അങ്ങനെ പോന്നോട്ടെ ഒന്നിനു പുറകെ ഒന്നായി നിയന്ത്രണങ്ങൾ…പാവം ആർഡിഒ… ബഹുനില മന്ദിരനിർമ്മാണത്തിൽ ജില്ലാ കളക്ടറുടെ നിർദേശം അനുസരിച്ചാണ് അനുമതി നിഷേധിക്കുന്നത്.. ജില്ലാ കളക്ടറാകട്ടെ കോടതി വിധി നടപ്പാക്കുന്നു എന്നുമാത്രം.. മരം മുറിക്കുന്നതു സംബന്ധിച്ചാണെങ്കിൽ വിജ്ഞാപനം ചെയ്ത വില്ലേജുകളിൽ മാത്രമേ നിരോധനമുള്ളുതാനും. അതുകൊണ്ട് വിജ്ഞാപനം ചെയ്യാത്ത വില്ലേജിൽപെട്ടവർ അതിനേക്കുറിച്ച് ആകുലപ്പെടേണ്ട കാര്യമില്ല. മാത്രമല്ല റവന്യുമന്ത്രി ഉറപ്പിച്ചു പറയുന്നു ഇടുക്കി ജില്ലയിൽനിന്ന് ആരെയും ആട്ടിയകറ്റാനുള്ള നടപടി സ്വീകരിച്ചിട്ടുമില്ല എന്ന്… ഹോ.. സമാധാനമായി…
ഇനി ചില സംശയങ്ങൾ..
1. സത്യത്തെക്കാൾ വാദപ്രദിവാദങ്ങളുടെയും ലഭ്യമായ തെളിവുകളുടെയും അടിസ്ഥാനത്തിൽ ഉണ്ടാകുന്ന കോടതിവിധികൾ ശാശ്വതസത്യങ്ങളായി സ്വീകരിച്ച് അതനുസരിച്ച് ജിവിക്കാനാണോ അതോ ജനപക്ഷത്തുനിന്ന് തെറ്റായ വിധികളെ തിരുത്തുവാൻ വേണ്ട നടപടികൾ സ്വീകരിക്കാനാണോ ജനപ്രതിനിധികൾ ആ സ്ഥാനമലങ്കരിക്കുന്നത്?
2. വിജ്ഞാപനം ചെയ്തിരിക്കുന്ന വില്ലേജിലെ ജനങ്ങൾ നാടിന്റെ സമ്പത്ത് കട്ടുമുടിക്കാനും പരിസ്ഥിതിയെ തകർക്കാനും മനപൂർവം നാടിന്റെ പലഭാഗങ്ങളിൽനിന്ന് അങ്ങോട്ടു വണ്ടി കയറിയവരാണെന്നാണോ പൊതുജനം കരുതുന്നത്? ഈ സംശയത്തിനു കാരണം പരിസ്ഥിതിലോലമേഖലയ്ക്കു പുറത്തു താമസിക്കുന്ന ചില രാജ്യസ്നേഹികളുടെ പ്രതികരണങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നതാണ്.
3. ഏതു രാഷ്ട്രീയപാർട്ടി വന്നാലും ഇക്കാര്യത്തിൽ വ്യത്യസ്തമായ നിലപാടുകൾ ഉണ്ടാകില്ലെന്ന് ആവർത്തിച്ചു തെളിഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലത്തിൽ ഇനിയും രാഷ്ട്രീയമായി ചേരിതിരിഞ്ഞുനിന്ന് സ്വന്തം കിടപ്പാടവും ജീവിതവും ഇല്ലാതാക്കാൻമാത്രം രാഷ്ട്രീയ അന്ധത ഹൈറേഞ്ചിലെ ജനങ്ങൾ കൊണ്ടുനടക്കണോ? എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു എന്നു പറഞ്ഞ പാർട്ടിയല്ലെ കഴിഞ്ഞ ദിവസം അതേ പ്രശ്നത്തിന്റെ പേരിൽ ഒരു ഉളുപ്പുമില്ലാതെ ഇടുക്കി ജില്ലയിൽ ഹർത്താൽ നടത്തിയത്! അവർ ഭരിച്ചിരുന്ന സമയത്ത് എന്നും ജനത്തിന്റെ കൂടെ കാണുമെന്നും കസ്തൂരിരംഗൻ റിപ്പോർട്ടു നടപ്പാക്കാൻ വരുന്നവരെ പാഠം പഠിപ്പിക്കുമെന്നൊക്കെ പറഞ്ഞിരുന്നവരുടെ തനിനിറമാണ് താഴെ കൊടുത്തിരിക്കുന്ന ഇന്നത്തെ പത്രവാർത്ത. ഒരേ മുന്നണിയിലുള്ള മന്ത്രിമാർ തന്നെ അഭിപ്രായവ്യത്യാസങ്ങൾ അവതരിപ്പിച്ച് ജനത്തിനുമുമ്പിൽ തള്ളയും പിള്ളയും കളിക്കുന്ന ഈ കളി എല്ലാ മുന്നണിയും ചെയ്യുന്നതാണ്. അതുകണ്ടിട്ട് അതിലൊരാൾ നമ്മുടെ പക്ഷത്താണെന്നാശ്വസിക്കുന്നവർ സ്വയം വിഢികളായെന്നു തിരിച്ചറിയാൻ അധികനാളൊന്നു കാത്തിരിക്കേണ്ടി വരില്ല.
4. ഇടുക്കിയിലെ ജനങ്ങൾ, പ്രത്യേകിച്ചും ഏലകൃഷി ചെയ്യുന്നവർ തങ്ങളുടെ കൃഷിസ്ഥലങ്ങളിൽ നട്ടുവളർത്തുന്ന മരങ്ങളെക്കുറിച്ച് അവർക്കെതിരെ സംസാരിക്കുന്ന ഉദ്യോഗസ്ഥർക്കും നാട്ടുംപുറങ്ങളിലെ സുരക്ഷിതത്വത്തിൽ കഴിയുന്ന നാട്ടുകാർക്കും എന്തെങ്കിലും വിവരമുണ്ടോ? അതുണ്ടാകണമെങ്കിൽ ഏലത്തെക്കുറിച്ചും അതിന്റെ കൃഷിരീതിയെക്കുറിച്ചും അല്പമെങ്കിലും വിവരം വേണം. അവർക്കിപ്പോൾ കൃഷിയുടെ ഭാഗമായി ഒരു കമ്പുപോലും മുറിക്കാനനുവാദമില്ലത്രേ! നാട്ടിൻപുറങ്ങളിലെപ്പോലെതന്നെ ഒറ്റപ്പെട്ട ചൂഷകർ ഹൈറേഞ്ചിലും കാണും. അതിന്റെ പേരിൽ പതിറ്റാണ്ടുകളായി പ്രകൃതിയോട് ഇണങ്ങി ജിവിക്കുന്ന മുഴുവൻ ജനതയേയും ക്രൂശിക്കുന്ന നടപടികൾക്ക് എന്തു ന്യായീകരണമാണുള്ളത്?
ഇത്രയുമൊക്കെയായിട്ടും ഹൈറേഞ്ച് നിവാസികൾ ഇനിയും തങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത വിവിധ രാഷ്ട്രീയപാർട്ടികളുടെ പിന്നിൽ അണിനിരന്ന് പരസ്പരം ഒറ്റിക്കൊടുക്കുന്ന ശൈലിയാണ് തുടരാൻ ആഗ്രഹിക്കുന്നതെങ്കിൽ ചരിത്രം നിങ്ങൾക്കു മാപ്പു നല്കില്ല. കുടിയേറ്റ കാലഘട്ടങ്ങളിൽ എതിരെവന്ന ശത്രു, അതു രോഗമായാലും, പട്ടിണിയായാലും വന്യമൃഗങ്ങളായാലും അവയ്ക്കെതിരെ കൈകോർത്തുനിന്നു പോരാടി ജയിച്ച തലമുറയുടെ പുതിയ കണ്ണികൾ താല്ക്കാലിക ലാഭങ്ങൾക്കും നേട്ടങ്ങൾക്കുംവേണ്ടി ജീവിക്കുന്നവരും അയൽക്കാരന്റെ പ്രതിസന്ധിയിൽ കൂടെ നില്ക്കാത്ത സ്വാർത്ഥരുമായി അധപതിക്കുന്നത് ആ തലമുറയോടു ചെയ്യുന്ന ഏറ്റവും വലിയ അപരാധമാണ്.