ഏതായാലും ജയിലിലായി. ഇനിയിപ്പോ പ്രസ്ഥാനത്തിനു വേണ്ടി അമ്പത്തൊന്നു വെട്ടിന്റെയും ചീറ്റിത്തെറിച്ച ചോരയുടെയും ഉത്തരവാദിത്വം ഏറ്റെടുക്കുന്നതുകൊണ്ട് ലാഭം മാത്രമേയുള്ളു. (ഏറ്റെടുത്തതാണോ ഏല്പിച്ചതാണോ എന്നൊക്കെ കാലം തെളിയിക്കും) ലാഭ വിഹിതമെന്താണെന്ന് ആരെങ്കിലുമൊക്കെ പപ്പരാസികൾ കണ്ടുപിടിക്കുമായിരിക്കും.
എതിരാളികളെ വെള്ള പുതപ്പിക്കാനും കോടതിവിധിയെ പരിഹസിച്ചുകൊണ്ട് വിചിത്രമായ കണ്ടെത്തലുകൾ നടത്തി പ്രതികളെ വെള്ളപൂശാനും കഴിവുള്ളവർ കേരളത്തിന്റെ രക്ഷാദൌത്യവുമായി തെക്കു വടക്കു നടക്കുകയും മാധ്യമങ്ങളിലൂടെ സത്യത്തിന്റെ നിറം ചുവപ്പാണെന്ന് നിരന്തരം വായാടുകയും ചെയ്യുന്നതു കണ്ടു പൊറുതിമുട്ടുന്നവരുടെ മുമ്പിലേക്കാണ് കസ്തൂരിയുടെ കൈപിടിച്ച് ഇപ്പോൾ രക്ഷകരുടെ വേഷത്തിൽ തങ്ങൾ എത്തിയിരിക്കുന്നതെന്ന് മാന്യ സഖാക്കൾ മറക്കരുത്. പിന്നെ ഭരിക്കുന്നവരുടെ കൈക്കൊണം കൊണ്ട് ആർക്കെങ്കിലുമൊക്കെ ഇടത്തേയ്ക്കൊരു വേപ്പലുണ്ടായാൽ ഏതെങ്കിലുമൊരു ആപ്പിൽ പിടിച്ചു നിന്നില്ലെങ്കിൽ ശരിക്കും ആപ്പിലാകുമെന്ന് മറക്കരുത്.