ്യർ ഇപ്പോഴും സമൂഹത്തിലുണ്ട്. ഇതൊരു ഗ്രാവിറ്റി ഡാമായതുകൊണ്ട് ഒന്നും ഭയപ്പെടാനില്ല എന്നു മറ്റു ചിലർ പറയുന്നു. ഇപ്രകാരം ഡാം സുരക്ഷിതമാണെന്നു പറയുന്നവർ, ആയുസു പൂർത്തിയായ ഡാമുകളെല്ലാം ഡീകമ്മീഷൻ ചെയ്യണമെന്നുള്ള അന്താരാഷ്ട്രനിലപാടുകളോട് എങ്ങനെയാണ് പ്രതികരിക്കുന്നത്? മറ്റു ചിലർ പറയുന്നത് ബലക്ഷയമുണ്ടായിരുന്ന ഡാമിനെ തമിഴ്നാട് സംരക്ഷണഭിത്തി കെട്ടിയും ഡാമിന്റെ കെട്ടിനെ ഉറപ്പിച്ചുനിറുത്തിയിരുന്ന സുർക്കി മിശ്രിതം ഒഴുകിപ്പോയി പൊള്ളയായിരുന്ന സ്ഥലങ്ങളിൽ കോൺക്രീറ്റ് ഒഴിച്ച് അതു നിറച്ചും ബലപ്പെടുത്തിയിട്ടുണ്ടെന്നാണ്. ഇങ്ങനെ കാലപ്പഴക്കംകൊണ്ട് ബലക്ഷയം സംഭവിച്ച ഡാമുകളെ കയ്യാലകെട്ടിയും കോൺക്രീറ്റ് കലക്കിയൊഴിച്ചും ബലപ്പെടുത്തി നിർത്താൻ പറ്റുമായിരുന്നെങ്കിൽ പിന്നെയെന്തുകൊണ്ടാണ് സാങ്കേതികവിദ്യയിൽ നമുക്കു മുന്നേ പോകുന്ന പല വിദേശരാജ്യങ്ങളും അങ്ങനെയുള്ള വഴികൾതേടാതെ കോടികൾമുടക്കി നിർമ്മിച്ച ഡാമുകൾ അവയുടെ ആയുസെത്തികഴിയുമ്പോൾ ഡീകമ്മീഷൻ ചെയ്യുന്നത്? അവരൊക്കെയെന്താ വെറുതേ ഡാം കെട്ടിയും പൊളിച്ചും കളിക്കുകയാണോ..? അമേരിക്കപോലുള്ള രാജ്യങ്ങളിൽ ഡാമുകളുടെ ആയുസ് അമ്പത് വർഷമായാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് എവിടെയോ വായിച്ചു. അപ്പഴാ ഇവിടെ ‘കാലനില്ലാത്ത കാല’ത്തിലെ കഥാപാത്രത്തെപ്പോലെ ഒരു ഡാം ഇപ്പോഴും നിലനില്‍ക്കുന്നത്. മുല്ലപ്പെരിയാർ ഡാം ബലക്ഷയത്തിന്റെ പല ലക്ഷണങ്ങളും കാണിച്ചിട്ടുണ്ടെന്നത് ഡാം സുരക്ഷിതമാണെന്നു വാദിക്കുന്നവരും സമ്മതിക്കേണ്ട ഒരു സത്യമാണല്ലോ. ഡാം സുരക്ഷിതമാണെന്നത് അതു തകരുന്നതുവരെമാത്രം പറഞ്ഞുകൊണ്ടിരിക്കാൻപറ്റുന്ന ഒരു പല്ലവിയാണെന്നു മറക്കാതിരിക്കാം.

മറ്റൊരു വാദം അഥവാ മുല്ലപ്പെരിയാർ ഡാമിനെന്തെങ്കിലും സംഭവിച്ചാൽത്തന്നെ ഇടുക്കി ഡാമിന് ആ വെള്ളം കൂടി ഉൾക്കൊള്ളാനുള്ള കരുത്തുണ്ടെന്നാണ്. ഈ വാദം പറയുമ്പോൾത്തന്നെ രണ്ടുകാര്യങ്ങൾ മറക്കുന്നുണ്ട്. ഒന്ന് മുല്ലപ്പെരിയാർ ഒഴുകി ഇടുക്കിയിലെത്തുംവരെയുള്ള സ്ഥലങ്ങളുടെയും അവിടെ വസിക്കുന്ന ജനങ്ങളുടെയും അവസ്ഥ. മറ്റൊന്ന് ഒരു ഡാം തകർന്ന് ഒഴുകിവരുന്നത് വെള്ളംമാത്രമല്ല എന്ന സത്യം. ഇതുരണ്ടും മാറ്റിവെച്ചാലും ഇടുക്കി ഡാം എന്തുമാത്രം താങ്ങുമെന്ന് ഈ പ്രളയകാലം നമുക്കു കാണിച്ചു തന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ വാദത്തിനിനി പ്രസക്തിയില്ല. ഏതായാലും പ്രകൃതിയിൽ മനുഷ്യൻ കെട്ടിപ്പൊക്കുന്ന എല്ലാ അസ്വാഭാവിക നിർമ്മാണങ്ങൾക്കും പ്രകൃതിതന്നെ നിശ്ചയിക്കുന്ന ഒരായുസുണ്ടെന്നുള്ളത് സത്യമാണ്. ഭൂപ്രകൃതിയുടെ ആകൃതിപോലും ശാശ്വതമല്ലെന്നു നാം മനസിലാക്കിക്കൊണ്ടിരിക്കുകയാണ്.

ഏതായാലും മുല്ലപ്പെരിയാർ ഡാമിന് ബലക്ഷയമുണ്ടോ ഇല്ലയോ എന്നുള്ള തർക്കമവിടെ നില്ക്കട്ടെ. മറ്റൊരു വിചാരമാണ് ഇനി സജീവമാകേണ്ടതെന്ന് എനിക്കു തോന്നുന്നു. മുല്ലപ്പെരിയാർ ഡാം പുനർനിർമ്മിച്ചാൽ എന്താണ് പ്രശ്നം? അതുകൊണ്ട് ആർക്കാണ് നഷ്ടം, ആർക്കാണ് ലാഭം..? ഡാമിനെന്തെങ്കിലും ദുരന്തം സംഭവിച്ചാൽ കേരളത്തിനും തമിഴ്നാടിനും അത് ഒരുപോലെ ദുരന്തമാകും. കേരളത്തിന്റെ ഒരു ഭാഗം നിമിഷനേരംകൊണ്ട് ഇല്ലാതാകുമ്പോൾ തമിഴ്നാടിന്റെ ഏതാനും ജില്ലകൾ ജലമില്ലാതെ നരകിച്ചുമരിക്കും. അപ്പോൾ സുരക്ഷിതമായ ഡാം ഉണ്ടായാൽ രണ്ടുസംസ്ഥാനങ്ങൾക്കും ഊരുപേടിയില്ലാതെ സമാധാനത്തിൽ ജീവിക്കാൻ അതു കാരണമാകും എന്നതാണ് സത്യം. പക്ഷെ എന്താണ് അതിനു തടസമായിട്ടുള്ളത്…? ഇപ്പോഴത്തെ കേസുകളും കോടതിവിധികളുമൊക്കെ ഇരുസംസ്ഥാനങ്ങളും ഒരുമിച്ചിരുന്നാൽ തീരുന്നതേയുള്ളു എന്നു നമുക്കറിയാം. പിന്നെയുള്ളത് ഡാം പുനർനിർമ്മിക്കുന്നതിനുവേണ്ടിവരുന്ന ഭീമമായ ചിലവാണ്. അതിനുപക്ഷെ നിരവധിയായ മാർഗങ്ങൾ നമുക്കുമുമ്പിലുണ്ടെന്നുള്ളതിന് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പലവിധ വൻകിട നിർമ്മാണ പ്രവർത്തനങ്ങൾ സാക്ഷ്യങ്ങളാണ്. അങ്ങനെ ഒരോതടസത്തെയും അരിച്ചുനീക്കി മുന്നോട്ടുവരുമ്പോൾ നമ്മൾ എത്തിനില്ക്കുന്ന അന്യായത്തിന്റെ വലിയ ചില തുരുത്തുകളുണ്ട്. അതിലൊന്നാണ് സ്ഥലംകൊണ്ടും ജലംകൊണ്ടും പൂർണമായും കേരളത്തിന്റെ സ്വന്തമായ മുല്ലപ്പെരിയാർ ഡാമിന്റെമേൽ യുക്തിരഹിതവും കാലഹരണപ്പെട്ടതുമായ ഒരു കരാറിന്റെ ഉറപ്പിൽ തമിഴ്നാട് കയ്യാളുന്ന അവകാശം. രണ്ടാമതായി തമിഴ്നാടിന്റെ അഞ്ചാറു ജില്ലകളിലെ പച്ചപ്പു നിലനിറുത്തുന്നതിനും അവയെ വിഭവസമൃദ്ധമാക്കുന്നതിനും പ്രതിവർഷം അവർ കേരളത്തിനു നല്കുന്ന പത്തുലക്ഷം രൂപ. അതായത് പ്രതിമാസം 83334 രൂപ. ഒരദ്ധ്യാപകന്റെ ഒരു മാസത്തെ ശമ്പളത്തിനൊത്ത തുക! അണക്കെട്ട് പുതുക്കിപ്പണിതാൽ ഇപ്പോഴും നിലനില്‍ക്കുന്നു എന്നുപറയപ്പെടുന്ന പഴയ കരാർ റദ്ദാക്കപ്പെടുകയും ഈ രണ്ട് അന്യായങ്ങൾ ഇല്ലാതാവുകയും ചെയ്യും എന്നതാണ് ഫലം. തമിഴ്നാട് ഡാമിന്റെ പുനർനിർമ്മാണത്തെ എതിർക്കുന്നതിന്റെ അടിസ്ഥാനകാരണങ്ങൾ ഇതാണെന്ന് അറിയാത്തവർ ആരാണുള്ളത്. എന്നാൽ ഉത്തരവാദിത്വപ്പെട്ടവർ തങ്ങളുടെ രാഷ്ട്രീയലക്ഷ്യങ്ങൾക്കുവേണ്ടി അറിവില്ലായ്മ ഭാവിക്കുന്നു എന്നതാണ് ദുരന്തം. തമിഴ്നാട്ടിലെ രാഷ്ട്രീയം അല്പംകൂടി കടന്ന് ഡാം പുനർനിർമ്മിച്ചാൽ കേരളം തങ്ങൾക്കു വെള്ളം തരില്ല എന്നു ജനത്തെ പറഞ്ഞു ബോദ്ധ്യപ്പെടുത്തിവച്ചിരിക്കുന്നു…

രണ്ടുസംസ്ഥാനങ്ങളിലെയും രാഷ്ട്രീയപാർട്ടികൾ സ്വാർത്ഥതവെടിഞ്ഞ് ഒരു മേശയ്ക്കുചുറ്റുമിരുന്നാൽ തീരാവുന്ന പ്രതിസന്ധിമാത്രമല്ലേ ഇതെന്നു സംശയിച്ചുപോകുന്നു. അന്ധന്റെ പിച്ചച്ചട്ടിയിൽനിന്ന് മോഷ്ടിക്കുന്നതുപോലെയുള്ള പെരുമാറ്റം അവസാനിപ്പിച്ച് രാജ്യത്തു നിലവിലിരിക്കുന്ന വ്യവസ്ഥകളനുസരിച്ചുള്ള കരാറുകളിൽ ഏർപ്പെട്ട് മാന്യമായി ഈ പ്രശ്നത്തെ പരിഹരിക്കാൻ തമിഴ്നാട്ടിലെ രാഷ്ട്രീയനേതൃത്വം തയ്യാറാകണം. നിയമങ്ങളും കോടതികളുമുള്ള ജനാധിപത്യരാജ്യത്തിൽ തങ്ങൾക്കാവശ്യമുള്ള ജലം ലഭിക്കാനും ജീവിതവും ജീവിതമാർഗങ്ങളും സുരക്ഷിതമാക്കാനും നിരവധി വഴികളുണ്ടെന്നും തിരിച്ചുള്ള പ്രചരണങ്ങളൊക്കെ രാഷ്ര്ടീയക്കളികളിലെ കരുനീക്കങ്ങൾ മാത്രമാണെന്നും തമിഴ്മക്കളെ ആരെങ്കിലുമൊക്കെ ബോദ്ധ്യപ്പെടുത്തുകയും വേണം. കേരളത്തിന്റെ പ്രളയനാളുകളിൽ കേരളത്തിലെ രാഷ്ട്രീയനേതൃത്വം കക്ഷിരാഷ്ട്രീയംമറന്നു പ്രകടിപ്പിച്ച അസാധാരണമായ നടപടികൾ സ്വാർത്ഥതവെടിഞ്ഞാൽ തങ്ങൾക്ക് ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ സാധിക്കുമെന്നു തെളിയിച്ചിട്ടുണ്ട്. ആ വെളിച്ചംകണ്ട് കൊതിച്ചാണ് ഇത്രയും എഴുതിയത്. നല്ലത് ഭവിക്കട്ടെ…

 

 

 

Posted in INSTANT RESPONSE

തിരിച്ചറിയണം… പൊരുതണം…

സമാനതകളില്ലാത്ത ദുരന്തത്തെ കേരളം ഒരേ മനസോടെ ചെറുത്തുതോല്പ്പിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ മനസിൽ സൂക്ഷിക്കാനും ശ്രദ്ധിക്കാനുമായി ഒരു കാര്യം പങ്കുവയ്ക്കുകയാണ്. കേരളത്തിന്റെ ദുരിതങ്ങളിൽ കൂടെ നില്ക്കാൻ വിദേശരാജ്യങ്ങളും അന്താരാഷ്ട്ര പ്രസ്ഥാനങ്ങളും മനസുകാണിച്ചപ്പോൾ അതിനോട് പുറംതിരുഞ്ഞുനില്ക്കുന്ന കേന്ദ്രസർക്കാരിന്റെ യഥാർത്ഥമുഖം നാം കണ്ടുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ ചില നിലപാടുകളുടെ മറവിൽ ഇപ്രകാരം കേരളത്തിലേയ്ക്കുള്ള സഹായങ്ങളെ തിരസ്ക്കരിക്കുന്ന ഈ സാഹചര്യത്തെ ഒറ്റപ്പെട്ട സംഭവമായി കാണുവാൻ പാടില്ല എന്നാണ് എനിക്കു തോന്നുന്നത്. കേരളം ആവശ്യപ്പെട്ടതും സംസ്ഥാനത്തിന്റെ പുനർനിർമ്മാണത്തിനാവശ്യമുള്ളതും കേന്ദ്രത്തിൽനിന്നു നല്‍കിയിട്ടാണ് ഈ തിരസ്ക്കരണമെങ്കിൽ മനസിലാക്കാമായിരുന്നു. ഇതിപ്പോൾ ചോദിച്ചതിന്റെ ഒരംശം തരികയും, തന്ന അരിയുടെ വിലയായി അതിൽനിന്നും പകുതിയോളം തിരിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തവരാണ് ഇപ്രകാരം വിദേശസഹായങ്ങളെ തിരസ്ക്കരിക്കുന്നത്. കൂടാതെ ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലുമൊക്കെയായി കേരളത്തിനു സഹായമൊന്നും ചെയ്യേണ്ട ആവശ്യമില്ലെന്നും, അല്പംകൂടി ഗുരുതരമായി വർഗീയതയുടെ വിഷം പുരട്ടി ഇവിടെയുള്ളവർ നശിക്കട്ടെയെന്നുമുള്ള പോസ്റ്റുകൾ നിരവധി വന്നുകൊണ്ടിരിക്കുന്നു. കൂടാതെ ജാതിയോ മതമോ ഒന്നും നോക്കാതെ ഒരേ ഹൃദയത്തോടെ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ തമ്മിൽ അകറ്റുന്ന വിധത്തിൽ തട്ടിക്കൂട്ടു ചാനലുകളിൽകൂടിയും ഔദ്യോഗികചാനലിൽകൂടിയും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നു. ഭാരതത്തിലെ നിരവധി സംസ്ഥാനങ്ങൾ പലവിധത്തിലുള്ള സഹായങ്ങളുമായി ഓടിവന്നപ്പോഴും അവിടെയൊന്നും ബിജെപി ഭരിക്കുന്ന ഒരു സംസ്ഥാനത്തെയും കണ്ടില്ല. എന്തിനധികം, വേണ്ടതിനും വേണ്ടാത്തതിനുമെല്ലാം ഓൺലൈൻ മീഡിയായിലുടെയും മറ്റു മാധ്യമങ്ങളിലൂടെയും എപ്പോഴും സമൂഹത്തോട് സംവദിച്ചുകൊണ്ടിരിക്കുന്ന ഒരു ബിജെപി നേതാവുപോലും ഈ ദുരന്തത്തെക്കുറിച്ചു ഒരു വാക്കുപോലും പറഞ്ഞതായി കണ്ടില്ല. ആകെപ്പാടെ മലയാളിയായ ഒരു ദേശീയനേതാവ് ചങ്ങനാശേരിയിലെ ഒരു ക്യാമ്പിൽ ഉറക്കംനടിച്ചു കിടന്നതിന്റെ ഫോട്ടോ സ്വയം പ്രസിദ്ധീകരിച്ചത് മാത്രമാണ് കണ്ടത്. കൂടാതെ കേന്ദ്രസർക്കാരിനെ പിന്തുണക്കുന്ന ചില സംഘടനകൾ പണ്ടു മറ്റു പല വടക്കൻ സംസ്ഥാനങ്ങളിലും നടന്ന ദുരന്തങ്ങളിൽ അവർ ചെയ്ത രക്ഷാപ്രവർത്തനങ്ങളുടെ ഫോട്ടോകൾ ഇവിടുത്തേതെന്നെന്ന രീതിയിൽ പ്രചരിപ്പിക്കുന്നു. ഒപ്പം ഇവിടുത്തെ ചില ഫോട്ടോകൾ അവരുടെതായി അവതരിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ നാടിനെ പുനർനിർമ്മിക്കാൻ വിശ്രമമില്ലാതെ നാം പ്രവർത്തിക്കുമ്പോഴും ഈയൊരു കാര്യം നാം ശ്രദ്ധിച്ചേ മതിയാകൂ. കേരളം പൂർവാധികം ശക്തിയോടെ ഉയിർത്തെഴുന്നേല്ക്കുന്നതിനെ തടയാൻ ആരൊക്കെയോ ബോധപൂർവം ശ്രമിക്കുന്നതുപോലെ… വടക്കൻനാടുകളെപ്പോലെ കേരളജനതയെ തങ്ങളുടെ ചൊൽപ്പടിക്കു നില്ക്കാൻ കിട്ടാത്തതുകൊണ്ട് ഇതിങ്ങനെയങ്ങു നശിക്കട്ടെയെന്നു ചിന്തിക്കുന്നതുപോലെ… കേരളം പഴയ കേരളമാകാൻ ആർക്കൊക്കെയോ താല്പര്യമില്ലെന്നു തോന്നുന്നു. എന്നാൽ ഈ വലിയ സാഹചര്യത്തെ നാം എപ്രകാരമാണോ അതിജീവിച്ചത് അതേ മനസോടെ ഈവക ദുരന്തങ്ങളെയും പടിക്കുപുറത്തുനിറുത്താൻ നമുക്കു കഴിയട്ടെ… ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞതുപോലെ, പഴയ കേരളമല്ല, പുതിയ ഒരു കേരളംതന്നെ നമുക്കു സൃഷ്ടിക്കണം…

 

Posted in SOCIAL

ഒരു മരണക്കുറിപ്പ്…

 

മുപ്പത്താറ് വയസു പ്രായമുണ്ടായിരുന്ന ഒരു ചെറുപ്പക്കാരന്റെ മൃതദേഹസംസ്ക്കാരത്തിനുശേഷം വന്നിരിക്കുകയാണ് ഞാൻ. വിഷുദിനത്തിൽ ബൈക്ക് അപകടത്തിൽ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ് എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ ചികിത്സയിലായിരുന്ന യുവാവാണ് മരിച്ചത്. ആ ആത്മാവിനു നിത്യശാന്തി നേരുകയും അവന്റെ ഭാര്യക്കും രണ്ടു കുഞ്ഞുങ്ങൾക്കും മാതാപിതാക്കൾക്കും സഹോദരർക്കുംവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തുകൊണ്ടാണ് ഈ കുറിപ്പെഴുതുന്നത്.

അപകടമുണ്ടായി കട്ടപ്പനയിലെ ആശുപത്രിയിൽ എത്തിച്ച ഈ ചെറുപ്പക്കാരന്റെ സ്ഥിതി ഗുരുതരമായിരുന്നതിനാൽ എറണാകുളത്തേയ്ക്കു കൊണ്ടുപോകാൻ ആശുപത്രി അധികൃതർ പറഞ്ഞതനുസരിച്ച് ഒരു ഐ സി യു ആംബുലൻസു അന്വേഷിച്ചവർ ഒരു കാര്യം തിരിച്ചറിഞ്ഞു. ആംബുലൻസ് ഉണ്ട്. എന്നാൽ അതു ഡ്രൈവു ചെയ്യാൻ ആരുമില്ല. ഡ്രൈവർമാരെല്ലാം വിഷു പ്രമാണിച്ച് മദ്യലഹരിയിലായിരുന്നത്രേ! ഏതായാലും എവിടുന്നോ ഡ്രൈവറെ സംഘടിപ്പിച്ച് അവർ കട്ടപ്പനയിൽനിന്ന് എറണാകുളത്തേയ്ക്കു യാത്ര തിരിച്ചപ്പോൾ മൂന്നു മണിക്കൂറുകൾ കടന്നുപോയിരുന്നു. തലയ്ക്കു ഗുരുതരമായ പരിക്കുപറ്റിയ ആൾക്കു ചികിത്സയുടെ ആദ്യത്തെ മണിക്കൂറുകൾ എത്ര വിലപ്പെട്ടതാണെന്നു എല്ലാവർക്കുമറിയാം. ആ വിലപ്പെട്ട മൂന്നു മണിക്കൂറുകൾ വിദഗ്ദ്ധ ചികിത്സ കിട്ടാതിരുന്ന ആ ചെറുപ്പക്കാരൻ പിന്നീട് എറണാകുളം ആശുപത്രിയിൽ രണ്ടുദിവസങ്ങൾ കൂടി കിടന്നിട്ടാണ് മരണമടഞ്ഞത്.

ഈ ദാരുണ മരണത്തിന്റെ പശ്ചാത്തലത്തിൽ എനിക്കു മൂന്നു കൂട്ടരോടാണ് സംസാരിക്കാനുള്ളത്. ഒന്നാമതായി ആംബുലൻസ് ഡ്രൈവർമാരോട്… അത്യാസന്ന നിലയിലുള്ള രോഗികളുടെ ജീവനും കൈയിൽപിടിച്ച് പായുന്ന നിങ്ങളോട് എന്നും മനസിൽ ആദരവുമാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ ഇവിടെ സംഭവിച്ചത് നിങ്ങളിൽ ചിലരുടെ ഭാഗത്തുനിന്നുള്ള കൃത്യവിലോപം തന്നെയാണ്. ആംബുലൻസിന്റെ സാരഥിയെന്ന ജോലി തിരഞ്ഞെടുക്കുമ്പോൾത്തന്നെ ആ ജോലി നിങ്ങളെ ഏല്പിക്കുന്ന ഒരു ഉത്തരവാദിത്വമുണ്ട്. ഇരുപത്തിനാലു മണിക്കൂറിൽ ഏതു നിമിഷവും രോഗികളെയുംകൊണ്ട് പോകാനുള്ള വിളി പ്രതീക്ഷിച്ച് ജാഗ്രതയോടെയിരിക്കുകയെന്ന ഉത്തരവാദിത്വം. അതേറ്റെടുക്കാൻ മനസില്ലെങ്കിൽ പിന്നെ എന്തിനാണ് ഈ ജോലി സ്വീകരിക്കുന്നത്. വല്ല പെട്ടിഓട്ടോറിക്ഷയോ മറ്റോ ഓടിച്ചാൽ പോരെ. അതാകുമ്പോ സൌകര്യമുള്ളപ്പോൾ ഓടിച്ചാൽ മതിയല്ലോ…ഡ്രൈവർ മദ്യലഹരിയിലായിരുന്നതുകൊണ്ട് അത്യാസന്നനിലയിലുള്ള ഒരു രോഗിക്ക് മണിക്കൂറുകൾ ചികിത്സ നിഷേധിക്കപ്പെടുന്നത് എത്ര വലിയ അപരാധമാണെന്നു നിങ്ങൾ മനസിലാക്കുന്നില്ലേ…? അതു മനസിലാകണമെങ്കിൽ ചെയ്യുന്ന ജോലി ശമ്പളത്തിനുവേണ്ടിയുള്ള വെറും വണ്ടിപ്പണിയല്ലെന്നുള്ള തിരിച്ചറിവുണ്ടാകണം… ഒരു ജീവൻ അണയാതെ കാത്തുസൂക്ഷിക്കാനുള്ള പലരുടെയും പ്രയത്നത്തിൽ പങ്കുചേരാനുള്ള ദൌത്യമാണ് താൻ ഏറ്റെടുത്തിരിക്കുന്നതെന്ന ബോദ്ധ്യമുണ്ടാകണം… ആ ബോധമുണ്ടെങ്കിലേ ഇരുപത്തിനാലു മണിക്കൂറും ജാഗ്രതയോടെയിരിക്കാൻ നിങ്ങൾക്കു സാധിക്കൂ…

രണ്ടാമത് എനിക്കു സംസാരിക്കാനുള്ളത് ആംബുലൻസ് സർവീസ് നടത്തുന്ന പ്രസ്ഥാനങ്ങളോടാണ്. എത്രയോ ജന്മങ്ങളെ പുനർജീവിതത്തിലേയ്ക്കു നയിക്കാൻ നിങ്ങളുടെ ഈ സർവീസുകൊണ്ട് കഴിഞ്ഞിട്ടുണ്ട്. അതുവഴി എത്രയോ കുടുംബങ്ങളുടെ സ്വസ്ഥജീവിതത്തിനു നിങ്ങളും കാരണമായിത്തീർന്നിട്ടുണ്ട്… എന്നാൽ നിങ്ങളിൽ ചിലരെങ്കിലും ഇതിനെ വെറുമൊരു ബിസിനസ് മാത്രമായി പരിഗണിക്കുന്നുവെന്നത് വലിയൊരു ദുരന്തമാണ്. അവരെ സംബന്ധിച്ചിടത്തോളം ഓരോ രോഗിയും ഒരു കച്ചവടസാദ്ധ്യതയാണ്. ആംബുലൻസ് സർവീസും മൊബൈൽ മോർച്ചറിയും ഒരുമിച്ചു കൊണ്ടുനടക്കുന്നവർ രണ്ടിനും ‘ഓട്ടം’ കിട്ടാൻ ആഗ്രഹിക്കുമല്ലോ…മറ്റു ചില പ്രസ്ഥനങ്ങൾ സാമൂഹികപ്രതിബദ്ധതയുടെ പേരിലാണ് ആംബുലൻസ് സർവീസ് നടത്തുന്നത്. എന്നാൽ ഈ സാമൂഹികപ്രതിബദ്ധത തങ്ങൾക്കു സൌകര്യമുള്ളപ്പോൾ മാത്രം പ്രകടിപ്പിക്കാനുള്ളതാണോ…? ഒരു ആംബുലൻസ് സർവീസ് നടത്തുന്നുണ്ടെങ്കിൽ ഇരുപത്തിനാലു മണിക്കൂറും അതിന്റെ സേവനം ആവശ്യമുള്ളവർക്കു ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതും ആ പ്രസ്ഥാനങ്ങളുടെ കടമയല്ലേ…? ഡ്രൈവർ ‘ഫിറ്റാ’യതുകൊണ്ട് ആംബുലൻസ് സർവീസ് അത്യാവശ്യസമയത്ത് കിട്ടില്ല എന്നു പറയേണ്ടിവരുന്നത് എത്രമാത്രം നിരുത്തരവാദപരമായ അവസ്ഥയാണ്…! തങ്ങളുടെ സാമൂഹികസേവനങ്ങളുടെ ലിസ്റ്റിൽ ചേർക്കാനുള്ള ഒരു ഐറ്റം മാത്രമായി ആംബുലൻസ് സർവീസ് നടത്തുന്ന പ്രസ്ഥാനങ്ങൾ അല്പംകൂടി പ്രതിബദ്ധത സമൂഹത്തോടു കാണിക്കേണ്ടിയിരിക്കുന്നു…

ആംബുലൻസ് സർവീസ് നടത്തുന്ന പ്രസ്ഥാനങ്ങളുടെ ഉത്തരവാദിത്വപ്പെട്ടവർക്കും അതിന്റെ ഡ്രൈവർമാർക്കും എന്തെങ്കിലും ബോധവത്ക്കരണം ഇക്കാര്യത്തിൽ ഔദ്യോഗികതലത്തിൽ നല്കപ്പെടുന്നുണ്ടോയെന്ന് എനിക്കറിയില്ല. ഉണ്ടെങ്കിൽ അതു കൂടുതൽ കാര്യക്ഷമമാക്കേണ്ടിയിരിക്കുന്നു. തങ്ങൾ ഏർപ്പെട്ടിരിക്കുന്നത് വെറുമൊരു ബിസിനസിലല്ലെന്നും തങ്ങൾ ചെയ്യുന്ന ജോലി ശമ്പളത്തിനുവേണ്ടി മാത്രമുള്ളതല്ലെന്നും ബോദ്ധ്യമില്ലാത്തവർ ഈ മേഖലയിൽ ഉണ്ടാകാൻ പാടില്ല.

അവസാനമായി എനിക്കു സംസാരിക്കാനുള്ളത് ആശുപത്രി അധികൃതരോടും അവിടുത്തെ ജോലിക്കാരോടുമാണ്. തങ്ങളുടെ ആശുപത്രിയിലേയ്ക്കു കൊണ്ടുവരപ്പെടുന്ന രോഗിക്ക് അവിടെ പ്രവേശിപ്പിക്കപ്പെടുന്നതുമുതൽ അവിടുന്ന് സൌഖ്യപ്പെട്ട് തിരികെപോവുകയോ വിദഗ്ദ്ധ ചികിത്സയ്ക്കു മറ്റ് ആശുപത്രികളിൽ എത്തിക്കുകയോ ചെയ്യുന്നതുവരെ ഏറ്റവും ഉചിതമായ ശുശ്രൂഷ കൊടുക്കാൻ ആശുപത്രികളിലെ ഉത്തരവാദിത്വപ്പെട്ടവർക്കു കടമയുണ്ടല്ലോ. എന്നാൽ ഈ കടമനിർവഹണത്തിലും പലപ്പോഴും വീഴ്ചകൾ സംഭവിക്കുന്നുവെന്നത് നിർഭാഗ്യകരമാണ്. പ്രത്യേകിച്ചും മറ്റു ആശുപത്രികളിലേയ്ക്കു അയയ്ക്കാൻ നിർദേശിക്കപ്പെടുന്ന രോഗികളെ ഡിസ്ചാർജ് ചെയ്തുകഴിഞ്ഞാൽപിന്നെ യാതൊരു പരിഗണനയും അവർക്കു കൊടുക്കാത്ത അവസ്ഥകൾ പലയിടത്തുമുണ്ടെന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. പലപ്പോഴും അത്യാസന്നനിലയിലുള്ള രോഗികളെയുംകൊണ്ട് വരുന്നവർ വേവലാതി പിടിച്ച് എന്തുചെയ്യണമെന്ന് അറിയാതെ പരക്കംപായുന്ന അവസ്ഥയിലായിരിക്കും. എന്തുകൊണ്ട് അങ്ങനെയുള്ളവരുടെ കൂടെനിന്ന് അവർക്കാവശ്യമുള്ള സഹായങ്ങൾ ചെയ്തുകൊടുക്കാനുള്ള സംവിധാനം ആശുപത്രി അധികൃതർ ക്രമീകരിക്കുന്നില്ല…? നിർദേശിക്കപ്പെട്ടിരിക്കുന്ന സ്ഥലത്ത് സമയത്തുതന്നെ സുരക്ഷിതമായി അവർ എത്തിച്ചേർന്നുവെന്ന് ഉറപ്പുവരുത്താനുംകൂടി നിങ്ങൾ ശ്രമിക്കുമ്പോഴല്ലേ നിങ്ങളുടെ സ്ഥാപനം യഥാർത്ഥത്തിൽ ആതുരസേവനചൈതന്യത്തിലാകുന്നത്…? അതിനു സാധിക്കണമെങ്കിൽ തങ്ങളുടെ മുമ്പിൽ എത്തപ്പെട്ടിരിക്കുന്നത് തങ്ങളുടെ കണക്കുപുസ്തകത്തിലെ ഒരു പുതിയ എൻട്രി മാത്രമല്ല, അമൂല്യമായ ഒരു ജീവനാണെന്ന ബോദ്ധ്യംകൂടി ഉണ്ടാകേണ്ടിയിരിക്കുന്നു. ആ ബോദ്ധ്യക്കുറവുകൊണ്ടാണ് പലപ്പോഴും തങ്ങളുടെ അക്കൌണ്ട് ക്ലോസ് ചെയ്തുകഴിഞ്ഞാൽപിന്നെ ഒരു പരിഗണനയും ആ രോഗിക്കു കൊടുക്കാൻ അധികൃതർ തയ്യാറാകാത്തത്. അതുകൊണ്ടുതന്നെയല്ലേ ഏറ്റവും അത്യാസന്നനിലയിൽ മറ്റൊരു സ്ഥലത്തേയ്ക്കയക്കാൻ നിർദേശിക്കപ്പെട്ട രോഗിക്ക് ആംബുലൻസ് ഡ്രൈവ് ചെയ്യാൻ സുബോധമുള്ള ഒരു ഡ്രൈവറെ കിട്ടാൻ മണിക്കൂറുകൾ കാത്തുകിടക്കേണ്ടിവന്നത്…ആശുപത്രിയിൽ അഡ്മിറ്റാകുന്ന രോഗിയെ ‘പേഷ്യന്റ്’ എന്ന നിർജീവമായ പേരിട്ടുവിളിച്ച് കൈകാര്യം ചെയ്യുമ്പോൾ നിങ്ങൾ മറക്കരുതാത്ത മറ്റു ചില യാഥാർത്ഥ്യങ്ങളുണ്ട്. ആ വ്യക്തിയുടെ ജീവനോടൊപ്പം നെഞ്ചുചേർത്തുപിടിച്ചിരിക്കുന്ന ജീവിതപങ്കാളിയോ മക്കളോ മാതാപിതാക്കളോ സഹോദരരോ ഒക്കെ നിങ്ങളുടെ തുറക്കപ്പെടാത്ത വാതിലിനപ്പുറത്ത് നൂറായിരം പ്രാർത്ഥനകളോടെ നില്പുണ്ടെന്ന യാഥാർത്ഥ്യം. ദൈവം നിങ്ങളുടെ രൂപത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവന്റെ ജീവനെ തങ്ങളുടെ കൈയിൽ തിരികെയേല്പ്പിക്കും എന്ന വലിയ പ്രതീക്ഷയിലാണ് അവർ നില്ക്കുന്നത്. അതുകൊണ്ടുതന്നെ അല്പംകൂടി വൈകാരികമായ പിന്തുണ അവർക്കു നല്കാൻ ആശുപത്രിയെ ജോലിക്കാരും ആശുപത്രി അധികൃതരും തയ്യാറാകേണ്ടിയിരിക്കുന്നു. ഒരുപക്ഷെ ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജോലിക്കാർ നിരന്തരം ഇങ്ങനെയുള്ള രോഗികളെ കൈകാര്യം ചെയ്യുന്നതുകൊണ്ട് ഒരുതരം നിർവികാരത അവരിൽ വളരാൻ സാദ്ധ്യതയുണ്ട്. പക്ഷെ തങ്ങളുടെ നിർവികാരതയും നിസംഗതയും പ്രിയപ്പെട്ടവരുടെ അപകടാവസ്ഥയിൽ വൈകാരികമായി പിടിവിട്ടുനില്ക്കുന്നവർക്കുമുമ്പിൽ പ്രകടിപ്പിക്കുന്നതാണ് വലിയ ദുരന്തം.

ഞാൻ മുകളിൽ സംസാരിച്ച മൂന്നു കൂട്ടരും ആത്മശോധനയ്ക്കിരിക്കുമ്പോൾ ഭർത്താവു നഷ്ടപ്പെട്ട ഒരു പെൺകുട്ടിയുടെയും അപ്പൻ നഷ്ടപ്പെട്ട രണ്ടു കുഞ്ഞുങ്ങളുടെയും മകൻ നഷ്ടപ്പെട്ട മാതാപിതാക്കളുടെയും സഹോദരനെ നഷ്ടപ്പെട്ട കൂടപ്പിറപ്പുകളുടെയും നൊമ്പരക്കടലിന്റെ ആഴം കൂട്ടാൻ തങ്ങൾ കാരണമായിട്ടുണ്ടോയെന്ന് കണ്ടെത്തണം… ഇനിയും ഇങ്ങനെയുള്ള ദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ… അതിനുവേണ്ടിമാത്രം…

Posted in INSTANT RESPONSE

ജാഗ്രത

ആസിഫയെന്ന അതിദയനീയമായ ദുരന്തത്തിൽ ഹൃദയമുള്ളവർ വിറങ്ങലിച്ചുനില്ക്കുമ്പോഴും ആ നിഷ്ഠൂരതയെ പുകഴ്ത്താൻ മലയാളത്തിന്റെ അക്ഷരങ്ങൾ ഉപയോഗിക്കപ്പെട്ടു എന്നത് ഞെട്ടലോടെ മാത്രമേ കാണാൻ കഴിയുന്നുള്ളു. വർഗീയതയും മതവിദ്വേഷവും വിവരവും വിദ്യാഭ്യാസവുമില്ലാത്ത ജനസമൂഹത്തെ മാത്രമല്ല പൊതുവേ സംസ്ക്കാരസമ്പന്നരെന്ന് അഭിമാനിക്കുന്ന മലയാളികളേയും അന്ധരാക്കാൻ തുടങ്ങിയെന്നുള്ള തിരിച്ചറിവ് ഉറക്കംകെടുത്തുന്ന യാഥാർത്ഥ്യമാണ്…ആ പൈശാചികപ്രവൃത്തിയെ അനുകൂലിച്ചു അഭിപ്രായം പ്രകടിപ്പിച്ചവൻ പേപ്പട്ടിക്കു തുല്യനാണ്… എത്രയും പെട്ടെന്ന് ആ ജന്തുവിനെ സമൂഹത്തിൽനിന്ന് ഒഴിവാക്കിയില്ലെങ്കിൽ അതു മറ്റൊരു ദുരന്തമായി വളരും…

Posted in SPIRITUAL

ഇത്തിൾക്കണ്ണികൾ പൂത്തുതുടങ്ങിയിരിക്കുന്നു….!!

 

സത്യവിശ്വാസത്തിന്റെ അടിത്തറയിൽ പണിതുയർത്തപ്പെട്ടിരിക്കുന്ന കത്തോലിക്കാസഭ വ്യത്യസ്ത തരത്തിലുള്ള വിശ്വാസപ്രതിസന്ധികളെ അതിജീവിച്ചാണ് ഇന്നു ലോകത്തിനു വെളിച്ചം പകർന്ന് നിലകൊള്ളുന്നത്. വലിയ വിശ്വാസപ്രതിസന്ധികൾ സഭയെ പിടിച്ചുകുലുക്കിയ അവസരങ്ങളിലെല്ലാം അല്പംപോലും ചുവടുപിഴയ്ക്കാതെ സത്യവിശ്വാസത്തിന്റെ പ്രഭവിതറി നിലനില്ക്കാൻ സഭയ്ക്കു സാധിച്ചത് അതിന്റെ പ്രബോധനങ്ങളും വിശ്വാസങ്ങളും നിത്യസത്യത്തിൽ അടിയുറച്ചതായിരുന്നതുകൊണ്ടാണ്. കാലാകാലങ്ങളിൽ വിശുദ്ധരും പണ്ഡിതരുമായ പിതാക്കന്മാർ ദൈവവചനത്തെയും സഭയുടെ പാരമ്പര്യത്തെയും കോർത്തിണക്കി വിശ്വാസികൾക്കു ചരിക്കാൻ ശരിയായ മാർഗം വരച്ചിട്ടിരിക്കുന്നതിനാൽ വിശ്വാസപ്രതിസന്ധികളെക്കുറിച്ച് സഭ ഒട്ടും ആകുലപ്പെടേണ്ട ആവശ്യമില്ല.

എന്നാൽ ഈ സത്യമാർഗത്തെ ശരിയായ വിധത്തിൽ വിശ്വാസികൾക്കു കാണിച്ചുകൊടുക്കാൻ ഉത്തരവാദിത്വപ്പെട്ടവർക്കു കഴിയാതെപോയാൽ അതു വലിയ പ്രതിസന്ധികൾ സൃഷ്ടിക്കും. അതിന്റെ ഒരു ഉദാഹരണമാണ് ഇന്നു സഭയിൽ രൂപപ്പെട്ടിരിക്കുന്നതും എന്നാൽ ഉത്തരവാദിത്വപ്പെട്ടവർ ഇപ്പോഴും അറിഞ്ഞിട്ടില്ലെന്നു നടിക്കുകയും ചെയ്യുന്ന ഒരു മൂവ്മെന്റ്. കത്തോലിക്കാസഭയിൽനിന്നുതന്നെ രൂപപ്പെട്ടിരിക്കുന്ന ചില അബദ്ധപ്രബോധനങ്ങളുടെയും ശരിയല്ലാത്ത വചനവ്യാഖ്യാനത്തിന്റെയും ഫലമായി അന്യമതങ്ങളെയും അന്യമതാനുയായികളെയും ശത്രുക്കളായി പരിഗണിക്കുന്ന അത്യന്തം അപകടകരമായ കാഴ്ചപ്പാടുകളുമായി ഒരുപറ്റം സത്യവിശ്വാസികൾ ഇന്നു കൂട്ടംകൂടിയിരിക്കുന്നു. കുറച്ചുനാളുകളായി ഇങ്ങനെയുള്ളവരുടെ ഒറ്റപ്പെട്ട ശബ്ദങ്ങളും കുറിപ്പുകളുമൊക്കെ സഭയിൽ പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതൊരു പ്രസ്ഥാനമായി മാറിയിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞദിവസം കെസിബിസി ബൈബിൾ കമ്മീഷൻ മുൻസെക്രട്ടറിയായിരുന്ന ബഹു. മയ്യാറ്റിൽ അച്ചൻ ഇതേക്കുറിച്ചു സൂചിപ്പിച്ച് എഴുതിയ കുറിപ്പിനു അവർ നല്കിയ മറുപടി ആ സംശയത്തെ ദൂരീകരിക്കുന്നു. സഭയുടെ പ്രബോധങ്ങളെയും പഠനങ്ങളെയുമെല്ലാം പെട്ടിയിലടച്ച് തങ്ങളുടെ ബുദ്ധിയിൽതെളിയുന്ന ചിന്തകളെ പ്രബോധനങ്ങളായി സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിന് ചിലരുടെ ഭാഗത്തുനിന്ന് ഇന്ന് സംഘടിതമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. അബദ്ധപ്രബോധനങ്ങൾ നല്കി സഭയ്ക്കു പുറത്തുപോയിട്ടുള്ള ചില ഗ്രൂപ്പുകളെപ്പോലെതന്നെ ദൈവവചനത്തെ സഭാത്മകമായി മനസിലാക്കാനും വ്യാഖ്യാനിക്കാനും ശ്രമിക്കാതെ തികച്ചും വ്യക്തിപരമായ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാൻ അവർ ശ്രമിക്കുകയാണ്. ഒരൊറ്റ സുവിശേഷത്തിൽനിന്ന് വ്യത്യസ്ത സഭകൾ ജന്മമെടുക്കാൻ ഒരു പ്രധാന കാരണമായ സാംസ്ക്കാരികാനുരൂപണം എന്ന നന്മയെ പൈശാചികമായി അവതരിപ്പിച്ച് അവർ വിശ്വാസികളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നു. അതേസമയം മറ്റു സമൂഹത്തിൽനിന്നും സംസ്ക്കാരത്തിൽനിന്നും എന്തു സ്വീകരിക്കണം എങ്ങനെ സ്വീകരിക്കണം എന്ന സഭയുടെ പഠനങ്ങളെയെല്ലാം അവഗണിച്ച് സാംസ്ക്കാരികാനുരൂപണം എന്നപേരിൽ വി. കുർബാനയിൽപ്പോലും കോപ്രായങ്ങൾ കാട്ടിക്കൂട്ടുന്നവരുടെ ചെയ്തികൾ ഇവരുടെ വാദങ്ങൾക്കു ശക്തി കൂട്ടുകയും ചെയ്യുന്നു. ദൈവവചനവ്യാഖ്യാനത്തിന്റെ അടിസ്ഥാന തത്വങ്ങൾപോലും മറന്നിട്ടാണ് ഇവരുടെ പ്രബോധനങ്ങൾ.. മാംസമായി അവതരിച്ച ദൈവവചനം വാക്കുകളായി രൂപാന്തരപ്പെട്ടത് ചില പ്രത്യേക സ്ഥലങ്ങളിലും കാലങ്ങളിലുമായിരുന്നെന്ന സത്യം മറക്കപ്പെടുന്നു… അതുകൊണ്ടുതന്നെ വചനത്തിന്റെ സന്ദേശം കാലദേശങ്ങൾക്കതീതമാകുമ്പോഴും അതിന്റെ സാംസ്ക്കാരികവും ചരിത്രപരവുമായ പശ്ചാത്തലം അവഗണിക്കപ്പെട്ടാൽ അതിന്റെ ശരിയായ സന്ദേശം കണ്ടെത്തുന്നതിൽ കുറവുണ്ടാകുമെന്ന സത്യം ചിലർ മനപൂർവം മറക്കുന്നു. കൂടാതെ ബൈബിൾ എന്ന പുസ്തകത്തിൽ ദൈവവചനം പൂർണമാണെന്ന വാദവും ചിലർ പുലർത്തുന്നു. എഴുതപ്പെട്ട വചനമെന്ന് ബൈബിളിനെ വിളിക്കുന്ന സഭ തന്റെ പാരമ്പര്യത്തെ എഴുതപ്പെടാത്ത വചനമെന്നാണ് വിളിക്കുന്നത്.  ആദ്യനൂറ്റാണ്ടിലെ ആരാധനക്രമങ്ങൾ, എട്ടാം നൂറ്റാണ്ടുവരെ ജീവിച്ചിരുന്ന സഭാപിതാക്കന്മാരുടെ പ്രബോധനങ്ങൾ, സാർവത്രികസൂനഹദോസുകളുടെ പ്രഖ്യാപനങ്ങൾ, മാർപ്പാപ്പമാരുടെ വിശ്വാസസത്യപ്രഖ്യാപനങ്ങൾ എന്നീ ഘടകങ്ങൾ ഉൾക്കൊള്ളുന്ന സഭയുടെ പാരമ്പര്യമെന്ന എഴുതപ്പെടാത്ത വചനംകൂടി ചേരുമ്പോഴാണ് ദൈവവചനം പൂർണമാകുന്നതെന്ന് പലരും മനസിലാക്കുന്നില്ല. ചുരുക്കത്തിൽ എഴുതപ്പെട്ട വചനമായ ബൈബിളിന്റെ വ്യാഖ്യാനം എഴുതപ്പെടാത്ത വചനമായ സഭയുടെ പാരമ്പര്യങ്ങളോടും പഠനങ്ങളോടും യോജിച്ചുനില്ക്കുമ്പോൾ മാത്രമേ അത് സത്യസന്ധവും വിശ്വാസയോഗ്യവും ആവുകയുള്ളു. കാലാകാലങ്ങളിലുണ്ടായിട്ടുള്ള വലിയ വിശ്വാസപ്രതിസന്ധികളിലൊക്കെ ഉലയാതെ നില്ക്കാൻ സഭയെ സഹായിച്ചതും ബൈബിളിന്റെയും പാരമ്പര്യത്തിന്റെയും പരസ്പരബന്ധത്തിലുള്ള സഭയുടെ അടിയുറച്ച കാഴ്ച്ചപ്പാടുകളാണ്. എന്നാൽ ബൈബിൾ സഭയ്ക്കുവേണ്ടി നല്കപ്പെട്ടിരിക്കുന്ന സഭയുടെ സ്വത്താണെന്ന സത്യം വിസ്മരിച്ച് അതിനെ സ്വകാര്യസ്വത്തായി പരിഗണിച്ച് സ്വന്തം ഭാവനയിൽ വിരിയുന്നതും ആളുകൾക്കു ആകർഷകവുമായ ചിന്തകൾ വിതറി സമൂഹത്തിൽ ആശയക്കുഴപ്പമുണ്ടാക്കുകയും അന്യമതങ്ങളെയും അന്യമതവിശ്വാസികളെയും പൈശാചികമെന്ന പേരുചേർത്തു വിശേഷിപ്പിക്കുകയും ചെയ്യുന്നവർ യഥാർത്ഥത്തിൽ സാമൂഹ്യവിരുദ്ധരാണെന്നു നാം തിരിച്ചറിയണം… കത്തോലിക്കാസഭ അച്ചന്മാരുടെയും മെത്രാന്മാരുടെയും സൌകര്യത്തിനുവേണ്ടി ബൈബിളിലെ  വചനത്തിൽ വെള്ളം ചേർത്തിരിക്കുന്നതിനാൽ പി.ഒ.സി. ബൈബിൾതന്നെ ശരിയല്ലെന്ന വാദവും അടുത്തകാലത്തുകേട്ടു. ഇതുപോലുള്ള കുത്തിത്തിരുപ്പുകൾ സഭയിൽ തുടങ്ങുമ്പോൾത്തന്നെ ഉത്തരവാദിത്വപ്പെട്ടവർ ഉറക്കംവിട്ടുണർന്നേ മതിയാകു. അതല്ലെങ്കിൽ പല വിശ്വാസികളിലും അത് ആശയക്കുഴപ്പമുണ്ടാക്കുകയും അവരുടെ വശ്വാസത്തിൽപ്പോലും പ്രതിസന്ധികൾ രൂപപ്പെടുകയും ചെയ്യും.

സത്യവിശ്വാസം പഠിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട അഭിവന്ദ്യ മെത്രാന്മാർ തങ്ങളുടെ വിലയും നിലയും മറന്ന് ചില പ്രമുഖരായ ധ്യാനഗുരുക്കന്മാരോട് വിധേയത്വവും ആരാധനയും പുലർത്തുന്നത് അവരുടെ ശരിയല്ലാത്ത പ്രബോധനങ്ങളിൽ അടിയുറച്ചു നില്ക്കാൻ അവർക്കു ശക്തിയാകുന്നുണ്ടെന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. കൂടുന്ന ആളുകളുടെ എണ്ണത്തേക്കാൾ പ്രഘോഷിക്കപ്പെടുന്ന വചനത്തിന്റെ ആധികാരികതയാണ് ധ്യാനകേന്ദ്രങ്ങളെ വിലയിരുത്താൻ അടിസ്ഥാന മാനദണ്ഡമായി സ്വീകരിക്കേണ്ടതെന്നു ജനക്കൂട്ടത്തിന്റെ വലുപ്പത്തിൽ ആകൃഷ്ടരാകുന്ന അധികാരികൾ മറക്കരുത്. അടുത്തകാലത്ത്, തികച്ചും സഭയുടെ ചിന്തകൾക്കു വിരുദ്ധമായി അന്യമതത്തെ ആക്ഷേപിച്ചു സംസാരിച്ച ഒരു വചനപ്രഘോഷകനെ ഒരു ഇടവകയിൽ കൺവൻഷൻ നടത്താൻ വിളിക്കുകയും പരസ്യത്തിനുവേണ്ടി ഫ്ലക്സും നോട്ടീസുമൊക്കെ തയ്യാറാക്കിയപ്പോൾ ആ രൂപതയുടെ മെത്രാന്റെ തലകൂടി അതിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇതിനെല്ലാം തലവെച്ചുകൊടുക്കുന്ന മെത്രാന്മാർ ഇതുപോലുള്ളവരുടെ അബദ്ധപ്രബോധനങ്ങൾക്കു അതുവഴി കൈയൊപ്പു ചാർത്തിക്കൊടുക്കുകയാണെന്നു ചിന്തിക്കുന്നുണ്ടോ ആവോ.. വിശ്വാസികളെ സംബന്ധിച്ചിടത്തോളം മെത്രാനും വികാരിയച്ചനും അംഗീകരിച്ചാശീർവദിക്കുന്നയാളുടെ പ്രബോധനം ഇരുകൈയും നീട്ടി സ്വീകരിക്കാൻ പിന്നെ മുൻപിൻ നോക്കേണ്ട കാര്യമില്ലല്ലോ.. എന്നാൽ നിർഭാഗ്യവശാൽ ഇന്ന് വിശ്വാസികളും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കേണ്ടിവരുന്നു. സത്യവിശ്വാസം മാത്രം പ്രസംഗിക്കപ്പെടേണ്ട കത്തോലിക്കാസഭയുടെ പ്രസംഗപീഠങ്ങളിലും അബദ്ധപ്രബോധനങ്ങൾ ഉണ്ടാകാൻ തുടങ്ങിയിരിക്കുന്നു!! വചനത്തെ സഭാത്മകമായി മനസിലാക്കാനും പഠിക്കാനും വിശ്വാസികളും, വിശ്വാസവിരുദ്ധമായ പഠനങ്ങൾ എത്രകൊമ്പത്തുനിന്നുണ്ടായാലും തങ്ങളുടെ ഉത്തരവാദിത്വം മറക്കാതെ അതിനെ തള്ളിപ്പറയാൻ അധികാരികളും എപ്പോഴും ജാഗരൂകരായിരിക്കണമെന്ന് ഇക്കൂട്ടരുടെ സാന്നിദ്ധ്യം നമ്മെ നിരന്തരം ഓർമ്മപ്പെടുത്തുന്നു… 

 

 

Posted in SOCIAL

നേഴ്സുമാരും അവരുടെ ശമ്പളവും

നേഴ്സുമാരുടെ ശമ്പളവർദ്ധനവിനുവേണ്ടിയുള്ള സമരത്തോടനുബന്ധിച്ച് പലവിധത്തിലുള്ള അഭിപ്രായങ്ങൾ മാധ്യമങ്ങളിലൂടെയും അല്ലാതെയുമൊക്കെ നാം കേൾക്കുന്നുണ്ട്. അതിന്റെ സാങ്കേതികവും നിയമപരവുമായ വശങ്ങളിലേയ്ക്കൊന്നും കടക്കാതെ പൊതുവായ ഒരു കാര്യം മാത്രമാണ് എനിക്കു പറയാനുള്ളത്. നേഴ്സുമാരുടെ ജോലിയും ജോലിഭാരവുമൊക്കെ എല്ലാവർക്കും മനസിലാകുന്ന ഒരു കാര്യമാണ്. മാത്രമല്ല കേരളത്തിലെ നേഴ്സുമാരിൽ ഭൂരിപക്ഷവും ഇടത്തരം കുടുംബങ്ങളിൽനിന്നോ പാവപ്പെട്ട കുടുംബങ്ങളിൽനിന്നോ വരുന്നവരാണെന്നതും ഒരു സത്യമാണ്. അവർക്ക് ഉചിതമായ ശമ്പളം ലഭിക്കുകയെന്നത് തികച്ചും ന്യായമായ കാര്യമാണ്. എന്നാൽ അങ്ങനെ ശമ്പളം അധികം വർദ്ധിപ്പിച്ചു കൊടുക്കാൻ പ്രായോഗികമായി സാദ്ധ്യമല്ലെന്ന മറുവാദവും കേൾക്കുന്നു. സാമൂഹിക നീതിക്കുവേണ്ടി നിലകൊള്ളേണ്ട സഭ തീർച്ചയായും ഇക്കാര്യത്തിൽ മാതൃകാപരമായി പെരുമാറേണ്ടതാണ്. എന്നാൽ പ്രായോഗികമായി അത് അസാദ്ധ്യമാണെന്നതു സത്യമാണെങ്കിൽ നമ്മൾ എന്തിനാണ് ഇനിയും ഇങ്ങനെയുള്ള ഹൈടെക് ഹോസ്പിറ്റലുകൾ നടത്തിക്കൊണ്ടു പോകുന്നത്? ഓരോ വിഭാഗത്തിലും പ്രാഗത്ഭ്യം തെളിയിച്ച ഡോക്ടർമാരുടെ എണ്ണമനുസരിച്ചാണ് ഹോസ്പിറ്റലുകളുടെ പ്രശസ്തി എന്നതു എല്ലാവർക്കുമറിയാവുന്ന ഒരു യാഥാർത്ഥ്യമാണ്. അപ്പോൾ പ്രഗത്ഭരായ ഡോക്ടർമാരെ കൂടെനിറുത്താൻ പലതരത്തിലുള്ള വഴികൾ സ്വീകരിക്കേണ്ടി വരുന്നത് ഈ ഹൈടെക് മത്സരത്തിൽ പങ്കുചേരുന്നതുകൊണ്ടാണ്. യഥാർത്ഥത്തിൽ സഭയുടെ ദൌത്യത്തിൽ ഈയൊരു മത്സരയിനം ഉണ്ടോയെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. നമ്മുടെ സ്ഥാപനത്തിൽ ജോലിചെയ്യുന്നവരുടെ മുറവിളിക്കുള്ള ന്യായമായ പരിഹാരമല്ലേ നാം ആദ്യം കണ്ടുപിടിക്കേണ്ടത്. ലോകത്തിലുള്ള രോഗികളെ മുഴുവൻ ‘ശുശ്രൂഷിച്ച്’ സുഖപ്പെടുത്താൻ വമ്പൻ പരസ്യക്കമ്പനികൾക്കു പണം കൊടുത്ത് കിടിലൻ പരസ്യങ്ങളുണ്ടാക്കിയും ചികിത്സാ ഇളവുകൾ പ്രഖ്യാപിച്ചും ഹോസ്പിറ്റലുകൾ മത്സരിക്കുമ്പോൾ സത്യത്തിൽ അതിനോട് ചേരാൻ സഭയുടെ ശരിയായ രോഗീശുശ്രൂഷയുടെ ശൈലി നമ്മെ അനുവദിക്കുന്നുണ്ടോയെന്നു ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അങ്ങനെ മത്സരിച്ചു നില്ക്കാൻ ശ്രമിക്കുമ്പോൾ കൂടെയുള്ളവർക്കു ന്യായമായവ കൊടുക്കാൻ കഴിയാതെ പോകുന്നുണ്ടെങ്കിൽ ആ മത്സരത്തിൽനിന്ന് സഭ ഒഴിയുകതന്നെ ചെയ്യണം. പട്ടണങ്ങളിലെ മുന്തിയ ഹോസ്പിറ്റലുകളിൽ രോഗീപരിചരണം ഒരു ശുശ്രൂഷയുടെ തലത്തിൽനിന്ന് പണ്ടേ വഴുതിപ്പോയിക്കഴിഞ്ഞു. അതുകൊണ്ട് സഭാധികാരികൾ ഗൌരവമായി ചിന്തിച്ച് ഇങ്ങനെ ശരിയായ ചൈതന്യത്തിൽ മുമ്പോട്ടു കൊണ്ടുപോകാൻ കഴിയാത്തവിധത്തിൽ വളർന്നിരിക്കുന്ന ഹോസ്പിറ്റലുകളിൽനിന്ന് ഗ്രാമങ്ങളിലെ ഇടത്തരം ആശുപത്രികളിലേയ്ക്കു ഒരു മടക്കയാത്ര ഉണ്ടാകണമെന്നു തോന്നുന്നു.

Posted in SPIRITUAL

വിമർശിക്കപ്പെടുന്ന പൌരോഹിത്യം

കഴിഞ്ഞ കുറേ ദിവസങ്ങളായി ഓൺലൈൻ മാധ്യമങ്ങളിലൂടെ തുടർച്ചയായി കത്തോലിക്കാസഭയുടെ പൌരോഹിത്യത്തെയും പുരോഹിതരെയും പ്രസ്ഥാനങ്ങളെയും അവഹേളിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. സഭയോടു ബന്ധപ്പെടുത്താൻ പറ്റുന്ന ഏതെങ്കിലും പ്രതിസന്ധികൾ പൊതുസമൂഹത്തിലുണ്ടാകുമ്പോഴെല്ലാം ഇത്തരത്തിലുള്ള പ്രതികരണങ്ങൾ ഇപ്പോൾ സാധാരണമാണ്. ഈ വാക്കുകൾ കുറിക്കുമ്പോൾ നവമാധ്യമങ്ങളിൽ കത്തോലിക്കാ വൈദികർക്കെതിരെ ഉണ്ടാകുന്ന വിമർശനങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല എന്ന മിഥ്യാധാരണയിലല്ല ഞാൻ. പല ആരോപണങ്ങളും സ്വയംവിമർശനത്തിനും തെറ്റുതിരുത്തലിനും ഉപയോഗിക്കണമെന്ന ബോദ്ധ്യത്തോടെതന്നെ ചില കാര്യങ്ങൾ വിശദീകരിക്കേണ്ടത് ഒരു കത്തോലിക്കാ വൈദികനെന്ന നിലയ്ക്ക് എന്റെ കടമയാണെന്ന ചിന്തയാണ് ഈ കുറിപ്പുകൾക്കടിസ്ഥാനം. ഈ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ ആവർത്തിച്ചു പോസ്റ്റുചെയ്യപ്പെടുന്ന ഒരു വിഷയമാണ് കേരളത്തിലെ നേഴ്സുമാരുടെ സമരവും അതിനോടുള്ള വ്യത്യസ്തമായ പ്രതികരണങ്ങളും. നേഴ്സുമാർക്ക് അർഹമായ ശമ്പളം ലഭിക്കണമെന്നുള്ളത് നിസ്തർക്കമായ കാര്യമാണ്. എന്നാൽ ആ വിഷയത്തോട് പ്രതികരിക്കാൻമാത്രം അതിന്റെ സാങ്കേതികവും നിയമപരവുമായ വശങ്ങളെക്കുറിച്ചുള്ള ഗ്രാഹ്യം എനിക്കില്ലാത്തതുകൊണ്ടും ഇവിടെ പരാമർശിക്കാനുദ്ദേശിക്കുന്ന വിഷയം അതല്ലാത്തതുകൊണ്ടും അതിനേക്കുറിച്ച് വിശദമായി കുറിക്കാനുദ്ദേശിക്കുന്നില്ല. ഏതായാലും പട്ടണങ്ങളിലെ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളെയും ഗ്രാമങ്ങളിലെ ചെറുകിട ആശുപത്രികളെയും ഒരേ തലത്തിൽകണ്ട് നയങ്ങൾ രൂപീകരിക്കുന്നത് ന്യായമാണെന്നു തോന്നുന്നില്ല എന്നു മാത്രം പറയട്ടെ. എന്നാൽ ഈ സമരത്തിന്റെ പശ്ചാത്തലത്തിൽ വൈദികരെക്കുറിച്ചും സഭയുടെ പ്രസ്ഥാനങ്ങളെക്കുറിച്ചും നവമാധ്യമങ്ങളിലുണ്ടായിക്കൊണ്ടിരിക്കുന്ന ആരോപണങ്ങളും ചർച്ചകളും ഒരു വീണ്ടുവിചാരത്തിനു വിധേയമാക്കണമെന്നു തോന്നുന്നു.

കത്തോലിക്കാവൈദികർ വിശ്വാസികളെ ഒരു മയവുമില്ലാതെ പിഴിഞ്ഞ് ആ പണമുപയോഗിച്ച് ആഢംബരജീവിതം നയിക്കുന്നു എന്ന ആരോപണമാണ് ഏറ്റവും മുമ്പിൽ നില്ക്കുന്നത്. വി. കുർബാനയ്ക്കും മറ്റു കർമ്മങ്ങൾക്കുമൊക്കെ പാവപ്പെട്ടവന്റെ പണംപിടിച്ചുവാങ്ങി അച്ചന്മാർ തിന്നുകൊഴുക്കുന്നു എന്നതരത്തിലാണ് പ്രതികരണങ്ങൾ. വി.കുർബാനധർമ്മത്തെയും നേഴ്സുമാരുടെ ശമ്പളത്തെയും താരതമ്യപ്പെടുത്തിക്കൊണ്ടുള്ള നിർഭാഗ്യകരമായ ചില കമന്റുകളും കാണാനിടയായി. വി. കുർബാനയോടും മറ്റു കർമ്മങ്ങളോടുമനുബന്ധിച്ച് പണമിടപാടുകൾ വേണമോ വേണ്ടയോ എന്നത് പിന്നീട് ചർച്ച ചെയ്യാവുന്ന ഒരു വിഷയമാണ്. എന്നാൽ ഇപ്പോൾ സഭയിൽ നിലവിലിരിക്കുന്ന ഈ സമ്പ്രദായത്തിന്റെ യഥാർത്ഥ കണക്കുകൾ എത്രപേർക്കറിയാം? സഭയുടെ നിയമമനുസരിച്ച് വി. കുർബാനനിയോഗത്തിന് നിശ്ചയിച്ചിരിക്കുന്ന തുകയെ കുർബാനധർമ്മമെന്നാണ് വിളിക്കുന്നത്. ഒരു വൈദികന് ഒരു ദിവസം എത്ര കുർബാന നിയോഗങ്ങൾ വിശ്വാസികളിൽനിന്നു ലഭിച്ചാലും ഒരു ദിവസം ഒരു കുർബാനധർമ്മം മാത്രമേ സ്വീകരിക്കാൻ അനുവാദമുള്ളു. അതായത് പത്തുപേർ ഒരേദിവസം വി. കുർബാനനിയോഗം വികാരിയച്ചനെ ഏല്പ്പിച്ചാലും അതിൽ ഒരു കുർബാനനിയോഗത്തിലാണ് അന്ന് അച്ചൻ വി.കുർബാന അർപ്പിക്കുന്നത്. ബാക്കിയുള്ളത് മറ്റു ദിവസങ്ങളിലേയ്ക്കു മാറ്റിവയ്ക്കും. കൂടാതെ ഒരച്ചൻ ഒരു ദിവസം ഒന്നിൽ കൂടുതൽ വി.കുർബാനയർപ്പിക്കുമ്പോഴും ഒരു കുർബാനധർമ്മം മാത്രമേ സ്വീകരിക്കാൻ അച്ചന് അനുവാദമുള്ളു. രണ്ടാമത്തെയും മൂന്നാമത്തെയും വി.കുർബാന അച്ചൻ അർപ്പിക്കുന്നത് രൂപതാമെത്രാന്റെ നിയോഗത്തിലാണ്. അതുപോലെ ഒരു വൈദികന് ഒരേസമയം നൂറ് കുർബാന നിയോഗത്തിൽകൂടുതൽ സ്വന്തം കണക്കിൽ സൂക്ഷിക്കാൻ അനുവാദമില്ല. അതിൽ കൂടുതൽ നിയോഗങ്ങൾ ഇടവകയിൽനിന്നു കിട്ടുന്നവർ അതു രൂപതയിൽ ഏല്പിക്കുകയും അവിടുന്ന് അത് വി. കുർബാന നിയോഗങ്ങൾ എല്ലാ ദിവസവും ലഭിക്കാത്ത ചെറിയ ഇടവകകളിലെ വൈദികരെ ഏല്പിക്കുകയും ചെയ്യും. ചുരുക്കത്തിൽ വി. കുർബാനയുടെ കണക്കിൽ ഒരു വൈദികന് ഒരുമാസം ലഭിക്കുന്ന തുക മുപ്പത് വി. കുർബാന നിയോഗങ്ങളുടേതാണ്. ഇങ്ങനെ വി. കർമ്മാനുഷ്ഠാനങ്ങൾക്കു നിശ്ചിത തുക ഏർപ്പെടുത്തിയിരിക്കുന്നതിനുപിന്നിൽ ദൈവശാസ്ത്രപരമായ ഒരു കാരണവുമില്ല. മറിച്ച് വി. കർമ്മങ്ങളോടനുബന്ധിച്ചുള്ള സാമ്പത്തിക കാര്യങ്ങളിൽ ക്രമരഹിതമായ ഒരവസ്ഥയും ഉണ്ടാകാതിരിക്കാനുള്ള ഒരു ക്രമീകരണമാണിത്. അതേസമയം നമ്മുടെ നിയോഗത്തിൽ ഒരു കുർബാനയർപ്പിക്കപ്പെടുമ്പോൾ നമ്മുടേതായ ഒരു സമർപ്പണം എന്നതരത്തിൽ കുർബാനധർമ്മത്തെ മനസിലാക്കുന്നതിലും തെറ്റില്ല.

പിന്നെയുള്ളത് മാമ്മോദീസായും വിവാഹവുമൊക്കെ പരികർമ്മം ചെയ്യുമ്പോൾ ചില വിശ്വാസികൾ അച്ചനു നല്കുന്ന ‘കൈമടക്കാ’ണ്. കൈമടക്കെന്ന വാക്ക് അനുചിതമാണെങ്കിലും ഞാൻ അതിവിടെ ബോധപൂർവം ഉപയോഗിച്ചതാണ്. പണം കൊടുക്കുന്ന വിശ്വാസികൾതന്നെയാണ് അതിന് അങ്ങനെയൊരു നിറം നല്കുന്നത്. കർമ്മങ്ങളൊക്കെ കഴിയുമ്പോൾ ആരും കാണാതെന്നമട്ടിൽ എന്നാൽ എല്ലാവരെയും കാണിച്ചുകൊണ്ട് ഒരു കവർ ചുരുട്ടിക്കൂട്ടി അച്ചന്റെ കൈയിൽ പിടിപ്പിക്കുന്ന ശൈലിയാണ് പലർക്കുമുള്ളത്. നമ്മുടെ ഭവനത്തിലെ ഒരു കർമ്മത്തിനു നമ്മൾ പ്രത്യേകം ക്ഷണിച്ചുവരുത്തിയ വൈദികന് വണ്ടിക്കൂലി കൊടുത്തുവിടുകയെന്നത് സാമാന്യമര്യാദ മാത്രമല്ലേ. അത് കൈക്കൂലി കൊടുക്കുന്നതുപോലെ ഒളിച്ചും പാത്തും ചെയ്യേണ്ട ഒരു കാര്യമല്ലല്ലോ. ചിലർ ഇങ്ങനെ പ്രത്യേകം ക്ഷണിച്ചു വരുത്തുന്ന വൈദികർക്കുമാത്രമല്ല, ഇടവകയിലെ വികാരിയച്ചനും ഇങ്ങനെയുള്ള അവസരത്തിൽ പണം നല്കാറുണ്ട്. അതു നല്കുന്നവന്റെ ഔദാര്യമാണ്, അച്ചന്റെ അവകാശമല്ല. അതുകൊണ്ട് അവിടെയും അച്ചൻ ഞെരിച്ചു പിരിക്കുന്നു എന്നെങ്ങനെയാണ് പറയുന്നത്. അച്ചനു വ്യക്തിപരമായി പണം നല്കാത്തതിന്റെ പേരിൽ വി. കുർബാനയോ മറ്റേതെങ്കിലും കർമ്മങ്ങളോ അച്ചൻ നടത്തിക്കൊടുക്കാതിരിക്കുകയോ വിശ്വാസികളെ ബുദ്ധിമുട്ടിക്കുകയോ ചെയ്താൽ അത് ഗുരുതരമായ വീഴ്ചയാണ്. അത് സാധാരണ സംഭവിക്കാത്ത കാര്യവുമാണ്.

വി. കർമ്മാനുഷ്ഠാനങ്ങൾക്കു സഭ മേൽപറഞ്ഞരീതിയിൽ നിശ്ചയിച്ചിരിക്കുന്ന തുകയല്ലാതെ പള്ളിയിലെ മറ്റൊരു പിരിവിന്റെയും ഒരംശംപോലും വൈദികനുള്ളതല്ലെന്നും അത് ആ ഇടവകയുടെയോ മറ്റേതെങ്കിലും പൊതുകാര്യത്തിനോ വേണ്ടിയുള്ളതാണെന്നുമുള്ള സത്യം മനപൂർവം മറന്നുകൊണ്ടാണോ ഈ നിലതെറ്റിയ വിമർശനം എന്നു ചിന്തിക്കണം. (അച്ചന്മാർക്കു ഇടവകയിൽനിന്നു നല്കുന്ന അലവൻസിന്റെ കാര്യം മറന്നുകൊണ്ടല്ല ഇതെഴുതുന്നത്). മിക്കവാറും അച്ചൻമാർ സാമ്പത്തിക കാര്യത്തിൽ വിശ്വാസികളുടെ വിമർശനത്തിനും ശാപവാക്കുകൾക്കുമൊക്കെ ഇരയായിത്തീരുന്നത് ഇടവകയുടെ പൊതുനന്മയ്ക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാൻ ഇറങ്ങിപ്പുറപ്പെടുമ്പോഴാണെന്നതും സത്യമാണ്. അതൊന്നും പലപ്പോഴും അവർ വിളിച്ചറിയിച്ചു നടക്കാറില്ലെന്നു മാത്രം.

പിന്നെ മറ്റൊരാരോപണം പാവപ്പെട്ടവന്റെ കാശുകൊണ്ട് പണിത കൊട്ടാരത്തിൽ അച്ചൻ കിടന്നുറങ്ങുന്നു എന്നതാണ്. ഇപ്പോഴത്തെ പല പള്ളിമുറികളുടെയും നിലവാരത്തിൽ താമസിക്കാൻമാത്രം സാമ്പത്തികമായ അടിത്തറയുള്ളതല്ല പല വൈദികരുടെയും കുടുംബപശ്ചാത്തലമെന്നത് തർക്കമില്ലാത്ത വസ്തുതയാണ്. എന്നാൽ ഇടവകയുടെ പള്ളിമുറി ന്യായമായ സൌകര്യത്തിൽ നിർമ്മിച്ച് ഇടവകയിൽ തങ്ങളുടെ ആത്മീയവും ഭൌതികവുമായ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ വരുന്ന വൈദികർക്ക് താമസിക്കാൻ നല്കുകയെന്നത് സഭയെയും വൈദികരെയും സ്നേഹിക്കുന്ന വിശ്വാസികളുടെ നല്ല പാരമ്പര്യമാണ്. ആ മനോഭാവത്തിൽനിന്നു മാറി ‘ഞങ്ങളുടെ വിയർപ്പിന്റെ വിലകൊണ്ടു പണിത കെട്ടിടത്തിൽ കയറികിടക്കുന്ന നാണമില്ലാത്തവൻ’ എന്ന തരത്തിലുള്ള അന്തസുകെട്ട വർത്തമാനം പറയുന്നിടത്ത് എത്ര സുന്ദരമായ മുറിയുണ്ടെങ്കിലും കിടന്നാൽ ആത്മാഭിമാനമുള്ളവർക്ക് ഉറക്കം വരില്ല.

വൈദികർ സ്വന്തമായി വാഹനമുപയോഗിക്കുന്നതും ചില തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി നിശിതമായി വിമർശിക്കപ്പെടുന്നുണ്ട്. ഒന്നാമതായി ഇടവകവൈദികർ സന്ന്യാസികളെപ്പോലെ ദാരിദ്ര്യം വ്രതമായി സ്വീകരിച്ചവരല്ല. അതിനാൽത്തന്നെ അവർക്കു സ്വന്തമായി വാഹനമുണ്ടാകുന്നത് വലിയ തെറ്റൊന്നുമല്ല. അതോടൊപ്പം വിശ്വാസികളുടെ പണമുപയോഗിച്ചാണ് വൈദികർ വാഹനം വാങ്ങുന്നതെന്ന നാണംകെട്ട ആരോപണമുന്നയിച്ച് സ്വയം അപഹാസ്യരാകാൻ നാം നിന്നുകൊടുക്കണമോ? തങ്ങളുടെ കുടുംബത്തിൽനിന്നു ലഭിക്കുന്ന പണംകൊണ്ടോ ലോണെടുത്തോ ഒക്കെ വൈദികർ വാഹനം വാങ്ങിയാൽ അതിന്റെ ചുറ്റും വിമർശനത്തിന്റെ കല്ലും തടിയുമായി നില്ക്കുന്നതിൽ അല്പം അപാകതയില്ലേ?

ഇങ്ങനെയുള്ള ചില വിശദീകരണങ്ങളൊക്കെ നല്കുമ്പോഴും പൌരോഹിത്യജീവിതങ്ങളുടെ ഗുണനിലവാരം ഈ കാലഘട്ടത്തിൽ കുറയുന്നുണ്ട് എന്ന സത്യവും അംഗീകരിക്കാതിരിക്കുന്നത് ശരിയല്ല. പക്ഷെ അവിടെയും നാം മറക്കാൻ പാടില്ലാത്ത ഒരു സത്യമുണ്ട്. നന്നായി ഒന്നു വിലയിരുത്തിയാൽ അവരുടെ ജീവിതത്തിന്റെ ഗുണനിലവാരം കുറയുന്നതിന്റെ ഒരു കാരണം ഇന്നത്തെ പൊതുസമൂഹത്തിന്റെ ഗുണനിലവാരത്തിലുണ്ടാകുന്ന അപചയങ്ങളാണെന്നു കാണാം. ധാർമ്മികമൂല്യങ്ങളും സത്യസന്ധതയും വിശുദ്ധിയുമൊക്കെ ചരിത്രസ്മാരകങ്ങളായി മാത്രം പരിഗണിക്കുന്ന ഇന്നത്തെ സമൂഹത്തിന്റെ സ്വാധീനം ഈ സമൂഹത്തിന്റെതന്നെ ഭാഗമായ വൈദികരിലും ഉണ്ടാകാൻ സാധ്യതയേറെയാണ്. പക്ഷെ ഇങ്ങനെയുള്ള ന്യായീകരണങ്ങൾ കണ്ടെത്തി ജീവിതത്തിന്റെ കുറവുകളെ വെള്ളപൂശാൻ ഞങ്ങൾക്ക് അവകാശമില്ലെന്ന് ഏറ്റുപറയാനും എനിക്കു മടിയില്ല.

വളരെ പ്രധാനപ്പെട്ട രണ്ടു കാര്യങ്ങൾ സൂചിപ്പിച്ചുകൊണ്ട് ഞാൻ ഈ കുറിപ്പുകൾ അവസാനിപ്പിക്കുകയാണ്. ഒന്നാമതായി, പൌരോഹിത്യം നാളത്തെ സഭയ്ക്കും ആവശ്യമുണ്ട്. നമ്മുടെ വരുംതലമുറയ്ക്ക് ആവശ്യമുണ്ട്. നമ്മുടെ കുഞ്ഞുങ്ങൾക്ക് ആവശ്യമുണ്ട്. പൌരോഹിത്യം പേറുന്ന പുരോഹിതൻ ഒരുപക്ഷേ ബലഹീനനാകാം..കുറവുകൾ ധാരാളമുള്ളവനാകാം. എന്നാൽ പൌരോഹിത്യം ഒരിക്കലും വില കുറഞ്ഞതാകുന്നില്ല. നമ്മുടെ കുഞ്ഞുങ്ങൾക്ക് കൂദാശകൾ സ്വീകരിച്ച് ദൈവാനുഭവത്തിൽ വളരാൻ പൌരോഹിത്യം ആവശ്യമുണ്ട്. അതിനാൽ നമ്മുടെ കുഞ്ഞുങ്ങളുടെയുംമറ്റും മുമ്പിൽ പുരോഹിതരുടെ കുറവുകൾ ചുണ്ടിക്കാണിച്ച് അവരെ അവഹേളിച്ച് പൌരോഹിത്യത്തെ വെറുക്കുന്നവരായി ആ കുഞ്ഞുങ്ങളെ വളർത്തരുത്. അത് ആ കുഞ്ഞുങ്ങളോടു ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണ്.

രണ്ടാമതായി സഭയ്ക്കും സഭയുടെ പ്രസ്ഥാനങ്ങൾക്കുമെതിരേ ബോധപൂർവം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരുടെ നിഗൂഢനീക്കങ്ങൾ നാം കണ്ടില്ലെന്നു നടിക്കരുത്. നേഴ്സുമാരുടെ സമരത്തോടുള്ള പ്രതികരണത്തിൽപോലും അതു വ്യക്തമാണ്. കേരളത്തിലെ വലിയ ആശുപത്രികളെല്ലാം കത്തോലിക്കാസഭയുടെമാത്രം നേതൃത്വത്തിലല്ലെന്നു നമുക്കറിയാം. എന്നാൽ നവമാധ്യമങ്ങളിൽ വരുന്ന പ്രതികരണങ്ങളിൽ അനീതി കാണിക്കുന്നതുമുഴുവൻ കത്തോലിക്കാസഭയാണെന്ന ധ്വനിയാണുള്ളത്. കഴിഞ്ഞ ദിവസം കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ (ചായ്) യുടെ കേരളഘടകം നല്കിയ ഒരു പത്രപ്രസ്താവന മറ്റെല്ലാ പത്രങ്ങളുമെന്നപോലെ ദീപികയും പ്രസിദ്ധീകരിക്കുകയുണ്ടായി. അതിനെതുടർന്ന്, ദീപിക അതിനുമുമ്പും ശേഷവുമൊക്കെ നല്കിയ വാർത്തകളെക്കുറിച്ചൊന്നും ചിന്തിക്കാതെ ദീപിക നേഴ്സുമാർക്കെതിരെയാണെന്നും ദീപിക ബഹിഷ്ക്കരിക്കണമെന്നുമുള്ള ചില പ്രതികരണങ്ങൾ കാണുകയുണ്ടായി. സുബോധമുള്ള സമൂഹം അർഹിക്കുന്ന അവജ്ഞയോടെ അതു തള്ളിക്കളഞ്ഞെങ്കിലും ഇതുപോലുള്ള ബോധപൂർവമായ നീക്കങ്ങൾ നടക്കുന്നുണ്ട് എന്നതു മറന്നുകൂടാ. അതുകൊണ്ട് മനപൂർവം സഭയ്ക്കെതിരെ നില്ക്കുന്നവരുടെ കരങ്ങളിലേക്ക് മുകളിൽ സൂചിപ്പിച്ചതുപോലെ സഭയെക്കുറിച്ചും പൌരോഹിത്യത്തെക്കുറിച്ചും പുരോഹിതരെക്കുറിച്ചുമൊക്കെയുള്ള തെറ്റായ അറിവുകൾ ആയുധങ്ങളായി നല്കാതിരിക്കാൻ സഭയെ സ്നേഹിക്കുന്നവർക്കു കടമയുണ്ട്.

ആദ്യത്തെ വാചകം ഒരിക്കൽക്കൂടി ആവർത്തിച്ചുകൊണ്ട് ഞാൻ അവസാനിപ്പിക്കുകയാണ്. നന്മയാഗ്രഹിച്ച് നടത്തുന്ന വിമർശനങ്ങളെ തുറന്ന മനസോടെ സ്വീകരിക്കുകയും ആത്മപരിശോധന നടത്തുകയും ചെയ്യാൻ ഞാനുൾപ്പെടുന്ന വൈദിക സമൂഹം സന്നദ്ധമാകണം. അതോടൊപ്പം മനപൂർവം തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് സഭയെയും പൌരോഹിത്യത്തെയും പുരോഹിതരെയും അവഹേളിക്കുന്നവരോട് അവർ അകത്തുള്ളവരാണെങ്കിലും പുറത്തുള്ളവരാണെങ്കിലും ഉചിതമായി പ്രതികരിക്കാനും..

Posted in SPIRITUAL

മാപ്പ്…

ഞാനുൾപ്പെടുന്ന സമൂഹത്തിൽപെട്ട ഒരാൾ അതിനീചമായ ചില തിന്മകൾ ചെയ്തതിന്റെ ഞടുക്കത്തിലായിരിക്കുന്ന പൊതുസമൂഹത്തിനുമുമ്പിൽ കുറിക്കപ്പെടുന്ന ഈ വാക്കുകൾക്ക് പ്രതിരോധത്തിന്റെ മുനകളല്ല, മറിച്ച് ആ ദുരന്തത്തിന്റെ ഫലമനുഭവിക്കുന്നവരോടും ഈ പൊതുസമൂഹത്തോടു മുഴുവനുമുള്ള ക്ഷമായാചനയുടെ നാമ്പുകളാണുള്ളത്. അല്പമെങ്കിലും ധാർമ്മികതയുള്ള ഒരു വ്യക്തിയും ചെയ്യില്ലാത്ത കുറ്റകൃത്യമാണ് അയാളുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ഇത് പോലീസിന്റെയോ മാധ്യമങ്ങളുടെയോ കുറ്റാരോപണം മാത്രമല്ല, അയാൾ സമ്മതിച്ചിരിക്കുന്നതുമാണെന്ന് അറിയുന്നു. അതുകൊണ്ടുതന്നെ യാതൊരു ദാക്ഷണ്യവും അർഹിക്കാത്ത അവസ്ഥയിലാണ് അയാളിപ്പോൾ. ധാർമ്മികതയുടെയും നന്മയുടെയും വക്താവാകേണ്ട ഒരുവനിൽനിന്ന് ഇത്രയും നീചമായ ഒരു കുറ്റകൃത്യം ഉണ്ടായതിനാൽ നിയമം അനുവദിക്കുന്ന പരമാവധി ശിക്ഷയ്ക്ക് അയാൾ അർഹനാണെന്ന കാര്യത്തിൽ തർക്കമില്ല. സഭാനേതൃത്വവും ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിക്കാൻ ബാദ്ധ്യസ്ഥരാണ്. ക്രിമിനൽ കുറ്റകൃത്യത്തിലേർപ്പെടുന്നവർ ആരാണെങ്കിലും അവരെ സംരക്ഷിക്കുന്ന നിലപാടുകൾ സ്വീകരിക്കാതെ പൊതുസമൂഹത്തിനുമുമ്പിൽ സഭയുടെ യഥാർത്ഥ മുഖം കാണിച്ചുകൊടുക്കാൻ ഉത്തരവാദിത്വപ്പെട്ടവർ മറക്കരുത്. ഈ കൊടുംപാതകം ചെയ്തയാളുടെ ജീവിതാവസ്ഥയിലുള്ള ഒരു വ്യക്തിയെന്ന നിലയ്ക്ക് കുനിഞ്ഞ ശിരസുമായാണ് എനിക്കു നില്ക്കാൻ സാധിക്കുന്നത്.

പക്ഷേ അപ്പോഴും മറ്റൊരു വശത്തേക്കുറിച്ച് ചിന്തിക്കാതിരിക്കുന്നത് ശരിയാണെന്നു തോന്നുന്നില്ല. റോബിൻ എന്ന വ്യക്തി ഒരു പുരോഹിതനായതുകൊണ്ടല്ല ഈ കുറ്റകൃത്യം ചെയ്തത്. മറിച്ച് മനസാക്ഷിയില്ലാത്തൊരാൾ പുരോഹിതനായതുകൊണ്ടോ, ജീവിതവഴിയിൽ തിന്മയുടെ സ്വാധീനത്താൽ പൌരോഹിത്യത്തിന്റെ വിശുദ്ധി നഷ്ടപ്പെടുത്തി മനസാക്ഷി മരവിച്ചുപോയതുകൊണ്ടോ ആണ്. എന്നാൽ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വിസ്താരങ്ങളിൽ പൌരോഹിത്യവും അതു പേറുന്ന പുരോഹിതരും മുഴുവൻ അധാർമ്മികത നിറഞ്ഞതാണെന്ന ചിന്ത പങ്കുവയ്ക്കപ്പെടുന്നു. ഒരു പുരോഹിതനെന്ന നിലയ്ക്ക് ഈ അന്യായമായ വിധിയുടെ ഭാരംപേറാൻ മനസില്ലാത്തതുകൊണ്ടും അതിനെതിരേ പ്രതികരിക്കേണ്ടതു കടമയാണെന്നു ചിന്തിക്കുന്നതുകൊണ്ടുമാണ് ഈ വാക്കുകൾ കുറിക്കുന്നത്. വേറെയേതെങ്കിലും ജീവിതാവസ്ഥയിലുള്ളവരുടെ ഭാഗത്തുനിന്നും ഇതുപോലുള്ള കുറ്റകൃത്യങ്ങൾ സംഭവിച്ചാൽ അവരുൾപ്പെടുന്ന സമൂഹത്തെ മുഴുവൻ അധർമ്മികളായി ചിത്രീകരിക്കേണ്ടി വന്നാലെങ്ങനെയിരിക്കും. ഇപ്പോൾ കത്തോലിക്കാ പൌരോഹിത്യത്തിനെതിരെയും പുരോഹിതർക്കെതിരെയും പൊങ്കാലയിടുന്നവരുടെ അഡ്രസ് അപ്പോഴെങ്ങനെയായിരിക്കും? എന്തും എഴുതാനും വിളിച്ചുപറയാനും ഇപ്പോൾ സോഷ്യൽ മീഡിയായും മറ്റു വഴികളുമൊക്കെ ഉണ്ടെന്നു കരുതി യാതൊരു ന്യായവുമില്ലാത്ത പ്രസ്താവനകൾ നടത്തുന്നത് പീഡനംപോലെതന്നെയുള്ള ഒരുതരം വൈകൃതമാണ്.
പിന്നെ, ഇങ്ങനെ പൌരോഹിത്യത്തെയും പുരോഹിതരേയും തുണിയുരിഞ്ഞ് പൊതുജനമദ്ധ്യത്തിൽ നിറുത്തുമ്പോൾ ചിലർക്ക് പാഷാണം ഷാജിയേപ്പോലെ “ഒരു മനസുഖം” കിട്ടുന്നുണ്ടെങ്കിൽ തുടർന്നുകൊള്ളുക നിങ്ങളുടെ കലാപരിപാടി…

അതുപോലെ റോബിന്റെ കൂടെ കൂട്ടുപ്രതികളായി പോലീസ് സൂചിപ്പിച്ചിരിക്കുന്ന മറ്റു ചില വ്യക്തികൾക്കുമുണ്ട് തെറിയഭിഷേകം. എന്നാൽ കൂട്ടുപ്രതികളായി ആരോപിക്കപ്പെട്ടിരിക്കുന്നവർ അത് ഏറ്റെടുത്തിട്ടില്ലെന്നു മാത്രമല്ല, തങ്ങളുടെ ഭാഗം വിശദീകരിച്ചുകൊണ്ട് പത്രക്കുറിപ്പ് ഇറക്കിയിട്ടുമുണ്ട്. അങ്ങനെയുള്ള സാഹചര്യത്തിൽ കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്നവർ കുറ്റം ചെയ്തെന്നു തെളിയിക്കപ്പെടുന്നതുവരെ അവരെ കുറ്റവാളികൾ എന്ന് വിളിക്കാൻ ആർക്കാണവകാശം? അങ്ങനെ വിളിക്കുന്നവർ ഏതു കൊമ്പത്തുള്ളവരാണെങ്കിലും അത് അധാർമ്മികം തന്നെയാണ്. കുറേപ്പേരുടെ കൈയടി കിട്ടാൻ ഇതുപോലെ എന്തും വിളിച്ചുകൂകുന്നവർ നടത്തുന്നതും പീഡനംതന്നെയല്ലേ…?

പൌരോഹിത്യത്തിൽ പങ്കുചേർത്തതിൽ ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ടും പുരോഹിതനായി ആത്മാഭിമാനത്തോടെ തുടർന്നും ജീവിക്കാൻ കൃപ നല്കണെയെന്നു പ്രാർത്ഥിച്ചുകൊണ്ടും ഞാൻ ഈ കുറിപ്പ് അവസാനിപ്പിക്കുന്നു. “മനസുഖം” വേണ്ടവർക്ക് ഇതിന്റെ അടിയിൽ തുടരാം നിങ്ങളുടെ പൊങ്കാലയുത്സവങ്ങൾ…

Posted in SOCIAL

അമൽജ്യോതിയും അച്ചടക്കവും

കാഞ്ഞിരപ്പള്ളി അമൽജ്യോതികോളജിനെക്കുറിച്ച് കുറച്ചുദിവസങ്ങളായി ദൃശ്യമാധ്യമങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും നിരന്തരം വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണ്. വാർത്തകളുടെയെല്ലാം രത്നച്ചുരുക്കം അമൽജ്യോതി കോളജിന്റെ അവസ്ഥ നാസി തടങ്കൽപാളയത്തെക്കാൾ ഭീകരമാണെന്നാണ്. പുറമേനിന്ന് വാർത്ത വായിക്കുകയും കാണുകയും ചെയ്യുന്നവരുടെ മനസിൽ അസ്വസ്ഥതയും സംശയങ്ങളും ഉളവാക്കുന്നവയാണ് പ്രസ്തുത റിപ്പോർട്ടുകളെല്ലാം.

കേരളത്തിലെ ചില കോളജുകളിൽ സമീപകാലത്തു നടന്ന ചില അനിഷ്ടസംഭവങ്ങളെത്തുടർന്നു നടക്കുന്ന സമരങ്ങളുടെ പശ്ചാത്തലത്തിലാണ് അമൽജ്യോതിയിലും ഇപ്രാവശ്യം സമരകാഹളം മുഴങ്ങിയത്. കോളജിലെ മാത്യു ഏലിയാസ് എന്ന വിദ്യാർത്ഥി ശാസ്ത്രസർവകലാശാല വിസി ക്കെതിരെ സഭ്യമല്ലാത്ത ഭാഷയിൽ ഓൺലൈൻ മാധ്യമത്തിൽ പ്രതികരിച്ചതിനെതിരെ സ്വീകരിച്ച അച്ചടക്കനടപടിയും അതേ തുടർന്ന് ആ വിദ്യാർത്ഥിയും അമ്മയും ചേർന്ന് മാധ്യമങ്ങൾക്കു നല്കിയ അഭിമുഖവുമാണ് സമരങ്ങളുടെ ഏറ്റവും അടുത്ത കാരണം. അതോടൊപ്പം മറ്റു കുറേ ആരോപണങ്ങളും സമരക്കാർ ഉന്നയിക്കുന്നുണ്ട്. ഒരു വൈദികനും ഒരു സിസ്റ്ററുമുൾപ്പെടെയുള്ള അദ്ധ്യാപകർ കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു എന്നതാണ് അതിൽ പ്രധാനപ്പെട്ട ആരോപണം. സഭ്യമല്ലാത്ത വാക്കുകൾ അദ്ധ്യാപകർ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതു തിരുത്തപ്പെടേണ്ടതാണെന്നത് നിസ്തർക്കമാണ്. എന്നാൽ ഇന്നത്തെ കാലത്ത് ഇത്രയും മുതിർന്ന കുട്ടികളെ ശാരീരികമായി പീഡിപ്പിക്കുന്നെന്നും കുട്ടികൾ അതു സഹിച്ച് മാതാപിതാക്കളോടുപോലും പരാതി പറയാതെ കഴിയുന്നുവെന്നും പറഞ്ഞാൽ, നല്ലനിലയിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളെയെല്ലാം രാഷ്ട്രീയചീമുട്ടകളെറിഞ്ഞ് നാറ്റിക്കാൻ കിണഞ്ഞുശ്രമിച്ചുകൊണ്ടിരിക്കുന്നവരൊഴികെ ആരെങ്കിലും അതു വിശ്വസിക്കുന്നതായി ഭാവിക്കുകയെങ്കിലും ചെയ്യുമോ? മാത്രമല്ല ഇത്രയും ഭീകരമാണ് കോജളിലെയും ഹോസ്റ്റലിലെയും അന്തരീക്ഷമെങ്കിൽ പിന്നെ എന്തുകൊണ്ടാണ് പല മാതാപിതാക്കന്മാരും തങ്ങളുടെ കുട്ടികൾ അമൽജ്യോതിയിൽത്തന്നെ പഠിക്കണമെന്ന് ആഗ്രഹിക്കുന്നത്. മുകളിൽ സൂചിപ്പിച്ച മാത്യു ഏലിയാസ് എന്ന വിദ്യാർത്ഥിതന്നെ, താൻ മറ്റൊരു കോളജിൽ ചേരണമെന്ന് ആഗ്രഹിച്ചിട്ടും തന്റെ അമ്മ നിർബന്ധിച്ചാണ് അമൽജ്യോതിയിൽ ചേർത്തതെന്ന് പറഞ്ഞതായി ഒരു മാധ്യമത്തിൽ വായിച്ചു! ഒരുപക്ഷെ ഇന്നത്തെ കുടുംബസാഹചര്യങ്ങളിൽ മക്കളെ നിലയ്ക്കുനിറുത്താനും അച്ചടക്കത്തിൽ വളർത്താനും മാതാപിതാക്കൾക്കു കഴിയാതെ വരുമ്പോൾ അപ്രകാരം സാധിക്കുന്ന ഒരു സ്ഥലമുണ്ടെന്നറിഞ്ഞ് തങ്ങളുടെ കുട്ടികൾ അവിടെത്തന്നെ പഠിക്കട്ടെയെന്ന് മാതാപിതാക്കൾ തീരുമാനിക്കുന്നതാണോ? ഉത്തരം തരേണ്ടത് മാതാപിതാക്കളാണ്. മാത്രമല്ല, വീട്ടിലുള്ള ഒന്നോ രണ്ടോ കുട്ടികളുടെ പെരുമാറ്റംപോലും ചിലപ്പോൾ മാതാപിതാക്കൾക്ക് വലിയ പ്രതിസന്ധികൾ തീർക്കുന്നില്ലേ? അപ്പോൾപ്പിന്നെ വ്യത്യസ്ത കുടുംബപശ്ചാത്തലത്തിൽനിന്ന് വന്ന് പൊട്ടിത്തെറിക്കുന്ന പ്രായത്തിലുള്ള രണ്ടായിരത്തി അഞ്ഞൂറിലധികം വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലിന്റെ ഉത്തരവാദിത്വപ്പെട്ടവർ കർശനസ്വഭാവം കാണിച്ചില്ലെങ്കിൽ എന്തായിരിക്കും അവിടുത്തെ അവസ്ഥ? രാത്രി രണ്ടുമണിക്കും മൂന്നുമണിക്കുംപോലും ഉറങ്ങാൻ സാധിക്കാത്ത ഹോസ്റ്റലിന്റെ ഉത്തരവാദിത്വമുള്ളവരുടെ അവസ്ഥയെക്കുറിച്ച് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ?

പിന്നെ മറ്റൊരു പ്രധാന ആരോപണം വിദ്യാർത്ഥികളിൽനിന്ന് പിഴയായി പണം പിരിക്കുന്നുവെന്നതാണ്. വിദ്യാർത്ഥികളുടെ നിരുത്തരവാദിത്വപരമായ പ്രവൃത്തികൾക്കു പിഴയിടുന്നത് ഒരു തരത്തിലുള്ള തിരുത്തൽതന്നെയാണ്. പണത്തിന്റെ മൂല്യത്തെക്കുറിച്ച് ബോദ്ധ്യമുള്ളവർ പിന്നെ ആ പ്രവൃത്തി ആവർത്തിക്കാതിരിക്കാൻ ശ്രമിക്കും. മാത്രമല്ല, ഇങ്ങനെ ഫൈൻ ഈടാക്കുന്നതിനേക്കുറിച്ച് പരാതിപ്പെടേണ്ടത് ആ പണം മുടക്കുന്ന മാതാപിതാക്കളല്ലേ? എന്തുകൊണ്ട് കുട്ടികൾ ഈ പ്രശ്നം മാതാപിതാക്കളോട് പറയാതെ പഠിപ്പുമുടക്കികളായ സംഘടനകളോടു പറയുന്നു? തങ്ങൾക്കുവേണ്ടിമാത്രം ജീവിക്കുന്ന മാതാപിതാക്കളേക്കാൾ കുട്ടികൾക്കു വിശ്വാസം തങ്ങളുടെ രക്ഷകരാണെന്ന വ്യാജേന കൂടെനില്ക്കുന്ന സംഘടനകളെയാണെന്നാണോ ഇതിനർത്ഥം? വിദ്യാർത്ഥികളെയും രാഷ്ര്ടീയസംഘടനകളെയും ഒരുവശത്തും കോളജധികാരികളെയും രക്ഷാകർത്താക്കളെയും അവരുടെ ശത്രുപക്ഷത്തും നിറുത്തിയുള്ള റിപ്പോർട്ടിംഗ് ചില മാധ്യമങ്ങൾ നടത്തുന്നതുതന്നെ ഈയൊരു ചിന്ത അവരിൽ വളർത്താനല്ലേ? യഥാർത്ഥത്തിൽ കുട്ടികളുടെ നല്ല ഭാവി ലക്ഷ്യംവയ്ക്കുന്ന കോളജും മാതാപിതാക്കളും ഒരുമിച്ചു തന്നെയാണ് നില്ക്കേണ്ടത്. എന്നാൽ വിവേകത്തോടെയെന്നതിനേക്കാൾ വികാരത്തോടെ പ്രതികരിക്കുന്ന പ്രായത്തിലുള്ള കുട്ടികളുടെ കൂടെ കൂടിയിരിക്കുന്നവർ ആടുകളുടെ ചോരകുടിക്കാൻ കാത്തിരിക്കുന്ന കുറുക്കന്മാരാണെന്ന് ഇതിനോടകം എത്രയോ സ്ഥലങ്ങളിൽ തെളിയിക്കപ്പെട്ടിരിക്കുന്ന കാര്യമാണ്!

കൂടാതെ വിദ്യാർത്ഥികൾക്ക് സാങ്കേതികമായും സാമൂഹികമായുമുള്ള ആഘോഷങ്ങൾക്കൊന്നും അവസരം കൊടുക്കാതെ റോബോട്ടുകളെപ്പോലെ പരിശീലിപ്പിക്കുകയാണെന്ന് മറ്റൊരു പരാതിയും ഉണ്ട്. ഇതിന്റെ നിജസ്ഥിതി അറിയാൻ യൂറ്റ്യൂബിൽ കയറി അമൽജ്യോതിയിലെ ആഘോഷങ്ങൾ ഒന്നന്വേഷിച്ചാൽ മാത്രം മതി. ഇനി സാംസ്കാരിക ആഘോഷം എന്നതുകൊണ്ട് പരാതിക്കാർ ഉദ്ദേശിക്കുന്നത് മറ്റു ചിലയിടങ്ങളിൽ നടക്കുന്നതുപോലെയുള്ള രാഷ്ര്ടീയ മാമാങ്കങ്ങളാണെങ്കിൽ അതിനു തല്ക്കാലം പുറംതിരിഞ്ഞുനില്ക്കുന്നതുതന്നെയാണ് വിദ്യാർത്ഥികളുടെയും സ്ഥാപനത്തിന്റെയും ഭാവിക്കു നല്ലതെന്ന് കാലം തെളിയിച്ചിട്ടുണ്ടല്ലോ.

അമൽജ്യോതിയിലെ മറ്റു ജോലിക്കാരുടെ ശമ്പളകാര്യങ്ങളാണ് മറ്റൊരു പരാതി. ജീവനക്കാരുടെ കാര്യങ്ങളിൽ എടുക്കേണ്ട നിലപാടുകൾ നിയമങ്ങളായിത്തന്നെയുള്ള നമ്മുടെ നാട്ടിൽ നിയമപരമല്ലാതെ എന്തെങ്കിലും നടക്കുന്നുണ്ടെങ്കിൽ അതിന് ആ രീതിയിൽത്തന്നെ പരിഹാരം അന്വേഷിക്കാൻ തങ്ങൾക്കു കെല്പില്ലാഞ്ഞിട്ടാണോ ഈ സമരസംഘടനക്കാർ വിദ്യാർത്ഥിസമരത്തിൽ അതും വിഷയമാക്കിയിരിക്കുന്നത്?

അതുപോലെ, അനുവദിക്കപ്പെട്ടിരിക്കുന്ന വേഷം വൃത്തിയായി ധരിക്കണമെന്നതും ഫ്രീക്കന്മാരെപ്പോലെ കോലംകെട്ടി നടക്കരുതെന്നുമൊക്കെയുള്ള നിബന്ധനകൾ കോളജിന്റെ അച്ചടക്കത്തിന്റെ ഭാഗമായി അനുസരിക്കാൻ അവിടെ ചേരുന്നവർക്കു കടമയുണ്ട്. കോളജിൽനിന്ന് ഉത്തരവാദിത്വപ്പെട്ടവർ ആരും നിർബന്ധിച്ചിട്ടല്ലല്ലോ വിദ്യാർത്ഥികൾ അവിടെ പഠിക്കാൻ ചേരുന്നത്.

പിന്നെ ഇത്രയധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു സ്ഥാപനത്തിൽ എല്ലാവരുടെയും താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മുമ്പോട്ടു പോവുക എളുപ്പമുള്ള കാര്യമല്ലെന്നു ആർക്കും മനസിലാകും. അതുകൊണ്ടുതന്നെ സ്ഥാപനത്തിനും അവിടുത്തെ വിദ്യാർത്ഥികൾക്കും നന്മയാണെന്നു ബോദ്ധ്യമുള്ള കാര്യങ്ങളായിരിക്കും അധികൃതർ നടപ്പാക്കുന്നത്. കോളജുപഠനകാലം ഉഴപ്പാൻവേണ്ടി മാത്രമുള്ളതാണെന്നു ചിന്തിക്കുന്ന കുറേപേരെങ്കിലും ഓരോ കോളജിലും ഉണ്ടാകും. അത്തരക്കാർക്ക് ആരു പിന്തുണകൊടുത്താലും അവരെ നിലയ്ക്കുനിർത്തേണ്ടത് സ്ഥാപനത്തിന്റെ നല്ല നിലനില്പിന് ആവശ്യമാണ്. ഇപ്പോൾ സംഭവിച്ചിരിക്കുന്നത് അങ്ങനെയുള്ള ഒരു ന്യൂനപക്ഷത്തിന്റെ സ്വരംമാത്രം പുറത്തുകേൾക്കുന്നു എന്നതാണ്. ഏതായാലും ഏതാനുംപേരുടെ സ്വാർത്ഥലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഇപ്പോൾ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടുകൊണ്ടിരിക്കുന്ന അസത്യങ്ങളും അർത്ഥസത്യങ്ങളും നിറഞ്ഞ വാർത്തകൾക്കപ്പുറത്ത് അമൽജ്യോതിയുടെ യഥാർത്ഥചിത്രം സമൂഹമദ്ധ്യത്തിൽ അവതരിപ്പിക്കേണ്ടത് അവിടെ പഠിക്കുന്ന വിദ്യാർത്ഥികൾതന്നെയാണ്. എന്നാൽ ഒരുപക്ഷെ ഇപ്പോഴത്തെ സാഹചര്യത്തിൽ അവർക്കതിനു കഴിയുന്നില്ലെങ്കിൽ അവരുടെ മാതാപിതാക്കളും അവിടെ പഠിച്ചിറങ്ങി ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിലായിരിക്കുന്ന പൂർവവിദ്യാർത്ഥികളും അതിനു തയ്യാറാകേണ്ടത് ആ സ്ഥാപനംവഴി ജീവിതത്തിനു വെളിച്ചം ലഭിച്ചവരുടെ കടമയാണ്. ഇനി, പഠിച്ച സ്ഥാപനത്തിനു പിന്തുണ നല്കാൻ അങ്ങനെയാരും ഇല്ലായെന്നുണ്ടെങ്കിൽ നമുക്ക് ആ സ്ഥാപനം പൂട്ടുന്നതാണ് നല്ലത്. വെറുതേയെന്തിന് കുറേ വൈദികരും കന്യാസ്ത്രീകളും തങ്ങളുടെ ജീവിതം പാഴാക്കുകയും സഭയുടെ സ്ഥാപനം വിവരമില്ലാത്ത രാഷ്ട്രീയക്കാർക്ക് അഴിഞ്ഞാടാൻ വിട്ടുകൊടുക്കുകയും ചെയ്യണം…!!??