Posted in SPIRITUAL

സാമാന്യമര്യാദയെങ്കിലും ആയിക്കൂടേ…?

എറണാകുളം-അങ്കമാലി, ഇരിങ്ങാലക്കുട തുടങ്ങിയ രൂപതകളിലെ ബഹുമാനപ്പെട്ട ദൈവജനത്തോടുള്ള ഒരു വൈദികന്റെ വാക്കുകളാണിവ. ഞാൻ കാഞ്ഞിരപ്പള്ളി രൂപതയിലെ ഒരു വൈദികനാണ്. കാഞ്ഞിരപ്പള്ളിക്കാരന് എറണാകുളത്തും ഇരിങ്ങാലക്കുടയിലുമൊക്കെ എന്തുകാര്യമെന്നു ചിലപ്പോൾ നിങ്ങൾക്കു സംശയം തോന്നിയേക്കാം; പ്രത്യേകിച്ചും കാഞ്ഞിരപ്പള്ളിക്കാരും ചങ്ങനാശേരിക്കാരും പാലാക്കാരുമൊക്കെയാണ് നിങ്ങളുടെ ശത്രുക്കളെന്ന് നിങ്ങൾ കേട്ടുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ. അതിനാൽ അതിന്റെ കാരണംപറഞ്ഞുതന്നെ ആരംഭിക്കാം. സഭയിലെ മെത്രാന്മാരും വൈദികരും സമർപ്പിതരും വിശ്വാസികളുമെല്ലാം ഉൾപ്പെടുന്ന ദൈവജനത്തെ പല അതിരൂപതകളായും രൂപതകളായും ഇടവകകളായുമെല്ലാം തിരിച്ചിരിക്കുന്നത് വിശ്വാസജീവിതത്തിന്റെ പ്രായോഗികതയ്ക്കുവേണ്ടിയാണ്. എന്നാൽ കൂട്ടായ്മയുടെ ആഘോഷമായ പരി.കുർബാനയും മറ്റു കൂദാശകളുമാണ് ഇങ്ങനെ പലതായി വേർതിരിക്കപ്പെട്ടിരിക്കുന്ന ദൈവജനത്തെ അൾത്താരയ്ക്കുമുമ്പിൽ ഒരു ഹൃദയവും ഒരാത്മാവുമുള്ള സമൂഹമാക്കിത്തീർക്കുന്നത്. അതായത് ഇടവകകൾക്കും രൂപതകൾക്കുമെല്ലാം ഉപരിയായി നാമെല്ലാവരും ഒരേ ഹൃദയത്തോടെ ദൈവത്തെ ആരാധിക്കേണ്ട ദൈവജനമാണ്. അതിനാൽ രൂപതയുടെ അതിർവരമ്പുകളിൽ ഒതുങ്ങി നില്ക്കുന്നതല്ല സഭാകൂട്ടായ്മ. മറ്റെല്ലാ സഭകളെയുംപോലെ അജപാലനസൌകര്യത്തിനായിമാത്രം രൂപതകളും ഇടവകകളുമെന്ന വിധത്തിൽ പല ഘടകങ്ങളായി വേർതിരിക്കപ്പെട്ടിരിക്കുന്ന സീറോമലബാർ സഭയിലെ ഒരംഗമെന്ന നിലയിലാണ് എറണാകുളം, ഇരിങ്ങാലക്കുട തുടങ്ങിയ പ്രദേശങ്ങളിൽ വസിക്കുന്ന സഹവിശ്വാസികളോട് നമ്മെ തമ്മിൽ ഒന്നിപ്പിക്കുന്ന ദൈവരാധനയുടെ പശ്ചാത്തലത്തിൽ ഞാൻ സംസാരിക്കുന്നത്.

നവീകരിക്കപ്പെട്ട പരി. കുർബാനയുടെ സ്വീകരണവുമായി ബന്ധപ്പെട്ട് കുറേ നാളുകളായി സീറോമലബാർ സഭയുടെ അകവും പുറവും അലങ്കോലമായിരിക്കുകയാണല്ലോ. വിശ്വാസികൾ സങ്കടത്തോടെ നെഞ്ചത്തും അവിശ്വാസികൾ പുശ്ചത്തോടെ മൂക്കത്തും കൈവയ്ക്കുന്ന സാഹചര്യമുണ്ടാക്കി പരി.കുർബാന ഏകീകരണമെന്ന സിനഡുതീരുമാനത്തെചൊല്ലിയുള്ള അങ്കം തുടർന്നുകൊണ്ടിരിക്കുന്നു. ഇത്രയുംകാലം ഇതുമായി ബന്ധപ്പെട്ട് ഒരക്ഷരംപോലും പൊതുസമൂഹത്തിനുമുമ്പിൽ മിണ്ടാതിരുന്നത് സഭയുടെ ആരാധനക്രമവിഷയം ഈ രീതിയിൽ കൈകാര്യംചെയ്യുന്നത് ദൈവത്തെ നിന്ദിക്കുന്നതിനു തുല്യമാകുമെന്ന ബോദ്ധ്യമുള്ളതുകൊണ്ടാണ്.

ഇപ്പോൾ സമകാലിക പശ്ചാത്തലത്തിൽ പരി.കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി, ഇരിങ്ങാലക്കുട എന്നീ രൂപതകളിലെയും ഫരീദാബാദ് രൂപതയിലെയും വിശ്വാസികളുടെ പരസ്പര വിരുദ്ധമായ പ്രതികരണങ്ങളെ ഒന്നു വിലയിരുത്തുകയാണ്. എറണാകുളം-അങ്കമാലി, ഇരിങ്ങാലക്കുട എന്നീ രൂപതകളിലെ വിശ്വാസികൾ പരി.കുർബാന ഏകീകരണത്തിനെതിരെ തെരുവിൽപോലും പ്രതിഷേധപ്രകടനങ്ങൾ നടത്തി. അതേസമയം ഫരീദാബാദ് രൂപതയിലെ വിശ്വാസികൾ സിനഡുതീരുമാനം നടപ്പിലാക്കിക്കിട്ടാൻവേണ്ടി സമരമുഖത്താണ്. എന്തുകൊണ്ടാണ് ഒരേ സഭയിലെ വിശ്വാസികൾ ഇങ്ങനെ വ്യത്യസ്തമായി പ്രതികരിക്കുന്നത് എന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ… അവിടെയാണ് സഭാത്മകമായ വിശ്വാസപരിശീലനം ലഭിച്ച വിശ്വാസികളും അതു ലഭിക്കാത്ത വിശ്വാസികളും തമ്മിലുള്ള വ്യത്യാസം. ഫരീദാബാദിലെ വിശ്വാസികൾ കേരളത്തിലെ വ്യത്യസ്ത രൂപതകളിൽനിന്നുള്ളവരാണ്. എങ്കിലും കഴിഞ്ഞ നവംബർ 28 വരെ അവർ ആ രുപതയിൽ അർപ്പിക്കപ്പെട്ടുകൊണ്ടിരുന്ന പൂർണ ജനാഭിമുഖകുർബാനയിൽ ഒരു പരാതിയുംകൂടാതെ പങ്കെടുത്തിരുന്നു. അതുകൊണ്ടുതന്നെ സഭയുടെ സിനഡ് പരി.കുർബാനയുടെ ഏകീകരണത്തെക്കുറിച്ച് തീരുമാനം എടുത്തതിനുശേഷം, സിനഡു നിശ്ചയിച്ച രീതിയിലുള്ള പരി.കുർബാനയർപ്പണം തങ്ങളുടെ അവകാശമാണെന്ന ബോധ്യത്തിൽ മെത്രാന്റെയും ചില വൈദികരുടെയും വ്യക്തിതാല്പര്യങ്ങളെ ചോദ്യംചെയ്യാൻമാത്രം ധാർമ്മിക കരുത്തുള്ളവരായി അവർ മാറി.

എന്നാൽ എറണാകുളം-അങ്കമാലി, ഇരിങ്ങാലക്കുട തുടങ്ങിയ രൂപതകളിലെ വിശ്വാസികളായ നിങ്ങൾക്കെന്താണ് സംഭവിച്ചതെന്നു നിങ്ങൾ അറിയണം. കുറേ സത്യങ്ങൾ നിങ്ങളുടെ ഇടയന്മാർ നിങ്ങളിൽനിന്നു മറച്ചുവയ്ക്കുകയും കുറേയേറെ കള്ളങ്ങൾ നിങ്ങളുടെ മനസുകളിൽ അടിച്ചേല്പിക്കുകയും ചെയ്തു. മറച്ചുവയ്ക്കപ്പെട്ട ഏറ്റവുംപ്രധാനപ്പെട്ട സത്യം പരി.കുർബാനയുടെ ഏകീകരണമെന്നത് സിനഡ് ഒരു സുപ്രഭാതത്തിൽ ആരോടും ആലോചിക്കാതെ പെട്ടെന്നെടുത്ത തീരുമാനം അല്ലെന്നുള്ളതാണ്. 1999-ലാണ് ഇങ്ങനെയൊരു തീരുമാനം സിനഡ് സ്വീകരിക്കുന്നത്. 2000 ജൂലൈ 3-ാം തിയതി പ്രാബല്യത്തിൽ വന്ന ഈ തീരുമാനം സ്വന്തം ബോധ്യങ്ങളോടും പഠനങ്ങളോടും യോജിക്കുന്നതല്ലായിരുന്നെങ്കിലും സഭയുടെ ഐക്യത്തിനുവേണ്ടി അന്നു മുതൽ കഴിഞ്ഞ 22 വർഷങ്ങളായി ഞാനുൾപ്പെടുന്ന കാഞ്ഞിരപ്പള്ളി രൂപതയുൾപ്പെടെ അതു തുടർന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ അന്ന് ആ തീരുമാനത്തെ അവഗണിച്ച് വീണ്ടും പൂർണ ജനാഭിമുഖകുർബാന തുടരാൻ ചില രൂപതകൾ ശാഠ്യം പിടിച്ചപ്പോൾ സഭ അതിനനുവാദം നല്കിയത് എത്രയുംപെട്ടെന്ന് വിശ്വാസികളെ പഠിപ്പിച്ച് ഏകീകൃതബലിയർപ്പണരീതി എല്ലായിടത്തും തുടങ്ങണമെന്ന നിർദേശത്തോടെയാണ്. എന്നാൽ കഴിഞ്ഞ 22 വർഷങ്ങളിൽ അതേക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി നിങ്ങളുടെ അജപാലകരിൽനിന്ന് ഒരു വാക്കെങ്കിലും കേട്ടവർ നിങ്ങളുടെ ഇടയിൽ ഉണ്ടോ? ശരിയായത് നിങ്ങളെ പഠിപ്പിച്ചില്ല എന്നു മാത്രമല്ല ഒത്തിരിയേറെ കള്ളങ്ങൾ നിങ്ങളോടു പറയുകയും ചെയ്തു നിങ്ങളുടെ അജപാലകർ. സിനഡിന്റെ തീരുമാനമനുസരിച്ചുള്ള പരി.കുർബാനയർപ്പണത്തിനു സമ്മതിച്ചാൽ ജപമാലയും കുരിശിന്റെ വഴിയും ആരാധനയുംപോലുള്ള ഭക്താനുഷ്ഠാനങ്ങളും നിരോധിക്കുമെന്ന് അൾത്താരയിൽനിന്നുപോലും പറയാൻ മടിയില്ലാത്ത ചില അജപാലകരെ സോഷ്യൽമീഡിയായിൽ കാണാനിടയായി. ചുരുക്കത്തിൽ നിങ്ങളുടെ അജപാലകർ നിങ്ങൾക്കുവേണ്ട വിശ്വാസപഠനങ്ങൾ നല്കിയില്ലെന്നു മാത്രമല്ല, കള്ളങ്ങൾ പറഞ്ഞ് നിങ്ങളെ തെറ്റായ അറിവിലേയ്ക്കു നയിക്കുകയും ചെയ്തു. തങ്ങൾക്കു ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ദൈവജനത്തിനു ശരിയായ മാർഗം കാണിക്കാതെ തെറ്റിലേയ്ക്കു നയിക്കുന്ന അവർ ചെയ്തുകൊണ്ടിരിക്കുന്ന തെറ്റിന്റെ ഗൌരവം അവർ മനസിലാക്കുന്നില്ലെങ്കിലും നിങ്ങൾ മനസിലാക്കണം.

സീറോമലബാർ സഭയുടെ ചരിത്രഗതിയിൽ സംഭവിച്ച ചില അധിനിവേശങ്ങൾമൂലം ആശയപരമായി വ്യത്യസ്ഥ ധ്രുവങ്ങളിൽ നില്ക്കുന്നവർ ഉണ്ടെന്നുള്ളത് യാഥാർത്ഥ്യമാണ്. എന്നാൽ ഐക്യത്തിന്റെ കൂദാശയായ പരി.കുർബാനയർപ്പണത്തിൽ ഏകീകൃതരീതിവേണമെന്നു സഭയൊന്നടങ്കം ആഗ്രഹിക്കുമ്പോൾ വ്യക്തിതാല്പര്യങ്ങളും സ്വാർത്ഥചിന്തകളും മാറ്റിവച്ച് അതിനോടു സഹകരിക്കുകയെന്നത് ക്രൈസ്തവധർമ്മമാണ്. ജനാഭിമുഖ കുർബാനയാണ് ശരിയെന്നു സ്ഥാപിക്കാൻ നിങ്ങളുടെ അജപാലകർ അവതരിപ്പിക്കുന്ന ന്യായങ്ങൾ പലതും ദൈവശാസ്ത്രപരമായും ആരാധനക്രമപരമായും നിലനില്പില്ലാത്തതാണെന്ന് അവർക്കുതന്നെ അറിയാം. മദ്ബഹാഭിമുഖത്തിന്റെയും ജനാഭിമുഖത്തിന്റെയും ദൈവശാസ്ത്രമൊക്കെ മാറ്റിവയ്ക്കാം. സാമാന്യമര്യാദയുടെ പേരിലെങ്കിലും സഭയുടെ തീരുമാനത്തോടു ചേർന്നു നില്ക്കാൻ നിങ്ങളുടെ അജപാലകർക്കു കഴിയണമായിരുന്നു. കാരണം അൾത്താരാഭിമുഖ കുർബാനയ്ക്ക് ദൈവശാസ്ത്രപരവും വി.ഗ്രന്ഥാധിഷ്ഠിതവും പാരമ്പര്യാധിഷ്ഠിതവും സഭാ വിജ്ഞാനിയത്തിലധിഷ്ഠിതവുമായ നിരവധി അടിസ്ഥാനങ്ങൾ ഉള്ളപ്പോഴും അവയെക്കുറിച്ചുള്ള വ്യക്തിപരമായ ബോദ്ധ്യങ്ങളെല്ലാം മാറ്റിവച്ച് വി.കുർബാന കൂട്ടായ്മയുടെ ആഘോഷമാണെന്ന അനുഭവത്തിൽ സഭയോടു ചേർന്നുനിന്ന് കഴിഞ്ഞ 22 വർഷങ്ങളായി സിനഡു നിർദേശിച്ച രീതിയിൽ പരി. കുർബാനയർപ്പിക്കുന്ന രൂപതകളുണ്ട്. അവരുടെ വികാരത്തെ മാനിക്കാനുള്ള സാമാന്യമര്യാദയെങ്കിലും ആകാമായിരുന്നു. പരി.കുർബാന, നിങ്ങളെ അവർ പഠിപ്പിച്ചതുപോലെ ആരുടെയും അവകാശമല്ല, അതു ദൈവത്തിന്റെ ദാനമാണ്. അതുകൊണ്ടുതന്നെ നാമെല്ലാവരും പ്രത്യേകിച്ച് പട്ടംകിട്ടിയ വൈദികർ അതിന്റെ വിശ്വസ്തരായ ശുശ്രൂഷകരാകേണ്ടവരാണ്.

സീറോമലബാർ സഭയിലെ 35 രൂപതകളിൽ 32 രൂപതകളും സിനഡുതീരുമാനത്തിനൊപ്പം നിന്ന് സഭയുടെ ഐക്യവും കൂട്ടായ്മയും പ്രകടിപ്പിച്ചപ്പോൾ അതിനോടു മറുതലിച്ചു നില്ക്കാൻ പരിശീലിപ്പിക്കപ്പെട്ട നിങ്ങളുടെ മാനസികാവസ്ഥ എല്ലാവർക്കും മനസിലാകും. നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ അജപാലകർക്കു ദൈവത്തിന്റെ കരുണ ലഭിക്കാൻ പ്രാർത്ഥിക്കുകയെന്നതാണ്. കാരണം തങ്ങളുടെ അജപാലനദൌത്യങ്ങളിൽ അവർ തുടരുന്ന ശൈലി നാശോന്മുഖമാണ്. ദൈവം കരുണ കാണിക്കട്ടെ…

(മാർപ്പാപ്പയുടെ വാക്കുകളെപ്പോലും തങ്ങളുടെ താല്പര്യമനുസരിച്ച് വ്യാഖ്യാനിക്കുന്നവർ എന്റെ ഈ വാക്കുകളെ എങ്ങനെയായിരിക്കും സ്വീകരിക്കുകയെന്നത് ഊഹിക്കാവുന്നതേയുള്ളു. എങ്കിലും മനസാക്ഷിയുടെ സ്വരം നിർബന്ധിക്കുന്നതുകൊണ്ടുമാത്രമാണ് കടന്നൽകൂട്ടിൽ കല്ലെറിയാൻ മുതിർന്നത്. എന്നെ ദൈവം രക്ഷിക്കട്ടെ.)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s