നേഴ്സുമാരുടെ ശമ്പളവർദ്ധനവിനുവേണ്ടിയുള്ള സമരത്തോടനുബന്ധിച്ച് പലവിധത്തിലുള്ള അഭിപ്രായങ്ങൾ മാധ്യമങ്ങളിലൂടെയും അല്ലാതെയുമൊക്കെ നാം കേൾക്കുന്നുണ്ട്. അതിന്റെ സാങ്കേതികവും നിയമപരവുമായ വശങ്ങളിലേയ്ക്കൊന്നും കടക്കാതെ പൊതുവായ ഒരു കാര്യം മാത്രമാണ് എനിക്കു പറയാനുള്ളത്. നേഴ്സുമാരുടെ ജോലിയും ജോലിഭാരവുമൊക്കെ എല്ലാവർക്കും മനസിലാകുന്ന ഒരു കാര്യമാണ്. മാത്രമല്ല കേരളത്തിലെ നേഴ്സുമാരിൽ ഭൂരിപക്ഷവും ഇടത്തരം കുടുംബങ്ങളിൽനിന്നോ പാവപ്പെട്ട കുടുംബങ്ങളിൽനിന്നോ വരുന്നവരാണെന്നതും ഒരു സത്യമാണ്. അവർക്ക് ഉചിതമായ ശമ്പളം ലഭിക്കുകയെന്നത് തികച്ചും ന്യായമായ കാര്യമാണ്. എന്നാൽ അങ്ങനെ ശമ്പളം അധികം വർദ്ധിപ്പിച്ചു കൊടുക്കാൻ പ്രായോഗികമായി സാദ്ധ്യമല്ലെന്ന മറുവാദവും കേൾക്കുന്നു. സാമൂഹിക നീതിക്കുവേണ്ടി നിലകൊള്ളേണ്ട സഭ തീർച്ചയായും ഇക്കാര്യത്തിൽ മാതൃകാപരമായി പെരുമാറേണ്ടതാണ്. എന്നാൽ പ്രായോഗികമായി അത് അസാദ്ധ്യമാണെന്നതു സത്യമാണെങ്കിൽ നമ്മൾ എന്തിനാണ് ഇനിയും ഇങ്ങനെയുള്ള ഹൈടെക് ഹോസ്പിറ്റലുകൾ നടത്തിക്കൊണ്ടു പോകുന്നത്? ഓരോ വിഭാഗത്തിലും പ്രാഗത്ഭ്യം തെളിയിച്ച ഡോക്ടർമാരുടെ എണ്ണമനുസരിച്ചാണ് ഹോസ്പിറ്റലുകളുടെ പ്രശസ്തി എന്നതു എല്ലാവർക്കുമറിയാവുന്ന ഒരു യാഥാർത്ഥ്യമാണ്. അപ്പോൾ പ്രഗത്ഭരായ ഡോക്ടർമാരെ കൂടെനിറുത്താൻ പലതരത്തിലുള്ള വഴികൾ സ്വീകരിക്കേണ്ടി വരുന്നത് ഈ ഹൈടെക് മത്സരത്തിൽ പങ്കുചേരുന്നതുകൊണ്ടാണ്. യഥാർത്ഥത്തിൽ സഭയുടെ ദൌത്യത്തിൽ ഈയൊരു മത്സരയിനം ഉണ്ടോയെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. നമ്മുടെ സ്ഥാപനത്തിൽ ജോലിചെയ്യുന്നവരുടെ മുറവിളിക്കുള്ള ന്യായമായ പരിഹാരമല്ലേ നാം ആദ്യം കണ്ടുപിടിക്കേണ്ടത്. ലോകത്തിലുള്ള രോഗികളെ മുഴുവൻ ‘ശുശ്രൂഷിച്ച്’ സുഖപ്പെടുത്താൻ വമ്പൻ പരസ്യക്കമ്പനികൾക്കു പണം കൊടുത്ത് കിടിലൻ പരസ്യങ്ങളുണ്ടാക്കിയും ചികിത്സാ ഇളവുകൾ പ്രഖ്യാപിച്ചും ഹോസ്പിറ്റലുകൾ മത്സരിക്കുമ്പോൾ സത്യത്തിൽ അതിനോട് ചേരാൻ സഭയുടെ ശരിയായ രോഗീശുശ്രൂഷയുടെ ശൈലി നമ്മെ അനുവദിക്കുന്നുണ്ടോയെന്നു ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അങ്ങനെ മത്സരിച്ചു നില്ക്കാൻ ശ്രമിക്കുമ്പോൾ കൂടെയുള്ളവർക്കു ന്യായമായവ കൊടുക്കാൻ കഴിയാതെ പോകുന്നുണ്ടെങ്കിൽ ആ മത്സരത്തിൽനിന്ന് സഭ ഒഴിയുകതന്നെ ചെയ്യണം. പട്ടണങ്ങളിലെ മുന്തിയ ഹോസ്പിറ്റലുകളിൽ രോഗീപരിചരണം ഒരു ശുശ്രൂഷയുടെ തലത്തിൽനിന്ന് പണ്ടേ വഴുതിപ്പോയിക്കഴിഞ്ഞു. അതുകൊണ്ട് സഭാധികാരികൾ ഗൌരവമായി ചിന്തിച്ച് ഇങ്ങനെ ശരിയായ ചൈതന്യത്തിൽ മുമ്പോട്ടു കൊണ്ടുപോകാൻ കഴിയാത്തവിധത്തിൽ വളർന്നിരിക്കുന്ന ഹോസ്പിറ്റലുകളിൽനിന്ന് ഗ്രാമങ്ങളിലെ ഇടത്തരം ആശുപത്രികളിലേയ്ക്കു ഒരു മടക്കയാത്ര ഉണ്ടാകണമെന്നു തോന്നുന്നു.