നമ്മുടെയെല്ലാം മനസിനെ വേദനിപ്പിച്ച ഒരു സംഭവമാണ് കഴിഞ്ഞ ദിവസം എരുമേലി സ്കൂളിൽ നടന്നത്. പക്ഷെ അത്രയും സംഭവങ്ങൾ ഉണ്ടായിട്ടും പ്രതിഷേധത്തിന്റെ ഒരു സ്വരംപോലും നാട്ടുകാരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല എന്നത് വേദനിപ്പിക്കുന്ന ഒരു യാഥാർത്ഥ്യമാണ്. അക്രമത്തിനെതിരെ ഏതെങ്കിലും സമുദായത്തിനെതിരേയോ വ്യക്തികൾക്കെതിരേയോ അക്രമാസക്തമായി പ്രതികരിക്കണമെന്നല്ല ഞാൻ ഉദ്ദേശിച്ചത്. ആ അക്രമസംഭവത്തെ ശക്തമായി അപലപിക്കാൻ നിങ്ങൾക്കു കഴിയണമായിരുന്നു. നാട്ടിലെ ഒരു പൊതുസ്ഥാപനത്തിൽ അതും നമ്മുടെ കുഞ്ഞുങ്ങൾ നന്മ പഠിക്കേണ്ട ഒരു പാവനമായ സ്ഥലത്ത് ഏറ്റവും മോശമായ രീതിയിലുള്ള അക്രമപ്രവൃത്തികൾ ഉണ്ടായപ്പോൾ അതിനോട് നിസംഗത പുലർത്തിയത് ഏതായാലും വലിയ കുറവുതന്നെ. ഏറ്റവും കുറഞ്ഞത്, ഇക്കാര്യത്തിൽ നിരപരാധികളും നമ്മുടെ കുഞ്ഞുങ്ങൾക്കു അറിവു പറഞ്ഞുകൊടുക്കുന്നതിന് ആത്മാർത്ഥമായി അദ്ധ്വാനിക്കുന്നവരുമായ അദ്ധ്യാപകർക്ക് ധാർമ്മികമായ പിന്തുണ കൊടുക്കുന്നതിനുവേണ്ടിയെങ്കിലും ഒരു പ്രതിഷേധ റാലിയോ, സമ്മേളനമോ ഉണ്ടാകണമായിരുന്നു. ഇക്കാര്യത്തിൽ നിരപരാധികളായ അദ്ധ്യാപകർക്കു ധാർമികമായ പിന്തുണകൊടുത്ത് കൂടുതൽ ആത്മാർത്ഥതയോടെ നമ്മുടെ കുഞ്ഞുങ്ങൾക്ക് അക്ഷരം പറഞ്ഞുകൊടുക്കാൻ അവരെ ശക്തിപ്പെടുത്താൻ നമുക്കു കടമയില്ലേ? മാത്രമല്ല, ജനക്കൂട്ടത്തെ പേടിച്ച് അക്രമത്തിനും അന്യായത്തിനും മുമ്പിൽ പഞ്ചപുച്ഛമടക്കി നിന്നുകൊടുക്കുന്ന നാം ഈ അക്രമസംഭവങ്ങൾക്കു സാക്ഷികളായ നമ്മുടെ കുഞ്ഞുങ്ങൾക്കു പകർന്നുകൊടുക്കുന്ന ധാർമ്മികതയുടെയും നീതിയുടെയും പാഠങ്ങൾ എന്താണ്?! ഒരു കള്ളുകുടിയൻ ഒരു കല്ലെടുത്തെറിഞ്ഞാൽപോലും പ്രതിഷേധപരമ്പരകൾ സൃഷ്ടിക്കുന്ന നാം ഇത്രയും വലിയ അക്രമത്തിനു മുമ്പിൽ നിശബ്ദരാകുന്നെങ്കിൽ നമ്മുടെ നീതിബോധത്തിന്റെ അളവുകോൽ എന്താണ്? ക്ഷമിക്കുക എന്നത് ക്രൈസ്തവമായ ധർമ്മമാണ്. എന്നാൽ അക്രമത്തിനും അനീതിക്കുംമുമ്പിൽ എന്തുകാരണത്തിന്റെ പേരിലാണെങ്കിലും നിസംഗരാകുന്നത് ഒട്ടും ക്രൈസ്തവമല്ല. ഞാൻ ആവർത്തിക്കട്ടെ പ്രതിഷേധിക്കേണ്ടത് ഏതെങ്കിലും വ്യക്തികളോടൊ പ്രസ്ഥാനങ്ങളോടൊ സമുദായങ്ങളോടൊ മതങ്ങളോടൊ അല്ല, മറിച്ച് അക്രമത്തോടും അനീതിയോടുമാണ്.