Posted in SPIRITUAL

4 G ബ്രോക്കേഴ്സ്..

 

“അച്ചോ, പണ്ടത്തെപ്പോലെ കേറിയിറങ്ങി നടന്നുള്ള കച്ചവടമൊന്നും ഇപ്പോഴില്ല. ഇനി ജീവിച്ചുപോകണമെങ്കിൽ ഒന്നുകിൽ കമ്പ്യൂട്ടർ പഠിക്കണം, അല്ലെങ്കിൽ കൌൺസിലിംഗ് പഠിക്കണം!” വഴിയിൽ കണ്ടുമുട്ടിയ പഴയൊരു വസ്തുവില്പന ബ്രോക്കറോട് കച്ചവടമൊക്കെ എങ്ങനെയുണ്ടെന്ന് കുശലം ചോദിച്ചപ്പോൾ കിട്ടിയതാണ് കൌതുകം ജനിപ്പിക്കുന്ന ഈ മറുപടി. ഇടനിലക്കാരന്റെ പടവലങ്ങാ പോലുള്ള നാവിൽനിന്ന് വീണ വാക്കുകൾ എന്നിൽ അല്പം ആകാംഷയുണർത്തി. “കമ്പ്യൂട്ടർ പഠിക്കണമെന്ന് പറഞ്ഞത് മനസിലായി. പക്ഷെ കൌൺസിലിംഗും കച്ചവടവുമായി എന്താ ബന്ധം?”

“അച്ചോ, കഴിഞ്ഞവർഷം ഇവിടെ ഏറ്റവും കൂടുതൽ വസ്തുക്കച്ചവടം നടത്തിയത് രണ്ടു ബ്രദർമാരാ. ഒരു ധ്യാനവും കൌൺസിലിംഗും നടത്തിയാപ്പിന്നെ ചാകരയല്ലേ. ധ്യാനിക്കാൻ വരുന്നതു മുഴുവൻ വസ്തു വില്ക്കാനും വാങ്ങാനുമൊക്കെ എന്തെങ്കിലും ‘തടസ’മുള്ളവരും വീടില്ലാത്തവരുമൊക്കെയാ. ഓരോ ധ്യാനവും കൌൺസിലിംഗും കഴിഞ്ഞ് ആ ‘തടസ’മുള്ള വസ്തുവും വീടുമൊക്കെ വാങ്ങിയും വിറ്റും അവരങ്ങു കൊഴുത്തു.” ബ്രോക്കറിന്റെ നാക്കിന് ബ്രേക്ക് നഷ്ടപ്പെടുകയാണെന്നു തിരിച്ചറിഞ്ഞ് ഞാൻ സംസാരം ഉപചാരം പറഞ്ഞവസാനിപ്പിച്ചു.

എന്നാൽ അയാളുടെ വാക്കുകളിൽനിന്ന് നമ്മുടെ മനസുകൾക്ക് പോറലുണ്ടാക്കുന്ന ചില ചീളുകൾ തെറിച്ചത് നാം തിരിച്ചറിയണം. ചില ധ്യാനഗുരുക്കന്മാരും കൌൺസിലിംഗുകാരും പുതിയ ചില കച്ചവട മേഖലകളിലേയ്ക്ക് പരിശുദ്ധാത്മാവിന്റെ കൈപിടിച്ച് കയറിപ്പോകുന്നുണ്ട് എന്ന സൂചന ഗൌരവമുള്ളതാണ്. ധ്യാനവും കൌൺസിലിംഗുമായി നടന്ന് ഇന്നു കോടികളുടെ കച്ചവടം നടത്താൻ ശേഷിയുള്ളവരായി ചിലരെങ്കിലും വളർന്നിട്ടുണ്ടെങ്കിൽ ആ വളർച്ചയുടെ ചരിത്രവഴികൾ അന്വേഷിക്കേണ്ടിയിരിക്കുന്നു. ആദ്ധ്യാത്മിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക്, പ്രത്യേകിച്ച് അല്മായർക്ക് ഭൌതിക സമ്പത്ത് സമ്പാദിക്കാൻ അവകാശമില്ലെന്ന് ആർക്കും പറയാൻ കഴിയില്ല. എന്നാൽ അതിനുള്ള മാർഗമായി തങ്ങളുടെ ആത്മീയ ശുശ്രൂഷകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതു ഗുരുതരമായ തിന്മ തന്നെയാണ്. ജീവിതപ്രതിസന്ധികളിൽ ആശ്വാസവും പരിഹാരവും തേടിവരുന്ന മനുഷ്യരുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് പരിശുദ്ധാത്മാവിനെ വെറും ബ്രോക്കറാക്കി മാറ്റി ലക്ഷങ്ങളുടെ കച്ചവടം നടത്തുന്നവരുടെ നടപടികളെ മുളയിലേ നുള്ളാൻ ഉത്തരവാദിത്വപ്പെട്ടവർക്കു സാധിക്കേണ്ടതാണ്. അല്ലെങ്കിൽ ആൾദൈവങ്ങളുടെയും ‘സത്യസഭ’കളുടെയും എണ്ണം ഇനിയും കൂടിക്കൊണ്ടിരിക്കും.

അതോടൊപ്പം വിശ്വാസികളും ജീവിതവഴികളിലെ പ്രതിസന്ധികളെ “തടസ”ങ്ങളായി കണ്ട് അവ പരിഹരിക്കാൻ കുറുക്കുവഴികൾ തേടുന്നവരാകാതെ ശരിയായ വിശ്വാസചൈതന്യത്തോടെ അവയെ നോക്കിക്കാണാനും സമീപിക്കാനം കഴിവുള്ളവരാകണം . ആത്മാവും ആത്മീയതയും കച്ചവടത്തിന്റെ ഇടവഴികളാക്കുന്നവർക്കെതിരെ ജാഗ്രത പുലർത്തി ജീവിച്ച് അബദ്ധത്തിൽ പെടാതിരിക്കാൻ നമുക്കു ശ്രമിക്കാം…

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s