കൊറോനാനന്തര ലോകത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധലഭിക്കാൻ പോകുന്നത് ലോകജനതയെമുഴുവൻ തീറ്റിപ്പോറ്റുവാൻ കഠിനാധ്വാനം ചെയ്യുന്ന കർഷകർക്കാണ്. പണം കൈയിലുള്ളതുകൊണ്ടോ സാങ്കേതികശേഷിയുള്ളതുകൊണ്ടോ വയറുനിറയില്ലെന്ന സത്യം സാവധാനം എല്ലാവരും മനസിലാക്കി തുടങ്ങിയിരിക്കുന്നു. കഴിഞ്ഞദിവസം ദീപിക ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ഉപരാഷ്ട്രപതിയുടെ ലേഖനം തന്നെ ഈ യാഥാർത്ഥ്യത്തിലേക്കു വെളിച്ചം വീശുന്നു. അതോടൊപ്പം ആ ദിവസം തന്നെ ദീപിക മുഖപ്രസംഗത്തിൽ അവതരിപ്പിച്ച, കർഷകർ കാലങ്ങളായി അഭിമുഖീകരിക്കുന്ന വലിയ സാമ്പത്തിക പ്രതിസന്ധികളും സർക്കാരിന്റെയും ബാങ്കുകളുടെയും ക്രൂരമായ നിലപാടുകളുമെല്ലാം ഒരിക്കൽക്കൂടി കാർഷികമേഖല അഭിമുഖീകരിക്കുന്ന സമാനതകളില്ലാത്ത പ്രതിസന്ധികളെ സമൂഹത്തിനു മുമ്പിൽ വെളിപ്പെടുത്തുന്നവയായി.
ഇത്രയും കാലം ഇങ്ങനെ എന്തെല്ലാം വാർത്തകൾ കർഷകർക്കൊപ്പം നില്ക്കുന്ന മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നിരിക്കുന്നു. പക്ഷെ അതെല്ലാം വെറും വനരോദനങ്ങളായി അവശേഷിച്ചു. കാരണം അതു കേൾക്കേണ്ടവർ കേൾക്കാതെയും കേട്ടവർ പ്രതികരിക്കാതെയും കർഷകരെ അഞ്ചുവർഷത്തിലൊരിക്കൽ ഒരു ദിവസംമാത്രം വിലയുണ്ടാകുന്ന വെറും മണ്ണുണ്ണികളായികണ്ട് അവഗണിച്ചു. എന്നാൽ കൊറോണാ ചില തിരിച്ചറിവുകൾ നല്കിത്തുടങ്ങിയിരിക്കുന്നു. ഇനിയും കർഷകരെയും കാർഷികമേഖലയേയും അവഗണിച്ചാൽ പരിണിതഫലം ഗുരുതരമായിരിക്കുമെന്ന തിരിച്ചറിവ് അതിൽ പ്രധാനപ്പെട്ടതാണ്. ഒരുപക്ഷെ ഭക്ഷ്യക്ഷാമം വാതിൽക്കൽ എത്തിനോക്കുന്ന ഈ സാഹചര്യത്തിൽ കർഷകർ അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ കേൾക്കാനും ഉൾക്കൊള്ളാനും ഭാവാത്മകമായി പ്രതികരിക്കാനും കർഷകവിരോധം ഉള്ളിൽ സൂക്ഷിക്കുന്നവർക്കും കഴിയുമായിരിക്കും.
കർഷകരുടെ ചരിത്രം അറിഞ്ഞിട്ടുള്ളവർക്കറിയാം ഈ പ്രതിസന്ധിയിലും അവർ നാടിന്റെ നട്ടെല്ലായി നിലനില്ക്കുമെന്ന്. ഹൈറേഞ്ചിലെയും മലബാറിലെയും കുടിയേറ്റങ്ങൾ കൈയേറ്റങ്ങളായി അവതരിപ്പിച്ചവരുടെകൂടി വയറുനിറയ്ക്കാൻ പരിഭവം മറച്ചുപിടിച്ച് മണ്ണിൽ വിയർപ്പൊഴുക്കി കനകംവിളയിച്ചവരാണവർ. അതുകൊണ്ടുതന്നെ പ്രകൃതിയൊരുക്കുന്ന പ്രതിസന്ധികളെ തരണം ചെയ്യാൻ അവർക്ക് പ്രത്യേക കൈപ്പാങ്ങ് ഉണ്ട്. എന്നാൽ അന്നംകൊടുക്കുന്ന കൈക്കുതന്നെ കടിക്കുന്ന കൂടപ്പിറപ്പുകളുടെ കർഷകവിരുദ്ധ നിലപാടുകളിലാണ് അവർ പലപ്പോഴും പതറിപ്പോകുന്നത്. വരാൻപോകുന്ന കൊറോണാനന്തര പട്ടിണിക്കാലത്തെങ്കിലും ലോകത്തെ മറ്റേതൊരു തൊഴിലിനോടൊപ്പമോ അതിനൊരുപടി മുകളിലോ ആണ് കാർഷികവൃത്തിയുടെ സ്ഥാനമെന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
ദീപികയിൽ ഉപരാഷ്ട്രപതിയും പത്രത്തിന്റെ മുഖപ്രസംഗവും അവതരിപ്പിച്ച കാർഷകസൌഹൃദമായ നിലപാടുകളെ അടിവരയിട്ട് അംഗീകരിക്കുന്നതിനോടൊപ്പം ഇപ്പോൾ കർഷകർ പ്രായോഗികമായി അനുഭവിക്കുന്ന മറ്റൊരു പ്രധാന പ്രതിസന്ധിയെക്കൂടി അധികാരികളുടെയും പൊതുജനത്തിന്റെയും അടിയന്തിരശ്രദ്ധയിൽപെടുത്താൻ ആഗ്രഹിക്കുന്നു. അതു മറ്റൊന്നുമല്ല, കർഷകൾ കുറച്ചു വർഷങ്ങളായി അനുഭവിക്കുന്ന വന്യമൃഗങ്ങളുടെ അതിരൂക്ഷമായ ശല്യംതന്നെ. ഭക്ഷ്യസുരക്ഷയ്ക്കായി തരിശുഭൂമി കൃഷിചെയ്യണമെന്നുള്ള കെ.സി.ബി.സിയുടെ ആഹ്വാനവും പത്രത്തിൽ വായിച്ചു. കൃഷിചെയ്യാൻ മനസും ആരോഗ്യവുമുള്ള ജനത എന്തുകൊണ്ടാണ് കൃഷിസ്ഥലം തരിശായിക്കിടക്കാൻ അനുവദിക്കുന്നതെന്നും അധികാരികൾ കണ്ണുതുറന്നു കാണണം. പ്രകൃതിസ്നേഹികളിലെയും പരിസ്ഥിതിപ്രേമികളിലെയും ചില തീവ്രവാദികളുടെ നിലപാടുകൾ വക്രവഴികളിലൂടെയും അല്ലാതെയും അധികാരികളുടെയും ഭരണകർത്താക്കളുടെയും നിലപാടുകളായി മാറിയതിന്റെ പരിണിതഫലങ്ങളാണത്. മനുഷ്യരെക്കാൾ മൂല്യം മൃഗങ്ങൾക്കുകൊടുക്കുന്ന തലതിരിഞ്ഞ നയങ്ങളും നിയമങ്ങളുംമൂലം കൃഷി അവസാനിപ്പിക്കാൻ കർഷകർ നിർബന്ധിതരായിരിക്കുകയാണ്. ഭക്ഷ്യക്ഷാമം പടിക്കലെത്തിയിരിക്കുന്ന ഈ സമയത്ത് ഈ പ്രശ്നത്തിന് അടിയന്തിരപരിഹാരമുണ്ടായേ മതിയാകൂ. വിദേശരാജ്യങ്ങളിലൊക്കെ വന്യമൃഗങ്ങളുടെ പെരുപ്പം തടയുന്നതിന് കുറച്ചുനാളുകൾ നായാട്ടിന് അനുവാദം കൊടുക്കുന്ന പതിവുണ്ടല്ലോ. അങ്ങനെയൊരു പ്രായോഗിക തീരുമാനമാണ് ഇവിടെയും ഉണ്ടാകേണ്ടത്. കാട്ടുപന്നിയും കുരങ്ങുമൊക്കെ അസാധാരണാംവിധംപെരുകി കർഷകന്റെ കൃഷിസ്ഥലവും കടന്ന് ഇപ്പോൾ വീട്ടുമുറ്റത്തുവരെയെത്തിരിക്കുന്ന അപകടകരമായ സ്ഥിതിവിശേഷമാണുള്ളത്. ഇതിനുമുമ്പ് ഇങ്ങനെയുള്ള പ്രശ്നങ്ങളുമായി അധികാരികളെ സമീപിച്ചവർക്കൊക്കെ വിചിത്രവും പരിഹാസ്യവുമായ നിർദേശങ്ങളാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച്ചയിൽ കാട്ടുപന്നികളുടെ ശല്യത്തെക്കുറിച്ച് പരാതിപ്പെട്ട ഒരു കർഷകന്, അത് കാപ്പിത്തോട്ടത്തിൽ ജീവിക്കുന്നവയായതുകൊണ്ട് തങ്ങളുടെ വകുപ്പിൽപെട്ടവരല്ല എന്ന മറുപടിയാണ് വനംവന്യജീവി വകുപ്പിൽനിന്ന് ലഭിച്ചതെന്നൊരു വാർത്തകണ്ടു. മനുഷ്യനെ കൊന്നാൽ ജാമ്യം കിട്ടുന്ന വകുപ്പും കാട്ടുപന്നിയെ കൊന്നാൽ ജാമ്യം കിട്ടാത്ത വകുപ്പും നിലനില്ക്കുന്നിടത്ത് കർഷകർക്ക് വലിയ പ്രതീക്ഷയൊന്നുമില്ല.
കൃഷിയിടങ്ങളിലിറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലാൻ അനുവദിച്ചാൽ അതിന്റെ മറവിൽ വനത്തിൽ കയറിയും ആളുകൾ വന്യമൃഗങ്ങളെ പിടിക്കും എന്നാണെങ്കിൽ അതിനു കർശനമായ നിയമവും ശിക്ഷയുമൊക്കെ ഇപ്പോൾത്തന്നെയുണ്ടല്ലോ. അങ്ങനെയുള്ള അതിക്രമങ്ങൾ തടയുന്നതിനുവേണ്ടിക്കൂടിയല്ലെ വനംവന്യജീവി വകുപ്പും അതിന്റെ നൂറായിരം ഉപവകുപ്പുകളും. കൃഷിനശിപ്പിച്ച പന്നിയെ കൊന്നതിന്റെ പങ്കു കിട്ടാത്തതിൽ കൊതിക്കെറിവു കാണിക്കുന്ന അയൽക്കാരന്റെ ഫോൺവിളികേട്ടുവന്ന് കർഷകന്റെ കറിച്ചട്ടി പൊക്കിനോക്കി അവനെ ജാമ്യമില്ലാവകുപ്പിൽ അകത്തിടുന്നതല്ലാതെ മരങ്ങളും വന്യമൃഗങ്ങളുമുൾപ്പെടുന്ന വനസമ്പത്ത് സംരക്ഷിക്കാൻ ഈ വകുപ്പൊന്ന് ആഞ്ഞുശ്രമിച്ചാൽ പോരേ… അതിനാണല്ലോ കർഷകരുടെ ഉൾപ്പെടെയുള്ളവരുടെ നികുതിപ്പണത്തിൽനിന്ന് അവർ ശമ്പളം കൈപ്പറ്റുന്നത്.
ഏതായാലും ഈ പ്രതിസന്ധിഘട്ടത്തിലെങ്കിലും ഇക്കാര്യത്തിൽ കർഷകർക്കനുകൂലമായ ഒരു നയരൂപീകരണവും നിയമനിർമ്മാണവും ഉണ്ടാകേണ്ടത് അനിവാര്യതയാണ്. കർഷകരുടെ മാത്രം നിലനില്പിനല്ല, എല്ലാവരുടെയും വയറുനിറയുന്നതിനുവേണ്ടി…