പാലാ രൂപതയുടെ അതിർത്തികൾക്കുള്ളിൽ ഒതുങ്ങിപ്പോകുമായിരുന്ന ഒരു നല്ല വിശേഷത്തെ ചർച്ചാവിഷയമാക്കി ലോകം മുഴുവനുമെത്തിച്ച മാധ്യമങ്ങൾക്കു നന്ദി. മറ്റു രൂപതകൾക്കും തങ്ങളുടെ സമാനമായ നിലപാടുകളും പ്രവർത്തികളും ലോകത്തെ അറിയിക്കാനും അതവസരമായി.
കൂടാതെ കേരളത്തിലെ ക്രൈസ്തവരുടെ ജനസംഖ്യയെക്കുറിച്ച് അവർക്കുതന്നെ ബോദ്ധ്യമുണ്ടാകാനും ക്രിയാത്മകമായി പ്രവർത്തിക്കാനുള്ള പ്രചോദനമായിത്തീരാനും അതു കാരണമായിട്ടുണ്ട്. കൂടുതൽ മക്കളുള്ള ഏത്രയോ പേരാണ് ഈ ദിവസങ്ങളിൽ തങ്ങളുടെ അനുഗ്രഹീതമായ അനുഭവങ്ങൾ സോഷ്യൽ മീഡിയായിൽ പങ്കുവച്ച് മറ്റുള്ളവർക്ക് പ്രചോദനം നല്കിക്കൊണ്ടിരിക്കുന്നത്.
ഒപ്പം പാലാ മെത്രാനെയും അതുവഴി സഭയെയും ചീത്തവിളിക്കാൻ ടിക്കറ്റുകൊടുത്ത് ചാനൽമുറിയിൽ കയറ്റിയിരുത്തിയവർ പറഞ്ഞുകൂട്ടിയ വെളിവുകേടുകളും വിവരദോഷങ്ങളുംകൂടിയായപ്പോൾ പൊതുജനത്തിനു കാര്യങ്ങൾ നന്നായി വിലയിരുത്താൻ കഴിഞ്ഞു.
സത്യത്തിൽ കേരളക്രൈസ്തവസഭയിലെ കുടുംബപ്രേഷിതപ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കുന്നവർ ഈ മാധ്യമങ്ങളോടു നന്ദിയുള്ളവരായിരിക്കണം. ജനസംഖ്യാനിയന്ത്രണം വഴി ക്രൈസ്തവസമൂഹം സമീപഭാവിയിൽ അഭിമുഖീകരിക്കാനിരിക്കുന്ന വലിയ അപകടത്തെക്കുറിച്ച് ഇത്രയും വലുതും വിശാലവുമായ ബോധവത്ക്കരണം നടത്തണമെങ്കിൽ എന്തുമാത്രം കഷ്ടപ്പെടണമായിരുന്നു. നന്ദി വേണം നന്ദി.
സഭയുടെ വിധികർത്താക്കളായി പ്രത്യക്ഷപ്പെടുന്ന മാധ്യമജഡ്ജിമാരോടും ‘ജഡ്ജിണി’മാരോടും ഒരു വാക്കുകൂടി പറഞ്ഞോട്ടെ. കുഞ്ചൻനമ്പ്യാർ പാടിയതുപോലെ ‘പാണ്ടൻനായുടെ പല്ലിൻ ശൗര്യം പണ്ടേപോലെ ഫലിക്കുന്നില്ല’ അല്ലേ… സഭയെയും വിശ്വാസത്തെയും സംബന്ധിക്കുന്ന ഏതുകാര്യവുമെടുത്ത് ചീത്തവിളിക്കാൻ ടൈയ്യും കെട്ടിവന്നിരുന്നാൽ ഇനി അത് അത്ര എളുപ്പത്തിൽ ജനം വകവെച്ചുതരുമെന്നു കരുതാതിരിക്കുന്നതാവും ബുദ്ധി. എന്നുകരുതി നാളെ മുതൽ നിങ്ങളുടെ ഈ പരിപാടിയിൽ മുന്നറിയിപ്പില്ലാതെ മാറ്റമൊന്നും വരുത്തരുത്. അതു നിങ്ങളുടെ അന്തസിനു യോജിക്കുന്ന കാര്യമല്ലല്ലോ.