പട്ടയപ്രശ്നത്തിൽ 2005 ലേയും 2009 ലേയും നിയമഭേദഗതികൾ റദ്ദാകണമെങ്കിൽ സബ്ജക്റ്റ് കമ്മിറ്റിയുടെ തീരുമാനമുണ്ടാകണമെന്നും അതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാകണമെന്നും വനം മന്ത്രി ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞതായി പത്രവാർത്ത കണ്ടു. അപ്പോൾ കഴിഞ്ഞ നാളുകളിൽ കർഷകർക്ക് പട്ടയം വിതരണം ചെയ്തെന്നും ചെയ്തുകൊണ്ടിരിക്കുന്നെന്നും സർക്കാർ പ്രഖ്യാപിച്ചത് കടല പൊതിയാൻ മാത്രം കൊള്ളുന്ന കടലാസുകഷണം കൊടുത്തിട്ടാണല്ലേ!!! അതുതന്നെയല്ലേ സാർ, ഹൈറേഞ്ചു സംരക്ഷണ സമിതിയും പറഞ്ഞുകൊണ്ടിരിക്കുന്നത്…
ബഹു. മന്ത്രിയുടെ പ്രസ്താവന വായച്ചാൽതോന്നും ട്രെയിൻ യാത്രക്കാർ തല്‍ക്കാൽ ടിക്കറ്റെടുക്കാൻ നില്ക്കുന്നതുപോലെ കർഷകർ രാവിലെ എഴുന്നേറ്റ് സർക്കാരാപ്പീസിൽപോയി പട്ടയത്തിനുവേണ്ടി ക്യൂ നില്‍ക്കുകയാണെന്ന്! സബ്ജക്ട് കമ്മിറ്റിയുടെ തീരുമാനവും അതിന്റെ നടപടിക്രമങ്ങളും തീരാൻ സമയമെടുക്കുമെന്നത് ഏതായാലും വലിയൊരു വെളിപ്പെടുത്തലായിപ്പോയി. ഉപാധിരഹിതപട്ടയമെന്ന ന്യായമായ ആവശ്യത്തിനുവേണ്ടി കർഷകർ മുറവിളി തുടങ്ങിയിട്ട് വർഷങ്ങളെത്രയായി സാർ? ഈ നീണ്ട കാലയളവിനുള്ളിൽ തീരുമാനമെടുക്കാനും നടപടിക്രമങ്ങൾ പൂർത്തിയാക്കാനും സാധിക്കാത്ത തരത്തിൽ ഈ സബ്ജക്റ്റ് കമ്മിറ്റിയംഗങ്ങൾ വല്ലകാലത്തുംമാത്രം പ്രത്യക്ഷപ്പെടുന്ന അന്യഗ്രഹജീവികളോ മറ്റോ ആണോ സാർ? കർഷകന്റെ കൂടി വിയർപ്പിന്റെ ഫലം ശമ്പളമായും കിമ്പളമായും പലവിധ അലവൻസുകളായും കൈപറ്റുന്ന ഉദ്യോഗസ്ഥരും കർഷകരുംകൂടി മനസുവയ്ക്കുന്നതുകൊണ്ടുമാത്രം അധികാരക്കസേരകളിൽ സ്ഥാനം ലഭിക്കുന്ന അങ്ങയേപ്പോലുള്ള രാഷ്ട്രീയക്കാരും സങ്കുചിതത്വവും നിക്ഷിപ്ത താല്പര്യങ്ങളും വെടിഞ്ഞിരുന്നെങ്കിൽ എത്രപണ്ടേ ഉപാധിരഹിതപട്ടയമെന്ന കർഷകന്റെ സ്വപ്നം യാഥാർത്ഥ്യമായേനേ… അതിനു പക്ഷെ മനസ്സ് വേണം, മനസാക്ഷി വേണം, മനസുറപ്പു വേണം.