സമാനതകളില്ലാത്ത ദുരന്തത്തെ കേരളം ഒരേ മനസോടെ ചെറുത്തുതോല്പ്പിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ മനസിൽ സൂക്ഷിക്കാനും ശ്രദ്ധിക്കാനുമായി ഒരു കാര്യം പങ്കുവയ്ക്കുകയാണ്. കേരളത്തിന്റെ ദുരിതങ്ങളിൽ കൂടെ നില്ക്കാൻ വിദേശരാജ്യങ്ങളും അന്താരാഷ്ട്ര പ്രസ്ഥാനങ്ങളും മനസുകാണിച്ചപ്പോൾ അതിനോട് പുറംതിരുഞ്ഞുനില്ക്കുന്ന കേന്ദ്രസർക്കാരിന്റെ യഥാർത്ഥമുഖം നാം കണ്ടുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ ചില നിലപാടുകളുടെ മറവിൽ ഇപ്രകാരം കേരളത്തിലേയ്ക്കുള്ള സഹായങ്ങളെ തിരസ്ക്കരിക്കുന്ന ഈ സാഹചര്യത്തെ ഒറ്റപ്പെട്ട സംഭവമായി കാണുവാൻ പാടില്ല എന്നാണ് എനിക്കു തോന്നുന്നത്. കേരളം ആവശ്യപ്പെട്ടതും സംസ്ഥാനത്തിന്റെ പുനർനിർമ്മാണത്തിനാവശ്യമുള്ളതും കേന്ദ്രത്തിൽനിന്നു നല്‍കിയിട്ടാണ് ഈ തിരസ്ക്കരണമെങ്കിൽ മനസിലാക്കാമായിരുന്നു. ഇതിപ്പോൾ ചോദിച്ചതിന്റെ ഒരംശം തരികയും, തന്ന അരിയുടെ വിലയായി അതിൽനിന്നും പകുതിയോളം തിരിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തവരാണ് ഇപ്രകാരം വിദേശസഹായങ്ങളെ തിരസ്ക്കരിക്കുന്നത്. കൂടാതെ ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലുമൊക്കെയായി കേരളത്തിനു സഹായമൊന്നും ചെയ്യേണ്ട ആവശ്യമില്ലെന്നും, അല്പംകൂടി ഗുരുതരമായി വർഗീയതയുടെ വിഷം പുരട്ടി ഇവിടെയുള്ളവർ നശിക്കട്ടെയെന്നുമുള്ള പോസ്റ്റുകൾ നിരവധി വന്നുകൊണ്ടിരിക്കുന്നു. കൂടാതെ ജാതിയോ മതമോ ഒന്നും നോക്കാതെ ഒരേ ഹൃദയത്തോടെ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ തമ്മിൽ അകറ്റുന്ന വിധത്തിൽ തട്ടിക്കൂട്ടു ചാനലുകളിൽകൂടിയും ഔദ്യോഗികചാനലിൽകൂടിയും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നു. ഭാരതത്തിലെ നിരവധി സംസ്ഥാനങ്ങൾ പലവിധത്തിലുള്ള സഹായങ്ങളുമായി ഓടിവന്നപ്പോഴും അവിടെയൊന്നും ബിജെപി ഭരിക്കുന്ന ഒരു സംസ്ഥാനത്തെയും കണ്ടില്ല. എന്തിനധികം, വേണ്ടതിനും വേണ്ടാത്തതിനുമെല്ലാം ഓൺലൈൻ മീഡിയായിലുടെയും മറ്റു മാധ്യമങ്ങളിലൂടെയും എപ്പോഴും സമൂഹത്തോട് സംവദിച്ചുകൊണ്ടിരിക്കുന്ന ഒരു ബിജെപി നേതാവുപോലും ഈ ദുരന്തത്തെക്കുറിച്ചു ഒരു വാക്കുപോലും പറഞ്ഞതായി കണ്ടില്ല. ആകെപ്പാടെ മലയാളിയായ ഒരു ദേശീയനേതാവ് ചങ്ങനാശേരിയിലെ ഒരു ക്യാമ്പിൽ ഉറക്കംനടിച്ചു കിടന്നതിന്റെ ഫോട്ടോ സ്വയം പ്രസിദ്ധീകരിച്ചത് മാത്രമാണ് കണ്ടത്. കൂടാതെ കേന്ദ്രസർക്കാരിനെ പിന്തുണക്കുന്ന ചില സംഘടനകൾ പണ്ടു മറ്റു പല വടക്കൻ സംസ്ഥാനങ്ങളിലും നടന്ന ദുരന്തങ്ങളിൽ അവർ ചെയ്ത രക്ഷാപ്രവർത്തനങ്ങളുടെ ഫോട്ടോകൾ ഇവിടുത്തേതെന്നെന്ന രീതിയിൽ പ്രചരിപ്പിക്കുന്നു. ഒപ്പം ഇവിടുത്തെ ചില ഫോട്ടോകൾ അവരുടെതായി അവതരിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ നാടിനെ പുനർനിർമ്മിക്കാൻ വിശ്രമമില്ലാതെ നാം പ്രവർത്തിക്കുമ്പോഴും ഈയൊരു കാര്യം നാം ശ്രദ്ധിച്ചേ മതിയാകൂ. കേരളം പൂർവാധികം ശക്തിയോടെ ഉയിർത്തെഴുന്നേല്ക്കുന്നതിനെ തടയാൻ ആരൊക്കെയോ ബോധപൂർവം ശ്രമിക്കുന്നതുപോലെ… വടക്കൻനാടുകളെപ്പോലെ കേരളജനതയെ തങ്ങളുടെ ചൊൽപ്പടിക്കു നില്ക്കാൻ കിട്ടാത്തതുകൊണ്ട് ഇതിങ്ങനെയങ്ങു നശിക്കട്ടെയെന്നു ചിന്തിക്കുന്നതുപോലെ… കേരളം പഴയ കേരളമാകാൻ ആർക്കൊക്കെയോ താല്പര്യമില്ലെന്നു തോന്നുന്നു. എന്നാൽ ഈ വലിയ സാഹചര്യത്തെ നാം എപ്രകാരമാണോ അതിജീവിച്ചത് അതേ മനസോടെ ഈവക ദുരന്തങ്ങളെയും പടിക്കുപുറത്തുനിറുത്താൻ നമുക്കു കഴിയട്ടെ… ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞതുപോലെ, പഴയ കേരളമല്ല, പുതിയ ഒരു കേരളംതന്നെ നമുക്കു സൃഷ്ടിക്കണം…