Posted in SOCIAL

സി. അഭയായ്ക്ക് നീതി ലഭിച്ചോ…?

സി. അഭയാക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട രണ്ടു പ്രതികൾക്ക് ഡിസംബർ 22-ാം തിയതി സിബിഐ കോടതി ശിക്ഷവിധിച്ചു. അതിന്റെ പശ്ചാത്തലത്തിൽ ഡിസംബർ 25-ാം തിയതി ഞാനൊരു കുറിപ്പ് ഇവിടെയിട്ടിരുന്നു. അതേ തുടർന്ന് സ്വദേശിയും വിദേശിയുമായ തെറിവിളികളാൽ ഈ വർഷത്തെ ക്രിസ്മസ് പൊടിപൂരമായിരുന്നു. തെറിവിളിച്ചവരെ, അവരുടെ കുലമഹിമ മനസിലാക്കി അവരുടെ വഴിക്കു വിടുന്നു. അതേസമയം സൌഹൃദമുള്ള കുറേയേറെപ്പേർ എന്തുകൊണ്ടാണ് അച്ചൻ ഈ കേസിലെ പ്രതികളെ പിന്താങ്ങുന്ന വിധത്തിൽ പോസ്റ്റിട്ടതെന്നു ചോദിക്കുകയുണ്ടായി. ചിലർ അല്പംകൂടി കടന്ന് അച്ചനോടുള്ള ബഹുമാനം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു.

ഏതായാലും സ്നേഹത്തോടെ എന്റെ പോസ്റ്റിനെ അംഗീകരിക്കാതിരുന്ന സുഹൃത്തുക്കൾക്കുവേണ്ടിയാണ് ഈ പോസ്റ്റ്. ഞാൻ എന്തുകൊണ്ട് അഭയാക്കേസിലെ കുറ്റാരോപിതരുടെ കൂടെ നില്ക്കുന്നു എന്നു വിശദീകരിക്കാൻ..

ആദ്യം ഈ വിധിയിലൂടെ സി. അഭയായ്ക്കു നീതികിട്ടിയെന്ന് കരുതുന്നവരുടെ ഭാഗം ചിന്തിക്കാം.

1. പ്രതികൾ കുറ്റംചെയ്തുവെന്ന് കോടതി കണ്ടെത്തുകയും അതിന്റെ ശിക്ഷ വിധിക്കുകയും ചെയ്തു. (കോടതി വിധിയായതിനാൽ ഇത് വിശ്വസിക്കാനും സ്വീകരിക്കാനും അംഗീകരിക്കാനും എല്ലാവർക്കും അവകാശമുണ്ട്).

2. മൂന്നു പതിറ്റാണ്ടുകൾ ഈ കേസ് നീളുവാൻ കാരണം ഇത് ഒതുക്കിത്തീർക്കുവാൻ സഭ ഇടപെട്ടതുകൊണ്ടാണ്. (ഇതു മാധ്യമങ്ങളും തല്പരകക്ഷികളും മെനഞ്ഞുണ്ടാക്കിയ തെളിവില്ലാത്ത വെറും സങ്കല്പം മാത്രം. അഭിപ്രായ വ്യത്യാസമുള്ളവരുണ്ടെങ്കിൽ തെളിവായി എന്തെങ്കിലും വിശ്വാസയോഗ്യമായ രേഖകൾ കാണിക്കുക).

3. പ്രതികളെ രക്ഷിക്കാൻ സഭ കോടികൾ ചിലവഴിച്ചു. ഏറ്റവും ചിലവുകൂടിയ വക്കീലന്മാരെ വക്കാലത്ത് ഏല്പിച്ചു. (മറ്റൊരു സങ്കല്പം.. വക്കീലന്മാരെ തീരുമാനിച്ചതും ഫീസുകൊടുത്തതും കുറ്റാരോപിതരും അവരുടെ കുടുംബാംഗങ്ങളും. സി.സെഫിയെ, അവരുടെ സന്ന്യാസസമൂഹം സഹായിച്ചിട്ടുണ്ടെന്നു കേൾക്കുന്നു. അതല്ലാതെ കത്തോലിക്കാസഭ ഏതെങ്കിലും വിധത്തിൽ സാമ്പത്തികമായി ഈ കേസിൽ ഇടപെട്ടുവെന്നു തെളിയിക്കാൻ രേഖകളുണ്ടെങ്കിൽ കാണിക്കുക).

4. പ്രതികൾ കുറ്റംചെയ്തെന്നു സമ്മതിക്കുന്ന നാർക്കോ അനാലിസിസിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിലുടെ കണ്ടു ബോദ്ധ്യപ്പെട്ടതാണ്. (മാധ്യമങ്ങളിൽ കണ്ട ദൃശ്യങ്ങൾ കൃത്രിമമായി ഉണ്ടാക്കിയെടുത്തതാണെന്ന് തെളിഞ്ഞതാണ്. പക്ഷെ മുഖ്യധാരാമാധ്യമങ്ങൾ ആ വാർത്ത പൊതുസമൂഹത്തെ അറിയിച്ചില്ല).

5. പ്രതിയായ കന്യാസ്ത്രീയുടെ കന്യകാത്വ പരിശോധനയിലൂടെ അവർ കന്യാചർമ്മം വെച്ചുപിടിപ്പിച്ചെന്നു തെളിഞ്ഞു. (ഏറ്റവും ക്രൂരവും കിരാതവുമായ സങ്കല്പം. ഇതും കളവെന്നു ഈ നാളുകളിൽ തെളിഞ്ഞു).

ഇനി കുറ്റാരോപിതർ ഈ കേസിൽ നിരപരാധകളാണെന്നു ഞാൻ എന്തുകൊണ്ടു വിശ്വസിക്കുന്നു എന്നു വിശദീകരിക്കാം.

1. വൈദികരും സമർപ്പിതരും ധാർമ്മികമായി എത്രമാത്രം അധപതിച്ചാലും ഒരു ജീവനെടുക്കാൻ അവർക്കു കഴിയില്ലെന്ന് ഒരു വൈദികനായ ഞാൻ വിശ്വസിക്കുന്നു. (എന്റെ ഈ വ്യക്തിപരമായ ബോദ്ധ്യം സ്വീകരിക്കാനും അംഗീകരിക്കാനും മറ്റാരും ബാദ്ധ്യസ്ഥരല്ല).

2. രണ്ടു വൈദികർ വ്യഭിചരിക്കാൻ വെളുപ്പാൻകാലത്ത് കോട്ടയം പട്ടണത്തിലുള്ള ഒരു ഹോസ്റ്റലിന്റെ മതിൽ ചാടിക്കടന്ന് ചെല്ലുമെന്നും അടുക്കളയിൽവച്ച് ആ കർമ്മം നിർവഹിക്കുമെന്നും ഭാവനയിൽ കാണാൻപോലും എനിക്കു കഴിയില്ല. (എന്റെ വ്യക്തിപരമായ ഈ ബോദ്ധ്യവും സ്വീകരിക്കാൻ ആരും ബാദ്ധ്യസ്ഥരല്ല).

തുടർന്നു ഞാനെഴുതുന്ന കാരണങ്ങൾ ഇതിനോടകം വെളിവാക്കപ്പെട്ടിരിക്കുന്ന വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിലാണ്. (ആവശ്യമുള്ളവർക്ക് അതു നല്കാനും ഞാൻ തയ്യാറാണ്). അതിനാൽ അതു സ്വീകരിക്കാൻ മനസാക്ഷിയുള്ളവർ ബാദ്ധ്യസ്ഥരാണ്. അതല്ലെങ്കിൽ ഞാനെഴുതുന്നതിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ രേഖകൾ സഹിതം നിങ്ങൾ ചൂണ്ടിക്കാണിക്കുക. തിരുത്താനും ഞാൻ തയ്യാറാണ്.

3. പ്രതികളെ ശിക്ഷിക്കുന്നതിന് ആധാരമായ പ്രധാനമൊഴി കൊടുത്ത ദൃക്സാക്ഷിയുടെ യഥാർത്ഥമുഖം കേസിന്റെ വിധിക്കുശേഷം വെളിപ്പെട്ടതാണ്. കൂടാതെ തന്റെതന്നെ മുൻമൊഴികൾക്കു വിരുദ്ധമായി അയാൾ മൊഴികൾ കൊടുത്തിട്ടുണ്ടെന്നും കോടതിരേഖകൾ തെളിയിക്കുന്നു. സിബിഐകോടതി ഈയാളെ സത്യസന്ധനായ കള്ളനെന്നു വാഴ്ത്തുമ്പോഴും മുഖ്യധാരാമാധ്യമങ്ങൾ വിശുദ്ധ കള്ളനാക്കി പ്രകീർത്തിക്കുമ്പോഴും നിഷ്പക്ഷമനസുള്ളവർക്ക് ഈ സാക്ഷിയെ വിശ്വസിക്കാൻ കഴിയില്ല.

4. നാർക്കോ അനാലിസിസിലെ കള്ളക്കളികൾ. നാർക്കോ അനാലിസിസ് ദൃശ്യങ്ങൾ ദിവസങ്ങളോളം പ്രദർശിപ്പിച്ച ഒരു മാധ്യമംപോലും അതിൽ കൃത്രിമം നടത്തിയിട്ടുണ്ടെന്ന കോടതിയുടെ കണ്ടെത്തൽ വാർത്തയാക്കിയില്ല. മാത്രമല്ല, ഇപ്പോഴും അതിലെ ദൃശ്യങ്ങൾ സത്യമാണെന്നു ആവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

5. കന്യകാത്വ പരിശോധയും ഡ്യൂപ്ലിക്കേറ്റ് കന്യാചർമ്മവും… ഒരു സ്ത്രീയോടു ചെയ്യാവുന്ന ഏറ്റവും ക്രൂരമായ മാനഭംഗമാണ് കന്യകാത്വപരിശോധനയും അതേക്കുറിച്ച് ഇപ്പോഴും ചില അധർമ്മികളായ മാധ്യമപ്രവർത്തകർ തുടർന്നുകൊണ്ടിരിക്കുന്ന വിവരണങ്ങളും. ഈ പരിശോധനയുടെ അർത്ഥമില്ലായ്മയും അതു നടത്തിയവരുടെ യോഗ്യതക്കുറവും അവർ കൊടുത്ത റിപ്പോർട്ടുമെല്ലാം വിശദമായി പരിശോധിച്ചുകൊണ്ട് ഈ മേഖലയിൽ വിദഗ്ദ്ധരായവർ ഈ നാളുകളിൽ തുടർച്ചയായി സോഷ്യൽമീഡിയായിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന കുറിപ്പുകൾ ആ കന്യാസ്ത്രീയോട് അന്വേഷണ ഏജൻസികളും മാധ്യമങ്ങളും നീതിപീഠവും ചെയ്ത അനീതികളെയും ക്രൂരതയേയും തുറന്നു കാട്ടുന്നവയാണ്.

6. ഹൈക്കോടതിയിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചുകൊണ്ട് 2009 ൽ ജസ്റ്റീസ് കെ. ഹേമ പുറപ്പെടുവിച്ച വിധിന്യായം… ഇതുവരെയും ആ വിധിന്യായത്തിലെ ഒരു വാചകത്തിനെതിരേപോലും സിബിഐയോ മറ്റാരെങ്കിലുമോ അപ്പീലുമായി പോയിട്ടില്ല. ഈ വിധിന്യായം വായിച്ചുമനസിലാക്കിയതിനാൽ മാധ്യമങ്ങൾ ആവർത്തിച്ചുപറഞ്ഞും കാണിച്ചും സൃഷ്ടിച്ചെടുത്തിരിക്കുന്ന പൊതുബോധത്തോടു ചേർന്നുനിന്ന് കുറ്റാരോപിതരെ കുറ്റക്കാരായി വിധിക്കാൻ എനിക്കു മനസില്ല.

7. കുറ്റാരോപിതരെ എന്റെ കൂടെപ്പിറപ്പുകളായി കാണുന്നതുകൊണ്ട് അവർ അന്യായമായി അനുഭവിക്കുന്ന ശിക്ഷയെക്കുറിച്ച് മൌനം പാലിക്കാൻ എനിക്കു കഴിയില്ല. ചിലർ ചോദിച്ചതുപോലെ ഈ കേസിലെ ഇരയായ സി.അഭയായോടില്ലാത്ത സ്നേഹം പ്രതികളോടു കാണിക്കുന്നത് അനുചിതമല്ലേയെന്നു മറ്റു പലർക്കും തോന്നുന്നുണ്ടാവാം. എന്നാൽ മരണമടഞ്ഞ സി.അഭയായെയും സ്വന്തം കൂടെപ്പിറപ്പായി കണ്ടതുകൊണ്ടാണ് സിസ്റ്ററിന്റെ മരണശേഷം കോട്ടയം പട്ടണത്തിലൂടെ നടത്തപ്പെട്ട പ്രതിഷേധജാഥയിൽ “സി.അഭയായുടെ ഘാതകരെ അറസ്റ്റുചെയ്യുക” എന്ന പ്ലാക്കാർഡും കൈയിൽപിടിച്ച് ഞാനും പങ്കുചേർന്നത്. എന്നാൽ സി.അഭയായ്ക്കു നീതികിട്ടാൻ മറ്റുചിലർക്ക് നീതി നിഷേധിക്കുന്നതിനെ അംഗീകരിക്കാനും എനിക്കു മനസില്ല.

ശിക്ഷിക്കപ്പെട്ടിരിക്കുന്നവർ കുറ്റവാളികളാണെന്നു കാലങ്ങൾക്കുമുമ്പേ തെളിഞ്ഞെന്നു മാധ്യമങ്ങൾ ആവർത്തിച്ചു പറയുന്നതല്ലാതെ അതിനാധാരമായി എന്തു തെളിവാണ് കാണിക്കാനുള്ളത്? അവർ തെളിവുകളാണെന്നു പറഞ്ഞ് ആവർത്തിച്ചുകൊണ്ടിരുന്നവയെല്ലാം വെറും കെട്ടുകഥകളായിരുന്നുവെന്ന് ഈ നാളുകളിൽ തെളിഞ്ഞെങ്കിലും പറഞ്ഞതു മാറ്റിപ്പറയാൻ മനസില്ലാതെ അവയെ തമസ്ക്കരിച്ച് പഴയ പല്ലവി അവർ തുടർന്നുകൊണ്ടിരിക്കുന്നു. കൂടാതെ, മാധ്യമങ്ങൾ സൃഷ്ടിച്ച പൊതുബോധത്തിനനുസരിച്ചുണ്ടായ കോടതിവിധിയുടെ പാകപ്പിഴകളെക്കുറിച്ച് വിശദീകരിച്ചത് ഈ കേസിനെ വയറ്റിപ്പിഴപ്പാക്കി കൊണ്ടുനടക്കുന്ന മനുഷ്യാവകാശപ്രവർത്തകനെപ്പോലെയുള്ളവരല്ല, മറിച്ച് ആദരണിയരായ മുൻ ജഡ്ജിമാരുൾപ്പെടെയുള്ളവരാണ്.

മനസാക്ഷിയും സത്യത്തോടും നീതിയോടും പ്രതിപത്തിയുമുള്ളവർ ഇനിയെങ്കിലും സ്വയം കണ്ണടച്ച് ഇരുട്ടാക്കാതിരിക്കുക. മാധ്യമങ്ങളും തല്പരകക്ഷികളുംചേർന്ന് രൂപപ്പെടുത്തിയ കഥകൾ മാറ്റിവച്ച് നിഷ്പക്ഷമായി ഈ കേസിനെ വിലയിരുത്താൻ ശ്രമിക്കുക. ഒരുപക്ഷെ എന്നെയും മറ്റുപലേരയുംപോലെ ചില മറുവശങ്ങൾ നമ്മൾ കണ്ടെന്നുവരും. അതിനോട് നട്ടെല്ലു നിവർത്തിപ്പിടിച്ചു ചേർന്നു നില്ക്കാൻ കഴിഞ്ഞാൽമാത്രം മതി. അതുമാത്രമാണ് സി.അഭയായ്ക്കു നീതി ലഭിക്കാനുള്ള മാർഗം.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s