“ഞങ്ങളുടെ അമ്മച്ചീടെ മരിച്ചടക്ക് ഇത്രയും വലിയൊരു വിജയമാക്കിത്തീർക്കുന്നതിന് സഹകരിച്ച എല്ലാവർക്കും നന്ദി.” അമ്മയുടെ മൃതസംസ്ക്കാരം കഴിഞ്ഞ്, അല്പം രാഷ്ട്രീയപ്രവർത്തനവും സാമൂഹിക പ്രവർത്തനവുമൊക്കെയുള്ള മകൻ സിമിത്തേരിയിൽവച്ച് മൈക്കിലൂടെ നടത്തിയ നന്ദിപ്രകാശനത്തിന്റെ ആദ്യവാചകമാണ് മുകളിൽ കുറിച്ചത്. ഒരു മെത്രാനും ഇഷ്ടംപോലെ അച്ചന്മാരും കന്യാസ്ത്രീകളും രാഷ്ട്രീയനേതാക്കളും സഹപ്രവർത്തകരും പിന്നെ നാട്ടുകാരുമൊക്കെ പങ്കെടുത്ത് വിജയിപ്പിച്ച അമ്മയുടെ മരിച്ചടക്കിന്റെ ആവേശത്തിൽ മകൻ പറഞ്ഞ ഈ വാക്കുകൾ ഇന്നത്തെ മരണാനന്തര കർമ്മങ്ങളുടെ അവസ്ഥയേക്കുറിച്ചു ചിന്തിക്കുവാൻ നല്ലൊരു ആമുഖമാണെന്നു തോന്നുന്നു. “ഒരു പണീം ഇല്ലാതിരുന്നപ്പോഴാണ് പേരപ്പായി മരിച്ചത്. പിന്നെ പന്തലായി, മൈക്കായി, കട്ടൻകാപ്പിയായി, അടക്കായി…. അങ്ങനെ രണ്ടുദിവസം ജോളിയായിട്ടങ്ങ് അടിച്ചുപൊളിച്ചു…” പണ്ടാരോ പറഞ്ഞുകേട്ട ഈ തമാശ ഇപ്പോൾ നിത്യവും കണ്ടുകൊണ്ടിരിക്കുന്ന ഒരു യാഥാർത്ഥ്യമായി മാറിയിരിക്കുന്നു.
വിശ്വാസത്തിന്റെ കണ്ണുകൾക്കൊണ്ട് നോക്കിയാൽ മരണം ആഘോഷിക്കേണ്ട ഒരു അനുഭവം തന്നെയാണ്. കാരണം ഈ ഭൂമിയിലെ ജീവിതത്തിനർത്ഥം നല്കുന്ന യഥാർത്ഥജീവനിലേയ്ക്കുള്ള ആഘോഷപൂർവമായ പ്രവേശനമാണത്. എന്നാൽ മരണത്തോടനുബന്ധിച്ച് ഇന്നു നടക്കുന്ന വ്യത്യസ്തമായ ‘ആഘോഷപരിപാടികൾ’ ഈ വിശ്വാസവുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്ന് നമുക്കറിയാം. എല്ലാം ആഘോഷമാക്കുന്ന നമ്മെ സംബന്ധിച്ചിടത്തോളം മരണവും പലവിധ പരിപാടികൾ സംഘടിപ്പിച്ച് സംഭവം ഒരാഘോഷമാക്കാനുള്ള അവസരം മാത്രം.
മരിച്ചടക്കിന്റെ ഔദ്യോഗിക കർമ്മങ്ങൾ കാർമ്മികനും മറ്റുമുള്ളതുകൊണ്ട് വലിയ കുഴപ്പമൊന്നുമില്ലാതെ നടന്നുകൊള്ളും. ചിലർ ദുഃഖമടക്കാനുള്ള പാനീയത്തിൽമുങ്ങി കുറച്ചു ബഹളമൊക്കെയുണ്ടാക്കി കർമ്മങ്ങുടെ കാര്യസ്ഥപ്പണി ഏറ്റെടുക്കാൻ ശ്രമിക്കുമെന്നേയുള്ളു. അവരെയും, പിന്നെ നഗരത്തിലെ ഓട്ടോറിക്ഷകളെപ്പോലെ കാലിന്റെ ഇടയിൽക്കൂടിപ്പോലും നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന ചില ഫോട്ടോഗ്രാഫർമാരെയും അല്പമൊന്നു നിയന്ത്രിച്ചാൽ അത് ശാന്തമായി തീർന്നുകൊള്ളും. എന്നാൽ അതിനുമുമ്പുള്ള ചില കാര്യങ്ങൾ നമ്മുടെ ചിന്തയ്ക്കു വിഷയമാക്കേണ്ടതുണ്ട്.
ആദ്യംതന്നെ, മരിച്ച വ്യക്തിയുടെ ഫോട്ടോകൾ പോസ്റ്ററും ഫ്ലക്സുമൊക്കെയായി കാണുന്ന കലുങ്കിലും പോസ്റ്റിലും പിന്നെ വണ്ടികളിലുമെല്ലാം ഒട്ടിച്ച് സംഭവം ആഘോഷമാക്കുന്ന ഒരു ശൈലി ഇന്നു വ്യാപകമായിരിക്കുകയാണ്. ഇതൊരനാവശ്യച്ചെലവാണെന്നു മാത്രമല്ല തികച്ചും അനുചിതമായ ഒരേർപ്പാടുമാണെന്നു പറയാതെ വയ്യ. നാടുനീളെ നിരത്തിയിരിക്കുന്ന അപ്പന്റെ ഫോട്ടോകളിൽ ചിലത് പശു തിന്നുന്നതും ചിലത് നാട്ടുകാർ ചവിട്ടിത്തേക്കുന്നതുമൊക്കെ മക്കളും പ്രിയപ്പെട്ടവരും കാണേണ്ടി വരും. ആദരാഞ്ജലികളർപ്പിക്കാൻ ഇതിലും മനോഹരമായ എത്രയോ മാർഗങ്ങൾ വേറെയുണ്ട്.
മറ്റൊരു പ്രധാനപ്പെട്ട പ്രശ്നമാണ് മരിച്ചവീട്ടിലെ മൈക്കിന്റെ ഉപയോഗം. വീടിനകത്തും മുറ്റത്തുമുള്ളവർക്ക് പ്രാർത്ഥനകൾ കേൾക്കുന്നതിന് ആവശ്യമെങ്കിൽ മൈക്കുപയോഗിക്കുന്നത് ന്യായമാണ്. എന്നാൽ രാത്രിയിലുടനീളം ഒരു കരക്കാരെ മുഴുവൻ ശല്യപ്പെടുത്തുന്ന സ്വരത്തിൽ മൈക്ക് ഉപയോഗിക്കുന്നതുകൊണ്ട് നമുക്കൊരാഘോഷമാകുമെന്നല്ലാതെ മരിച്ചയാളുടെ ആത്മാവിന് എന്തെങ്കിലും ഗുണമുണ്ടാകുമോ? നമ്മുടെ വീട്ടിലെ മരണം നാട്ടുകാർക്ക് ഒരു പാരയായി മാറുന്നത് ഏതായാലും ഉചിതമല്ല.
മരിച്ച വ്യക്തിയോടുള്ള സ്നേഹം പ്രകടിപ്പിക്കുവാനും ആ കുടുംബത്തിന്റെ സങ്കടത്തിലും പ്രതിസന്ധിയിലും നാം കൂടെയുണ്ടെന്ന് അവരെ ബോദ്ധ്യപ്പെടുത്താനും മരണവീട്ടിൽ ഒരുമിച്ചുകൂടി അവരോടൊപ്പം പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്ന ഒരു നല്ല ശൈലി നമ്മുടെ നാടിന്റെ സംസ്ക്കാരത്തിലുണ്ടായിരുന്നു. എന്നാൽ അതിന്നു രൂപാന്തരം പ്രാപിച്ച് വൃത്തികെട്ടൊരു സംസ്ക്കാരമായി മാറിയിട്ടുണ്ട്. മരണം നടന്ന വീടിന്റെ മുറ്റത്തെവിടെയെങ്കിലും കൂട്ടംകൂടിയിരുന്ന് അവിടെ കിട്ടുന്ന കട്ടൻകാപ്പിയും കുടിച്ച് വാട്ട്സ് ആപ്പിൽ കിട്ടിയ കോമഡിപീസുകൾ കണ്ടാസ്വദിക്കുകയും പരിസരബോധമില്ലാതെ പൊട്ടിച്ചിരിക്കുകയുമൊക്കെ ചെയ്യുന്ന ഒരു ന്യൂജെൻ സ്റ്റൈൽ. മരിച്ചയാളുടെ പ്രിയപ്പെട്ടവരുടെ ഹൃദയവികാരങ്ങൾ അല്പംപോലും ഉൾക്കൊള്ളാതെ അവരുടെ മുമ്പിൽത്തന്നെ ഇത്തരം കോപ്രായങ്ങൾ കാട്ടുന്ന നമുക്ക് ഇതുമൊരാഘോഷം മാത്രം.
മരണം നടക്കുന്ന കുടുംബത്തെ സംബന്ധിച്ചിടത്തോളം അത് വലിയൊരനുഭവമാണ്. പ്രിയപ്പെട്ടവരുടെ വേർപാടിന്റെ വേദനയും നിരാശയും അതോടൊപ്പം വിശ്വാസത്തിന്റെ കണ്ണുകൾക്കൊണ്ട് ആ യാഥാർത്ഥ്യത്തെ ഉൾക്കൊണ്ട് ശാന്തമാകാനുള്ള തീവ്രമായ പരിശ്രമവുമെല്ലാം ചേർന്ന് കലുഷിതമായ ഒരനുഭവം. അതുകൊണ്ടുതന്നെ ബന്ധുക്കളുടെയും പ്രിയപ്പെട്ടവരുടെയും അയൽക്കാരുടെയുമൊക്കെ ആത്മാർത്ഥതനിറഞ്ഞ സാന്നിദ്ധ്യവും പ്രാർത്ഥനകളും ആ കുടുംബത്തിന് വലിയ കൈത്താങ്ങായി മാറും. അതു തിരിച്ചറിഞ്ഞ് നമ്മുടെ പ്രതികരണങ്ങളിൽ നാമറിയാതെ കടന്നുകൂടിയിരിക്കുന്ന കുറവുകൾ തിരുത്താനും വിശ്വാസത്തിന്റെ വലിയ ആഘോഷമായി മരണമെന്ന അനുഭവത്തെ ഉൾക്കൊള്ളാൻ ആ കുടുംബത്തെ സഹായിക്കുന്നതിന് ഉചിതമായ നടപടികളിലൂടെ കൂടെ നില്ക്കാനും നമുക്കു കഴിയട്ടെ.