രണ്ടു കള്ളന്മാർ രാത്രിയിൽ ഒരു ക്ഷേത്രത്തിന്റെ നേർച്ചപ്പെട്ടി പൊളിക്കുകയാണ്. കുറേ നേരത്തെ പരിശ്രമത്തിനുശേഷം ബലവത്തായ ആ നേർച്ചപ്പെട്ടി അവർ തുറന്നു. അതിലെ മുഴുവൻ പണവും അവരുടെ സഞ്ചിയിലാക്കി. മോഷണം വിജയകരമായി പൂർത്തിയായപ്പോൾ ആശാൻകളളൻ സഞ്ചിയിൽനിന്ന് കുറച്ചു പണം തിരിച്ചെടുത്ത് ശിഷ്യൻകള്ളന്റെ കൈയിലേല്പിച്ചിട്ട് ക്ഷേത്രത്തിന്റെ അങ്ങേവശത്തുള്ള നേർച്ചപ്പെട്ടിയിൽ കാണിക്കയിടാൻ പറഞ്ഞു. ശിഷ്യൻ ആ പണംകൊണ്ടുപോയി ക്ഷേത്രനടയിൽ പ്രാർത്ഥിച്ച് അവിടെയുള്ള ഭണ്ഡാരപ്പെട്ടിയിൽ …നിക്ഷേപിച്ചു… ഇത് കഴിഞ്ഞ ദിവസം കണ്ട സിനിമയിലെ ഒരു രംഗം. പക്ഷേ ഇന്നത് നിത്യവും കൺമുമ്പിൽ കണ്ടുകൊണ്ടിരിക്കുന്ന ഒരു യാഥാർത്ഥ്യമാണ്.
ജീവിതത്തിലെ കൊള്ളരുതായ്മകൾക്കു പരിഹാരമായി ദൈവാലയങ്ങളിലും ക്ഷേത്രങ്ങളിലുമൊക്കെ നേർച്ചയിടുകയും പാവപ്പെട്ടവർക്കു നന്മചെയ്യുകയുമൊക്കെ ചെയ്യുന്ന ഒരു ശൈലി നമ്മുടെ നാട്ടിലുണ്ട്. ഏതു മതത്തിലാണെങ്കിലും പരിഹാരകൃത്യങ്ങളുടെ ലക്ഷ്യം, അതു ചെയ്യുന്ന വ്യക്തിയുടെ ജീവിത വിശുദ്ധീകരണമാണ്. ജീവിതനവീകരണം അതിനാൽത്തന്നെ അതിന്റെ ആത്യന്തിക ലക്ഷ്യവുമാണ്. ആ നിലയ്ക്കു അവ പൂർണമായും അർത്ഥവത്തുമാണ്.
എന്നാൽ ആ പരിഹാരകൃത്യങ്ങളുടെ അർത്ഥവും ലക്ഷ്യവുമൊക്കെ ക്രമേണ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കള്ളക്കടത്തും കള്ളപ്പണവും കട്ട മുതലും സംരക്ഷിക്കാൻ ശേഷിയുള്ള അമാനുഷികമായ ഒരു പാർട്ടണറായി ദൈവത്തെ നോക്കിക്കാണുന്നവർ ഇന്നു കൂടിവരുന്നു. അതുകൊണ്ടുതന്നെ കട്ട മുതലിന്റെ ഒരു ഭാഗം നേർച്ചയായി ദൈവത്തിനു കൊടുത്ത് മനസാക്ഷി ‘ശുദ്ധമാക്കി’ അടുത്ത തട്ടിപ്പിന്റെ തിരക്കഥയൊരുക്കുന്നവരായി അവർ മാറുന്നു. നിയമത്തെയും നിയമപാലകരെയും പണംകൊണ്ട് വരുതിയിലാക്കാമെന്നു പഠിച്ചവർ ആ തന്ത്രംതന്നെ ദൈവത്തോടും പ്രയോഗിക്കുന്നു!! ദൈവത്തെ കൂട്ടുപ്രതിയാക്കിക്കൊണ്ടുള്ള ഈ ജീവിതശൈലി യഥാർത്ഥ വിശ്വാസജീവിതത്തിൽനിന്ന് എത്രയകലെയാണെന്ന് അവർ തിരിച്ചറിയുന്നില്ല. ലാഭവിഹിതം പങ്കുപറ്റുന്ന ഒരു കൂട്ടാളിയായി ദൈവത്തെ കൂടെക്കൂട്ടുന്നവർ അറിയുന്നില്ലല്ലോ നേർച്ചപ്പെട്ടിയിൽ ഇടാൻ യോഗ്യതയില്ലാത്ത യൂദാസിന്റെ വെള്ളിനാണയങ്ങളാണ് തങ്ങളുടെ സമ്പാദ്യമെന്ന്…
അതുപോലെതന്നെ, മറ്റുള്ളവർക്കെതിരേയുള്ള നമ്മുടെ തിന്മപ്രവൃത്തികളുടെ ഉത്തരിപ്പുകടം നോവേന ചൊല്ലിയും കുർബാന ചൊല്ലിച്ചും തീർക്കാമെന്നു കരുതുന്നത് ശരിയല്ല. വി. കുർബാന പാപമോചകമാണെന്നതിന് ഈശോയുടെ വാക്കുകൾ തന്നെയാണ് സാക്ഷ്യം. എന്നാൽ അയൽക്കാരന്റെ മുതലിൽ കൈവച്ചിട്ട് പള്ളിയിൽവന്നു കൈകൂപ്പിനിന്നാൽ അതിനു പരിഹാരമാകുമെന്ന് ആ വാക്കുകൾക്കർത്ഥമില്ല. വേലക്കാർക്കു കൊടുക്കാതെ പിടിച്ചുവച്ച കൂലി എന്റെ പക്കൽ നിലവിളിക്കുന്നു (യാക്കോ 5, 4) എന്ന വചനം നമ്മുടെ എല്ലാ അനധികൃതസമ്പാദ്യങ്ങൾക്കും ബാധകമാണെന്ന് നാമറിയണം. ചെയ്ത തെറ്റുകൾ തിരുത്തുക എന്നതുതന്നെയാണ് ഏറ്റവും ഉചിതമായ പരിഹാരം. ദൈവത്തെകൂട്ടുപിടിക്കേണ്ടത് അതു ചെയ്യാനുള്ള ശക്തി നമുക്കു ലഭിക്കേണ്ടതിനാണ്. അനധികൃതമായി സമ്പാദിച്ചത് ഉടമസ്ഥരെ തിരിച്ചേല്പ്പിക്കുകയോ അർഹരായവർക്കു നല്‍കുകയോ ചെയ്ത് ജീവിതശൈലി തിരുത്താൻ നമ്മൾ അനുഷ്ഠിക്കുന്ന പരിഹാരകൃത്യങ്ങൾ നമ്മെ സഹായിക്കുന്നില്ലെങ്കിൽ അവയുടെ യഥാർത്ഥചൈതന്യത്തിലേയ്ക്ക് നാം ഇപ്പോഴും പ്രവേശിച്ചിട്ടില്ല എന്നാണർത്ഥം.