അന്യായമനുഭവിച്ച് മരിക്കേണ്ടിവന്ന ഫാ. സ്റ്റാൻ സ്വാമിക്ക് ആദരാഞ്ജലികൾ…
ജനാധിപത്യരാജ്യത്തിൽ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ് ജനങ്ങൾക്ക് ധൈര്യമായി ജീവിക്കാൻ അവസരമുണ്ടാക്കേണ്ടത്. നിർഭാഗ്യവശാൽ അങ്ങനെ തെരഞ്ഞെടുക്കപ്പെട്ട ഭരണകർത്താക്കളുടെ ക്രൂരതകളിൽനിന്നു രക്ഷനേടാൻ പൊതുജനം ഇന്നു നിയപപാലകരെയും നീതിപീഠത്തെയുമാണ് ആശ്രയിക്കുന്നത്.
എന്നാൽ അവരാലും സംരക്ഷിക്കപ്പെടാൻ കഴിയാത്തവിധം അന്യായമനുഭവിക്കുന്ന ജനസമൂഹത്തിന്റെ പ്രതിനിധിയാണ് രക്തസാക്ഷിയായ ഫാ. സ്റ്റാൻ സ്വാമി.
രാജ്യത്തെ സംരക്ഷിക്കാൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന പ്രസ്ഥാനങ്ങൾ ഭരണകർത്താക്കളുടെയും അവരുടെ താല്പര്യങ്ങളുടെയും സംരക്ഷകരായി അധപതിക്കുമ്പോൾ ആ വയോധികൻ അനുഭവിച്ച അന്യായങ്ങൾ ഒട്ടും അപ്രതീക്ഷിതമല്ല.
കുറ്റംതെളിയിക്കപ്പെട്ട് വധശിക്ഷയ്ക്കു വിധിക്കപ്പെടുന്നവർക്കുപോലും ശിക്ഷനടപ്പാക്കപ്പെടുന്ന നിമിഷംവരെ സുരക്ഷിതരായിരിക്കാൻ അവകാശമുള്ളിടത്താണ് കുറ്റാരോപിതൻമാത്രമായ ഒരു ദുർബലമനുഷ്യൻ നീതിരഹിതമായി മരണപ്പെട്ടത്!
ശാരീരികമായി ദുർബലനായിരുന്ന ഫാ. സ്റ്റാൻ സ്വാമി എത്രമാത്രം ശക്തനായിരുന്നെന്ന് തെളിയിക്കപ്പെടേണ്ട നാളുകളാണിനിയുള്ളത്.
അതിന് സ്റ്റാൻ സ്വാമിയേപ്പോലെ ജീവൻ നഷ്ടപ്പെടുന്ന ചുവടുകൾ വയ്ക്കാൻ നമുക്കു ധൈര്യമില്ലെങ്കിലും അദ്ദേഹം ജീവൻ നല്കി സംരക്ഷിക്കാൻ പരിശ്രമിച്ച ആശയങ്ങളെ പിന്തുണയ്ക്കാനും അതിനോടു കൈകോർക്കാനുമുള്ള ധൈര്യമെങ്കിലും നമുക്കുണ്ടാകണം.