കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി രൂപതയുടെ പാസ്റ്ററൽ കൌൺസിൽ വേദിയിൽ അഭി. ആനിക്കുഴിക്കാട്ടിൽ പിതാവ് നടത്തിയ ചില നിരീക്ഷണങ്ങളും വിശ്വാസികൾക്കു നല്കിയ മുന്നറിയിപ്പുകളും ആ സദസിന്റെ ഭിത്തികൾക്കു പുറത്തേയ്ക്കു വർഗീയതയുടെയും മതവൈരത്തിന്റെയും നിറംകൊടുത്ത് തുറന്നുവിട്ട മാധ്യമങ്ങൾക്കും ചില തല്പരകക്ഷികൾക്കും അഭി. പൌവ്വത്തിൽ പിതാവ് ദീപിക ദിനപത്രത്തിലൂടെ ഇന്നു നല്കിയ പ്രതികരണമാണ് ഏറ്റവും നല്ല മറുപടി.
എന്നാൽ എന്റെ ഈ കുറിപ്പുകൾ മറ്റൊരു വശത്തുനിന്നുള്ള വീക്ഷണത്തിൽനിന്ന് ഉരുത്തിരിയുന്ന പ്രതികരണമാണ്. ഈ അനാവശ്യവിവാദം മാധ്യമങ്ങളിൽ വന്നപ്പോൾമുതൽ സോഷ്യൽ മീഡീയായിൽ അഭി. ആനിക്കുഴിക്കാട്ടിൽ പിതാവിനെ വളരെ മോശമായി ചിത്രീകരിക്കുന്ന പ്രതികരണങ്ങൾ വ്യാപകമായി കാണുകയുണ്ടായി. ചിലർ വൈരാഗ്യബുദ്ധിയോടെതന്നെ പ്രതികരിച്ചതിന്റെ രാഷ്ട്രീയകാരണങ്ങൾ ഇടുക്കിയിലെ കഴിഞ്ഞകാല സാമൂഹിക, കാർഷികപ്രശ്നങ്ങളെക്കുറിച്ച് ബോദ്ധ്യമുള്ളവർക്കൊക്കെ മനസിലാകും. മറ്റു ചിലർ എന്തിലും ഏതിലും വർഗീയതയുടെയും വിഭാഗീയതയുടെയും വിഷംചേർത്ത് ചീത്തവിളിക്കാൻവേണ്ടി മാത്രം സോഷ്യൽമീഡിയായിൽ അക്കൌണ്ട് തുറന്നിരിക്കുന്നവരാണ്. അവരുടെ പ്രതികരണങ്ങളെ അർഹിക്കുന്ന അവജ്ഞയോടെതന്നെ തള്ളിക്കളയുന്നു. എന്നാൽ ക്രൈസ്തവനാമധാരികളായ ചിലർ അഭി. പിതാവിനെ ചീത്ത വിളിക്കാൻ അവതരിപ്പിച്ച ചില ന്യായങ്ങൾ കണ്ടപ്പോഴാണ് ഈ വാക്കുകൾ കുറിക്കണമെന്നു തോന്നിയത്.
അഭി. പിതാവ് മിശ്രവിവാഹത്തിനെതിരെ സംസാരിച്ചത് നമ്മുടെ നാട്ടിലെ മതസൌഹാർദ്ദത്തിനു കോട്ടം വരുത്തുമെന്ന് ചിലർ പ്രസ്താവിച്ചു കണ്ടു. മിശ്രവിവാഹത്തെക്കുറിച്ച് തന്റെ അഭിപ്രായമല്ല, സഭയുടെ കാഴ്ചപ്പാടാണ് അഭി. പിതാവ് ഓർമ്മിപ്പിച്ചതെന്ന സത്യം അവിടെ നില്ക്കട്ടെ. അതിനപ്പുറത്ത് മതസൌഹാർദ്ദത്തിനു മിശ്രവിവാഹമാണ് ഉത്തമമായ വഴിയെന്നു ചിന്തിക്കുന്നത് എത്ര ബാലിശവും വിവേകരഹിതവുമാണെന്ന് നാം തിരിച്ചറിയണം. ഒരു കുടുംബത്തിൽത്തന്നെ വ്യത്യസ്ത മതവിശ്വാസികൾ ഒരുമിച്ചു ജീവിക്കുന്നതിനെയാണോ മതസൌഹാർദ്ദമെന്നു നാം വിളിക്കുന്നത്! കുഞ്ഞുങ്ങൾ മതവ്യത്യാസം തിരിച്ചറിയാതെ വളരുന്നതാണത്രേ പക്വതയുടെ ലക്ഷണം! ഒരുപക്ഷെ ദൈവവിശ്വാസത്തെക്കാൾ സമ്പത്തിന്റെ ബലത്തിൽ ആശ്രയിക്കുന്ന ഇന്നത്തെ തലമുറയ്ക്കു ചേരുന്ന ഒരു ചിന്താഗതിയാകാമിത്. എന്നാൽ പണത്തിന്റെ ശക്തിയും ദുർബലമാകുന്ന നിമിഷങ്ങൾ ജീവിതത്തിലുണ്ടാകുമ്പോഴേ സത്യം തിരിച്ചറിയാൻ പലർക്കും കഴിയൂ. പക്ഷെ അപ്പോഴേയ്ക്കും സമയം അതിക്രമിച്ചിരിക്കും. അതല്ലേ ആവശ്യത്തിൽ കൂടുതൽ സമ്പത്തുള്ളവരും മറ്റു ചില കാരണങ്ങളുടെ പേരിൽ ജീവിതമവസാനിപ്പിക്കുമ്പോൾ നമ്മോട് നിശബ്ദമായി പറയുന്നത്.
നമ്മുടെ കാർന്നോന്മാരെപ്പോലെതന്നെ മതവ്യത്യാസം തിരിച്ചറിഞ്ഞുതന്നെ നാം ജീവിക്കണം. നമ്മുടെ മക്കളെ അങ്ങനെ വളർത്തുകയും വേണം. അതു പക്ഷെ അന്യമതസ്തരുടെമേൽ കുതിരകയറാനുള്ള സങ്കുചിതമനസിലേക്കു ചുരുങ്ങാനല്ല, എല്ലാവരെയും ഉൾക്കൊള്ളുന്ന ഹൃദയവിശാലതയിലേക്കു വളരാനാണ്. ഈ തിരിച്ചറിവാണ് ആത്മാഭിമാനമുള്ള ക്രിസ്ത്യാനിയായും ഹിന്ദുവായും മുസ്ലീമായും ജീവിക്കാൻ വിവിധ മതാനുയായികളെ സഹായിക്കുന്നത്. അങ്ങനെ സ്വന്തം മതത്തെയും വിശ്വാസത്തെയുംകുറിച്ച് ബോദ്ധ്യവും അഭിമാനവുമുള്ളവർ ഇതരമതങ്ങളിൽനിന്ന് ആരെയെങ്കിലുമൊക്കെ തട്ടിയെടുക്കാനുള്ള ഗൂഢതന്ത്രങ്ങളുമായി ഇറങ്ങിപ്പുറപ്പെടുകയുമില്ല. യഥാർത്ഥത്തിൽ അഭി. ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ വാക്കുകൾ കുടുംബത്തിന്റെ മഹത്വം മനസിലാക്കുന്ന, മക്കളുടെ പക്വതയാർന്ന ജീവിതം ആഗ്രഹിക്കുന്ന ഏതു മതവിശ്വാസിയെ സംബന്ധിച്ചും പ്രസക്തമാണ്. സഭയുടെ കാഴ്ചപ്പാട് എന്നതിലുപരി സാമൂഹികമായി പ്രസക്തമായ ഒരു യാഥാർത്ഥ്യമാണ് മിശ്രവിവാഹത്തെക്കുറിച്ചുള്ള അഭി. പിതാവിന്റെ വാക്കുകളിലൂടെ പുറത്തുവന്നതെന്ന് നാം തിരിച്ചറിയണം.