Posted in SOCIAL

പ്രളയം കഴുകിയകറ്റിയ മാലിന്യങ്ങൾ ഇനിയൊരിക്കലും നമുക്കണിയാതിരിക്കാം…

പ്രളയം ഒരു ദുരന്തം തന്നെയായിരുന്നു. എന്നാൽ ദുരന്തത്തോടൊപ്പം കുന്നോളം നന്‍മയും വിതറിയിട്ടാണ് പ്രളയജലം ഒഴുകിപ്പോയത്. കേരളത്തിൽ ജീവിക്കാൻ സന്തോഷം തോന്നുന്ന ഒരന്തരീക്ഷമാണ് പ്രളയാനന്തരം നമുക്കുള്ളത്. കാരണം പ്രളയം ഒരു ശുദ്ധീകരണമായിരുന്നു. കേരളത്തനിമ നഷ്ടപ്പെട്ട് മനോഭാവത്തിലും പെരുമാറ്റത്തിലും ജീവിതശൈലിയിലും അപചയങ്ങൾ സംഭവിച്ച ഒരു സമൂഹമായി നാം മാറിക്കഴിഞ്ഞിരുന്നു. ഒരു വേദാന്തത്തിനും ഒരു സുവിശേഷത്തിനും തിരുത്തുവാൻ കഴിയാത്തവിധം സമൂഹം വഴിമാറിച്ചരിച്ചു തുടങ്ങിയിരുന്നു. അപ്പോഴാണ് പ്രളയം വന്നതും സമൂഹത്തെ ആകമാനം മൂടിയിരുന്ന ദുർഗന്ധങ്ങളെ മുഴുവൻ കഴുകിയെടുത്ത് നന്‍മയുടെ പുതിയ വിത്തുകൾ വിതച്ചതും.
സ്വാർത്ഥതയും അഹങ്കാരവുമാണ് ആദ്യം കഴുകി മാറ്റപ്പെട്ട മാലിന്യങ്ങൾ. സ്വന്തം കാര്യവും സ്വന്തക്കാരുടെ കാര്യവും മാത്രം നോക്കി വലിയ മതിൽക്കെട്ടിനുള്ളിലടച്ചിരുന്ന് സന്തോഷമെന്ന സൌഭാഗ്യമനുഭവിക്കാൻ വൃഥാ പരിശ്രമിച്ചുകൊണ്ടിരുന്ന നമ്മിൽനിന്ന് എത്ര പെട്ടെന്നാണ് ആ തിന്‍മകളെ പ്രളയം എടുത്തുമാറ്റിയത്! സ്വാർത്ഥതയില്ലാതാകുമ്പോൾ ഹൃദയത്തിൽ നിറയുന്ന സന്തോഷത്തിന്റെ രുചിയെന്താണെന്ന് നാമറിഞ്ഞ നാളുകളാണിത്. മനുഷ്യനന്‍മയുടെ ഇത്രയും മഹത്തായ പാഠങ്ങൾ ലോകത്തിനുകൊടുക്കുന്ന മറ്റൊരു സമൂഹം ഇപ്പോൾ ഭൂമിയിലുണ്ടോ എന്നു സംശയമാണ്. സ്വന്തം വീടും സൌകര്യങ്ങളും പണവും സമയവും ആരോഗ്യവും ആയുസുമെല്ലാം ദുരിതമനുഭവിക്കുന്നവർക്ക് തണലാകാൻ സമർപ്പിച്ച ഒരു ജനത. തികച്ചും പുതിയ ഒരനുഭവത്തിലേക്കു നാം വളർന്നിരിക്കുകയാണ്. പങ്കുവയ്ക്കലാണ് ആനന്ദം എന്ന പാഠം ജീവിച്ചപ്പോൾ ഉണ്ടായ അനുഭവം.
അടുത്തതായി, ഒഴിവാക്കാനാവാത്ത ഒരു തിന്മയെന്നതായിരുന്നു രാഷ്ര്ടീയത്തിനു നാം കൊടുത്തിരുന്ന വിശേഷണം. തീക്ഷ്ണമായ രാഷ്ര്ടീയചിന്ത പുലർത്താത്തവരെ സംബന്ധിച്ചിടത്തോളം വെറുപ്പുളവാക്കുന്ന പ്രവൃത്തികളും അറപ്പുളവാക്കുന്ന വാദപ്രതിവാദങ്ങളുംകൊണ്ട് നാട്ടുകാരെ വട്ടംചുറ്റിക്കുകയും അധികാരക്കസേരമാത്രം ലക്ഷ്യംവയ്ക്കുകയും ചെയ്യുന്ന ഒരു കൂട്ടരായിത്തീർന്നിരുന്നു അഴിമതിയും സ്വജനപക്ഷവാതവും ജീവിതശൈലിയാക്കിയിരുന്ന രാഷ്ട്രീയക്കാർ. എന്നാൽ പ്രളയം അവിടെയും ഒരു ശുദ്ധീകരണം നടത്തി. നേതാക്കന്മാർ സ്വാർത്ഥതയും തമ്മിൽത്തല്ലും അവസാനിപ്പിച്ച് ജനത്തിന്റെ കൂടെനിന്ന് അവരെ സംരക്ഷിക്കുമ്പോൾ രാഷ്ട്രീയവും, അതിന്റെ യഥാർത്ഥ അർത്ഥത്തിൽ ജീവിച്ചാൽ സമൂഹത്തിനതൊരു ശക്തമായ സങ്കേതമായിത്തീരുമെന്ന് ഒരുപക്ഷെ സ്വാതന്ത്ര്യാനന്തരം നാമിപ്പോഴാണ് കാണുന്നത്. കക്ഷിരാഷ്ട്രീയഭേദമെന്യേ ജനത്തിന്റെ കൂടെനിന്ന കേരളത്തിലെ നേതാക്കന്മാർ വലിയ പ്രതീക്ഷ നല്‍കുന്നു. പ്രളയം ദുരന്തമായി ഒഴുകിയെത്തുന്നത് കണ്ട് സമൂഹം ഭയവിഹ്വലരായപ്പോൾ ഒരപ്പന്റെ സ്ഥാനത്തുനിന്ന് തന്റെ മുഖഭാവംകൊണ്ടും വാക്കുകൾകൊണ്ടും പ്രവൃത്തികൾകൊണ്ടും അവരെ ശാന്തരാക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്ത ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉൾപ്പെടെയുള്ള രാഷ്ട്രീയനേതാക്കന്മാരെല്ലാം പ്രളയജലത്തിൽ സ്നാനപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയപ്രവർത്തനത്തിന്റെ വില തിരിച്ചുപിടിച്ചവരായി അവരെല്ലാം ഇന്നു സമൂഹമദ്ധ്യത്തിൽ നിറഞ്ഞു നില്ക്കുന്നു.
വീണ്ടും, കേരളത്തിന്റെ പൊതുജീവിതത്തെ എന്നും കഷ്ടപ്പെടുത്തുന്ന ഒരു കൂട്ടരായിട്ടാണ് പൊതുവേ ഇവിടുത്തെ ഉദ്യോഗസ്ഥവൃന്ദത്തെ സമൂഹം നോക്കിക്കണ്ടിരുന്നത്. കൈക്കൂലിയും കെടുകാര്യസ്ഥതയുമൊക്കെ മുഖമുദ്രയായി മാറിയിരുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ യഥാർത്ഥമുഖം പ്രകാശിച്ചുകാണാൻ പ്രളയം അവരെയും കഴുകിയെടുത്തു. ഈ നാളുകളിൽ ബ്യൂറോക്രസി മുതൽ കെസ്ഇബി ലൈൻമാൻവരെ ഉണ്ണാതെയും ഉറങ്ങാതെയും ജനത്തിന്റെകൂടെ നിന്നതാണ് ദുരിതാശ്വാസപ്രവർത്തനങ്ങളെ ഇത്രയും കാര്യക്ഷമമാക്കിയത്.
പ്രളയം അഗ്നിശുദ്ധി വരുത്തിയ മറ്റൊരു വിഭാഗമാണ് കേരളത്തിലെ മാധ്യമങ്ങൾ. കുറേ നാളുകളായി മാധ്യമ മുതലാളിമാരുടെ മത്സരങ്ങളുടെയും ഗൂഢലക്ഷ്യങ്ങളുടെയുമൊക്കെ പരിണിതഫലമായി സമൂഹത്തിൽ അസത്യങ്ങളുടെയും വേർതിരിവിന്റെയും വെറുപ്പിന്‍റെയും വിഭാഗിയതയുടെയുമൊക്കെ ന്യൂസ് അവറുകൾ അവതരിപ്പിക്കപ്പെട്ടുകൊണ്ടിരുന്ന ചാനൽമുറികൾ എത്ര പെട്ടെന്നാണ് പ്രളയനാളുകളിൽ കണ്ട്രോൾറൂമുകളായി രൂപാന്തരപ്പെട്ടത്. മാധ്യമപ്രവർത്തനം എന്ന തങ്ങളുടെ ദൌത്യം എത്ര വിശുദ്ധമായ ഒരു കർമ്മമാണെന്ന് മാധ്യമപ്രവർത്തകരും മാധ്യമങ്ങൾക്കെങ്ങനെ സമൂഹത്തെ പടുത്തുയർത്താൻ കഴിയുമെന്ന് പൊതുജനവും മനസിലാക്കിയ ദിനങ്ങളാണ് കഴിഞ്ഞുപോയത്. ഈ കുറച്ചുനാളുകളിലെ അവരുടെ പ്രവർത്തനങ്ങൾ അവർക്കു നല്കിയിട്ടുള്ള ആത്മസംതൃപ്തിക്കു പകരമാവില്ല സമൂഹത്തിൽ അസ്വസ്ഥതയും പരസ്പര സ്പർദ്ധയും വളർത്തി അവർ നേടിയിട്ടുള്ള ഒരു വിജയവും. അതുപോലെ സോഷ്യൽമീഡിയായും ഇത്രമാത്രം നന്മകളും സാദ്ധ്യതകളും മറച്ചുവയ്ക്കപ്പെട്ടിരിക്കുന്ന ഉപാധികളാണെന്നു നാം തിരിച്ചറിയാൻ പ്രളയജലം വേണ്ടിവന്നു. ലോകത്തിന്റെ നാനാഭാഗങ്ങളിലിരുന്ന് സോഷ്യൽമീഡിയായിലൂടെ മലയാളികൾ രക്ഷാപ്രവർത്തനങ്ങളിൽ പങ്കുചേരുന്നത് കണ്ടപ്പോൾ ഒരു ഹോളിവുഡ് ത്രില്ലർ കാണുന്ന അനുഭവമാണ് ഉണ്ടായത്. സോഷ്യൽമീഡിയായുടെ നന്മ നിറഞ്ഞ അപാരമായ സാദ്ധ്യതകളിലേക്കു നമ്മുടെ കണ്ണുകൾ തുറക്കപ്പെട്ടിരിക്കുന്നു.

എല്ലാ മതങ്ങൾക്കും ജലം ശുദ്ധീകരണത്തിന്റെ പ്രതീകമാണ്. പ്രളയജലം ഏറ്റവും കൂടുതൽ വിമലീകരിച്ചത് കേരളത്തിന്റെ മതബോധത്തെയാണ്. എല്ലാ മതവിശ്വാസങ്ങളെയും ഒരുപോലെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന മലയാളനാടിന്റെ നല്ല പാരമ്പര്യത്തിന്റെയും സംസ്ക്കാരത്തിന്റെയും പ്രഭ കുറേ നാളുകളായി മങ്ങിത്തുടങ്ങിയിരുന്നു. അന്യമതവിശ്വാസികളെ അവമതിയോടെ നോക്കിക്കാണാനും ശത്രുതയോടെ പ്രതികരിക്കാനും തുടങ്ങിയിരുന്നു നമ്മൾ. എന്നാൽ നമ്മുടെ നാടിന്റെ നാശത്തിനുതന്നെ കാരണമാകുമായിരുന്ന ആ വലിയ വിഷബീജത്തെ പ്രളയം അറബിക്കടലിൽ മുക്കി. എത്ര സുന്ദരമായ കാഴ്ചകളാണ് പ്രളയനാളുകൾ നമുക്കു നല്‍കിയത്. ക്ഷേത്രം വൃത്തിയാക്കുന്ന മുസ്ലീം യുവജനങ്ങളും മണ്ണുവന്നു മൂടിയ കുരിശടി കഴുകി വൃത്തിയാക്കുന്ന മൌലവിയും വെള്ളം കയറിയ പള്ളിയിലെ കന്യകാമറിയത്തിന്റെ ചിത്രം സുരക്ഷിതമായി തന്റെ പൂജാമുറിയിൽ പവിത്രതയോടെ സൂക്ഷിക്കുന്ന ഹൈന്ദവപൂജാരിയും മുസ്ലീം സഹോദരർക്ക് നിസ്ക്കരിക്കാൻ പള്ളിയിലിടമൊരുക്കുകയും മരണമടഞ്ഞ ഹൈന്ദവസഹോദരനെ സംസ്ക്കരിക്കാൻ പള്ളിസിമിത്തേരി തുറന്നുകൊടുക്കുകയുംചെയ്ത വൈദികരുമൊക്കെച്ചേർന്ന് കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്ന് ഒരിക്കൽക്കൂടി ഉറപ്പിച്ചിരിക്കുകയാണ്.
കൂടാതെ ഈ ദുരന്തങ്ങൾക്കു നടുവിലും മലയാളനാടിന്റെ ആത്മാഭിമാനത്തിനു വിലപറയാൻ മുതിർന്ന ചില വിഷവിത്തുകളെ കണ്ടംവഴി ഓടിക്കാനും കേരളത്തിന്റെ മക്കൾ സമയം കണ്ടെത്തി. മലയാളികളെന്നാൽ ഒരു കുടുംബമാണെന്ന വികാരമാണിപ്പോൾ നമുക്ക്. കഴിഞ്ഞദിവസം അർണബ് ഗോസ്വാമിക്കെതിരെയുള്ള ഒരു യൂട്യൂബ് വീഡിയോയുടെ താഴെ ഒരു പെൺകുട്ടിയുടെ കമന്റ് കണ്ടു. അതിപ്രകാരമായിരുന്നു. മുമ്പൊക്കെ ഇതുപോലുള്ള വീഡിയോകൾക്ക് കമന്റിടാൻ പേടിയായിരുന്നു. ഒരു സ്ത്രീയായതുകൊണ്ട് ആരെങ്കിലും ശല്യപ്പെടുത്തുമോയെന്ന് പേടിച്ചിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയൊരു ഫീലിംഗോ, പേടിയോ ഇല്ല. കാരണം നമ്മൾ മലയാളികൾ ഒറ്റക്കെട്ടാണ്. ഈ പെൺകുട്ടി ഒരു പ്രതീകമാണ്. പ്രളയം രൂപപ്പെടുത്തിയ സാഹോദര്യഭാവത്തിന്റെ പ്രതീകം. നമ്മുടെ നാട്ടിലെ സ്ത്രീകൾക്ക് ഇത്രയും സുരക്ഷിതത്വബോധം ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ടോയെന്നു സംശയമാണ്. ആ സുരക്ഷിതത്വബോധം നല്കുന്ന ആന്തരികസ്വാതന്ത്ര്യത്തിലാണ് ആ പെൺകുട്ടി തന്റെ അഭിപ്രായം രേഖപ്പെടുത്തുന്നത്.
പ്രളയത്തിൽ പൊലിഞ്ഞുപോയ ജീവിതങ്ങളും തകർന്നടിഞ്ഞ പാർപ്പിടങ്ങളും ഒലിച്ചുപോയ കൃഷിയിടങ്ങളും നൊമ്പരമായി അവശേഷിക്കുമ്പോഴും അവയൊക്കെയും പോയതിനേക്കാൾ സുന്ദരമായി തിരികെകൊണ്ടുവരുവാനും ഒരു നവകേരളംതന്നെ സൃഷ്ടിക്കാനും നമുക്കു കഴിയും എന്നതിന് പ്രളയം വിതറിയിട്ടുപോയ ഈ നന്‍മകളുടെ വിത്തുകൾതന്നെ സാക്ഷ്യം. ഒന്നുമാത്രം ഓർക്കുക, പ്രളയം കഴുകിയകറ്റിയ മാലിന്യങ്ങൾ ഇനി ഒരിക്കലും നമുക്കണിയാതിരിക്കാം. എല്ലാവർക്കും നന്മ വരട്ടെ.
ഫാ. സെബാസ്റ്റ്യൻ മുതുപ്ലാക്കൽ.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s