Posted in SOCIAL

അമൽജ്യോതിയും അച്ചടക്കവും

കാഞ്ഞിരപ്പള്ളി അമൽജ്യോതികോളജിനെക്കുറിച്ച് കുറച്ചുദിവസങ്ങളായി ദൃശ്യമാധ്യമങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും നിരന്തരം വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണ്. വാർത്തകളുടെയെല്ലാം രത്നച്ചുരുക്കം അമൽജ്യോതി കോളജിന്റെ അവസ്ഥ നാസി തടങ്കൽപാളയത്തെക്കാൾ ഭീകരമാണെന്നാണ്. പുറമേനിന്ന് വാർത്ത വായിക്കുകയും കാണുകയും ചെയ്യുന്നവരുടെ മനസിൽ അസ്വസ്ഥതയും സംശയങ്ങളും ഉളവാക്കുന്നവയാണ് പ്രസ്തുത റിപ്പോർട്ടുകളെല്ലാം.

കേരളത്തിലെ ചില കോളജുകളിൽ സമീപകാലത്തു നടന്ന ചില അനിഷ്ടസംഭവങ്ങളെത്തുടർന്നു നടക്കുന്ന സമരങ്ങളുടെ പശ്ചാത്തലത്തിലാണ് അമൽജ്യോതിയിലും ഇപ്രാവശ്യം സമരകാഹളം മുഴങ്ങിയത്. കോളജിലെ മാത്യു ഏലിയാസ് എന്ന വിദ്യാർത്ഥി ശാസ്ത്രസർവകലാശാല വിസി ക്കെതിരെ സഭ്യമല്ലാത്ത ഭാഷയിൽ ഓൺലൈൻ മാധ്യമത്തിൽ പ്രതികരിച്ചതിനെതിരെ സ്വീകരിച്ച അച്ചടക്കനടപടിയും അതേ തുടർന്ന് ആ വിദ്യാർത്ഥിയും അമ്മയും ചേർന്ന് മാധ്യമങ്ങൾക്കു നല്കിയ അഭിമുഖവുമാണ് സമരങ്ങളുടെ ഏറ്റവും അടുത്ത കാരണം. അതോടൊപ്പം മറ്റു കുറേ ആരോപണങ്ങളും സമരക്കാർ ഉന്നയിക്കുന്നുണ്ട്. ഒരു വൈദികനും ഒരു സിസ്റ്ററുമുൾപ്പെടെയുള്ള അദ്ധ്യാപകർ കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു എന്നതാണ് അതിൽ പ്രധാനപ്പെട്ട ആരോപണം. സഭ്യമല്ലാത്ത വാക്കുകൾ അദ്ധ്യാപകർ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതു തിരുത്തപ്പെടേണ്ടതാണെന്നത് നിസ്തർക്കമാണ്. എന്നാൽ ഇന്നത്തെ കാലത്ത് ഇത്രയും മുതിർന്ന കുട്ടികളെ ശാരീരികമായി പീഡിപ്പിക്കുന്നെന്നും കുട്ടികൾ അതു സഹിച്ച് മാതാപിതാക്കളോടുപോലും പരാതി പറയാതെ കഴിയുന്നുവെന്നും പറഞ്ഞാൽ, നല്ലനിലയിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളെയെല്ലാം രാഷ്ട്രീയചീമുട്ടകളെറിഞ്ഞ് നാറ്റിക്കാൻ കിണഞ്ഞുശ്രമിച്ചുകൊണ്ടിരിക്കുന്നവരൊഴികെ ആരെങ്കിലും അതു വിശ്വസിക്കുന്നതായി ഭാവിക്കുകയെങ്കിലും ചെയ്യുമോ? മാത്രമല്ല ഇത്രയും ഭീകരമാണ് കോജളിലെയും ഹോസ്റ്റലിലെയും അന്തരീക്ഷമെങ്കിൽ പിന്നെ എന്തുകൊണ്ടാണ് പല മാതാപിതാക്കന്മാരും തങ്ങളുടെ കുട്ടികൾ അമൽജ്യോതിയിൽത്തന്നെ പഠിക്കണമെന്ന് ആഗ്രഹിക്കുന്നത്. മുകളിൽ സൂചിപ്പിച്ച മാത്യു ഏലിയാസ് എന്ന വിദ്യാർത്ഥിതന്നെ, താൻ മറ്റൊരു കോളജിൽ ചേരണമെന്ന് ആഗ്രഹിച്ചിട്ടും തന്റെ അമ്മ നിർബന്ധിച്ചാണ് അമൽജ്യോതിയിൽ ചേർത്തതെന്ന് പറഞ്ഞതായി ഒരു മാധ്യമത്തിൽ വായിച്ചു! ഒരുപക്ഷെ ഇന്നത്തെ കുടുംബസാഹചര്യങ്ങളിൽ മക്കളെ നിലയ്ക്കുനിറുത്താനും അച്ചടക്കത്തിൽ വളർത്താനും മാതാപിതാക്കൾക്കു കഴിയാതെ വരുമ്പോൾ അപ്രകാരം സാധിക്കുന്ന ഒരു സ്ഥലമുണ്ടെന്നറിഞ്ഞ് തങ്ങളുടെ കുട്ടികൾ അവിടെത്തന്നെ പഠിക്കട്ടെയെന്ന് മാതാപിതാക്കൾ തീരുമാനിക്കുന്നതാണോ? ഉത്തരം തരേണ്ടത് മാതാപിതാക്കളാണ്. മാത്രമല്ല, വീട്ടിലുള്ള ഒന്നോ രണ്ടോ കുട്ടികളുടെ പെരുമാറ്റംപോലും ചിലപ്പോൾ മാതാപിതാക്കൾക്ക് വലിയ പ്രതിസന്ധികൾ തീർക്കുന്നില്ലേ? അപ്പോൾപ്പിന്നെ വ്യത്യസ്ത കുടുംബപശ്ചാത്തലത്തിൽനിന്ന് വന്ന് പൊട്ടിത്തെറിക്കുന്ന പ്രായത്തിലുള്ള രണ്ടായിരത്തി അഞ്ഞൂറിലധികം വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലിന്റെ ഉത്തരവാദിത്വപ്പെട്ടവർ കർശനസ്വഭാവം കാണിച്ചില്ലെങ്കിൽ എന്തായിരിക്കും അവിടുത്തെ അവസ്ഥ? രാത്രി രണ്ടുമണിക്കും മൂന്നുമണിക്കുംപോലും ഉറങ്ങാൻ സാധിക്കാത്ത ഹോസ്റ്റലിന്റെ ഉത്തരവാദിത്വമുള്ളവരുടെ അവസ്ഥയെക്കുറിച്ച് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ?

പിന്നെ മറ്റൊരു പ്രധാന ആരോപണം വിദ്യാർത്ഥികളിൽനിന്ന് പിഴയായി പണം പിരിക്കുന്നുവെന്നതാണ്. വിദ്യാർത്ഥികളുടെ നിരുത്തരവാദിത്വപരമായ പ്രവൃത്തികൾക്കു പിഴയിടുന്നത് ഒരു തരത്തിലുള്ള തിരുത്തൽതന്നെയാണ്. പണത്തിന്റെ മൂല്യത്തെക്കുറിച്ച് ബോദ്ധ്യമുള്ളവർ പിന്നെ ആ പ്രവൃത്തി ആവർത്തിക്കാതിരിക്കാൻ ശ്രമിക്കും. മാത്രമല്ല, ഇങ്ങനെ ഫൈൻ ഈടാക്കുന്നതിനേക്കുറിച്ച് പരാതിപ്പെടേണ്ടത് ആ പണം മുടക്കുന്ന മാതാപിതാക്കളല്ലേ? എന്തുകൊണ്ട് കുട്ടികൾ ഈ പ്രശ്നം മാതാപിതാക്കളോട് പറയാതെ പഠിപ്പുമുടക്കികളായ സംഘടനകളോടു പറയുന്നു? തങ്ങൾക്കുവേണ്ടിമാത്രം ജീവിക്കുന്ന മാതാപിതാക്കളേക്കാൾ കുട്ടികൾക്കു വിശ്വാസം തങ്ങളുടെ രക്ഷകരാണെന്ന വ്യാജേന കൂടെനില്ക്കുന്ന സംഘടനകളെയാണെന്നാണോ ഇതിനർത്ഥം? വിദ്യാർത്ഥികളെയും രാഷ്ര്ടീയസംഘടനകളെയും ഒരുവശത്തും കോളജധികാരികളെയും രക്ഷാകർത്താക്കളെയും അവരുടെ ശത്രുപക്ഷത്തും നിറുത്തിയുള്ള റിപ്പോർട്ടിംഗ് ചില മാധ്യമങ്ങൾ നടത്തുന്നതുതന്നെ ഈയൊരു ചിന്ത അവരിൽ വളർത്താനല്ലേ? യഥാർത്ഥത്തിൽ കുട്ടികളുടെ നല്ല ഭാവി ലക്ഷ്യംവയ്ക്കുന്ന കോളജും മാതാപിതാക്കളും ഒരുമിച്ചു തന്നെയാണ് നില്ക്കേണ്ടത്. എന്നാൽ വിവേകത്തോടെയെന്നതിനേക്കാൾ വികാരത്തോടെ പ്രതികരിക്കുന്ന പ്രായത്തിലുള്ള കുട്ടികളുടെ കൂടെ കൂടിയിരിക്കുന്നവർ ആടുകളുടെ ചോരകുടിക്കാൻ കാത്തിരിക്കുന്ന കുറുക്കന്മാരാണെന്ന് ഇതിനോടകം എത്രയോ സ്ഥലങ്ങളിൽ തെളിയിക്കപ്പെട്ടിരിക്കുന്ന കാര്യമാണ്!

കൂടാതെ വിദ്യാർത്ഥികൾക്ക് സാങ്കേതികമായും സാമൂഹികമായുമുള്ള ആഘോഷങ്ങൾക്കൊന്നും അവസരം കൊടുക്കാതെ റോബോട്ടുകളെപ്പോലെ പരിശീലിപ്പിക്കുകയാണെന്ന് മറ്റൊരു പരാതിയും ഉണ്ട്. ഇതിന്റെ നിജസ്ഥിതി അറിയാൻ യൂറ്റ്യൂബിൽ കയറി അമൽജ്യോതിയിലെ ആഘോഷങ്ങൾ ഒന്നന്വേഷിച്ചാൽ മാത്രം മതി. ഇനി സാംസ്കാരിക ആഘോഷം എന്നതുകൊണ്ട് പരാതിക്കാർ ഉദ്ദേശിക്കുന്നത് മറ്റു ചിലയിടങ്ങളിൽ നടക്കുന്നതുപോലെയുള്ള രാഷ്ര്ടീയ മാമാങ്കങ്ങളാണെങ്കിൽ അതിനു തല്ക്കാലം പുറംതിരിഞ്ഞുനില്ക്കുന്നതുതന്നെയാണ് വിദ്യാർത്ഥികളുടെയും സ്ഥാപനത്തിന്റെയും ഭാവിക്കു നല്ലതെന്ന് കാലം തെളിയിച്ചിട്ടുണ്ടല്ലോ.

അമൽജ്യോതിയിലെ മറ്റു ജോലിക്കാരുടെ ശമ്പളകാര്യങ്ങളാണ് മറ്റൊരു പരാതി. ജീവനക്കാരുടെ കാര്യങ്ങളിൽ എടുക്കേണ്ട നിലപാടുകൾ നിയമങ്ങളായിത്തന്നെയുള്ള നമ്മുടെ നാട്ടിൽ നിയമപരമല്ലാതെ എന്തെങ്കിലും നടക്കുന്നുണ്ടെങ്കിൽ അതിന് ആ രീതിയിൽത്തന്നെ പരിഹാരം അന്വേഷിക്കാൻ തങ്ങൾക്കു കെല്പില്ലാഞ്ഞിട്ടാണോ ഈ സമരസംഘടനക്കാർ വിദ്യാർത്ഥിസമരത്തിൽ അതും വിഷയമാക്കിയിരിക്കുന്നത്?

അതുപോലെ, അനുവദിക്കപ്പെട്ടിരിക്കുന്ന വേഷം വൃത്തിയായി ധരിക്കണമെന്നതും ഫ്രീക്കന്മാരെപ്പോലെ കോലംകെട്ടി നടക്കരുതെന്നുമൊക്കെയുള്ള നിബന്ധനകൾ കോളജിന്റെ അച്ചടക്കത്തിന്റെ ഭാഗമായി അനുസരിക്കാൻ അവിടെ ചേരുന്നവർക്കു കടമയുണ്ട്. കോളജിൽനിന്ന് ഉത്തരവാദിത്വപ്പെട്ടവർ ആരും നിർബന്ധിച്ചിട്ടല്ലല്ലോ വിദ്യാർത്ഥികൾ അവിടെ പഠിക്കാൻ ചേരുന്നത്.

പിന്നെ ഇത്രയധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു സ്ഥാപനത്തിൽ എല്ലാവരുടെയും താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മുമ്പോട്ടു പോവുക എളുപ്പമുള്ള കാര്യമല്ലെന്നു ആർക്കും മനസിലാകും. അതുകൊണ്ടുതന്നെ സ്ഥാപനത്തിനും അവിടുത്തെ വിദ്യാർത്ഥികൾക്കും നന്മയാണെന്നു ബോദ്ധ്യമുള്ള കാര്യങ്ങളായിരിക്കും അധികൃതർ നടപ്പാക്കുന്നത്. കോളജുപഠനകാലം ഉഴപ്പാൻവേണ്ടി മാത്രമുള്ളതാണെന്നു ചിന്തിക്കുന്ന കുറേപേരെങ്കിലും ഓരോ കോളജിലും ഉണ്ടാകും. അത്തരക്കാർക്ക് ആരു പിന്തുണകൊടുത്താലും അവരെ നിലയ്ക്കുനിർത്തേണ്ടത് സ്ഥാപനത്തിന്റെ നല്ല നിലനില്പിന് ആവശ്യമാണ്. ഇപ്പോൾ സംഭവിച്ചിരിക്കുന്നത് അങ്ങനെയുള്ള ഒരു ന്യൂനപക്ഷത്തിന്റെ സ്വരംമാത്രം പുറത്തുകേൾക്കുന്നു എന്നതാണ്. ഏതായാലും ഏതാനുംപേരുടെ സ്വാർത്ഥലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഇപ്പോൾ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടുകൊണ്ടിരിക്കുന്ന അസത്യങ്ങളും അർത്ഥസത്യങ്ങളും നിറഞ്ഞ വാർത്തകൾക്കപ്പുറത്ത് അമൽജ്യോതിയുടെ യഥാർത്ഥചിത്രം സമൂഹമദ്ധ്യത്തിൽ അവതരിപ്പിക്കേണ്ടത് അവിടെ പഠിക്കുന്ന വിദ്യാർത്ഥികൾതന്നെയാണ്. എന്നാൽ ഒരുപക്ഷെ ഇപ്പോഴത്തെ സാഹചര്യത്തിൽ അവർക്കതിനു കഴിയുന്നില്ലെങ്കിൽ അവരുടെ മാതാപിതാക്കളും അവിടെ പഠിച്ചിറങ്ങി ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിലായിരിക്കുന്ന പൂർവവിദ്യാർത്ഥികളും അതിനു തയ്യാറാകേണ്ടത് ആ സ്ഥാപനംവഴി ജീവിതത്തിനു വെളിച്ചം ലഭിച്ചവരുടെ കടമയാണ്. ഇനി, പഠിച്ച സ്ഥാപനത്തിനു പിന്തുണ നല്കാൻ അങ്ങനെയാരും ഇല്ലായെന്നുണ്ടെങ്കിൽ നമുക്ക് ആ സ്ഥാപനം പൂട്ടുന്നതാണ് നല്ലത്. വെറുതേയെന്തിന് കുറേ വൈദികരും കന്യാസ്ത്രീകളും തങ്ങളുടെ ജീവിതം പാഴാക്കുകയും സഭയുടെ സ്ഥാപനം വിവരമില്ലാത്ത രാഷ്ട്രീയക്കാർക്ക് അഴിഞ്ഞാടാൻ വിട്ടുകൊടുക്കുകയും ചെയ്യണം…!!??

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s