നിങ്ങൾ അച്ചന്മാർ ഇങ്ങനെ തുടങ്ങിയാൽ ഞങ്ങൾ എന്തു ചെയ്യും എന്നു ചോദിച്ചുകൊണ്ടാണ് ചേട്ടൻ മുറിയിലേക്കു കയറിവന്നത്. രാവിലെതന്നെ ലക്ഷണപ്പിശകാണല്ലോ എന്നു വിചാരിച്ച് എന്തു പറ്റി ചേട്ടായെന്ന ചോദ്യത്തിന് അദ്ദേഹം തന്റെ ഫോണെടുത്ത് വാട്ട്സ്ആപ്പിലെ ഒരു സന്ദേശം കാണിച്ചു. പരീക്ഷയെഴുതുന്ന കുട്ടികളുടെ മാതാപിതാക്കൾ കണ്ടിരിക്കേണ്ടത് എന്ന വിശേഷണത്തോടെ ഒരു വീഡിയോ. കേരളത്തിലെ ഒരു ധ്യാനകേന്ദ്രത്തിലെ സാക്ഷ്യം പറയുന്ന സ്ഥലമാണ് രംഗം. പരീക്ഷയിൽ പങ്കെടുക്കുന്ന കുട്ടികൾ എങ്ങനെയാണ് അതിനുവേണ്ടി തയ്യാറാകേണ്ടത് എന്ന വിധത്തിലോമറ്റോ ഉള്ള സന്ദേശമാകുമെന്നു കരുതി അതു കാണുവാൻ ആരംഭിച്ചു. പക്ഷെ അതു കണ്ടു കഴിഞ്ഞപ്പോൾ ചേട്ടന്റെ ആദ്യത്തെ ചോദ്യം വളരെ ന്യായമാണെന്നു തോന്നി. പഠിക്കാൻ അല്പം പോലും താല്പര്യമില്ലെന്നു ആവർത്തിച്ചു പറയുന്ന രണ്ടു പെൺകുട്ടികളാണ് സാക്ഷ്യംപറയുന്നത്. ചുരുക്കത്തിൽ ഒന്നും പഠിക്കാതെ പരീക്ഷയുടെ സമയമായപ്പോൾ ആരോ ഈ കുട്ടികളെ ധ്യാനകേന്ദ്രത്തിലേക്കു നിർബന്ധിച്ചു വിട്ടതാണ്. അവരാകട്ടെ കഷ്ടിച്ചു ജയിച്ചുകിട്ടിയാൽ മതിയെന്നു പ്രാർത്ഥിക്കുകയും ചെയ്തു. റിസൾട്ടു വന്നപ്പോൾ മഹാത്ഭുതം! രണ്ടുപേർക്കും 88 ശതമാനം മാർക്ക്. ധ്യാനഗുരുവിനുപോലും വിശ്വസിക്കാൻ പറ്റുന്നില്ല. പരീക്ഷാദിവസങ്ങളിൽപോലും രാവിലെ എഴുന്നേറ്റ് ടിവിയിൽ ധ്യാനകേന്ദ്രത്തിന്റെ ശുശ്രൂഷ കൂടിയിട്ടാണ് തങ്ങൾ പരീക്ഷയ്ക്കു പോയതെന്നും അവർ സാക്ഷ്യം പറയുന്നു.
ക്രൈസ്തവ ആത്മീയതയിൽ വന്നു ചേർന്നിരിക്കുന്ന അപചയത്തിന്റെ നേർക്കാഴ്ച്ചയാണ് ഈ സാക്ഷ്യം. വിദ്യാർഥികളായ കുട്ടികളുടെ എറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വം നന്നായി പഠിക്കുകയെന്നതാണ്. തീർച്ചയായിട്ടും പഠനത്തോടൊപ്പം ദൈവവിചാരംകൂടി ചേർന്നാലെ പഠനം പരമസത്യത്തിലേക്കു നയിക്കൂ. പക്ഷെ പ്രധാന ഉത്തരവാദിത്വം മറന്ന് അടിച്ചുപൊളിച്ചു നടന്നിട്ട് പരീക്ഷയാകുമ്പോൾ പോയി തിരുമുമ്പിൽ കുമ്പിട്ടുനിന്നാൽ ഉന്നതവിജയം ദാനമായി നല്കാൻ ദൈവമെന്താ നമ്മുടെ കൈക്കൂലിയും ശുപാർശയും വാങ്ങി അനുഗ്രഹങ്ങൾ നല്കുന്ന വെറും സർക്കാർ ഉദ്യോഗസ്ഥനോ!? ഇതുപോലുള്ള സാക്ഷ്യങ്ങൾ ധ്യാനഗുരുവിന്റെ സവിശേഷമായ അവതരണത്തോടെ സമൂഹത്തിൽ പങ്കുവയ്ക്കപ്പെടുമ്പോൾ അതു നമ്മുടെ കുഞ്ഞുങ്ങൾക്ക് അവരുടെ ഉത്തരവാദിത്വനിർവഹണത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചുതന്നെയും നല്കുന്ന സന്ദേശം എന്തായിരിക്കും?
ഇതൊരു സാമ്പിളാണ്. സമകാലിക ക്രൈസ്തവവിശ്വാസത്തിന്റെ സാമ്പിൾ. ജിവിത്തിന്റെ എല്ലാ മേഖലയിലും ഇതുപോലുള്ള അന്ധവിശ്വാസങ്ങൾ അടിയുറച്ചുകഴിഞ്ഞു. ജീവിതത്തിൽ ഏറ്റെടുക്കേണ്ടതും നിർവഹിക്കേണ്ടതുമായ ഉത്തരവാദിത്വങ്ങൾ മറന്നിട്ട് നേർച്ചകാഴ്ച്ചകൾ സമർപ്പിച്ച് ദൈവത്തെ പ്രീതിപ്പെടുത്തി ജീവിക്കാൻ ശ്രമിക്കുന്നവരുടെ എണ്ണം വിശ്വാസികളുടെ ഇടയിൽ കൂടിക്കൊണ്ടിരിക്കുകയാണ്. അതുപോലെതന്നെ, ജീവിതത്തിൽ എല്ലാ വക്രതയും സൂക്ഷിക്കുകയും കൂടെയുള്ളവരെയും മറ്റുള്ളവരെയും പരമാവധി ദ്രോഹിക്കുകയും ചെയ്തിട്ട് ദൈവത്തിന്റെ മുമ്പിൽ കൈകൾ കൂപ്പുകയും ‘ഭക്തരായി’ ജീവിക്കുകയും ചെയ്യുന്നവരും കൂടിവരുന്നു. മുകളിൽ സൂചിപ്പിച്ചതുപോലെയുള്ള “ശുശ്രൂഷ”കളാണ് ഇതുപോലുള്ള അപചയങ്ങൾ വിശ്വാസികളുടെ ജീവിതത്തിൽ വരുത്തിക്കൊണ്ടിരിക്കുന്നത്.
ധ്യാനകേന്ദ്രങ്ങൾ അവയുടെ സ്വാഭാവികലക്ഷ്യം മറന്ന് പ്രവർത്തിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഇടവകയിലെ വിശുദ്ധ കൂദാശയർപ്പണങ്ങളിൽ പങ്കെടുത്ത് ദൈവപരിപാലന അനുഭവിച്ച് ജീവിക്കാൻ വിശ്വാസികളെ പരിശീലിപ്പിക്കുന്നതിനു പകരം തങ്ങളുടെ കേന്ദ്രത്തിന്റെ അടിമകളാക്കി അവരെ രൂപാന്തരപ്പെടുത്തുന്ന കർമ്മപദ്ധതികളാണ് പല ധ്യാനകേന്ദ്രങ്ങളും തുടരുന്നത്. ക്രൈസ്തവ ആത്മീയതയ്ക്കു വ്യത്യസ്ത ധ്യാനകേന്ദ്രങ്ങളുടെ നിറങ്ങൾ നല്കുന്നതിനു പകരം എല്ലാ ധ്യാനകേന്ദ്രങ്ങളിലും സഭയുടെ ആത്മീയതയായിരുന്നു പങ്കുവയ്ക്കപ്പെടേണ്ടിയിരുന്നത്. നിർഭാഗ്യവശാൽ അതിനു ശ്രമിക്കുന്ന കേന്ദ്രങ്ങൾ വിരളമാണ്. കൂടാതെ അബന്ധങ്ങളും അന്ധവിശ്വാസങ്ങളും ഭയപ്പാടുകളുമെല്ലാം വിശ്വാസികളിൽ നിറയ്ക്കുന്ന ശുശ്രൂഷകൾ അവിടെയൊക്കെ ധാരാളമാണു താനും. അവയുടെയൊക്കെ തിക്തഫലങ്ങൾ അനുഭവിക്കുന്ന സാധാരണവിശ്വാസികൾക്ക് ഇപ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യമുണ്ട്. എന്തുകൊണ്ട് സഭാധികാരികൾക്ക് തങ്ങളുടെ അധികാരത്തിൻകീഴിലുള്ള കേന്ദ്രങ്ങളിലെ ഇതുപോലുള്ള കുറവുകളെ തിരുത്താൻ കഴിയുന്നില്ല എന്ന്. ഇത്തരം കേന്ദ്രങ്ങളുടെമേലുള്ള അധികാരം ഇപ്പോഴും അധികാരികളുടെ കൈകളിൽത്തന്നെ ഉണ്ടോയെന്നത് എന്റെയും സംശയമാണ്.
കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയ ‘ട്രാൻസ്’ എന്ന മലയാള സിനിമ കത്തോലിക്കാസഭയുടെ വിശ്വാസാചാരങ്ങളെ അപകീർത്തിപ്പെടുത്തുന്നു എന്ന വിമർശനം പലരും സോഷ്യൽമീഡിയായിൽ പ്രകടിപ്പിക്കുന്നതു കണ്ടു. യഥാർത്ഥത്തിൽ മറ്റേതോ സമൂഹങ്ങളുടെ ശൈലികളുമായി ബന്ധപ്പെടുത്തിയാണ് ആ ചിത്രത്തിന്റെ അവതരണമെന്ന സത്യം മനസിലാക്കാതെ ആകാശത്തുകൂടിപ്പോയ പ്രശ്നത്തെ തോട്ടികെട്ടി പിടിച്ചാണ് ആ വിമർശനങ്ങളൊക്കെ നടത്തിയതെന്നു പറയുമ്പോഴും നമ്മൾ ചിന്തിക്കേണ്ട മറ്റൊരു വസ്തുതയുണ്ട്. കത്തോലിക്കാസഭയുടെ ആത്മീയതയും അതു പ്രകടിപ്പിക്കുന്ന ശൈലികളും വിശ്വാസത്തിലും അനുഷ്ഠാനങ്ങളിലും അജഗജാന്തരമുള്ള മറ്റുചില സമൂഹങ്ങളുടെ ശൈലികളുംതമ്മിൽ വേർതിരിച്ചറിയാൻ കഴിയാത്തവിധം സാമ്യങ്ങളുണ്ടെങ്കിൽ നാം ഒരു ആത്മശോധന നടത്തിയേ മതിയാകു.
ഏതായാലും, ദൈവം നല്കിയിരിക്കുന്ന കൃപകളെയും സാഹചര്യങ്ങളെയും ദൈവത്തിന്റെ ഹിതമനുസരിച്ച് സഭയുടെ ശരിയായ വിശ്വാസത്തിന്റെ വളർച്ചയ്ക്ക് ഉപയോഗിക്കാതെ സ്വന്തം പേരിനും തന്റെ ധ്യാനകേന്ദ്രത്തിന്റെ പരസ്യത്തിനും വേണ്ടി ഉപയോഗിക്കുന്നവർ കടുത്ത തിന്മയാണ് വിശ്വാസത്തോടും സഭയോടും ചെയ്യുന്നത്. മാത്രമല്ല, തെറ്റായ ബോദ്ധ്യങ്ങളിലേക്കും ആത്മീയ ജീവിതശൈലികളിലേക്കും വിശ്വാസികളെ തള്ളിവിടുന്ന ഇത്തരം പ്രവണതകളെ നിയന്ത്രിക്കാത്ത ഉത്തരവാദിത്വപ്പെട്ടവരും ദൈവം തങ്ങളെ ഏല്പിച്ചിരിക്കുന്ന തങ്ങളുടെ കടമകൾ ശരിയായ വിധത്തിൽ നിർവഹിക്കാത്തവരാണ്.