ഞാനുൾപ്പെടുന്ന സമൂഹത്തിൽപെട്ട ഒരാൾ അതിനീചമായ ചില തിന്മകൾ ചെയ്തതിന്റെ ഞടുക്കത്തിലായിരിക്കുന്ന പൊതുസമൂഹത്തിനുമുമ്പിൽ കുറിക്കപ്പെടുന്ന ഈ വാക്കുകൾക്ക് പ്രതിരോധത്തിന്റെ മുനകളല്ല, മറിച്ച് ആ ദുരന്തത്തിന്റെ ഫലമനുഭവിക്കുന്നവരോടും ഈ പൊതുസമൂഹത്തോടു മുഴുവനുമുള്ള ക്ഷമായാചനയുടെ നാമ്പുകളാണുള്ളത്. അല്പമെങ്കിലും ധാർമ്മികതയുള്ള ഒരു വ്യക്തിയും ചെയ്യില്ലാത്ത കുറ്റകൃത്യമാണ് അയാളുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ഇത് പോലീസിന്റെയോ മാധ്യമങ്ങളുടെയോ കുറ്റാരോപണം മാത്രമല്ല, അയാൾ സമ്മതിച്ചിരിക്കുന്നതുമാണെന്ന് അറിയുന്നു. അതുകൊണ്ടുതന്നെ യാതൊരു ദാക്ഷണ്യവും അർഹിക്കാത്ത അവസ്ഥയിലാണ് അയാളിപ്പോൾ. ധാർമ്മികതയുടെയും നന്മയുടെയും വക്താവാകേണ്ട ഒരുവനിൽനിന്ന് ഇത്രയും നീചമായ ഒരു കുറ്റകൃത്യം ഉണ്ടായതിനാൽ നിയമം അനുവദിക്കുന്ന പരമാവധി ശിക്ഷയ്ക്ക് അയാൾ അർഹനാണെന്ന കാര്യത്തിൽ തർക്കമില്ല. സഭാനേതൃത്വവും ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിക്കാൻ ബാദ്ധ്യസ്ഥരാണ്. ക്രിമിനൽ കുറ്റകൃത്യത്തിലേർപ്പെടുന്നവർ ആരാണെങ്കിലും അവരെ സംരക്ഷിക്കുന്ന നിലപാടുകൾ സ്വീകരിക്കാതെ പൊതുസമൂഹത്തിനുമുമ്പിൽ സഭയുടെ യഥാർത്ഥ മുഖം കാണിച്ചുകൊടുക്കാൻ ഉത്തരവാദിത്വപ്പെട്ടവർ മറക്കരുത്. ഈ കൊടുംപാതകം ചെയ്തയാളുടെ ജീവിതാവസ്ഥയിലുള്ള ഒരു വ്യക്തിയെന്ന നിലയ്ക്ക് കുനിഞ്ഞ ശിരസുമായാണ് എനിക്കു നില്ക്കാൻ സാധിക്കുന്നത്.
പക്ഷേ അപ്പോഴും മറ്റൊരു വശത്തേക്കുറിച്ച് ചിന്തിക്കാതിരിക്കുന്നത് ശരിയാണെന്നു തോന്നുന്നില്ല. റോബിൻ എന്ന വ്യക്തി ഒരു പുരോഹിതനായതുകൊണ്ടല്ല ഈ കുറ്റകൃത്യം ചെയ്തത്. മറിച്ച് മനസാക്ഷിയില്ലാത്തൊരാൾ പുരോഹിതനായതുകൊണ്ടോ, ജീവിതവഴിയിൽ തിന്മയുടെ സ്വാധീനത്താൽ പൌരോഹിത്യത്തിന്റെ വിശുദ്ധി നഷ്ടപ്പെടുത്തി മനസാക്ഷി മരവിച്ചുപോയതുകൊണ്ടോ ആണ്. എന്നാൽ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വിസ്താരങ്ങളിൽ പൌരോഹിത്യവും അതു പേറുന്ന പുരോഹിതരും മുഴുവൻ അധാർമ്മികത നിറഞ്ഞതാണെന്ന ചിന്ത പങ്കുവയ്ക്കപ്പെടുന്നു. ഒരു പുരോഹിതനെന്ന നിലയ്ക്ക് ഈ അന്യായമായ വിധിയുടെ ഭാരംപേറാൻ മനസില്ലാത്തതുകൊണ്ടും അതിനെതിരേ പ്രതികരിക്കേണ്ടതു കടമയാണെന്നു ചിന്തിക്കുന്നതുകൊണ്ടുമാണ് ഈ വാക്കുകൾ കുറിക്കുന്നത്. വേറെയേതെങ്കിലും ജീവിതാവസ്ഥയിലുള്ളവരുടെ ഭാഗത്തുനിന്നും ഇതുപോലുള്ള കുറ്റകൃത്യങ്ങൾ സംഭവിച്ചാൽ അവരുൾപ്പെടുന്ന സമൂഹത്തെ മുഴുവൻ അധർമ്മികളായി ചിത്രീകരിക്കേണ്ടി വന്നാലെങ്ങനെയിരിക്കും. ഇപ്പോൾ കത്തോലിക്കാ പൌരോഹിത്യത്തിനെതിരെയും പുരോഹിതർക്കെതിരെയും പൊങ്കാലയിടുന്നവരുടെ അഡ്രസ് അപ്പോഴെങ്ങനെയായിരിക്കും? എന്തും എഴുതാനും വിളിച്ചുപറയാനും ഇപ്പോൾ സോഷ്യൽ മീഡിയായും മറ്റു വഴികളുമൊക്കെ ഉണ്ടെന്നു കരുതി യാതൊരു ന്യായവുമില്ലാത്ത പ്രസ്താവനകൾ നടത്തുന്നത് പീഡനംപോലെതന്നെയുള്ള ഒരുതരം വൈകൃതമാണ്.
പിന്നെ, ഇങ്ങനെ പൌരോഹിത്യത്തെയും പുരോഹിതരേയും തുണിയുരിഞ്ഞ് പൊതുജനമദ്ധ്യത്തിൽ നിറുത്തുമ്പോൾ ചിലർക്ക് പാഷാണം ഷാജിയേപ്പോലെ “ഒരു മനസുഖം” കിട്ടുന്നുണ്ടെങ്കിൽ തുടർന്നുകൊള്ളുക നിങ്ങളുടെ കലാപരിപാടി…
അതുപോലെ റോബിന്റെ കൂടെ കൂട്ടുപ്രതികളായി പോലീസ് സൂചിപ്പിച്ചിരിക്കുന്ന മറ്റു ചില വ്യക്തികൾക്കുമുണ്ട് തെറിയഭിഷേകം. എന്നാൽ കൂട്ടുപ്രതികളായി ആരോപിക്കപ്പെട്ടിരിക്കുന്നവർ അത് ഏറ്റെടുത്തിട്ടില്ലെന്നു മാത്രമല്ല, തങ്ങളുടെ ഭാഗം വിശദീകരിച്ചുകൊണ്ട് പത്രക്കുറിപ്പ് ഇറക്കിയിട്ടുമുണ്ട്. അങ്ങനെയുള്ള സാഹചര്യത്തിൽ കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്നവർ കുറ്റം ചെയ്തെന്നു തെളിയിക്കപ്പെടുന്നതുവരെ അവരെ കുറ്റവാളികൾ എന്ന് വിളിക്കാൻ ആർക്കാണവകാശം? അങ്ങനെ വിളിക്കുന്നവർ ഏതു കൊമ്പത്തുള്ളവരാണെങ്കിലും അത് അധാർമ്മികം തന്നെയാണ്. കുറേപ്പേരുടെ കൈയടി കിട്ടാൻ ഇതുപോലെ എന്തും വിളിച്ചുകൂകുന്നവർ നടത്തുന്നതും പീഡനംതന്നെയല്ലേ…?
പൌരോഹിത്യത്തിൽ പങ്കുചേർത്തതിൽ ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ടും പുരോഹിതനായി ആത്മാഭിമാനത്തോടെ തുടർന്നും ജീവിക്കാൻ കൃപ നല്കണെയെന്നു പ്രാർത്ഥിച്ചുകൊണ്ടും ഞാൻ ഈ കുറിപ്പ് അവസാനിപ്പിക്കുന്നു. “മനസുഖം” വേണ്ടവർക്ക് ഇതിന്റെ അടിയിൽ തുടരാം നിങ്ങളുടെ പൊങ്കാലയുത്സവങ്ങൾ…