Posted in SOCIAL

പ്രളയവും മാർക്കറ്റ് ചെയ്യപ്പെടുന്നു

 

രണ്ടായിരത്തിപതിനെട്ടിലെ പ്രളയാനുഭവത്തിന്റെ വാർഷികം അനുസ്മരിക്കാൻ വീണ്ടും ഒരു പ്രളയത്തിലൂടെത്തന്നെ പ്രകൃതി നാടിനെ കൊണ്ടുപോവുകയാണ്. കുറേയേറെ ജീവനും ജീവിതവും കവർന്നെടുത്ത് പ്രകൃതി ക്ഷോഭിച്ചു നില്ക്കുമ്പോൾ ഒരിക്കൽക്കൂടി കേരളജനത ഒരേ മനസോടെ കൈകോർക്കുകയാണ് ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കുന്നതിന്. ദുരിതാശ്വാസപ്രവർത്തനങ്ങളുടെ പ്രചോദനാത്മകമായ നല്ല മാതൃകകൾ നിരവധിയാണ് ഇപ്രാവശ്യവും നമുക്കുമുമ്പിൽ ഉള്ളത്. മലയാളികളുടെ നിശ്ചയദാർഢ്യത്തെയും കൂട്ടായ്മയെയും ഒരിക്കൽക്കൂടി വെളിപ്പെടുത്താൻ ഈ പ്രളയകാലം ഇടയാക്കി.

എന്നാൽ ഒരു വിചാരണയുടെ ദൃഷ്ടികൾകൊണ്ടു നോക്കിയാൽ കണ്ണുടക്കുന്ന ചില കാഴ്ചകൾ ഈ പ്രളയം നമുക്കുമുമ്പിൽ വയ്ക്കുന്നുണ്ട്. കഴിഞ്ഞവർഷത്തേതിൽനിന്നു വ്യത്യസ്തമായി  പ്രളയം മാർക്കറ്റ് ചെയ്യപ്പെടുന്ന ഒരു രീതി ഇപ്പോൾ കണ്ടുവരുന്നു. ദുരിതാശ്വാസപ്രവർത്തനത്തിന് പല സംഘടനകളും രാഷ്ട്രീയപാർട്ടികളും മതസംഘടനകളുമൊക്കെ രാപകൽ അദ്ധ്വാനിക്കുന്നുണ്ട് എന്നത് സത്യമാണ്. എന്നാൽ ചിലരെങ്കിലും അതിനെ പ്രസ്ഥാനം വളർത്താനുള്ള അവസരമാക്കി മാറ്റുന്നുണ്ടോ എന്നു സംശയിക്കണം. അതുകൊണ്ടാണല്ലോ സ്വന്തം സംഘടനയുടെ പ്രവർത്തനങ്ങൾ ഫോട്ടോയും വീഡിയോയുമൊക്കെയാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമ്പോൾ അതിൽ കാണപ്പെടുന്ന മറ്റു സംഘങ്ങളുടെ വസ്ത്രത്തിൽ എഴുതിച്ചേർത്തിരിക്കുന്ന സംഘടനയുടെ പേരുവരെ മായിച്ചുകളഞ്ഞ് അത് പ്രദർശിപ്പിക്കുന്നത്. കഴിഞ്ഞവർഷം സോഷ്യൽമീഡിയാ ഏറ്റവും കൂടുതൽ ഉപയോഗിച്ചത് ദുരിതാശ്വാസപ്രവർത്തനങ്ങളുടെ ഏകോപനത്തിനായിരുന്നെങ്കിൽ ഈ വർഷം അതിന്റെ ഫോക്കസ് സ്വന്തം പ്രസ്ഥാനത്തെ മാർക്കറ്റ് ചെയ്യുന്നതിലേക്ക് മാറി. തങ്ങൾ ചെയ്യുന്ന പ്രവൃത്തികൾ പൊതുസമൂഹത്തെ അറിയിക്കുന്നത് തെറ്റൊന്നുമല്ല. എന്നാൽ തങ്ങളുടെ കൂടെ അതേ ദൌത്യത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ ചവിട്ടിത്താഴ്ത്തി അവരുടെ തലയിൽ കയറിനിന്ന് വലിയവരാകാൻ ശ്രമിക്കുന്നത് അനുചിതമാണ്.

കഴിഞ്ഞദിവസം ക്രൈസ്തവസഭകളിലെ വിവിധ മേലദ്ധ്യക്ഷന്മാരും വൈദികരുമുൾപ്പെടെയുള്ളവരുടെ ഒരു ഫോട്ടോ, ദുരന്ത മുഖത്ത് സെൽഫിയെടുക്കാൻ പോയവരെന്നതരത്തിൽ സോഷ്യൽമീഡിയായിൽ അവതരിപ്പിച്ചുകണ്ടു. കുരങ്ങന്റെ കൈയിലെ പൂമാലയുടെ അവസ്ഥയിലായിരിക്കുന്ന സോഷ്യൽ മീഡിയായിൽ അതു വരുന്നതിൽ അത്ഭുതമൊന്നുമില്ല. എന്നാൽ തികഞ്ഞ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കേണ്ട ഒരു മുഖ്യധാരാ മാധ്യമവും അത് ഏറ്റുപിടിക്കുന്നത് കണ്ടു. ദുരന്തസ്ഥലം സന്ദർശിച്ച പ്രമുഖവ്യക്തികളുടെ എത്രയോ സെൽഫികളും ഫോട്ടോകളുമാണ് മാധ്യമങ്ങളിൽ ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. പക്ഷെ അതിൽനിന്നു വ്യത്യസ്തമായി ക്രൈസ്തവമേലദ്ധ്യക്ഷന്മാരുടെയും വൈദികരുടെയും ഫോട്ടോമാത്രമാണ് തെറ്റായ വിധത്തിൽ അവതരിപ്പിക്കപ്പെട്ടത്. പ്രളയത്തിൽ അടിഞ്ഞുകൂടിയ വൃത്തികേടുകളേക്കാൾ ശോചനീയമായ അവസ്ഥയിൽ സ്വന്തം മനസുസൂക്ഷിക്കുന്നവർക്കുമാത്രമേ ഇങ്ങനെയൊരു പ്രചരണം ആ ഫോട്ടോയ്ക്കു കൊടുക്കാൻ കഴിയു. മെത്രാന്മാരും അച്ചന്മാരും ദുരന്തഭൂമിയിലേക്കു ചെന്നത് പിക്നിക്കിന്റെ മൂഡിലാണെന്നു വരുത്തിത്തീർക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന ചിലരെങ്കിലും ഉണ്ടെന്നുള്ളത് സത്യമാണ്. അതോടൊപ്പം ആ ഫോട്ടോ ഇപ്രകാരം വളരെ മോശമായ വിധത്തിൽ സോഷ്യൽമീഡിയായിൽ പ്രചരിപ്പിക്കപ്പെട്ടപ്പോൾ അതിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയവരിൽ പലരും അവരുടെ ‘മാതൃഭാഷ’യിൽ ചോദിച്ച ചോദ്യം സഭ്യമായ ഭാഷയിലേക്കു തർജ്ജമ ചെയ്താൽ, സഭ ഈ ദുരന്തമനുഭവിക്കുന്നവർക്കുവേണ്ടി എന്തു ചെയ്തു എന്നാണ്. പതിവുപോലെ മെത്രാന്മാരുടെ ആഢംബരക്കാറുകളും കൊട്ടാരങ്ങളും മൃഷ്ടാന്നഭോജ്യവുമൊക്കെ മേമ്പൊടിയായി ചേർത്തിട്ടുമുണ്ട്. വർഗീയതയുടെയും വിഭാഗിയതയുടെയും വെറുപ്പിന്റെയുമൊക്കെ കരിമ്പടങ്ങൾകൊണ്ട് കണ്ണുകെട്ടിയവർ ഉന്നയിക്കുന്ന ഈ ചോദ്യങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയേണ്ടതാണെങ്കിലും അത് ഗൌനിക്കാതിരിക്കാൻ കഴിയില്ല. കാരണം കള്ളങ്ങൾ ആവർത്തിച്ചുപറഞ്ഞ് അതിനെ സത്യമാക്കി മാറ്റിക്കൊണ്ടിരിക്കുന്ന സമകാലികസമൂഹത്തിൽ സത്യങ്ങൾ പലപ്പോഴും തമസ്ക്കരിക്കപ്പെടുകയാണ്. മറ്റു പല പ്രസ്ഥാനങ്ങളും ചെയ്യുന്നതുപോലെ സഭ നല്കുന്ന സഹായപ്പൊതികളിലും ഭക്ഷണപദാർത്ഥങ്ങളിലും പേരെഴുതിയ ലേബലൊട്ടിച്ചല്ല കൊടുക്കുന്നത്. അതുകൊണ്ടുതന്നെ അതിന്റെ ഫോട്ടോയും പടവുമൊന്നും പലപ്പോഴും കാണുകയുമില്ല. മാത്രമല്ല ഇതുപോലുള്ള ചോദ്യങ്ങളും വിമർശനങ്ങളുമൊന്നും ശ്രദ്ധിക്കാൻ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കു സമയവുമില്ല.

അതോടൊപ്പം മറ്റൊരു കാര്യംകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. എത്രയോ മതനേതാക്കന്മാരുടെയും സാമൂഹിക നേതാക്കന്മാരുടെയും രാഷ്ട്രീയ നേതാക്കന്മാരുടെയും സെൽഫികളും ഫോട്ടോകളുമാണ് പ്രളയപശ്ചാത്തലത്തിൽ പുറത്തുവന്നിട്ടുള്ളത്. എന്നിട്ടുമെന്തേ ക്രൈസ്തവമതമേലദ്ധ്യക്ഷന്മാരുടെ ഫോട്ടോ മാത്രം വിമർശനത്തിനു വിധേയമാകുന്നു എന്നതിന് രണ്ടുത്തരങ്ങളാണുള്ളത്. ഒന്നാമതായി അങ്ങനെയൊരു ഫോട്ടോവച്ച് ട്രോൾ ഉണ്ടാക്കിയാൽ അതു ക്രൈസ്തവർതന്നെ പ്രചരിപ്പിച്ചുകൊള്ളും എന്ന് അതുണ്ടാക്കിയവർക്ക് അറിയാം. രണ്ടാമതായി വേറെ ഏതെങ്കിലും മതമേലദ്ധ്യക്ഷമാരെ അപമാനിക്കുന്ന വിധത്തിൽ ട്രോളുണ്ടാക്കിയാൽ ചിലപ്പോൾ കൈയും തലയും കണ്ടെന്നു വരില്ല. അത്രയേയുള്ളു കാര്യങ്ങൾ.

ഏതായാലും സ്വന്തം പ്രസ്ഥാനത്തെ വളർത്താനും മറ്റു പ്രസ്ഥാനങ്ങളെ കരിവാരിത്തേക്കാനുമുള്ള മത്സരഭൂമിയായി പ്രളയബാധിതപ്രദേശങ്ങളെ ചിലരെങ്കിലും മാറ്റുന്നുണ്ട് എന്നുള്ളത് നാം കാണാതിരിന്നുകൂടാ. പ്രളയം കശക്കിയെറിഞ്ഞ നാടുകളിൽ ഇത്തരക്കാരുടെ തിന്മനിറഞ്ഞ പ്രവൃത്തികൾക്കിടയിലും നന്മനിറഞ്ഞ മനുഷ്യർ ഇപ്പോഴും ഊണും ഉറക്കവുമൊഴിഞ്ഞ് നിസ്വാർത്ഥമായ ദുരിതാശ്വാസപ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു എന്നത് മാത്രം പ്രതീക്ഷയുടെ പൊൻവെട്ടമായി തെളിഞ്ഞുനില്ക്കുന്നു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s