ബഹുമാനപ്പെട്ട ഡേവിസ് ചിറമ്മേൽ അച്ചന്റെ ഹ്യുമാനിറ്റേറിയൻ ഹോസ്പിറ്റലിന്റെ പ്രഖ്യാപനവും അതിൽനിന്നുള്ള പിന്മാറ്റവും അതേ തുടർന്നുള്ള കോലാഹലങ്ങളും പുതിയ മാനങ്ങളിലേയ്ക്ക് വളർന്നുകൊണ്ടിരിക്കുകയാണ്. മറുനാടനേപ്പോലെയുള്ള ചില മാധ്യമങ്ങളും ചില തല്പരകക്ഷികളും ബഹുമാനപ്പെട്ട ചിറമ്മേലച്ചനെ ഒരു രക്തസാക്ഷിയാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. സഭയും ആശുപത്രി മാഫിയായും ചേർന്നാണ് അച്ചനിലൂടെ പുറത്തുവരാൻ ശ്രമിച്ച ആ വലിയ നന്മയെ തല്ലിക്കെടുത്തിയതെന്നാണ് ആരോപണം. ബഹു. ചിറമ്മേൽ അച്ചൻതന്നെ വളരെ വൈകാരികമായി പ്രതികരിച്ചുകൊണ്ട് ഇങ്ങനെയുള്ള ആരോപണങ്ങൾക്ക് ഇന്ധനം പകർന്നുകൊണ്ടിരിക്കുകയും ചെയ്യുകയാണ്.
എന്നാൽ കാര്യങ്ങൾ വളരെ സിംപിൾ ആണ്. കത്തോലിക്കാസഭയുടെ നിയമമനുസരിച്ച് ഒരു വൈദികന് സാമ്പത്തിക ഇടപാടുകൾ ഉണ്ടാകുന്ന ഏതെങ്കിലും കാര്യങ്ങളിൽ ഏർപ്പെടണമെങ്കിൽ രൂപതാധികാരികളുടെ അനുവാദം മുൻകൂട്ടി വാങ്ങിയിരിക്കണം. ഇവിടെ അക്കാര്യം ഉണ്ടായിട്ടില്ലെന്ന് ബഹു. അച്ചൻതന്നെ വെളിവാക്കിയിട്ടുണ്ട്. ഇങ്ങനെ നിയമമുള്ളപ്പോഴാണ് 250 കോടിയുടെ സ്വപ്നവുമായി അച്ചൻ വരുന്നത്. സ്വപ്നം കാണാൻ അധികാരികളുടെ അനുവാദം ആവശ്യമില്ലെങ്കിലും സ്വപ്നസാക്ഷാത്ക്കാരത്തിനിറങ്ങി പുറപ്പെടുമ്പോൾ അതാവശ്യമാണെന്ന് അച്ചന് അറിവില്ലാത്തതല്ലല്ലോ. അതിനാൽ ഈ നിയമവശങ്ങളൊക്കെ വിശദീകരിച്ച് ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ വിവാദം അവസാനിപ്പിക്കാൻ അച്ചൻതന്നെയല്ലേ മുൻകൈയെടുക്കേണ്ടത്?
ഇനി മറുനാടനും മറ്റു ചിലരുംകൂടി സഭയുടെ ഗുണ്ടയാക്കിയ ശ്രീ.ജസ്റ്റിൻ ജോർജ് ചെയ്ത അപരാധമെന്താണെന്ന് അച്ചൻ ഒന്നുകൂടി ചിന്തിക്കണം. സഭയിലുണ്ടായിട്ടുള്ള സമീപകാലസംഭവങ്ങളുടെ പശ്ചാത്തലത്തിൽ അച്ചന്റെ ഹോസ്പിറ്റൽ പ്രഖ്യാപനം വലിയ അപകടസാദ്ധ്യതയുള്ളതാണെന്ന് തികച്ചും മാന്യമായ ഭാഷയിൽ അദ്ദേഹം അവതരിപ്പിക്കുകയല്ലേ ചെയ്തത്? അതേക്കുറിച്ച് വൈകാരികമായി പ്രതികരിക്കാതെ ശാന്തമായി ചിന്തിച്ച് ഉചിതമായ തീരുമാനമെടുക്കുകയായിരുന്നില്ലേ അച്ചൻ ചെയ്യേണ്ടിയിരുന്നത്?
അച്ചനു കുഴലൂതുന്നവരിൽ പലരും അച്ചന്റെ നന്മപ്രവർത്തികൾകണ്ട് ആത്മാർത്ഥതയോടെ ചെയ്യുന്നതല്ലെന്ന് അവരുടെ പ്രതികരണങ്ങളിൽനിന്നുതന്നെ വ്യക്തമാണ്. പോത്തിനെ ചാരി എരുമയെ വെട്ടുന്നതുപോലെ സഭയെയും സഭാധികാരികളെയും സഭാസംവിധാനങ്ങളെയും തെറിയഭിഷേകം നടത്തുകയെന്നതുമാത്രമാണ് പലരുടെയും ലക്ഷ്യമെന്ന് അവരുടെ അഭിപ്രായപ്രകടനങ്ങൾ വെളിവാക്കുന്നു. അച്ചൻ അതു തിരിച്ചറിയുമെന്നും അച്ചനെ, സഭയുടെ കെട്ടുപൊട്ടിച്ചു നടക്കുന്ന മറ്റൊരു ലൂസിയാക്കാനുള്ള ചിലരുടെ ശ്രമങ്ങളിൽ വിവേകമുള്ള അച്ചൻ പെട്ടുപോകില്ലെന്നും കരുതുന്നു