Posted in SPIRITUAL

പ്രവാചകശബ്ധം

കത്തോലിക്കാസഭയുടെ പ്രബോധനങ്ങളെയും പഠനങ്ങളെയും ഹൃദയത്തോടു ചേർത്തുപിടിക്കുക മാത്രമല്ല അത് ധൈര്യപൂർവം സമൂഹത്തിലേയ്ക്ക് പ്രസരിപ്പിക്കുകയും ചെയ്യുകയെന്ന തന്റെ ഇടയനടുത്ത ദൌത്യത്തോട് എന്നും സത്യസന്ധത പുലർത്തുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവ് “തിരുപ്പിറവിയും ശിശുക്കളുടെ ജനനവും” എന്ന പേരിൽ ക്രിസ്തുമസിന്റെ പശ്ചാത്തലത്തിൽ ഇടുക്കി രൂപതയിലെ വിശ്വാസികൾക്ക് നല്കിയ ഇടയസന്ദേശം ഈ കാലഘട്ടത്തിന്റെ പ്രവാചകശബ്ദമാണ്. എന്നാൽ ആ സർക്കുലറിന്റെ പല പേജുകളിൽനിന്ന് പല വാക്കുകൾ തെരഞ്ഞെടുത്ത് ഒരു വാചകമായി രൂപപ്പെടുത്തി ‘ക്രിസ്ത്യാനികൾ മത്സരബുദ്ധിയോടെ കുഞ്ഞുങ്ങളെ ജനിപ്പിക്കണമെന്ന്’ ഇടുക്കി ബിഷപ്പ് ആഹ്വാനം ചെയ്തു എന്ന് സോഷ്യൽമീഡിയായിലും മറ്റുചില മാധ്യമങ്ങളിലും പ്രചരിപ്പിക്കുകയും അതിന്റെ പേരിൽ അഭിവന്ദ്യ പിതാവിനെ അവഹേളിക്കുന്ന തരത്തിൽ ട്രോളുകൾ നിരത്തുകയും ചെയ്ത തികച്ചും അധാർമ്മികമായൊരു മാധ്യമവേല കഴിഞ്ഞദിവസങ്ങളിൽ കാണുവാനിടയായി.

പിതാവിനെ സമൂഹമദ്ധ്യത്തിൽ അവഹേളിതനാക്കാൻ ചിലർ അത്തരം വൃത്തികെട്ട വഴികൾ സ്വീകരിച്ചപ്പോൾ ചില വിശ്വാസികളും അതേറ്റുപാടുകയും സോഷ്യൽമീഡിയായിലൂടെ ആഘോഷിക്കുകയും ചെയ്തതായി കണ്ടു. സ്വന്തം അപ്പൻ മക്കൾക്ക് നന്മയുടെ പാത ഗുണദോഷിക്കുമ്പോൾ മാറിനിന്ന് കൊഞ്ഞനംകുത്തുന്ന മക്കൾ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ഇതൊരത്ഭുതമൊന്നുമല്ല. പക്ഷെ ആരെങ്കിലും സത്യവിരുദ്ധമായ പ്രസ്താവനകൾ നടത്തി ബോധപൂർവം ഒരു വ്യക്തിയെ അപമാനിക്കാൻ ശ്രമിക്കുമ്പോൾ അതിനു കുടപിടുച്ചുകൊടുക്കുന്ന ചിലരുടെയെങ്കിലും ശൈലി അന്തസിനു നിരക്കാത്തതാണ്.

ഒരുപക്ഷെ കഴിഞ്ഞകാല രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തിൽ ഇടുക്കിമെത്രാൻ ചിലരുടെയെങ്കിലും ഒരു ടാർജെറ്റ് ആയിരിക്കാം. അതുകൊണ്ടുതന്നെയായിരിക്കും അവസരം കിട്ടുമ്പോളും അവസരമുണ്ടാക്കിയും പിതാവിനെതിരെ മാധ്യമവാർത്തകൾ സൃഷ്ടിക്കപ്പെടുന്നത്. എന്നാൽ അതു തിരിച്ചറിഞ്ഞോ അറിയാതെയോ വിശ്വാസികളെന്നഭിമാനിക്കുന്നവരും അവരുടെ പക്ഷംചേരുന്നതാണ് നിർഭാഗ്യകരം.

പക്ഷെ കല്ലേറ് സ്വീകരിക്കുകയെന്നത് സത്യത്തിന്റെ പക്ഷത്തുനില്ക്കുന്നവന്റെ അവകാശമാണ് എന്ന ബോദ്ധ്യമാണ് അഭിവന്ദ്യ പിതാവിനെ നയിക്കുന്നത് എന്ന് കാലാകാലങ്ങളിൽ വിവിധ വിഷയങ്ങളോട് അദ്ദേഹം സ്വീകരിക്കുന്ന ഉറച്ച നിലപാടുകളും വാക്കുകളും തെളിയിക്കുന്നു. അതിനാൽ സഭയുടെ മനസാക്ഷിയുടെ ആ സ്വരത്തെ തളർത്തുവാൻ ഇപ്രകാരമുള്ള കുത്സിതശ്രമങ്ങൾക്കാവില്ലെന്ന് കാലം ബോദ്ധ്യപ്പെടുത്തും.

വിശ്വാസികളായിട്ടുള്ളവരോട് ഒരപേക്ഷമാത്രം. ഇതുപോലുള്ള സത്യവിരുദ്ധമായ പ്രചാരണങ്ങൾക്കെതിരെ പ്രതികരിക്കണമെന്നു പറയുന്നില്ല. കാരണം അപ്രകാരമുള്ള പ്രതികരണമൊക്കെ ആരെങ്കിലും പറഞ്ഞിട്ട് ഉണ്ടാകേണ്ടതല്ല. അതു സഭയെയും സത്യത്തെയും സ്നേഹിക്കുന്നവരുടെ ഹൃദയത്തിൽ സ്വാഭാവികമായി ഉണ്ടാകേണ്ടതാണ്. എന്നാൽ സത്യമായ ദൈവത്തെ ആരാധിക്കുന്നവരായ നമുക്ക് ഇതുപോലുള്ള സത്യങ്ങളുടെ പ്രഘോഷണങ്ങളെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കാം. കത്തോലിക്കാസഭയുടെ ബോദ്ധ്യങ്ങൾ തന്റെ അജഗണത്തിനുള്ള സന്ദേശമായി നല്കിയ അഭി. പിതാവിന്റെ സർക്കുലർ അതിന്റെ പൂർണരൂപത്തിൽ ഇടുക്കി രൂപതയുടെ ബുള്ളറ്റിനിലും രൂപതയുടെ വെബ്സൈറ്റിലും ലഭ്യമാണ്. താല്പര്യമുള്ളവർക്കുവേണ്ടി അതിന്റെ പൂർണരൂപം താഴെകൊടുക്കുന്നു.
————————
മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ ഇടയലേഖനത്തിന്റെ പൂര്‍ണ്ണരൂപം
“ശിശുക്കള്‍ എന്‍റെയടുത്തു വരാന്‍ അനുവദിക്കുവിന്‍. അവരെ തടയരുത്” (മത്താ. 19:14)
ഈശോമിശിഹായില്‍ പ്രിയ സഹോദരീ സഹോദരന്മാരേ,
ആധുനിക ലോകം വച്ചു നീട്ടുന്ന പദ്ധതികള്‍ സ്വീകരിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്ത നമ്മുടെ കുടുംബങ്ങള്‍ ഇന്നു ദുരിതങ്ങളുടെ മുന്‍പില്‍ നിസ്സഹായരാവുകയാണ്. ജീവന്‍റെ തിരുക്കൂടാരങ്ങളാകേണ്ടതിനുപകരം മരണ സംസ്കാരത്തിന്‍റെ ഇരിപ്പിടങ്ങളായി മാറിയ കുടുംബങ്ങളില്‍, ശിശുക്കള്‍ തിരസ്ക്കരിക്കപ്പെടുകയും വാര്‍ദ്ധക്യം ദുരിതപൂര്‍ണ്ണമാവുകയും ചെയ്തിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍, ജീവനെ സംബന്ധിച്ച ദൈവിക പദ്ധതിയും സഭാപ്രബോധനങ്ങളും മനസ്സിലാക്കി ഉത്തമ കുടുംബങ്ങള്‍ക്ക് രൂപം നല്‍കാന്‍ നമുക്കേവര്‍ക്കും കടമയുണ്ട്. “ഈ ജനം സഖ്യമെന്ന് വിളിക്കുന്നതിനെ നിങ്ങള്‍ സഖ്യമായി കരുതുകയോ ഈ ജനം ഭയപ്പെടുന്നതിനെ ഭയപ്പെടുകയോ ചെയ്യരുത്. പരിഭ്രമിക്കുകയുമരുത്. (ഏശയ്യ 8:12).
കാരുണ്യവര്‍ഷാചരണത്തിലൂടെ ജീവകാരുണ്യ ശുശ്രൂഷകള്‍ വിലമതിക്കപ്പെടുകയും ശുശ്രൂഷകര്‍ ആദരിക്കപ്പെടുകയും ചെയ്തതു വളരെ നല്ലതുതന്നെ. എന്നാല്‍, നമ്മുടെ കുടുംബങ്ങളില്‍ സ്വീകരിക്കപ്പെടേണ്ട, ശുശ്രൂഷിക്കപ്പെടേണ്ട, സംരക്ഷിക്കപ്പെടേണ്ട ജീവിതങ്ങള്‍ തിരസ്ക്കരിക്കപ്പെടുന്നതു കാണുമ്പോള്‍, അതിനെതിരെ പ്രതികരിക്കാനാവില്ല. നമ്മുടെ പൂര്‍വ്വികര്‍ കുടിയേറ്റത്തിന്‍റെ ദുരിതങ്ങളിലും, ദാരിദ്ര്യത്തിലും, ചികിത്സാ സൗകര്യങ്ങളോ, ആരോഗ്യപരിപാലന സംവിധാനങ്ങളോ ഇല്ലാതിരുന്ന കാലഘട്ടത്തിലും, ഒരു ജീവനെപ്പോലും ഗുണമോ എണ്ണമോ നോക്കി തിരസ്ക്കരിക്കുകയോ, നശിപ്പിക്കുകയോ ചെയ്തില്ല. ദൈവവിശ്വാസത്തിലും ദൈവാശ്രയ ബോധത്തിലും അടിയുറച്ചവരായതിനാല്‍ “കര്‍ത്താവിന്‍റെ ദാനമാണ് മക്കള്‍; ഉദാരഫലം ഒരു സമ്മാനവും” (സങ്കീ 127:3) എന്ന ബോദ്ധ്യത്തോടെ കുഞ്ഞുങ്ങളെ സ്വീകരിച്ച് സംരക്ഷിച്ചു.
എന്നാലിന്ന് ഭൗതികനേട്ടങ്ങളും സുഖസൗകര്യങ്ങളും വര്‍ദ്ധിക്കുകയും ദൈവാശ്രയത്വബോധവും, വിശ്വാസവും ക്ഷയിക്കുകയും ചെയ്തപ്പോള്‍ ദൈവദാനമായ ജീവന്‍, ഒരു ഭാരമായി കരുതി തിരസ്കരിക്കപ്പെടുന്നു! “നന്മയെ തിന്മയെന്നും തിന്മയെ നന്മയെന്നും വിളിക്കുന്നവനു ദുരിതം” (ഏശയ്യ 15:20). ശിശുക്കളെ ദൈവത്തിന്‍റെ അനുഗ്രഹമായും ഭാവിയുടെ വാഗ്ദാനങ്ങളായും കരുതി സ്വീകരിക്കേണ്ടതിനു പകരം, തങ്ങളുടെ സ്വൈര്യജീവിതത്തിനും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കും മക്കള്‍ തടസ്സമായേക്കുമെന്ന് ഭയന്ന് ജീവനെ നശിപ്പിച്ച എത്രയോ മാതാപിതാക്കള്‍ ഇന്നു ദുരിതം പേറി ദുഃഖിതരായി കഴിയുന്നു! “കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്‍റേതല്ലാത്ത പദ്ധതികള്‍ നടപ്പിലാക്കുകയും, എനിക്ക് അഹിതമായ സഖ്യം ഉണ്ടാക്കുകയും ചെയ്ത് പാപം കുന്നുകൂട്ടിയ അനുസരണമില്ലാത്ത സന്തതികള്‍ക്കു ദുരിതം (ഏശയ്യ 30:1).
ജനപ്പെരുപ്പം നിയന്ത്രിക്കണമെന്നും, ജനസംഖ്യ വര്‍ദ്ധിച്ചാല്‍ അപകടമാണെന്നും പഠിപ്പിക്കാന്‍ പലരും ഉത്സാഹിക്കുന്നു. എന്നാല്‍, പ്രകൃതിയില്‍ കാട്ടുപന്നിയോ, തെരുവുനായ്ക്കളോ, വന്യമൃഗങ്ങളോ വര്‍ദ്ധിച്ചാല്‍ നിയന്ത്രിക്കാന്‍ ആവശ്യപ്പെടുന്നതിനേക്കാള്‍ പതിന്മടങ്ങ് ശക്തമായി ജനസംഖ്യാ വര്‍ദ്ധനവ്‌ നിയന്ത്രിക്കണമെന്ന് വാദിക്കുന്നവര്‍ ഓര്‍ക്കണം തങ്ങളും ജനസംഖ്യയുടെ ഭാഗമാണെന്ന്. ജനസംഖ്യയുടെ ഗണത്തില്‍ ചേര്‍ക്കപ്പെട്ടതിനുശേഷം ഇവിടെ മറ്റാരും ജനിക്കരുത്, വളരുത് എന്ന് പറയുന്നവര്‍ അഹങ്കാരത്തിന്‍റെയും സ്വാര്‍ത്ഥതയുടെയും ആള്‍രൂപങ്ങളാവുകയാണ്. പുതിയൊരു ജീവന്‍ സ്വകരിക്കപ്പെടുന്നത് തടയാന്‍ ഈ ലോകത്തില്‍ ഒരു മനുഷ്യനും അവകാശമില്ല.
“ഓരോ പുതിയ ജീവനും സ്നേഹത്തിന്‍റെ തികച്ചും സൗജന്യമായദാനം വിലമതിക്കാന്‍ നമ്മെ അനുവദിക്കുന്നു.” (സ്നേഹത്തിന്‍റെ ആനന്ദം No. 166). ദൈവത്തിന്‍റെ സൃഷ്ടികര്‍മ്മത്തില്‍ സന്തോഷപൂര്‍വ്വം പങ്കാളികളാകേണ്ട ഭാര്യാഭര്‍ത്താക്കന്‍മാര്‍ സ്ഥിരമോ താല്‍ക്കാലികമോ ആയ കൃത്രിമ ജനനനിയന്ത്രണ മാര്‍ഗ്ഗങ്ങളിലൂടെ ദൈവികപദ്ധതിയെ തകിടം മറിക്കുന്നതു വഴി കുടുംബത്തില്‍ ഉത്ക്കണ്ഠയുടേയും അസ്വസ്ഥതകളുടെയും വിത്തു വിതയ്ക്കുകയാണ് ചെയ്യുക. “സ്നേഹിക്കുകയും ജീവനു ജന്മം നല്‍കുകയും ചെയ്യുന്ന ദമ്പതിമാര്‍ സ്രഷ്ടാവും രക്ഷകനുമായ ദൈവത്തെ വെളിപ്പെടുത്താന്‍ കഴിവുള്ള യഥാര്‍ത്ഥവും – സജീവവുമായ പ്രതിരൂപമാണ്” (സ്നേഹത്തിന്‍റെ ആനന്ദം No. 11).
തങ്ങളുടെ പ്രത്യുത്പാദന ശേഷിയുടെ അവസാന നിമിഷംവരെയും ദാമ്പത്യ പ്രവൃത്തിയില്‍ ജീവനോടു തുറവിയുള്ളവരായിരിക്കേണ്ട ദമ്പതികള്‍ എത്രയോ രക്ഷകര്‍ ജന്മമെടുക്കേണ്ട ഉദരം ഊഷരഭൂമിയാക്കി മാറ്റിയിരിക്കുന്നു! “താല്‍ക്കാലികമോ, ജീവന്‍റെ പകരല്‍ നിരോധിച്ചിട്ടുള്ളതോ ആയ ഒരു ഐക്യത്തിനും സമൂഹത്തിന്‍റെ ഭാവി ഉറപ്പുവരുത്താനാവുകയില്ല.” (സ്നേഹത്തിന്‍റെ ആനന്ദം No.52)..
“പിതാവായ ദൈവം തന്‍റെ സ്നേഹം കാണിക്കുന്ന മാര്‍ഗ്ഗമാണ് മാതാപിതാക്കന്മാരുടെ സ്നേഹം. അവിടുന്ന് ഓരോ ശിശുവിന്‍റെയും ജനനം പ്രതീക്ഷിക്കുന്നു. ആ ശിശുവിനെ ഉപാധികളില്ലാതെ സ്വീകരിക്കുന്നു. അതിനെ സ്വതന്ത്രമായി സ്വാഗതം ചെയ്യുന്നു.” (സ്നേഹത്തിന്‍റെ ആനന്ദം No. 170). ദൈവികമായ ഈ ദൗത്യം ഏല്‍പ്പിക്കപ്പെട്ട മാതാപിതാക്കള്‍‍ ദൈവത്തിന്‍റെ സഹപ്രവര്‍ത്തകരും, ദൈവപരിപാലനയുടെ നീട്ടപ്പെട്ട കരങ്ങളുമാകേണ്ടവരാണെന്ന സത്യം ഓരോ തിരുപ്പിറവിയാചരണവും നമ്മെ അനുസ്മരിപ്പിക്കുന്നു. ദൈവികപദ്ധതിയുടെ വെളിപ്പെടുത്തലിന് ഉത്തരം നല്‍കിയാല്‍ തന്‍റെ ജീവനും അഭിമാനവും നഷ്ടപ്പെടുത്തേണ്ടി വരുമെന്നറിഞ്ഞിട്ടും മറിയം ദൈവഹിതത്തിന് “ആമ്മേന്‍” പറഞ്ഞു.
തന്‍റേതല്ലാത്ത ഒരു ജീവനെ നശിപ്പിക്കാതിരിക്കാന്‍ – മറിയത്തെ രഹസ്യമായി ഉപേക്ഷിക്കുക വഴി അമ്മയും ഗര്‍ഭസ്ഥശിശുവും സുരക്ഷിതരായിരിക്കാന്‍ – ജീവനോടുള്ള കാരുണ്യം പ്രകടിപ്പിച്ച യൗസേപ്പും ദൈവഹിതത്തിനു കീഴ്വഴങ്ങിയ മറിയവുമാണ് ഈശോമിശിഹായെ സ്വീകരിച്ചതും പരിപാലിച്ചതും. ദൈവഹിതത്തോടനുസരണം നല്‍കുന്ന ഓരോ സ്ത്രീയും ജീവനോടു കാരുണ്യം പ്രകടിപ്പിക്കുന്ന ഓരോ പുരുഷനും തിരുക്കുടുംബത്തെപ്പോലെ രക്ഷകരെ പ്രദാനം ചെയ്യുന്നവരായി മാറുകയാണ്. “കുട്ടികളെ ജനിപ്പിക്കുകയും വളര്‍ത്തുകയും ചെയ്യുകയെന്നത് ദൈവത്തിന്‍റെ സര്‍ഗ്ഗാത്മക പ്രവൃത്തിയുടെ പ്രതിഫലനമാണ്” (No. 29 സ്നേഹത്തിന്‍റെ ആനന്ദം).
ഔദാര്യപൂര്‍വ്വകമായ പങ്കുവയ്ക്കലും ദൈവപരിപാലനയിലാശ്രയിച്ചുള്ള ജീവിതവും നയിക്കുന്ന ദമ്പതികള്‍ ഈ കാലഘട്ടത്തിന്‍റെ വെളിച്ചമായി മാറേണ്ടവരാണ്. ശിശുക്കളെ തങ്ങളുടെ അവകാശമായല്ല, മറിച്ച് ദൈവനുഗ്രഹത്തിന്‍റെ അടയാളമായും നാളെയുടെ പ്രതിസന്ധികള്‍ക്കുത്തരം നല്‍കേണ്ട രക്ഷകരായും സ്വീകരിച്ച്, ശുശ്രൂഷിച്ച് സംരക്ഷിച്ചാദാരിക്കുമ്പോഴാണ്‌ ഓരോ കുടുംബവും സഭയ്ക്കും സമൂഹത്തിനും പ്രതീക്ഷ നല്‍കുന്നത്. “വലിയ കുടുംബങ്ങള്‍ സഭയ്ക്ക് ഒരു സന്തോഷമാണ്. സ്നേഹത്തിന്‍റെ ഫലപൂര്‍ണ്ണതയുടെ ഒരു പ്രകാശനമാണ്” (No. 167 സ്നേഹത്തിന്‍റെ ആനന്ദം).
ദൈവപദ്ധതിയനുസരിക്കുന്ന മാതൃകാദമ്പതികളും കുടുംബങ്ങളും ഓരോ പ്രദേശത്തും പ്രോത്സാഹിപ്പിക്കപ്പെടണം. ജീവനെ ഔദാര്യത്തോടെയും ആദരവോടെയും സ്വീകരിക്കുവാനും ശുശ്രൂഷിക്കുവാനും കുടുംബങ്ങള്‍ ധീരത കാണിച്ചാല്‍ അനാഥമന്ദിരങ്ങളും, വൃദ്ധസദനങ്ങളും, ശിശുഭവനങ്ങളും അപ്രസക്തമാകും; അപ്രത്യക്ഷമാകും. അതായിരിക്കണം ഒരു സമൂഹത്തില്‍ പുളിമാവാകാന്‍ നമുക്ക് കഴിഞ്ഞതിന്‍റെ അടയാളം.
“കുട്ടികള്‍ എന്ന മഹാദാനത്തോട് അടിസ്ഥാനപരമായി തുറവിയുള്ളവരായിരിക്കാന്‍ യുവദമ്പതിമാര്‍ പ്രോത്സാഹിപ്പിക്കപ്പെടണം” (No. 223 സ്നേഹത്തിന്‍റെ ആനന്ദം). ഈ പശ്ചാത്തലത്തില്‍, നമ്മുടെ രൂപതയിലെ ഓരോ ഇടവകയും, ഓരോ കുടുംബവും ജീവസംസ്കാരത്തിനായുള്ള ഈ പ്രാദേശിക സഭയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേരാന്‍ ഞാന്‍ നിങ്ങളെ ആഹ്വാനം ചെയ്യുന്നു. ജീവന്‍ പങ്കുവയ്ക്കുന്നതില്‍ ദൈവികപദ്ധതിയോടു സഹകരിക്കുന്ന യുവദമ്പതികള്‍ക്കും, കുടുംബങ്ങള്‍ക്കുമായി ദൈവപരിപാലനയുടെ കരങ്ങള്‍ നീട്ടാം. ജീവകാരുണ്യ ശുശ്രൂഷയില്‍ എര്‍പ്പെട്ടിരിക്കുന്ന ജീവന്‍ ഫൗണ്ടേഷനും, വിന്‍സെന്‍റ് ഡി. പോള്‍ സൊസൈറ്റിയും സംയുക്തമായി വലിയ കുടുംബങ്ങള്‍ക്കായി പദ്ധതികള്‍ രൂപപ്പെടുത്തുമ്പോള്‍ അതിനോട് സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ ഓരോ വ്യക്തിയും, കുടുംബവും, ഇടവകയും മത്സരബുദ്ധിയോടെ മുന്നോട്ടു വരണം.
ശിശുക്കള്‍ സ്വീകരിക്കപ്പെടേണ്ട കുടുംബങ്ങള്‍ക്ക് രൂപം നല്‍കാന്‍ വിവാഹമെന്ന കൂദാശയിലേക്ക് യുവജനങ്ങളെ പ്രോത്സാഹിപ്പിച്ചയക്കണം. വിവാഹം തടസ്സപ്പെടുത്തുന്നവരും, താമസിപ്പിക്കുന്നവരും നിഷേധിക്കുന്നവരുമെല്ലാം ജീവനെ തടയുന്നു; ശിശുക്കളെ തടയുന്നു; അതിനാല്‍ ജറമിയ പ്രവാചകന്‍റെ വാക്കുകള്‍ നമുക്ക് ഓര്‍ക്കാം: “വിവാഹം കഴിച്ച് സന്താനങ്ങള്‍ക്ക് ജന്മം നല്‍കുവിന്‍. നിങ്ങള്‍ടെ പുത്രീപുത്രന്മാരെയും വിവാഹം കഴിപ്പിക്കുവിന്‍; അവര്‍ക്കും മക്കളുണ്ടാകട്ടെ. നിങ്ങള്‍ പെരുകണം. നിങ്ങളുടെ സംഖ്യ കുറഞ്ഞു പോകരുത്” (ജറമിയ 29:6).
ആഗതമാകുന്ന ക്രിസ്തുമസിന്‍റെയും നവവത്സരത്തിന്‍റെയും മംഗളങ്ങള്‍ ആശംസിച്ചുകൊണ്ട് ഏവരെയും പിതാവിന്‍റെയും + പുത്രന്‍റെയും + പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ ഞാന്‍ ആശീര്‍വദിക്കുന്നു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s