കഴിഞ്ഞദിവസം കെ.റ്റി. ജലീലുമായി ബന്ധപ്പെട്ട ഒരു ചാനൽചർച്ചയിൽ ജോമോൻ പുത്തൻപുരയ്ക്കലെന്ന മാന്യൻ നടത്തിയ ജല്പനങ്ങളെ വിമർശിച്ചുകൊണ്ട് മറുനാടൻ മലയാളി തയ്യാറാക്കിയ വീഡിയോ കാണുവാനിടയായി. ഒരുകാലത്ത് തന്റെ ചാനലിലൂടെ ജോമോൻ പുത്തൻപുരയ്ക്ക് വലിയ മാർക്കറ്റുണ്ടാക്കിക്കൊടുത്ത ശ്രീ ഷാജൻ സ്കറിയായുടെ തിരിച്ചറിവുകൾ കേൾക്കുകയും വെറുതേ കൌതുകത്തിനു ആ വീഡിയോയുടെ കമന്റുകളിലേയ്ക്കൊന്നു ശ്രദ്ധിക്കുകയും ചെയ്തു.
ജലീലിന്റെ വക്കാലത്തുമായിവന്ന് സ്വന്തം വ്യക്തിത്വം ഒരിക്കൽക്കൂടി വെളിപ്പെടുത്തിയ ജോമോൻ പുത്തൻപുരയ്ക്കലിനെ സത്യത്തിന്റെ കാവൽക്കാരനും നീതിദേവതയുടെ പുനരവതാരവുമൊക്കെയായി കരുതിയിരുന്നവരെല്ലാം ഈയൊരൊറ്റ ചാനൽചർച്ചകൊണ്ട് അയാളെ പടിയടച്ചു പിണ്ഡംവച്ചിരിക്കുകയാണ്. ഈ ചാനൽചർച്ചയിലെ ഏതാനും മിനിട്ടുകൾ നീളുന്ന അയാളുടെ സംസാരംകൊണ്ടുതന്നെ അയാൾ ശുദ്ധഫ്രോഡാണെന്ന് എല്ലാവർക്കും മനസിലായത്രേ!!!
ഇനിയാണെന്റെ സംശയം…
അഭയാക്കേസുമായി ബന്ധപ്പെട്ടു ഈ ജോമോൻ പതിറ്റാണ്ടുകളായി വാ തോരാതെ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ടും ഒരിക്കൽപ്പോലും അയാളുടെ വാക്കുകളിൽ ആർക്കും സംശയംതോന്നുകയോ അതേക്കുറിച്ചു വീണ്ടുവിചാരം നടത്തുകയോ ചെയ്തിട്ടില്ലെന്നുമാത്രമല്ല, ആ കേസിന്റെ പശ്ചാത്തലത്തിലാണ് അയാൾ സത്യത്തിന്റെ കാവൽക്കാരനായി പലരുടെയും ഹൃദയങ്ങളിൽ പ്രതിഷ്ഠ നേടിയതും. എന്തായിരിക്കാം അങ്ങനെയൊരു അന്ധമായ വിശ്വാസത്തിലേയ്ക്കു പൊതുസമൂഹം നയിക്കപ്പെടാൻ കാരണം…? ഉത്തരം ലളിതമാണ്; എതിർഭാഗത്തുള്ളത് അച്ചന്മാരും കന്യാസ്ത്രീയുമാണ് എന്നതുമാത്രമാണ് ജോമോന്റെ വാക്കുകളെ തൊള്ളതൊടാതെ വിഴുങ്ങാൻ പലരേയും പ്രേരിപ്പിച്ചത്.
ജലീലിനെ ന്യായീകരിക്കാൻ പാഴ്ശ്രമംനടത്തി തനിനിറം പുറത്തുകാണിച്ച ജോമോനോടുള്ള വിശ്വാസവും ബഹുമാനവും നഷ്ടപ്പെട്ടുവെന്ന് കമന്റെഴുതിയവരോട് സഹതാപംമാത്രമേയുള്ളു. കാരണം അഭയാക്കേസുമായി ബന്ധപ്പെട്ട അയാളുടെ വാക്കുകളെ അവിശ്വസിക്കാൻ നൂറായിരം കാരണങ്ങൾ ആ വാക്കുകളിൽത്തന്നെയുണ്ടായിരുന്നപ്പോഴും അതൊന്നും ശ്രദ്ധിക്കാൻപോലും കഴിയാത്തവിധത്തിൽ മുൻവിധിയുടെ അന്ധകാരത്തിലായിരുന്നു അവർ.
ഇതുപോലുള്ള സ്ഥാപിതതാല്പര്യക്കാരും മാധ്യമങ്ങളുമെല്ലാംചേർന്നു നിർമ്മിച്ചെടുക്കുന്ന പൊതുബോധത്തിന്റെ സ്വാധീനത്താൽ കോടതിവിധികളിൽപോലും അക്ഷരത്തെറ്റുകളുണ്ടാകുന്ന ഈ കാലത്തിൽ കങ്കാരുകോടതികളെ നിലയ്ക്കുനിറുത്തണമെന്ന് ന്യായാധിപന്മാർതന്നെ ആവശ്യപ്പെട്ടു തുടങ്ങിയിരിക്കുന്നത് എന്തായാലും ആശാവഹമാണ്.
സമീപകാലത്ത് കത്തോലിക്കാസഭയ്ക്കെതിരെയുണ്ടായിട്ടുള്ള കേസുകളിലെല്ലാം ചില വർഗീയശക്തികളുടെ നിഗൂഢസാന്നിദ്ധ്യമുണ്ടെന്ന സംശയങ്ങൾക്ക് കൂടുതൽ ബലംനല്കുന്നതാണ് നീതിയുടെ കാവൽക്കാരനായ ജോമോന്റെ ഇപ്പോഴത്തെ ന്യായീകരണങ്ങൾ…
ഏതായാലും ഇതുവരെയും നീതിലഭിക്കാത്ത സി.അഭയയുടെ ആത്മാവിന്റെ നൊമ്പരങ്ങൾക്കും അനീതി അനുഭവിക്കുന്ന ‘പ്രതികളുടെ’ നിലവിളികൾക്കും മറുപടിയുണ്ടാകാതിരിക്കാൻ പറ്റില്ലല്ലോ…