Posted in INSTANT RESPONSE

വി.കുരിശിനെ അവഹേളിക്കുന്നവിധത്തിൽ പെരുമാറിയവർ പിള്ളേരാണെന്നും കേസായാൽ ഭാവി പോകുമെന്നതിനാൽ ക്ഷമിച്ചേക്കാമെന്നുമൊക്കെയുള്ള അഭിപ്രായങ്ങൾ കേട്ടു. നല്ലകാര്യം… പക്ഷെ ആ സ്ഥലത്ത് ഇതാദ്യത്തെ അനുഭവമല്ലെന്നും മറ്റു പലവിധത്തിലുള്ള അതിക്രമങ്ങൾ നടക്കുന്നുണ്ടെന്നും അവിടെയുള്ളവർ പറയുന്നതും സോഷ്യൽ മീഡിയായിൽ കാണുന്നു. മാത്രമല്ല, ഇത് ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ കാണിച്ച വിവരക്കേടാണെന്ന് കരുതാൻ വയ്യ. ചില ചിത്രങ്ങളിൽ ആ കുരുപ്പകൾ കാണിക്കുന്ന ചില ആംഗ്യങ്ങൾതന്നെ അതു തെളിയിക്കുന്നു. അതുകൊണ്ടുതന്നെ ക്രൈസ്തവ വിശ്വാസത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ പ്രതീകത്തെ ഇത്രയും കഠിനമായി അധിക്ഷേപിച്ച സംഭവത്തെ, ഇത്രയുംനാൾ ചെയ്തുവന്നതുപോലെ, വെറും കുട്ടിക്കളിയായിക്കണ്ട് വിട്ടുകളയുകയും അവഗണിക്കുകയും ചെയ്യുന്നത് ആത്മഹത്യാപരമായിരിക്കും.

ചിലർ വ്യക്തമായ കണക്കുകൂട്ടലുകളോടെ ബോധപൂർവം ചെയ്യുന്ന പ്രവർത്തികളെ ആ രീതിയിൽകണ്ട് പ്രതികരിക്കാതിരുന്നതാണ് ഇതുവരെയും സഭയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച. തിന്മയ്ക്കെതിരെ പ്രതികരിക്കുന്നത് ക്ഷമയെന്ന പുണ്യത്തിനു വിരുദ്ധമാണെന്ന അബദ്ധപ്രബോധനത്തിൽ ആശ്വസിച്ച് നാം കഴിഞ്ഞിരുന്ന സുരക്ഷിതമാളങ്ങൾ ഇപ്പോൾ അപകടത്തിലാണ്. ഇനിയെങ്കിലും അതു തിരിച്ചറിഞ്ഞ് പുറത്തിറങ്ങിയില്ലെങ്കിൽ എന്തു സംഭവിക്കുമെന്നതിന് സാക്ഷ്യങ്ങളായി ധാരാളം ജനതകൾ ചരിത്രപാഠങ്ങളിൽമാത്രം അവശേഷിക്കുന്നുണ്ട്.

പ്രവാചകനെക്കുറിച്ച് പരാമർശിച്ചതിന് കൈയും തലയുംവെട്ടുന്നവരുടെ ശൈലി ക്രൈസ്തവന്റെയോ പരിഷ്കൃതസമൂഹത്തിന്റെയോ ശൈലിയല്ല. എന്നാൽ ആ കാട്ടാളനീതിയെ പരസ്യമായി ശ്ലാഹിക്കുന്നവരും രഹസ്യമായി പിന്തുണയ്ക്കുന്നവരും ‘സൌഹൃദസംഭാഷണത്തിനായി’ എത്തുമ്പോൾ അതിഥിസത്ക്കാരത്തിന്റെ മാന്യത നിലനിർത്തിക്കൊണ്ടുതന്നെ ഇതിനൊക്കെ ഉത്തരം പറിയിപ്പിക്കുകതന്നെ ചെയ്യണം. മാത്രമല്ല, പൊതുസമൂഹത്തിനുമുമ്പിൽ അവരുടെ നിലപാടുകൾ പരസ്യപ്പെടുത്തുകയും വേണം.

പ്രിയപ്പെട്ട മുസ്ലീം സമുദായാംഗങ്ങളേ, ഇതിനുമുമ്പ് എരുമേലി സ്കൂളിൽ നിങ്ങൾ കാണിച്ച അതിക്രമത്തിന്റെ പശ്ചാത്തലത്തിൽ ഞാനൊരു കുറിപ്പെഴുതിയിരുന്നു. എരുമേലി സ്കൂളിൽ അന്യായമായ അക്രമങ്ങൾ നടത്തിയത് മുസ്ലീം സമുദായത്തിലെ തീവ്രനിലപാടുകാരായ ചിലരായിരിക്കുമെന്ന് കരുതിയാണ് അന്ന് ആ പോസ്റ്റിട്ടത്. നിർഭാഗ്യവശാൽ മുസ്ലീം സമുദായത്തിൽനിന്ന് ഔദ്യോഗികമായി ആരും ആ തിന്മയെ അപലപിക്കുകയോ തള്ളിപ്പറയുകയോ ചെയ്യാതിരുന്നതിനാൽ ആ അന്യായത്തെ നിങ്ങളെല്ലാവരും അംഗീകരിക്കുന്നുവെന്നും പിന്താങ്ങുന്നുവെന്നും പൊതുസമുഹത്തെ നിങ്ങൾ ബോദ്ധ്യപ്പെടുത്തി. അതുതന്നെ കഴിഞ്ഞ കുറേ കാലങ്ങളായി നിങ്ങൾ തുടർന്നുകൊണ്ടുമിരിക്കുന്നു. നിങ്ങൾ കാണിക്കുന്ന അതിക്രമങ്ങളോടു പ്രതികരിച്ചാൽ കഴുത്തിനുമുകളിൽ തല കാണില്ലെന്നൊരു സംസാരം പൊതുസമൂഹത്തിൽ ഉണ്ടാക്കിയെടുക്കാൻ അതുവഴി നിങ്ങൾക്കു കഴിഞ്ഞു. എന്നാൽ ഇനിയും ഇതുപോലുള്ള അന്യായങ്ങളോടു മൌനംകൊണ്ടു മറുപടി പറയാൻ പൊതുസമൂഹം തയ്യാറല്ല എന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങി. അതിനാൽ പൊതുസമൂഹത്തിന്റെ ഭാഗമായി എല്ലാവരുടെയും സ്നേഹാദരവുകൾ സ്വീകരിച്ച് ജീവിക്കണമെങ്കിൽ ഇനിയെങ്കിലും ഇതുപോലുള്ള തിന്മകളോടുള്ള സമുദായത്തിന്റെ നിലപാടെന്തെന്ന് പരസ്യമായി പ്രഖ്യാപിച്ച് വ്യക്തത വരുത്തുക.

Posted in INSTANT RESPONSE

മുസ്ലീം സമുദായത്തിന്റെ മതഗ്രന്ഥത്തിൽ ഈസാനബിയെന്ന ഒരു പ്രവാചകനെക്കുറിച്ചു വിവരിച്ചിട്ടുണ്ടെന്നു കേൾക്കുന്നു. ഇസ്ലാം മതവിശ്വാസികൾ അതു സ്വീകരിക്കുകയും വിശ്വസിക്കുകയും ചെയ്യട്ടെ. അതവരുടെ കാര്യം.

എന്നാൽ അടുത്തകാലത്തായി ഈ ഈസാനബിയും ഈശോമിശിഹായും ഒന്നാണെന്ന വിധത്തിലുള്ള പ്രചാരണങ്ങൾ കൂടിവരികയാണ്.

സത്യദൈവമായ ഈശോമിശിഹായും പ്രവാചകൻ മാത്രമായ ഈസാനബിയും ഒന്നാണെന്നു പ്രചരിപ്പിക്കുന്നവർക്കെതിരെ മതനിന്ദയ്ക്കു കേസെടുക്കാൻ ഉത്തരവാദിത്വപ്പെട്ടവർ തയ്യാറാകണം.

Posted in SOCIAL

നന്ദിയുണ്ട് ശൈലജ ടീച്ചറേ…

ബഹുമാനപ്പെട്ട ശൈലജ ടീച്ചറേ,

നന്ദിയുണ്ട്, ഇപ്പോഴെങ്കിലും സംസാരിച്ചതിന്. നിങ്ങൾക്കറിയുമോ എന്നറിയില്ല, കേരളത്തിൽ കന്യാസ്ത്രീകളെന്ന് അറിയപ്പെടുന്ന, സ്ത്രീവർഗത്തിൽപ്പെട്ട കുറേ ജന്മങ്ങൾ ജീവിച്ചിരിപ്പുണ്ട്. അവരുവഴി നിങ്ങൾ സർക്കാർ സംരക്ഷിക്കേണ്ട കുറേ ദുർബലജന്മങ്ങൾ സ്വസ്ഥമായി ജീവിക്കുന്നുമുണ്ട്. എന്നാൽ കഴിഞ്ഞ കുറേ നാളുകളായി പലതിന്റെയും പേരിൽ ആ നിർദോഷരായ സഹോദരിമാരെയും അവരുടെ സമൂഹത്തെയും മാത്രമല്ല, അവരുടെ മാതാപിതാക്കളെപ്പോലും കേട്ടാലറയ്ക്കുന്ന അശ്ലീലംകൊണ്ടു മൂടുന്ന കുറേ ഞരമ്പുരോഗികളെകൊണ്ട് സാമൂഹ്യമാധ്യമങ്ങൾ നിറഞ്ഞിരിക്കുകയാണ്. നൂറുകണക്കിന് പരാതികൾ നിങ്ങളുടെ നിയമപാലകർക്ക് അതേക്കുറിച്ച് ലഭിച്ചിട്ടുമുണ്ട്. പക്ഷെ ഇവിടുത്തെ സ്ത്രീസംരക്ഷകരോ നിയമമോ ഒന്നും ഇതുവരെയും ആ നിലവിളികൾക്കുമുമ്പിൽ ചെവി തുറന്നിട്ടില്ല. എന്തിനേറെ, തന്നെക്കുറിച്ച് അശ്ലീലം കേട്ടപ്പോൾ നിയന്ത്രണംവിട്ടു നിയമം കൈയിലെടുത്ത ആ ബഹുമാന്യ സ്ത്രീസംരക്ഷക പോലും കമാന്നൊരക്ഷരം അതിനെക്കുറിച്ചു മിണ്ടിയിട്ടില്ല.

ഇങ്ങനെയുള്ള നിയമലംഘനങ്ങളിൽ സർക്കാർ സംവിധാനങ്ങളും നിയമവ്യവസ്ഥയും ഉണരണമെങ്കിൽ കരിഓയിൽ പ്രയോഗവും മർദ്ദനവും തെറിയഭിഷേകവും ഉണ്ടാകണമെന്നാണോ ഇതിൽനിന്നു മനസിലാക്കേണ്ടത്? അതുപോലെ സ്ത്രീപക്ഷപ്രവർത്തർക്കും പ്രവർത്തിക്കാൻ ഊർജം കിട്ടണമെങ്കിൽ സ്വന്തം അഡ്രസിൽ അശ്ലീലത്തെറി കിട്ടണമെന്നുണ്ടോ? അതോ ഈ കന്യാസ്ത്രീകളെ നിങ്ങൾ സ്ത്രീവർഗത്തിൽ പെടുത്തിയിട്ടില്ലേ..?

രണ്ടുദിവസമായി ഈ വാർത്ത ചർച്ചചെയ്തുകൊണ്ടിരിക്കുന്ന മാധ്യമങ്ങളോടും മറ്റൊന്നും ചോദിക്കാനില്ല. ഇപ്പോഴാണോ നിങ്ങളുടെയും ധാർമ്മികബോധം ഉണർന്നത്? സോഷ്യൽമീഡിയായിൽ നോക്കിയിരുന്ന് വാർത്തയുടെ അപ്ഡേറ്റ് തയ്യാറാക്കുന്ന നിങ്ങളും കണ്ടതാണല്ലോ കഴിഞ്ഞ കുറേ നാളുകളായി കന്യാസ്ത്രീകളെന്ന ഒരു പ്രത്യേകവിഭാഗം സ്ത്രീജനങ്ങൾക്കെതിരെ നടക്കുന്ന അശ്ലീലവും തികച്ചും അധാർമ്മികവും അന്യായവുമായ ക്രിമിനൽ അതിക്രമങ്ങൾ… അതെല്ലാം കണ്ടിട്ടും, ധാർമ്മിതയുടെയും നീതിയുടെയും സത്യത്തിന്റെയും മൊത്തക്കച്ചവടക്കാരായ നിങ്ങളുടെ വായിൽനിന്ന് എന്തുകൊണ്ട് ഒരുവാക്കുപോലും പുറത്തുവന്നില്ല? വരില്ലെന്നറിയാം, കാരണം നിങ്ങളുടെ കച്ചവടക്കണ്ണിൽ വിലയുള്ളത് അക്കൂട്ടത്തിൽ വഴിതെറ്റി നടക്കുന്ന ചില ജന്മങ്ങൾക്കുമാത്രമാണല്ലോ.

ബഹുമാനപ്പെട്ട മന്ത്രിയും സ്ത്രീപക്ഷ പ്രവർത്തകരും മാധ്യമങ്ങളുമെല്ലാം ഒരു കാര്യം മനസിലാക്കുന്നത് നല്ലതാണ്. കരിഓയിൽ സംഘടിപ്പിക്കാനുള്ള കഴിവും തങ്ങളെയും, ജനിപ്പിച്ച മാതാപിതാക്കളെയും അശ്ലീലം പറയുന്നവരുടെ നേരെ ചെല്ലാനുള്ള തന്റേടവും ഇല്ലാതിരുന്നിട്ടല്ല അവരാരും പ്രതികരിക്കാത്തത്. മറിച്ച് നിങ്ങളെല്ലാവരുംകൂടി അവരെ സംരക്ഷിക്കും എന്ന മിഥ്യാധാരണ ഇപ്പോഴും പുലർത്തുന്നതുകൊണ്ടാണ്. മാത്രമല്ല, അവരുടെ ജീവിതശൈലിയിലും അവരുടെ ടൈംടേബിളിലും ഇതിനൊന്നും അല്പംപോലും സമയം അവർക്കില്ലതാനും. പക്ഷെ ഇങ്ങനെയുള്ള തിന്മകളെ ഇല്ലാതാക്കുവാൻ ഉത്തരവാദിത്വമുള്ളവരായ നിങ്ങൾ ഇക്കാര്യത്തിൽ കാണിക്കുന്ന നിസംഗത തികഞ്ഞ അനീതിയാണ്. നിങ്ങൾ ഉണരേണ്ടത് ചില പ്രത്യേകതരം സ്ത്രീകൾമാത്രം ആക്രമിക്കപ്പെടുമ്പോഴല്ല. മറിച്ച് കേരളത്തിലെ ഒരു സ്ത്രീപോലും അവഹേളിക്കപ്പെടുന്നില്ല എന്നുറപ്പാക്കാൻ നിങ്ങൾ ബാദ്ധ്യസ്ഥരാണ്. ഇനിയെങ്കിലും ബഹുമാനപ്പെട്ട വനിതാ മന്ത്രിയും സ്ത്രീസംരക്ഷകരും മാധ്യമങ്ങളും അതിനു തയ്യാറാകുമെന്ന് വെറുതേ ആശിക്കട്ടെ.

ഏതായാലും കൂടലിലെ അപ്പൂപ്പനും കന്യാസ്ത്രീകളെ അധിക്ഷേപിച്ചാൽ ആരും ചോദിക്കാൻ വരില്ലെന്നു കരുതുന്ന മറ്റ് ഞരമ്പുരോഗികളും ഒന്നു കരുതിയിരിക്കുന്നത് നല്ലതാണ്. സ്ത്രീസംരക്ഷകരുടെ കഴിഞ്ഞ ദിവസത്തെ മാതൃകയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ആരെങ്കിലും കരിഓയിലും സംഘടിപ്പിച്ച് ഒരുങ്ങിയിരുപ്പുണ്ടോയെന്ന് ആർക്കറിയാം.. 

Posted in SOCIAL

പാക്കിസ്ഥാൻ അങ്ങു ദൂരെയല്ല…

കഴിഞ്ഞ ദിവസം ലോഞ്ച്ചെയ്യപ്പെട്ട ഒരു വെബ്സൈറ്റ് ശ്രദ്ധയിൽപെട്ടതുകൊണ്ടാണ് ഈ കുറിപ്പ്. പാക്കിസ്ഥാനിൽ പതിനാലു വയസുമാത്രം പ്രായമുള്ള മരിയ ഷബാസ് എന്ന ക്രൈസ്തവ പെൺകുട്ടിയോട്, തന്നെ ബലമായി തട്ടിക്കൊണ്ടുപോയ അധമന്റെ ഭാര്യയായി ജീവിക്കണമെന്ന് അവിടുത്തെ ഒരു കോടതി വിധിച്ചതാണ് Justiceforminor.org എന്ന പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ആ വെബ്സൈറ്റ് രുപപ്പെട്ടതിന്റെ പശ്ചാത്തലമെന്നു മനസിലാക്കുന്നു. നാം കണ്ണുതുറന്നു കാണുകയും ധാർമികബോധത്തോടെ പ്രതികരിക്കുകയും ചെയ്യേണ്ട അടിയന്തിരപ്രാധാന്യമുള്ള ഒരു വിഷയമായതുകൊണ്ട് ഈ സംരംഭത്തോട് പൂർണമായി സഹകരിക്കാൻ സന്നദ്ധരാകണമെന്നാണ് എന്റെ കാഴ്ചപ്പാട്.

ഓ…അതങ്ങു പാക്കിസ്ഥാനിലല്ലേ എന്നു ചിന്തിക്കുന്നവരോടു പറയാനുള്ളത് ഇവിടെനിന്ന് പാക്കിസ്ഥാനിലേക്കുള്ള ദൂരം ഇപ്പോൾ വളരെയധികം കുറഞ്ഞിരിക്കുന്നു എന്നാണ്. സമകാലിക കേരളത്തിന്റെ മാറിവന്നിരിക്കുന്ന സാമൂഹികചുറ്റുപാടുകൾ നമ്മെ ബോദ്ധ്യപ്പെടുത്തുന്നത് ഈ യാഥാർത്ഥ്യമാണ്. തൊടുപുഴയിലെ കൈവെട്ടു തുടങ്ങി എരുമേലിയിലെ പന്നിയിറച്ചി വിവാദവും ലൗജിഹാദുമുൾപ്പെടെയുള്ള സംഭവങ്ങളെ നാളുകൾക്കിപ്പുറമിരുന്ന് വർത്തമാനകാല പശ്ചാത്തലത്തിൽ വിശകലനം ചെയ്യുമ്പോൾ നിഷ്പക്ഷചിന്ത പുലർത്തുന്നവർക്ക് അതു ബോദ്ധ്യപ്പെടും. ഈ വർഷങ്ങളിലെ ജനനനിരക്കിന്റെ കണക്കുകളും ഭാവിയിലേക്കുള്ള ചൂണ്ടുപലകകളാണ്. കൂടാതെ സോഷ്യലിസം കടലാസിലെങ്കിലും സൂക്ഷിക്കുന്നവരുൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളുടെ പിന്നാംപുറകഥകളിലും വായിക്കാൻ കഴിയുന്നത് എല്ലാവരുംചേർന്ന് അവിടേക്കുള്ള കുറുക്കുവഴിയുടെ നിർമ്മാണം ത്വരിതഗതിയിലാക്കിയിരിക്കുന്നു എന്ന സത്യമാണ്. അതുകൊണ്ടുതന്നെ പാക്കിസ്ഥാനിലെ മരിയ നമ്മുടെ നാട്ടിലെയും വീട്ടിലെയും കുട്ടിയായി മാറിയിരിക്കുന്നു.

ഈ പശ്ചാത്തലത്തിലാണ് ഈ പുതിയ വെബ്സൈറ്റിന്റെ പ്രസക്തി. മനുഷ്യനന്മയെ സ്നേഹിക്കുകയും സ്വന്തം വിശ്വാസത്തെ വിലമതിക്കുകുയും, അതിൽ കപടമായ വിശാലമനസിന്റെ മറവിൽ വെള്ളം ചേർക്കാതിരിക്കുകയും, അന്യന്റെ വിശ്വാസത്തിലും അവകാശത്തിലും കൈകടത്താതിരിക്കുകയും ചെയ്യുന്നവർ ഇതിന്റെ പിന്നിൽ അണിനിരക്കേണ്ടത് നാടിന്റെ നന്മയ്ക്ക് അത്യാവശ്യമാണ്. ക്രൈസ്തവവിശ്വാസത്തിനു സ്വന്തം ജീവനേക്കാൾ വിലയുണ്ടെന്ന ബോദ്ധ്യത്തിൽ ജീവിച്ചു മരിച്ചവരിൽനിന്നുള്ള വളമാണ് നമ്മുടെ വേരുകൾ തേടിയെടുക്കുന്നത് എന്നു മറക്കാതിരിക്കാം. വരും തലമുറയിലേക്ക് ഈ വിശ്വാസം കുറവുകൂടാതെ കൈമാറി കൊടുക്കണമെങ്കിൽ നിസംഗത വെടിഞ്ഞ് ഇന്നു നാം ചെയ്യേണ്ടത് ചെയ്തേ മതിയാകു. ഈ വെബ്സൈറ്റ് അതിനുവേണ്ടിയുള്ള ഒരു ചുവടുവെയ്പ്പായി കരുതിയാണ് ഇവിടെ ഞാനതു ഷെയർ ചെയ്യുന്നത്.

https://www.justiceforminor.org/

Posted in INSTANT RESPONSE

അവിടെയുമെത്തി ആ തൊരപ്പൻ…

എന്തേ വരാത്തതെന്നു കാത്തിരിക്കുകയായിരുന്നു… പ്രതീക്ഷ തെറ്റിച്ചില്ല. പ്രിയപ്പെട്ട സോണിയച്ചന്റെ വേദനാജനകമായ വേർപാടിൽ മനംനൊന്തവരുടെ കണ്ണീർ ഉണങ്ങുന്നതിനുമുമ്പുതന്നെ എത്തി കുറേ കണ്ടുപിടുത്തങ്ങളും ആരോപണങ്ങളുമായി. ആളു മിടുക്കനാ, കുറഞ്ഞ സമയംകൊണ്ടുതന്നെ അമേരിക്കായിൽ പലയിടത്തും കേരളത്തിൽ സോണിയച്ചൻ വികാരിയായിരുന്ന പളളിയിലുമെല്ലാം CBI പണി പൂർത്തിയാക്കി റിപ്പോർട്ടും പൊതുജനസമക്ഷം സമർപ്പിച്ചുകഴിഞ്ഞു.

തൊടുന്നതെല്ലാം പാഴായിപോകുമ്പോഴും പശുവിനെ ചാരി പോത്തിനെ വെട്ടുന്ന കുതന്ത്രവും പച്ചക്കള്ളങ്ങൾ ദൈവവചനംപോലെ പറയാനുള്ള ഉളുപ്പില്ലായ്മയും പിന്നെ കത്തോലിക്കാസഭയെ ഉദ്ധരിച്ചേ അടങ്ങൂ എന്ന ചിത്താന്തവുംകൂടിച്ചേരുമ്പോൾ അടങ്ങിയിരിക്കാൻ പറ്റുന്നില്ല.

മാത്രമല്ല, ഈ കൊറോണാക്കാലത്തു നൂറുകണക്കിനു മനുഷ്യർ തൊഴിൽ നഷ്ടപ്പെട്ട് ജീവിക്കാൻ പാടുപെടുമ്പോൾ ഇതൊരു ജീവിതമാർഗമാണെന്നുള്ള തിരിച്ചറിവ് നല്കുന്ന ആവേശവും സഭയെപ്പറ്റി വേദനിക്കുന്ന ഈ അണ്ണന്റെ പ്രവർത്തനങ്ങളിൽ കാണാൻ കഴിയും.

അപ്പന് അന്തോനീസ് പുണ്യാളന്റെ പേരുള്ളതുകൊണ്ട് മോന് വകതിരിവും മനോഭാവത്തിൽ സത്യസന്ധതയും പെരുമാറ്റത്തിൽ മാന്യതയും ഉണ്ടാകണമെന്നു വാശിപിടിക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് ഇങ്ങനെതന്നെ തുടരട്ടെ, തീറ്റതേടുന്ന കാക്കയായി…

Posted in SOCIAL

നിസംഗത പാപമാണ്

കഴിഞ്ഞ ദിവസം കാരക്കാമല പള്ളിയിൽ നടന്ന ലൂസിത്തരം* ലോകം മുഴുവൻ കണ്ടുകഴിഞ്ഞല്ലോ. ഈ സംഭവം വഴി ചിലരെങ്കിലും യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങുകയും ആ ജന്തുവിനെ (ക്ഷമിക്കുക, അതിനെ വിശേഷിപ്പിക്കാൻ മറ്റൊരു പേര് ഇപ്പോഴും കിട്ടാത്തതുകൊണ്ടാണ് ഈ വാക്ക് ആവർത്തിക്കുന്നത്) പിന്താങ്ങുന്നതിൽനിന്നു പിന്മാറുകയും ചെയ്തു തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇപ്പോഴും നേരം വെളുക്കാത്തവർ ആ ഇടവകയിൽപോലുമുണ്ടെന്നു തെളിയിക്കുകയാണ് ഇതുമായി ബന്ധപ്പെട്ട് അവിടുത്തെ വികാരിയച്ചനെ ചോദ്യം ചെയ്യാൻ ചെന്ന കുറേയാളുകൾ.

സഭയും പൊതുസമൂഹവും കണ്ണുതുറന്നു മനസിലാക്കേണ്ട ചില യാഥാർത്ഥ്യങ്ങളിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. പിന്താങ്ങാനും പണം മുടക്കാനും ആളുകളും പിന്നെ സോഷ്യൽ മീഡിയായും ചേർന്നാൽ എന്തതിക്രമവും എന്തന്ന്യായവും ആർക്കെതിരെയും ചെയ്യാവുന്ന നാടാണ് നമ്മുടേതെന്ന് ഈ സംഭവം തെളിയിക്കുന്നു. ഇരയെന്ന നാട്യത്തിൽ അലറിക്കൂവി മറ്റുള്ളവർക്കവകാശപ്പെട്ട നീതിയും ന്യായവും നിരന്തരം തട്ടിത്തെറിപ്പിക്കുന്ന ഇതുപോലുള്ള വികൃതജന്മങ്ങൾക്ക് തീറ്റയും വളവും നല്കുന്നവരെക്കുറിച്ച് അന്വേഷിച്ചാൽ മതി ഇതിന്റെയൊക്കെ സത്യാവസ്ഥകളെ തിരിച്ചറിയാൻ. കഴിഞ്ഞ ദിവസം എന്റെയൊരു കുറിപ്പിനെ വളച്ചൊടിച്ച് എനിക്കെതിരെ പോസ്റ്റിട്ട, മുകളിൽപറഞ്ഞ ആ ജീവിയെ രക്ഷിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന, ഒരു സത്യക്രിസ്ത്യാനിയുടെ പോസ്റ്റുകളിലൂടെ വെറുതേ ഒരു കൌതുകത്തിനു ഞാനൊന്നു കടന്നുപോയി. അയാളുടെ പോസ്റ്റുകളുടെ ചില സ്ക്രീൻഷോട്ടുകൾ ഞാൻ താഴെ കൊടുക്കുന്നുണ്ട്. അതുമാത്രംമതി ബോധമുള്ളവർക്ക് കണ്ണുതുറക്കാൻ.

ഈ കളികളെല്ലാം ഇപ്പോഴും നിസംഗതയോടെ നോക്കിക്കാണുകയും നിർവികാരതയോടെ ജീവിക്കുകയും ചെയ്യുന്നവർ ആത്മീയതയെന്നാൽ നിർവികാരതയും നിസംഗതയുമല്ലെന്നും ഈ ജനാധിപത്യരാജ്യത്തിൽ പ്രതികരണമെന്നാൽ പ്രാർത്ഥന മാത്രമല്ലെന്നും തിരിച്ചറിയണം. ഇങ്ങനെയുള്ള നിസംഗതകൾക്കൊണ്ട് നിരവധി സന്ന്യസ്ഥരുടെയും അവരുടെ മാതാപിതാക്കളുടെയും പ്രിയപ്പെട്ടവരുടെയും ആത്മാഭിമാനത്തിന് വിലപറയിപ്പിക്കാൻ അവസരമുണ്ടാക്കുന്നതിനെ ദയവായി പുണ്യം എന്നു വിളിക്കരുത്.

*N:B: മുകളിൽ ഞാൻ ലൂസിത്തരം എന്ന് കുറിച്ചിരിക്കുന്നത് ഈ ലോകത്തിലുള്ള ഏറ്റവും വലിയ തെറിവാക്കിന്റെ അർത്ഥത്തിലാണ്. ഇങ്ങനെയൊരസഭ്യ വാക്ക് എഴുതിയത് ക്ഷമിക്കുക.

Posted in SOCIAL

ഇനിയും സഹിക്കാൻ മനസില്ല.

ആധികാരികമായ തെളിവുകളും വസ്തുതകളും നിരത്തി അഭയാക്കേസിന്റെ പിന്നാമ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്ന കുറിപ്പ് ശ്രീ ജസ്റ്റിൻ ജോർജ് സോഷ്യൽമീഡിയായിൽ പ്രസിദ്ധികരിച്ചത് കാണുവാനിടയായി. 28 വർഷങ്ങളായി കേരളകത്തോലിക്കാസഭയെ താറടിക്കാൻ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഈ കേസിൽ പ്രതിചേർക്കപ്പെട്ടവർ നിരപരാധികളാണെന്ന് സിബിഐ അവതരിപ്പിക്കുന്ന കഥകൾ നിഷ്പക്ഷമായി വായിക്കുന്നവർക്കു ബോദ്ധ്യപ്പെടുന്ന യാഥാർത്ഥ്യമാണ്. എന്നാൽ സി.അഭയുടേത് കൊലപാതകമാണെന്ന തീരുമാനം പ്രഖ്യാപിച്ച സിബിഐയ്ക്കും കത്തോലിക്കാസഭ സകല തിന്മകളുടെയും കൂടാരമാണെന്നു സ്ഥാപിക്കാൻ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്ന സഭാവിരുദ്ധർക്കും പൌരോഹിത്യവും സന്ന്യാസവും ലൈംഗികാതിക്രമങ്ങളുടെ ഇടമാണെന്നു സ്വന്തം “അനുഭവം” വിവരിച്ച് വിളിച്ചുകൂകി നടക്കുന്ന ചില പാഴ്ജന്മങ്ങൾക്കും അവർ കുറ്റവാളികളായേ മതിയാകു. കാരണം അതവരുടെ നിലനില്പിന്റെ പ്രശ്നമാണ്.

അതേസമയം പ്രതികളെന്നു വിളിക്കപ്പെടുന്നവർ നിരപരാധികളാണെന്നു ബോദ്ധ്യപ്പെടുന്ന വിധത്തിൽ ആധികാരികമായതും ഇതുവരെയും ചോദ്യംചെയ്യപ്പെടാതെ നിലനില്ക്കുന്നതുമായ കോടതിവിധിയും നിഷ്പക്ഷരായ അന്വേഷണോദ്യോഗസ്ഥരുടെ വാക്കുകളും ഇത്രയും ശക്തമായ പിന്തുണയായിട്ടുള്ളപ്പോഴും കുറ്റാരോപിതരും അവരുടെ കുടുംബാംഗങ്ങളും അതോടൊപ്പം കത്തോലിക്കാസഭ മുഴുവനും അനുഭവിച്ചതും അനുഭവിച്ചുകൊണ്ടിരിക്കുന്നതുമായ അപമാനത്തിനു പരിഹാരമുണ്ടാകുന്ന വിധത്തിലുള്ള ഒരു പ്രതികരണം സഭയുടെ ഉത്തരവാദിത്വപ്പെട്ടവരിൽനിന്നും ഉണ്ടായില്ല എന്നത് ചെറിയ പിഴവല്ല. കുറ്റകരമായ ഈ മൌനത്തെ ക്രൈസ്തവപുണ്യം എന്നു വിളിച്ചു മാമ്മോദിസാ മുക്കിയെടുക്കുന്നതും അംഗീകരിക്കാനാവില്ല. ഉചിതമായ സമയത്ത് ഉറച്ച് നിലപാടുകൾ എടുക്കാൻ ഉത്തരവാദിത്വപ്പെട്ടവർ മടിച്ചതുകൊണ്ടല്ലേ ധാർമ്മികതയും നീതിബോധവും മറ്റുചില നേട്ടങ്ങൾക്കുവേണ്ടി പണയംവച്ച മാധ്യമങ്ങളും സോഷ്യൽമീഡിയായിൽ നിരന്തരം സഭയ്ക്കെതിരെ ഓരിയിടുന്ന ചില ചാവാലിപ്പട്ടികളും ചേർന്ന് കത്തോലിക്കാ സഭയെയും പൌരോഹിത്യത്തെയും സന്ന്യാസത്തെയും നിരന്തരം താറടിച്ചുകൊണ്ടിരിക്കുന്നത്.

ഇനിയും അന്യായവും അധാർമ്മികവുമായ ഈ കുറ്റാരോപണത്തിന്റെ പങ്കുപറ്റി ജീവിക്കാൻ മനസില്ല. അതുകൊണ്ടുതന്നെ ഉത്തരവാദിത്വപ്പെട്ടവർ മൌനം വെടിഞ്ഞ് അഭയാക്കേസിന്റെ നാൾവഴികളിൽ മറഞ്ഞുകിടക്കുന്ന യാഥാർത്ഥ്യങ്ങളെ പൊതുസമൂഹത്തിന്റെ മുമ്പിൽ വെളിപ്പെടുത്തിയേ മതിയാകു. അങ്ങനെയുള്ള വെളിപ്പെടുത്തലുകൾ വഴിയുണ്ടാകുന്ന നഷ്ടങ്ങൾ ഇത്രയുംകാലം കുറ്റാരോപിതരും അവരുടെ കുടുംബാംഗങ്ങളും ഞാനുൾപ്പെടുന്ന പുരോഹിതഗണവും സന്ന്യസ്തരും കത്തോലിക്കാസഭയും അനുഭവിച്ചതും അനുഭവിക്കുന്നതുമായ നഷ്ടങ്ങളുമായി താരതമ്യം ചെയ്താൽ അതു തുലോം തുച്ഛമായിരിക്കും. മാത്രമല്ല എന്തിനും ഏതിനും അഭയാക്കേസും പൊക്കിപ്പിടിച്ച് കത്തോലിക്കാസഭയ്ക്കെതിരെ ഉറഞ്ഞുതുള്ളുന്നവരുടെ അസ്കിതയ്ക്കല്പം ശമനവും കിട്ടും.

Posted in INSTANT RESPONSE

ആരവമില്ലാതെ…

മരണശേഷം നാടിളക്കിയുള്ള സംസ്ക്കാര കർമ്മങ്ങൾ ആഗ്രഹിച്ചിരുന്നെങ്കിൽ അഭി. ആനിക്കുഴിക്കാട്ടിൽ പിതാവ് ജീവിച്ചിരുന്നപ്പോൾ ഒരിക്കലും ഇത്തരമൊരു നിലപാട് സ്വീകരിക്കുമായിരുന്നില്ല. അതു കൊണ്ടുതന്നെ ആരവവും ആഘോഷവുമില്ലാതെ ഏകനായി അദ്ദേഹം കടന്നു പോകുമ്പോൾ നാം സങ്കടപ്പെടേണ്ടതില്ല. ജീവിച്ചിരുന്നപ്പോഴും അദ്ദേഹം പലപ്പോഴും ഒറ്റയാൾ പോരാട്ടത്തിൽതന്നെ ആയിരുന്നല്ലോ.

സ്വന്തം പാരമ്പര്യം വെളിപ്പെടുത്തി വികട മനസുകൾ പടച്ചു വിടുന്ന നീച സാഹിത്യത്തെ അവഗണിച്ചു തള്ളാനും അതുകൊണ്ടുതന്നെ നമുക്കാകും.

അഭി. പിതാവിന് ബാഷ്പാഞ്ജലികൾ…

Posted in SOCIAL

ഇനിയെങ്കിലും കർഷകർക്കൊപ്പമാകൂ…

കൊറോനാനന്തര ലോകത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധലഭിക്കാൻ പോകുന്നത് ലോകജനതയെമുഴുവൻ തീറ്റിപ്പോറ്റുവാൻ കഠിനാധ്വാനം ചെയ്യുന്ന കർഷകർക്കാണ്. പണം കൈയിലുള്ളതുകൊണ്ടോ സാങ്കേതികശേഷിയുള്ളതുകൊണ്ടോ വയറുനിറയില്ലെന്ന സത്യം സാവധാനം എല്ലാവരും മനസിലാക്കി തുടങ്ങിയിരിക്കുന്നു. കഴിഞ്ഞദിവസം ദീപിക ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ഉപരാഷ്ട്രപതിയുടെ ലേഖനം തന്നെ ഈ യാഥാർത്ഥ്യത്തിലേക്കു വെളിച്ചം വീശുന്നു. അതോടൊപ്പം ആ ദിവസം തന്നെ ദീപിക മുഖപ്രസംഗത്തിൽ അവതരിപ്പിച്ച, കർഷകർ കാലങ്ങളായി അഭിമുഖീകരിക്കുന്ന വലിയ സാമ്പത്തിക പ്രതിസന്ധികളും സർക്കാരിന്റെയും ബാങ്കുകളുടെയും ക്രൂരമായ നിലപാടുകളുമെല്ലാം ഒരിക്കൽക്കൂടി കാർഷികമേഖല അഭിമുഖീകരിക്കുന്ന സമാനതകളില്ലാത്ത പ്രതിസന്ധികളെ സമൂഹത്തിനു മുമ്പിൽ വെളിപ്പെടുത്തുന്നവയായി.

ഇത്രയും കാലം ഇങ്ങനെ എന്തെല്ലാം വാർത്തകൾ കർഷകർക്കൊപ്പം നില്ക്കുന്ന മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നിരിക്കുന്നു. പക്ഷെ അതെല്ലാം വെറും വനരോദനങ്ങളായി അവശേഷിച്ചു. കാരണം അതു കേൾക്കേണ്ടവർ കേൾക്കാതെയും കേട്ടവർ പ്രതികരിക്കാതെയും കർഷകരെ അഞ്ചുവർഷത്തിലൊരിക്കൽ ഒരു ദിവസംമാത്രം വിലയുണ്ടാകുന്ന വെറും മണ്ണുണ്ണികളായികണ്ട് അവഗണിച്ചു. എന്നാൽ കൊറോണാ ചില തിരിച്ചറിവുകൾ നല്കിത്തുടങ്ങിയിരിക്കുന്നു. ഇനിയും കർഷകരെയും കാർഷികമേഖലയേയും അവഗണിച്ചാൽ പരിണിതഫലം ഗുരുതരമായിരിക്കുമെന്ന തിരിച്ചറിവ് അതിൽ പ്രധാനപ്പെട്ടതാണ്. ഒരുപക്ഷെ ഭക്ഷ്യക്ഷാമം വാതിൽക്കൽ എത്തിനോക്കുന്ന ഈ സാഹചര്യത്തിൽ കർഷകർ അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ കേൾക്കാനും ഉൾക്കൊള്ളാനും ഭാവാത്മകമായി പ്രതികരിക്കാനും കർഷകവിരോധം ഉള്ളിൽ സൂക്ഷിക്കുന്നവർക്കും കഴിയുമായിരിക്കും.

കർഷകരുടെ ചരിത്രം അറിഞ്ഞിട്ടുള്ളവർക്കറിയാം ഈ പ്രതിസന്ധിയിലും അവർ നാടിന്റെ നട്ടെല്ലായി നിലനില്ക്കുമെന്ന്. ഹൈറേഞ്ചിലെയും മലബാറിലെയും കുടിയേറ്റങ്ങൾ കൈയേറ്റങ്ങളായി അവതരിപ്പിച്ചവരുടെകൂടി വയറുനിറയ്ക്കാൻ പരിഭവം മറച്ചുപിടിച്ച് മണ്ണിൽ വിയർപ്പൊഴുക്കി കനകംവിളയിച്ചവരാണവർ. അതുകൊണ്ടുതന്നെ പ്രകൃതിയൊരുക്കുന്ന പ്രതിസന്ധികളെ തരണം ചെയ്യാൻ അവർക്ക് പ്രത്യേക കൈപ്പാങ്ങ് ഉണ്ട്. എന്നാൽ അന്നംകൊടുക്കുന്ന കൈക്കുതന്നെ കടിക്കുന്ന കൂടപ്പിറപ്പുകളുടെ കർഷകവിരുദ്ധ നിലപാടുകളിലാണ് അവർ പലപ്പോഴും പതറിപ്പോകുന്നത്. വരാൻപോകുന്ന കൊറോണാനന്തര പട്ടിണിക്കാലത്തെങ്കിലും ലോകത്തെ മറ്റേതൊരു തൊഴിലിനോടൊപ്പമോ അതിനൊരുപടി മുകളിലോ ആണ് കാർഷികവൃത്തിയുടെ സ്ഥാനമെന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

ദീപികയിൽ ഉപരാഷ്ട്രപതിയും പത്രത്തിന്റെ മുഖപ്രസംഗവും അവതരിപ്പിച്ച കാർഷകസൌഹൃദമായ നിലപാടുകളെ അടിവരയിട്ട് അംഗീകരിക്കുന്നതിനോടൊപ്പം ഇപ്പോൾ കർഷകർ പ്രായോഗികമായി അനുഭവിക്കുന്ന മറ്റൊരു പ്രധാന പ്രതിസന്ധിയെക്കൂടി അധികാരികളുടെയും പൊതുജനത്തിന്റെയും അടിയന്തിരശ്രദ്ധയിൽപെടുത്താൻ ആഗ്രഹിക്കുന്നു. അതു മറ്റൊന്നുമല്ല, കർഷകൾ കുറച്ചു വർഷങ്ങളായി അനുഭവിക്കുന്ന വന്യമൃഗങ്ങളുടെ അതിരൂക്ഷമായ ശല്യംതന്നെ. ഭക്ഷ്യസുരക്ഷയ്ക്കായി തരിശുഭൂമി കൃഷിചെയ്യണമെന്നുള്ള കെ.സി.ബി.സിയുടെ ആഹ്വാനവും പത്രത്തിൽ വായിച്ചു. കൃഷിചെയ്യാൻ മനസും ആരോഗ്യവുമുള്ള ജനത എന്തുകൊണ്ടാണ് കൃഷിസ്ഥലം തരിശായിക്കിടക്കാൻ അനുവദിക്കുന്നതെന്നും അധികാരികൾ കണ്ണുതുറന്നു കാണണം. പ്രകൃതിസ്നേഹികളിലെയും പരിസ്ഥിതിപ്രേമികളിലെയും ചില തീവ്രവാദികളുടെ നിലപാടുകൾ വക്രവഴികളിലൂടെയും അല്ലാതെയും അധികാരികളുടെയും ഭരണകർത്താക്കളുടെയും നിലപാടുകളായി മാറിയതിന്റെ പരിണിതഫലങ്ങളാണത്. മനുഷ്യരെക്കാൾ മൂല്യം മൃഗങ്ങൾക്കുകൊടുക്കുന്ന തലതിരിഞ്ഞ നയങ്ങളും നിയമങ്ങളുംമൂലം കൃഷി അവസാനിപ്പിക്കാൻ കർഷകർ നിർബന്ധിതരായിരിക്കുകയാണ്. ഭക്ഷ്യക്ഷാമം പടിക്കലെത്തിയിരിക്കുന്ന ഈ സമയത്ത് ഈ പ്രശ്നത്തിന് അടിയന്തിരപരിഹാരമുണ്ടായേ മതിയാകൂ. വിദേശരാജ്യങ്ങളിലൊക്കെ വന്യമൃഗങ്ങളുടെ പെരുപ്പം തടയുന്നതിന് കുറച്ചുനാളുകൾ നായാട്ടിന് അനുവാദം കൊടുക്കുന്ന പതിവുണ്ടല്ലോ. അങ്ങനെയൊരു പ്രായോഗിക തീരുമാനമാണ് ഇവിടെയും ഉണ്ടാകേണ്ടത്. കാട്ടുപന്നിയും കുരങ്ങുമൊക്കെ അസാധാരണാംവിധംപെരുകി കർഷകന്റെ കൃഷിസ്ഥലവും കടന്ന് ഇപ്പോൾ വീട്ടുമുറ്റത്തുവരെയെത്തിരിക്കുന്ന അപകടകരമായ സ്ഥിതിവിശേഷമാണുള്ളത്. ഇതിനുമുമ്പ് ഇങ്ങനെയുള്ള പ്രശ്നങ്ങളുമായി അധികാരികളെ സമീപിച്ചവർക്കൊക്കെ വിചിത്രവും പരിഹാസ്യവുമായ നിർദേശങ്ങളാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച്ചയിൽ കാട്ടുപന്നികളുടെ ശല്യത്തെക്കുറിച്ച് പരാതിപ്പെട്ട ഒരു കർഷകന്, അത് കാപ്പിത്തോട്ടത്തിൽ ജീവിക്കുന്നവയായതുകൊണ്ട് തങ്ങളുടെ വകുപ്പിൽപെട്ടവരല്ല എന്ന മറുപടിയാണ് വനംവന്യജീവി വകുപ്പിൽനിന്ന് ലഭിച്ചതെന്നൊരു വാർത്തകണ്ടു. മനുഷ്യനെ കൊന്നാൽ ജാമ്യം കിട്ടുന്ന വകുപ്പും കാട്ടുപന്നിയെ കൊന്നാൽ ജാമ്യം കിട്ടാത്ത വകുപ്പും നിലനില്ക്കുന്നിടത്ത് കർഷകർക്ക് വലിയ പ്രതീക്ഷയൊന്നുമില്ല.

കൃഷിയിടങ്ങളിലിറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലാൻ അനുവദിച്ചാൽ അതിന്റെ മറവിൽ വനത്തിൽ കയറിയും ആളുകൾ വന്യമൃഗങ്ങളെ പിടിക്കും എന്നാണെങ്കിൽ അതിനു കർശനമായ നിയമവും ശിക്ഷയുമൊക്കെ ഇപ്പോൾത്തന്നെയുണ്ടല്ലോ. അങ്ങനെയുള്ള അതിക്രമങ്ങൾ തടയുന്നതിനുവേണ്ടിക്കൂടിയല്ലെ വനംവന്യജീവി വകുപ്പും അതിന്റെ നൂറായിരം ഉപവകുപ്പുകളും. കൃഷിനശിപ്പിച്ച പന്നിയെ കൊന്നതിന്റെ പങ്കു കിട്ടാത്തതിൽ കൊതിക്കെറിവു കാണിക്കുന്ന അയൽക്കാരന്റെ ഫോൺവിളികേട്ടുവന്ന് കർഷകന്റെ കറിച്ചട്ടി പൊക്കിനോക്കി അവനെ ജാമ്യമില്ലാവകുപ്പിൽ അകത്തിടുന്നതല്ലാതെ മരങ്ങളും വന്യമൃഗങ്ങളുമുൾപ്പെടുന്ന വനസമ്പത്ത് സംരക്ഷിക്കാൻ ഈ വകുപ്പൊന്ന് ആഞ്ഞുശ്രമിച്ചാൽ പോരേ… അതിനാണല്ലോ കർഷകരുടെ ഉൾപ്പെടെയുള്ളവരുടെ നികുതിപ്പണത്തിൽനിന്ന് അവർ ശമ്പളം കൈപ്പറ്റുന്നത്.

ഏതായാലും ഈ പ്രതിസന്ധിഘട്ടത്തിലെങ്കിലും ഇക്കാര്യത്തിൽ കർഷകർക്കനുകൂലമായ ഒരു നയരൂപീകരണവും നിയമനിർമ്മാണവും ഉണ്ടാകേണ്ടത് അനിവാര്യതയാണ്. കർഷകരുടെ മാത്രം നിലനില്പിനല്ല, എല്ലാവരുടെയും വയറുനിറയുന്നതിനുവേണ്ടി…

Posted in INSTANT RESPONSE

അഭി. ആനിക്കുഴിക്കാട്ടിൽ പിതാവിന് ആദരാഞ്ജലികൾ…

തന്റെ വാക്കുകളെ പാണ്ഡിത്യത്തിന്റെയൊ വേഷഭൂഷാദികളുടെയൊ വിസ്താരഭയത്തിന്റെയൊ തൊങ്ങലുകൾകൊണ്ട് ‘പോളീഷ്’ ചെയ്ത് ശ്രാവ്യസുന്ദരമാക്കി മാറ്റാതെ, തന്റെ ബോദ്ധ്യങ്ങൾക്കുവേണ്ടിയും തന്റെ ജനത്തിനുവേണ്ടിയും ശബ്ദിച്ച ഒരു പച്ച മനുഷ്യൻ… ഇങ്ങനെ ഒരു സ്വരവും സഭാനേതൃത്വത്തിൽ വേണ്ടിയിരുന്നു… ഇനി എത്രനാൾ കാത്തിരിക്കണം… അഭിവന്ദ്യ ആനിക്കുഴിക്കാട്ടിൽ പിതാവിന് ആദരാഞ്ജലികൾ…