ചില കുടുംബപ്രശ്നങ്ങൾമൂലം അസ്വസ്ഥമായിരുന്ന ഒരു വീട്ടിലേക്ക് അവരുടെ ഒരു കുടുംബസുഹൃത്തുവഴി ഒരു മനുഷ്യൻ കടന്നുവന്നു. വീടിന്റെ സ്ഥാനവും രൂപവുമൊക്കെനോക്കി പ്രശ്നപരിഹാരം നിർദേശിക്കാൻ കഴിവുള്ള ആശാരിയാണദ്ദേഹം എന്നാണ് അയാളെക്കുറിച്ച് കുടുംബസുഹൃത്ത് പറഞ്ഞിരുന്നത്. വീടൊക്കെ ചുറ്റിനടന്ന് കണ്ടതിനുശേഷം ആശാരി ഇങ്ങനെയാണ് പറഞ്ഞത്. ഈ വീടിന്റെ ഘടനയിൽ ചില മാറ്റങ്ങൾ വരുത്തണം. ഇങ്ങനെ തുടർന്നാൽ കൂടുതൽ ദുരന്തങ്ങളും അകാലമരണംപോലും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. പറഞ്ഞുതീർന്നപ്പഴേ എവിടുന്നോ ഒരു പല്ലി ചിലയ്ക്കുന്ന ശബ്ദം. അത് അയാളുടെ മൊബൈൽഫോണിന്റെ റിംഗ് ടോണായിരുന്നു. പറഞ്ഞതൊക്കെ സത്യമായില്ലേ എന്ന ഭാവത്തിൽ അയാൾ ഫോണെടുത്തു. ഫോണിൽകേട്ട വാർത്ത ഇപ്രകാരമായിരുന്നു. ആശാരിയുടെ ഭാര്യയെ വിഷം കുടിച്ച് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജിലേയ്ക്ക് കൊണ്ടുപോയിരിക്കുന്നു. എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തുക…
മുകളിൽ കുറിച്ചത് ഒരു മിനിക്കഥ. പക്ഷെ അതിലെ കഥാപാത്രങ്ങൾ ഇപ്പോൾ കഥയിൽനിന്ന് നമ്മുടെ ഇടയിലേയ്ക്കിറങ്ങി വന്നിരിക്കുന്നു. ചില സിദ്ധന്മാരുടെയും ആശാരിമാരുടെയും വാക്കുകേട്ട് താമസിക്കുന്ന വീടിനു രൂപമാറ്റം വരുത്തുന്ന ഒരു രീതി ഇന്നു നാടുനീളെ കാണാം. കുടുംബത്തിലെ പ്രശ്നങ്ങളും രോഗങ്ങളും അപകടങ്ങളും തുടങ്ങി അരുതാത്തതെല്ലാം സംഭവിക്കുന്നത് വീടിന്റെ ഇരുപ്പ് ശരിയാകാത്തതുകൊണ്ടാണെന്നുള്ള ഒരു പുതിയ പ്രമാണം ചിലരുടെ വിശ്വാസത്തിൽ എഴുതിചേർക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ വലിയ സാമ്പത്തിക പ്രതിസന്ധിയുള്ളപ്പോഴും വീണ്ടും ലക്ഷങ്ങൾ ബാദ്ധ്യത വരുത്തി വീടിന്റെ രൂപം മാറ്റാൻ അവർ തയ്യാറാകുന്നു.
ആരോഗ്യകരമായ ജീവിതത്തിന് ഭൂമിയുടെ കിടപ്പും കാറ്റിന്റെ ഗതിയും വെള്ളത്തിന്റെ ഒഴുക്കുമൊക്കെ മനസിലാക്കി ഉചിതമായ സ്ഥാനം നോക്കി ഭവനം പണിയണമെന്നത് ശാസ്ത്രം. എന്നാൽ വഴിയെ നടന്നുപോകുമ്പോൾ വണ്ടിയിടിക്കുന്നത് വീടിന്റെ ഇരുപ്പ് ശരിയല്ലാത്തതുകൊണ്ടാണെന്ന് പറയുന്നത് അന്ധവിശ്വാസം. നിർഭാഗ്യവശാൽ ഇതുപോലുള്ള അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്ന സത്യവിശ്വാസികൾ ഇന്നു കൂടിക്കൊണ്ടിരിക്കുന്നു. ചില സിദ്ധന്മാരുടെയും ആശാരിമാരുടെയും അത്ഭുതകരമായ കഴിവുകളെക്കുറിച്ചുള്ള കഥകളുംമറ്റും ബന്ധുക്കളിലൂടെയും അയൽക്കാരിലൂടെയുമൊക്കെ പ്രചരിപ്പിച്ച് വീടുപൊളിക്കൽ ഒരു വൈറസായി സമൂഹത്തിൽ പടർത്താൻ ഇങ്ങനെയുള്ളവർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പണത്തിനും പ്രശസ്തിക്കുമായി ജീവിക്കുന്ന ഇത്തരം സിദ്ധന്മാരെ തൊഴുതു കൂടെ നടക്കുകയും രോഗങ്ങളും അപകടങ്ങളും കുടുംബപ്രശ്നങ്ങളുമൊക്കെചേർന്ന് പ്രതിസന്ധിയിലാകുന്ന കുടുംബങ്ങളിൽചെന്ന് പ്രശ്നപരിഹാരത്തിനായി വീടുപൊളിക്കാൻ പറയുകയും ചെയ്യുന്നവരെ സത്യവിശ്വാസികളുടെ ഗണത്തിൽ പെടുത്താൻ പാടില്ല. പ്രത്യേകിച്ചും ഭവനനിർമ്മാണം വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്ന ഈ കാലഘട്ടത്തിൽ ഇതുപോലുള്ള അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നത് ഒരു സാമൂഹിക തിന്മകൂടിയാണ്. ഇടവകയിലും സമൂഹത്തിലും ഇതുപോലുള്ള വിഷവിത്തുകൾ മുളയ്ക്കുന്നുണ്ടോയെന്ന് നിതാന്തജാഗ്രതയോടെ ശ്രദ്ധിച്ചുകൊണ്ടിരിക്കാനും അവയ്ക്കെതിരെ സത്യവിശ്വാസത്തിന്റെ ശരിയായ നിലപാടെടുത്ത് ശക്തമായ നടപടികൾ സ്വീകരിക്കാനും അജപാലകർക്കു കടമയുണ്ട്. കാരണം സിദ്ധൻപരിവേഷമുള്ളയാൾ പറയുന്ന ഏതു മണ്ടത്തരവും മുട്ടുകുത്തിനിന്നു സ്വീകരിക്കാൻമാത്രം നമ്മുടെ സമുഹം വിശ്വാസത്തിൽ വളർന്നിരിക്കുന്നു!!!
ജീവിതത്തിലെ പ്രതികൂലാനുഭവങ്ങൾക്കു മിശിഹായുടെ കുരിശിൽ അർത്ഥം കണ്ടെത്താൻ കഴിയാതെ തൊഴിലിനെ വ്യഭിചരിക്കുന്ന ആശാരിമാരുടെയും സിദ്ധന്മാരുടെയും കുരുട്ടുബുദ്ധിയിൽ ആശ്രയിക്കുന്നവർ തങ്ങളുടെ വിശ്വാസത്തെ ഗൌരവമായി വിലയിരുത്തേണ്ടതുണ്ട്. കുടുംബത്തിൽ സമാധാനമുണ്ടാകാൻ പൊളിച്ചു പണിയേണ്ടത് വീടല്ല, സ്വന്തം സ്വഭാവമാണെന്ന് പലരും മറക്കുന്നു. ലഹരിയുടെയും സ്വാർത്ഥതയുടെയും അഹങ്കാരത്തിന്റെയും ദുഷ്ടതയുടെയുമൊക്കെ കെട്ടുപാടുകൾ സ്വന്തം സ്വഭാവത്തിൽനിന്ന് പൊളിച്ചുമാറ്റാൻ നാം സന്നദ്ധരാകുന്നതുതന്നെയാണ് പ്രഥമമായ പരിഹാരക്രിയയെന്ന് തിരിച്ചറിയാനായാൽ അവിടെ സമാധാനം മൊട്ടിട്ടുതുടങ്ങും. അതോടൊപ്പം നമ്മുടേതല്ലാത്ത കാരണത്താൽ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രതിസന്ധികളെ കർത്താവിന്റെ കുരിശോടുചേർത്തുവയ്ക്കാനും നാം സന്നദ്ധരാകണം. അതല്ലാതെ ഭവനം പണിയുമ്പോഴും അതിനുള്ളിൽ ജീവിക്കുമ്പോഴും കർത്താവിനെ ഉപേക്ഷിച്ച് മറ്റേതു തമ്പുരാക്കന്മാരുടെ പുറകേ പോയാലും എല്ലാം വ്യർത്ഥമായിത്തീരുമെന്ന് കാലം നമ്മെ ബോദ്ധ്യപ്പെടുത്തും. അതിനാൽ ദൈവത്തിനു നിരക്കാത്തതൊന്നും നമ്മുടെ ഭവനങ്ങളിലുണ്ടാകാതിരിക്കട്ടെ; അതു പ്രവൃത്തിയായാലും മനോഭാവമായാലും വിശ്വാസങ്ങളായാലും…