കൊച്ചിയിലെ ചുംബനസമരം കഴിഞ്ഞിട്ട് കുറച്ചു നാളുകളായി. എന്നാൽ അതുയർത്തിവിട്ട തരംഗങ്ങൾ സമൂഹത്തിൽ ഇപ്പോഴും സജീവമാണ്. അതുപോലുള്ളതും അതിനു സമാനവുമായ സമരമുറകൾ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അന്ന് കൊച്ചിയിൽ സമരത്തിൽ പങ്കെടുത്തത് മുപ്പതോ അമ്പതോ പേരാണ്. അതിനെതിരേ പ്രതിഷേധവുമായി രംഗപ്രവേശനം ചെയ്തവർ അതിനേക്കാൾ രണ്ടുമൂന്നിരട്ടി വരും. സമരക്കാരും പ്രതിഷേധക്കാരും സമൂഹം ചിന്താവിഷയമാക്കേണ്ട ചില വാദഗതികൾ നിരത്തിയാണ് അവരുടെ പ്രവൃത്തികളെ ന്യായീകരിച്ചത്. അതിനിടയിൽ ചില തീവ്രനിലപാടുകാർ കലക്കവെള്ളത്തിൽ മീൻതപ്പി വന്നതായും വാർത്ത കണ്ടു. ഏതായാലും സമരക്കാരോ പ്രതിഷേധക്കാരോ മുതലെടുപ്പുകാരോ ഒന്നുമല്ല ഇവിടുത്തെ പ്രതിപാദ്യവിഷയം. മാധ്യമങ്ങളിലൊന്നും അധികം ചർച്ച ചെയ്യപ്പെടാതെപോയ മറ്റൊരു വിഭാഗം ആ സമരത്തിന്റെ ഭാഗമായിട്ടുണ്ടായിരുന്നു. അത് നാമുൾപ്പെടുന്ന പൊതുസമൂഹമാണ്. സമയവും സാഹചര്യവുമുള്ളവർ അന്ന് കൊച്ചിക്കു പോയി. മുപ്പതോ അമ്പതോ പേരുടെ ചുംബനസമരം കാണാൻ അന്നവിടെ കൂടിയത് പതിനായിരം പേർ!!! പോകാനുള്ള സാഹചര്യം ഒക്കാത്തവർ ടെലിവിഷൻ ഓണാക്കി വേൾഡ് കപ്പ് കാണുന്ന ആകാംക്ഷയോടെ അതിന്റെ മുമ്പിലിരുന്നു!! യഥാർത്ഥത്തിൽ ചികിത്സ വേണ്ടത് ആർക്കാണ്?
ഒളിഞ്ഞുനോട്ടം ഇന്നത്തെ സമൂഹത്തിന്റെ ഒരു മാനസീകരോഗമായി മാറിക്കൊണ്ടിരിക്കുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സോഷ്യൽ മീഡിയായിൽ അപ് ലോഡ് ചെയ്യപ്പെടുന്ന ജീവിതത്തിലെ സ്വകാര്യനിമിഷങ്ങളും ഒളിക്യാമറാ ദൃശ്യങ്ങളും അവയ്ക്കു ലഭിക്കുന്ന ലൈക്കുകളും ഷെയറുകളുമൊക്കെ വിരൽ ചൂണ്ടുന്നത് ഈയൊരു യാഥാർത്ഥ്യത്തിലേക്കാണ്. സോഷ്യൽ മീഡിയായിലെ അംഗങ്ങൾ സമൂഹത്തിന്റെ നേർപതിപ്പാണെന്നു പൂർണമായും പറയാൻ കഴിയില്ലെങ്കിലും പൊതുസമൂഹത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന സ്വഭാവശൈലികൾ തീർച്ചയായും അവിടെ കണ്ടെത്താൻ കഴിയും. അതുകൊണ്ടാണല്ലോ ഒളിഞ്ഞുനോക്കി കണ്ടിരുന്ന ചില കാഴ്ചകൾ നേരേ നോക്കി കാണാമെന്നു കേട്ടപ്പോൾ എല്ലാ പണികളും മാറ്റിവച്ച് പതിനായിരംപേർ കൊച്ചിക്കു വണ്ടി കയറിയത്.
കാണാൻ പാടില്ലാത്തതും കാണേണ്ട ആവശ്യമില്ലാത്തതുമായ കാര്യങ്ങൾ കാണാനുള്ള ജിജ്ഞാസ മനുഷ്യസഹജമാണെന്നു വേണമെങ്കിൽ പറയാം. എന്നാൽ മനുഷ്യസഹജമായ എല്ലാ ആഗ്രഹങ്ങളെയും സഫലമാക്കാൻ ശ്രമിക്കുന്നത് സംസ്കാരശൂന്യതയാണെന്നു നാം തിരിച്ചറിയണം. ചിലത് വേണ്ടെന്നു വയ്ക്കാനുള്ള വകതിരിവ് പെരുമാറ്റത്തിൽ ഉണ്ടായേ മതിയാകു. അങ്ങനെ ചില കാര്യങ്ങൾ വേണ്ടെന്നു വയ്ക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ധ്വംസനമാണെന്നുള്ളതാണ് ന്യൂ ജനറേഷൻ സിദ്ധാന്തം. അങ്ങനെയെല്ലാ വികാരങ്ങളും അടിച്ചമർത്തി വയ്ക്കുന്നതുകൊണ്ടാണത്രേ നമ്മുടെ നാട്ടിൽ ഭീകരമായ പീഡനകഥകൾ കൂടിക്കൊണ്ടിരിക്കുന്നത്. എന്നാൽ എല്ലാ വികാരങ്ങളും സ്വാതന്ത്ര്യത്തോടെ പ്രകടിപ്പിക്കാൻ അവസരമുള്ള ന്യൂയോർക്ക് പട്ടണത്തിൽ കുറച്ചുനാളുകൾക്കുമുമ്പ് ഒരു സ്ത്രീ ഏതാനും മിനിട്ടുകൾ ഒറ്റയ്ക്കു നടന്നപ്പോൾ നോട്ടത്തിലൂടെയും വാക്കിലൂടെയും പെരുമാറ്റത്തിലൂടെയും അനുഭവിക്കേണ്ടിവന്ന കഷ്ടതകൾ ആ സ്ത്രീയുടെ സുഹൃത്ത് ഷൂട്ടുചെയ്ത് നമ്മെ കാണിച്ചതാണ്. അപ്പോൾ, മനസിൽതോന്നുന്ന വികാരങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ സ്വാതന്ത്ര്യം കിട്ടിയാൽ മനുഷ്യന് പക്വതയുണ്ടാകുമെന്നുള്ളത് വെറും തോന്നൽ മാത്രം.
മാനസീകാരോഗ്യവും പക്വതയുമുള്ള സമൂഹം ഉണ്ടാകണമെങ്കിൽ ഓരോ വ്യക്തിയും പക്വതയുള്ളവനായിത്തീരണം. അതിനു പണ്ടു കുടുംബങ്ങളിലുണ്ടായിരുന്ന കാർന്നോന്മാരുടെ ചില നിയന്ത്രണങ്ങളും വിദ്യാലയങ്ങളിലുണ്ടായിരുന്ന ശിക്ഷണങ്ങളുമൊക്കെ സഹായകമായിരുന്നു. എന്നാൽ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരിൽ ഇന്നതൊക്കെ കേസെടുക്കാവുന്ന കുറ്റകൃത്യങ്ങളാകുമ്പോൾ രോഗാതുരമാകുന്നത് വളർന്നുവരുന്ന തലമുറയാണ്. ശിക്ഷണങ്ങളെ ശിക്ഷകളായി ധരിച്ച് കുടുംബങ്ങളിൽനിന്നും വിദ്യാലയങ്ങളിൽനിന്നും അതു നീക്കിക്കളയുമ്പോൾ വളരുന്ന തലമുറ വികൃതമാക്കപ്പെടുമെന്നതിന് സംശയമില്ല. ചുംബനസമരം നടത്തിയവർ അതിന്റെ അടുത്ത ഘട്ടത്തിലേയ്ക്കു പ്രവേശിക്കും; കാണാൻ ഒരുലക്ഷം പേർ കൂടുകയും ചെയ്യും.