അങ്ങനെ അവസാനം കർഷകർ രക്ഷപെടാൻ പോകുന്നു. ആറു വർഷം കഴിയുമ്പോൾ ഭാരതത്തിലെ കർഷകരുടെ വരുമാനം ഇപ്പൊഴത്തേതിന്റെ ഇരട്ടിയാക്കുമെന്ന് പ്രധാനമന്ത്രിയുടെ ഉറപ്പ്!! കേട്ടിട്ടു കുളിരു കോരുന്നു. ഇനി ഒരു കർഷകനും മനംമടുത്തും കടംകേറിയും ആത്മഹത്യ ചെയ്യേണ്ട. ആറുവർഷം എങ്ങനെയെങ്കിലും പിടിച്ചുനിന്നാൽ മതി. അതു കഴിയുമ്പോൾ ഇന്നത്തേതിന്റെ ഇരട്ടി വരുമാനം കിട്ടുമല്ലോ. അതിനാവശ്യമായ പദ്ധതികൾ കേന്ദ്രം ആസൂത്രണം ചെയ്തു നടപ്പിലാക്കി വരികയാണത്രെ.
എന്താ ചിലർക്കൊരു സംശയം? ആറു വർഷം കഴിയുമ്പോൾ ജീവിതച്ചിലവുകൾ എത്രയി…രട്ടിയാകുമെന്നാണോ? വെറുതെ ദോഷൈകദൃക്കാകരുത്. കാർഷിക ഉല്പന്നങ്ങൾക്കൊഴിച്ച് മറ്റൊന്നിനും ഇനി വിലകൂടില്ല. പെട്രോൾ, ഡീസൽ വിലയും പണിക്കൂലിയും ആശുപത്രിച്ചിലവും വളം, കീടനാശിനി വിലയും നിത്യോപയോഗ സാധനങ്ങളുടെ വിലയും ഒന്നും ഇനി കൂടില്ല. പിന്നെന്തിനാ പേടിക്കുന്നത്. ഒന്നുമല്ലെങ്കിലും പ്രധാനമന്ത്രിയല്ലെ പറഞ്ഞിരിക്കുന്നത് വരുമാനം ഇരട്ടിയാക്കുമെന്ന്…
എന്തിനാ പ്രധാനമന്ത്രിജീ അമ്പിളി മാമനെ പിടിച്ചു തരാമെന്നു പറഞ്ഞ് ഈ കർഷകമക്കളെ വീണ്ടും വിഢികളാക്കുന്നത്. ചങ്കൂറ്റവും ആത്മാർത്ഥതയുമുണ്ടെങ്കിൽ ഇപ്പോഴുള്ള പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്ക്. അതുകഴിഞ്ഞുമതി ആറു വർഷങ്ങൾക്കുശേഷമുള്ള അവസ്ഥയെക്കുറിച്ചുള്ള സംസാരം. റബറിനും ഏലത്തിനും മറ്റെല്ലാ കാർഷിക വിളകൾക്കും ന്യായവില ഉറപ്പാക്കാനുള്ള ആർജവത്വമുണ്ടോ അങ്ങേയ്ക്ക്? ഉദ്യോഗസ്ഥരുടെയും തൊഴിലാളികളുടെയും ക്ഷേമം ഉറപ്പുവരുത്താൻ ക്ഷാമബത്തയെന്നും, ഇക്രിമെന്റെന്നും, ശമ്പളവർദ്ധനയെന്നും പെൻഷെനെന്നുമൊക്കെയുള്ള വിവിധ ഓമനപ്പേരുകളിൽ വലിയ പദ്ധതികൾ നടപ്പിലാക്കുന്ന നിങ്ങൾക്ക് സംഘടിതശക്തിയില്ലാത്ത കർഷകർക്ക് അവരുടെ അദ്ധ്വാനത്തിന്റെ വിലയെങ്കിലും കൊടുക്കണമെന്നു തോന്നാത്തത് കർഷകരാണ് ഭാരതത്തിന്റെ അന്നദാതാക്കളെന്ന് അറിയാത്തതുകൊണ്ടല്ലല്ലോ…
…………..
കർഷകരുടേത് അമ്മമനസാണ്. സ്വന്തം വയറു നിറഞ്ഞില്ലെങ്കിലും മക്കളുടെ വയറുനിറയ്ക്കാൻ ശ്രദ്ധിക്കുന്ന അമ്മമനസ്. മദ്യപിച്ചുവന്ന് തൊഴിച്ചു ബോധംകെടുത്തുന്ന ഭർത്താവിനുവേണ്ടിയും പുലർച്ചെയെഴുന്നേറ്റ് പ്രാതൽ ഒരുക്കുന്ന മനസ്. അതുകൊണ്ടാണ്, അതുകൊണ്ടുമാത്രമാണ് നാവിന് എല്ലില്ലാത്തവരും തൊലിക്ക് കാണ്ടാമൃഗത്തിന്റെ ഗുണമുള്ളവരുമായ പരാഹ്നഭോജികളായ രാഷ്ട്രീയജീവികൾ ഇവിടെ കഴിഞ്ഞുപോകുന്നതെന്ന് മറക്കരുത്.
……
കേരളത്തിൽ ഹിന്ദി ‘അറിയാവുന്ന’ ഏതെങ്കിലും നേതാക്കന്മാർ ഇതൊന്നു പരിഭാഷപ്പെടുത്തി പ്രധാനമന്ത്രിജിയെ അറിയിച്ചിരുന്നെങ്കിൽ നന്നായിരുന്നു..
…….
ഇതു വായിക്കുന്നവർ ദയവായി തൊഴിലാളി നേതാക്കന്‍മാരെ ഇതറിയിക്കരുത്. ആറുവർഷം കഴിയുമ്പോൾ കർഷകന്റെ വരുമാനം ഇരട്ടിയാകുമെന്നറിഞ്ഞാൽ നാളെത്തന്നെ അവർ തൊഴിലാളികളുടെ കൂലി ഇരട്ടിയാക്കും…