Posted in SOCIAL

ഒരു മരണക്കുറിപ്പ്…

 

മുപ്പത്താറ് വയസു പ്രായമുണ്ടായിരുന്ന ഒരു ചെറുപ്പക്കാരന്റെ മൃതദേഹസംസ്ക്കാരത്തിനുശേഷം വന്നിരിക്കുകയാണ് ഞാൻ. വിഷുദിനത്തിൽ ബൈക്ക് അപകടത്തിൽ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ് എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ ചികിത്സയിലായിരുന്ന യുവാവാണ് മരിച്ചത്. ആ ആത്മാവിനു നിത്യശാന്തി നേരുകയും അവന്റെ ഭാര്യക്കും രണ്ടു കുഞ്ഞുങ്ങൾക്കും മാതാപിതാക്കൾക്കും സഹോദരർക്കുംവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തുകൊണ്ടാണ് ഈ കുറിപ്പെഴുതുന്നത്.

അപകടമുണ്ടായി കട്ടപ്പനയിലെ ആശുപത്രിയിൽ എത്തിച്ച ഈ ചെറുപ്പക്കാരന്റെ സ്ഥിതി ഗുരുതരമായിരുന്നതിനാൽ എറണാകുളത്തേയ്ക്കു കൊണ്ടുപോകാൻ ആശുപത്രി അധികൃതർ പറഞ്ഞതനുസരിച്ച് ഒരു ഐ സി യു ആംബുലൻസു അന്വേഷിച്ചവർ ഒരു കാര്യം തിരിച്ചറിഞ്ഞു. ആംബുലൻസ് ഉണ്ട്. എന്നാൽ അതു ഡ്രൈവു ചെയ്യാൻ ആരുമില്ല. ഡ്രൈവർമാരെല്ലാം വിഷു പ്രമാണിച്ച് മദ്യലഹരിയിലായിരുന്നത്രേ! ഏതായാലും എവിടുന്നോ ഡ്രൈവറെ സംഘടിപ്പിച്ച് അവർ കട്ടപ്പനയിൽനിന്ന് എറണാകുളത്തേയ്ക്കു യാത്ര തിരിച്ചപ്പോൾ മൂന്നു മണിക്കൂറുകൾ കടന്നുപോയിരുന്നു. തലയ്ക്കു ഗുരുതരമായ പരിക്കുപറ്റിയ ആൾക്കു ചികിത്സയുടെ ആദ്യത്തെ മണിക്കൂറുകൾ എത്ര വിലപ്പെട്ടതാണെന്നു എല്ലാവർക്കുമറിയാം. ആ വിലപ്പെട്ട മൂന്നു മണിക്കൂറുകൾ വിദഗ്ദ്ധ ചികിത്സ കിട്ടാതിരുന്ന ആ ചെറുപ്പക്കാരൻ പിന്നീട് എറണാകുളം ആശുപത്രിയിൽ രണ്ടുദിവസങ്ങൾ കൂടി കിടന്നിട്ടാണ് മരണമടഞ്ഞത്.

ഈ ദാരുണ മരണത്തിന്റെ പശ്ചാത്തലത്തിൽ എനിക്കു മൂന്നു കൂട്ടരോടാണ് സംസാരിക്കാനുള്ളത്. ഒന്നാമതായി ആംബുലൻസ് ഡ്രൈവർമാരോട്… അത്യാസന്ന നിലയിലുള്ള രോഗികളുടെ ജീവനും കൈയിൽപിടിച്ച് പായുന്ന നിങ്ങളോട് എന്നും മനസിൽ ആദരവുമാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ ഇവിടെ സംഭവിച്ചത് നിങ്ങളിൽ ചിലരുടെ ഭാഗത്തുനിന്നുള്ള കൃത്യവിലോപം തന്നെയാണ്. ആംബുലൻസിന്റെ സാരഥിയെന്ന ജോലി തിരഞ്ഞെടുക്കുമ്പോൾത്തന്നെ ആ ജോലി നിങ്ങളെ ഏല്പിക്കുന്ന ഒരു ഉത്തരവാദിത്വമുണ്ട്. ഇരുപത്തിനാലു മണിക്കൂറിൽ ഏതു നിമിഷവും രോഗികളെയുംകൊണ്ട് പോകാനുള്ള വിളി പ്രതീക്ഷിച്ച് ജാഗ്രതയോടെയിരിക്കുകയെന്ന ഉത്തരവാദിത്വം. അതേറ്റെടുക്കാൻ മനസില്ലെങ്കിൽ പിന്നെ എന്തിനാണ് ഈ ജോലി സ്വീകരിക്കുന്നത്. വല്ല പെട്ടിഓട്ടോറിക്ഷയോ മറ്റോ ഓടിച്ചാൽ പോരെ. അതാകുമ്പോ സൌകര്യമുള്ളപ്പോൾ ഓടിച്ചാൽ മതിയല്ലോ…ഡ്രൈവർ മദ്യലഹരിയിലായിരുന്നതുകൊണ്ട് അത്യാസന്നനിലയിലുള്ള ഒരു രോഗിക്ക് മണിക്കൂറുകൾ ചികിത്സ നിഷേധിക്കപ്പെടുന്നത് എത്ര വലിയ അപരാധമാണെന്നു നിങ്ങൾ മനസിലാക്കുന്നില്ലേ…? അതു മനസിലാകണമെങ്കിൽ ചെയ്യുന്ന ജോലി ശമ്പളത്തിനുവേണ്ടിയുള്ള വെറും വണ്ടിപ്പണിയല്ലെന്നുള്ള തിരിച്ചറിവുണ്ടാകണം… ഒരു ജീവൻ അണയാതെ കാത്തുസൂക്ഷിക്കാനുള്ള പലരുടെയും പ്രയത്നത്തിൽ പങ്കുചേരാനുള്ള ദൌത്യമാണ് താൻ ഏറ്റെടുത്തിരിക്കുന്നതെന്ന ബോദ്ധ്യമുണ്ടാകണം… ആ ബോധമുണ്ടെങ്കിലേ ഇരുപത്തിനാലു മണിക്കൂറും ജാഗ്രതയോടെയിരിക്കാൻ നിങ്ങൾക്കു സാധിക്കൂ…

രണ്ടാമത് എനിക്കു സംസാരിക്കാനുള്ളത് ആംബുലൻസ് സർവീസ് നടത്തുന്ന പ്രസ്ഥാനങ്ങളോടാണ്. എത്രയോ ജന്മങ്ങളെ പുനർജീവിതത്തിലേയ്ക്കു നയിക്കാൻ നിങ്ങളുടെ ഈ സർവീസുകൊണ്ട് കഴിഞ്ഞിട്ടുണ്ട്. അതുവഴി എത്രയോ കുടുംബങ്ങളുടെ സ്വസ്ഥജീവിതത്തിനു നിങ്ങളും കാരണമായിത്തീർന്നിട്ടുണ്ട്… എന്നാൽ നിങ്ങളിൽ ചിലരെങ്കിലും ഇതിനെ വെറുമൊരു ബിസിനസ് മാത്രമായി പരിഗണിക്കുന്നുവെന്നത് വലിയൊരു ദുരന്തമാണ്. അവരെ സംബന്ധിച്ചിടത്തോളം ഓരോ രോഗിയും ഒരു കച്ചവടസാദ്ധ്യതയാണ്. ആംബുലൻസ് സർവീസും മൊബൈൽ മോർച്ചറിയും ഒരുമിച്ചു കൊണ്ടുനടക്കുന്നവർ രണ്ടിനും ‘ഓട്ടം’ കിട്ടാൻ ആഗ്രഹിക്കുമല്ലോ…മറ്റു ചില പ്രസ്ഥനങ്ങൾ സാമൂഹികപ്രതിബദ്ധതയുടെ പേരിലാണ് ആംബുലൻസ് സർവീസ് നടത്തുന്നത്. എന്നാൽ ഈ സാമൂഹികപ്രതിബദ്ധത തങ്ങൾക്കു സൌകര്യമുള്ളപ്പോൾ മാത്രം പ്രകടിപ്പിക്കാനുള്ളതാണോ…? ഒരു ആംബുലൻസ് സർവീസ് നടത്തുന്നുണ്ടെങ്കിൽ ഇരുപത്തിനാലു മണിക്കൂറും അതിന്റെ സേവനം ആവശ്യമുള്ളവർക്കു ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതും ആ പ്രസ്ഥാനങ്ങളുടെ കടമയല്ലേ…? ഡ്രൈവർ ‘ഫിറ്റാ’യതുകൊണ്ട് ആംബുലൻസ് സർവീസ് അത്യാവശ്യസമയത്ത് കിട്ടില്ല എന്നു പറയേണ്ടിവരുന്നത് എത്രമാത്രം നിരുത്തരവാദപരമായ അവസ്ഥയാണ്…! തങ്ങളുടെ സാമൂഹികസേവനങ്ങളുടെ ലിസ്റ്റിൽ ചേർക്കാനുള്ള ഒരു ഐറ്റം മാത്രമായി ആംബുലൻസ് സർവീസ് നടത്തുന്ന പ്രസ്ഥാനങ്ങൾ അല്പംകൂടി പ്രതിബദ്ധത സമൂഹത്തോടു കാണിക്കേണ്ടിയിരിക്കുന്നു…

ആംബുലൻസ് സർവീസ് നടത്തുന്ന പ്രസ്ഥാനങ്ങളുടെ ഉത്തരവാദിത്വപ്പെട്ടവർക്കും അതിന്റെ ഡ്രൈവർമാർക്കും എന്തെങ്കിലും ബോധവത്ക്കരണം ഇക്കാര്യത്തിൽ ഔദ്യോഗികതലത്തിൽ നല്കപ്പെടുന്നുണ്ടോയെന്ന് എനിക്കറിയില്ല. ഉണ്ടെങ്കിൽ അതു കൂടുതൽ കാര്യക്ഷമമാക്കേണ്ടിയിരിക്കുന്നു. തങ്ങൾ ഏർപ്പെട്ടിരിക്കുന്നത് വെറുമൊരു ബിസിനസിലല്ലെന്നും തങ്ങൾ ചെയ്യുന്ന ജോലി ശമ്പളത്തിനുവേണ്ടി മാത്രമുള്ളതല്ലെന്നും ബോദ്ധ്യമില്ലാത്തവർ ഈ മേഖലയിൽ ഉണ്ടാകാൻ പാടില്ല.

അവസാനമായി എനിക്കു സംസാരിക്കാനുള്ളത് ആശുപത്രി അധികൃതരോടും അവിടുത്തെ ജോലിക്കാരോടുമാണ്. തങ്ങളുടെ ആശുപത്രിയിലേയ്ക്കു കൊണ്ടുവരപ്പെടുന്ന രോഗിക്ക് അവിടെ പ്രവേശിപ്പിക്കപ്പെടുന്നതുമുതൽ അവിടുന്ന് സൌഖ്യപ്പെട്ട് തിരികെപോവുകയോ വിദഗ്ദ്ധ ചികിത്സയ്ക്കു മറ്റ് ആശുപത്രികളിൽ എത്തിക്കുകയോ ചെയ്യുന്നതുവരെ ഏറ്റവും ഉചിതമായ ശുശ്രൂഷ കൊടുക്കാൻ ആശുപത്രികളിലെ ഉത്തരവാദിത്വപ്പെട്ടവർക്കു കടമയുണ്ടല്ലോ. എന്നാൽ ഈ കടമനിർവഹണത്തിലും പലപ്പോഴും വീഴ്ചകൾ സംഭവിക്കുന്നുവെന്നത് നിർഭാഗ്യകരമാണ്. പ്രത്യേകിച്ചും മറ്റു ആശുപത്രികളിലേയ്ക്കു അയയ്ക്കാൻ നിർദേശിക്കപ്പെടുന്ന രോഗികളെ ഡിസ്ചാർജ് ചെയ്തുകഴിഞ്ഞാൽപിന്നെ യാതൊരു പരിഗണനയും അവർക്കു കൊടുക്കാത്ത അവസ്ഥകൾ പലയിടത്തുമുണ്ടെന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. പലപ്പോഴും അത്യാസന്നനിലയിലുള്ള രോഗികളെയുംകൊണ്ട് വരുന്നവർ വേവലാതി പിടിച്ച് എന്തുചെയ്യണമെന്ന് അറിയാതെ പരക്കംപായുന്ന അവസ്ഥയിലായിരിക്കും. എന്തുകൊണ്ട് അങ്ങനെയുള്ളവരുടെ കൂടെനിന്ന് അവർക്കാവശ്യമുള്ള സഹായങ്ങൾ ചെയ്തുകൊടുക്കാനുള്ള സംവിധാനം ആശുപത്രി അധികൃതർ ക്രമീകരിക്കുന്നില്ല…? നിർദേശിക്കപ്പെട്ടിരിക്കുന്ന സ്ഥലത്ത് സമയത്തുതന്നെ സുരക്ഷിതമായി അവർ എത്തിച്ചേർന്നുവെന്ന് ഉറപ്പുവരുത്താനുംകൂടി നിങ്ങൾ ശ്രമിക്കുമ്പോഴല്ലേ നിങ്ങളുടെ സ്ഥാപനം യഥാർത്ഥത്തിൽ ആതുരസേവനചൈതന്യത്തിലാകുന്നത്…? അതിനു സാധിക്കണമെങ്കിൽ തങ്ങളുടെ മുമ്പിൽ എത്തപ്പെട്ടിരിക്കുന്നത് തങ്ങളുടെ കണക്കുപുസ്തകത്തിലെ ഒരു പുതിയ എൻട്രി മാത്രമല്ല, അമൂല്യമായ ഒരു ജീവനാണെന്ന ബോദ്ധ്യംകൂടി ഉണ്ടാകേണ്ടിയിരിക്കുന്നു. ആ ബോദ്ധ്യക്കുറവുകൊണ്ടാണ് പലപ്പോഴും തങ്ങളുടെ അക്കൌണ്ട് ക്ലോസ് ചെയ്തുകഴിഞ്ഞാൽപിന്നെ ഒരു പരിഗണനയും ആ രോഗിക്കു കൊടുക്കാൻ അധികൃതർ തയ്യാറാകാത്തത്. അതുകൊണ്ടുതന്നെയല്ലേ ഏറ്റവും അത്യാസന്നനിലയിൽ മറ്റൊരു സ്ഥലത്തേയ്ക്കയക്കാൻ നിർദേശിക്കപ്പെട്ട രോഗിക്ക് ആംബുലൻസ് ഡ്രൈവ് ചെയ്യാൻ സുബോധമുള്ള ഒരു ഡ്രൈവറെ കിട്ടാൻ മണിക്കൂറുകൾ കാത്തുകിടക്കേണ്ടിവന്നത്…ആശുപത്രിയിൽ അഡ്മിറ്റാകുന്ന രോഗിയെ ‘പേഷ്യന്റ്’ എന്ന നിർജീവമായ പേരിട്ടുവിളിച്ച് കൈകാര്യം ചെയ്യുമ്പോൾ നിങ്ങൾ മറക്കരുതാത്ത മറ്റു ചില യാഥാർത്ഥ്യങ്ങളുണ്ട്. ആ വ്യക്തിയുടെ ജീവനോടൊപ്പം നെഞ്ചുചേർത്തുപിടിച്ചിരിക്കുന്ന ജീവിതപങ്കാളിയോ മക്കളോ മാതാപിതാക്കളോ സഹോദരരോ ഒക്കെ നിങ്ങളുടെ തുറക്കപ്പെടാത്ത വാതിലിനപ്പുറത്ത് നൂറായിരം പ്രാർത്ഥനകളോടെ നില്പുണ്ടെന്ന യാഥാർത്ഥ്യം. ദൈവം നിങ്ങളുടെ രൂപത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവന്റെ ജീവനെ തങ്ങളുടെ കൈയിൽ തിരികെയേല്പ്പിക്കും എന്ന വലിയ പ്രതീക്ഷയിലാണ് അവർ നില്ക്കുന്നത്. അതുകൊണ്ടുതന്നെ അല്പംകൂടി വൈകാരികമായ പിന്തുണ അവർക്കു നല്കാൻ ആശുപത്രിയെ ജോലിക്കാരും ആശുപത്രി അധികൃതരും തയ്യാറാകേണ്ടിയിരിക്കുന്നു. ഒരുപക്ഷെ ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജോലിക്കാർ നിരന്തരം ഇങ്ങനെയുള്ള രോഗികളെ കൈകാര്യം ചെയ്യുന്നതുകൊണ്ട് ഒരുതരം നിർവികാരത അവരിൽ വളരാൻ സാദ്ധ്യതയുണ്ട്. പക്ഷെ തങ്ങളുടെ നിർവികാരതയും നിസംഗതയും പ്രിയപ്പെട്ടവരുടെ അപകടാവസ്ഥയിൽ വൈകാരികമായി പിടിവിട്ടുനില്ക്കുന്നവർക്കുമുമ്പിൽ പ്രകടിപ്പിക്കുന്നതാണ് വലിയ ദുരന്തം.

ഞാൻ മുകളിൽ സംസാരിച്ച മൂന്നു കൂട്ടരും ആത്മശോധനയ്ക്കിരിക്കുമ്പോൾ ഭർത്താവു നഷ്ടപ്പെട്ട ഒരു പെൺകുട്ടിയുടെയും അപ്പൻ നഷ്ടപ്പെട്ട രണ്ടു കുഞ്ഞുങ്ങളുടെയും മകൻ നഷ്ടപ്പെട്ട മാതാപിതാക്കളുടെയും സഹോദരനെ നഷ്ടപ്പെട്ട കൂടപ്പിറപ്പുകളുടെയും നൊമ്പരക്കടലിന്റെ ആഴം കൂട്ടാൻ തങ്ങൾ കാരണമായിട്ടുണ്ടോയെന്ന് കണ്ടെത്തണം… ഇനിയും ഇങ്ങനെയുള്ള ദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ… അതിനുവേണ്ടിമാത്രം…

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s